"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 31, ബുധനാഴ്‌ച

വൈദികധര്‍മം ഹിംസയെ പ്രോത്സാഹിപ്പിച്ചു.


വൈദികമതം അനുഷ്ഠിക്കാന്‍ എളുപ്പമാണ്. യജ്ഞങ്ങള്‍ നടത്തലാണ് പ്രധാന പൂജ. വൈദികമതക്കാരായ ആര്യന്മാര്‍ നിരവധി ദൈവങ്ങളെ ആരാധിച്ചിരുന്നു. അവര്‍ ആ ദൈവങ്ങളെ പ്രസാദിപ്പിക്കാനായി നിരവധിയാഗങ്ങള്‍ നടത്തിയിരുന്നു. ഇത്തരം പൂജകള്‍ സ്വാഭാവികമായും പുണ്യവും ഉജ്വലവുമായി കണക്കാക്കപ്പെട്ടിരുന്നു. കാര്‍ഷികവൃത്തിക്ക് ഏറ്റവും പ്രാധാന്യമുണ്ടായിരുന്ന അക്കാലത്ത് ആര്യന്മാരുടെ ഏറ്റവും വലിയ സമ്പത്ത് പശുക്കളായിരുന്നു. അതുകൊണ്ട് അവര്‍ തങ്ങളുടെ ഇഷ്ടമൂര്‍ത്തികളുടെ പ്രീതിക്കായി പശുക്കളെ ബലിയര്‍പ്പിച്ചിരുന്നു. അങ്ങനെ വൈദികധര്‍മം ഹിംസയെ പ്രോത്സാഹിപ്പിച്ചു. വൈദികയജ്ഞങ്ങള്‍ സംഘടിപ്പിക്കുകവഴി മാത്രമാണ് സമൂഹത്തെ ഒന്നിച്ചു നിര്‍ത്താന്‍ ബ്രാഹ്മണര്‍ക്ക് കഴിഞ്ഞത്.
2018, ജനുവരി 30, ചൊവ്വാഴ്ച

സന്ത് തുക്കാറാം: ജാതീയതക്കെതിരെ ഭക്തിപ്രസ്ഥാനം നയിച്ച വിപ്ലവം


സിനിമയുടെ മികവ് പരിശോധിക്കുന്ന ഉരകല്ല് അഭിനയമാണെങ്കില്‍ ചരിത്രത്തിലെ അദ്വിതീയസ്ഥാനം 1936 ല്‍ ഇറങ്ങിയ 'സന്ത് തുക്കാറാം' എന്ന മറാത്തി സിനിമക്കാണ്. പുറത്തിറങ്ങിയ വര്‍ഷംതന്നെ ചരിത്രപ്രസിദ്ധമായ വെനീസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലില്‍ വെച്ച് മികച്ച മൂന്ന് സിനിമകളില്‍ ഒന്നായി സന്ത് തുക്കാറാം തെരഞ്ഞെടുക്കപ്പെട്ടു. അ്കാലത്തെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും സന്ത് തുക്കാറാം ഭേദിക്കുകയുണ്ടായി. ഒരേ തിയേറ്ററില്‍ത്തന്നെ തുടര്‍ച്ചയായി നൂറിലേറെ ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ച ആദ്യ ഇന്ത്യന്‍ സിനിമ എന്ന ഖ്യാതിയും സന്ത് തുക്കാറാം നേടുകയുണ്ടായി. പ്രഭാത് ഫിലം കമ്പനി നിര്‍മിച്ച സന്ത് തുക്കാറാം സംവിധാനം ചെയ്തത് വിഷ്ണുപന്ത് ഗോവിന്ദ് ഡാംലെയും ഷെയ്ക്ക് ഫത്തേലാലും സംയുക്തമായാണ്.

17 ആം നൂറ്റാണ്ടില്‍ മഹാരാഷ്ട്രയിലെ പൂനക്കടുത്തുള്ള ദേഹുവില്‍ ജീവിച്ചിരുന്ന വൈഷ്ണവ ഭക്തകവിയാണ് സന്ത് തുക്കാറാം. ജീവിതകാലം 1608 - 1650 എന്ന് കണക്കാക്കുന്നു. ഇദ്ദേഹം 'വര്‍കാരി' എന്ന ഭക്തിപ്രസ്ഥാന ശാഖയില്‍ ഉള്‍പ്പെടുന്നു. മഹാരാഷ്ട്രയിലും വടക്കന്‍ കര്‍ണാടകയിലുമായി ഈ പ്രസ്ഥാനം വ്യാപിച്ചിരുന്നു. തീര്‍ത്ഥാടകര്‍ എന്ന സാമാന്യ അര്‍ത്ഥത്തിലാണ് വര്‍കാരി എന്ന പദം വ്യവഹരി ക്കപ്പെടുന്നതെങ്കിലും അത് പന്ഥാര്‍പൂര്‍ ആരാധനാമൂര്‍ത്തിയായ പാണ്ഡുരംഗനെ (കൃഷ്ണനെ - മഹാവിഷ്ണു) സ്തുതിക്കുന്ന ഭക്തകവി ഗായകരെയാണ് വിശേഷിപ്പിക്കുന്നത്. ജ്ഞാനേശ്വര്‍, നാംദേവ്, ചൊക്കമേള, ഏകനാഥ്, തുക്കാറാം എന്നിവരാണ് ഈ പ്രസ്ഥാനത്തിലെ പ്രമുഖര്‍.

കുംഭി സമുദായത്തിലാണ് തുക്ക ജനിച്ചത്. കുംഭി പിന്നോക്ക സമുദായമാണ്. 
കുഭകാരന്മാരുടെ സമുദായ മായ പാട്ടീല്‍, പട്ടികജാതികളില്‍ ഉള്‍പ്പെടുന്ന ജാഥവ് എന്നിവര്‍ കുംഭി സമുദായത്തില്‍ നിന്ന് ഉരുത്തിരിഞ്ഞവരാണെന്ന് ഇതുസംബന്ധിച്ച പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. മഹാരാഷ്ട്രമാണ് കുംഭികള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമെങ്കിലും ഇവര്‍ കര്‍ണാടകയിലും കേരളത്തിലും വ്യാപിച്ചിട്ടുണ്ടെന്ന് ആ പഠനങ്ങളില്‍ സൂചനകളുണ്ട്.

തുക്ക ആധ്യാത്മികജിവിതം നയിച്ചുതുടങ്ങുന്നത്, ഒരു ക്ഷാമകാലത്ത് തന്റെ ആദ്യഭാര്യയും മകനും നഷ്ടമായതിന് ശേഷമാണ്. കാര്‍ഷികവൃത്തി, വിശിഷ്യാ എരുമവളര്‍ത്തലില്‍ ഏര്‍പ്പെട്ടാണ് തുക്ക കുടുംബം ജീവിച്ചിരുന്നത്. രണ്ടാമത്തെ ഭാര്യയായ ആവലി ഒരു വഴക്കാളിയും അവരിലുണ്ടായ രണ്ടുമക്കളില്‍ ഒരാള്‍ അംഗവൈകല്യത്തോടെ പിറക്കുകയും ചെയ്തതോടെ തുക്ക ഭൗതിക ജീവിതം വെടിഞ്ഞു. പന്ഥാര്‍പൂരിലെ ആരാധാനാലയത്തിലെത്തി മൂര്‍ത്തിയായ പാണ്ഡുരംഗയെ സ്തുതിച്ച് കീര്‍ത്തനങ്ങളെഴുതി ആലപിച്ച് ആധ്യാത്മികജീവിതത്തില്‍ വ്യാപൃതനായി. തുക്കാറാമിന്റെ ജീവിതത്തിലെ ഈ ഗതിമാറ്റം പരിതാപകരമായി തുടര്‍ന്നിരുന്ന കുടുംബസ്ഥിതിയെ ഒന്നുകൂടി സങ്കീര്‍ണമാക്കി. എരുമകളെ പരിപാലിച്ചുകൊണ്ട് സദാസമയവും കഷ്ടപ്പെട്ട ആവലി തന്റെ കുടുംബത്തെ ഒറ്റുക്കുനയിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. ഭര്‍ത്താവായ തുക്കാറാമിനോട് കടുത്ത ഈര്‍ഷ്യ വെച്ചുപുലര്‍ത്തുന്നതിനിടയിലും ആവലി ഭര്‍തൃഭക്തി കൈവെടിയുന്നില്ല. 

ആരാധനായലത്തില്‍ തുക്കാറാം എത്തുന്നതും സ്തുതിഗീതങ്ങള്‍ രചിക്കുന്നതും ബ്രാഹ്മണനായ സാലോമാലോക്ക് രസിച്ചിരുന്നില്ല. അയാള്‍ കീര്‍ത്തനങ്ങള്‍ താനെഴുതിയതാണെന്നും തുക്കാറാം അത് മോഷ്ടിച്ചതാണെന്നും ആരോപിച്ചു. സോലോമാലോ പിന്നീട്, തന്നേക്കാള്‍ മുതിര്‍ന്ന ബ്രാഹ്മണനായ പണ്ഡിറ്റ് രാമേശ്വര്‍ ശാസ്ത്രിയെ ദേഹുവിലേക്ക് വിളിച്ചുവരുത്തി, തുക്കാറാമിന് മേല്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. കാരണം ശൂദ്രനായ തുക്കാറാമിന് വിദ്യാഭ്യാസം ചെയ്യുവാനോ, കീര്‍ത്തനങ്ങള്‍ രചിക്കുവാനോ ആലപിക്കാനോ അവകാശമില്ല! രാമേശ്വര്‍ ശാസ്ത്രി, തുക്കാറാമിന്, എഴുതിയ കീര്‍ത്തനപുസ്തകങ്ങള്‍ മുഴുവന്‍ നദിയില്‍ മുക്കിക്കളയണ മെന്നുള്ള ശിക്ഷ വിധിച്ചു. മേലില്‍ കീര്‍ത്തനങ്ങള്‍ എഴുതിപ്പോകരുതെന്നും ശാസിച്ചു. അതനുസരിച്ച് തുക്കാറാം താന്‍ എഴുതിയ വൈഷ്ണവ ഭക്തികാവ്യ രചനകള്‍ മുഴുവന്‍ നദിയിലെ വെള്ളത്തില്‍ മുക്കി നശിപ്പിക്കുന്നു. പ്രതിഷേധസമരമെന്നതുപോലെ, പതിമൂന്ന് ദിവസത്തേളം തുക്കാറാമും കുടുംബവും നദിക്കരയില്‍ പട്ടിണി കിടന്നു! പാണ്ഡുരംഗയുടെ ശക്തിയാല്‍ (സിനിമയിലെ ആവിഷ്‌കാരമനുസരിച്ച്) അവയെല്ലാം കേടുപാടുകള്‍ കൂടാതെ നദിയില്‍ നിന്നും പൊന്തിവന്ന് വീണ്ടും തുക്കാറാമിന്റെ അടുത്ത് സ്ഥാപിതമാകുന്നു. 

രാമേശ്വര്‍ ശാസ്ത്രികള്‍ക്ക് കടുത്ത ദീനം പിടിപെടുന്നു. അതില്‍ നിന്നു മുക്തിനേടുന്ന തിനായി ശാസ്ത്രികള്‍ തുക്കറാമിന്റെ അടുത്തുവന്ന് മാപ്പിരക്കുന്നു. അതിനുശേഷം ശാസ്ത്രികള്‍ തുക്കാറാമിന്റെ അനുയായിയായി മാറുന്നു. സലോമാലോ ഇതുകൊണ്ടൊന്നും അടങ്ങുന്ന മട്ടുകാരനല്ലായിരുന്നു. അയാള്‍ ഛത്രപതി ശിവജിയുടെ അടുക്കലെത്തി തുക്കാറാമിനെക്കുറിച്ച് അപകീര്‍ത്തികരമായി സംസാരിക്കുന്നു. തുക്കാറാമിനെ പരീക്ഷിക്കാന്‍ തന്നെ ഛത്രപതി ശിവജി തീരുമാനിക്കുന്നു. ഛത്രപതി വെച്ചുനീട്ടുന്ന ഭൗതിക സ്ഥാനമാനങ്ങളും സുഖഭോഗവസ്തുക്കളും തുക്കാറാം നിരസിക്കുന്നു. തുക്കാറാമിന്റെ ആത്മീയജീവിതത്തില്‍ മതിപ്പുവരുന്ന ഛത്രപതി പിന്നീട് സാലോമാലോ പറഞ്ഞതൊന്നും ചെവിക്കൊണ്ടില്ല. ദുഷ്ടബുദ്ധിയായ സലോമാലോ അതോടെ ഛത്രപതി ശിവജിയേയും ശ്ത്രുവായി കാണുന്നു. മുഗള്‍ സൈന്യം ദേഹുവിലെത്തിയപ്പോള്‍ സാലോമാലു അവരെ ഛത്രപതി ശിവജിക്കെതിരേ തിരിച്ചുവിടാന്‍ അവരുമായി സഖ്യം ചെയ്യുന്നു! 

തുക്കാറാം തന്റെ ഭക്തിഗാനരചനകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോള്‍ പാണ്ഡുരംഗഭഗവാന്‍ അവയെല്ലാം സ്വര്‍ഗത്തിലേക്ക് എടുത്തുകൊണ്ടുപോകുന്നു. ഉടലോടെതന്നെ സ്വര്‍ഗത്തിലേക്ക് പ്രവേശിക്കുവാന്‍ തുക്കാറാമിന് അനുവാദം നല്കുകയും ചെയ്യുന്നു. ആവലിയെ കൂടെവരാന്‍ ക്ഷണിച്ചുവെങ്കിലും, രണ്ടു മക്കളുടെ സംരക്ഷണത്തെ കരുതി അവള്‍ ഭൂമിയില്‍ത്തന്നെ കഴിഞ്ഞുകൂടുന്നു!

ബ്രാഹ്മണിത്ത ധാര്‍ഷ്ട്യങ്ങളെ അങ്ങേയറ്റം ചോദ്യം ചെയ്യുന്നുണ്ട് സന്ത് തുക്കാറാം. തുക്കറാമിന്റെ വിദ്യാഭ്യാസവും ഭക്തിഗാനരചനയും ആദ്യമേതന്നെ ശൂദ്രര്‍ക്ക് വിദ്യാധികാരമില്ലെന്ന ബ്രാഹ്മണിക്കല്‍ ശാസനകളെ തകര്‍ത്തെറിയുന്നുണ്ട്. പാണ്ഡുരംഗ എന്നുവിളിക്കുന്ന മൂര്‍ത്തീവിഗ്രഹം കറുത്ത നിറത്തിലാണ് രൂപപ്പെടു ത്തിയിരിക്കുന്നത്. പാണ്ഡുരംഗ എന്ന പേരിന് അര്‍ത്ഥം വെളുത്ത നിറമുള്ളത് എന്നാണല്ലോ. ഈ 'കരിമോന്തയെ' ഞാനിന്നു കാണിച്ചുതരാം എന്നു പറഞ്ഞ് ആവലി ആ വിഗ്രഹത്തെ പുച്ഛിക്കുന്നുമുണ്ട്. അവളാകട്ടെ അംഗവൈകല്യമുള്ള തന്റെ കുട്ടിയെ വിഗ്രഹത്തിന്റെ മുന്നിലേക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്യുന്നുണ്ട്. ( പാണ്ഡുരംഗയുടെ അനുഗ്രഹത്താല്‍ കുട്ടിയുടെ ദീനം ഭേദമാകുന്നുണ്ട്) ദീനം ഭേദമാക്കിയതിനുള്ള നന്ദിപ്രകടനമായിട്ടാണെങ്കിലും ബ്രാഹ്മണനെക്കൊണ്ട് ശൂദ്രന്റെ പാദാരവിന്ദങ്ങളെ വന്ദിപ്പിക്കുന്നുണ്ട്. ബ്രാഹ്മണന്‍ ശൂദ്രന്റെ ശിഷ്യനായി മാറുന്നു! ഇവിടെ വര്‍ണവ്യവ സ്ഥയുടെ നഗ്നമായ നിഷേധമാണ് കാണുന്നത്. ഇതിനൊക്കെ പുറമേയാണ് ബ്രാഹ്മണര്‍ മുഗളരുമായി സഖ്യം ചെയ്യുന്നത്. ബ്രാഹ്മണിത്ത ശാസനകള്‍ക്ക് വിരുദ്ധമായ ഏര്‍പ്പാടാണ് ഇത്. കാര്യംകാണാന്‍ ആരുമായും സഖ്യമാകാമെന്ന വിചാരം ബ്രാഹ്മണരിലും ശക്തമായി നിലനില്ക്കുന്നു. 

എന്നാല്‍ ഭക്തിപ്രസ്ഥാനം തുടങ്ങിവെച്ച വിപ്ലവത്തിന് തുടര്‍ച്ച കിട്ടാതിരുന്നത് എന്തുകൊണ്ട്? അത് ബ്രാഹ്മണമേധാവിത്വത്തിന് അറുതിയാകാതിരുന്നത് എന്തുകൊണ്ട്? ഈ പ്രശ്‌നങ്ങള്‍ക്ക് യുക്തമായ ഉത്തരം ഡോ. ബി ആര്‍ അംബേഡ്കര്‍ നല്കുന്നുണ്ട്. സന്ത് ചൊക്കമേളക്ക് ഉചിതമായ ഒരു സ്മാരകം വേണമെന്ന ആഗ്രഹം അനുയായികളുടെ ഇടയില്‍ നിന്നും പൊന്തിവന്നപ്പോള്‍ ഡോ. അംബേഡ്കര്‍ ഇങ്ങനെ പറഞ്ഞു : 'ഞാന്‍ ഒരു വിഗ്രഹാരാധകന്‍ അല്ല; ഉപയുക്തതാവാദിയാണ്. അതിനാല്‍ സന്യാസകവിയായ ചൊക്കമേളക്ക് സ്മാരകം പണിയുന്നതിനേക്കാള്‍ ഉചിതമായത് ആ മഹാത്മാവില്‍ പൂര്‍ണമായ മനസ്സും ശരീരവും അര്‍പ്പിച്ച് അസ്പൃശ്യത ഉന്മൂലനം ചെയ്യാന്‍ വേണ്ടി ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുക എന്നതത്രെ.

മഹാരാഷ്ട്രയിലെ ഭാഗവതധര്‍മമാര്‍ഗികളായ സന്യാസകവികള്‍ (1300 - 1600) ഒരു ജാതിക്ക് മറ്റുജാതികള്‍ക്കു മേല്‍ക്കോയ്മ സ്ഥാപിക്കാനുതകുന്ന ഈ സാമൂഹ്യ അസമത്വത്തിനും അനീതിക്കും വേണ്ടി നിലനിന്നിരുന്ന ജാതിവ്യവസ്ഥക്കെതിരെ പ്രത്യക്ഷത്തില്‍ പ്രചാരണം നടത്തിയിരുന്നവരല്ല; വ്യക്തികള്‍ എന്ന നിലക്ക് ബ്രാഹ്മണരും ശൂദ്രരും തമ്മില്‍ സമത്വം വേണം എന്നല്ല അവര്‍ വാദിച്ചത്; ബ്രാഹ്മണ ശൂദ്രവിഭാഗങ്ങളിലെ ഈശ്വരഭക്തര്‍ തമ്മില്‍ സമത്വം വേണമെന്നാണ്. ഈ പോരാട്ടത്തില്‍ ഭക്തകവികള്‍ വിജയിച്ചു. ജാത്യാതീതമായി ഭക്തര്‍ തമ്മിലുള്ള സമത്വത്തെ ബ്രാഹ്മണര്‍ക്കും അംഗീകരിക്കേണ്ടിവന്നു. ജാതി ഉന്മൂലനം ചെയ്യുന്ന കാര്യത്തില്‍ ഈ സന്യാസകവികളുടെ പോരാട്ടത്തിന് സമൂഹത്തിനുമേല്‍ യാതൊരു പ്രത്യാഘാതവും ഉണ്ടാക്കാനായില്ല. മനുഷ്യന്റെ മൂല്യം സ്വയം സിദ്ധമാണ്, സ്വയം സ്പഷ്ടമാണ്; ഭക്തിയുടെ പകിട്ടുകൊല്ല അവന് മൂല്യം കൈവരുന്നത്. ഈ വസ്തുത സ്ഥാപിക്കാനായി സന്യാസകവികള്‍ ഒന്നും ചെയ്തില്ല. മറിച്ച്, അവരുടെ പോരാട്ടം അധഃകൃതവര്‍ഗക്കാര്‍ക്ക് വലിയ വിനയാവുകയാണ് ചെയ്തത്. ചൊക്കമേളയുടെ പദവി കൈവരിക്കാനായാല്‍ ആദരിക്കാം എന്ന വാദം ഉന്നയിച്ച് അവരെ നിശബ്ദരാക്കാന്‍ ബ്രാഹ്മണര്‍ക്ക് അവസരം സൃഷ്ടിച്ചു എന്നത് മാത്രമാണ് സന്യാസകവിള്‍ തങ്ങളുടെ പോരാട്ടത്തിലൂടെ ചെയ്തത്. വിവിധ ഭക്തിപ്രസ്ഥനങ്ങള്‍ക്കിടയില്‍ത്തന്നെ വലിയ ജാതിക്കുശുമ്പുകള്‍ നിലനില്ക്കുന്നുണ്ട്. അതുകൊണ്ട് അവരൊക്കെ സമത്വം, നീതി, മാനവികത എന്ന സന്ദേശത്തിനുനേരെ കണ്ണടക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, അവിശ്വസനീയമായ അത്ഭുതപ്രവൃത്തികളെ പര്‍വതീകരിച്ചു കാണിക്കുകയാണ് അവര്‍.' (സമ്പൂര്‍ണകൃതികള്‍. വാല്യം. 37. പേജ് 6,7) ഭക്തിപ്രസ്ഥാനം ഒരു വിപ്ലവമാകാതെപോയതിനുള്ള കാരണമെന്തെന്നുള്ള ചോദ്യത്തിന് ഇതില്‍ പരം ഒരു വിശദീകരണം ലഭിക്കാനില്ല.

പാത്രാവതാരകരുടെ അഭിനയമികവാണ് സിനിമയിലെ ഏറ്റവും മുന്‍ഗണനാര്‍ഹമായ സവിശേഷത. വിഷ്ണുപന്ത് പാഗിന്‍സ് എന്ന നടനാണ് തുക്കാറാമിനെ അവതരിപ്പിക്കു ന്നത്. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ അവലിയെ ഗൗരി എന്ന നടിയും അവതരിപ്പിക്കുന്നു. സാലോമാലോയായി ശ്രീ ഭഗവന്തും വേഷമിടുന്നു. സന്ത് തുക്കാറാമിന്റെ ജീവിതത്തെ ആധാരമാക്കി കഥ തയാറാക്കിയത് ശിവ്‌റാം വശീല്‍ക്കറാണ്. മായാജാലക്കാഴ്ചകളുടെ ധാരാളിത്തമാണ് സിനിമയുടെ ഒരേയൊരു ന്യൂനതയായി പറയാവുന്നത്. തുക്കാറാമും ഛത്രപതി ശിവജിയും ചരിത്രപുരുഷന്മാരാ ണല്ലോ; മുഗള്‍ ഭരണം ചരിത്രവസ്തുതയും. കഥാരചനയില്‍ ശിവ്‌റാം വശീല്‍ക്കര്‍ കൂടുതല്‍ അവധാനത ദീക്ഷിക്കേണ്ടതുണ്ടായിരുന്നു. ഛായാഗ്രഹണം എ അവധൂവും സംഗീതസംവിധാനം കേശവറാവു ഭോലെയും നിര്‍വഹിച്ചു. തുക്കാറാം രചിച്ച അതേ കീര്‍ത്തനങ്ങള്‍ തന്നെയാണ് സിനിമയിലും ആലപിച്ചിട്ടുള്ളത്. പുറമേയുള്ള ഒരു ഗാനം ശാന്താറാം അതവാലെ എഴുതിയതാണ്.2018, ജനുവരി 29, തിങ്കളാഴ്‌ച

നോക്കുകുത്തി: മാനവികതയുടെ ദാര്‍ശനിക ഭൂപടം


ഛായാഗ്രാഹകന്‍ എന്ന നിലയില്‍ പ്രസിദ്ധനായ മങ്കട രവിവര്‍മ 1983 ല്‍ സംവിധാനം ചെയ്തുപുറത്തിറക്കിയ തന്റെ ആദ്യ സിനിമയാണ് 'നോക്കുകുത്തി'. പ്രമുഖ മാനവികചിന്താഗതിക്കാരനായിരുന്ന എം ഗോവിന്ദന്റെ ഇതേപേരിലുള്ള ഒരു കഥാകാവ്യമാണ് സിനിമക്കാധാരം. ജാതിവ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അതിമാരകവും പിന്തിരിപ്പനുമായ ആന്തരികവൈരുധ്യങ്ങളെ ചോദ്യം ചെയ്യുന്ന ഈ കൃതി ഒരു സംഭവകഥയില്‍ നിന്നും വികാസംകൊണ്ടിട്ടുള്ളതാണ്. ധൈഷണികലോ കത്ത് അന്ന് ജീവിച്ചിരുന്ന പ്രമുഖരായ കലാകാരന്മാര്‍ തങ്ങളുടെ സംഭാവനകള്‍കൊണ്ട് സമ്പന്നമാക്കിയ മഹത്തായ ഒരു സംരംഭം കൂടിയായിരുന്നു നോക്കുകുത്തി എന്ന സിനിമ. ശ്രദ്ധേയനായ കവി കടമ്മനിട്ട രാമകൃഷ്ണന്‍ സ്വന്തം ശബ്ദത്തില്‍ സംഭാഷം ആലപിച്ചുകൊണ്ട് മുരുകയ്യന്‍ എന്ന പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ച നോക്കുകുത്തിയുടെ കലാസംവിധാനം നിര്‍വഹിച്ചത് ചിത്രകാരനും ഗ്രന്ഥകാരനുമായിരുന്ന എം വി ദേവനാണ്. സ്വയം ഛായാഗ്രഹണം നിര്‍വഹിച്ചു കൊണ്ട് സംവിധാനം ചെയ്ത മങ്കടരവിവര്‍മയുടെ നോക്കുകുത്തി എന്ന ഈ സിനിമ മലയാളത്തിലെ ഏക കാവ്യഭാഷണ സിനിമയാണ്. എം ഗോവിന്ദന്‍ എഴുതിയ യഥാര്‍ത്ഥ വരികള്‍ തന്നെയാണ് ഉടനീളം ആലപിച്ചിട്ടുള്ളതും. പി പി കുഞ്ഞഹമ്മദാണ് സിനിമയുടെ നിര്‍മാതാവ്.

പട്ടാമ്പിപ്പുഴക്കരുകില്‍ ഉയരത്തില്‍ നാട്ടിനിര്‍ത്തിയ ഒരു മരക്കമ്പിനുമുകളില്‍ കാണപ്പെട്ട ഒരു തലയോട്ടിയുടെ കാഴ്ച എം ഗോവിന്ദനിലുളവാക്കിയ പ്രത്യാഘാത ങ്ങളാണ് നോക്കുകുത്തിയുടെ രചനക്കുള്ള മൂലകാരണം. 1972 ല്‍ പുസ്തകരൂപത്തില്‍ പുറത്തുവരുന്നതുവരെ തന്റെ സ്വന്തം തലയോടിനുള്ളില്‍ നോക്കുകുത്തിയായ തലയോട്ടികൂടി സംവഹിക്കേണ്ടിവന്നനാളുകളില്‍ താന്‍ അനുഭവിച്ച ആത്മസംഘര്‍ഷം എത്രമാത്രം കഠിനതരമായിരുന്നുവെന്ന് കവി പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

പ്രേമമെന്നാല്‍ പേക്കൂത്ത് എന്നൊരു നോരുള്ള (ചൊല്ല്) കാലത്ത് ഒരു പ്രണയിനി നേരിട്ട ദുരന്തകഥയാണ് തലയോടിന് പറയാനുള്ളത്. ആ ദുരന്തകഥയിലെ നായകന്‍ ഇല്ലത്തെ വിപ്രനായ അക്കിരാമന്‍ എന്ന ഇരുപത്തിനാലുകാരനാണ്. നായിക ശൂദ്രസ്ത്രീയായ ചിരുതേവി എന്ന അടിച്ചുതളിക്കാരിയും. ഇവരുടെ പ്രണയത്തെ കൊടിയ ദുരന്തമാക്കിത്തീര്‍ത്ത വില്ലന്‍ കഥാപാത്രം ജാതിവ്യവസ്ഥയാണ്. 

ഇന്ത്യയിലെ സാമൂഹ്യ വിഭജനരേഖ കടന്നുപോകുന്നത് അവര്‍ണര്‍, സവര്‍ണര്‍ എന്നിവര്‍ക്കിടയിലൂടെയാണ്. സവര്‍ണജാതികള്‍ക്കുള്ളില്‍ മറ്റൊരു വിഭജനരേഖ യുണ്ട്. അത് ദ്വിജന്മാരുടേയും ശൂദ്രരുടേയും മധ്യേകൂടിയാണ് കടന്നുപോകുന്നത്. ദ്വിജന്മാര്‍ എന്നാല്‍ രണ്ട് ജന്മം ഉള്ള സവര്‍ണ സമുദായങ്ങളാണ്. ബ്രാഹ്മണര്‍ ക്ഷത്രിയര്‍, വൈശ്യര്‍ എന്നിവരാണ് ദ്വിജന്മാര്‍. ഇവര്‍ക്ക് മാത്രമേ വിദ്യാധികാരമുള്ളൂ. ഇവരുടെ ആദ്യത്തെ ജന്മം ഗര്‍ഭപാത്രത്തില്‍ നിന്നും രണ്ടാമെത്തെ ജന്മം വിദ്യാരംഭത്തിലൂടെയും ലഭിക്കുന്നു. ശൂര്‍ദ്രര്‍ക്ക് വിദ്യാധികാരമില്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് രണ്ടാമത്തെ ജന്മം അവകാശപ്പെടാനുമാവില്ല. അവര്‍ക്ക് വിധിച്ചിട്ടുള്ള ഏക കര്‍മം ഫലേച്ഛകൂടാതെ ദ്വിജന്മാരെ സേവിക്കുക എന്നുള്ളതാണ്. ശൂദ്രജാതിയില്‍ പെടുന്നവര്‍ വിദ്യാഭ്യാസം നേടാന്‍ ശ്രിമിച്ചാല്‍ ദ്വിജന്മാരില്‍ നിന്നും അവര്‍ക്ക് ജീവഹാനി ഉള്‍പ്പെടെ കൊടിയശിക്ഷകള്‍ തന്നെ ലഭിക്കുന്നു. 

സവര്‍ണരെ സംബന്ധിച്ചിടത്തോളം അവര്‍ണര്‍ അസ്പൃശ്യരാണ്. അവരുടെ ഇടയില്‍ ഇത്തരം ഒരു വിഭജനം ഇല്ല. എന്നാല്‍ അവര്‍ ശൂദ്രരെപ്പോലെതന്നെ വിദ്യാധികാരം തുടങ്ങിയ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുമാണ്. 

പ്രണയം ഒരു മനുഷ്യാവകാശപ്രശ്‌നമാണ്. ഹൃദയങ്ങളെ തമ്മില്‍ അടുപ്പിക്കുകഎന്ന പ്രക്രിയയാണ് പ്രണയം നിര്‍വഹിക്കുന്നത്. പ്രണയത്തെ നിഷേധിക്കുന്നത് തീര്‍ത്തും ജനാധിപത്യവിരുദ്ധമായ കീഴ്വഴക്കമാണ്. ത്രൈവര്‍ണികര്‍ നിര്‍മിച്ചിട്ടുള്ള ശാസനകള്‍ പ്രകാരം പ്രണയം നിഷിദ്ധമാണ്. അപ്പോള്‍പ്പിന്നെ ബ്രാഹ്മണയുവാവ് അടിച്ചുതളിക്കാരിയായ ശൂദ്ര സ്ത്രീയെ പ്രണയിച്ചാലോ? അക്കിരാമനും ചിരുതേയുയും തമ്മിലുള്ള പ്രണയവൃത്താന്തം പ്രാമാണികരായ ബ്രാഹ്മണരുടെ മുമ്പാകെ അറിവായപ്പോള്‍ ഭൂകമ്പം അതിന്റെ പരമകാഷ്ഠയില്‍ത്തന്നെ സംഭവിക്കുന്നു. അക്കിരാമനോട് തെറ്റുതിരുത്തണമെന്ന ഒരുഗ്രശാസന ബ്രാഹ്മണസഭയില്‍ നിന്നുമുണ്ടായി. വിടനല്ല, വീരനല്ല, വിഢിയുമല്ലക്കിരാമന്‍. വിപ്രനായാല്‍ പ്രേമെന്ന സിദ്ധിയെന്താ പാടില്ലേ? എന്നൊരു ചോദ്യം അക്കിരാമന്‍ ഉന്നയിച്ചുവെങ്കിലും ബ്രഹ്മണരുടെ ഉന്നതാധികാരസഭ അതിനുള്ള മറുപടി നല്കിയത് പക്ഷെ, ചിരുതേയിയെ കൊലചെയ്തുകൊണ്ടായിരുന്നു.

തമ്മിലാലോചിച്ച് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതുപ്രകാരം, വിവാഹിതരാകാന്‍ കാവിലെത്തിയ അക്കിരാമന്‍, തേവി പ്രതിഷ്ഠക്കുമുന്നില്‍ ശിരസ് വേര്‍പെട്ട ചിരുതേയിയുടെ ചലനമറ്റ ഉടലാണ് കണ്ടത്. പട്ടില്‍ പൊതിഞ്ഞെടുത്ത ചിരുതേയിയുടെ ശിരസുമായി ഇല്ലത്ത് തിരിച്ചെത്തി തട്ടില്‍ പുറത്ത് കയറിക്കൂടിയ ആ ബ്രാഹ്മണയുവാവ് പിന്നീടൊരിക്കലും അക്കിരാമനിലേക്ക് തിരിച്ചുവന്നില്ല. ഭ്രാന്തമായ മറ്റൊരു ലോകത്തുചെന്ന് അയാള്‍ എന്നെന്നേക്കുമായി വാസമുറപ്പിച്ചു. ആ ലോകത്ത്, ആ ഭ്രാന്തന്‍ ചങ്ങലപ്പൂട്ടില്‍ ബന്ധനസ്ഥനായിക്കിടന്നു. പ്രിയതമ എപ്പോഴും അവന്റെ മടയില്‍ത്തന്നെയുണ്ടായിരുന്നു. ചിരുതേയിയുടെ തലയോട്ടിയല്ലാതെ മറ്റൊന്നുമായിരുന്നില്ല അത്. ചിരുതേയി, ചിരുതേയി എന്നു ജപിച്ച് ആ ഭ്രാന്തന്‍ എപ്പോഴും തന്റെ പ്രിയതമയെ പ്രണയിച്ചുകൊണ്ടിരുന്നു. 

ഈ ഘട്ടം വരെ സവര്‍ണരിലെ ത്രൈവര്‍ണിക - ശൂദ്ര സാമൂഹ്യവിഭജനരേഖയിലെ മാനവികവിരുദ്ധതയെയാണ് എം ഗോവിന്ദന്‍ വിമര്‍ശനവിധേയമാക്കുന്നത്. രണ്ടാം ഘട്ടത്തില്‍, പ്രമുഖമായ സവര്‍ണ - അവര്‍ണ വിഭജനരേഖയുടെ അര്‍ത്ഥരാഹിത്യ ത്തെ ചോദ്യം ചെയ്യുന്നു. 

സമനില തെറ്റിയ അക്കിരാമന് കരപ്രമാണിമാരായ നമ്പൂതിരി - ബ്രാഹ്മണര്‍ ചേര്‍ന്ന് വേളി ആലോചിക്കുന്നു. ഇതറിഞ്ഞ് ചങ്ങലപൊട്ടിച്ച് ഇല്ലത്തിന് പുറത്തേക്കോടുന്ന രാമന്‍, പറയരുടെ ഊരിലെത്തി ഒരുകൂരയില്‍ ചിരുതേയിയുടെ തലയോട്ടി സ്ഥാപിക്കുന്നു. നാളെ ചിരുതേയിപ്പെങ്ങളുടെ വേളിയാണ്; മുറയനുസരിച്ച്, പറയര്‍ക്ക് വേളിയില്‍ പങ്കുകൊള്ളുവാന്‍ അര്‍ഹതയുണ്ടെന്ന് 'പറയിപെറ്റ പന്തിരുകുലം' ഐതിഹ്യകഥയെ അനുസ്മരിപ്പിക്കുമാറ് ഒരു അഭ്യര്‍ത്ഥന (ക്ഷണിക്കല്‍) നടത്തുന്നു. പ്രണയിനിയായ ചിരുതേയി ഇവിടെ പെങ്ങളായി മാറുന്നു. അക്കിരാമന്‍, ഇല്ലക്കാര്‍ ഏര്‍പ്പെടുത്തുന്ന വേളിക്ക് തയാറാകുന്നതിനുവേണ്ടിയാണ് ചിരുതേയിയെ പെങ്ങളാക്കിയതെന്ന് തോന്നിക്കുമെങ്കിലും, പറയക്കുടിയില്‍ നിന്നും തിരിച്ചോടുന്ന അക്കിരാമന്‍ ഇല്ലത്തെത്തിച്ചേര്‍ന്ന്, ചങ്ങലക്കെട്ടാല്‍ തലക്കടിച്ച്, നിണംവാര്‍ന്ന് ദേഹമാകെപ്പടര്‍ന്ന് മരണത്തെ പുല്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്! 

അക്കിരാമന്‍ ആത്മഹത്യ ചെയ്തതറിഞ്ഞ് ഇല്ലത്തെത്തിയ പറയന്‍, എരിയുന്ന ചിതയിലിട്ട് ചിരുതേയിയുടെ തലയോട്ടിയും ദഹിപ്പിക്കണമെന്ന് നമ്പൂതിരിമാരോട് അഭ്യര്‍ത്ഥിക്കുന്നു. ഈ ലോകത്ത് ഒരുമിക്കാന്‍ കഴിയാത്തവര്‍ അങ്ങേലോകത്തെങ്കിലും ഒരുമിക്കട്ടെ എന്ന് ആ പറയന്‍ ഒരു നിര്‍ദ്ദേശം മുമ്പോട്ടുവെക്കുന്നുണ്ടെങ്കിലും, 'ചമതയും പൂണൂലും അന്തണന്, ചത്തതും പുഴുത്തതും പറയന്! പുലയാടിപ്പെണ്ണിന്റെ തലയോട് പുഴവക്കിലൊഴുകിക്കിടന്നോട്ടെ' എന്നു പുലമ്പി നമ്പൂതിരിമാര്‍ ആട്ടിയകറ്റുന്നു. പോകുന്നതിന് മുമ്പ് 'മനുജരായി പിറവികൊണ്ടോര്‍ സഹജരെന്നേ പറയവേദം' എന്ന് ബോധ്യപ്പെടുത്താനും ആ പറയന്‍ മടിക്കുന്നില്ല.

വര്‍ഷകാലം തിമിര്‍ത്തുപെയ്ത മഴയില്‍ പുഴയും വയലും പെരുവെള്ളത്തില്‍ മുങ്ങി. വെള്ളമിറങ്ങിയപ്പോള്‍ മണല്‍മൂടിക്കിടന്നിരുന്ന ഒരു തലയോട്ടി വയലരികില്‍ തെളിഞ്ഞുകമണ്ടു. അതെടുത്ത് വള്ളുവപ്പുലയനാണ്, പട്ടാമ്പിപ്പുഴക്കരികിലെ വള്ളോലിക്കണ്ടത്തിലെ വിളവിന് കണ്ണേറുതട്ടാതിരിക്കാന്‍ നോക്കുകുത്തിയായി നാട്ടിയത്.

മനുഷ്യരായി ജനിച്ചവരെല്ലാം സഹോദരീസഹോദരന്മാരാണ് എന്നതത്രെ പറയരുടെ 'വേദവിജ്ഞാനീയം' എന്ന് എം ഗോവിന്ദന്‍ പ്രഖ്യാപിക്കുന്നു. ജാതിവ്യവസ്ഥ ഈ സാഹോദര്യത്തെ വെട്ടിമുറിക്കുകയാണ് ചെയ്യുന്നത്. ഇല്ലത്തുനിന്നും ഓടുന്ന ബ്രാഹ്മണയുവാവ്, പറയ ഊരിലെത്തി അവരെ വിവാഹത്തിന് ക്ഷണിക്കുമ്പോള്‍ വാസ്തവത്തില്‍, പൊളിച്ചടക്കപ്പെടുന്നത് ജാതിവ്യവസ്ഥ തീര്‍ത്ത മതിലുകളാണ്. ഭഞ്ജകനായ അക്കിരാമനില്‍ ബ്രാഹ്മണ്യം അപ്പോള്‍ ലവലേശം പോലും ഉണ്ടായിരുന്നില്ല - മനുഷ്യന്‍ മാത്രം. അതുകൊണ്ടാണ് ബ്രാഹ്മണ - പറയ വിഭജനം മിഥ്യയാണെന്ന് പ്രഖ്യാപിക്കുന്നത്. 

അടൂര്‍ ഗോപാലകൃഷ്ണന്റെ 'നിഴല്‍ക്കുത്ത്'വരെയുള്ള എല്ലാ സിനിമകളുടേയും ഛായാഗ്രഹണം നിര്‍വഹിച്ചത് മങ്കട രവിവര്‍മയാണ്. നോക്കുകുത്തി കൂടാതെ, 1989 ല്‍ കുഞ്ഞിക്കൂനന്‍ എന്നൊരു സിനിമകൂടി മാത്രമേ സംവിധാനം ചയ്തതായിട്ടുള്ളൂ. 1970 മുതല്‍ 2002 വരെ വിവിധവര്‍ഷങ്ങളില്‍ ഏഴ് തവണ ഛായാഗ്രഹണത്തിന് സ്‌റ്റേറ്റ് അവാര്‍ഡ് ലഭിച്ചു. 1986 ല്‍ 'ചിത്രം ചലച്ചിത്രം' എന്ന ചലച്ചിത്ര പഠനഗ്രന്ഥത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 2005 ല്‍ ജെ സി ഡാനിയേല്‍ പുരസ്‌കാരവും ലഭിച്ചു. 1926 ജൂണ്‍ 4 ന് മലപ്പുറം ജില്ലയിലെ മങ്കടയില്‍ ജനിച്ച രവി വര്‍മ 2010 നവംബര്‍ 22 ന് അന്തരിച്ചു.

image courtesy: malayalasangeetham.info2018, ജനുവരി 26, വെള്ളിയാഴ്‌ച

മിസ്സിസ് ആന്റ് മിസ്റ്റര്‍ അയ്യര്‍: മതസ്പര്‍ദ്ധയുടെ ഉന്മൂലനകാരിണി, പ്രണയം


പ്രസിദ്ധ ബംഗാളി സംവിധായിക അപര്‍ണ സെന്‍ ഇംഗ്ലീഷ് ഭാഷയിലെടുത്ത ഇന്ത്യന്‍ സിനിമയാണ് 'മിസ്സിസ് ആന്റ് മിസ്റ്റര്‍ അയ്യര്‍'. 2002 ജൂലൈ 19 ന് സ്റ്റാര്‍ ടിവിയിലൂടെ ലോകമെമ്പാടുമുള്ള പ്രേക്കരിലേക്ക് സംപ്രേക്ഷണം ചെയ്തുകൊണ്ടാണ് ഈ സനിമ റിലീസ് ചെയ്തത്. എന്‍ വെങ്കടേശനും രൂപാലി സോത്തയും ചേര്‍ന്ന് നിര്‍മിച്ച സിനിമയുടെ ഛായാഗ്രഹണം പ്രസിദ്ധ സംവിധായകന്‍കൂടിയായ ഗൗതം ഘോഷ് നേരിട്ട് നിര്‍വഹിച്ചു എന്നതും, തബലവാദ്യത്തിന്റെ ലോകൈകേതിഹാസമായ സക്കീര്‍ ഹുസൈന്‍ പശ്ചാത്തല സംഗീതസംവിധാനം നിര്‍വഹിച്ചു എന്നതും 'മിസ്സിസ് ആന്റ് മിസ്റ്റര്‍ അയ്യര്‍' സൃഷ്ടിയുടെ സവിശേഷതകളില്‍ തിളക്കമുറ്റ ഘടകങ്ങളാണ്.

സിനിമയിലെ മുഖ്യ വിഷയം പ്രണയമാണ്. എന്നുവെച്ചാല്‍ നായികാ നായകന്മാരുടെ പ്രണയവൃത്താന്തമല്ല, പ്രണയം എന്ന അനിര്‍വചനീയതയെയാണ് വിശകലനവിധേ യമാക്കാന്‍ ശ്രമിക്കുന്നത്. പ്രണയമെന്ന പ്രതിഭാസം ജാതിമത - സാമ്പത്തിക, പ്രാദേശിക - വര്‍ഗ, വംശ വ്യതിരിക്തതകളെ ഉല്ലംഘിച്ചുകൊണ്ട് വ്യക്തികള്‍ക്കിടയില്‍ പ്രസരിക്കുന്നു. രക്തബന്ധമോ സാമൂഹിക പദവികളിലെ ഉച്ചനീചത്വങ്ങളോ അതിന് പ്രതിബന്ധമാകുന്നില്ല. കവികലാകാരന്മാരും ശാസ്ത്രജ്ഞന്മാരും അതിന് നിര്‍വചനങ്ങള്‍ കൊടുത്തിട്ടുണ്ട്. പല മതസ്ഥാപനങ്ങളും അധികാര കേന്ദ്രങ്ങളും പ്രണയത്തിന് വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രണയത്തെ ഒരു വന്‍ദുരന്തമാക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് ഇത്തരം വിലക്കുകളാണ്. മനുഷ്യഹൃദയങ്ങള്‍ തമ്മിലടുക്കുന്നത് ഒരു വന്‍ പാതകമാണെന്ന വിലയിരുത്തല്‍ അധികാരസ്ഥാപനങ്ങളില്‍ നിന്ന് മുന്നോട്ടുവെക്കപ്പെട്ടതാണ് ലോകജനത നേരിടുന്ന തിരിച്ചടികളില്‍ പ്രമുഖം. ഇവയെല്ലാം സജീവത്തായി, ജാഗ്രതയോടെ നിലനില്‍ക്കു ന്നുണ്ടെങ്കിലും ആ വിലക്കുകളൊന്നും പ്രതിബന്ധമാകാതെ പ്രണയം സ്വയം സൃഷ്ടിച്ച വഴികളിലൂടെ ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് സ്വതന്ത്രസഞ്ചാരം നടത്തുന്നു! ഇവിടെ അപര്‍ണ സെന്‍ പ്രണയമെന്ന പ്രതിഭാസത്തെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നത് മതവൈരത്തിന്റെ സംഘര്‍ഷാത്മകഭൂമികയില്‍ നിന്നുമാണ്. 

കേരളത്തിലെ വയനാട്ടില്‍ നിന്നും കല്‍ക്കത്തക്ക് ഒരു യാത്രാബസ് പുറപ്പെടുക യാണ്. കല്‍ക്കത്തയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിന്റെ അടുത്ത് എത്തിച്ചേരു ന്നതിനായി, ഒരുവയസ് പ്രായമായ തന്റെ മകനുമായി മീനാക്ഷി അയ്യര്‍ എന്ന തരുണി ബസ് സ്‌റ്റേഷനില്‍ എത്തുന്നു. മീനാക്ഷിയെ യാത്രയാക്കുന്നതിനായി അച്ഛനും അമ്മയും കൂടെയുണ്ട്. അവിടെവെച്ച്, പ്രസിദ്ധ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ രാജാ ചൗധരിയെ മീനാക്ഷിയുടെ അച്ഛന്‍ തിരിച്ചറിയുന്നു. യാത്രയിലുടനീളം മീനാക്ഷിയെ സഹായിക്കണമെന്ന് അച്ഛന്‍ രാജാ ചൗധരിയോട് അഭ്യര്‍ത്ഥിക്കുന്നു. ചേതമില്ലാത്ത ഒരു ഉപകാരമായതിനാല്‍ ചൗധരി അങ്ങനെ ചെയ്തുകൊള്ളാമെന്ന് ഉറപ്പുകൊടുക്കുന്നു.

ബസ്സില്‍ യാത്രക്കാരായ മറ്റുള്ളവരില്‍, ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീപുരുഷന്മാരുണ്ട്, ഒരു പടുവദ്ധ ദമ്പതികളുണ്ട്. നവവധൂവരന്മാരോ എന്നു തോന്നിക്കുന്ന യുവമിധുനങ്ങളുണ്ട്, ബുദ്ധിവികസിക്കാത്ത ഒരു ബാലകനുമായി അവന്റെ മാതാവും യാത്രചെയ്യുന്നുണ്ട്. പിന്‍ സീറ്റിലായി മുതിര്‍ന്ന ആണുങ്ങള്‍ മാത്രം യാത്രക്കാരായുണ്ട്. ബസ്സിന്റെ മുന്‍സീറ്റുകളില്‍ കൗമാരപ്രായക്കാര്‍ ഏറെയുണ്ട്. ഇടക്കൊരു സീറ്റില്‍ ഒരു മധ്യവയസ്‌കക്കൊപ്പം മീനാക്ഷി അയ്യരും ഇടതുവശത്ത് രണ്ട് സീറ്റ് പിന്നിലായി ഒരു മധ്യവയസ്‌കനോടൊപ്പം രാജാ ചൗധരിയും ഇടംപിടിക്കുന്നു. 

യാത്രപുറപ്പെട്ടപ്പോള്‍ മുതല്‍ കൗമാരപ്രായക്കാര്‍ ആടിയും പാടിയും തിമിര്‍ക്കുന്നു. രാജാ ചൗധരിയാകട്ടെ, ഫോട്ടോഗ്രാഫി മാസിക മറിച്ചുനോക്കുന്നു. യുവമിധുനങ്ങള്‍ പുതപ്പുകൊണ്ടു മൂടി അവരുടെ സ്വകാര്യ ഇടം സൃഷ്ടിക്കുന്നു. ഏറ്റവും പിന്നിലായി ഇരുപ്പുറപ്പിച്ചിരുന്ന പുരുഷന്മാര്‍ അല്പനേരം ചീട്ടുകളിയില്‍ ഏര്‍പ്പെട്ട ശേഷം, മറ്റാര്‍ക്കും ശല്യമാകാതെസൂക്ഷിച്ച് കുറച്ചു മദ്യസേവയും നടത്തുന്നു. ശാഠ്യം പിടിച്ചുകരയുന്ന മീനാക്ഷിയുടെ കുട്ടിയെ സാന്ത്വനപ്പെടുത്തുന്നതിനായി ബേബി ഫുഡ് തയാറാക്കി നല്‍കുവാന്‍ മീനാക്ഷി, രാജ ചൗധരിയോട് അഭ്യര്‍ത്ഥിക്കുന്നു. രാജ ചൗധരി തന്റെ സീറ്റില്‍ നിന്നും എഴുന്നേറ്റുവന്ന്, ബേബി ഫുഡ് തയാറാക്കി നീട്ടുമ്പോള്‍ കുഞ്ഞിന്റെ കാല്‍തട്ടി അത് അടുത്തിരുന്ന സ്ത്രീയുടെ വസ്ത്രത്തില്‍ പുരളുന്നു. അവര്‍ ഉച്ചത്തില്‍ മുറുമുറുത്തുകൊണ്ട് സീറ്റ് മാറിയിരിക്കുന്നു. തത്സ്ഥാനത്ത് രാജ ചൗധരി ഇരിക്കുന്നു.

നേരം വെളുക്കാറായപ്പോള്‍ ബസ് പൊടുന്നനെ നിര്‍ത്തിയിടേണ്ടിവരുന്നു. യാത്രക്കാര്‍ പുറത്തിറങ്ങി നോക്കുമ്പോള്‍ മുന്നിലും പുറകിലുമായി വാഹനങ്ങള്‍ നിറഞ്ഞ് തങ്ങളുടെ ഗതിമുട്ടിയിരിക്കുകയാണ് എന്ന് മനസ്സിലാക്കുന്നു. ഒരു പൊലീസ് ജീപ്പ് അവരുടെ സമീപം വന്നെത്തുന്നു. ഇന്‍സ്‌പെക്ടര്‍ ഇറങ്ങിവന്ന്, യാത്രക്കാരെല്ലാവരും അവരവരുടെ വാഹനത്തില്‍ കയറണമെന്നും ആരും പുറത്തിറങ്ങറുതെന്നും ആജ്ഞാപിക്കുന്നു. സ്ഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏതോ ഒരു ഹിന്ദു ഒരു മുസ്ലീമിനാല്‍ കൊലചെയ്യപ്പെട്ടിരിക്കുന്നു. ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണത്. പ്രതികാരം ചെയ്യുന്നതിനായി ഹിന്ദു തീവ്രവാദികള്‍ മുസ്ലീങ്ങളെ വേട്ടയാടുകയാണ്... കര്‍ഫ്യൂ എന്ന് തീരുമെന്ന് പറയാനാവില്ല. കര്‍ശനമായ മുന്നറിയിപ്പ് ഒരിക്കല്‍ക്കൂടി നല്കിയ ശേഷം പൊലീസ് ഇന്‍സ്‌പെക്ടറും സംഘവും ജീപ്പില്‍ കയറി അവിടെ നിന്നും പോകുന്നു. 

നേര്‍ത്ത നീര്‍ച്ചാല് മധ്യത്തിലൂടെ ഒഴുകുന്ന ഒരു മൈതാനത്തിന്റെ ഓരമാണ് അവിടം. മറ്റ് യാത്രക്കാരോടൊപ്പം പുറത്തുനിന്ന മീനാക്ഷി കുഞ്ഞിനെ രാജാ ചൗധരിയെ ഏല്‍പ്പിച്ചശേഷം പ്രാധമിക ആവശ്യം നിര്‍വഹിക്കുന്നതിനായി നേര്‍ത്ത ഇരുട്ടിലൂടെ അകന്നുപോകുന്നു. രാജാ ചൗധരിക്കു സമീപത്തുകൂടി അപ്പോള്‍, മുസ്ലീമെന്നു തോന്നിക്കുന്ന ഒരാളെ, കത്തുന്ന പന്തങ്ങല്‍ കൈകളിലേന്തിയ കുറേപ്പേര്‍ ചേര്‍ന്ന് കൊല്ലാന്‍വേണ്ടിയെന്നോണം, പിന്തുടര്‍ന്ന് ഓടിക്കുന്നു. ഇത് കണ്ട് സംഭീതരാകുന്ന മറ്റ് യാത്രക്കാര്‍ വണ്ടിയില്‍ കയറുന്നു. മീനാക്ഷി തിരിച്ചെത്തിയപ്പോള്‍ ഭയചകിതനായ രാജാ ചൗധരി തന്നെ മരണത്തില്‍ നിന്നും രക്ഷിക്കണമെന്ന് മീനാക്ഷിയോട് അപേക്ഷിക്കുന്നു. ഇതുകേട്ട് ഒന്നും മനസ്സിലാക്കാതെ മീനാക്ഷി പകച്ചുനോക്കുമ്പോള്‍ രാജാ ചൗധരി, താനൊരു മുസ്ലീമാണെന്നും രാജാ എന്നത് തന്റെ മാറ്റപ്പേരാണെന്നും യഥാര്‍ത്ഥപേര് ജഹാംഗീര്‍ ചൗധരി എന്നാണെന്നും മീനാക്ഷിക്ക് വെളിപ്പെടുത്തുന്നു. ഇതറിയുന്ന മീനാക്ഷിയില്‍ ഒരു ഞെട്ടലുളവാകുന്നു. 'ഒരു ശത്രുവിനൊപ്പമാണോ ഞാന്‍ സഞ്ചരിക്കുന്നത്' എന്നു പറഞ്ഞ് അവള്‍ സ്വയം പഴിക്കുന്നു. അതിന് മുമ്പ് ജഹാംഗീര്‍ ചൗധരി ബസ്സിനുള്ളില്‍ കയറിയിരുന്നു. 

ബസ്സിനുള്ളി ജഹാംഗീര്‍ ചൗധരിയും മീനാക്ഷി അയ്യരും അടുത്തടുത്ത് ഇരിക്കുന്നു. രണ്ട് ഹിന്ദു തീവ്രവാദികള്‍ ബസ്സിനുള്ളിലേക്ക് കയറുന്നു. അവര്‍ വന്നപാടേ മുസ്ലീങ്ങള്‍ ആരൊക്കെയാണെന്ന് ചോദിക്കുന്നു. പുരുഷന്മാര്‍ അവരവരുടെ ഹിന്ദു പേരുകള്‍ പറയുന്നത് കേട്ടെങ്കിലും വിശ്വാസം വരാഞ്ഞ് തീവ്രവാദികള്‍ അവരുടെ വസ്ത്രം അഴിപ്പിച്ച് 'ലിംഗപരിശോധന' നടത്തുന്നു. സുന്നത്ത് ചെയ്തിട്ടില്ലെന്ന് ബോധ്യമാകു മ്പോള്‍ ഹിന്ദുവാണെന്ന് അവര്‍ ഉറപ്പിക്കുന്നു. ബ്രാഹ്മണരായ യാത്രക്കാരന്‍ പൂണൂല്‍ പുറത്തുകാണിച്ച് ഹിന്ദുവാണെന്ന് ബോധ്യപ്പെടുത്തുന്നു. സ്ത്രീകള്‍ കെട്ടുതാലി കാണിച്ചാണ് തങ്ങളുടെ ഹിന്ദുത്വം വെളിപ്പെടുത്തുന്നത്. ജഹാംഗീര്‍ ചൗധരി ഇരിക്കുന്ന സീറ്റിനടുത്ത് തീവ്രവാദികള്‍ എത്തിയപ്പോള്‍ മീനാക്ഷി അയ്യര്‍ 'മിസ്സിസ് ആന്റ് മിസ്റ്റര്‍ അയ്യര്‍' എന്ന് തങ്ങളെ പരിചയപ്പെടുത്തുന്നു. തീവ്രവാദികള്‍ അവരുടെ നേര്‍ക്ക് കൂടുതല്‍ പരിശോധനക്ക് മുതിര്‍ന്നില്ല.

തീവ്രവാദികള്‍ ബസ്സിനുള്ളിലൂടെ മുന്നോട്ടു നീങ്ങുമ്പോള്‍, ഏറ്റവും പുറകിലിരിക്കുന്ന പുരുഷന്മാരിലൊരാള്‍ എഴുന്നേറ്റ് മുന്‍ സീറ്റിലിരിക്കുന്ന പടുവൃദ്ധ ദമ്പതികളെ ചൂണ്ടി അവര്‍ രണ്ടുപേരും മുസ്ലീങ്ങളാണെന്ന് വിളിച്ചു പറയുന്നു. തീവ്രവാദികള്‍ പരിശോധന അവിടെവെച്ച് നിര്‍ത്തി, വൃദ്ധ ദമ്പതികളെ പുറത്തേക്ക് പിടിച്ചുകൊണ്ടുപോകാന്‍ ഒരുമ്പെടുന്നു. അവരെ തടയാന്‍ ചെല്ലുന്ന ഒരു പെണ്‍കുട്ടിയെ തീവ്രവാദികള്‍ അടിച്ച് താഴെയിടുന്നു. ഈ അതിക്രമം കണ്ട്, പ്രതികരിക്കാനായി എഴുന്നേറ്റുവെങ്കിലും ജഹാംഗീര്‍ ചൗധരിയെ മീനാക്ഷി അയ്യര്‍ പിന്നില്‍നിന്ന് വലിച്ച് സീറ്റിലിരുത്തുന്നു. തീവ്രവാദികള്‍ വൃദ്ധ ദമ്പതികളെ പിടിച്ചുവലിച്ച് ബസ്സിന് പുറത്തേക്ക് കൊണ്ടുപോകുന്നു.

മറ്റ് യാത്രക്കാരെല്ലാം, വൃദ്ധ ദമ്പതികളെ ചൂണ്ടിക്കാണിച്ചുകൊടുത്ത പുരുഷനു നേരെ രൂക്ഷമായി നോക്കുന്നു. താനൊരു ജൂതനാണ്, തന്റെ ജീവന്‍ രക്ഷിക്കുന്നതിനാണ് ആ തെറ്റ് ചെയ്തത് എന്ന് കുറ്റബോധത്തോടെ അയാള്‍ എല്ലാവരോടുമായി പറയുന്നു. 

അപര്‍ണ സെന്നിലെ പ്രതിഭയെ വിലയിരുത്തുമ്പോള്‍ പരിഗണനാര്‍ഹമാകുന്ന ഒരു സന്ദര്‍ഭമാണ് ഇത്. ഹിന്ദു തീവ്രവാദികള്‍ ബസ്സിനുള്ളില്‍ കയറി ലിംഗപരിശോധന നടത്തി തുടങ്ങുമ്പോള്‍ മുതല്‍ ആ ജൂതന്‍ പ്രതിസന്ധിയിലായിരുന്നു. ജൂതന്മാരും സുന്നത്ത് ചെയ്യാറുണ്ട്. തന്നെ പരിശോധിച്ചുകഴിഞ്ഞാന്‍ താനൊരു മുസ്ലീമല്ല, ജൂതനാണ് എന്ന് തീവ്രവാദികളെ അയാള്‍ക്ക് ബോധ്യപ്പെടുത്താന്‍ ഒരിക്കലും സാധിക്കുമായിരു ന്നില്ല. ജൂതന്മാരുടെ പേരും പറഞ്ഞ് രക്ഷപ്പെടുന്നോടാ, എന്നാക്രോശിച്ചു കൊണ്ടായിരിക്കും പിന്നെ അയാള്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയോ, കൊലക്ക് ഇരയാകുകയോ ചെയ്യേണ്ടിവരിക! മുസ്ലീമിനെ ചൂണ്ടിക്കാണിച്ചയാള്‍ തീര്‍ച്ചയായും മുസ്ലീമായിരിക്കില്ല എന്നു ഹിന്ദു തീവ്രവാദികളും ഉറപ്പിച്ചു. ആ ജൂതന്‍ ഒരുപക്ഷെ, പടുവൃദ്ധ ദമ്പതികളെയാണല്ലോ താന്‍ ഒറ്റിയത് എന്ന് സ്വയം ആശ്വസിക്കുന്നുണ്ടാകും. 

കര്‍ഫ്യൂ രണ്ടുദിവസം കൂടി നീളുകയാല്‍ മറ്റ് യാത്രക്കാരോടൊപ്പം മീനാക്ഷിക്കും ജഹാംഗീര്‍ ചൗധരിക്കും ആ സ്ഥലത്ത് തന്നെ തങ്ങേണ്ടതായിവരുന്നു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ രാജാ ചൗധരിയെ തിരിച്ചറിയുന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍, മീനാക്ഷിക്കും ജഹാംഗീര്‍ ചൗധരിക്കും രാത്രി തങ്ങുന്നതിനായി വനംവകുപ്പിന്റെ കീഴിലുള്ള ഗസ്റ്റ് ഹൗസ് തരപ്പെടുത്തിക്കൊടുക്കുന്നു. യാത്രയില്‍ മീനാക്ഷിയെ സംരക്ഷിച്ചുകൊണ്ടും തീവ്രവാദികളില്‍ നിന്നും ജഹാംഗീര്‍ ചൗധരിയെ രക്ഷിച്ചുകൊണ്ടും രണ്ടു നാള്‍ പോക്കുന്നതിനിടയില്‍ കടന്നുകൂടുന്ന പ്രണയം ഇരുവരേയും ബന്ധനസ്ഥരാക്കുന്നു. തങ്ങള്‍ പിന്തുടരുന്ന മതവിശ്വാസങ്ങളിലുള്ള വ്യതിരിക്തതകള്‍ മറന്ന്, സാമൂഹ്യ പദവികള്‍ മറന്ന്, കുടുംബബന്ധങ്ങള്‍ മറന്ന് ഇരുഹൃദയങ്ങളും ഒന്നായി ചേരുന്നു...

ബസ്സ് യാത്രയില്‍ നിന്ന് വിട്ട്, ഇരുവരും ട്രെയിനില്‍ സഞ്ചരിച്ചാണ് കല്‍ക്കത്തയില്‍ എത്തുന്നത്. അവിടെ, ഭര്‍ത്താവായ സുബ്രഹ്മണ്യം അയ്യര്‍ മീനാക്ഷിയേയും കുഞ്ഞിനേയും കൂട്ടിക്കൊണ്ടുപോകാന്‍ എത്തുന്നു. പ്ലാറ്റ് ഫോമില്‍ തന്നെ സ്വീകരിക്കുന്നതിനായി പേരെഴുതിയ ബോര്‍ഡും ഏന്തിനില്ക്കുന്നയാളുടെ അടുത്തേക്ക് ജഹാംഗീര്‍ ചൗധരിയും നടന്നകലുന്നു. 

യാത്ര ഇവിടെ അവസാനിച്ചില്ലായിരുന്നുവെങ്കില്‍ അത് മറ്റൊരു ദുരന്തത്തില്‍ കലാശിക്കുമായിരുന്നു. ഇരുവരില്‍ നിന്നും പ്രണയം വിട്ടകന്നപ്പോള്‍, അത് ജഹാംഗീര്‍ ചൗധരിയിലേക്കും മീനാക്ഷി അയ്യരിലേക്കുമുള്ള മടക്കയാത്രയുടെ ആരംഭവുമായി. വിഭാഗീയതകളേയും സ്പര്‍ദ്ധകളേയും അകറ്റിക്കളയുന്നതിന് പ്രണയത്തിനുള്ള അപാരശേഷിയെ വിശകലനം ചെയ്തുകൊണ്ട് സിനിമ അവസാനിക്കുന്നു. സംവിധായികയായ അപര്‍ണ സെന്നിന്റെ മകള്‍ കൊങ്കണ സെന്‍ശര്‍മയാണ് മീനാക്ഷി അയ്യരെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ കൂടിയായ നടന്‍ രാഹുല്‍ ബോസ് രാജാ ചൗധരിയേയും അവതരിപ്പിക്കുന്നു. 

മതവിശ്വാസത്തില്‍ എന്തെങ്കിലും തകരാറുണ്ടോ? അത് സ്പര്‍ദ്ധയെ ജനിപ്പിക്കുകയും കൊലപാതകങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുന്നുണ്ടല്ലോ? അതിന് കാരണം മതവിശ്വാസമല്ല എന്നാണ് ഡോ. ബി ആര്‍ അംബേഡ്കര്‍ വ്യക്തമാക്കുന്നത്. മതാത്മകതകൊണ്ട് മനുഷ്യന് നന്മമാത്രമേ കൈവരുന്നുള്ളൂ. താന്‍ വിശ്വസിക്കുന്ന മതമാണ് ലോകോത്തരമെന്നും മറ്റു മതങ്ങളെ അടക്കിഭരിക്കാന്‍ തന്റെ മതത്തിന് അര്‍ഹതയുണ്ട് എന്നും മറ്റുമുള്ള മൂഢവിശ്വാസമാണ് തകരാറുകള്‍ ഉണ്ടാക്കുന്നത്. ആ മൂഢവിശ്വാസത്തെയാണ് പ്രണയം ഉന്മൂലനം ചെയ്യുന്നത്. 'ഒരൊറ്റ മതമുണ്ടുലകിന്നു യിരാം പ്രേമമതൊന്നല്ലോ, പരക്കെ നമ്മെ പാലമൃതൂട്ടും പാര്‍വണ ശശിബിംബം' എന്ന കവിവചനം അനുസ്മരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

- അഹിവിത്രന്‍ കണ്ണന്‍ മേലോത്ത് 2018, ജനുവരി 25, വ്യാഴാഴ്‌ച

മതം മാറ്റവും ബുദ്ധമതം ഉയര്‍ത്തിയ കലഹവുംഇന്ത്യയില്‍ മതം മൂന്ന് മാറ്റങ്ങള്‍ക്ക് വിധേയമായിരുന്നു. വൈദികമതം ആയിരുന്നു ആദ്യം അവിടെ അനുഷ്ഠിച്ചു പോന്നത്. അത് അചിരേണ ബ്രാഹ്മണ്യത്തിനും പിന്നെ ഹിന്ദുമതത്തിനും വഴിമാറി. ബ്രാഹ്മണ്യകാലത്താണ് ബുദ്ധമതം പിറന്നത്. ഇന്ത്യയില്‍ ബ്രാഹ്മണ്യം കൊണ്ടുവന്ന അസമത്വം, അധികാരപ്രമത്തത, സമൂഹത്തെ വിവിധ വര്‍ഗങ്ങളായി വിഭജിക്കല്‍ എന്നിവയോട് ബുദ്ധമതം കലഹിച്ചു. (37.382)2018, ജനുവരി 24, ബുധനാഴ്‌ച

സ്ഥാനാര്‍ത്ഥി സാറാമ്മ: ദലിത് ക്രിസ്ത്യന്‍ പ്രശ്‌നം വെള്ളിത്തിരയില്‍1966 ല്‍ പുറത്തുവന്ന മലയാള സിനിമയാണ് 'സ്ഥാനാര്‍ത്ഥി സാറാമ്മ'. ജയ മാരുതി പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ ടി ഇ വാസുദേവന്‍ നിര്‍മിച്ച സിനിമ സംവിധാനം ചെയ്തത് കെ എസ് സേതുമാധവനാണ്. പ്രസിദ്ധ നോവലിസ്റ്റായ മുട്ടത്തുവര്‍ക്കിയുടെ ഇതേപേരിലുള്ള കൃതിയെ ആധാരമാക്കി സിനിമയുടെ സംഭാഷണം ചരിച്ചത് എസ് എല്‍ പുരം സദാനന്ദനാണ്.

ജാതിവിരുദ്ധ സമരത്തില്‍ തന്റേതായ കാഴ്ചപ്പാട് മുട്ടത്തുവര്‍ക്കി കഥയിലൂടെ മുന്നോട്ടുവെക്കുന്നുണ്ട്. പേരിലെ സൂചനയനുസരിച്ച്, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കടന്നുകൂടിയ മൂല്യച്യുതിയെ സിനിമയില്‍ വിമര്‍ശനവിധേയമാക്കുന്നുണ്ടെങ്കിലും അതുപക്ഷെ, ഉപരിപ്ലവമായ സംഗതിയാണെന്നു കാണാം. ജാതിവ്യവസ്ഥയുടെ ഇരകളായ ദലിതര്‍ നേരിടുന്ന സാമൂഹിക പിന്നോക്കാവസ്ഥയാണ് മുഖ്യവിഷയം. ദലിതരുടെ ഇടയില്‍നിന്ന്, ക്രിസ്തുമതവിശ്വാസം സ്വീകരിച്ചവര്‍ നേരിടുന്ന ജാതീയ വിവേചനങ്ങള്‍ക്കെതിരായി പൊതുവികാരമുണര്‍ത്താനുതകുന്ന ഒരു സമരസംരംഭമെന്ന നിലയില്‍ സ്ഥാനാര്‍ത്ഥി സാറാമ്മ 'ആദ്യത്തെ ദലിത് ക്രിസ്ത്യന്‍' മലയാള സിനിമയാണ്. സാധാരണയായി ദലിത് പ്രശ്‌നം സിനിമയില്‍ കൈകാര്യം ചെയ്യുന്നവര്‍ അവരിലെ പുലയര്‍, പറയര്‍ എന്നീ സമുദായങ്ങളെ മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. സ്ഥാനാര്‍ത്ഥി സാറാമ്മയില്‍ ഈ സ്ഥാനത്ത് വേലന്‍ സമുദായം കടന്നുവരുന്നു എന്നത് ഈ സനിമയിലെ സവിശേഷ ഘടകങ്ങളില്‍ പ്രമുഖമാണ്.

ഹിന്ദുമതത്തിലെ അടിയാളവര്‍ഗമായി മാറ്റിനിര്‍ത്തപ്പെടുന്ന ജനതയാണ് ദലിതര്‍. ഈ അടിയാളന്മാരാകട്ടെ മേലാളന് വേണ്ടി അധ്വാനിക്കുന്ന അടിമയുംകൂടിയാണ്. ആ വ്യവസ്ഥിതിയില്‍ നിന്നുള്ള വിമോചനമാര്‍ഗം എന്ന നിലയിലാണ് ഡോ. ബി ആര്‍ അംബേഡ്കര്‍ ദലിതരുടെ മതം മാറ്റത്തെ നിരീക്ഷിച്ചതും നിര്‍ദ്ദേശിച്ചതും സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയതും. അദ്ദേഹം മതംമാറ്റത്തേയും ഹിന്ദുമതത്തേയും ഇങ്ങനെ വിലയിരുത്തി; 'അസമത്വമാണ് ഹിന്ദുമതത്തിന്റെ അടിത്തറ. അധഃകൃതവര്‍ഗങ്ങള്‍ക്ക് ഒരിക്കലും പൂര്‍ണസമത്വം നേടാന്‍ കഴിയാത്ത തരത്തിലാണ് അതിന്റെ നൈതികത. ചവിട്ടിമെതിക്കപ്പെട്ട ഈ ജനതക്ക് അഭിവൃദ്ധിപ്പെടാനുതകുന്ന മറ്റേതെങ്കിലും മതമുണ്ടെണ്‍ില്‍ അത് സ്വീകരിക്കുക.'

സാമൂഹികാംഗീകാരവും സ്വാതന്ത്ര്യവും തേടിയാണ് വേലന്‍ സമുദായക്കാരായ മത്തായിയും കുടുംബവും ക്രിസ്തുമതം സ്വീകരിക്കുന്നത്. മത്തയായിയുടെ മകള്‍ സാറാമ്മ വിദ്യാസമ്പന്നയും നൃത്താധ്യാപിയുമാണ്. സവര്‍ണകൃസ്ത്യാനികളായ ചാണ്ടിച്ചന്റേയും സാറാമ്മയുടേയും മകളെ സാറാമ്മ നൃത്തം അഭ്യസിപ്പിക്കുന്നുണ്ട്. ചാണ്ടിച്ചന്റെ മൂത്തമകന്‍ ജോണിക്കുട്ടിമായി സാറാമ്മ പ്രണയത്തിലാകുന്നു. ഈ വിവരമറിയുന്ന മത്തായി സാറാമ്മയെ ജോണിക്കുട്ടിക്ക് വിവാഹം ചെയ്തുകൊടുക്കുവാന്‍ തീരുമാനിക്കുന്നു. വിവാഹാലോചനയുമായി ചാണ്ടിച്ചന്റെ വീട്ടിലെത്തിയ മത്തായിയെ ചാണ്ടിച്ചന്റെ ഭാര്യ മറിയാമ്മ ജാതിയിലെ ഹീനത്വം പറഞ്ഞ് അയാളെ അധിക്ഷേപിക്കുന്നു. തങ്ങള്‍ മതം മാറി, ഇപ്പോള്‍ ക്രിസ്ത്യാനികളാണെന്ന് പറഞ്ഞ്, മറിയാമ്മയെ ബോധ്യപ്പെടു ത്തുവാന്‍ ശ്രമിച്ചുവെങ്കിലും 'മതം മാറിയതുകൊണ്ടെന്താ, മഹത്വമുണ്ടാകുമോ' എന്ന് തിരിച്ചടിച്ച് മറിയാമ്മ മത്തായിയെ ആട്ടിയകറ്റുന്നു. അപമാനിതനായ അയാള്‍ 'വേലന്‍ മത്തായി' എന്ന പരിഹാസപ്പേരും കേട്ടുകൊണ്ട് അവിടെനിന്നും പോകുന്നു. 

പുരോഗമനചിന്താഗതിക്കാരനായ ജോണിക്കുട്ടി സാറാമ്മയോടുള്ള പ്രണയം സഫലമാക്കുന്നതിന് ദൃഢനിശ്ചയം ചെയ്ത് മുന്നോട്ടുപോകുന്നു. സാമൂഹിക വ്യവസ്ഥ അതിന് എതിരാണെന്നറിയുന്ന സാറാമ്മ ജോണിക്കുട്ടിയുടെ തീരുമാനത്തോട് ഒട്ടും യോജിപ്പ് പ്രകടിപ്പിക്കുന്നില്ല. ആയിടെയാണ് പഞ്ചായത്ത് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് വരുന്നത്. സമ്പന്നനും സവര്‍ണ ക്രിസ്ത്യാനിയുമായ തോന്ന്യാടന്‍ തോമാച്ചന്‍, തെരഞ്ഞെടുപ്പില്‍ സാറാമ്മയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് മത്തായിയോട് ആവശ്യപ്പെടുന്നു. മതംമാറ്റത്തിലൂടെ സാമൂഹികാംഗാകാരം ലഭ്യാമാകാതെ വലഞ്ഞിരുന്ന മത്തായിക്ക് തോന്ന്യാടന്റെ അഭ്യര്‍ത്ഥന ആശ്വാസകരമായി തോന്നി. അധികാര ലബ്ധിയിലീടെ സാമൂഹികാംഗീകാരം കൈവരുമെന്ന് വ്യാമോഹത്താല്‍ മത്തായി തോന്ന്യാടന്റെ ആവശ്യത്തിന് വഴങ്ങി സാറാമ്മയെ സ്ഥാനാര്‍ത്ഥിയാക്കുന്നു. എന്നാല്‍ സാറാമ്മയുടെ എതിര്‍ സ്ഥാനാര്‍ത്ഥി ജോണിക്കുട്ടിയാണെന്ന് അറിയുന്ന സന്ദര്‍ഭം സിനിമയിലെ സംഘര്‍ഷത്തെ അങ്ങേയറ്റം ഉദാത്തവത്കരിക്കുന്നു.

പരസ്പരം എതിര്‍ സ്ഥാനാര്‍ത്ഥികളായതില്‍ ജോണി - സാറാമ്മമാര്‍ തികച്ചും നിരപരാധികളാണ്. തോന്ന്യാടന്‍ തോമാച്ചന്റെ ദുഷ്ടലാക്കാണ് സാറാമ്മയെ സ്ഥാനാര്‍ത്ഥിയാക്കിയതെങ്കില്‍ ആദര്‍ശരാഷ്ട്രീയത്തിന്റെ വക്താക്കളായ ചില വിശാലചിന്താഗതിക്കാരുടെ ഇംഗിതമാണ് ജോണിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് കാരണമായി ഭവിച്ചത്. തരഞ്ഞെടുപ്പില്‍ ജോണിക്കുട്ടിയെ തോല്‍പ്പിച്ചുകൊണ്ട് സാറാമ്മ വിജയിക്കുന്നു. സാറാമ്മയുടെ തെരഞ്ഞെടുപ്പിന് വേണ്ട തുകമുഴുവന്‍ ചെലവഴിച്ചിരുന്നത് തോന്ന്യാടന്‍ തോമാച്ചനായിരുന്നു. സാറാമ്മയെ നശിപ്പിക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. അത് നേടുന്നതിനായി തെരഞ്ഞടുപ്പ് ഫലം പുറത്തുവന്ന അന്നുരാത്രി, മത്തായിയും പാര്‍ട്ടിപ്രവര്‍ത്തകരും വിജയാഘോഷത്തിമിര്‍പ്പിലായിരുന്ന വേളയില്‍ സാമാമ്മയുടെ വീട്ടിലെത്തുന്ന തോന്ന്യാടന്‍ അവളെ കടന്നുപിടിക്കുന്നു. പിന്നാലെയെത്തുന്ന മത്തായി വാക്കത്തിയെടുത്ത് തോന്ന്യാടനെ പിറകില്‍ നിന്നു വെട്ടുന്നു. വെട്ടേറ്റ് തോന്ന്യാടന്‍ കൊല്ലപ്പെടുന്നു. തെരഞ്ഞടുപ്പില്‍ തോറ്റുപോയതി നുള്ള പകതീര്‍ക്കുന്നതിനായി, ജോണിക്കുട്ടിയായിരിക്കാം തോന്ന്യാടനെ കൊന്നത് എന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേരുന്നു. അവര്‍ ജോണിക്കുട്ടിയെ ലോക്കപ്പിലാ ക്കുന്നു. മത്തായി ഒളിവിന്‍ പോകുന്നു.

നിരപരാധിയായ ജോണിക്കുട്ടിയെ രക്ഷിക്കുന്നതിനായി മത്തായി, പൊലീസ്റ്റേഷ നില്‍ വന്ന് താന്‍ ചെയ്ത കുറ്റം ഏറ്റുപറയുന്നു. ലോക്കപ്പിനു മുമ്പില്‍ ജോണിക്കുട്ടിയുടെ മാതാപിതാക്കളം സഹോദരിയും സാറാമ്മയും എത്തുന്നു. പൊലീസ് ലോക്കപ്പില്‍ നിന്നും ജോണിക്കുട്ടിയെ മോചിപ്പിച്ച് തത്സ്ഥാനത്ത് മത്തായിയെ കയറ്റുന്നു. പുറത്തു നില്ക്കുന്ന ആളുകളുടെ മുന്‍പില്‍ അനാഥയായ സാറാമ്മ ഒരു വലിയ ചോദ്യചിഹ്നമായിത്തീരുന്നു. ഈ ഘട്ടത്തില്‍ ജോണിക്കുട്ടിയുടെ അമ്മ മറിയാമ്മ, ശക്തമായ ഒരു തീരുമാനമെടു ക്കുന്നു; 'ഇനിമുതല്‍ സാറാമ്മ അനാഥയല്ല. സാറാമ്മയെ ഞാന്‍ എന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. വേലത്തിയായിട്ടല്ല, എന്റെ (ജോണിക്കുട്ടിയുടെ വൈഫ്) മകളായിട്ട്'!

ജാതി ഉന്മൂലനത്തിന് ഒരേയൊരു മാര്‍ഗമേ ഫലപ്രദമായിട്ടുള്ളൂ എന്ന് അംബേഡ്കര്‍ നിരീക്ഷിക്കുന്നുണ്ട്. രക്തരൂക്ഷിതമായ ഒരു വിപ്ലവത്തിലൂടെയോ നിയമനിര്‍മ്മാണ ത്തിലൂടെയോ അത് ഉന്മൂലനം ചെയ്യാനാവില്ല. അതിനാവശ്യം ജാതിഹിന്ദുക്കളുടെ 'മനോഭാവത്തിലുള്ള മാറ്റമാണ്.' ഇവിടെ മറിയാമ്മയില്‍ മനംമാറ്റത്തിന് വഴിവെച്ചത്, സാറാമ്മ ജോണിക്കുട്ടിക്ക് എഴുതിയ കത്തുകളാണ്. അതെല്ലാം വായിക്കുന്ന മറിയാമ്മയില്‍ സാറാമ്മയിലെ മനുഷ്യത്വത്തെക്കുറിച്ച് മഹത്തായ അറിവുകള്‍ രൂപപ്പെടുന്നു. ആ അറിവ് മറിയാമ്മയിലെ ജാതിമനോഭാവത്തെ മാറ്റി തത്സ്ഥാനത്ത് മാനവികതയെ പ്രതിഷ്ഠിക്കുന്നു. അപ്രകാരം, സമൂഹിക മനോഭാവത്തില്‍ വരുന്ന ഈ മാറ്റമാണ് പുരോഗതിയുടെ വഴിതെളിക്കുന്നതെന്ന് മുട്ടത്തുവര്‍ക്കിയും അവര്‍ത്തിക്കുന്നു.

ഇവിടെ, മതംമാറ്റെത്തെ അനുകൂലിച്ച ഡോ. അംബേഡ്കര്‍ക്ക് പിശകിയോ എന്ന് മുട്ടത്തുവര്‍ക്കി കരുതുന്നതായി ഒരു സംശയം ഉന്നയിക്കപ്പെട്ടേക്കാം. ഈ സന്ദേഹം അസഥാനത്താണ്. 'തന്റെ പെരുമാറ്റത്തിനുള്ള മാനദണ്ഡമായും തന്റെ മുന്നേറ്റത്തിനുള്ള പ്രചോദന സ്രോതസ്സായും വര്‍ത്തിക്കേണ്ടുന്ന മതം എങ്ങനെയായി രിക്കണം എന്ന ധാരണകള്‍ക്ക് വിരുദ്ധമാണ് താന്‍ ജനിച്ചുവീഴുന്ന മതമെങ്കില്‍ ഒരുവനെ അതില്‍ത്തന്നെ തുടരണമെന്ന് നിര്‍ബന്ധിക്കാന്‍ ആവില്ല' എന്ന് വ്യക്തമാക്കുന്ന ഡോ. അംബേഡ്കര്‍, ജനിച്ചുവീഴുന്ന മതത്തപ്പോലെതന്നെ സ്വീകരിക്കപ്പെടുന്ന മതവും സാമൂഹ്യവിരുദ്ധമായ കാഴ്ചപ്പാടാണ് ദലിതര്‍ക്കുനേരെ വെച്ചുപുലര്‍ത്തുന്നതെങ്കില്‍, അവിടേയും പോരാട്ടം തുടരേണ്ടതുണ്ടെന്ന് സൂചിപ്പിച്ചു കൊണ്ട് മറ്റൊരിടത്ത് തുടരുന്നു; 'നാം ചേരുന്നത് ക്രിസ്തുമതത്തിലേക്കായാലും ഇസ്ലാമിലേക്കായാലും സിഖുമതത്തിലേക്കായാലും നമ്മുടെ യോഗക്ഷേമത്തിനായി നാം പോരാടേണ്ടിവരും. ഇസ്ലാമില്‍ ചേരുന്നവരെല്ലാം നവാബുമാരാകുമെന്നോ, ക്രിസ്തുമതത്തില്‍ ചേരുന്നവരെല്ലാം പോപ്പാകുമെന്നോ കരുതുന്നത് വിഢിത്തരമായി രിക്കും. എവിടെപ്പോയാലും പോരാട്ടം അനിവാര്യമായി നമ്മെ കാത്തിരിക്കുന്നു.' 

സാറാമ്മ ജോണിക്കുട്ടിക്ക് കൈമാറുന്ന കത്തുകള്‍ വായിക്കാനിടയായതാണ് അവരുടെ മനോഭാവത്തില്‍ മാറ്റം വരുത്തിച്ചത്. ഒരു കത്ത് വായിക്കുന്നതിനിടെ 'ങേ, ആ വേലത്തിപ്പെണ്ണ് കുഴപ്പക്കാരിയല്ലേ?' ന്നെ സ്വയം പറഞ്ഞ് ധാരണകള്‍ തിരുത്താന്‍ തയാറാകുന്നുണ്ട്. ഇതാണ് സിനിമയില്‍ സാറാമ്മ നടത്തുന്ന പോരാട്ടം. കഥാപാത്രമായ സാറാമ്മയില്‍ ഇത് അബോധപൂര്‍വമായ പ്രക്രിയയായാണ് ചെയ്തതതെങ്കില്‍ കഥാകാരനായ മുട്ടത്തുവര്‍ക്കിയില്‍ ഇത് ബോധപൂര്‍വമായ പ്രഖ്യാപനമാണ്. സിനിമയുടെ ശീര്‍ഷര്‍ഷകത്തില്‍ ഉള്‍പ്പെടുന്ന സ്ഥാനാര്‍ത്ഥി എന്നതിലെ 'സ്ഥാനം' എന്ന പ്രയോഗം ഭരണത്തിലുള്ള പങ്കാളിത്തം എന്നതിനേക്കാളുപരി സാമൂഹ്യവ്യവസ്ഥ യിലെ 'ഇടം' എന്ന അര്‍ത്ഥമാണ് ഉള്‍ച്ചേര്‍ന്നിരിക്കുന്നത്.

എന്തുകൊണ്ടാണ്, മറ്റ് മതവിശ്വാസങ്ങള്‍ പിന്തുടരുന്നവരും ദലിതുകളുടെ കാര്യത്തില്‍ ഹൈന്ദവ മനോഭാവം പിന്‍തുടരുന്നത് എന്ന ചോദ്യത്തിനും ഡോ. അംബേഡ്കര്‍ വിശദീകരണം നല്കുന്നുണ്ട്. അത് വിശദമാക്കിയില്ലെങ്കില്‍ ഇവിടെ ഈ ചര്‍ച്ച അപൂര്‍ണമാകും. ഡോ. അംബേഡ്കര്‍: 'ഇസ്ലാമിന്റേയും ക്രിസ്തുമതത്തിന്റേയും ഉപദേശങ്ങളില്‍ ഇത്തരം ഉച്ചനീചത്വങ്ങള്‍ ഇല്ല. പിന്നെ എന്തുകൊണ്ടാണ് ഈ മതങ്ങളും നിങ്ങളെ താഴ്ന്നവരായി കാണുന്നത്? കാരണം ഒന്നേയുള്ളൂ; ഹിന്ദുക്കള്‍ നിങ്ങളെ താഴ്ന്നവരില്‍ താഴ്ന്നവരായി കാണുന്നു. അങ്ങനെയുള്ളപ്പോള്‍ തങ്ങള്‍ അസ്പൃശ്യരെ അപ്രകാരം തന്നെ കണ്ടില്ലെങ്കില്‍ ഹിന്ദുക്കള്‍ തങ്ങളേയും ഏറ്റവും താഴ്ന്നവരായി കാണുമെന്ന് അവര്‍ ഭയക്കുന്നു. ഇതിന്റെ ഫലമായി മുസ്ലീങ്ങളും ക്രിസ്ത്യാനികളും നിങ്ങളോട് അസ്പൃശ്യത പാലിക്കുന്നു.' ഉന്മൂലനം ചെയ്യപ്പെടേണ്ട താണ് ജാതീയത എന്ന വസ്തുതക്ക് ഈ നിരീക്ഷണം അടിവരയിടുന്നു.

അധികാരസ്ഥാനങ്ങള്‍ ഭദ്രമായിരിക്കുന്നതിനുവേണ്ടി, ദലിതുകളുടെ പിന്നോക്കാവസ്ഥ പോലും ചൂഷണത്തിന് വിധേയമാണെന്ന നഗ്നയാഥാര്‍ത്ഥ്യവുംകൂടി സിനിമ കൊകാര്യം ചെയ്യുന്ന വസ്തുതകളില്‍ പ്രമുഖമാണ്. തോന്ന്യാടന്റെ പാര്‍ട്ടിക്കാര്‍ പ്രകടനപത്രിക തയാറാക്കുമ്പോള്‍ അതില്‍ സാറാമ്മയെ 'സുബ്രഹ്മണ്യ കുലജാത' എന്നു വിശേഷിപ്പി ക്കുന്നുണ്ട്. അതെന്തിനാണെന്ന വാര്യരുടെ ചോദ്യത്തിന്, സാറാമ്മ വേലന്‍ സമുദായത്തില്‍ പെട്ട യുവതിയാണെന്ന് അറിയുന്നത് വിജയത്തെ സ്വാധീനിക്കുമെന്ന് പ്രകടനപത്രിക തയാറാക്കുന്ന ശാസ്ത്രികള്‍ വിശദീകരണം കൊടുക്കുന്നുണ്ട്. സാറാമ്മയുടെ ദലിത് സ്വത്വത്തിന് ഈ പ്രയോഗം അപമാനകരവും മറ്റുള്ളവര്‍ക്ക് ഇത് ആദയകരവുമാണ്!

ദലിതായതുകൊണ്ടുമാത്രമല്ല, സ്ത്രീയായതുകൊണ്ടുകൂടിയാണ് സാറാമ്മ സമൂഹത്തില്‍ അവമതിക്കപ്പെടുന്നത് എന്നുകാണാം. സ്ത്രീകള്‍ സമ്പന്നകളായാലും ഉന്നതകുലജാത കളായാലും സവര്‍ണപുരുഷന്റെ കാഴ്ചപ്പാടില്‍ അവള്‍ക്കുള്ള സ്ഥാനം ദലിതുകളോ ടൊപ്പമാണ്. തോന്ന്യാടന്റെ ഭാര്യ ഏലിക്കുട്ടി സമ്പന്നയാണെങ്കിലും വീട്ടുതടങ്കലി ലാക്കപ്പെട്ട അസ്വതന്ത്ര്യയാണ്. ഒരു ഉപഭോഗവസ്തുവായിപ്പോലും തോന്ന്യാടന്‍ ഏലിക്കുട്ടിയെ കാണുന്നില്ല. എളുപ്പം വശത്താക്കാവുന്ന സ്ത്രീകളാണ് സാറാമ്മ ഉള്‍ക്കൊള്ളുന്ന ജനസമൂഹത്തില്‍ ഉള്‍പ്പെടുന്നതെന്ന സവര്‍ണബോധത്താല്‍ നയിക്കപ്പെടുന്ന നരാധമന്മാര്‍ക്ക് സ്ത്രീകള്‍ക്കു നേരെ വിശാലമായ കാഴ്ചപ്പാടുണ്ടാകു മെന്നു പ്രതീക്ഷിക്കുന്നതുതന്നെയാണ് ഏറ്റവും വലിയ മൗഢ്യം.

1966 ല്‍ മലയാള സിനിമയിലെ പാത്രാവതരണകലയില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന നടീനടന്മാരെല്ലാം 'സ്ഥാനാര്‍ത്ഥി സാറാമ്മ'യിലും തങ്ങളുടെ ഭാഗധേയത്വം നിര്‍വഹിക്കു ന്നുണ്ട്. സാറാമ്മയായി ഷീലയും ജോണിക്കുട്ടിയായി നിത്യഹരിതനായകന്‍ പ്രേം നസീറും വേഷമിടുന്നു. ചാണ്ടിച്ചനേയും മറിയാമ്മയേയും ശങ്കരാടിയും പങ്കജവല്ലിയും ചേര്‍ന്ന് അഭിനയിക്കുന്നു. പ്രധാന വില്ലനായ തോന്ന്യാടന്‍ തോമാച്ചനെ ജി കെ പിള്ളയാണ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയായ ഏലിക്കുട്ടിയായി ടി ആര്‍ ഓമനയും പ്രത്യക്ഷപ്പെടുന്നു. ഹാസ്യകഥാപാത്രമായ ശാസ്ത്രികളെ അവതരിപ്പിച്ച അടൂര്‍ ഭാസി സ്വന്തം ശബ്ദത്തില്‍ ആലപിക്കുന്ന 'കുരുവിപ്പെട്ടി നമ്മുടെ പെട്ടി...' എന്ന ഗാനമൊഴിച്ചാല്‍ മറ്റുള്ളവയൊന്നും അത്രക്ക് ഹിറ്റായില്ല. ഗാനരചന വയലാറും സംഗീതസംവിധാനം എല്‍പിആര്‍ വര്‍മയും നിര്‍വഹിച്ചു.

- അഹിവിത്രന്‍ കണ്ണന്‍ മേലോത്ത്

ഭക്തിപ്രസ്ഥാനം സാമൂഹ്യമാറ്റത്തിന് ഉതകിയില്ല.ഞാന്‍ ഒരു വിഗ്രഹാരാധകന്‍ അല്ല; ഉപയുക്തതാവാദിയാണ്. അതിനാല്‍ സന്യാസകവിയായ ചൊഖമേളക്ക് സ്മാരകം പണിയുന്നതിനേക്കാള്‍ ഉചിതമായത് ആ മഹാത്മാവില്‍ പൂര്‍ണമായ മനസ്സും ശരീരവും അര്‍പ്പിച്ച് അസ്പൃശ്യത ഉന്മൂലനം ചെയ്യാന്‍ വേണ്ടി ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുക എന്നതത്രെ.

മഹാരാഷ്ട്രയിലെ ഭാഗവതധര്‍മമാര്‍ഗികളായ സന്യാസകവികള്‍ (1300 - 1600) ഒരു ജാതിക്ക് മറ്റുജാതികള്‍ക്കു മേല്‍ക്കോയ്മ സ്ഥാപിക്കാനുതകുന്ന ഈ സാമൂഹ്യ അസമത്വത്തിനും അനീതിക്കും വേണ്ടി നിലനിന്നിരുന്ന ജാതിവ്യവസ്ഥക്കെതിരെ പ്രത്യക്ഷത്തില്‍ പ്രചാരണം നടത്തിയിരുന്നവരല്ല; വ്യക്തികള്‍ എന്ന നിലക്ക് ബ്രാഹ്മണരും ശൂദ്രരും തമ്മില്‍ സമത്വം വേണം എന്നല്ല അവര്‍ വാദിച്ചത്; ബ്രാഹ്മണ ശൂദ്രവിഭാഗങ്ങളിലെ ഈശ്വരഭക്തര്‍ തമ്മില്‍ സമത്വം വേണനെന്നാണ്. ഈ പോരാട്ടത്തില്‍ ഭക്തകവികള്‍ വിജയിച്ചു. ജാത്യാതീതമായി ഭക്തര്‍ തമ്മിലുള്ള സമത്വത്തെ ബ്രാഹ്മണര്‍ക്കും അംഗീകരിക്കേണ്ടിവന്നു. ജാതി ഉന്മൂലനം ചെയ്യുന്ന കാര്യത്തില്‍ ഈ സന്യാസകവികളുടെ പോരാട്ടത്തിന് സമൂഹത്തിനുമേല്‍ യാതൊരു പ്രത്യാഘാതവും ഉണ്ടാക്കാനായില്ല. മനുഷ്യന്റെ മൂല്യം സ്വയം സിദ്ധമാണ്, സ്വയം സ്പഷ്ടമാണ്; ഭക്തിയുടെ പകിട്ടുകൊണ്ടല്ല അവന് മൂല്യം കൈവരുന്നത്. ഈ വസ്തുത സ്ഥാപിക്കാനായി സന്യാസകവികള്‍ ഒന്നും ചെയ്തില്ല. മറിച്ച്, അവരുടെ പോരാട്ടം അധഃകൃതവര്‍ഗക്കാര്‍ക്ക് വലിയ വിനയാവുകയാണ് ചെയ്തത്. ചൊഖമേളയുടെ പദവി കൈവരിക്കാനായാല്‍ ആദരിക്കാം എന്ന വാദം ഉന്നയിച്ച് അവരെ നിശബ്ദരാക്കാന്‍ ബ്രാഹ്മണര്‍ക്ക് അവസരം സൃഷ്ടിച്ചു എന്നത് മാത്രമാണ് സന്യാസകവിള്‍ തങ്ങളുടെ പോരാട്ടത്തിലൂടെ ചെയ്തത്. വിവിധ ഭക്തിപ്രസ്ഥനങ്ങള്‍ക്കിടയില്‍ത്തന്നെ വലിയ ജാതിക്കുശുമ്പുകള്‍ നിലനില്ക്കുന്നുണ്ട്. അതുകൊണ്ട് അവരൊക്കെ സമത്വം, നീതി, മാനവികത എന്ന സന്ദേശത്തിനുനേരെ കണ്ണടക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, അവിശ്വസനീയമായ അത്ഭുതപ്രവൃത്തികളെ പര്‍വതീകരിച്ചു കാണിക്കുകയാണ് അവര്‍. (37.6,7)


2018, ജനുവരി 23, ചൊവ്വാഴ്ച

പണിമുടക്ക് ഉറപ്പായ ഒരു മാര്‍ഗമല്ല.തൊഴിലാളികളുടെ സങ്കടങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗം ഫലപ്രദമായ നിയമനിര്‍മാണമാണെന്ന് നിങ്ങള്‍ തിരിച്ചറിയുക. പണിമുടക്ക് ഒരിക്കലും സങ്കടങ്ങള്‍ പരിഹരിക്കാനുള്ള ഉറപ്പായ ഒരു മാര്‍ഗമല്ല. പരാതിക്കാര്‍ക്ക് പണിമുടക്കാനുള്ള അവകാശത്തെ ഞാന്‍ ചോദ്യംചെയ്യുന്നില്ല. പക്ഷെ, അത് എല്ലായ്‌പ്പോഴും ഉപയോഗിക്കാവുന്ന ഒരു മാര്‍ഗമല്ല. അത്തരമൊരു നിയമം സര്‍ക്കാരിന്റെ നിയമപുസ്തകത്തില്‍ എങ്ങനെ എഴുതിച്ചേര്‍ക്കാനാകും എന്നുള്ളത് നിങ്ങള്‍ പരിഹരിക്കേണ്ടതായ ഒരു ചോദ്യമാണ്. (37. 87)


2018, ജനുവരി 22, തിങ്കളാഴ്‌ച

ചിലര്‍ പറയുന്നതുപോലെ മതം കറുപ്പല്ല.വിദ്യാഭ്യാസത്തേക്കാള്‍ യുവാക്കള്‍ മതത്തോട് പരാങ്മുഖരായിരിക്കുന്നത് കാണുമ്പോള്‍ എനിക്ക് വേദന തോന്നുന്നു. ചിലര്‍ പറയുന്നതുപോലെ മതം കറുപ്പല്ല. എന്റെ ഉള്ളില്‍ എന്തെങ്കിലും നന്മയുണ്ടെങ്കില്‍ എന്റെ വിദ്യാഭ്യാസംകൊണ്ട് സമൂഹത്തിന് എന്തെങ്കിലും നേട്ടമുണ്ടെങ്കില്‍ അത് എന്നിലെ മതാത്മകതകൊണ്ടാണ്. എനിക്ക് മതം വേണം. പക്ഷെ മതത്തിന്റെ പേരില്‍ ആത്മവഞ്ചന വേണ്ട. (37.181)


എങ്ങനെയുള്ള വിദ്യാഭ്യാസം ?വിദ്യാഭ്യാസം ഇരുതലമൂര്‍ച്ചയുള്ള വാളാണ്, കൈകാര്യം ചെയ്യന്‍ അപകടകരവും. സ്വഭാവശുദ്ധിയും വിനയവുമില്ലാത്ത വിദ്യാസമ്പന്നന്‍ മൃഗത്തേക്കാള്‍ അപകടകാരിയാണ്. അയാളുടെ വിദ്യാഭ്യാസം ദരിദ്രന് വിനാശകരമാണെങ്കില്‍ അങ്ങനെയുള്ളവര്‍ സമൂഹത്തിന് തന്നെ ഒരു ശാപമാണ്. അങ്ങനെയുള്ള വിദ്യാസമ്പന്നനെ 'വെടിവെച്ചുകൊല്ലുക!' സ്വഭാവശുദ്ധി വളരെ പ്രധാനമാണ്.(37.181)


സംഘടിക്കേണ്ടതിന്റെ ആവശ്യം
2018, ജനുവരി 21, ഞായറാഴ്‌ച

ചാര്‍ ദില്‍ ചാര്‍ രഹേന്‍; വിദ്യാഭ്യാസം ഒരേയൊരു വിമോചനമാര്‍ഗം1959 ല്‍ ഖ്വാജാ അഹമ്മദ് അബ്ബാസ് സംവിധാനം ചെയ്ത് പുറത്തിറക്കിയ സിനിമയാണ് 'ചാര്‍ ദില്‍ ചാര്‍ രഹേന്‍'. 'നാല് ഹൃദയങ്ങളും നാല് പാതകളും' എന്നര്‍ത്ഥമുള്ള ഈ സിനിമ, സമാന്തരമായി സഞ്ചരിക്കുന്ന മൂന്ന് പ്രണയകഥകളുടെ ഉള്ളടക്കമുള്ള അദ്ദേഹത്തിന്റെ തന്നെ നോവലിനെ ആധാരമാക്കി സാക്ഷാത്കരിക്കപ്പെട്ടതാണ്. ഗോവിന്ദയും ചാവ്‌ലീ ദേവിയും, ദില്‍വാറും പ്യാരിയും, ജോണിയും സ്‌റ്റെല്ലയുമാണ് യഥാക്രമം മൂന്ന് കഥകളിലേയും പ്രണയ ജോഡികള്‍. ഹിന്ദു - മുസ്ലീം - ക്രിസ്ത്യന്‍ മതവിശ്വാസ സമൂഹങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് മൂന്ന് കഥകളിലേയും കഥാപാത്രങ്ങള്‍ എന്നുള്ളത് അവരുടെ പേരുകളില്‍ നിന്നുതന്നെ മനസ്സിലാക്കാം. ഇതില്‍ ആദ്യം വരുന്ന, ഗോവിന്ദയുടേയും ചാവ്‌ലീ ദേവിയുടേയും പ്രണയകഥയിലാണ് ജാതിവ്യവസ്ഥ വില്ലന്‍ വേഷത്തില്‍ അരങ്ങുവാഴുന്നത്. മറ്റു രണ്ടുകഥകളിലും ഈ റോള്‍ കൈകകാര്യം ചെയ്യുന്നത് 'സമ്പത്തും' 'സാമൂഹ്യപദവിയും' മറ്റുമൊക്കെയാണ്. മൂന്നു കഥകളേയും കണ്ണിചേര്‍ക്കുന്ന കഥാപാത്രമായി നിര്‍മല്‍ കുമാര്‍ കടന്നുവരുന്നിടത്താണ് 'നാല് ഹൃദയങ്ങള്‍' എന്ന പ്രയോഗത്തിന്റെ സാധുത കുടികൊള്ളുന്നത്.

മെലോഡ്രാമയുടെ സൗന്ദര്യാത്മക ഭൂമികയില്‍ നിന്നും സിനിമയുടെ കഥാഗാത്രം ഉരുവം കൊള്ളുന്നു. ഒരു പ്രണയകഥയുടെ ദുരന്തം ആഹ്ലാദകരമായ മറ്റൊരു പ്രണയകഥയുടെ ആരംഭത്തിലേക്ക് കണ്ണിചേര്‍പ്പെടുന്നു. വേറിട്ട മൂന്ന് പ്രണയദുരന്തങ്ങളേയും തുടര്‍ച്ചയായി അവതരിപ്പിക്കുന്ന പാതിസമയത്തിനുശേഷം, കഥനീയത എല്ലാ കഥാപാത്രങ്ങളും ഒത്തുചേരുന്ന അന്ത്യഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. സിനിമയുടെ അന്ത്യമാകട്ടെ ഒരേസമയും ശുഭവും ദുരന്തവുമാണ്! 'നാടകാന്തം കവിത്വം' എന്നതുപോലെ സിനിമയുടെ ഈ മാന്ത്രികപര്യവസാനം കെ എ അബ്ബാസിലെ സംവിധനമികവിനെ വിലയിരുത്തുമ്പോള്‍ പരിഗണനാര്‍ഹമാകുന്നു.

കഥനീയതയിലെ നെടുനായകത്വം ചാവ്‌ലി ദേവി ഗോവിന്ദമാരുടെ പ്രണയ കഥക്കാണ്. ഏറ്റവും കൂടുതല്‍ സമയം വിനിയോഗിച്ചതും അവരുടെ പ്രണയസാഫല്യ ത്തെക്കുറിച്ച് വിശകലനം ചെയ്യാനാണ്. സത്വര പരിഹാരം തേടേണ്ടുന്ന ഏറ്റവും വലിയ പ്രശ്‌നം സമൂഹത്തെ അടക്കിവാഴുന്ന ജാതീയതയെന്ന ദുര്‍ഭൂതം വിതക്കുന്ന ദുരന്തമാണെന്ന് ബോധ്യമുള്ളതുകൊണ്ടാവാം കെ എ അബ്ബാസ് ചാവ്‌ലി ദേവി ഗോവിന്ദമാരുടെ പ്രണയകഥക്ക് മുന്‍ഗണന കൊടുത്തത്. മുമ്പിറങ്ങിയിട്ടുള്ള ജാതിവിരുദ്ധ സിനിമകളില്‍ നിന്നും വ്യത്യസ്ഥമായി ഈ സിനിമയില്‍ ബ്രാഹ്മണ - ദലിത സംഘര്‍ഷങ്ങളെയല്ല ആധാരമാക്കുന്നത്. പിന്നോക്ക വിഭഗങ്ങളിലും ജാതിവ്യവസ്ഥയോടുള്ള സമീപനം സാമൂഹ്യവിരുദ്ധമാണെന്ന കാഴ്ചപ്പാട് ഈ സിനിമ മുമ്പോട്ടുവെക്കുന്നു. ഗോവിന്ദ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ആഹിര്‍ സമുദായക്കാരനായ ചെറുപ്പക്കാരനാണ്. പശുപരിപാലനമാണ് ഇവരുടെ കുലത്തൊഴില്‍. നായികയായ ചാവ്‌ലി ദേവിയാകട്ടെ ദലിത് സമുദായമായ ചമാര്‍ വിഭാഗത്തില്‍ പെടുന്ന യുവതിയാണ്. നൂറ്റാണ്ടുകളായി ചത്തമൃഗങ്ങളുടെ തൊലിപൊളിക്കുന്ന ജോലിചെയ്തുവരുന്നവരാണ് ചമാര്‍ സമുദായക്കാര്‍.

വിദ്യാഭ്യാസം നേടിയശേഷം ഗ്രാമത്തിലേക്കെത്തുന്ന യുവാവായി ഗോവിന്ദ കടന്നുവരുന്നു. വഴിമധ്യേ തന്റെ കാളവണ്ടിയുടെ മുമ്പിലായി തലയില്‍ വെള്ളവും ചുമന്നുകൊണ്ടുപോകുന്ന ഒരു യുവതി പ്രത്യക്ഷപ്പെടുന്നു. അത് തന്റെ ബാല്യകാല സഖി ചാവ്‌ലി ദേവിയാണെന്ന് ഗോവിന്ദ തരിച്ചറിയുന്നു. കുട്ടിക്കാലത്ത് ഒരുമിച്ചു കളിച്ചുനടന്നതും, അമ്പലത്തില്‍ കയറാന്‍ ചെന്നപ്പോള്‍ ചാവ്‌ലിയെ പൂജാരി തള്ളിയകറ്റുന്നതുമൊക്കെയായ ഗതകാല സ്മരണകള്‍ ഇരുവരും അയവിറക്കുന്നു. വിദ്യാഭ്യാസം നേടാന്‍ അവകാശമില്ലാത്തവളായിരുന്നെങ്കിലും ചാവ്‌ലി ലോകവിവരം നേടിയ ഒരു യുവതിയായാണ് ഗ്രമത്തില്‍ വളര്‍ന്നിരുന്നത്. അതിനാല്‍ത്തന്നെ സഫലമാകാനിടയില്ലാത്ത ഒരു പ്രണയത്തിനുവേണ്ടി നമ്മള്‍ കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ചാവ്‌ലി ഗോവിന്ദയെ അറിയിക്കുന്നു. എന്നാല്‍ ജാതിയിലോ മതത്തിലോ ഒന്നും തനിക്ക് വിശ്വാസമില്ലെന്നും വിദ്യാഭ്യാസം നേടിയ പരിഷ്‌കാരി യാണ് താനെന്നും ചാവ്‌ലിയോടുള്ള പ്രണയം ദൃഢമാണെന്നും ഗോവിന്ദയും തിരിച്ചടിക്കുന്നു. 

ഇരുവരുടേയും പ്രണയവൃത്താന്തമറിയുന്ന ആഹിര്‍ - ചമാര്‍മാരുടെ ഇടയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു. ഇതൊന്നും വകവെക്കാതെ ചാവ്‌ലിയെ വിവാഹം ചെയ്യാനുള്ള തന്ത്രപ്പാടിലാകുന്നു ഗോവിന്ദ. പൂജാരിയെ ചെന്നു കണ്ടെങ്കിലും അയാള്‍ കാര്‍മികത്വം നിര്‍വഹിക്കാന്‍ വിസമ്മതിക്കുന്നു. തന്റെ സഹപാഠികളായിരുന്ന ഒന്നുരണ്ടുപോരുടെ സഹായത്തോടെ ഗോവിന്ദ, ചാവ്‌ലിയെ വിവാഹം ചെയ്യാനുറച്ച് ഒരു രാത്രിയില്‍ മണവാളവേഷത്തില്‍ അവളുടെ വീട്ടിലെത്തുന്നു. അവിടെ, ഗോവിന്ദ കാണുന്ന കാഴ്ച ഹൃദയഭേദകമാണ്. ചാവ്‌ലിയുടെ കൂരക്ക് ആഹിര്‍മാര്‍ തീവെച്ചിരിക്കുന്നു. ആദ്യത്തെ നടുക്കത്തിനു ശേഷം ചാവ്‌ലിയെ എരിതീയില്‍ നിന്നും രക്ഷിക്കാമെന്ന പ്രതീക്ഷയില്‍ ഗോവിന്ദ കത്തുന്ന കുടിലേക്കു കയറുന്നു. അവിടെ നിന്നും ഗോവിന്ദ, ചാവ്‌ലിയുടെ കൊലുസുകളില്‍ ഒരെണ്ണം കണ്ടെത്തുന്നു. ആ കൊലുസും കയ്യില്‍ പിടിച്ച് ഗോവിന്ദ എങ്ങോട്ടെന്നില്ലാതെ നടക്കുന്നു. വഴിയില്‍ വെച്ച് ചാവ്‌ലിയുടെ മറുകാലിലെ കൊലുസും ഗോവിന്ദ കണ്ടെടുക്കുന്നു. ചാവ് ലി ജീവിച്ചിരിപ്പുണ്ടെന്ന് ഗോവിന്ദക്ക് ബോധ്യമാകുന്നു. ഒരു നാല്ക്കവലയിലെത്തി ഗോവിന്ദ, എങ്ങോട്ടാണ് പോകേണ്ടതെന്ന് തിട്ടമില്ലാതെ നില്ക്കുന്നു. അതുവഴി കാറില്‍ നവാബ് എത്തുന്നു. ഡ്രൈവറായ ദില്‍വാറിനോട്, ഇതുവഴി ഏതെങ്കിലും പെണ്‍കുട്ടി കടന്നുപോകുന്നത് കണ്ടുവോ എന്ന് ഗോവിന്ദ ചോദിക്കുന്നു. അതിന് കൃത്യമായ മറുപടി ദില്‍വാറിനെക്കൊണ്ട് കൊടുപ്പിക്കാതെ, സംവിധായകന്‍ ദില്‍വാല്‍ പ്യാരിമാരുടെ പ്രണയ ദുരന്തവും തുടര്‍ന്ന് ജോണി സ്‌റ്റെല്ലമാരുടെ പ്രണയനഷ്ടത്തെക്കുറിച്ചും വിശദമാക്കുന്നു. 

സിനിമയുടെ പാതികഴിഞ്ഞ് ചാവ്‌ലി ദേവി വീണ്ടും പ്രത്യക്ഷപ്പെടുന്നു. ഒരു പാറമടയില്‍ കല്ലുചുമട്ടുകാരിയായി ജോലിചെയ്ത്, ഒരുകുടിലില്‍ ഒറ്റക്കു കഴിയുകയാണ് ചാവ്‌ലി. തന്റെ വീട്ടിലേക്ക് ഒരു ദിവസം ചാവ്‌ലിയെ വിളിച്ചുവരുത്തിയ ക്വാറി ഉടമ അവളെ അവിടെവെച്ച് നശിപ്പിക്കാന്‍ ഒരുമ്പെടുന്നു. കയ്യില്‍ കിട്ടിയ ഒരു ഇരുമ്പു കഷണമെടുത്ത് ക്വാറി ഉടമയുടെ തലയില്‍ അടിച്ച് പരുക്കേല്പിച്ചശേഷം ചാവ്‌ലി, തന്റെ കുടിലിലെത്തി തന്റെ മറുതുണികള്‍ ഒരു ഭാണ്ഡമായി ചുരുട്ടിയെടുത്തുകൊണ്ട് പുറത്തേക്കിറങ്ങി ഓടുന്നു. വഴിമധ്യേ ചാവ്‌ലിയെ ഒരാള്‍ തടഞ്ഞുനിര്‍ത്തുന്നു. സിനിമയിലെ നാലാമത്തെ സഹൃദനായ കഥാപാത്രമായ നിര്‍മ്മല്‍ കുമാറാണ് അത്. ചാവ്‌ലി, നിര്‍മല്‍ കുമാറിനോട് നടന്നതെല്ലാം തുറന്നു പറയുന്നു. എന്നാല്‍ ഗോവിന്ദ യുമായുണ്ടായിരുന്ന പ്രണയത്തേക്കുറിച്ചും അതിന്റെ പരിണതിയെ ക്കുറിച്ചും യാതൊന്നും പറയുന്നില്ല.

ഒരു സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനാണ് നിര്‍മ്മല്‍ കുമാര്‍. വാചികഭാഷയില്‍ത്തന്നെ അദ്ദേഹം അത് പ്രഖ്യാപിക്കുന്നു. കഥാകാരനായ കെ എ അബ്ബാസിന്റെ പ്രതീകം തന്നെയാണ് നിര്‍മ്മല്‍ കുമാര്‍ എന്ന കാര്യത്തില്‍ സന്ദേഹമില്ല. 

ചാവ്‌ലിയുമായി അവളുടെ കുടിലില്‍ തിരിച്ചെത്തിയ നിര്‍മ്മല്‍ അവളോട് കുടിക്കാന്‍ വെള്ളം ചോദിക്കുന്നു. താന്‍ ഒരു 'അശുദ്ധ'യാണെന്ന് ചാവ്‌ലി മറുപടി കൊടുക്കുന്നു. കുടിവെള്ളത്തില്‍ അശുദ്ധിയില്ല എന്നു തിരിച്ചുപറഞ്ഞുകൊണ്ട് നിര്‍മ്മല്‍ ചാവ്‌ലിയില്‍ നിന്നും വെള്ളം വാങ്ങിക്കുടിക്കുന്നു. തുടര്‍ന്ന് ചാവ്‌ലിയേയും കൂട്ടി ക്വാറി ഉടമയുടെ വീട്ടില്‍ എത്തിയ നിര്‍മല്‍ ചാവ്‌ലിയോട് മാപ്പുപറയാന്‍ അയാളോട് ആവശ്യപ്പെടുന്നു. എന്നാല്‍ ക്വാറി ഉടമ അതിന് തയാറാകുന്നില്ല. പിറ്റേദിവസം തൊഴിലാളികളെ വിളിച്ചുകൂട്ടി നിര്‍മല്‍ ക്വാറിയില്‍ പണിമുടക്ക് പ്രഖ്യാപിക്കുന്നു. നഷ്ടം ബോധ്യമാകുന്ന ക്വാറി ഉടമ ഗത്യന്തരമില്ലാതെ, തൊഴിലാളികളുടെ ഇടയില്‍ വന്ന് ചാവ്‌ലിയോട് മാപ്പ് പറയുന്നു. മാപ്പ് പറഞ്ഞാല്‍പ്പോരാ, കൊമ്പന്‍ മീശ താഴ്ത്തിവെക്കണമെന്നും തൊഴിലാളികള്‍ ക്വാറി ഉടമയോട് ആവശ്യപ്പെടുന്നു. അയാള്‍ തന്റെ മേല്‍മീശയുടെ രണ്ട്റ്റവും താഴ്ത്തിവെക്കുന്നു. ഇത് കണ്ട് ഒരു തൊഴിലാളി തന്റെ മേല്‍മീശ പിരിച്ചുവെക്കുന്നു!

ചാവ്‌ലി നേരിടുന്ന എല്ലാ പതനങ്ങള്‍ക്കും കാരണം വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് നിര്‍മല്‍ മനസ്സിലാക്കുന്നു. അത് നല്കുന്നതിനായി ചാവ്‌ലിയെ നിര്‍മല്‍ ഒരു പള്ളിക്കൂടത്തിലേക്കു തന്നെ കൂട്ടിക്കൊണ്ടുപോകുന്നു. അവിടെയെത്തിയ ചാവ്‌ലി ബെഞ്ചിലിരിക്കാതെ തറയിലിരിക്കുന്നു. ഇതുകാണുന്ന നിര്‍മ്മല്‍ അവളെ ബെഞ്ചില്‍ കയറി ഇരിക്കാന്‍ നിര്‍ബന്ധിക്കുന്നു. തുടര്‍ന്ന് പാഠങ്ങള്‍ പകര്‍ന്നുനല്കുന്നു.

ഇതിനിടെ പ്രണയബന്ധം വേര്‍പെട്ട പ്യാരിയെ ഒരിടത്ത് അവശനിലയില്‍ കണ്ടെത്തുന്ന നിര്‍മ്മല്‍ അവളെ കൂട്ടിക്കൊണ്ടുവന്ന് ദില്‍വാറിനെ ഏല്‍പ്പിക്കുന്നു. പ്യാരിയുടെ നേര്‍ക്ക് ദില്‍വാറിന്റെ യജമാനനായ നവാബിന് ഒരു നോട്ടമുണ്ടായിരുന്നു. ഈ സംഘര്‍ഷമാണ് ദിന്‍വാറിന് പ്യാരിയെ നഷ്ടമാകാന്‍ കാരണം. അതുപോലെ തന്നെ ജോണിയില്‍ നിന്നും വേര്‍പെട്ടുപോയ സ്‌റ്റെല്ലയേയും നിര്‍മ്മല്‍ കണ്ടെത്തി അവരെ തമ്മില്‍ കൂട്ടിയിണക്കുന്നു. ജോണിയുടെ സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് അവരുടെ പ്രണയം തകരാന്‍ കാരണമായിരുന്നത്. കൗതുകകരമായ വസ്തുത, ചാവ്‌ലിയുടെ പ്രണയിതാവായ ഗോവിന്ദ നിര്‍മ്മലിന്റെ അടുത്തുതന്നെ ഉണ്ടെന്നുള്ള താണ്. എന്നാല്‍ പ്രണയവൃത്താന്തം ചാവ്‌ലി തുറന്നുപറയാതിരുന്നതിനാല്‍ നിര്‍മ്മലിന് ഇരുവരേയും കൂട്ടിയിണക്കാനാവുന്നില്ല. 

കഥയുടെ അവസാനഭാഗങ്ങളിലാണ് സാമൂഹിക പരിവര്‍ത്തനത്തിനായുള്ള തന്റെ കാഴ്ച്ചപ്പാടുകള്‍ നിര്‍മ്മലിലൂടെ കെ എ അബ്ബാസ് പ്രഖ്യാപിക്കുന്നത്. യഥാതഥമായ ആഖ്യാനഗതിവിട്ട് കഥനീയത അന്ത്യ രംഗങ്ങളില്‍ പ്രതീകാത്മകമായി മാറുന്നു. ജാതി - മതരഹിതവും, സാമ്പത്തിക - വിദ്യാഭ്യാസ മേഖലകളില്‍ സമത്വമുള്ള ഒരു നവലോകം സൃഷ്ടിക്കേണ്ടിയിരിക്കുന്നു. അസമത്വത്തിന്റെ പ്രതീകമായി ക്വാറിയില്‍ ഉയര്‍ന്നുനില്ക്കുന്ന കരിങ്കല്ലുപാറയാണ് ഇവിടെ പ്രതിബന്ധമായി നില്ക്കുന്നത്. അതിനെ ഡയനാമൈറ്റ് വെച്ച് തകര്‍ക്കണം! ആര് അത് ചെയ്യണം? ജോണിയും ദില്‍വാറും ചാവ്‌ലിയുമൊക്കെ (കഥാന്ത്യം വരെ ഗോവിന്ദ അദൃശ്യനാണ്) ഒന്നു ചേര്‍ന്ന് നിന്ന് ഒരു വിസ്‌ഫോടനം നടത്തിയാലേ പാറയെ നീക്കം ചെയ്യാനാവൂ. മതവിശ്വാസത്തിന്റേയും സാമ്പത്തിന്റേയും പദവിയുടേയുമൊക്കെപ്പേരില്‍ വിഷടിച്ചുനിന്നാല്‍ ഒരു വിപ്ലവം (വിസ്‌ഫോടനം) നടത്താന്‍ സാധ്യമല്ല. വിപ്ലവം നടന്നില്ലെങ്കില്‍ ഈ സ്ഥിതി തുടരും. അതിനര്‍ത്ഥം സമത്വസുന്ദരമായ ഒരു ലോകസൃഷ്ടി ഒരിക്കലും സാധ്യമാവില്ല എന്നാണ്.

പാറയെ പിളര്‍ക്കുന്നതിനുള്ള ഡയനാമൈറ്റ് വെക്കാന്‍ ആദ്യം ആര് കയറണം? തേതാവുതന്നെ! തനിക്ക് പിന്നാലെ കയറണമെന്ന് ജോണിക്കും ചാവ്‌ലിക്കും നിര്‍ദ്ദേശം നല്കിയശേഷം നിര്‍മ്മല്‍ ഡയനാമൈറ്റ് വെക്കുന്നതിനായി പാറയുടെ മുകളില്‍ കുറ്റിയടിച്ചു കെട്ടിയിരുന്ന വടത്തില്‍ ചുറ്റിപ്പിടിച്ച് കയറുന്നു. പക്ഷെ ശത്രു വിനാശമടഞ്ഞിട്ടുണ്ടായിരുന്നില്ല. ക്വാറി ഉടമ ഏര്‍പ്പെടുത്തിയയാള്‍ മറവില്‍ നിന്നും വന്ന് നിര്‍മ്മല്‍ പിടിച്ചുകയറിയ വടം മഴുകൊണ്ട് വെട്ടിമുറിച്ചു. എല്ലാവരിലും നടുക്കമുളവാക്കിക്കൊണ്ട്, നിര്‍മ്മല്‍ പാറമടയില്‍ വീണുമരിക്കുന്നു. പക്ഷെ, വിപ്ലവത്തിന് തയാറെടുക്കുന്ന തൊഴിലാളിവര്‍ഗം ആദ്യത്തെ തിരിച്ചടികള്‍ക്കു ശേഷമാണെങ്കില്‍പ്പോലും അടിപതറി പിന്‍തിരിയാന്‍ പാടുള്ളതല്ല. നിര്‍മ്മല്‍ പറഞ്ഞതനുസരിച്ച് ആദ്യം ജോണിയും തുടര്‍ന്ന് ചാവ്‌ലിയും രണ്ട് വ്യത്യസ്ഥ വടങ്ങളില്‍ ചുറ്റിപ്പിടിച്ച് മുകളിലേക്ക് കയറുന്നു. ശത്രു, ചാവ്‌ലി കയറുന്ന വടം മുറിച്ചുകൊണ്ടിരുന്നെങ്കിലും മുകളിലെത്തിക്കഴിഞ്ഞ അവളെ പെട്ടെന്ന് അവിടെ പ്രത്യക്ഷപ്പെടുന്ന ഗോവിന്ദ, വീഴ്ച്ചയില്‍ നിന്നും രക്ഷിക്കുന്നു. പുനസ്സമാഗമത്തിന്റെ സന്തോഷം ഇരുവരും പങ്കുവെക്കുമ്പോള്‍ സിനിമ അവസാനിക്കുന്നു. 

സാമൂഹ്യ ശാസ്ത്രജ്ഞനായ ഡോ. ബി ആര്‍ അംബേഡ്കര്‍ പരിനിര്‍വാണം പ്രാപിച്ചതിന് 3 വര്‍ഷം കഴിഞ്ഞാണ് 'ചാര്‍ ദില്‍ ചാര്‍ രഹേന്‍' പുറത്തുവരുന്നത്. ജാതി ഉന്മൂലനത്തിനായി അദ്ദേഹം മുന്നോട്ടുവെച്ച ചിന്താപദ്ധതി സമൂഹത്തില്‍ ചര്‍ച്ചക്ക് വിധേയമാകുന്ന കാലമാണത്. കെ എ അബ്ബാസും ആ ചര്‍ച്ചകളില്‍ സജീവമായി പങ്കുകൊണ്ടിരുന്നു എന്നുള്ളതിന്റെ ചരിത്ര സാക്ഷ്യമാണ് ഈ സിനിമ. അധഃസ്ഥിതരായ ആളുകളുടെ ഉന്നമനത്തിനായി അവര്‍ക്ക് വിദ്യാഭ്യാസം നല്‌കേണ്ടതിന്റേയും ജാതിരഹിത സമൂഹം സൃഷ്ടിക്കുന്നതിനായി മിശ്രവിവാഹം, മിശ്രഭോജനം തുടങ്ങിയ പ്രക്രിയകള്‍ സജീവമാക്കേണ്ടതുണ്ടെന്നും മറ്റുമുള്ള നിര്‍ദ്ദേശങ്ങളാണ് അക്കാലത്തെ ചര്‍ച്ചകളിലൂടെ മുന്നോട്ടുവെക്കപ്പെട്ടത്. ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ അയിത്തം കല്പിച്ച് അകറ്റിനിര്‍ത്തിയാല്‍ ഒരിക്കലും രാജ്യം സാമൂഹ്യ പുരോഗതി കൈവരിക്കാന്‍ പോകുന്നില്ല. അതിന് ആദ്യം വേണ്ടത്, ഉപരിവര്‍ഗങ്ങള്‍ തങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരുത്തുക എന്നുള്ളതാണ്.

'അയിത്തമെന്നാല്‍, ഒരാള്‍ക്ക് മറ്റൊരാളോട് തോന്നുന്ന ആന്തരിക നിരാകരണ ത്തിന്റെ പ്രകടരുപമാണ്' എന്ന് അംബേഡ്കര്‍ അയിത്തത്തെ നിര്‍വചിച്ചു. ആന്തരിക സ്വീകരണം സൃഷ്ടിക്കുന്നതിന് പ്രണയത്തിള്ള അപാര ശക്തിയെന്തെന്ന് കെ എ അബ്ബാസ് 'നാല് ഹൃദയങ്ങ'ളിലൂടെ വ്യക്തമാക്കി. പ്രണയത്തെ നിരാകരിക്കുമ്പോള്‍ നിങ്ങള്‍ സാമൂഹ്യ പുരോഗതിയെയാണ് തടസ്സപ്പെടുത്തുന്നതെന്ന് ഈ സിനിമ ഓര്‍മ്മപ്പെടുത്തുന്നു. 

കപൂര്‍ സഹോദരങ്ങളാണ് പാത്രാവതരണത്തില്‍ മുന്‍നിരയില്‍. രാജ് കപൂര്‍ ഗോവിന്ദയേയും ജോണിയെ ഷമ്മി കപൂറും അവതരിപ്പിക്കുന്നു. പക്ഷെ, അഭിനയം കൊണ്ട് ഏറെ തിളങ്ങിയത്, നിര്‍മ്മല്‍ കുമാറിനെ അവതരിപ്പിച്ച പി ജയ്രാജ് ആണ്. 'ഷോലെ' എന്ന സനിമയിലെ പൊലീസ് കമ്മീഷണറെ അവതരിപ്പിച്ചത് പി ജയ്രാജ് ആണ്. ദില്‍വാറിനെ അജിത്തും അവതരിപ്പിക്കുന്നു. സ്ത്രീ കഥാപാത്രങ്ങളില്‍, മീനാ കുമാരി ചാവ്‌ലി ദേവിയേയും പ്യാരിയെ നിമ്മിയും സ്റ്റെല്ല ഡി'സൂസയെ കുംകും എന്ന നടിയും അവതരിപ്പിക്കുന്നു.

ഖ്വാജ അഹമ്മദ് അബ്ബാസിനോടൊപ്പം ഇന്ദര്‍ രാജ് ആനന്ദും വി പി സാഥെയും ചേര്‍ന്നാണ് തിരക്കഥ തയാറാക്കിയത്. ഹിന്ദുസ്ഥാനി സംഗീതത്തിന്റേതായ വശ്യതയുണ്ടെന്നതൊഴിച്ചാല്‍ പാട്ടുകളൊന്നും അങ്ങേയറ്റം ഹിറ്റായവയല്ല. ഗാനരചന അനില്‍ ബിശ്വാസും സംഗീതസംവിധാനം എസ് രാമചന്ദ്രയും നിര്‍വഹിച്ചു. ജനപ്രിയ നടന്മാരെവെച്ച് സമാന്തര സിനിമയെടുക്കാന്‍ ധൈര്യപ്പെട്ട ഈ സനിമ പക്ഷെ ബോക്‌സ് ഓഫീസ് പരാജയമായിരുന്നു. അതിനുള്ള കാരണം, ദേവേന്ദ്ര ഗോയല്‍ന്റെ 'ചിരാഗ് കഹാന്‍ രോഷ്ണി കഹാന്‍' എന്ന സിനിമയോടും വി. ശാന്താറാമിന്റെ 'നവരംഗ്' നോടുമൊപ്പം റിലീസ് ചെയ്യപ്പെടാനിടയായതാണെന്ന് പറയപ്പെടുന്നു. ഇക്കൂട്ടത്തില്‍ നവരംഗ് ഹിറ്റായിരുന്നു.

1914 ജൂണ്‍ 7 ന് പാനിപ്പട്ടില്‍ ജനിച്ച കെ എ അബ്ബാസ് എന്ന ഖ്വാജ അഹമ്മദ് അബ്ബാസ് ഒരേപോലെ ഹിന്ദിയിലും ഉറുദുവിലും, കഥാകൃത്തും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമൊക്കെയായി സാഹിത്യരംഗത്തും സിനിമാരംഗത്തുമുള്ള ക്രിയാത്മകമായ ഇടപെടലുകളിലൂടെ തിളക്കമാര്‍ന്ന വ്യക്തിത്വത്തിനുടമയായി ജീവിവിച്ചു. 1987 ജൂണ്‍ 1 ന് തന്റെ 72 ആം വയസില്‍ മുബൈയില്‍വെച്ച് കെ എ അബ്ബാസ് അന്തരിച്ചു.ബ്രാഹ്മണ്യം എന്നാല്‍.....എന്റെ വീക്ഷണത്തില്‍ ഈ രാജ്യത്തെ തൊഴിലാളികള്‍ക്ക് രണ്ട് ശത്രുക്കളെ എതിരിടേണ്ടതുണ്ട്. 'ബ്രാഹ്മണമേധാവിത്വും മുതലാളിത്തവും' ആണ് ആ രണ്ട് ശത്രുക്കള്‍. വിമര്‍ശകര്‍ നുക്കെതിരെ ആരോപണമുന്നയിക്കുന്നതിന്റെ ഭാഗികമായ കാരണം അവര്‍ ബ്രാഹ്മണ മേധാവിത്വത്തെ തൊഴിലാളികള്‍ക്ക് നേരിടേണ്ടിവരുന്ന ഒരു ശത്രുവായി കാണുന്നില്ല എന്നതാണ്. ബ്രാഹ്മണ മേധാവിത്വത്തെ ശത്രുവായി കാണണമെന്ന് ഞാന്‍ പറയുമ്പോള്‍ തെറ്റിദ്ധരിക്കരുത്. ഒരു സമുദായം എന്ന നിലക്ക് ബ്രാഹ്മണര്‍ അനുഭവിക്കുന്ന അധികാരം, സവിശേഷാവകാശങ്ങള്‍, താത്പര്യങ്ങള്‍ എന്നിവയെയല്ല ഞാന്‍ അര്‍ത്ഥമാക്കുന്നത്. ആ അര്‍ത്ഥത്തില്‍ അത് ബ്രാഹ്മണരില്‍ മാത്രം ഒതുങ്ങുന്നില്ല; എല്ലാ വര്‍ഗക്കാര്‍ക്കിടയിലും ഉണ്ട് - ബ്രാഹ്മണരായിരിക്കും അതിന്റെ ഉപജ്ഞാതാക്കള്‍ എങ്കിലും എല്ലാ വര്‍ഗങ്ങളുടേയും ചിന്തകളേയും പ്രവൃത്തികളേയും ക്രമീകരിക്കുന്ന, സര്‍വവ്യാപിയായ ബ്രാഹ്മണ്യം ഒരു വസ്തുതയാണ്. ഈ ബ്രാഹ്മണ്യം ചില വര്‍ഗക്കാര്‍ക്ക് സവിശേഷമായ പദവി നല്കുന്നു എന്നുള്ളതും നിഷേധിക്കാനാവാത്ത വസ്തുതയാണ്. മറ്റുചില വര്‍ഗക്കാര്‍ക്ക് അത് അവസരസമത്വം പോലും നിഷേധിക്കുന്നു. (37.167)ഐക്യം ഉണ്ടാകാത്തത്അധഃകൃതവര്‍ഗക്കാര്‍ അങ്ങേയറ്റം ദുര്‍ബലരാണ്. അതുകൊണ്ട് ഐക്യം എന്ന വാക്കിന് അവരെ സംബന്ധിച്ചിടത്തോളം വല്ലാത്ത ഒരു മാന്ത്രിക ശക്തിയുണ്ട്; പ്രത്യേകിച്ചും സ്വാധീനമുള്ള ഒരു പ്രചാരകന്റെ ചുണ്ടുകളില്‍ നിന്നു വരുമ്പോള്‍. പക്ഷെ, വികാരങ്ങളും സമീപനങ്ങളും എല്ലാത്തരത്തിലും എതിര്‍ നില്‍ക്കുന്ന ഒരാളുടെ അവകാശങ്ങളും താത്പര്യങ്ങളും മറ്റൊരാളുടേതിന് നേര്‍വിപരീതമാകുന്ന രണ്ടു കക്ഷികള്‍ തമ്മില്‍ ശരിയായ ഐക്യം ഒരിക്കലും സാധ്യമല്ല. അത്തരം ആളുകള്‍ക്കിടയിലെ ഐക്യം ദുര്‍ബലരും ദുരിതമനുഭവിക്കുന്നവരുമായ കക്ഷിയെ പറ്റിക്കുന്നതിന് തുല്യമാണ്. ഈ തട്ടിപ്പ് തുറന്നുകാട്ടാന്‍ ശ്രമിക്കുന്ന ആത്മാര്‍ത്ഥയുള്ള എല്ലാവരേയും കാപട്യക്കാര്‍ എന്നും വിഘടനം വിതക്കുന്നവര്‍ എന്നും മുദ്രകുത്തുന്നു.


കമ്മ്യൂണിസ്റ്റുകാരുടെ തെറ്റിദ്ധാരണ.കാള്‍ മാക്‌സിന്റെ കൃതികളില്‍ വായിച്ചിട്ടുണ്ടാകും - രണ്ടു വര്‍ഗങ്ങളേയുള്ളൂ - മുതലാളിയും തൊഴിലാളിയും. ഉടനെ ഇന്ത്യയിലെ മുതലാളിത്തത്തെ ഇല്ലായ്മചെയ്യാ നായി മുതലാളി തൊഴിലാളി വ്യത്യാസം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടുപോവുകയാണ്. ഇന്ത്യയിലും ഈ രണ്ടുവര്‍ഗങ്ങളേയുള്ളൂ എന്നാണ് അവരുടെ വിചാരം. ഇതില്‍ രണ്ട് തെറ്റുകള്‍ ഉണ്ട്. സാധ്യതയുള്ളതോ ആദര്‍ശപരമായിട്ടുള്ളതിനെ യോ ആയതിനെ യാഥാര്‍ത്ഥ്യം എന്നു തെറ്റിദ്ധരിക്കുന്നു എന്നതാണ് ഒന്നാമത്തേത്. മുതലാളിയും തൊഴിലാളിയും എന്ന തരത്തില്‍ കൃത്യമായി സമൂഹത്തില്‍ രണ്ടുതരം വര്‍ഗങ്ങളേയുള്ളൂ എന്ന് മാക്‌സ് ഒരിക്കലും സിദ്ധാന്തരൂപത്തില്‍ പറഞ്ഞിട്ടില്ല. അത് ശരിയുമല്ല. അതുകൊണ്ടുതന്നെ അതില്‍ പടുത്തുയര്‍ത്തി നടത്തുന്ന പ്രചരണങ്ങള്‍ വിജയിക്കാനിടയില്ല എന്ന അപകടം കൂടിയുണ്ട്. എല്ലാ വര്‍ഗങ്ങളിലും ഒരു ധനികനും, യുക്തിചിന്തകനും, വിവേകമതിയും ഉണ്ടെന്നു പറയുന്നതുപോലെതന്നെ അത് തെറ്റാണ്. (37.169)


2018, ജനുവരി 20, ശനിയാഴ്‌ച

ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്ക്കുന്ന ബ്രാഹ്മണ്യത്തിന്റെ ദുരന്തഫലം.ബ്രാഹ്മണ്യം ചിലവര്‍ഗക്കാര്‍ക്ക് സവിശേഷമായ പദവി നല്കുന്നു എന്നുള്ള നിഷേധിക്കാനാവാത്ത വസ്തുതയാണ്. മറ്റുചില വര്‍ഗക്കാര്‍ക്ക് അത് അവസരസമത്വം പോലും നിഷേധിക്കുന്നു. പന്തിഭോജനം, മിശ്രവിവാഹം ഇത്യാദി സാമൂഹികാവകാ ശങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല, ബ്രാഹ്മണ്യത്തിന്റെ പ്രത്യാഘാതങ്ങള്‍. അത്രയേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ആരും അത് ശ്രദ്ധിക്കില്ലായിരുന്നു. പക്ഷെ അതല്ല, അത് സാമുഹികാവകാശങ്ങളുടെ മണ്ഡലം വിട്ട് പൗരാവകാശങ്ങളിലേക്കും വ്യാപിക്കുന്നു. പൊതുവിദ്യാലയങ്ങള്‍, പൊതുകിണറുകള്‍, പൊതുഗതാഗതമാര്‍ഗങ്ങള്‍, പൊതുഭോജനശാലകള്‍, എന്നിവയുടെ ഉപയോഗം പൗരാവകാശങ്ങളില്‍പ്പെടും. പൊതുജനത്തിനുവേണ്ടിയുള്ളതും പൊതുഖജനാവില്‍ നിന്ന് പണം ചെലവാക്കി നിലനില്‍ക്കുന്നതുമായ എല്ലാ സ്ഥാപനങ്ങളും എല്ലാ പൗരന്മാര്‍ക്കും ഉപയോഗിക്കാന്‍ കഴിയണം. പക്ഷെ, ഈ പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഉണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഈ രാജ്യത്ത് നടമാടുകയും ഇപ്പോഴും സജീവമായി നിലനില്ക്കുന്നതുമായ ബ്രാഹ്മണ്യത്തിന്റെ ഫലമല്ല ഇതെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ? (37.167)ചൗരംഗ: പ്രശ്‌നാവതരണം സമ്പൂര്‍ണം, പരിഹാരനിര്‍ദ്ദേശമില്ല.ബിഗാസ് രഞ്ജന്‍ മിശ്ര, രചനയും സംവിധാനവും നിര്‍ഹിച്ച് 2014 ല്‍ പുറത്തിറക്കിയ 'ചൗരംഗ' എന്ന സിനിമ, പരിഹാരം തേടേണ്ടുന്ന സാമൂഹിക ദുരവസ്ഥകളെ മുന്‍നിര്‍ത്തിയുള്ള പ്രശ്‌നാവതരണം എന്ന നിലയില്‍ ശ്രദ്ധേയമാണ്. പക്ഷെ അവതരിപ്പിക്കപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് തന്റേതായ ഒരു പരിഹാരം നിര്‍ദ്ദേശിക്കു ന്നില്ല എന്നത് സിനിമയിലെ ഏറ്റവും വലിയ പോരായ്മയാണ്. പ്രശ്‌നങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തേണ്ടത് സിനിമാക്കാരന്റെ പ്രതിബദ്ധതയാണ്; അതുകൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല.

നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ 2011 - 2013 കാലയളവിലെ സ്ഥിതിവിവരക്കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ട് സിനിമ അവസാനിക്കുന്നു; ഇന്ത്യയില്‍ ഓരോ ദിവസവും 2 ദലിതര്‍ വീതം കൊല്ലപ്പെടുന്നു. ഓരോ 4 മണിക്കൂറിലും ഒരു ദലിത് സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു. ഓരോ 2 മണിക്കൂറിലും ഒരു ദലിതന്‍ പീഡിപ്പിക്കപ്പെടുന്നു. ഓരോ മാസവും 18 ദലിത് കുടിലുകള്‍/വസ്തുവകകള്‍ അഗ്നിക്കിരയാക്കപ്പെടുന്നു. ഓരോ ആഴ്ചയിലും 11 ദലിതര്‍ വീതം കാണപ്പെടാതാകുന്നു! ഇന്ത്യന്‍ സമൂഹത്തില്‍ സംഭവിക്കുന്നതെന്താണെന്ന് സിനിമയില്‍ വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ സംഭവിക്കുന്നതിനുള്ള കാരണം ആദ്യമായി നിരീക്ഷിച്ചത് സാമൂഹ്യ ശാസ്ത്രജ്ഞന്‍ ഡോ. ബി ആര്‍ അംബേഡ്കറാണ്. അത് മനസ്സിലാക്കാത്തതിനാലാണ്, ഭംഗിയായി വിഷയമവതരിപ്പിച്ചിട്ടും ബിഗാസ് രഞ്ജന്‍ മിശ്രക്ക് പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിയാതെ പോയത്. 

ചരിത്രത്തിലുടനീളം ഇന്ത്യയുടെ വിധിയായിത്തീര്‍ന്ന പരാജയത്തിനു കാരണം, നിശ്ചയമായും ജാതി തന്നെയാണ്. ജാതി പൊതുവായി സംഘടിപ്പിക്കലിനേയും സമാഹരണത്തേയും തടഞ്ഞു. അഥവാ, സംഘടിപ്പിക്കലിന്റേയും സമാഹരണ ത്തിന്റേയും വ്യാപ്തിക്ക് വളരെ പരിമിതമായ സ്വഭാവമേ ഉണ്ടായിരുന്നുള്ളൂ. എന്നിങ്ങനെ ഡോ. അംബേഡ്കര്‍ പ്രശ്‌നത്തിന്റെ കാരണത്തെ കണ്ടെത്തുന്നു. അപ്പോള്‍ പരിഹാരം നിര്‍ദ്ദേശിക്കേണ്ടത് അദ്ദേഹത്തിന്റെ ബാധ്യതയായി മാറുന്നു. പര്ശ്‌നം ജാതീയതയാണെങ്കില്‍ അതിനെ ഉന്മൂലനം ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പരിഹാരമാര്‍ഗം. അതിനായി നിര്‍ദ്ദേശിക്കുന്ന രണ്ട് സാമൂഹിക പരിവര്‍ത്തനപ്രക്രിയകളില്‍ ഒന്നാമത്തേത് 'മിശ്രവിവാഹ'വും മറ്റൊന്ന് 'മിശ്രഭോജന'വുമാണ്. 

മിശ്രവിവാഹത്തിലൂടെ ജാതീയത ഉന്മൂലനം ചെയ്യപ്പെടുന്നു. ജാതീയത ഇല്ലാത്തിടത്ത് മനുഷ്യന്‍ മാത്രമേയുള്ളൂ, അവരുടെ ഇടയില്‍ വിഭജനമില്ല. വിജ്ഞാനാനം നേടാന്‍ മാത്രം ജനിച്ചവരെന്നും, യുദ്ധം ചെയ്യാന്‍ മാത്രം ജനിച്ചവരെന്നും, കച്ചവടം ചെയ്യാന്‍ മാത്രം ജനിച്ചവരെന്നും, ഈ മൂന്നു വിഭാഗക്കാരെ സേവിക്കാന്‍ മാത്രം ജനിച്ചവരെന്നും മറ്റുമുള്ള വിഭാഗങ്ങള്‍ നിലനില്‍ക്കില്ല. ജാതിരഹിത സമൂഹത്തില്‍ എല്ലാവരും വിദ്യാഭ്യാസം ചെയ്യുന്നു. ജാതിരഹിത സമൂഹത്തില്‍ യുദ്ധം ചെയ്യേണ്ടിവന്നാല്‍ എല്ലാവരും ചേര്‍ന്ന് യുദ്ധം ചെയ്യുന്നു. ജാതിരഹിത സമൂഹത്തില്‍ ലാഭം കൊയ്യാന്‍ സാഹചര്യമില്ലെങ്കിലും പൊതുവിതരണ സമ്പ്രദായം എന്ന നിലയില്‍ കച്ചവടം എല്ലാവരുടേയും ചുമതലയാണ്. ജാതിരഹിത സമൂഹത്തില്‍ എല്ലാവരും പരസ്പരം സേവിക്കുന്നു. ആരും ആരുടേയും മുകളിലല്ല. ആരും ആരുടേയും കീഴിലുമല്ല. 

ബീഹാറിലെ ഒരു ഗ്രാമത്തില്‍ നിലനില്ക്കുന്ന ബ്രാഹ്മണ - ദലിത സംഘര്‍ഷത്തിന്റെ ദൃശ്യവത്കരണത്തിലൂടെയാണ് സംവിധായകന്‍, ഉച്ചാടനം ചെയ്യപ്പെടേണ്ട പ്രശ്‌നങ്ങളെ അവതരിപ്പിക്കുന്നത്. മറ്റുള്ള സിനിമകളില്‍നിന്നും ഏറെ വ്യത്യസ്ഥമായ ദൃശ്യസങ്കലനവ്യവസ്ഥകളുടെ പാലനത്തിലൂടെ, വാചികഭാഷക്ക് അതീതമായി സിനിമ സംവേദനക്ഷമാകുന്നതിന്, ദൃശ്യതയില്‍ ചെലുത്തപ്പെടുന്ന ശക്തി പ്രാധാന്യമര്‍ഹിക്കു ന്നുവെന്നും, അതിന് പിന്‍ബലമേകുന്നത് സാമൂഹിക ശാസ്ത്രത്തില്‍ ആര്‍ജിക്കുന്ന ജ്ഞാനമാണ് അവശ്യംവേണ്ടതെന്ന രാഷ്ട്രീയപാഠവും ഈ സിനിമ ഉള്‍ക്കൊള്ളുന്നു.

ബ്രാഹമണരായ ധാവല്‍കുടുംബത്തിന്റെ ഭവനത്തിന് സമീപമുള്ള ബസ്തിയിലാണ് ദലിത് വിധവയായ ധനിയയും അവരുടെ രണ്ട് ആണ്‍മക്കളും താമസിക്കുന്നത്. ധനിയയുടെ മൂത്തമകനെ അകലെയുള്ള വിദ്യാലയത്തില്‍ പഠനത്തിനായി പറഞ്ഞയച്ചിരുന്നുവെങ്കിലും ഇളയ മകനായ സന്തുവിനെ പതിനാല് വയസ്സായിട്ടും പള്ളിക്കൂടത്തില്‍ ചേര്‍ത്തിരുന്നില്ല. അവനെ വീട്ടില്‍ വളര്‍ത്തുന്ന പന്നിയെ നോക്കുന്നതിന് ചുമതലപ്പെടുത്തി. ധനിയ ധാവല്‍ കുടുംബത്തിലെ വീട്ടുവേലകള്‍ ചെയ്തുകൊടുക്കുമായിരുന്നു. പന്നിയെ പരിപാലിക്കുന്ന രാവിലെത്തെ ജോലി ചെയ്തശേഷം എല്ലാ ദിവസവും സന്തു വഴിയരികിലുള്ള പേരാലിന്റെ കൊമ്പത്ത് കയറിയിരിക്കുക പതിവാണ്. താഴെ, പള്ളിക്കൂടത്തിലേക്ക് സ്‌കൂട്ടറില്‍ കടന്നുപോകുന്ന ധാവലിന്റെ മകള്‍ മോനയെ കാണുന്നതിനായാണ് സന്തു പേരാല്‍ മരത്തില്‍ ദിവസേന കയറിയിരിക്കുന്നത്. ക്രമേണ സന്തുവിന്റെ ഉള്ളില്‍ മോനയോട് ഒരു അടുപ്പം നാമ്പിട്ടു. എന്നാല്‍ മോനയോട് അത് തുറന്നു പറയാന്‍ സന്തു ധൈര്യപ്പെട്ടില്ല. സന്തുവിന്റെ മൂത്ത സഹോദരന്‍ ബജ്രംഗി പള്ളിക്കൂടത്തില്‍ നിന്നും അവധിക്കു വന്നപ്പോള്‍, അയാളെക്കൊണ്ട് ഒരു പ്രണയക്കുറിപ്പ് എഴുതിച്ച് സന്തു മോനക്ക് കൈമാറുന്നു.

വിദ്യാലയത്തില്‍ നിന്നുള്ള വരവില്‍ത്തന്നെ, സമപ്രായക്കാരയ രണ്ട് ബ്രാഹ്മണ ക്കുട്ടികളെത്തി ബജ്രംഗിയെ മര്‍ദ്ദിക്കുന്നുണ്ട്. ധാവലാകട്ടെ ധനിയയെ ലൈംഗികമായി ചൂഷണം ചെയ്യുന്നുമുണ്ടായിരുന്നു. തന്റെ മക്കള്‍ ഈ വിവരം മനസിലാക്കിയിട്ടുണ്ട് എന്നറിഞ്ഞെങ്കിലും ധനിയ തന്റെയും മക്കളുടേയും സുരക്ഷയെക്കരുതി എല്ലാം സഹിക്കുകയായിരുന്നു. സന്തു മോനക്ക് കൈമാറിയ പ്രണയക്കുറിപ്പ് ധാവലിന്‍ഖെ കയ്യിലെത്തുന്നു. അന്ന് രാത്രി ധാവല്‍ ധനിയയെ ബലാത്സംഗംചെയ്ത് കൊല്ലുന്നു. സന്തുവിനെ വകവരുത്താന്‍ ബ്രാഹ്മണകുമാരന്മാരെ ധാവല്‍ ഏര്‍പ്പാടാക്കുന്നു. സന്തുവിനേയും ബജ്രംഗിയേയും കൊല്ലുന്നതിനായി ബ്രാഹ്മണകുമാരന്മാര്‍ നിരത്തിലൂടെയും ബസ്തിയിലൂടെയും പിന്തുടര്‍ന്ന് ഓടിക്കുന്നു. ഒരു പാറപ്പുറത്തേക്ക് കയറുന്ന ബജ്രംഗിയെ ബ്രാഹ്മണകുമാരന്മാരിലൊരാള്‍ വലിയൊരു കല്ല് തലയിടിച്ച് കൊലപ്പെടുത്തുന്നു. മറ്റേയാള്‍ സന്തുവിനെ റെയില്‍വേ ട്രാക്കിലൂടെ ഓടിക്കുന്നു. അതുവഴി കടന്നുപോകുന്ന ട്രെയിനില്‍ സന്തു അള്ളിപ്പിടിച്ചു കയറുന്നു. ട്രെയിന്‍ മുമ്പോട്ടു പോകുന്നു....

കെട്ടുറപ്പുള്ള ദൃശ്യഘടനയുണ്ട് ചൗരംഗ സിനിമക്ക് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. തുടക്കത്തില്‍ സൂചിപ്പിച്ച, പ്രശ്‌നപരിഹാരനിര്‍ദ്ദേശത്തിന്റെ അഭാവം ദൃശ്യതന്ത്ര ത്തില്‍ സംവിധായകന്‍ ചെലുത്തിയ ശക്തിസാന്ദ്രതയെ നിഷ്പ്രയോജനകര മാക്കിത്തീര്‍ത്തു. ദൃശ്യസങ്കലന വ്യവസ്ഥയില്‍ മൗലികതയുണ്ട്. അക്കാര്യത്തില്‍ പതിവിനു വിരുദ്ധമായി ഒരുതരം മാന്ത്രികത സിനിമയുടെ സങ്കലനവ്യവസ്ഥയില്‍ അവതരിപ്പിക്കാനായിട്ടുണ്ട്. ദലിതരുടെ മോചനം വിദ്യാഭ്യാസം നേടുന്നതിലൂടെ മാത്രം എന്ന നിര്‍ദ്ദേശം ആ വ്യവസ്ഥകളില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കില്‍ ചൗരംഗ അങ്ങേയറ്റം കുറ്റമറ്റതാകുമായിരുന്നു. 

ബ്രാഹ്മണ്യം ആത്മാവില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള അവിഭാജ്യതയല്ല, ശരീരത്തില്‍ താത്കാലിക ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നതിനായി കല്പിക്കപ്പെട്ടിരിക്കുന്ന അധികാരവ്യവസ്ഥ മാത്രമാണെന്ന്, ബ്രാഹ്മണ കഥാപാത്രമായ ധാവല്‍ നിരന്തരം ബോധ്യപ്പെടുത്തുന്നതു കാണാം. ദലിത് വനിതയോട് അനാശാസ്യമായി ഇടപെടുമ്പോള്‍ ബ്രാഹ്മണന്‍ പൂണൂല് ഊരിമാറ്റുന്നു. ശരീരത്തില്‍ നിന്നും വേര്‍പെടുത്തിയാല്‍ ബ്രാഹ്മണിക്കല്‍ വിരുദ്ധമായ ഏതൊരുപ്രവൃത്തിയും ചെയ്യുന്നതിന് കുഴപ്പമില്ല എന്നൊരു വിമര്‍ശനപാഠവും ഈ ദൃശ്യങ്ങള്‍ നല്കുന്നു. സ്ത്രീകളോടുള്ള സമീപനത്തില്‍ സവര്‍ണപുരുഷന്‍ ഏകത പുലര്‍ത്തുന്നതുകാണാം. ഇന്ത്യന്‍ സാമൂഹിക ചരിത്രവും അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ദലിതായ ധനിയയും ധാവലിന്റെ ഭാര്യയായ നിധിയും മകളായ മോനയും തുല്യപീഡിതരാണ്. ബ്രാഹ്മണനെ പാദപൂജ ചെയ്യേണ്ടത് ദലിത് വനിത. മുഖത്ത് ആരതിയുഴിയേണ്ടത് ബ്രാഹ്മണ വനിത! അത്തരത്തില്‍ ഒരു ഉച്ചനീചത്വം മാത്രമേ ഇക്കാര്യത്തില്‍ ദീക്ഷിക്കുന്നുള്ളൂ.

ധാവലിനെ സഞ്ജയ് സൂരിയും ധാനിയയെ തന്നിഷ്ട ചാറ്റര്‍ജിയും റിഥി സെന്‍ ബജ്രംഗിയേയും സോഹം മൈത്ര സന്തുവിനേയും അവതരിപ്പിക്കുന്നു. മറ്റു നടീനടന്മാരില്‍ നിധിയായി അര്‍പിത പാലും മോനയായി എനാ സാഹയും വേഷമിടുന്നു. ധാവലിന്റെ അച്ഛന്‍ പാണ്ഡെയെ അവതരിപ്പിക്കുകൊണ്ട് മുതിര്‍ന്ന നടന്‍ ധൃതിമാന്‍ ചാറ്റര്‍ജിയും ചൗരംഗയിലെ പാത്രാവതരണത്തെ സമ്പൂര്‍ണമാക്കി.

ടിവി സിനിമകളും ചെറു സിനിമകളും ഒട്ടേറെ എടുത്തിട്ടുള്ള ബികാസ് രഞ്ജന്‍ മിശ്രയുടെ ആദ്യത്തെ മുഴുനീള സിനിമയാണ് ചൗരംഗ. നാഷനല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റേയും ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവെലിന്റേയും ബെര്‍ലിന്‍ ഇന്റര്‍ നാഷനല്‍ ഫിലിം ഫെസ്റ്റിവെലിന്റേയും സംയുക്ത സംരഭത്തില്‍ നിര്‍മിച്ച ചൗരംഗ, ലോസ് ഏഞ്ചല്‍സില്‍ നടന്ന പതിമൂന്നാമത് ഇന്‍ഡ്യന്‍ ഇന്‍ര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവെലില്‍ നിന്നും ഗ്രാന്റ് ജൂറി പ്രൈസ് നേടുകയുണ്ടായി. 2014 ല്‍ നടന്ന മുംബൈ ഫിലിം ഫെസ്റ്റിവെലില്‍ ചൗരംഗ മികച്ച സിനിമക്കുള്ള ഗോള്‍ഡന്‍ ഗേറ്റ് വേ അവാര്‍ഡും കരസ്ഥമാക്കി.2018, ജനുവരി 19, വെള്ളിയാഴ്‌ച

ക്രിസ്ത്യാനികളും മുസ്ലീങ്ങളും അസ്പൃശ്യരെ താഴ്ന്നവരായി കണക്കാക്കുന്നതെന്തുകൊണ്ട്?ഇസ്ലാമിന്റേയും ക്രിസ്തുമതത്തിന്റേയും ഉപദേശങ്ങളില്‍ ഉച്ചനീചത്വങ്ങള്‍ ഇല്ല. പിന്നെ എന്തുകൊണ്ടാണ് ഈ മതക്കാരും നിങ്ങളെ താഴ്ന്നവരായി കാണുന്നത്? കാരണം ഒന്നേയുള്ളൂ; ഹിന്ദുക്കള്‍ നിങ്ങളെ താഴ്ന്നവരില്‍ താഴ്ന്നവരായി കാണുന്നു. അങ്ങനെയുള്ളപ്പോള്‍ തങ്ങള്‍ അസ്പൃശ്യരെ അപ്രകാരം തന്നെ കണ്ടില്ലെങ്കില്‍ ഹിന്ദുക്കള്‍ തങ്ങളേയും ഏറ്റവും താഴ്ന്നവരായി കാണുമെന്ന് അവര്‍ ഭയക്കുന്നു. ഇതിന്റെ ഫലമായി മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളെപ്പോലെതന്നെ അസ്പൃശ്യത പാലിക്കുന്നു. അങ്ങനെ നാം ഹിന്ദുക്കളുടെ കണ്ണില്‍ മാത്രമല്ല, ഇന്ത്യയിലാകെ ഏറ്റവും താഴ്ന്ന നിലയിലാണ്; കാരണം ഹിന്ദുക്കള്‍ നമ്മളോട് അങ്ങനെയാണ് പെരുമാറുന്നത്. ഈ നാണംകെട്ട അവസ്ഥ ഇല്ലാതാകണമെങ്കില്‍, ഈ കളങ്കം കഴുകിക്കളഞ്ഞ് ഈ അമൂല്യമായ ജീവിതം സുന്ദരമാക്കണമെങ്കില്‍ ഹിന്ദുമതത്തേയും ഹിന്ദു സമൂഹത്തേയും ഉപേക്ഷിക്കുക എന്ന ഒറ്റ വഴിയേയുള്ളൂ 937.117)

ഹിഡണ്‍ ഫിഗേഴ്‌സ്: തമസ്‌കരിക്കപ്പെട്ട ശാസ്ത്രസത്യങ്ങള്‍


മനുഷ്യന്റെ ശേഷികളെക്കുറിച്ച് നിലനില്ക്കുന്ന അബദ്ധജഡിലവും പിന്തിരിപ്പനുമായ പ്രാഗ്ശാസനകളെ റദ്ദുചെയ്യുന്നതിന് ഒരു ചരിത്ര സംഭവത്തെ പുനഃസാക്ഷാത്കരിക്കു കയാണ് 'ഹിഡന്‍ ഫിഗേഴ്‌സ്' എന്ന ഹോളിവുഡ് സിനിമ. ചില നരവംശങ്ങള്‍ക്ക് സവിശേഷ കഴിവുകളുണ്ടെന്നും മറ്റു ചിലവംശങ്ങള്‍ക്ക് യാതൊരു വിധത്തിലുമുള്ള കഴിവുകളുമില്ലെന്നും കല്പിക്കുന്നതാണ് ഇതുസംബന്ധിച്ച പ്രാഗ്ശാസനകള്‍. മനുഷ്യരുടെ തൊലിനിറത്തേയും, ചില വംശത്തിലുള്ള പിറവിയേയും ആധാരമാക്കി കല്പിക്കപ്പെട്ടിട്ടുള്ള ഈ ശാസനകള്‍ പരീക്ഷണങ്ങളുടേയോ നിരീക്ഷണങ്ങുടേയോ പിന്‍ബലത്തില്‍ രൂപപ്പെടുത്തിയിട്ടുള്ളതല്ല. ഒരു വിഭാഗം, അതായത് എല്ലാ കഴിവുകളും തങ്ങള്‍ക്ക് മാത്രമുള്ള സവിശേഷതയാണെന്നുള്ള അവകാശവാദം ഉന്നയിക്കുന്നവര്‍, മറുവിഭാഗത്തിന് നേര്‍ക്ക് വെച്ചുപുലര്‍ത്തുന്ന അധികാരവ്യവസ്ഥകള്‍ ഒന്നുമാത്രമാണ് 'കഴിവി'നെ സംബന്ധിച്ച ഈ വിവേചനം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഉപരിവര്‍ഗമായ സവര്‍ണര്‍, അവര്‍ അധോവര്‍ഗമെന്ന് കല്പിച്ചിട്ടുള്ള അവര്‍ണര്‍ക്കുമേലാണ് ഈ അധികാരവ്യവസ്ഥ പ്രഖ്യാപിച്ചി്ുള്ളത്. ഈ ശാസനകള്‍ വസ്തുതാപരമാണെന്ന് വരുത്തിത്തീര്‍ക്കുന്നതിനായി, അവര്‍ണര്‍ കഴിവുകള്‍ ആര്‍ജിക്കുന്നതിനെ തടഞ്ഞുനിര്‍ത്തുന്നകാര്യത്തില്‍ സവര്‍ണര്‍ സദാ ബദ്ധശ്രദ്ധരാണ്. ശാസനകള്‍ സംരക്ഷിക്കുന്നതിനായി അവര്‍ നടപ്പാക്കുന്ന പ്രക്രിയകളില്‍ പ്രഥമം, അവര്‍ണരെ ഇല്ലായ്മ ചെയ്യുക എന്നതാണ്. മറ്റൊന്ന്, വിദ്യാഭ്യാസം തുടങ്ങിയ മൗലികാവകാശങ്ങള്‍ തടഞ്ഞുവെക്കുകവഴി എക്കാലവും അവര്‍ണരെ കഴിവുകെട്ടവരായി നിലനിര്‍ത്താം എന്നുള്ളതുമാണ്!

സവര്‍ണനിര്‍മിതികളായ ഇത്തരം ശാസനകളെ തകര്‍ത്തെറിഞ്ഞുകൊണ്ട്, എല്ലാ കഴിവുകളും എല്ലാ മനുഷ്യരിലും തുല്യമാണ് എന്ന് പ്രഖ്യാപിച്ച അവര്‍ണനായ ഡോ. ബി ആര്‍ അംബേഡ്കര്‍ സ്വജീവിതംകൊണ്ട് അത് തെളിയിക്കുകയും ചെയ്തു. എന്നാല്‍ നരവംശം പരിഗണിച്ചാല്‍, കഴിവുകളില്ല എന്ന് ശാസിച്ച് മാറ്റിനിര്‍ത്തപ്പെട്ട അവര്‍ണജാതികള്‍ക്കും അടിമവര്‍ഗങ്ങള്‍ക്കുമാണ് ശേഷിക്കൂടുതല്‍ ഉള്ളതെന്ന് തെളിയിക്കുന്ന ഡോ. അംബേഡ്കറുടെ നിരീക്ഷണം ശ്രദ്ധിക്കുക: 'നീഗ്രോകളെ വന്‍തോതില്‍ നവലോകത്തിലേക്ക് ഇറക്കുമതിചെയ്യാന്‍ 1511 ല്‍ സ്പാനിഷ് ഗവണ്മെന്റ് ഉത്തരവിട്ടു. ഇതിനെത്തുടര്‍ന്ന്, നവലോകത്തെ മനുഷ്യരുടെ പറുദീസയാക്കാന്‍ ആഫ്രിക്കന്‍ നീഗ്രോകളെ ചരക്കുകള്‍പോലെ നിറച്ച അനവധി കപ്പലുകള്‍ വരാന്‍ തുടങ്ങി. കുറച്ചുവര്‍ഷം നീഗ്രോകളും ഇന്ത്യക്കാരും കോണ്‍ക്വിസ്റ്റഡോര്‍ (തെക്കേ അമേരിക്കയിലേക്ക് ആദ്യമായി വന്ന സ്‌പെയിന്‍കാര്‍ കോണ്‍ക്വിസ്റ്റഡോര്‍സ് എന്നാണ് അറിയപ്പെട്ടത്) കളുടെ കീഴില്‍ പണിയെടുത്തു. ഇന്ത്യക്കാരെ അപേക്ഷിച്ച് നീഗ്രോകളുടെ മെയ്ക്കരുത്ത് എളുപ്പം തെളിയിക്കപ്പെട്ടു. നീഗ്രോകളുടെ കായബലം കോണ്‍ക്വിസ്റ്റഡോറില്‍പ്പെട്ട ഒരാള്‍ പരീക്ഷിച്ചു നോക്കുകതന്നെ ചെയ്തു. തടികള്‍ നിറച്ച നാല് പായ്ക്കപ്പലുകള്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍നിന്ന് ഇസ്തുമസ് വഴി പെസഫിക് സമുദ്രത്തിലേക്കയച്ചു. നൂറ്കണക്കിന് ഇന്ത്യക്കാരും 30 നീഗ്രോകളും കപ്പലില്‍ ഉണ്ടായിരുന്നു. പരീക്ഷണം പൂര്‍ത്തിയായപ്പോള്‍ 500 ഇന്ത്യക്കാര്‍ മരിച്ചുപോയതായി അദ്ദേഹം കണ്ടു. എന്നാല്‍ കപ്പലിലുണ്ടായിരുന്ന 30 നീഗ്രോകളും സുരക്ഷിതരായി തിരിച്ചെത്തി. നീഗ്രോകള്‍ പ്രതികൂലാവസ്ഥകള്‍ അതിജീവിച്ചു എന്നുമാത്രമല്ല അവര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്തു. കാരണം, അവരെക്കുറിച്ച് പൊതുവായ ഒരു അഭിപ്രായം ഉരുത്തിരിഞ്ഞുവന്നു. അതായത്, 'കഴുവിലേറ്റപ്പെടുന്നുവെങ്കിലേ ഒരു നീഗ്രോ മരിക്കുന്നുള്ളൂ. അല്ലെങ്കില്‍ അയാള്‍ക്ക് മരണമില്ല. ബലക്ഷയംകൊണ്ട് അയാള്‍ നശിച്ചതായി കേട്ടുകേള്‍വിയില്ല.' (9.96)

നീഗ്രോ വര്‍ഗക്കാരുടെ കായികശേഷി പരിശോധിക്കുന്നതിന് നടത്തപ്പെട്ട ക്രൂരനടപടിയായിരുന്നു ഇതെങ്കിലും അക്കാര്യത്തില്‍ നീഗ്രോകള്‍ സമ്പൂര്‍ണവിജയ മാണെന്ന വസ്തുത ചരിത്രത്തില്‍ സ്ഥാപിക്കപ്പെട്ടു എന്നത് നിഷേധിക്കാനാവില്ല. എന്നാല്‍ ഒരു പരീക്ഷണ നടപടിയുടെ അടിസ്ഥാനത്തിലല്ലെങ്കിലും നീഗ്രോവര്‍ഗക്കാര്‍ ബുദ്ധിശക്തിയിലും മറ്റേതൊരു വര്‍ഗക്കാരേക്കാളും മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്ന വസ്തുതയും തെളിയിക്കപ്പെട്ടിട്ടുണ്ട്. കറുത്ത തൊലിനിറക്കാരായതുകൊണ്ടുതന്നെ നീഗ്രോകളുടെ ബുദ്ധിസാമര്‍ത്ഥ്യത്തെ സംബന്ധിച്ച ഈ നഗ്നസത്യം തമസ്‌കരി ക്കപ്പെടുകയാണുണ്ടായത്. ആ യാഥാര്‍ത്ഥ്യ വസ്തുതകളെ വെളിച്ചത്തുകൊണ്ടുവന്ന സിനിമയാണ് 2016 ല്‍ തിയോഡര്‍ മെല്‍ഫി സംവിധാനം ചെയ്ത് പുറത്തിറക്കിയ ഹോളിവുഡ് സിനിമ 'ഹിഡന്‍ ഫിഗേഴ്‌സ്.'

രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ശീതസമരക്കാലത്തും സോവിയറ്റ് റഷ്യ ശാസ്ത്ര - വ്യോമശാസ്ത്ര രംഗത്ത് വന്‍പിച്ച കുതിപ്പു നടത്തി. 1961 ഏപ്രില്‍ 12 ന് റഷ്യക്കാരനായ യൂറി ഗഗാറില്‍ ബഹിരാകാശത്തു പറന്ന ആദ്യ ലോകപൗരനായി. എതിരാളികളായ അമേരിക്കക്ക് സോവിയറ്റ് റഷ്യയെ വെല്ലേണ്ടതുണ്ടായിരുന്നു. നാസ (NASA - നാഷനല്‍ ഏറോനോട്ടിക്‌സ് ആന്റ് സ്‌പേസ് അഡ്മിനിസ്‌ട്രേന്‍) സ്ഥാപിച്ച് അവരും ശാസ്ത്രരംഗത്ത് സമരസന്നാഹങ്ങള്‍ നടത്തി. തൊട്ടടുത്ത വര്‍ഷംതന്നെ, 1962 ഫെബ്രുവരി 20 ന് നാസയില്‍ നിന്നും ജോണ്‍ ഗ്ലെന്‍, ബഹിരാകാശത്തു പറന്നപ്പോള്‍ അദ്ദേഹം ഈ നേട്ടം കൈവരിക്കുന്ന ആദ്യ അമേരിക്കക്കാരനുമായി. ഈ ചരിത്രവിജയത്തിന് നാസയെ തുണച്ചത്, കാതറീന്‍ ജിം ജോണ്‍സണ്‍, ഡോറത്തി ജോണ്‍സണ്‍ വാഘണ്‍, മേരി ജാക്‌സണ്‍ എന്നീ ഗണിതശാസ്ത്രജ്ഞകളായ നീഗ്രോ വനിതകളുടെ ശേഷികളാണ്. ചുരുക്കത്തില്‍, കറുത്ത വര്‍ഗക്കാരുടെ ബുദ്ധിസാമര്‍ത്ഥ്യ മാണ് നാസയെ ഒരു വന്‍വിജയമാക്കിയത് എന്ന ചരിത്രയാഥാര്‍ത്ഥ്യം നാം അംഗീകരിക്കേണ്ടിയിരിക്കുന്നു!

സമ്പൂര്‍ണമായ ആദരവ് നേടി, അംഗീകാരത്തിന്റെ ഉത്തുംഗശൃംഗത്തില്‍ വിരാജിച്ച മഹിളാമണികളായിരുന്നില്ല നാസയില്‍ ഈ ശാസ്ത്രജ്ഞകള്‍. ഹിഡന്‍ ഫിഗേഴ്‌സ് സിനിമയെക്കുറിച്ച് ഫ്രീപ്രസ് ജേര്‍ണലില്‍ എഴുതിയ റോണിറ്റ ടൊര്‍ക്കാറ്റോ, 'ഇന്ത്യയിലെ ദലിതര്‍ സവര്‍ണരില്‍ നിന്നും നേരിടുന്ന കൊടിയ പീഡനത്തേക്കാളും അവമതിയേക്കാളും കുറഞ്ഞതൊന്നുമല്ല, വെള്ളക്കാരില്‍ നിന്നും ഈ ശാസ്ത്രജ്ഞകളായ കറുത്തവര്‍ഗക്കാരികള്‍ അനുഭവിച്ചിരുന്നത്' എന്ന് രേഖപ്പെടുത്തുന്നു.

നീഗ്രോ ഉദ്യോഗസ്ഥകളെ 'കളേഡ്' (COLORD) എന്ന് തരംതിരിച്ച്, പ്രത്യേകം മുറിയില്‍ മാറ്റിയിരുത്തിയ അതേ ഇടത്തുനിന്നും അവരുടെ നേര്‍ക്കുള്ള വിവേചനം ആരംഭിക്കുന്നു. ആ മുറിക്ക് 'ഹ്യൂമണ്‍ കമ്പ്യൂട്ടേഴ്‌സ്' എന്നു നാമകരണം ചെയ്തത് ശാസ്ത്രലോകത്തെ ഏറ്റവും വലിയ വൈരുധ്യമാണ്. (മനുഷ്യന്‍ എന്ന് പരിഗണന ലഭിക്കാത്തവരെ 'മനുഷ്യ' കമ്പ്യൂട്ടര്‍ എന്ന് വിശേഷിപ്പിക്കുന്നു!). കറുത്ത വര്‍ഗക്കാര്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക വഴികള്‍, ഇടനാഴികള്‍... ചായപകരാന്‍ പ്രത്യേക പാത്രങ്ങള്‍.... ശൗചാലയങ്ങള്‍.... എന്നിങ്ങനെ. ഭൂമിയില്‍ കൊടിയ വര്‍ണവിവേചന ത്തിലൂടെ നീഗ്രോകളെ പീഡിപ്പിച്ച വെള്ളക്കാര്‍, എന്നാല്‍ നീഗ്രോകളുടെ ബുദ്ധിസാ മര്‍ത്ഥ്യമുപയോഗിച്ച് ബഹിരാകാശത്തേക്കുയര്‍ന്നു!

വെള്ളക്കാരായ ഉദ്യോഗസ്ഥന്മാര്‍ ഇളം നിറമുള്ള യൂണിഫോം ധരിക്കുമ്പോള്‍ കറുത്തവര്‍ഗക്കാരായ വനിതകള്‍ ഇരുണ്ട നിറമുള്ള വസ്ത്രങ്ങളേ ധരിക്കാന്‍ പാടുള്ളൂ. മുട്ടിനുമുകളില്‍ ഇറുകിക്കിടക്കുന്ന ഫ്രോക്ക്, മടമ്പുയര്‍ന്ന ചെരിപ്പ്, ഇങ്ങനെയുള്ള വേഷത്തില്‍ വേണം ജോലിക്ക് ഹാജരാകാന്‍. നടക്കാന്‍ പ്രയാസമുള്ള അവസ്ഥയില്‍ അരമൈലോളം സഞ്ചരിച്ചുവേണം ഇവര്‍ക്ക്, നാഗ്രോകള്‍ക്കായുള്ള പ്രത്യേക ശൗചാലയത്തിലെത്താന്‍. മഴവന്നാല്‍ നനയുകയല്ലാതെ നിവൃത്തിയില്ല. അപ്പോഴും അവരുടെ കൈവശം ഒരടുക്ക് ഫയലുകള്‍ ഉണ്ടായിരിക്കും. പ്രാധമിക ആവശ്യം നിര്‍വഹിക്കുമ്പോള്‍പ്പോലും ജോലിചെയ്യുന്ന ശാസ്ത്രജ്ഞകള്‍ ഈ മൂന്ന് നീഗ്രോ വനിതകള്‍ മാത്രമേ ലോകത്ത് ഇന്നുവരെ ഉണ്ടായിരുന്നിട്ടുള്ളൂ. ഒരര്‍ത്ഥത്തില്‍, നീഗ്രോവനിതകള്‍ കക്കൂസിലിരുന്നു കൂട്ടിയ കണക്കുകളാണ് അമേരിക്കയെ ബഹിരാകാശത്ത് എത്തിച്ചതിന് പിന്നിലെ ഈര്‍ജവാഹകങ്ങള്‍ എന്നു കാണാം.

ഈ നീഗ്രോ വനിതകളുടെ ഗണിതശാസ്ത്രമികവുകള്‍ തിരിച്ചറിയുന്ന നാസയിലെ ചീഫ് എല്‍ ഹാരിസണ്‍, അവരെ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കുന്നുണ്ട്. അദ്ദേഹം നേരിട്ടുചെന്ന്, വിവേചനത്തെ സൂചിപ്പിക്കുന്ന എല്ലാ ബോര്‍ഡുകളും നാസയില്‍നിന്ന് തച്ചുടച്ച് നീക്കം ചെയ്തു! എന്നാല്‍ ജോണ്‍ ഗ്ലെന്‍ നടത്തുന്ന ആദ്യ സഞ്ചാരം കാണുന്നതിന്, കണ്‍ട്രോള്‍ റൂമിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ കാതറീന്‍ ജോണ്‍സണെ പുറത്തുനിര്‍ത്തി മറ്റുജീവനക്കാര്‍ വാതിലുപൂട്ടി. എല്‍ ഹാരിസണ്‍ ഇടപെട്ടുവന്ന് വാതില്‍ തുറന്ന് കാതറീന്‍ ജോണ്‍സണെ അകത്തു കയറ്റി. ബഹിരാകാശത്ത് പറക്കുന്ന ജോണ്‍ ഗ്ലെന്നിന് കൈമാറേണ്ടുന്ന കോഡ് കാതറീന്‍ ജോണ്‍സണ്‍ന്റെ കൈവശമായിരുന്നു! 

വെസ്റ്റ് വിര്‍ജീനിയയിലെ കര്‍ഷകനായ ജോഷ്വയുടേയും ജോയ്‌ലറ്റ കോള്‍മാന്റേയും നാല് മക്കളില്‍ ഇളയവളായി 1918 ആഗസ്റ്റ് 26 ന് ജനിച്ച കാതറീന്‍ ജോണ്‍സണ് ഇപ്പോള്‍ 99 വയസായി. ശാസ്ത്രരംഗത്തെ മികവിന് നേടിയിട്ടുള്ള നിരവധി അവാര്‍ഡുകള്‍ക്കുപുറമേ, 2015 ല്‍ രാഷ്ട്രം 'പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം' എന്ന പരമോന്നത ബഹുമതി നല്കി കാതറീനെ ആദരിക്കുകയുണ്ടായി. വാഷിങ്ടണില്‍ ജനിച്ച, നടിയും നിര്‍മാതാവുമായ ടാറാജി പെണ്‍ഡ ഹെന്‍സണാണ് സിനിമയില്‍ കാതറീന്‍ ജോണ്‍സണെ അവതരിപ്പിക്കുന്നത്. 

1910 സെപ്തംബര്‍ 20 ന് ലിയോണാര്‍ഡ് ജോണ്‍സന്റേയും ആനിയുടേയും മകളായി പിറന്ന ഡോറത്തി ഹോവാര്‍ഡ്, മി. വാഘണ്‍ എന്നയാളെ വിവാഹംചെയ്തതോടെ ഡോറത്തി വാഘണായി അറിയപ്പെട്ടു. ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം വിവിധ ശാസ്ത്രസ്ഥാപനങ്ങളിലും നാസയിലും സേവനം അനുഷ്ഠിച്ചു. ഗണിതശാസ്ത്ര ത്തിലെ മികവ് പരിഗണിച്ച് ഡോറത്തി വാഘണ്‍ 'ഹ്യൂമണ്‍ കമ്പ്യൂട്ടര്‍' എന്ന് ബഹുമതിക്കപ്പെട്ടു. നാസയിലെ കമ്പ്യൂട്ടര്‍ ഗ്രൂപ്പിന്റെ, കറുത്തവര്‍ഗക്കാരിയായ ആദ്യത്തെ മേധാവി എന്ന സ്ഥാനത്തേക്ക് ഡോറത്തി ഉയര്‍ന്നു. 2008 നവംബര്‍ 10 ന് തന്റെ 98 ആം വയസില്‍ വിര്‍ജീനിയയില്‍വെച്ച് ഡോറത്തി വാഘണ്‍ അന്തരിച്ചു. ഓബണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലിബറല്‍ ആര്‍ട്ടസ് ല്‍ ബിരുദം നേടയിട്ടുള്ള ഒക്ടാവിയ സ്‌പെന്‍സറാണ് ഹിഡണ്‍ ഫിഗേഴ്‌സില്‍ ഡോറത്തി വാഘണെ അവതരിപ്പിക്കുന്നത്. 

ഫ്രാങ്ക് വിന്‍സ്റ്റണിന്റേയും എല്ലയുടേയും മകളായി 1921 ഏപ്രില്‍ 9 ന് വിര്‍ജീനിയ യിലെ ഹാംപ്ടണില്‍ ജനിച്ച മേരി വിന്‍സ്റ്റണ്‍, നാട്ടില്‍ത്തന്നെയുള്ള ജോര്‍ജ് പി ഫിനിക്‌സ് സ്‌കൂളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ വിജയം നേടി ശ്രദ്ധേയയായി. പിന്നീട്, ഹാംപ്ടണ്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് ഗണിതശാസ്ത്രത്തിലും ഊര്‍ജതന്ത്രത്തിലും ബിരുദം നേടുകയുണ്ടായി. നാസയിലെ സേവനം, കറുത്തവര്‍ഗക്കാരിലെ ആദ്യത്തെ വനിതാ എഞ്ചിനീയര്‍ എന്ന സ്ഥാനത്ത് മേരി ജാക്‌സണെ എത്തിച്ചു. കറുത്തവര്‍ഗ ക്കാരായ കുട്ടികളുടെ വിദ്യാഭ്യാസപുരോഗതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന വംശസ്‌നേഹികൂടിയായ മേരി ജാക്‌സണ്‍ 2005 ഫെബ്രുവരി 11 ന് 83 ആമത്തെ വയസില്‍ അന്തരിച്ചു. നടിയും റെക്കോര്‍ഡിംഗ് ആര്‍ട്ടിസ്റ്റും സംഗീത ആല്‍ബം പ്രൊഡ്യൂസറുമായ ജാനെല്ലി മോനായ് ആണ് മേരി വിന്‍സ്റ്റണെ അവതരിപ്പിക്കുന്നത്. മികച്ച നടിക്കുള്ള ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ഒക്ടാവിയ സ്‌പെന്‍സര്‍ നേടുകയുണ്ടായി.

ഒട്ടനവധി സിനിമകള്‍ നിര്‍മിക്കുകയും നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം നിര്‍വഹിക്കുകയും ചെയ്ത തിയോഡര്‍ മെല്‍ഫിയുടെ ആദ്യ മുഴുനീള സിനിമയാണ് ഹിഡന്‍ ഫിഗേഴ്‌സ്. പ്രസിദ്ധ നടന്‍ കെവിന്‍ കോസ്റ്റനറാണ് നാസ മേധാവിയായ എല്‍ ഹാരിസണെ അവതരിപ്പിക്കുന്നത്. 

മര്‍ഗോത്ത് ലീ ഷെറ്റേര്‍ലിയുടെ 'ഹിഡന്‍ ഫിഗേഴ്‌സ്: ദി അമേരിക്കന്‍ ഡ്രീം ആന്റ് ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ദി ബ്ലാക്ക് വുമണ്‍ മാത്തമാറ്റീഷ്യന്‍സ് ഹു ഹെല്‍പ്പ്ഡ് വിന്‍ ദി സ്‌പേസ് റേസ്' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് തിയോഡര്‍ മെല്‍ഫിയും അല്ലിസണ്‍ ഷ്രോഡറും ചേര്‍ന്ന് സിനിമയുടെ തിരക്കഥ തയാറാക്കിയത്. ഹിഡന്‍ ഫിഗേഴ്‌സില്‍ പരാമര്‍ശിക്കുന്ന ഗണിതശാസ്ത്രജ്ഞകളില്‍ ചിലര്‍ പഠിച്ചിരുന്ന ഹാംപ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ പരിസരത്താണ് മര്‍ഗോത്ത് ലീ വളര്‍ന്നത്. പിന്നീട് 2014 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് വിര്‍ജീനയയില്‍ നിന്നും ഫെല്ലോഷിപ്പോടെ മര്‍ഗോത്ത് ലീ ബിരുദമെടുത്തു. മര്‍ഗോത്തിന്റെ അച്ഛനനാകട്ടെ നാസയില്‍ കറുത്ത വര്‍ഗക്കാരായ എഞ്ചിനീയര്‍മാരുടെ കൂട്ടത്തില്‍ ജോലിചെയ്തിരുന്നു. പുസ്തകത്തിലെ പരമര്‍ശവിധേയകളായ കറുത്ത ഗണിതശാസ്ത്രജ്ഞകളെക്കുറിച്ച് ആധികാരികമായ വിവരങ്ങള്‍ നാസയില്‍ നിന്ന് ലഭിച്ചതിന് അച്ഛന്റെ സേവനം മര്‍ഗോത്ത് ലീക്ക് സഹായകരമായി. ബെസ്റ്റ് അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേക്ക് 2016 അക്കാദമി അവാര്‍ഡ് നോമിനേഷന്‍ ലഭിച്ചു.