"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 29, തിങ്കളാഴ്‌ച

നോക്കുകുത്തി: മാനവികതയുടെ ദാര്‍ശനിക ഭൂപടം


ഛായാഗ്രാഹകന്‍ എന്ന നിലയില്‍ പ്രസിദ്ധനായ മങ്കട രവിവര്‍മ 1983 ല്‍ സംവിധാനം ചെയ്തുപുറത്തിറക്കിയ തന്റെ ആദ്യ സിനിമയാണ് 'നോക്കുകുത്തി'. പ്രമുഖ മാനവികചിന്താഗതിക്കാരനായിരുന്ന എം ഗോവിന്ദന്റെ ഇതേപേരിലുള്ള ഒരു കഥാകാവ്യമാണ് സിനിമക്കാധാരം. ജാതിവ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അതിമാരകവും പിന്തിരിപ്പനുമായ ആന്തരികവൈരുധ്യങ്ങളെ ചോദ്യം ചെയ്യുന്ന ഈ കൃതി ഒരു സംഭവകഥയില്‍ നിന്നും വികാസംകൊണ്ടിട്ടുള്ളതാണ്. ധൈഷണികലോ കത്ത് അന്ന് ജീവിച്ചിരുന്ന പ്രമുഖരായ കലാകാരന്മാര്‍ തങ്ങളുടെ സംഭാവനകള്‍കൊണ്ട് സമ്പന്നമാക്കിയ മഹത്തായ ഒരു സംരംഭം കൂടിയായിരുന്നു നോക്കുകുത്തി എന്ന സിനിമ. ശ്രദ്ധേയനായ കവി കടമ്മനിട്ട രാമകൃഷ്ണന്‍ സ്വന്തം ശബ്ദത്തില്‍ സംഭാഷം ആലപിച്ചുകൊണ്ട് മുരുകയ്യന്‍ എന്ന പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ച നോക്കുകുത്തിയുടെ കലാസംവിധാനം നിര്‍വഹിച്ചത് ചിത്രകാരനും ഗ്രന്ഥകാരനുമായിരുന്ന എം വി ദേവനാണ്. സ്വയം ഛായാഗ്രഹണം നിര്‍വഹിച്ചു കൊണ്ട് സംവിധാനം ചെയ്ത മങ്കടരവിവര്‍മയുടെ നോക്കുകുത്തി എന്ന ഈ സിനിമ മലയാളത്തിലെ ഏക കാവ്യഭാഷണ സിനിമയാണ്. എം ഗോവിന്ദന്‍ എഴുതിയ യഥാര്‍ത്ഥ വരികള്‍ തന്നെയാണ് ഉടനീളം ആലപിച്ചിട്ടുള്ളതും. പി പി കുഞ്ഞഹമ്മദാണ് സിനിമയുടെ നിര്‍മാതാവ്.

പട്ടാമ്പിപ്പുഴക്കരുകില്‍ ഉയരത്തില്‍ നാട്ടിനിര്‍ത്തിയ ഒരു മരക്കമ്പിനുമുകളില്‍ കാണപ്പെട്ട ഒരു തലയോട്ടിയുടെ കാഴ്ച എം ഗോവിന്ദനിലുളവാക്കിയ പ്രത്യാഘാത ങ്ങളാണ് നോക്കുകുത്തിയുടെ രചനക്കുള്ള മൂലകാരണം. 1972 ല്‍ പുസ്തകരൂപത്തില്‍ പുറത്തുവരുന്നതുവരെ തന്റെ സ്വന്തം തലയോടിനുള്ളില്‍ നോക്കുകുത്തിയായ തലയോട്ടികൂടി സംവഹിക്കേണ്ടിവന്നനാളുകളില്‍ താന്‍ അനുഭവിച്ച ആത്മസംഘര്‍ഷം എത്രമാത്രം കഠിനതരമായിരുന്നുവെന്ന് കവി പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

പ്രേമമെന്നാല്‍ പേക്കൂത്ത് എന്നൊരു നോരുള്ള (ചൊല്ല്) കാലത്ത് ഒരു പ്രണയിനി നേരിട്ട ദുരന്തകഥയാണ് തലയോടിന് പറയാനുള്ളത്. ആ ദുരന്തകഥയിലെ നായകന്‍ ഇല്ലത്തെ വിപ്രനായ അക്കിരാമന്‍ എന്ന ഇരുപത്തിനാലുകാരനാണ്. നായിക ശൂദ്രസ്ത്രീയായ ചിരുതേവി എന്ന അടിച്ചുതളിക്കാരിയും. ഇവരുടെ പ്രണയത്തെ കൊടിയ ദുരന്തമാക്കിത്തീര്‍ത്ത വില്ലന്‍ കഥാപാത്രം ജാതിവ്യവസ്ഥയാണ്. 

ഇന്ത്യയിലെ സാമൂഹ്യ വിഭജനരേഖ കടന്നുപോകുന്നത് അവര്‍ണര്‍, സവര്‍ണര്‍ എന്നിവര്‍ക്കിടയിലൂടെയാണ്. സവര്‍ണജാതികള്‍ക്കുള്ളില്‍ മറ്റൊരു വിഭജനരേഖ യുണ്ട്. അത് ദ്വിജന്മാരുടേയും ശൂദ്രരുടേയും മധ്യേകൂടിയാണ് കടന്നുപോകുന്നത്. ദ്വിജന്മാര്‍ എന്നാല്‍ രണ്ട് ജന്മം ഉള്ള സവര്‍ണ സമുദായങ്ങളാണ്. ബ്രാഹ്മണര്‍ ക്ഷത്രിയര്‍, വൈശ്യര്‍ എന്നിവരാണ് ദ്വിജന്മാര്‍. ഇവര്‍ക്ക് മാത്രമേ വിദ്യാധികാരമുള്ളൂ. ഇവരുടെ ആദ്യത്തെ ജന്മം ഗര്‍ഭപാത്രത്തില്‍ നിന്നും രണ്ടാമെത്തെ ജന്മം വിദ്യാരംഭത്തിലൂടെയും ലഭിക്കുന്നു. ശൂര്‍ദ്രര്‍ക്ക് വിദ്യാധികാരമില്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് രണ്ടാമത്തെ ജന്മം അവകാശപ്പെടാനുമാവില്ല. അവര്‍ക്ക് വിധിച്ചിട്ടുള്ള ഏക കര്‍മം ഫലേച്ഛകൂടാതെ ദ്വിജന്മാരെ സേവിക്കുക എന്നുള്ളതാണ്. ശൂദ്രജാതിയില്‍ പെടുന്നവര്‍ വിദ്യാഭ്യാസം നേടാന്‍ ശ്രിമിച്ചാല്‍ ദ്വിജന്മാരില്‍ നിന്നും അവര്‍ക്ക് ജീവഹാനി ഉള്‍പ്പെടെ കൊടിയശിക്ഷകള്‍ തന്നെ ലഭിക്കുന്നു. 

സവര്‍ണരെ സംബന്ധിച്ചിടത്തോളം അവര്‍ണര്‍ അസ്പൃശ്യരാണ്. അവരുടെ ഇടയില്‍ ഇത്തരം ഒരു വിഭജനം ഇല്ല. എന്നാല്‍ അവര്‍ ശൂദ്രരെപ്പോലെതന്നെ വിദ്യാധികാരം തുടങ്ങിയ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുമാണ്. 

പ്രണയം ഒരു മനുഷ്യാവകാശപ്രശ്‌നമാണ്. ഹൃദയങ്ങളെ തമ്മില്‍ അടുപ്പിക്കുകഎന്ന പ്രക്രിയയാണ് പ്രണയം നിര്‍വഹിക്കുന്നത്. പ്രണയത്തെ നിഷേധിക്കുന്നത് തീര്‍ത്തും ജനാധിപത്യവിരുദ്ധമായ കീഴ്വഴക്കമാണ്. ത്രൈവര്‍ണികര്‍ നിര്‍മിച്ചിട്ടുള്ള ശാസനകള്‍ പ്രകാരം പ്രണയം നിഷിദ്ധമാണ്. അപ്പോള്‍പ്പിന്നെ ബ്രാഹ്മണയുവാവ് അടിച്ചുതളിക്കാരിയായ ശൂദ്ര സ്ത്രീയെ പ്രണയിച്ചാലോ? അക്കിരാമനും ചിരുതേയുയും തമ്മിലുള്ള പ്രണയവൃത്താന്തം പ്രാമാണികരായ ബ്രാഹ്മണരുടെ മുമ്പാകെ അറിവായപ്പോള്‍ ഭൂകമ്പം അതിന്റെ പരമകാഷ്ഠയില്‍ത്തന്നെ സംഭവിക്കുന്നു. അക്കിരാമനോട് തെറ്റുതിരുത്തണമെന്ന ഒരുഗ്രശാസന ബ്രാഹ്മണസഭയില്‍ നിന്നുമുണ്ടായി. വിടനല്ല, വീരനല്ല, വിഢിയുമല്ലക്കിരാമന്‍. വിപ്രനായാല്‍ പ്രേമെന്ന സിദ്ധിയെന്താ പാടില്ലേ? എന്നൊരു ചോദ്യം അക്കിരാമന്‍ ഉന്നയിച്ചുവെങ്കിലും ബ്രഹ്മണരുടെ ഉന്നതാധികാരസഭ അതിനുള്ള മറുപടി നല്കിയത് പക്ഷെ, ചിരുതേയിയെ കൊലചെയ്തുകൊണ്ടായിരുന്നു.

തമ്മിലാലോചിച്ച് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതുപ്രകാരം, വിവാഹിതരാകാന്‍ കാവിലെത്തിയ അക്കിരാമന്‍, തേവി പ്രതിഷ്ഠക്കുമുന്നില്‍ ശിരസ് വേര്‍പെട്ട ചിരുതേയിയുടെ ചലനമറ്റ ഉടലാണ് കണ്ടത്. പട്ടില്‍ പൊതിഞ്ഞെടുത്ത ചിരുതേയിയുടെ ശിരസുമായി ഇല്ലത്ത് തിരിച്ചെത്തി തട്ടില്‍ പുറത്ത് കയറിക്കൂടിയ ആ ബ്രാഹ്മണയുവാവ് പിന്നീടൊരിക്കലും അക്കിരാമനിലേക്ക് തിരിച്ചുവന്നില്ല. ഭ്രാന്തമായ മറ്റൊരു ലോകത്തുചെന്ന് അയാള്‍ എന്നെന്നേക്കുമായി വാസമുറപ്പിച്ചു. ആ ലോകത്ത്, ആ ഭ്രാന്തന്‍ ചങ്ങലപ്പൂട്ടില്‍ ബന്ധനസ്ഥനായിക്കിടന്നു. പ്രിയതമ എപ്പോഴും അവന്റെ മടയില്‍ത്തന്നെയുണ്ടായിരുന്നു. ചിരുതേയിയുടെ തലയോട്ടിയല്ലാതെ മറ്റൊന്നുമായിരുന്നില്ല അത്. ചിരുതേയി, ചിരുതേയി എന്നു ജപിച്ച് ആ ഭ്രാന്തന്‍ എപ്പോഴും തന്റെ പ്രിയതമയെ പ്രണയിച്ചുകൊണ്ടിരുന്നു. 

ഈ ഘട്ടം വരെ സവര്‍ണരിലെ ത്രൈവര്‍ണിക - ശൂദ്ര സാമൂഹ്യവിഭജനരേഖയിലെ മാനവികവിരുദ്ധതയെയാണ് എം ഗോവിന്ദന്‍ വിമര്‍ശനവിധേയമാക്കുന്നത്. രണ്ടാം ഘട്ടത്തില്‍, പ്രമുഖമായ സവര്‍ണ - അവര്‍ണ വിഭജനരേഖയുടെ അര്‍ത്ഥരാഹിത്യ ത്തെ ചോദ്യം ചെയ്യുന്നു. 

സമനില തെറ്റിയ അക്കിരാമന് കരപ്രമാണിമാരായ നമ്പൂതിരി - ബ്രാഹ്മണര്‍ ചേര്‍ന്ന് വേളി ആലോചിക്കുന്നു. ഇതറിഞ്ഞ് ചങ്ങലപൊട്ടിച്ച് ഇല്ലത്തിന് പുറത്തേക്കോടുന്ന രാമന്‍, പറയരുടെ ഊരിലെത്തി ഒരുകൂരയില്‍ ചിരുതേയിയുടെ തലയോട്ടി സ്ഥാപിക്കുന്നു. നാളെ ചിരുതേയിപ്പെങ്ങളുടെ വേളിയാണ്; മുറയനുസരിച്ച്, പറയര്‍ക്ക് വേളിയില്‍ പങ്കുകൊള്ളുവാന്‍ അര്‍ഹതയുണ്ടെന്ന് 'പറയിപെറ്റ പന്തിരുകുലം' ഐതിഹ്യകഥയെ അനുസ്മരിപ്പിക്കുമാറ് ഒരു അഭ്യര്‍ത്ഥന (ക്ഷണിക്കല്‍) നടത്തുന്നു. പ്രണയിനിയായ ചിരുതേയി ഇവിടെ പെങ്ങളായി മാറുന്നു. അക്കിരാമന്‍, ഇല്ലക്കാര്‍ ഏര്‍പ്പെടുത്തുന്ന വേളിക്ക് തയാറാകുന്നതിനുവേണ്ടിയാണ് ചിരുതേയിയെ പെങ്ങളാക്കിയതെന്ന് തോന്നിക്കുമെങ്കിലും, പറയക്കുടിയില്‍ നിന്നും തിരിച്ചോടുന്ന അക്കിരാമന്‍ ഇല്ലത്തെത്തിച്ചേര്‍ന്ന്, ചങ്ങലക്കെട്ടാല്‍ തലക്കടിച്ച്, നിണംവാര്‍ന്ന് ദേഹമാകെപ്പടര്‍ന്ന് മരണത്തെ പുല്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്! 

അക്കിരാമന്‍ ആത്മഹത്യ ചെയ്തതറിഞ്ഞ് ഇല്ലത്തെത്തിയ പറയന്‍, എരിയുന്ന ചിതയിലിട്ട് ചിരുതേയിയുടെ തലയോട്ടിയും ദഹിപ്പിക്കണമെന്ന് നമ്പൂതിരിമാരോട് അഭ്യര്‍ത്ഥിക്കുന്നു. ഈ ലോകത്ത് ഒരുമിക്കാന്‍ കഴിയാത്തവര്‍ അങ്ങേലോകത്തെങ്കിലും ഒരുമിക്കട്ടെ എന്ന് ആ പറയന്‍ ഒരു നിര്‍ദ്ദേശം മുമ്പോട്ടുവെക്കുന്നുണ്ടെങ്കിലും, 'ചമതയും പൂണൂലും അന്തണന്, ചത്തതും പുഴുത്തതും പറയന്! പുലയാടിപ്പെണ്ണിന്റെ തലയോട് പുഴവക്കിലൊഴുകിക്കിടന്നോട്ടെ' എന്നു പുലമ്പി നമ്പൂതിരിമാര്‍ ആട്ടിയകറ്റുന്നു. പോകുന്നതിന് മുമ്പ് 'മനുജരായി പിറവികൊണ്ടോര്‍ സഹജരെന്നേ പറയവേദം' എന്ന് ബോധ്യപ്പെടുത്താനും ആ പറയന്‍ മടിക്കുന്നില്ല.

വര്‍ഷകാലം തിമിര്‍ത്തുപെയ്ത മഴയില്‍ പുഴയും വയലും പെരുവെള്ളത്തില്‍ മുങ്ങി. വെള്ളമിറങ്ങിയപ്പോള്‍ മണല്‍മൂടിക്കിടന്നിരുന്ന ഒരു തലയോട്ടി വയലരികില്‍ തെളിഞ്ഞുകമണ്ടു. അതെടുത്ത് വള്ളുവപ്പുലയനാണ്, പട്ടാമ്പിപ്പുഴക്കരികിലെ വള്ളോലിക്കണ്ടത്തിലെ വിളവിന് കണ്ണേറുതട്ടാതിരിക്കാന്‍ നോക്കുകുത്തിയായി നാട്ടിയത്.

മനുഷ്യരായി ജനിച്ചവരെല്ലാം സഹോദരീസഹോദരന്മാരാണ് എന്നതത്രെ പറയരുടെ 'വേദവിജ്ഞാനീയം' എന്ന് എം ഗോവിന്ദന്‍ പ്രഖ്യാപിക്കുന്നു. ജാതിവ്യവസ്ഥ ഈ സാഹോദര്യത്തെ വെട്ടിമുറിക്കുകയാണ് ചെയ്യുന്നത്. ഇല്ലത്തുനിന്നും ഓടുന്ന ബ്രാഹ്മണയുവാവ്, പറയ ഊരിലെത്തി അവരെ വിവാഹത്തിന് ക്ഷണിക്കുമ്പോള്‍ വാസ്തവത്തില്‍, പൊളിച്ചടക്കപ്പെടുന്നത് ജാതിവ്യവസ്ഥ തീര്‍ത്ത മതിലുകളാണ്. ഭഞ്ജകനായ അക്കിരാമനില്‍ ബ്രാഹ്മണ്യം അപ്പോള്‍ ലവലേശം പോലും ഉണ്ടായിരുന്നില്ല - മനുഷ്യന്‍ മാത്രം. അതുകൊണ്ടാണ് ബ്രാഹ്മണ - പറയ വിഭജനം മിഥ്യയാണെന്ന് പ്രഖ്യാപിക്കുന്നത്. 

അടൂര്‍ ഗോപാലകൃഷ്ണന്റെ 'നിഴല്‍ക്കുത്ത്'വരെയുള്ള എല്ലാ സിനിമകളുടേയും ഛായാഗ്രഹണം നിര്‍വഹിച്ചത് മങ്കട രവിവര്‍മയാണ്. നോക്കുകുത്തി കൂടാതെ, 1989 ല്‍ കുഞ്ഞിക്കൂനന്‍ എന്നൊരു സിനിമകൂടി മാത്രമേ സംവിധാനം ചയ്തതായിട്ടുള്ളൂ. 1970 മുതല്‍ 2002 വരെ വിവിധവര്‍ഷങ്ങളില്‍ ഏഴ് തവണ ഛായാഗ്രഹണത്തിന് സ്‌റ്റേറ്റ് അവാര്‍ഡ് ലഭിച്ചു. 1986 ല്‍ 'ചിത്രം ചലച്ചിത്രം' എന്ന ചലച്ചിത്ര പഠനഗ്രന്ഥത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 2005 ല്‍ ജെ സി ഡാനിയേല്‍ പുരസ്‌കാരവും ലഭിച്ചു. 1926 ജൂണ്‍ 4 ന് മലപ്പുറം ജില്ലയിലെ മങ്കടയില്‍ ജനിച്ച രവി വര്‍മ 2010 നവംബര്‍ 22 ന് അന്തരിച്ചു.

image courtesy: malayalasangeetham.info