"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഡിസംബർ 24, ഞായറാഴ്‌ച

'രാഷ്ട്രത്തിന്റെ നിസ്സാരത'യും 'വികസന നായകത്വ'വുംരാഷ്ട്രത്തിന്റെ നിസ്സാരത (banality of the nation) യുടെ അഴുക്കുചാലില്‍ പിറവിയെടുത്ത ഒരു പ്രതിഭാസമാണ് മാധ്യമങ്ങള്‍ സൃഷ്ടിച്ച 'വികസന നായകത്വം'. അതിന് ആഴമോ സമൃദ്ധിയോ സൗന്ദര്യമോ ഇല്ല. 2002 - ലെ ഗുജറാത്തില്‍ നടന്ന വംശഹത്യം. പിന്നീട് 2014-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും വികസന നായകത്വത്തിനു സമ്മതി നല്‍കാന്‍ ഇന്ത്യന്‍ ജനതയുടെ ഭൂരിപക്ഷത്തിനു എങ്ങനെ കഴിഞ്ഞുവെന്നതു ലളിതനിര്‍ദ്ധാരണത്തിനു വഴങ്ങുന്ന ഒരു സമസ്യ അല്ല. വിദ്യാസമ്പന്നരായ മധ്യവര്‍ഗത്തെയും സാങ്കേതിക വിദഗ്ദ്ധരെയും മാധ്യമങ്ങളെയും മൂലധനശക്തികളെയും രാഷ്ട്രത്തിന്റെ നിസ്സാരതയുടെ പ്രലോഭനങ്ങളിലേക്കു ആകര്‍ഷിക്കുന്ന ഘടകമെന്താണ് ? ഈ ഫാസിസ്റ്റു പ്രലോഭനത്തിന്റെ അവതാരമൂര്‍ത്തി, നരകത്തില്‍നിന്നു അവരോഹണം ചെയ്ത ഒരു ചെകുത്താനല്ല, ക്ഷുദ്രനും വായാടിയും നിസ്സാരനുമായ ഒരു 'അവികസിത വ്യക്തിത്വ'മാണ്. സാധാരണ മനുഷ്യരില്‍ ഈ മനുഷ്യന്റെ നിസ്സാരത ഉണര്‍ത്തേണ്ടത് ജുഗുപ്‌സയും ഓക്കാനവുമാണ്. ഈ മനുഷ്യനില്‍ ഇന്ത്യുടെ രക്ഷകനെ ദര്‍ശിക്കുന്ന ഭൂരിപക്ഷം, അപ്പോള്‍ സാധാരണ മനുഷ്യര്‍ അല്ലെന്നു വരുമോ? പാര്‍ലമെന്ററി ജനാധിപത്യത്തില്‍ തങ്ങള്‍ക്കിഷ്ടമുള്ളവര്‍ക്കു വോട്ടുചെയ്യാനുള്ള അവകാശമുണ്ടെന്നതു ശരിയാണ്. പക്ഷേ, ഈ അവകാശത്തെ നിര്‍ണയിക്കുന്നതിലും വിനിയോഗി ക്കുന്നതിലും ചില സാര്‍വത്രിക മൂല്യങ്ങളും സാര്‍വത്രിക തത്ത്വങ്ങളും അടങ്ങിയിട്ടുണ്ട്. മറിച്ചുള്ള അവകാശനിര്‍ണയനവും വിനിയോഗവും അപക്വവും അവികസിതവും അതിനാല്‍, ജനാധിപത്യ ധ്വംസനവുമാകുന്നു. ഇതു വോട്ടവകാശം തന്നെ റദ്ദാക്കപ്പെടുന്ന 'ഹിന്ദുരാഷ്ട്ര'ത്തിന്റെ അന്ധകാരത്തിലേക്കാണു നയിക്കുകയെന്നു ഈ ഭൂരിപക്ഷ വോര്‍ട്ടര്‍മാര്‍ മനസ്സിലാക്കുന്നില്ല. 'രാഷ്ട്രത്തിന്റെ നിസ്സാരത'യുടെ ആള്‍രൂപമായ വികസനനായകനു വോട്ടുചെയ്യുന്ന ഒരു 'ശരാശരി ഹിന്ദു'വിനെ അതിനാല്‍, ഒരു പൗരനായി കാണാനാവില്ല. 'പൗരത്വ'മെന്ന രാഷ്ട്രീയ തത്ത്വത്തെ റദ്ദാക്കിക്കൊണ്ടുമാത്രമേ, ഹിന്ദുത്വത്തിനു നിലനില്‍ക്കാനാവുകയുള്ളൂ. ഇന്ത്യയിലെ ഭൂരിപക്ഷ വോട്ടര്‍മാരുടെ അവകാശത്തിന്റെ മൂല്യപരമായ സാധൂകരണം തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഒരര്‍ത്ഥത്തില്‍ ഈ വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാന്‍ അര്‍ഹതയില്ലാത്തവരായി മാറുന്നു ! ഇവരുടെ ബൗദ്ധിക - മൂല്യ ശിക്ഷണവും ജനാധിപത്യവും തമ്മിലുള്ള അഗാധമായ അന്തരത്തിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്. ജനാധിപത്യത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനം ആവശ്യപ്പെടുന്ന വിചാരമോ വിദ്യാഭ്യാസമോ വിവേകമോ ഇല്ലാത്ത ഒരു ജനതതന്നെയാണ് ഫാസിസത്തിന് ഉത്തരവാദികള്‍.

മൗലികമായ ഗുണങ്ങളൊന്നും തീണ്ടിയില്ലാഞ്ഞിട്ടും മാധ്യമങ്ങള്‍ മഹത്വവല്‍ക്കരിച്ച ഈ വികസന നായകത്വം, വാസ്തവത്തില്‍ അതിനിസ്സാരവും ശുഷ്‌കവും ക്ഷുദ്രവുമാണ്. പക്ഷേ, അയാളെ നിസ്തുലനാക്കുന്നതു ഏതു നൃസംശനീയതയും മഹാപാതകവും യാതൊരു 'മനസ്സാക്ഷിക്കുത്തു'മില്ലാതെ അനുഷ്ഠിക്കാനുള്ള കഴിവാണ്. ചെകുത്താന്റെ ഗാംഭീര്യവും പ്രൗഢിയും അയാളില്‍ കാണുന്നതു പോലും പരിഹാസ്യമാണ്!

'വൈദ്യശാസ്ത്രമാനദണ്ഡ'ങ്ങളനുസരിച്ചു 'ഭ്രാന്തന'ല്ലെങ്കിലും അയാള്‍ക്കു ആത്മപ്രതിഫലനശേഷിയോ ചിന്താശേഷിയോ ഇല്ല. അയാളുടെ ആത്മഭാഷണവും വാചാടോപവും രോഗാതുരണമാണ്. അയാളുടെ വാഴ്ച നമ്മുടെ മനസ്സാക്ഷിയെ നിശ്ശബ്ദമായി അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സ്വന്തം മനസ്സാക്ഷിയോടു പ്രതിബദ്ധരായ മനുഷ്യരെ 'രാജ്യദ്രോഹി'കള്‍ എന്നു മുദ്രകുത്തുന്നു ! ജോര്‍ജ് ഓര്‍വെല്‍ പറഞ്ഞതുപോലെ, ഈ മനുഷ്യന്റെ 'നിസ്സാരമായ കൗശലം' ജുഗുപ്‌സാവഹം മാത്രമല്ല, ജയനീയവുമാണ്. 

ജന്മസിദ്ധമായ
ധാര്‍മിക വികാരങ്ങള്‍


എല്ലാ ജീവജാലങ്ങളും ജനിക്കുന്നതു ചില 'ലീനശേഷി' യുമായിട്ടാണ്. എന്നാല്‍, പരിസ്ഥിതിയുമായുള്ള സമ്പര്‍ക്കത്തിലൂടെ മാത്രമേ അവ യഥാര്‍ത്ഥശേഷി (ദനര്‍ന്‍ദവയര്‍യഫറ) കളാവുകയുള്ളു. മനുഷ്യന്റെ പരിസ്ഥിതിഭൗതികവും സാമൂഹ്യ - സാംസ്‌കാരികവുമാണ്. അതിനാല്‍, സാമൂഹ്യ, സാംസ്‌കാരിക പരിസ്ഥിതിക്കു, മനുഷ്യന്റെ 'ലീനശേഷി'കളെ യഥാര്‍ത്ഥ ശേഷികള്‍ പ്രകടമാവുന്നത് 'മനശ്ശാസ്ത്രപരമായ സവിശേഷത'കളുടെ രൂപത്തിലാണ്. അപ്പോള്‍ സമകാലീന ഇന്ത്യയിലെ ഒരു 'ശരാശരി ഹിന്ദു'വിന്റെ മനോലക്ഷണങ്ങളെ അപഗ്രഥിക്ക ണമെങ്കില്‍, ഒരു ജീവി എന്ന നിലയ്ക്കുള്ള ഹിന്ദുവിന്റെ പരിണാമചരിത്രം അറിയേണ്ടതുണ്ട് ഈ ജീവിക്ക് ഇന്നത്തെ രീതിയിലുള്ള ഒരു ഹിന്ദുവായി പരിണമിക്കാന്‍ സാധ്യമായ ഭൗതിക, ജൈവ - സാംസ്‌കാരിക പരിസ്ഥിതിയുടെ പ്രത്യേകതകള്‍ എന്തായിരുന്നു? ജൈവ - സാംസ്‌കാരിക പരിസ്ഥിതിയുമായുള്ള മനുഷ്യന്റെ സമ്പര്‍ക്കത്തിലെ മുഖ്യഘടകം അപരമനുഷ്യരുമായുള്ള ബന്ധമാണ്. 'അപരമനുഷ്യ'ന്റെ വേദനയോടും അവരെ പീഡിപ്പിക്കുന്നതിനോടും ഓരോ മനുഷ്യനും തോന്നുന്ന 'വെറുപ്പ്' ജൈവസിദ്ധമാണ്. എന്നാല്‍, ഈ സഹജവാസനയെ, അപരന്റെ ദുഃഖം കാണുന്നത് ആഹ്ലാദമായോ അപരന്റെ നിലവിളിയോട് 'വൈരാഗ്യ'മോ തോന്നുന്ന മനോഭാവമോ ആക്കിമാറ്റാന്‍ പരിസ്ഥിതിക്കു കഴിയും. മനുഷ്യസഹജമല്ലാത്ത ഈ നിസ്സംഗതയെയാണ് പരിത്യാഗിയുടെ വൈരാഗ്യമായി വേദങ്ങളും ഉപനിഷത്തുക്കളും ഉദാത്തീകരിച്ചത്. 'സന്ന്യാസി', 'പരിത്യാഗി', 'വൈരാഗി', 'സ്ഥിതപ്രജ്ഞന്‍', 'ജീവന്‍മുക്തന്‍', 'പരമഹംസന്‍' എന്നൊക്കെയുള്ള പദവികള്‍, ജന്മസിദ്ധമായ അനുകമ്പയുടെ അവസാന തുള്ളിയും വറ്റിപ്പോയ 'മനുഷ്യരൂപ'ങ്ങള്‍ ക്കുമാത്രം ചേര്‍ന്നതാണ്. അനുകമ്പ ചോര്‍ന്നു പോയ മനുഷ്യരാണ്, ജീവന്‍ശാസ്ത്രപര മായി പറഞ്ഞാല്‍ 'കുറ്റവാളികള്‍' അപ്പോള്‍, ഹിന്ദുസംസ്‌കാരത്തിന്റെ വിശുദ്ധ സ്ഥാപകരും വൈരാഗികളുമായിരുന്ന 'ഋഷി'മാരെ മുന്‍കാലപ്രാബല്യത്തോടെ കുറ്റവാളികള്‍ എന്നു വിധിക്കാവുന്നതാണ്.

മനുഷ്യന്റെ ജന്തുമാത്രമായ സാമൂഹ്യ ജീവിതത്തിനാവശ്യമായ അനുകമ്പയും ധാര്‍മികതയും പരിണാമപ്രക്രിയതന്നെ മനുഷ്യര്‍ക്കു നല്‍കിയിട്ടുണ്ട്. രക്തബന്ധു ക്കളുടെ പരസ്പരസ്‌നേഹം, ശശിപരിപാലനം, മാതൃ-പിതൃസ്‌നേഹം, സ്വഗോത്രമമത, സ്വകുടുംബ മമത, സ്വജാതിപ്രേമം, സ്വദേശഭക്തി, സ്വരാജ്യസ്‌നേഹം എന്നിവ യൊക്കെ ഒരു സ്പീഷിസ് എന്ന നിലയ്ക്കു പരിണാമം അഥവാ പ്രകൃതിതന്നെ മനുഷ്യരില്‍ മുദ്രണം ചെയ്തിട്ടുണ്ട്. ഒരു ജീവിയെന്ന നിലയ്ക്കു മനുഷ്യന്റെ അതിജീവനവും പ്രത്യുല്പാദനവും ആവശ്യപ്പെടുന്ന ജൈവശേഷികള്‍ ഇത്രമാത്രമാണ്. ജൈവപരിണാമത്തിന് ഇതില്‍ക്കൂടുതല്‍ ആവശ്യവുമില്ല. 'കൂട്ടത്തില്‍പ്പെട്ടവരും' 'കൂട്ടത്തില്‍പ്പെടാത്തവരും' ആരൊക്കെ, 'കൂട്ടത്തില്‍പ്പെട്ടവരോട്' മമത. 'കൂട്ടത്തില്‍പ്പെടാത്തവരോട്' ഭയവും വെറുപ്പും തുടങ്ങിയ 'ധാര്‍മികവികാരങ്ങള്‍' ജന്മസിദ്ധമാണ്. സ്വകുടുംബത്തിനുവേണ്ടി, സ്വജാതിക്കുവേണ്ടി. സ്വമതത്തിനുവേണ്ടി സ്വരാജ്യത്തിനുവേണ്ടി, ആത്മത്യാഗംപോലും അനുഷ്ഠിക്കാന്‍ തയാറാകുന്ന ഒരു മനുഷ്യന് അയല്‍വാസിയെ, അപരമതത്തെ, അപരരാജ്യത്തെ ഭയക്കാനും വെറുക്കാനും ചിലപ്പോള്‍ നശിപ്പിക്കാനും യാതൊരു മടിയുമില്ലാതെ വന്നേക്കാം ! ഈ വിശ്വാസാവിശ്വാസങ്ങള്‍, സ്‌നേഹം, വിദ്വേഷങ്ങള്‍ ഒന്നും തന്നെ ബോധപൂര്‍വ്വമായ തെരഞ്ഞെടുപ്പല്ല, മനുഷ്യന്റെ ഇച്ഛാശക്തിയുടെ പ്രകാശനവുമല്ല. ഒരു ''ജന്തു സ്പീഷീസിലെ' ഏതൊരംഗ്തിനും 'മുടക്കുമുതലി'ല്ലാതെ സൗജന്യമായി ലഭിക്കുന്നതാണ് ഈ 'ധാര്‍മികവാസനകള്‍'.

പരിണാമപരമായ അവശിഷ്ടം

'ധാര്‍മികവാസന'യും 'മനസാക്ഷി'യും തികച്ചും വ്യത്യസ്തമായ മനോഭാവങ്ങളാണ്. ആദ്യത്തേതു ജന്തുസഹജമായ 'മനോവാസന'യാണെങ്കില്‍ മനസാക്ഷിയാകട്ടെ, മൂര്‍ത്തവ്യക്തിക്കുമാത്രം സാധ്യമായ സൃഷ്ടിയാണ്. മനുഷ്യനു രണ്ട് അസ്തിത്വ രൂപങ്ങളുണ്ട്. ഹോമോസാപ്പിയന്‍സിലെ ഒരം അംഗം എന്ന 'അസ്തിത്വ'രൂപവും വ്യക്തി എന്ന 'അസ്തിത്വരൂപ'വും, ആദ്യത്തേതു. പ്രകൃതിദത്ത അസ്തിത്വമാണ്. രണ്ടാമത്തേത് ബോധപൂര്‍മായ ചിന്തയുടെയും പ്രവൃത്തിയുടെയും ഉല്പന്നമാണ്. ഇവയെ സഹജാസ്തിത്വരൂപമെന്നും ചരിത്രാസ്തിത്വരൂപമെന്നും നിര്‍വചിക്കാം. ചരിത്രസ്തിത്വ രൂപമാര്‍ജിക്കുന്ന മനുഷ്യവ്യക്തികള്‍ക്കു മാത്രമെ, മനസ്സാക്ഷി ഉണ്ടാവുകയുള്ളു. അഥവാ, വ്യക്തിത്വവല്‍ക്കരണത്തിന്റെ ഭാഗമായിമാത്രമേ മനസ്സാക്ഷി രൂപംകൊള്ളുകയും വികസിക്കുകയുമുള്ളു. 'സഹജാസ്തിത്വ'ത്തിനും സംഘാസ്തിത്വ ത്തിനും പ്രാമുഖ്യമുള്ള സമൂഹങ്ങളില്‍ മനുഷ്യര്‍ക്കു വ്യക്തികളായി വികസിക്കാനാവില്ല. അതിനാല്‍ അത്തരം സമൂഹങ്ങളില്‍ 'മനസ്സാക്ഷി'ക്ക് ആവിര്‍ഭവിക്കാനുമാവില്ല. സംഘാസ്തിത്വത്തിന്റെ മുന്‍ഗണനകള്‍ കുടുംബം, കുലം, ഗോത്രം, ജാതി, മതം, പാര്‍ട്ടി, ദേശം എന്നീ 'സ്ഥൂലത'കളാണ്. ഈ സംഘസ്ഥൂല തകള്‍ ആവശ്യപ്പെടുന്ന പെരുമാറ്റവിധങ്ങള്‍ ധാര്‍മികവിധി നിഷേധങ്ങള്‍ ധാര്‍മികവിധി നിഷേധങ്ങള്‍ എന്നിവയാണ് അത്തരം സമൂഹങ്ങളിലെ അംഗങ്ങള്‍ ആന്തരികവല്‍ക്കരിക്കുന്നത്. ഇങ്ങനെ ആന്തരികവല്‍ക്കരിക്കപ്പെട്ട ധാര്‍മിക സംഹിതകളുടെ ബാഹ്യപ്രകാശന ങ്ങളാണ് 'ദേശക്കൂറും' 'രാജ്യസ്‌നേഹ'വും. ഇന്ത്യയിലെ ഒരു 'ശരാശരി ഹിന്ദു' രാജ്യസ്‌നേഹിയാണ് എന്നു പറയുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് ഈ ശരാശരി ഹിന്ദു ഒരു മൂര്‍ത്തവ്യക്തി അല്ലാ എന്നാണ്.

സ്വന്തം 'ഭൂദേശ' (territory) ത്തോടു ചില ജന്തുക്കള്‍ക്കു തോന്നുന്ന 'മമത'യുടെ പില്‍ക്കാല രൂപം മാത്രമാണ് 'രാജ്യസ്‌നേഹം'. രാജ്യസ്‌നേഹം യഥാര്‍ത്ഥത്തില്‍ 'ഭൂദേശക്കൂറാ' (terrotproa; omstomct) ണ്. അപ്പോള്‍ 'രാജ്യസ്‌നേഹി 'ഹോമോസാപ്പിയന്‍സ് സാപ്പിയന്‍സി'ന്റെ പരിണാമത്തിന്റെ ഏതോ ഘട്ടത്തില്‍ സംഭവിച്ച ഒരു 'അപചയ സ്പീഷീസാ'ണ്. ചിന്തയുടെയും ഭാഷയുടെയും യുക്തിയുടെയും ശാസ്ത്രത്തിന്റെയും ആവിര്‍ഭാവം, യഥാര്‍ത്ഥത്തില്‍ 'ഭൂദേശക്കൂറി'നെ 'പരിണാമ പരമായ ഒരു അവശിഷ്ട'(ല്ീഹൗശേീിമൃ്യ ്‌ലേെശഴല) മാക്കി മാറ്റുകയാണുണ്ടായത്. പരിണാമത്തിന്റെ ഒരു ഘട്ടത്തില്‍ 'അപ്പന്റിക്‌സ്' എന്ന അവയവത്തിനും, പുല്ലും പച്ചിലയും ദഹിപ്പിക്കുകയെന്ന ശരീരശാസ്ത്രപരമായ പ്രയോജനമുണ്ടായിരുന്നു. എന്നാല്‍ പരിണാമത്തിന്റെ ഉയര്‍ന്നഘട്ടത്തിലെത്തിയ മനുഷ്യര്‍ക്ക് ഈ അവയവത്തിന്റെ ആവശ്യമില്ല. 'ജഡാവസ്ഥ'യിലാണെങ്കിലും ഈ അവയവം ഇപ്പോഴും നമ്മുടെ ശരീരത്തില്‍ നിലനില്‍ക്കുന്നു. എന്നുമാത്രം. 'രാജ്യസ്‌നേഹം' അതുപോലെയൊരു 'സാംസ്‌കാരികാവയവ'മാണ്. സംസാരിക്കുന്ന, എഴുതുന്ന, ചിത്രംവരയ്ക്കുന്ന, പാട്ടുപാടുന്ന, കവിതയെഴുതുന്ന, പഠിക്കുന്ന, പഠിപ്പിക്കുന്നു, ഗുരുത്വാകര്‍ഷണബലത്തിന്റെ സമവാക്യം നിര്‍മിക്കുന്ന, പ്രകൃതിനിര്‍ധാരണം വിശദീകരിക്കുന്ന, സ്ഥലകാല സമസ്യ നിര്‍ധാരണം ചെയ്യുന്ന, അനിശ്ചിതത്ത്വ സിദ്ധാന്തം ആവിഷ്‌കരിക്കുന്ന, ജനിതക രഹസ്യം കണ്ടെത്തുന്ന, മനുഷ്യജീനോം പദ്ധതി രൂപകല്പന ചെയ്യുന്ന, ക്ലോണിങ് നടത്തുന്ന, പരിണാമ പ്രക്രിയയുടെ വാഹകസ്ഥാനത്തുനിന്നും 'യജമാനസ്ഥാന'ത്തേക്കുയരുന്ന, 'മാനവികത'യെ സാക്ഷാത്കരിക്കുന്ന, 'കോസ്‌മോ പോളിറ്റനിസ'ത്തെ സ്വപ്നംകാണുന്ന, ജന്തുക്കള്‍ക്കു അവകാശങ്ങള്‍ നല്‍കുന്ന, 'മൃഗപീഡന'ത്തിനു ശിക്ഷനല്‍കുന്ന - മനുഷ്യവ്യക്തിയെ സംബന്ധിച്ചിടത്തോളം 'രാജ്യസ്‌നേഹം', സ്വന്തം ശരീരത്തിലെ 'അപ്പന്റിക്‌സ്' പോലെ ഒരവയവം മാത്രമാകുന്നു. എന്നാല്‍ 'അപ്പെന്റിക്‌സ്' ആവശ്യമുള്ള 'മനുഷ്യജന്തു ക്കള്‍ക്കു, രാജ്യസ്‌നേഹമില്ലാതെ ജീവിക്കാനാവില്ല! രാജ്യസ്‌നേഹികള്‍ അതിനാല്‍ മനുഷ്യസ്പീഷിസിന്റെ 'പരിണാമപരമായ ലുപ്താവയവ'ങ്ങളാകുന്നു. അങ്ങനെയൊരു 'ലുപ്താവയവ വംശ'മാണ് ദൗര്‍ഭാഗ്യവശാല്‍ സമകാലീന ഇന്ത്യയുടെ ഭരണം പിടിച്ചെടുത്തിരിക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും ഇത്രകാലം 'നിഷ്‌ക്രിയ'വും നിര്‍ദോഷവുമായിരുന്ന 'രാജ്യസ്‌നേഹം' ചില വ്യക്തികള്‍ക്കു പ്രയോജനകരമായി തുടങ്ങിയിരിക്കുന്നു! മനുഷ്യവ്യക്തിക്കു, സ്വന്തം അപ്പന്റിക്‌സ് നിര്‍ദോഷമാണെങ്കിലും അതിന്റെ ദൃശ്യം ജുഗുപ്‌സാവഹവും ശ്രവണം ദുര്‍ഗന്ധപൂരിതവുമായിരിക്കും. സമകാലീന ഇന്ത്യ, അതിന്റെ നിര്‍ദോഷ അപ്പന്റിക്‌സിന്റെ ജുഗുപ്‌സയും ദുര്‍ഗന്ധവുമാണ് അനുഭവിക്കുന്നത്. നമുക്കു കണ്ണടയ്ക്കുകയും ചെവി പൊത്തുകയും ചെയ്യാം. എന്നാല്‍ ഈ 'ലുപ്താവയവം' പഴയതുപോലെ നിര്‍ദേശമായി പിന്‍വാങ്ങണമെന്നില്ല.

അതിനു ശസ്ത്രക്രിയതന്നെ വേണ്ടി വന്നേക്കാം. ഇത് ഇന്ത്യയുടെ മാത്രം പ്രശ്‌നമല്ല. മനുഷ്യരാശിയുടെ പൊതുവായ പ്രശ്‌നമാണ്. 'ഭൂമിയുടെ ഏതെങ്കിലുമൊരു കോണില്‍ സംഭവിക്കുന്ന അനീതി', മുഴുവന്‍ മനുഷ്യരാശിക്കുമെതിരായ അനീതിയാണെന്ന കാന്റിയന്‍ തത്ത്വത്തോടു പ്രതിബന്ധതയുള്ള 'ലോകമനസ്സാക്ഷി' തന്നെയാണ് ഈ ശസ്ത്രക്രിയ നിര്‍വഹിക്കേണ്ടത്. ഈ ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന ഏതു ഉപകരണവും- ഉപദേശം, ശാസന, മുന്നറിയിപ്പ്, ബഹിഷ്‌കരണം, ഉപരോധം, ബലപ്രയോഗം - സാധൂകരിക്കപ്പെടുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ