"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 20, ശനിയാഴ്‌ച

ചൗരംഗ: പ്രശ്‌നാവതരണം സമ്പൂര്‍ണം, പരിഹാരനിര്‍ദ്ദേശമില്ല.ബിഗാസ് രഞ്ജന്‍ മിശ്ര, രചനയും സംവിധാനവും നിര്‍ഹിച്ച് 2014 ല്‍ പുറത്തിറക്കിയ 'ചൗരംഗ' എന്ന സിനിമ, പരിഹാരം തേടേണ്ടുന്ന സാമൂഹിക ദുരവസ്ഥകളെ മുന്‍നിര്‍ത്തിയുള്ള പ്രശ്‌നാവതരണം എന്ന നിലയില്‍ ശ്രദ്ധേയമാണ്. പക്ഷെ അവതരിപ്പിക്കപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് തന്റേതായ ഒരു പരിഹാരം നിര്‍ദ്ദേശിക്കു ന്നില്ല എന്നത് സിനിമയിലെ ഏറ്റവും വലിയ പോരായ്മയാണ്. പ്രശ്‌നങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തേണ്ടത് സിനിമാക്കാരന്റെ പ്രതിബദ്ധതയാണ്; അതുകൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല.

നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ 2011 - 2013 കാലയളവിലെ സ്ഥിതിവിവരക്കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ട് സിനിമ അവസാനിക്കുന്നു; ഇന്ത്യയില്‍ ഓരോ ദിവസവും 2 ദലിതര്‍ വീതം കൊല്ലപ്പെടുന്നു. ഓരോ 4 മണിക്കൂറിലും ഒരു ദലിത് സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു. ഓരോ 2 മണിക്കൂറിലും ഒരു ദലിതന്‍ പീഡിപ്പിക്കപ്പെടുന്നു. ഓരോ മാസവും 18 ദലിത് കുടിലുകള്‍/വസ്തുവകകള്‍ അഗ്നിക്കിരയാക്കപ്പെടുന്നു. ഓരോ ആഴ്ചയിലും 11 ദലിതര്‍ വീതം കാണപ്പെടാതാകുന്നു! ഇന്ത്യന്‍ സമൂഹത്തില്‍ സംഭവിക്കുന്നതെന്താണെന്ന് സിനിമയില്‍ വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ സംഭവിക്കുന്നതിനുള്ള കാരണം ആദ്യമായി നിരീക്ഷിച്ചത് സാമൂഹ്യ ശാസ്ത്രജ്ഞന്‍ ഡോ. ബി ആര്‍ അംബേഡ്കറാണ്. അത് മനസ്സിലാക്കാത്തതിനാലാണ്, ഭംഗിയായി വിഷയമവതരിപ്പിച്ചിട്ടും ബിഗാസ് രഞ്ജന്‍ മിശ്രക്ക് പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിയാതെ പോയത്. 

ചരിത്രത്തിലുടനീളം ഇന്ത്യയുടെ വിധിയായിത്തീര്‍ന്ന പരാജയത്തിനു കാരണം, നിശ്ചയമായും ജാതി തന്നെയാണ്. ജാതി പൊതുവായി സംഘടിപ്പിക്കലിനേയും സമാഹരണത്തേയും തടഞ്ഞു. അഥവാ, സംഘടിപ്പിക്കലിന്റേയും സമാഹരണ ത്തിന്റേയും വ്യാപ്തിക്ക് വളരെ പരിമിതമായ സ്വഭാവമേ ഉണ്ടായിരുന്നുള്ളൂ. എന്നിങ്ങനെ ഡോ. അംബേഡ്കര്‍ പ്രശ്‌നത്തിന്റെ കാരണത്തെ കണ്ടെത്തുന്നു. അപ്പോള്‍ പരിഹാരം നിര്‍ദ്ദേശിക്കേണ്ടത് അദ്ദേഹത്തിന്റെ ബാധ്യതയായി മാറുന്നു. പര്ശ്‌നം ജാതീയതയാണെങ്കില്‍ അതിനെ ഉന്മൂലനം ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പരിഹാരമാര്‍ഗം. അതിനായി നിര്‍ദ്ദേശിക്കുന്ന രണ്ട് സാമൂഹിക പരിവര്‍ത്തനപ്രക്രിയകളില്‍ ഒന്നാമത്തേത് 'മിശ്രവിവാഹ'വും മറ്റൊന്ന് 'മിശ്രഭോജന'വുമാണ്. 

മിശ്രവിവാഹത്തിലൂടെ ജാതീയത ഉന്മൂലനം ചെയ്യപ്പെടുന്നു. ജാതീയത ഇല്ലാത്തിടത്ത് മനുഷ്യന്‍ മാത്രമേയുള്ളൂ, അവരുടെ ഇടയില്‍ വിഭജനമില്ല. വിജ്ഞാനാനം നേടാന്‍ മാത്രം ജനിച്ചവരെന്നും, യുദ്ധം ചെയ്യാന്‍ മാത്രം ജനിച്ചവരെന്നും, കച്ചവടം ചെയ്യാന്‍ മാത്രം ജനിച്ചവരെന്നും, ഈ മൂന്നു വിഭാഗക്കാരെ സേവിക്കാന്‍ മാത്രം ജനിച്ചവരെന്നും മറ്റുമുള്ള വിഭാഗങ്ങള്‍ നിലനില്‍ക്കില്ല. ജാതിരഹിത സമൂഹത്തില്‍ എല്ലാവരും വിദ്യാഭ്യാസം ചെയ്യുന്നു. ജാതിരഹിത സമൂഹത്തില്‍ യുദ്ധം ചെയ്യേണ്ടിവന്നാല്‍ എല്ലാവരും ചേര്‍ന്ന് യുദ്ധം ചെയ്യുന്നു. ജാതിരഹിത സമൂഹത്തില്‍ ലാഭം കൊയ്യാന്‍ സാഹചര്യമില്ലെങ്കിലും പൊതുവിതരണ സമ്പ്രദായം എന്ന നിലയില്‍ കച്ചവടം എല്ലാവരുടേയും ചുമതലയാണ്. ജാതിരഹിത സമൂഹത്തില്‍ എല്ലാവരും പരസ്പരം സേവിക്കുന്നു. ആരും ആരുടേയും മുകളിലല്ല. ആരും ആരുടേയും കീഴിലുമല്ല. 

ബീഹാറിലെ ഒരു ഗ്രാമത്തില്‍ നിലനില്ക്കുന്ന ബ്രാഹ്മണ - ദലിത സംഘര്‍ഷത്തിന്റെ ദൃശ്യവത്കരണത്തിലൂടെയാണ് സംവിധായകന്‍, ഉച്ചാടനം ചെയ്യപ്പെടേണ്ട പ്രശ്‌നങ്ങളെ അവതരിപ്പിക്കുന്നത്. മറ്റുള്ള സിനിമകളില്‍നിന്നും ഏറെ വ്യത്യസ്ഥമായ ദൃശ്യസങ്കലനവ്യവസ്ഥകളുടെ പാലനത്തിലൂടെ, വാചികഭാഷക്ക് അതീതമായി സിനിമ സംവേദനക്ഷമാകുന്നതിന്, ദൃശ്യതയില്‍ ചെലുത്തപ്പെടുന്ന ശക്തി പ്രാധാന്യമര്‍ഹിക്കു ന്നുവെന്നും, അതിന് പിന്‍ബലമേകുന്നത് സാമൂഹിക ശാസ്ത്രത്തില്‍ ആര്‍ജിക്കുന്ന ജ്ഞാനമാണ് അവശ്യംവേണ്ടതെന്ന രാഷ്ട്രീയപാഠവും ഈ സിനിമ ഉള്‍ക്കൊള്ളുന്നു.

ബ്രാഹമണരായ ധാവല്‍കുടുംബത്തിന്റെ ഭവനത്തിന് സമീപമുള്ള ബസ്തിയിലാണ് ദലിത് വിധവയായ ധനിയയും അവരുടെ രണ്ട് ആണ്‍മക്കളും താമസിക്കുന്നത്. ധനിയയുടെ മൂത്തമകനെ അകലെയുള്ള വിദ്യാലയത്തില്‍ പഠനത്തിനായി പറഞ്ഞയച്ചിരുന്നുവെങ്കിലും ഇളയ മകനായ സന്തുവിനെ പതിനാല് വയസ്സായിട്ടും പള്ളിക്കൂടത്തില്‍ ചേര്‍ത്തിരുന്നില്ല. അവനെ വീട്ടില്‍ വളര്‍ത്തുന്ന പന്നിയെ നോക്കുന്നതിന് ചുമതലപ്പെടുത്തി. ധനിയ ധാവല്‍ കുടുംബത്തിലെ വീട്ടുവേലകള്‍ ചെയ്തുകൊടുക്കുമായിരുന്നു. പന്നിയെ പരിപാലിക്കുന്ന രാവിലെത്തെ ജോലി ചെയ്തശേഷം എല്ലാ ദിവസവും സന്തു വഴിയരികിലുള്ള പേരാലിന്റെ കൊമ്പത്ത് കയറിയിരിക്കുക പതിവാണ്. താഴെ, പള്ളിക്കൂടത്തിലേക്ക് സ്‌കൂട്ടറില്‍ കടന്നുപോകുന്ന ധാവലിന്റെ മകള്‍ മോനയെ കാണുന്നതിനായാണ് സന്തു പേരാല്‍ മരത്തില്‍ ദിവസേന കയറിയിരിക്കുന്നത്. ക്രമേണ സന്തുവിന്റെ ഉള്ളില്‍ മോനയോട് ഒരു അടുപ്പം നാമ്പിട്ടു. എന്നാല്‍ മോനയോട് അത് തുറന്നു പറയാന്‍ സന്തു ധൈര്യപ്പെട്ടില്ല. സന്തുവിന്റെ മൂത്ത സഹോദരന്‍ ബജ്രംഗി പള്ളിക്കൂടത്തില്‍ നിന്നും അവധിക്കു വന്നപ്പോള്‍, അയാളെക്കൊണ്ട് ഒരു പ്രണയക്കുറിപ്പ് എഴുതിച്ച് സന്തു മോനക്ക് കൈമാറുന്നു.

വിദ്യാലയത്തില്‍ നിന്നുള്ള വരവില്‍ത്തന്നെ, സമപ്രായക്കാരയ രണ്ട് ബ്രാഹ്മണ ക്കുട്ടികളെത്തി ബജ്രംഗിയെ മര്‍ദ്ദിക്കുന്നുണ്ട്. ധാവലാകട്ടെ ധനിയയെ ലൈംഗികമായി ചൂഷണം ചെയ്യുന്നുമുണ്ടായിരുന്നു. തന്റെ മക്കള്‍ ഈ വിവരം മനസിലാക്കിയിട്ടുണ്ട് എന്നറിഞ്ഞെങ്കിലും ധനിയ തന്റെയും മക്കളുടേയും സുരക്ഷയെക്കരുതി എല്ലാം സഹിക്കുകയായിരുന്നു. സന്തു മോനക്ക് കൈമാറിയ പ്രണയക്കുറിപ്പ് ധാവലിന്‍ഖെ കയ്യിലെത്തുന്നു. അന്ന് രാത്രി ധാവല്‍ ധനിയയെ ബലാത്സംഗംചെയ്ത് കൊല്ലുന്നു. സന്തുവിനെ വകവരുത്താന്‍ ബ്രാഹ്മണകുമാരന്മാരെ ധാവല്‍ ഏര്‍പ്പാടാക്കുന്നു. സന്തുവിനേയും ബജ്രംഗിയേയും കൊല്ലുന്നതിനായി ബ്രാഹ്മണകുമാരന്മാര്‍ നിരത്തിലൂടെയും ബസ്തിയിലൂടെയും പിന്തുടര്‍ന്ന് ഓടിക്കുന്നു. ഒരു പാറപ്പുറത്തേക്ക് കയറുന്ന ബജ്രംഗിയെ ബ്രാഹ്മണകുമാരന്മാരിലൊരാള്‍ വലിയൊരു കല്ല് തലയിടിച്ച് കൊലപ്പെടുത്തുന്നു. മറ്റേയാള്‍ സന്തുവിനെ റെയില്‍വേ ട്രാക്കിലൂടെ ഓടിക്കുന്നു. അതുവഴി കടന്നുപോകുന്ന ട്രെയിനില്‍ സന്തു അള്ളിപ്പിടിച്ചു കയറുന്നു. ട്രെയിന്‍ മുമ്പോട്ടു പോകുന്നു....

കെട്ടുറപ്പുള്ള ദൃശ്യഘടനയുണ്ട് ചൗരംഗ സിനിമക്ക് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. തുടക്കത്തില്‍ സൂചിപ്പിച്ച, പ്രശ്‌നപരിഹാരനിര്‍ദ്ദേശത്തിന്റെ അഭാവം ദൃശ്യതന്ത്ര ത്തില്‍ സംവിധായകന്‍ ചെലുത്തിയ ശക്തിസാന്ദ്രതയെ നിഷ്പ്രയോജനകര മാക്കിത്തീര്‍ത്തു. ദൃശ്യസങ്കലന വ്യവസ്ഥയില്‍ മൗലികതയുണ്ട്. അക്കാര്യത്തില്‍ പതിവിനു വിരുദ്ധമായി ഒരുതരം മാന്ത്രികത സിനിമയുടെ സങ്കലനവ്യവസ്ഥയില്‍ അവതരിപ്പിക്കാനായിട്ടുണ്ട്. ദലിതരുടെ മോചനം വിദ്യാഭ്യാസം നേടുന്നതിലൂടെ മാത്രം എന്ന നിര്‍ദ്ദേശം ആ വ്യവസ്ഥകളില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കില്‍ ചൗരംഗ അങ്ങേയറ്റം കുറ്റമറ്റതാകുമായിരുന്നു. 

ബ്രാഹ്മണ്യം ആത്മാവില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള അവിഭാജ്യതയല്ല, ശരീരത്തില്‍ താത്കാലിക ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നതിനായി കല്പിക്കപ്പെട്ടിരിക്കുന്ന അധികാരവ്യവസ്ഥ മാത്രമാണെന്ന്, ബ്രാഹ്മണ കഥാപാത്രമായ ധാവല്‍ നിരന്തരം ബോധ്യപ്പെടുത്തുന്നതു കാണാം. ദലിത് വനിതയോട് അനാശാസ്യമായി ഇടപെടുമ്പോള്‍ ബ്രാഹ്മണന്‍ പൂണൂല് ഊരിമാറ്റുന്നു. ശരീരത്തില്‍ നിന്നും വേര്‍പെടുത്തിയാല്‍ ബ്രാഹ്മണിക്കല്‍ വിരുദ്ധമായ ഏതൊരുപ്രവൃത്തിയും ചെയ്യുന്നതിന് കുഴപ്പമില്ല എന്നൊരു വിമര്‍ശനപാഠവും ഈ ദൃശ്യങ്ങള്‍ നല്കുന്നു. സ്ത്രീകളോടുള്ള സമീപനത്തില്‍ സവര്‍ണപുരുഷന്‍ ഏകത പുലര്‍ത്തുന്നതുകാണാം. ഇന്ത്യന്‍ സാമൂഹിക ചരിത്രവും അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ദലിതായ ധനിയയും ധാവലിന്റെ ഭാര്യയായ നിധിയും മകളായ മോനയും തുല്യപീഡിതരാണ്. ബ്രാഹ്മണനെ പാദപൂജ ചെയ്യേണ്ടത് ദലിത് വനിത. മുഖത്ത് ആരതിയുഴിയേണ്ടത് ബ്രാഹ്മണ വനിത! അത്തരത്തില്‍ ഒരു ഉച്ചനീചത്വം മാത്രമേ ഇക്കാര്യത്തില്‍ ദീക്ഷിക്കുന്നുള്ളൂ.

ധാവലിനെ സഞ്ജയ് സൂരിയും ധാനിയയെ തന്നിഷ്ട ചാറ്റര്‍ജിയും റിഥി സെന്‍ ബജ്രംഗിയേയും സോഹം മൈത്ര സന്തുവിനേയും അവതരിപ്പിക്കുന്നു. മറ്റു നടീനടന്മാരില്‍ നിധിയായി അര്‍പിത പാലും മോനയായി എനാ സാഹയും വേഷമിടുന്നു. ധാവലിന്റെ അച്ഛന്‍ പാണ്ഡെയെ അവതരിപ്പിക്കുകൊണ്ട് മുതിര്‍ന്ന നടന്‍ ധൃതിമാന്‍ ചാറ്റര്‍ജിയും ചൗരംഗയിലെ പാത്രാവതരണത്തെ സമ്പൂര്‍ണമാക്കി.

ടിവി സിനിമകളും ചെറു സിനിമകളും ഒട്ടേറെ എടുത്തിട്ടുള്ള ബികാസ് രഞ്ജന്‍ മിശ്രയുടെ ആദ്യത്തെ മുഴുനീള സിനിമയാണ് ചൗരംഗ. നാഷനല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റേയും ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവെലിന്റേയും ബെര്‍ലിന്‍ ഇന്റര്‍ നാഷനല്‍ ഫിലിം ഫെസ്റ്റിവെലിന്റേയും സംയുക്ത സംരഭത്തില്‍ നിര്‍മിച്ച ചൗരംഗ, ലോസ് ഏഞ്ചല്‍സില്‍ നടന്ന പതിമൂന്നാമത് ഇന്‍ഡ്യന്‍ ഇന്‍ര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവെലില്‍ നിന്നും ഗ്രാന്റ് ജൂറി പ്രൈസ് നേടുകയുണ്ടായി. 2014 ല്‍ നടന്ന മുംബൈ ഫിലിം ഫെസ്റ്റിവെലില്‍ ചൗരംഗ മികച്ച സിനിമക്കുള്ള ഗോള്‍ഡന്‍ ഗേറ്റ് വേ അവാര്‍ഡും കരസ്ഥമാക്കി.