"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഡിസംബർ 29, വെള്ളിയാഴ്‌ച

ന്യൂട്ടന്‍: ചുമതലാബോധം സംരക്ഷിച്ചത് ഇന്ത്യന്‍ ഭരണഘടനയെ...!


അമിത് മസൂര്‍ക്കര്‍ സംവിധാനംചെയ്ത്, 2017 ല്‍ പുറത്തിറങ്ങിയ ബോളീവുഡ് സിനിമ 'ന്യൂട്ടന്‍' വ്യത്യസ്ഥനായ ദലിത് നായകനെ അവതരിപ്പിക്കുന്നുവെന്ന ഖ്യാതി ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു. ഈ നിരീക്ഷണത്തെ അപ്പാടെ തള്ളിക്കളയാനാവില്ലെങ്കിലും 'കാര്യക്ഷമത' (ചുമതലാബോധം) എന്ന അനുഭവവേദ്യമായ ഒരു അദൃശ്യകഥാപത്രവും അപരിചിതവത്കരിക്കപ്പെട്ട ഈ ദലിത് നായകനോടൊപ്പം സമാന്തരമായി സഞ്ചരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യവും ന്യൂട്ടന്‍ ഉള്‍ക്കൊള്ളുന്നുവെന്നത് മറ്റൊരു വസ്തുതയാണ്.

കളക്ടറേറ്റില്‍ അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്കാണ് ന്യൂട്ടന്‍ കുമാര്‍ എന്ന അവിവാഹിതനായ ചെറുപ്പക്കാരന്‍. ഒരു പൊതു തെരഞ്ഞെടുപ്പില്‍ അയാള്‍ക്ക്, ഝാര്‍ക്കണ്ടിലെ വനാന്തരിത്തിലുള്ള ബൂത്തിലേക്ക് പ്രിസൈഡിംങ് ഓഫീസറായി നിയമനം ലഭിക്കുന്നു. 70 ല്‍ ചില്വാനും വോട്ടര്‍മാര്‍ മാത്രമുള്ള ഒരു ആദിവാസി ഊരാണ് പോളിങ് സ്‌റ്റേഷന്‍. മാവോയിസ്റ്റ് എന്നു വിളിക്കപ്പെടുന്ന വിമതരുടെ നിരന്തരമായ ആക്രമണത്തിന് വിധേയമാകുന്ന സ്ഥലംകൂടിയാണ് അവിടം. ഒരു സംഘം സായുധരായ പട്ടാളക്കാരോടൊപ്പം ന്യൂട്ടന്റെ പോളിംങ് ടീം സ്ഥലത്തെത്തി. സമീപവാസിയും ബ്ലോക്ക് ലവല്‍ ഓഫീസറുമായ ഒരു ആദിവാസി യുവതിയും അവരോടൊപ്പം പോളിംങ് ജോലിക്കായി ബൂത്തില്‍ ഹാജരാകുന്നു.

എന്നാല്‍, ആദിവാസി ഊര് സമീപത്തായിരുന്നിട്ടും ഉച്ചവരേക്കും ആരുംതന്നെ വോട്ടുചെയ്യാനായി എത്തുന്നില്ല. ഉച്ച തിരിഞ്ഞപ്പോള്‍ കമാന്ററുടെ നേതൃത്വത്തില്‍ പട്ടാള ഉദ്യോഗസ്ഥന്മാര്‍ ഊരില്‍ച്ചെന്ന് ആദിവാസി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും അവിടെനിന്ന് തുരത്തി ബൂത്തിലെത്തിക്കുന്നു. രേഖകള്‍ പരിശോധിച്ചശേഷം ന്യൂട്ടന്‍ അവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചെങ്കിലും ഇലക്ട്രോണിക് വോട്ടിംങ് മെഷീന്റെ അടുത്തുവന്ന അവര്‍ പകച്ചു നില്ക്കുന്നു. അവര്‍ക്ക് ഇവിഎം ല്‍ വോട്ടുചെയ്യാന്‍ വശമില്ലെന്നു മനസ്സിലാക്കുന്ന ന്യൂട്ടന്‍, വോട്ടര്‍മാരെ വിളിച്ചുകൂട്ടി, ബൂത്തിനു സമീപത്തുവെച്ച് ഇവിഎം ല്‍ എങ്ങനെയാണ് വോട്ടുചെയ്യേണ്ടതെന്നതിനെക്കുറിച്ച് അവരെ ബോധവത്കരിക്കുന്നു. ന്യൂട്ടന്റെ ശ്രമം ഫലംകാണുന്നില്ലെന്നുകണ്ട് കമാന്റര്‍, ന്യൂട്ടന്റെ അധികാരപരിധി ലംഘിച്ചുകൊണ്ട്, ആദിവാസികളോട് ബുത്തില്‍ കയറി വോട്ടുചെയ്യാന്‍ ആജ്ഞാപിക്കുന്നു. 

ഉച്ചഭക്ഷണ സമയത്ത് എവിടെനിന്നോ വെടിയൊച്ചകേള്‍ക്കുമ്പോള്‍ സുരക്ഷയുടെ ചുമതലയുള്ള പട്ടാള ഉദ്യോഗസ്ഥന്മാര്‍ തലങ്ങും വിലങ്ങും പായുന്നു. ഈ സമയം ഈവിഎം എടുത്തുകൊണ്ട് രക്ഷപ്പെടാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്ക് കമാന്റര്‍ നിര്‍ദ്ദേശം നല്കുന്നു. അതുപ്രകാരം, ന്യൂട്ടനും ടീം അംഗങ്ങളും ചില പട്ടാളക്കാരോടൊപ്പം വനത്തിലൂടെ കുറേനേരം ഓടുന്നു. അതിനിടെ, ഒറ്റുക്ക് ഊരിലേക്ക് പൊയ്‌ക്കൊള്ളാമെന്ന ധൈര്യം പ്രകടിപ്പിച്ച ബിഎല്‍ഒ ആയ പെണ്‍കുട്ടി അവരെ വിട്ടുപിരിയുന്നു. കുറേദൂരംകൂടി മുമ്പോട്ടുപോകുന്ന ന്യൂട്ടന്, എന്താണ് സംഭവിച്ചതെന്ന് പട്ടാളക്കാരില്‍ നിന്നും മനസ്സിലാക്കാനാവുന്നില്ല. വോട്ടിംങ് സമയം പൂര്‍ത്തിയായിരുന്നുമില്ല. അതിനാല്‍ തിരികെപ്പോയി തെരഞ്ഞെടുപ്പുജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് ന്യൂട്ടന്‍ ഒരുമ്പെടുന്നു. 

ന്യൂട്ടന്റെ ഈ നടപടിയെ കാവല്‍പ്പട്ടാള ഉദ്യോഗസ്ഥന്മാര്‍ ചെറുക്കുന്നു. അവര്‍ കായികബലം പ്രയോഗിച്ചുകൊണ്ടുതന്നെ ന്യൂട്ടനെ കീഴടക്കുന്നു. അതിനിടെ, അവരില്‍ നിന്നും ഒരു നിറതോക്ക് തട്ടിയെടുക്കുന്ന ന്യൂട്ടന്‍ മേധാവിക്കുനേരേ ചൂണ്ടി ആജ്ഞാപിച്ച്, മറ്റ് പട്ടാളക്കാരെക്കൊണ്ട് ആയുധങ്ങള്‍ താഴെവെപ്പിക്കുന്നു. അവിടെവെച്ചുതന്നെ, പൊടുന്നനെ വന്നെത്തിയ നാല് ആദിവാസി വോട്ടര്‍മാരെക്കൊണ്ട് ഇവിഎമ്മില്‍ത്ത ന്നെ വോട്ട് ചെയ്യിപ്പിക്കുന്നു. പോളിങ്‌സമയം കഴിഞ്ഞ ഉടനെ തോക്ക് താഴെയിടുന്ന ന്യൂട്ടനെ പട്ടാളക്കാരെല്ലാവരും ചേര്‍ന്ന് മര്‍ദ്ദിക്കുന്നു.

അപരിചിതനായ ദലിത് ഹീറോ എന്ന ന്യൂട്ടനുള്ള വിശേഷണം മറ്റു ദലിത് സിനിമകളിലെ നായകന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ രൂപപ്പെടുന്ന താണല്ലോ. മറ്റ് സിനിമകളിലെ ദലിത് നായകന്മാരെല്ലാം ഒന്നുകില്‍ അടിയാന്‍, അല്ലെങ്കില്‍ വിദ്യാസമ്പന്നനായ മടയന്‍, കാര്യക്ഷമതയില്ലാത്തവന്‍, ലോകത്തുള്ള സകലമാന ക്രൂരതകളുടേയും നീചത്വത്തിന്റേയും പ്രതീകം, വൃത്തിഹീനന്‍, അതിവിനീത വിധേയന്‍ എന്നിങ്ങനെയുള്ള ഉപരിവര്‍ഗ കല്പനകളുടെ തടവറയില്‍ നിന്നും മോചിതരാകാത്തവരാണ്. ന്യൂട്ടന്‍ എന്ന ദലിതനേക്കാള്‍ ഉപരിയായി 'കാര്യക്ഷമത'യാണ് സിനിമയിലെ മുഖ്യകഥാപാത്രം എന്നു സൂചിപ്പിച്ചുവല്ലോ. കാര്യക്ഷമത ഇല്ലാത്തവര്‍ എന്ന മുന്‍വിധികല്പിക്കപ്പെട്ട ജനസമുദായത്തിലാണ് ന്യൂട്ടന്റെ പിറവി. ഈ വിധികല്പനകള്‍ പുറപ്പെടുവിച്ചവരുടെ മാത്രം കുത്തകയാണ് കാര്യക്ഷമതയെന്നും അവര്‍ കരുതുന്നു. സംവരണം കാര്യക്ഷമതയെ കുറക്കുമെന്ന നിഗമനത്തിലെത്തിച്ചേരാന്‍ വരേണ്യവര്‍ഗത്തെ പ്രേരിപ്പിച്ച ഘടകവും ഈ ശാസനകളല്ലാതെ മറ്റൊന്നുമല്ല. സംവരണത്തിനെതിരായ നീക്കത്തെ സ്വജീവിതംകൊണ്ട് ചെറുത്ത ഡോ. അംബേഡ്കര്‍ 'കാര്യക്ഷമതയിലുള്ള വാശി അനാവശ്യമാണ്. അജ്ഞരായ ആളുകള്‍ അവര്‍ അസ്പൃശ്യരായതുകൊണ്ടുമാത്രം മന്ത്രിമാരാക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. അസ്പൃശ്യര്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്കിയാല്‍ അവര്‍ക്കിടയിലെ ഏറ്റവും കാര്യക്ഷമതയുള്ളവര്‍ തന്നെ തെരഞ്ഞെടുക്കപ്പെടും' എന്നു പ്രഖ്യാപിക്കുകകൂടി ചെയ്തു. ന്യൂട്ടനെപ്പോലെയുള്ളവര്‍ കാര്യക്ഷമതയുള്ളവരാണെന്നുവന്നാല്‍ വരേണ്യവര്‍ഗം മുന്നോട്ടുവെച്ചിട്ടുള്ള മുന്‍വിധികള്‍ തകര്‍ന്നുതരിപ്പണമാകും. അതിനാല്‍ ന്യൂട്ടനെ കൃത്യവിലോപം വരുത്തിയ ഉദ്യോഗസ്ഥനായി സമൂഹത്തില്‍ അവതരിപ്പിക്കേണ്ടതുണ്ട്. പക്ഷെ ന്യൂട്ടന്‍ അവരുടെ ഇംഗിതത്തിന് വഴങ്ങുന്നില്ല. അദ്ദേഹം അംബേഡ്കറുടെ പുത്രനാണ്. ചുമതലാബോധ ത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നതിനുവേണ്ടിയുള്ളതല്ല, അംബേഡ്കര്‍ അദ്ദേഹത്തിന് പകര്‍ന്നുകൊടുത്തിട്ടുള്ള പാഠങ്ങള്‍. 

അംബേഡ്കര്‍ പാഠങ്ങളുടെ പിന്തുടര്‍ച്ച ന്യൂട്ടനെ ഔദ്യോഗികജീവിതത്തില്‍ വിജയിയാക്കുന്നത് നാം കാണുന്നു. ബിഎല്‍ഒ ആയ ആദിവാസി പെണ്‍കുട്ടി സിനിമയുടെ അവസാന ദൃശ്യങ്ങളിലൊന്നില്‍, കളക്ടറേറ്റില്‍ വരുന്നവേളയില്‍ ന്യൂട്ടനെ കാണാനെത്തുന്നുണ്ട്. ജോലിസമയം തീരാന്‍ 5 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴും ന്യൂട്ടന്‍ തന്റെ ഇരിപ്പിടത്തിലിരുന്ന് ജോലി തുടരുകയാണ്. ന്യൂട്ടന്റെ തൊട്ടുപിന്നി ലിരിക്കുന്ന മറ്റൊരുദ്യോഗസ്ഥനാകട്ടെ ഔദ്യോഗികസ്ഥനത്തിരുന്ന് ജോലിചെയ്യാതെ വര്‍ത്തമാനപത്രം വായിക്കുകയാണ്! മറ്റ് ഉദ്യോഗസ്ഥരുടേയും ദലിത് ഉദ്യോഗസ്ഥ രുടേയും കാര്യക്ഷമതയിലുള്ള വ്യത്യാസം കണ്ടുമനസ്സിലാക്കുന്നതിനുള്ള അവസരം സംവിധായകന്‍ തുറന്നുതരികയാണിവിടെ. അതിനിടെ, ഏറ്റവും കൃത്യനിഷ്ഠയുള്ള ഉദ്യോഗസ്ഥന് നല്‍കാറുള്ള ബഹുമതി തനിക്ക് ലഭിച്ചുവെന്നു പറഞ്ഞുകൊണ്ട് ന്യൂട്ടന്‍ അതിന്റെ അംഗീകാരപത്രം പെണ്‍കുട്ടിയെ കാണിക്കുന്നു. 'മാനസികമായ ദ്വിമൂര്‍ത്തിത്വമോ ബഹുമൂര്‍ത്തിത്വമോ ഉണ്ടെന്നു സങ്കല്പിച്ചുകൊണ്ട്, ഒരു കാര്യം ചെയ്യാന്‍ ജനിച്ചവരെന്നും, അതുപോലെ തന്നെ ആജ്ഞാപിക്കാന്‍ (യജമാനന്മാ രാകാന്‍) ജനിച്ചവരെന്നും അനുസരിക്കാന്‍ (അടിമകളാകാന്‍) ജനിച്ചവരെന്നും മനുഷ്യനെ വേര്‍തിരിക്കുന്നത് തെറ്റാണ്. ഒരു പ്രത്യേക വ്യക്തിക്ക് ചില ഗുണങ്ങളുണ്ടെന്നും മറ്റു ചില ഗുണങ്ങളില്ലെന്നും സങ്കല്പിക്കുന്നതും തെറ്റാണ്. നേരെമറിച്ച്, ഓരോ വ്യക്തിക്കും എല്ലാ ഗുണങ്ങളുമുണ്ടെന്നതാണ് സത്യം.' (ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 7 പേജ് 210) എന്ന അംബേഡ്കര്‍ നിരീക്ഷണം ഇവിടെ സ്മര്‍ത്തവ്യമാണ്.

കാര്യക്ഷമതയില്‍ ന്യൂട്ടനുള്‍പ്പെടുന്ന സമുദായത്തിനുള്ള ശേഷിവൈശിഷ്ട്യങ്ങള്‍ക്ക് മറ്റൊരുദാഹരണം സംവിധായകന്‍ ചൂണ്ടിക്കാണിക്കുന്നത് ശ്രദ്ധേയമാണ്. പ്രശ്‌നബാധിത പ്രദേശത്തേക്കുള്ള ഈ തെരഞ്ഞെടുപ്പ് ജോലി വാസ്തവത്തില്‍ ന്യൂട്ടനുവേണ്ടി നീക്കിവെച്ചിരുന്നതല്ല. ആ സ്ഥലത്തേക്ക് നിയോഗിക്കപ്പെട്ടയാള്‍ പ്രശ്‌നബാധിത പ്രദേശമാണെന്നറിയുമ്പോള്‍, ഹൃദ്രോഗത്തിന്റെ പേരുപറഞ്ഞ് വിടുതല്‍ നേടുന്നു. ആ സ്ഥാനത്തേക്കാണ് ന്യൂട്ടനെ ചുമതപ്പെടുത്തുന്നത്. ഹെലിക്കോപ്റ്ററിലും പിന്നീട് വാഹനത്തിലും, സഞ്ചാരയോഗ്യമല്ലാത്ത വനഭൂമിയിലൂടെ സാധനസാമഗ്രികളും വഹിച്ചുകൊണ്ട് സംഘത്തോടൊപ്പം കാല്‍നടയായി മുന്നേറിയും ന്യൂട്ടന്‍ ബൂത്തിലെത്തുന്നു. ചുമതലാബോധമുള്ളയാള്‍ ഏതുപ്രതികൂല സാഹചര്യത്തേയും മറികടക്കാന്‍ ബാധ്യസ്ഥനാണെന്നുകൂടി ന്യൂട്ടന്‍ ഓര്‍മ്മപ്പെടുത്തുന്നു.

യഥാര്‍ത്തില്‍ കൃത്യവിലോപം ഒദ്യോഗിക സേനയുടെ ഭാഗത്തുനിന്നുമുണ്ടാകുന്നതാണ്. മാവോയിസ്റ്റുകള്‍ എന്നു വിളിക്കപ്പെടുന്നവരെ അമര്‍ച്ചചെയ്യുന്നതിന് വേണ്ടിയാണ് സേനയെ നിയോഗിച്ചിട്ടുള്ളത്. അവര്‍ ആ ചുമതല നിര്‍വഹിക്കാതെ, അലസമായി ചുറ്റിനടന്നും, ഊരിലെ ആദിവാസികളെ കൊള്ളയടിച്ചും കഴിഞ്ഞുപോരുകയാണ്. അതെന്തുമാകട്ടെ, തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് ഭംഗിയായി ജോലിചെയ്യുന്നതിന് വേണ്ട അനുകൂല പരിസരമൊരുക്കിക്കൊടുക്കേണ്ടത് ഇവരുടെ ചുമതലയില്‍പ്പെട്ട കാര്യവുമാണ്. കാര്യക്ഷമതയില്‍ വിമുഖരായ അത്തരക്കാരുടെ ഇടയില്‍ വന്നുപെട്ടതിനാല്‍ ന്യൂട്ടന് തന്റെ ശേഷിയുടെ അങ്ങയറ്റം വിനിയോഗി ക്കേണ്ടിവരുന്നുണ്ട്. ഇത് വലിയ പ്രതിബന്ധമായിത്തീരുമ്പോള്‍ ന്യൂട്ടന് മര്‍ദ്ദനം സഹിക്കേണ്ടതായിവരുന്നു. ഇന്ത്യന്‍ ഭരണഘടനയോടുള്ള ബഹുമാനം നിമിത്തം ന്യൂട്ടന് ഏല്‍ക്കുന്ന മര്‍ദ്ദനം അസഹനീയമാകുന്നില്ല. ഈവിഎം മാറോടടുക്കി പിടിച്ചുകൊണ്ട് ഒരുസംഘം സായുധരായ പട്ടാളക്കാരില്‍ നിന്നും രക്ഷനേടാന്‍ കുതറിയോടുന്ന ന്യൂട്ടന്‍, ഭരണഘടന മാറോടടുക്കിയ ബോബാസാഹേബ് ഡോ. ബി ആര്‍ അംബേഡ്കറെ അനുസ്മരിപ്പിച്ചു. പട്ടാളക്കാരുടെ വളഞ്ഞുപിടിത്തത്തില്‍ നിന്നു ഭരണഘടനയുമായി രക്ഷപ്പെടാന്‍ ഓടുന്ന ന്യൂട്ടന്‍ ഒരു സരസിന്റെ തീരത്തെത്തി വഴിമുട്ടുന്നു. ചെകുത്താനും കടലിനും ഇടക്ക്! ഈ ഘട്ടത്തിലാണ് ന്യൂട്ടനെ പട്ടാളക്കാര്‍ കീഴ്‌പ്പെടുത്തുന്നത്.

ദലിത് - ബ്രാഹ്മണ സംഘര്‍ഷവും ഭരണഘടനയോട് വരേണ്യര്‍ വെച്ചുപുലര്‍ത്തുന്ന നിഷേധാത്മക സമീപനവുമാണ് സിനിമയിലെ അന്തര്‍ധാര എന്നയാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നതിന് സംവിധായകന്‍ അമിത് മസൂര്‍ക്കര്‍ ചെലുത്തുന്ന സാങ്കേതിക പ്രയോഗങ്ങള്‍ അങ്ങേയറ്റം ശ്ലാഘനീയമാണ്. ന്യൂട്ടന്റെ ദലിത് സ്വത്വം വെളിപ്പെടുത്തുന്നതിനുള്ള ടെക്‌നിക്കാണ്, തെരഞ്ഞെടുപ്പു ജോലികള്‍ക്കുപോകുന്ന തിന്റെ തലേദിവസം രാത്രി ആലോചനാനിമഗ്നനായിരിക്കുന്ന ന്യൂട്ടന്റെ പഠനമുറിയിലിയെ ചുമരില്‍ തൂക്കിയ ഡോ അംബേഡ്കറുടെ ചിത്രത്തിന്റെ ഞൊടിയിട നേരത്തെ കാഴ്ച. പ്രതിയോഗിയായ പട്ടാള മേലുദ്യാഗസ്ഥന്റെ ബ്രാഹ്മണ സ്വത്വം വെളിപ്പെടുത്തുവാന്‍ അയാള്‍ ധരിച്ചിട്ടുള്ള പൂണൂലിന്റെ കാഴ്ച ധാരളമാണ്. രാത്രികാലത്ത് അയാള്‍ ധരിച്ചിട്ടുള്ള ബനിയന്റെ കഴുത്തിനിടയിലൂടെ അല്പമാത്രമായ കാഴ്ചയിലൂടെയാണ് ഇക്കാര്യം സാധ്യമാക്കിയത്. പിന്നീട് എല്ലായ്‌പ്പോഴും ഇദ്ദേഹത്തെ പട്ടാളവസ്ത്രത്തില്‍ തന്നെയാണ് കാണിക്കുന്നത് എന്ന കാര്യം ശ്രദ്ധേിക്കേണ്ടതുണ്ട്. പക്ഷെ ആദിവാസിയുടെ സ്വത്വം? അതിന് വാചികഭാഷ തന്നെ ഉപയോഗിക്കുന്നു. ബുത്തില്‍വെച്ച് തന്നെ പരിചയപ്പെടുത്തുന്ന രൂപത്തിലാണ് പെണ്‍കുട്ടി താനൊരു ആദിവാസിയാണെന്ന് വെളിപ്പെടുത്തുന്നത്.

ദലിത് നായകന്റെ അപരിചിതത്വത്തെ കുറിക്കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത് ന്യൂട്ടന്‍ എന്ന പേരുതന്നെയാണ്. ഒരു പേരിലെന്തിരിക്കുന്നു എന്ന ചൊല്ല് സാര്‍വലൗകികമായി പ്രചാരത്തിലുണ്ട്. എന്നാല്‍ പേരില്‍ പലതുമുണ്ട് എന്ന നഗ്നയാഥാര്‍ത്ഥ്യമാണ് ജാതിവ്യവസ്ഥയുടെ ഇന്ത്യയിലെ ചരിത്രവും വര്‍ത്തമാനവും പേറുന്നത്. 'മറ്റു രാജ്യങ്ങളില്‍ സമൂഹ്യ വിഭാഗങ്ങള്‍ക്ക് പേരുകള്‍ നല്കിയില്ല; ഇന്ത്യയില്‍ അവര്‍ക്ക് പേരുകള്‍ നല്കി. ഒരു ജാതി വഹിക്കുന്ന പേരാണ് അതിന്റെ സ്ഥിരതയും നൈരന്തര്യവും വ്യക്തിത്വവും നല്കുന്നത്. ജാതിയുടെ പേരാണ് അതിലെ അംഗങ്ങള്‍ ആരാണെന്ന് നിര്‍വചിക്കുന്നത്; ഒട്ടുമിക്ക ഉദാഹരണങ്ങളിലും ഒരു ജാതിയില്‍ ജനിച്ച ഒരു വ്യക്തിയുടെ ഇരട്ടപ്പേരിന്റെ ഒരു ഭാഗം ആ ജാതിയുടെ പേരായിരിക്കും. മാത്രമല്ല, ജാതിക്ക് അതിന്റെ നിയമങ്ങളും ചട്ടങ്ങളും നിര്‍ബന്ധപൂര്‍വം നടപ്പിലാക്കുക സുകരമാക്കിത്തീര്‍ക്കുന്നതും പേരാണ്. രണ്ടുവിധത്തിലാണ് അത് സുകരമാക്കുന്നത്. ഒന്നാമത് വ്യക്തിയുടെ ഇരട്ടപ്പേരിന്റെ ഭാഗമായ ജാതിപ്പേര് അയാള്‍ മറ്റൊരു ജാതിയിലെ അംഗമാണെന്ന് ഭാവിക്കുന്നതിനും അങ്ങനെ സ്വജാതിയുടെ അധികാര പരിധിയില്‍ നിന്നു രക്ഷപ്പെടുന്നതിനും പ്രതിബ്‌നധം സൃഷ്ടിക്കുന്നു. രണ്ടാമത്, ജാതിനിയമങ്ങള്‍ ലംഘിച്ച വ്യക്തിയെ തിരിച്ചറിയാനും അയാള്‍ ഏതുജാതിയുടെ അധികാരത്തില്‍ പെട്ടവനാണെന്ന് മനസിലാക്കാനും അത് സഹായിക്കുന്നു; അപ്പോള്‍ അയാളെ പിടികൂടുന്നതും ശിക്ഷിക്കുന്നതും എളുപ്പമാണല്ലോ'. (ഡോ. അംബേഡ്കര്‍ - സമ്പൂര്‍ണ കൃതികള്‍. വാല്യം 6. പേജ് 183, 184) ഇതത്രെ, പേരിനെ സംബന്ധിച്ച അംബേഡ്കര്‍ ചിന്തകള്‍. ന്യൂട്ടന്‍ എന്ന പേര് ഇവിടെ അയാളുടെ ജാതിസ്വത്വം വെളിപ്പെടുത്തുന്നില്ല. അത് വെളിപ്പെടാത്തിടത്തോളം കാലം ജാതിവ്യവസ്ഥ യാതൊരു തത്വദീക്ഷയുമില്ലാതെ, ഒരു ദേശിക ജനതയുടെ നേര്‍ക്ക് വെച്ചുപുലര്‍ത്തുന്ന മുന്‍വിധിയനുസരിച്ച് ന്യൂട്ടന്റെ കാര്യക്ഷമത നിര്‍ണയിക്കാ നാവുന്നില്ല! ന്യൂട്ടന്റെ പേരിന്റെ രണ്ടാംഭാഗം അയിത്തജാതിക്കാരന്റേ തായിരുന്നുവെങ്കില്‍ 'കാര്യക്ഷമതയില്ലാത്തവന്‍' എന്ന് എളുപ്പത്തില്‍ മറ്റുള്ളവര്‍ക്കു വിലയിരുത്താന്‍ കഴിയുമായിരുന്നു. ഇത് ഒരു കുഴക്കുന്നപ്രശ്‌നമായി, ഇലക്ഷന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് ക്ലാസെടുക്കുന്നയാള്‍ നേരിടുന്നുണ്ട്. ക്ലാസില്‍വെച്ച് ഒരുസംശയം ഉന്നയിക്കുന്ന ന്യൂട്ടനോട് അയാള്‍ പേരുചോദിച്ചു. 'ന്യൂട്ടന്‍' എന്നു മറുപടി കൊടുത്തപ്പോള്‍ ചോദിച്ചയാള്‍ 'സാക്ഷാല്‍ ആപ്പിള്‍ ന്യൂട്ടനാണോ' എന്ന് പരിഹസിക്കുന്നുണ്ട്. പേരിന്റെ രണ്ടാം ഭാഗം അറിയാന്‍ നിവൃത്തിയില്ലാത്തതു കൊണ്ട് ഇവിടെ ന്യൂട്ടന്‍ സവര്‍ണനോ അവര്‍ണനോ എന്ന് നിശ്ചയിക്കാന്‍ ആ ഇന്‍സ്ട്രക്ടര്‍ക്കാവുന്നില്ല. അവര്‍ണനാമാവാണെങ്കില്‍ കാര്യക്ഷമതയില്ലാത്തവനെന്നും സവര്‍ണനാമാവാണെങ്കില്‍ കാര്യക്ഷമതയുടെ കുത്തകമുതലാളിയെന്നും മറ്റുമുള്ള മുന്‍വിധിയില്‍ ന്യൂട്ടനെ വിലയിരുത്താമായിരുന്നു. എന്നാല്‍ ഇവിടെ അതിബുദ്ധിമാനായ, ലോകൈക ശാസ്ത്രജ്ഞന്റെ പേരുമായാമല്ലോ ഒരാള്‍ മുന്നില്‍ നില്ക്കുന്നത്!

ന്യൂട്ടന്‍ എന്ന പേര്, വിവാഹാലോചന നടത്തുന്ന വധുവിന്റെ വീട്ടില്‍വെച്ചും അവരുടെ ബന്ധുക്കളെ കുഴക്കി. വധുവന്റെ വീട്ടുകാര്‍ ബ്രാഹ്മണരായിരുന്നു. പേരു ചേദിച്ചപ്പോള്‍ നായകന്‍ 'ന്യൂട്ടന്‍ കുമാര്‍' എന്നു മറുപടി കൊടുത്തു. ഏതെങ്കിലും ബ്രാഹ്മണ ജാതിയുടേതാകും പേരിന്റെ രണ്ടാം ഭാഗം എന്നു വിചാരിച്ചിരുന്ന വധുവിന്റെ വീട്ടുകാര്‍ 'കുമാര്‍' എന്ന പേരിന്റെ രണ്ടാംഭാഗം ബ്രാഹ്മണജാതിസ്വ ത്വത്തെ വെളിപ്പെടുത്താത്തിനാല്‍ അത് അവരെ സന്ദേഹത്തിലാഴ്ന്നു. എന്തായാലും ന്യൂട്ടനുതന്നെ ആ വിവാഹത്തോട് താത്പര്യമില്ലാതിരുന്നതുകൊണ്ട് ആ ആലോചന മുറുകിയില്ല. ബസ്സില്‍ തിരികെ വീട്ടിലേക്കു മടങ്ങുമ്പോള്‍ ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹമാലോചിച്ചതിന്റെ പേരില്‍ അച്ഛനോട് കലഹിച്ച് ന്യൂട്ടന്‍ സീറ്റ് മാറിയിരി ക്കുന്നുണ്ട്. പേരിന്റെ രാഷ്ട്രീയത്തില്‍ തനിക്കുള്ള എതിര്‍പ്പ് രേഖപ്പെടുത്തുന്നതിന് സംവിധായകന്‍ പ്രയോഗിച്ച സാങ്കേതികവിദ്യയാണ് ഈ ദൃശ്യങ്ങളിലൂടെ സാക്ഷ്യപ്പെടുത്തിയത്. 

അമിത് മസൂര്‍ക്കറും മയങ്ക് തിവാരിയും ചേര്‍ന്നാണ് തിരക്കഥ തയാറാക്കിയത്. 2014 ല്‍ എടുത്ത 'സുലൈമാനി കീദ' യാണ് മസൂര്‍ക്കറിന്റെ ആദ്യത്തെ സിനിമ. സ്വന്തം കഥതന്നെയാണ് ഈ സിനിമക്കും മസൂര്‍ക്കര്‍ ആധാരമാക്കുന്നത്. മനീഷ് മുന്ദ്രയാണ് സിനിമ നിര്‍മിച്ചത്.

ഹരിയാനയിലെ ഗുര്‍ഗാവോണിലുള്ള ഒരു ആഹിര്‍വാള്‍ കുടുംബത്തില്‍ ജനിച്ച രാജ്കുമാര്‍ റാവുവാണ് ന്യൂട്ടന്‍ കുമാറിനെ അവതരിപ്പിക്കുന്നത്. ന്യൂ ഡെല്‍ഹി കേന്ദമാക്കി ഇപ്പോള്‍ തിയേറ്റര്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന രാജ്കുമാര്‍ റാവു, ഫൂനാ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും അഭിനയകലയില്‍ ബിരുദം നേടിയിട്ടുണ്ട്. 2010 ല്‍ ദിബാകര്‍ ബാനര്‍ജിയുടെ 'ലൗ സെക്‌സ് ഔര്‍ ധോഖ' യില്‍ അഭിനയിച്ചതാണ് സിനിമാരംഗത്തെ ശ്രദ്ധേയമായ തുടക്കം. 2013 ലെ പ്രസിദ്ധമായ 'ശഹീദ്' എന്ന സിനിമയിലെ ശഹീദ് ആസ്മി എന്ന പാത്രാവതരണത്തിന് മികച്ച നടനുള്ള ദേശീയാംഗീകാരം രാജ്കുമാറിന് നേടിക്കൊടുത്തു. അതോടൊപ്പം മികച്ച നടനുള്ള ഫിലിംഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡും രാജ്കുമാര്‍ നേടി. 

സിനിമാരംഗത്തും തിയേറ്റര്‍ കലാരംഗത്തും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയ അഭിനേത്രിയായ അഞ്ജലി പാട്ടീലാണ് ആദിവാസി പെണ്‍കുട്ടിയായ മാല്‍ക്കോയെ അവതരിപ്പിക്കുന്നത്. പൂനാ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും അഭിനയകലയില്‍ സ്വര്‍ണമെഡലോടെ ബുരുദമെടുത്ത നടിയാണ് മഹാരാഷ്ട്ര സ്വദേശിയായ അഞ്ജലി പാട്ടീല്‍. പ്രസിദ്ധ ശ്രീലങ്കന്‍ സംവിധായമന്‍ പ്രസന്ന വിതനാഗെയുടെ 'വിത്ത് യു വിത്തൗട്ട് യു' എന്ന സിനിമയില്‍ പങ്കടുത്തതാണ് അഞ്ജലി പാട്ടീലിനെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയയാക്കിയ മറ്റൊരു സംരംഭം. ഈ സിനിമയിലെ അഭിനയ മികവിന് 2012 ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിന്നും സുവര്‍ണമയൂരം അവാര്‍ഡ് അഞ്ജലിയെ തേടിയെത്തി. പട്ടാള മേധാവിയായ ആത്മ സിംഗിനെ നടന്‍ പങ്കജ് ത്രിപതി അവതരിപ്പിക്കുന്നു. ആദിവാസികളുടേയും, സാമ്പ്രദായിക നടന്മാരും അല്ലാത്തവരുമായ മറ്റാളുകളുടേയും വന്‍ പങ്കാളിത്തം ന്യൂട്ടനെ മികവുറ്റ കലാസൃഷ്ടി യാക്കിയതിന് സഹായകമായിട്ടുണ്ട്.

മികച്ച വിദേശഭാഷാ സനിമക്കുള്ള 90 ആമത്തെ അക്കാദമി അവാര്‍ഡിനായി ഇന്ത്യയില്‍ നിന്നും തെരഞെഞടുത്ത സിനിമയാണ് 'ന്യൂട്ടന്‍'. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ