"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 21, ഞായറാഴ്‌ച

ചാര്‍ ദില്‍ ചാര്‍ രഹേന്‍; വിദ്യാഭ്യാസം ഒരേയൊരു വിമോചനമാര്‍ഗം1959 ല്‍ ഖ്വാജാ അഹമ്മദ് അബ്ബാസ് സംവിധാനം ചെയ്ത് പുറത്തിറക്കിയ സിനിമയാണ് 'ചാര്‍ ദില്‍ ചാര്‍ രഹേന്‍'. 'നാല് ഹൃദയങ്ങളും നാല് പാതകളും' എന്നര്‍ത്ഥമുള്ള ഈ സിനിമ, സമാന്തരമായി സഞ്ചരിക്കുന്ന മൂന്ന് പ്രണയകഥകളുടെ ഉള്ളടക്കമുള്ള അദ്ദേഹത്തിന്റെ തന്നെ നോവലിനെ ആധാരമാക്കി സാക്ഷാത്കരിക്കപ്പെട്ടതാണ്. ഗോവിന്ദയും ചാവ്‌ലീ ദേവിയും, ദില്‍വാറും പ്യാരിയും, ജോണിയും സ്‌റ്റെല്ലയുമാണ് യഥാക്രമം മൂന്ന് കഥകളിലേയും പ്രണയ ജോഡികള്‍. ഹിന്ദു - മുസ്ലീം - ക്രിസ്ത്യന്‍ മതവിശ്വാസ സമൂഹങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് മൂന്ന് കഥകളിലേയും കഥാപാത്രങ്ങള്‍ എന്നുള്ളത് അവരുടെ പേരുകളില്‍ നിന്നുതന്നെ മനസ്സിലാക്കാം. ഇതില്‍ ആദ്യം വരുന്ന, ഗോവിന്ദയുടേയും ചാവ്‌ലീ ദേവിയുടേയും പ്രണയകഥയിലാണ് ജാതിവ്യവസ്ഥ വില്ലന്‍ വേഷത്തില്‍ അരങ്ങുവാഴുന്നത്. മറ്റു രണ്ടുകഥകളിലും ഈ റോള്‍ കൈകകാര്യം ചെയ്യുന്നത് 'സമ്പത്തും' 'സാമൂഹ്യപദവിയും' മറ്റുമൊക്കെയാണ്. മൂന്നു കഥകളേയും കണ്ണിചേര്‍ക്കുന്ന കഥാപാത്രമായി നിര്‍മല്‍ കുമാര്‍ കടന്നുവരുന്നിടത്താണ് 'നാല് ഹൃദയങ്ങള്‍' എന്ന പ്രയോഗത്തിന്റെ സാധുത കുടികൊള്ളുന്നത്.

മെലോഡ്രാമയുടെ സൗന്ദര്യാത്മക ഭൂമികയില്‍ നിന്നും സിനിമയുടെ കഥാഗാത്രം ഉരുവം കൊള്ളുന്നു. ഒരു പ്രണയകഥയുടെ ദുരന്തം ആഹ്ലാദകരമായ മറ്റൊരു പ്രണയകഥയുടെ ആരംഭത്തിലേക്ക് കണ്ണിചേര്‍പ്പെടുന്നു. വേറിട്ട മൂന്ന് പ്രണയദുരന്തങ്ങളേയും തുടര്‍ച്ചയായി അവതരിപ്പിക്കുന്ന പാതിസമയത്തിനുശേഷം, കഥനീയത എല്ലാ കഥാപാത്രങ്ങളും ഒത്തുചേരുന്ന അന്ത്യഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. സിനിമയുടെ അന്ത്യമാകട്ടെ ഒരേസമയും ശുഭവും ദുരന്തവുമാണ്! 'നാടകാന്തം കവിത്വം' എന്നതുപോലെ സിനിമയുടെ ഈ മാന്ത്രികപര്യവസാനം കെ എ അബ്ബാസിലെ സംവിധനമികവിനെ വിലയിരുത്തുമ്പോള്‍ പരിഗണനാര്‍ഹമാകുന്നു.

കഥനീയതയിലെ നെടുനായകത്വം ചാവ്‌ലി ദേവി ഗോവിന്ദമാരുടെ പ്രണയ കഥക്കാണ്. ഏറ്റവും കൂടുതല്‍ സമയം വിനിയോഗിച്ചതും അവരുടെ പ്രണയസാഫല്യ ത്തെക്കുറിച്ച് വിശകലനം ചെയ്യാനാണ്. സത്വര പരിഹാരം തേടേണ്ടുന്ന ഏറ്റവും വലിയ പ്രശ്‌നം സമൂഹത്തെ അടക്കിവാഴുന്ന ജാതീയതയെന്ന ദുര്‍ഭൂതം വിതക്കുന്ന ദുരന്തമാണെന്ന് ബോധ്യമുള്ളതുകൊണ്ടാവാം കെ എ അബ്ബാസ് ചാവ്‌ലി ദേവി ഗോവിന്ദമാരുടെ പ്രണയകഥക്ക് മുന്‍ഗണന കൊടുത്തത്. മുമ്പിറങ്ങിയിട്ടുള്ള ജാതിവിരുദ്ധ സിനിമകളില്‍ നിന്നും വ്യത്യസ്ഥമായി ഈ സിനിമയില്‍ ബ്രാഹ്മണ - ദലിത സംഘര്‍ഷങ്ങളെയല്ല ആധാരമാക്കുന്നത്. പിന്നോക്ക വിഭഗങ്ങളിലും ജാതിവ്യവസ്ഥയോടുള്ള സമീപനം സാമൂഹ്യവിരുദ്ധമാണെന്ന കാഴ്ചപ്പാട് ഈ സിനിമ മുമ്പോട്ടുവെക്കുന്നു. ഗോവിന്ദ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ആഹിര്‍ സമുദായക്കാരനായ ചെറുപ്പക്കാരനാണ്. പശുപരിപാലനമാണ് ഇവരുടെ കുലത്തൊഴില്‍. നായികയായ ചാവ്‌ലി ദേവിയാകട്ടെ ദലിത് സമുദായമായ ചമാര്‍ വിഭാഗത്തില്‍ പെടുന്ന യുവതിയാണ്. നൂറ്റാണ്ടുകളായി ചത്തമൃഗങ്ങളുടെ തൊലിപൊളിക്കുന്ന ജോലിചെയ്തുവരുന്നവരാണ് ചമാര്‍ സമുദായക്കാര്‍.

വിദ്യാഭ്യാസം നേടിയശേഷം ഗ്രാമത്തിലേക്കെത്തുന്ന യുവാവായി ഗോവിന്ദ കടന്നുവരുന്നു. വഴിമധ്യേ തന്റെ കാളവണ്ടിയുടെ മുമ്പിലായി തലയില്‍ വെള്ളവും ചുമന്നുകൊണ്ടുപോകുന്ന ഒരു യുവതി പ്രത്യക്ഷപ്പെടുന്നു. അത് തന്റെ ബാല്യകാല സഖി ചാവ്‌ലി ദേവിയാണെന്ന് ഗോവിന്ദ തരിച്ചറിയുന്നു. കുട്ടിക്കാലത്ത് ഒരുമിച്ചു കളിച്ചുനടന്നതും, അമ്പലത്തില്‍ കയറാന്‍ ചെന്നപ്പോള്‍ ചാവ്‌ലിയെ പൂജാരി തള്ളിയകറ്റുന്നതുമൊക്കെയായ ഗതകാല സ്മരണകള്‍ ഇരുവരും അയവിറക്കുന്നു. വിദ്യാഭ്യാസം നേടാന്‍ അവകാശമില്ലാത്തവളായിരുന്നെങ്കിലും ചാവ്‌ലി ലോകവിവരം നേടിയ ഒരു യുവതിയായാണ് ഗ്രമത്തില്‍ വളര്‍ന്നിരുന്നത്. അതിനാല്‍ത്തന്നെ സഫലമാകാനിടയില്ലാത്ത ഒരു പ്രണയത്തിനുവേണ്ടി നമ്മള്‍ കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ചാവ്‌ലി ഗോവിന്ദയെ അറിയിക്കുന്നു. എന്നാല്‍ ജാതിയിലോ മതത്തിലോ ഒന്നും തനിക്ക് വിശ്വാസമില്ലെന്നും വിദ്യാഭ്യാസം നേടിയ പരിഷ്‌കാരി യാണ് താനെന്നും ചാവ്‌ലിയോടുള്ള പ്രണയം ദൃഢമാണെന്നും ഗോവിന്ദയും തിരിച്ചടിക്കുന്നു. 

ഇരുവരുടേയും പ്രണയവൃത്താന്തമറിയുന്ന ആഹിര്‍ - ചമാര്‍മാരുടെ ഇടയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു. ഇതൊന്നും വകവെക്കാതെ ചാവ്‌ലിയെ വിവാഹം ചെയ്യാനുള്ള തന്ത്രപ്പാടിലാകുന്നു ഗോവിന്ദ. പൂജാരിയെ ചെന്നു കണ്ടെങ്കിലും അയാള്‍ കാര്‍മികത്വം നിര്‍വഹിക്കാന്‍ വിസമ്മതിക്കുന്നു. തന്റെ സഹപാഠികളായിരുന്ന ഒന്നുരണ്ടുപോരുടെ സഹായത്തോടെ ഗോവിന്ദ, ചാവ്‌ലിയെ വിവാഹം ചെയ്യാനുറച്ച് ഒരു രാത്രിയില്‍ മണവാളവേഷത്തില്‍ അവളുടെ വീട്ടിലെത്തുന്നു. അവിടെ, ഗോവിന്ദ കാണുന്ന കാഴ്ച ഹൃദയഭേദകമാണ്. ചാവ്‌ലിയുടെ കൂരക്ക് ആഹിര്‍മാര്‍ തീവെച്ചിരിക്കുന്നു. ആദ്യത്തെ നടുക്കത്തിനു ശേഷം ചാവ്‌ലിയെ എരിതീയില്‍ നിന്നും രക്ഷിക്കാമെന്ന പ്രതീക്ഷയില്‍ ഗോവിന്ദ കത്തുന്ന കുടിലേക്കു കയറുന്നു. അവിടെ നിന്നും ഗോവിന്ദ, ചാവ്‌ലിയുടെ കൊലുസുകളില്‍ ഒരെണ്ണം കണ്ടെത്തുന്നു. ആ കൊലുസും കയ്യില്‍ പിടിച്ച് ഗോവിന്ദ എങ്ങോട്ടെന്നില്ലാതെ നടക്കുന്നു. വഴിയില്‍ വെച്ച് ചാവ്‌ലിയുടെ മറുകാലിലെ കൊലുസും ഗോവിന്ദ കണ്ടെടുക്കുന്നു. ചാവ് ലി ജീവിച്ചിരിപ്പുണ്ടെന്ന് ഗോവിന്ദക്ക് ബോധ്യമാകുന്നു. ഒരു നാല്ക്കവലയിലെത്തി ഗോവിന്ദ, എങ്ങോട്ടാണ് പോകേണ്ടതെന്ന് തിട്ടമില്ലാതെ നില്ക്കുന്നു. അതുവഴി കാറില്‍ നവാബ് എത്തുന്നു. ഡ്രൈവറായ ദില്‍വാറിനോട്, ഇതുവഴി ഏതെങ്കിലും പെണ്‍കുട്ടി കടന്നുപോകുന്നത് കണ്ടുവോ എന്ന് ഗോവിന്ദ ചോദിക്കുന്നു. അതിന് കൃത്യമായ മറുപടി ദില്‍വാറിനെക്കൊണ്ട് കൊടുപ്പിക്കാതെ, സംവിധായകന്‍ ദില്‍വാല്‍ പ്യാരിമാരുടെ പ്രണയ ദുരന്തവും തുടര്‍ന്ന് ജോണി സ്‌റ്റെല്ലമാരുടെ പ്രണയനഷ്ടത്തെക്കുറിച്ചും വിശദമാക്കുന്നു. 

സിനിമയുടെ പാതികഴിഞ്ഞ് ചാവ്‌ലി ദേവി വീണ്ടും പ്രത്യക്ഷപ്പെടുന്നു. ഒരു പാറമടയില്‍ കല്ലുചുമട്ടുകാരിയായി ജോലിചെയ്ത്, ഒരുകുടിലില്‍ ഒറ്റക്കു കഴിയുകയാണ് ചാവ്‌ലി. തന്റെ വീട്ടിലേക്ക് ഒരു ദിവസം ചാവ്‌ലിയെ വിളിച്ചുവരുത്തിയ ക്വാറി ഉടമ അവളെ അവിടെവെച്ച് നശിപ്പിക്കാന്‍ ഒരുമ്പെടുന്നു. കയ്യില്‍ കിട്ടിയ ഒരു ഇരുമ്പു കഷണമെടുത്ത് ക്വാറി ഉടമയുടെ തലയില്‍ അടിച്ച് പരുക്കേല്പിച്ചശേഷം ചാവ്‌ലി, തന്റെ കുടിലിലെത്തി തന്റെ മറുതുണികള്‍ ഒരു ഭാണ്ഡമായി ചുരുട്ടിയെടുത്തുകൊണ്ട് പുറത്തേക്കിറങ്ങി ഓടുന്നു. വഴിമധ്യേ ചാവ്‌ലിയെ ഒരാള്‍ തടഞ്ഞുനിര്‍ത്തുന്നു. സിനിമയിലെ നാലാമത്തെ സഹൃദനായ കഥാപാത്രമായ നിര്‍മ്മല്‍ കുമാറാണ് അത്. ചാവ്‌ലി, നിര്‍മല്‍ കുമാറിനോട് നടന്നതെല്ലാം തുറന്നു പറയുന്നു. എന്നാല്‍ ഗോവിന്ദ യുമായുണ്ടായിരുന്ന പ്രണയത്തേക്കുറിച്ചും അതിന്റെ പരിണതിയെ ക്കുറിച്ചും യാതൊന്നും പറയുന്നില്ല.

ഒരു സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനാണ് നിര്‍മ്മല്‍ കുമാര്‍. വാചികഭാഷയില്‍ത്തന്നെ അദ്ദേഹം അത് പ്രഖ്യാപിക്കുന്നു. കഥാകാരനായ കെ എ അബ്ബാസിന്റെ പ്രതീകം തന്നെയാണ് നിര്‍മ്മല്‍ കുമാര്‍ എന്ന കാര്യത്തില്‍ സന്ദേഹമില്ല. 

ചാവ്‌ലിയുമായി അവളുടെ കുടിലില്‍ തിരിച്ചെത്തിയ നിര്‍മ്മല്‍ അവളോട് കുടിക്കാന്‍ വെള്ളം ചോദിക്കുന്നു. താന്‍ ഒരു 'അശുദ്ധ'യാണെന്ന് ചാവ്‌ലി മറുപടി കൊടുക്കുന്നു. കുടിവെള്ളത്തില്‍ അശുദ്ധിയില്ല എന്നു തിരിച്ചുപറഞ്ഞുകൊണ്ട് നിര്‍മ്മല്‍ ചാവ്‌ലിയില്‍ നിന്നും വെള്ളം വാങ്ങിക്കുടിക്കുന്നു. തുടര്‍ന്ന് ചാവ്‌ലിയേയും കൂട്ടി ക്വാറി ഉടമയുടെ വീട്ടില്‍ എത്തിയ നിര്‍മല്‍ ചാവ്‌ലിയോട് മാപ്പുപറയാന്‍ അയാളോട് ആവശ്യപ്പെടുന്നു. എന്നാല്‍ ക്വാറി ഉടമ അതിന് തയാറാകുന്നില്ല. പിറ്റേദിവസം തൊഴിലാളികളെ വിളിച്ചുകൂട്ടി നിര്‍മല്‍ ക്വാറിയില്‍ പണിമുടക്ക് പ്രഖ്യാപിക്കുന്നു. നഷ്ടം ബോധ്യമാകുന്ന ക്വാറി ഉടമ ഗത്യന്തരമില്ലാതെ, തൊഴിലാളികളുടെ ഇടയില്‍ വന്ന് ചാവ്‌ലിയോട് മാപ്പ് പറയുന്നു. മാപ്പ് പറഞ്ഞാല്‍പ്പോരാ, കൊമ്പന്‍ മീശ താഴ്ത്തിവെക്കണമെന്നും തൊഴിലാളികള്‍ ക്വാറി ഉടമയോട് ആവശ്യപ്പെടുന്നു. അയാള്‍ തന്റെ മേല്‍മീശയുടെ രണ്ട്റ്റവും താഴ്ത്തിവെക്കുന്നു. ഇത് കണ്ട് ഒരു തൊഴിലാളി തന്റെ മേല്‍മീശ പിരിച്ചുവെക്കുന്നു!

ചാവ്‌ലി നേരിടുന്ന എല്ലാ പതനങ്ങള്‍ക്കും കാരണം വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് നിര്‍മല്‍ മനസ്സിലാക്കുന്നു. അത് നല്കുന്നതിനായി ചാവ്‌ലിയെ നിര്‍മല്‍ ഒരു പള്ളിക്കൂടത്തിലേക്കു തന്നെ കൂട്ടിക്കൊണ്ടുപോകുന്നു. അവിടെയെത്തിയ ചാവ്‌ലി ബെഞ്ചിലിരിക്കാതെ തറയിലിരിക്കുന്നു. ഇതുകാണുന്ന നിര്‍മ്മല്‍ അവളെ ബെഞ്ചില്‍ കയറി ഇരിക്കാന്‍ നിര്‍ബന്ധിക്കുന്നു. തുടര്‍ന്ന് പാഠങ്ങള്‍ പകര്‍ന്നുനല്കുന്നു.

ഇതിനിടെ പ്രണയബന്ധം വേര്‍പെട്ട പ്യാരിയെ ഒരിടത്ത് അവശനിലയില്‍ കണ്ടെത്തുന്ന നിര്‍മ്മല്‍ അവളെ കൂട്ടിക്കൊണ്ടുവന്ന് ദില്‍വാറിനെ ഏല്‍പ്പിക്കുന്നു. പ്യാരിയുടെ നേര്‍ക്ക് ദില്‍വാറിന്റെ യജമാനനായ നവാബിന് ഒരു നോട്ടമുണ്ടായിരുന്നു. ഈ സംഘര്‍ഷമാണ് ദിന്‍വാറിന് പ്യാരിയെ നഷ്ടമാകാന്‍ കാരണം. അതുപോലെ തന്നെ ജോണിയില്‍ നിന്നും വേര്‍പെട്ടുപോയ സ്‌റ്റെല്ലയേയും നിര്‍മ്മല്‍ കണ്ടെത്തി അവരെ തമ്മില്‍ കൂട്ടിയിണക്കുന്നു. ജോണിയുടെ സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് അവരുടെ പ്രണയം തകരാന്‍ കാരണമായിരുന്നത്. കൗതുകകരമായ വസ്തുത, ചാവ്‌ലിയുടെ പ്രണയിതാവായ ഗോവിന്ദ നിര്‍മ്മലിന്റെ അടുത്തുതന്നെ ഉണ്ടെന്നുള്ള താണ്. എന്നാല്‍ പ്രണയവൃത്താന്തം ചാവ്‌ലി തുറന്നുപറയാതിരുന്നതിനാല്‍ നിര്‍മ്മലിന് ഇരുവരേയും കൂട്ടിയിണക്കാനാവുന്നില്ല. 

കഥയുടെ അവസാനഭാഗങ്ങളിലാണ് സാമൂഹിക പരിവര്‍ത്തനത്തിനായുള്ള തന്റെ കാഴ്ച്ചപ്പാടുകള്‍ നിര്‍മ്മലിലൂടെ കെ എ അബ്ബാസ് പ്രഖ്യാപിക്കുന്നത്. യഥാതഥമായ ആഖ്യാനഗതിവിട്ട് കഥനീയത അന്ത്യ രംഗങ്ങളില്‍ പ്രതീകാത്മകമായി മാറുന്നു. ജാതി - മതരഹിതവും, സാമ്പത്തിക - വിദ്യാഭ്യാസ മേഖലകളില്‍ സമത്വമുള്ള ഒരു നവലോകം സൃഷ്ടിക്കേണ്ടിയിരിക്കുന്നു. അസമത്വത്തിന്റെ പ്രതീകമായി ക്വാറിയില്‍ ഉയര്‍ന്നുനില്ക്കുന്ന കരിങ്കല്ലുപാറയാണ് ഇവിടെ പ്രതിബന്ധമായി നില്ക്കുന്നത്. അതിനെ ഡയനാമൈറ്റ് വെച്ച് തകര്‍ക്കണം! ആര് അത് ചെയ്യണം? ജോണിയും ദില്‍വാറും ചാവ്‌ലിയുമൊക്കെ (കഥാന്ത്യം വരെ ഗോവിന്ദ അദൃശ്യനാണ്) ഒന്നു ചേര്‍ന്ന് നിന്ന് ഒരു വിസ്‌ഫോടനം നടത്തിയാലേ പാറയെ നീക്കം ചെയ്യാനാവൂ. മതവിശ്വാസത്തിന്റേയും സാമ്പത്തിന്റേയും പദവിയുടേയുമൊക്കെപ്പേരില്‍ വിഷടിച്ചുനിന്നാല്‍ ഒരു വിപ്ലവം (വിസ്‌ഫോടനം) നടത്താന്‍ സാധ്യമല്ല. വിപ്ലവം നടന്നില്ലെങ്കില്‍ ഈ സ്ഥിതി തുടരും. അതിനര്‍ത്ഥം സമത്വസുന്ദരമായ ഒരു ലോകസൃഷ്ടി ഒരിക്കലും സാധ്യമാവില്ല എന്നാണ്.

പാറയെ പിളര്‍ക്കുന്നതിനുള്ള ഡയനാമൈറ്റ് വെക്കാന്‍ ആദ്യം ആര് കയറണം? തേതാവുതന്നെ! തനിക്ക് പിന്നാലെ കയറണമെന്ന് ജോണിക്കും ചാവ്‌ലിക്കും നിര്‍ദ്ദേശം നല്കിയശേഷം നിര്‍മ്മല്‍ ഡയനാമൈറ്റ് വെക്കുന്നതിനായി പാറയുടെ മുകളില്‍ കുറ്റിയടിച്ചു കെട്ടിയിരുന്ന വടത്തില്‍ ചുറ്റിപ്പിടിച്ച് കയറുന്നു. പക്ഷെ ശത്രു വിനാശമടഞ്ഞിട്ടുണ്ടായിരുന്നില്ല. ക്വാറി ഉടമ ഏര്‍പ്പെടുത്തിയയാള്‍ മറവില്‍ നിന്നും വന്ന് നിര്‍മ്മല്‍ പിടിച്ചുകയറിയ വടം മഴുകൊണ്ട് വെട്ടിമുറിച്ചു. എല്ലാവരിലും നടുക്കമുളവാക്കിക്കൊണ്ട്, നിര്‍മ്മല്‍ പാറമടയില്‍ വീണുമരിക്കുന്നു. പക്ഷെ, വിപ്ലവത്തിന് തയാറെടുക്കുന്ന തൊഴിലാളിവര്‍ഗം ആദ്യത്തെ തിരിച്ചടികള്‍ക്കു ശേഷമാണെങ്കില്‍പ്പോലും അടിപതറി പിന്‍തിരിയാന്‍ പാടുള്ളതല്ല. നിര്‍മ്മല്‍ പറഞ്ഞതനുസരിച്ച് ആദ്യം ജോണിയും തുടര്‍ന്ന് ചാവ്‌ലിയും രണ്ട് വ്യത്യസ്ഥ വടങ്ങളില്‍ ചുറ്റിപ്പിടിച്ച് മുകളിലേക്ക് കയറുന്നു. ശത്രു, ചാവ്‌ലി കയറുന്ന വടം മുറിച്ചുകൊണ്ടിരുന്നെങ്കിലും മുകളിലെത്തിക്കഴിഞ്ഞ അവളെ പെട്ടെന്ന് അവിടെ പ്രത്യക്ഷപ്പെടുന്ന ഗോവിന്ദ, വീഴ്ച്ചയില്‍ നിന്നും രക്ഷിക്കുന്നു. പുനസ്സമാഗമത്തിന്റെ സന്തോഷം ഇരുവരും പങ്കുവെക്കുമ്പോള്‍ സിനിമ അവസാനിക്കുന്നു. 

സാമൂഹ്യ ശാസ്ത്രജ്ഞനായ ഡോ. ബി ആര്‍ അംബേഡ്കര്‍ പരിനിര്‍വാണം പ്രാപിച്ചതിന് 3 വര്‍ഷം കഴിഞ്ഞാണ് 'ചാര്‍ ദില്‍ ചാര്‍ രഹേന്‍' പുറത്തുവരുന്നത്. ജാതി ഉന്മൂലനത്തിനായി അദ്ദേഹം മുന്നോട്ടുവെച്ച ചിന്താപദ്ധതി സമൂഹത്തില്‍ ചര്‍ച്ചക്ക് വിധേയമാകുന്ന കാലമാണത്. കെ എ അബ്ബാസും ആ ചര്‍ച്ചകളില്‍ സജീവമായി പങ്കുകൊണ്ടിരുന്നു എന്നുള്ളതിന്റെ ചരിത്ര സാക്ഷ്യമാണ് ഈ സിനിമ. അധഃസ്ഥിതരായ ആളുകളുടെ ഉന്നമനത്തിനായി അവര്‍ക്ക് വിദ്യാഭ്യാസം നല്‌കേണ്ടതിന്റേയും ജാതിരഹിത സമൂഹം സൃഷ്ടിക്കുന്നതിനായി മിശ്രവിവാഹം, മിശ്രഭോജനം തുടങ്ങിയ പ്രക്രിയകള്‍ സജീവമാക്കേണ്ടതുണ്ടെന്നും മറ്റുമുള്ള നിര്‍ദ്ദേശങ്ങളാണ് അക്കാലത്തെ ചര്‍ച്ചകളിലൂടെ മുന്നോട്ടുവെക്കപ്പെട്ടത്. ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ അയിത്തം കല്പിച്ച് അകറ്റിനിര്‍ത്തിയാല്‍ ഒരിക്കലും രാജ്യം സാമൂഹ്യ പുരോഗതി കൈവരിക്കാന്‍ പോകുന്നില്ല. അതിന് ആദ്യം വേണ്ടത്, ഉപരിവര്‍ഗങ്ങള്‍ തങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരുത്തുക എന്നുള്ളതാണ്.

'അയിത്തമെന്നാല്‍, ഒരാള്‍ക്ക് മറ്റൊരാളോട് തോന്നുന്ന ആന്തരിക നിരാകരണ ത്തിന്റെ പ്രകടരുപമാണ്' എന്ന് അംബേഡ്കര്‍ അയിത്തത്തെ നിര്‍വചിച്ചു. ആന്തരിക സ്വീകരണം സൃഷ്ടിക്കുന്നതിന് പ്രണയത്തിള്ള അപാര ശക്തിയെന്തെന്ന് കെ എ അബ്ബാസ് 'നാല് ഹൃദയങ്ങ'ളിലൂടെ വ്യക്തമാക്കി. പ്രണയത്തെ നിരാകരിക്കുമ്പോള്‍ നിങ്ങള്‍ സാമൂഹ്യ പുരോഗതിയെയാണ് തടസ്സപ്പെടുത്തുന്നതെന്ന് ഈ സിനിമ ഓര്‍മ്മപ്പെടുത്തുന്നു. 

കപൂര്‍ സഹോദരങ്ങളാണ് പാത്രാവതരണത്തില്‍ മുന്‍നിരയില്‍. രാജ് കപൂര്‍ ഗോവിന്ദയേയും ജോണിയെ ഷമ്മി കപൂറും അവതരിപ്പിക്കുന്നു. പക്ഷെ, അഭിനയം കൊണ്ട് ഏറെ തിളങ്ങിയത്, നിര്‍മ്മല്‍ കുമാറിനെ അവതരിപ്പിച്ച പി ജയ്രാജ് ആണ്. 'ഷോലെ' എന്ന സനിമയിലെ പൊലീസ് കമ്മീഷണറെ അവതരിപ്പിച്ചത് പി ജയ്രാജ് ആണ്. ദില്‍വാറിനെ അജിത്തും അവതരിപ്പിക്കുന്നു. സ്ത്രീ കഥാപാത്രങ്ങളില്‍, മീനാ കുമാരി ചാവ്‌ലി ദേവിയേയും പ്യാരിയെ നിമ്മിയും സ്റ്റെല്ല ഡി'സൂസയെ കുംകും എന്ന നടിയും അവതരിപ്പിക്കുന്നു.

ഖ്വാജ അഹമ്മദ് അബ്ബാസിനോടൊപ്പം ഇന്ദര്‍ രാജ് ആനന്ദും വി പി സാഥെയും ചേര്‍ന്നാണ് തിരക്കഥ തയാറാക്കിയത്. ഹിന്ദുസ്ഥാനി സംഗീതത്തിന്റേതായ വശ്യതയുണ്ടെന്നതൊഴിച്ചാല്‍ പാട്ടുകളൊന്നും അങ്ങേയറ്റം ഹിറ്റായവയല്ല. ഗാനരചന അനില്‍ ബിശ്വാസും സംഗീതസംവിധാനം എസ് രാമചന്ദ്രയും നിര്‍വഹിച്ചു. ജനപ്രിയ നടന്മാരെവെച്ച് സമാന്തര സിനിമയെടുക്കാന്‍ ധൈര്യപ്പെട്ട ഈ സനിമ പക്ഷെ ബോക്‌സ് ഓഫീസ് പരാജയമായിരുന്നു. അതിനുള്ള കാരണം, ദേവേന്ദ്ര ഗോയല്‍ന്റെ 'ചിരാഗ് കഹാന്‍ രോഷ്ണി കഹാന്‍' എന്ന സിനിമയോടും വി. ശാന്താറാമിന്റെ 'നവരംഗ്' നോടുമൊപ്പം റിലീസ് ചെയ്യപ്പെടാനിടയായതാണെന്ന് പറയപ്പെടുന്നു. ഇക്കൂട്ടത്തില്‍ നവരംഗ് ഹിറ്റായിരുന്നു.

1914 ജൂണ്‍ 7 ന് പാനിപ്പട്ടില്‍ ജനിച്ച കെ എ അബ്ബാസ് എന്ന ഖ്വാജ അഹമ്മദ് അബ്ബാസ് ഒരേപോലെ ഹിന്ദിയിലും ഉറുദുവിലും, കഥാകൃത്തും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമൊക്കെയായി സാഹിത്യരംഗത്തും സിനിമാരംഗത്തുമുള്ള ക്രിയാത്മകമായ ഇടപെടലുകളിലൂടെ തിളക്കമാര്‍ന്ന വ്യക്തിത്വത്തിനുടമയായി ജീവിവിച്ചു. 1987 ജൂണ്‍ 1 ന് തന്റെ 72 ആം വയസില്‍ മുബൈയില്‍വെച്ച് കെ എ അബ്ബാസ് അന്തരിച്ചു.