"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഡിസംബർ 27, ബുധനാഴ്‌ച

ഹിന്ദു കൊളോണിയലിസവും ഫാസിസവും - ജെ രഘുആമുഖം: (നാലാം ഭാഗം)

സഭാ പ്രവേശവും മായാശത്രുക്കളും

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുഫലം സൂക്ഷ്മമായി വിശകലനം ചെയ്താല്‍, 2011-നെ അപേക്ഷിച്ചു ബി.ജെ.പി ക്കുണ്ടായ അത്ഭുതകരമായ വളര്‍ച്ച വ്യക്തമാകും. 2011-ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 6.07 ശതമാനം വോട്ടു ലഭിച്ചപ്പോള്‍, 2016-ല്‍ എന്‍.ഡി.എയ്ക്ക് അതു 14.7 ശതമാനം ആയി വര്‍ധിക്കുകയാണുണ്ടായത്. ഈ തെരഞ്ഞെടുപ്പില്‍ മൊത്തം സീറ്റുകളുടെ 65 ശതമാനം ആയ 91 സീറ്റുകള്‍ നേടിയ എല്‍.ഡി.എഫിനു മൊത്തം വോട്ടിന്റെ 43.1 ശതമാനം മാത്രം. അതായത് 7.1 ശതമാനം വോട്ടിന്റെ കുറവ്! ഈ കണക്കുകള്‍ വിരല്‍ചൂണ്ടുന്നത് എങ്ങോട്ടാണ്?

മതേതര മുന്നണികളായ എല്‍.ഡി.എഫിനും യു.ഡി.എഫിനും പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, നിലവിലുള്ള ജനപിന്തുണയിലും ഗണ്യമായ ചോര്‍ച്ച ഉണ്ടായിരിക്കുന്നു. 2011 വരെ കേരളത്തില്‍ പാര്‍ലമെന്ററി രാഷ്ട്രീയരംഗത്ത് ഒരു നിസ്സാര സാന്നിദ്ധ്യം മാത്രമായിരുന്നു ബി.ജെ.പി ജനകീയാടിത്തറ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുകയും നിയമസഭയില്‍ ഒരു സീറ്റ് നേടുകയും ചെയ്തിരിക്കുന്നു. മാത്രവുമല്ല, 2011 വരെ ശരാശരി 5000 വോട്ടുകള്‍ മാത്രം ലഭിച്ചിരുന്ന ബി.ജെ.പിക്കു 2016-ല്‍ 125-ഓളം മാണ്ഡലങ്ങളില്‍ 10,000-ത്തിലധികവും 25-എണ്ണത്തില്‍ 30,000 -ത്തിലധികവും മൂന്നിടത്ത് 50,000-ത്തിലധികവും വോട്ടുകള്‍ ലഭിച്ചു. ബി.ഡി.ജെ.എസ്സുമാ യുള്ള സഖ്യം തീര്‍ച്ചയായും സഹായിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പിയുടെ വളര്‍ച്ച, ജനാധിപത്യ- മതേതര കേരളത്തിന്‍രെ ഭാവിയുടെ സൂചകമാണ്.

അതിന്റെ പ്രതിനിധി ചരിത്രത്തിലാദ്യമായി നിയമസഭയിലെത്തുകയാണ്! ഏക ബി.ജെ.പി. എം.എല്‍.എയെ ഒരു രാഷ്ട്രീയ സൂചകമായി കാണാന്‍ കഴിയണമെങ്കില്‍ കേരളത്തില്‍ ഹിന്ദുത്വവംശീയ ഫാസിസത്തിനുണ്ടായ വമ്പിച്ച വളര്‍ച്ചയെ സാധ്യമാക്കിയ മൂന്നുപാധികളെ സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്.

1951-ല്‍ ജനസംഘം രൂപീകരിച്ചതിനുശേഷം കാല്‍നൂറ്റാണ്ടുകാലം ആര്‍.എസ്.എസ്. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ യാതൊരു താല്പര്യവും പ്രകടിപ്പിച്ചിരുന്നില്ല. വിശ്വാസികളായ സാധാരണ ഹിന്ദുക്കളെ, വിവിധ ജാതിക്കാരായ സാധാരണ ഹിന്ദുക്കളെ, അവരുടെ സ്വകാര്യ ജീവിത മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടുകൊണ്ട് ഒരു അഖണ്ഡ ഹിന്ദുത്വത്തിലേക്കു ക്രമേണ പരിവര്‍ത്തിപ്പിക്കുന്ന അടിസ്ഥാനതല പ്രവര്‍ത്തന രീതിയാണ് ആര്‍.എസ്.എസ്. അവലംബിച്ചത്. ബാലഗോകുലം, മഹിളാമോര്‍ച്ച, വനവാസികല്യാണ്‍, സ്വദേശി കോണ്‍ഗ്രസ്, ക്ഷേത്രസംരക്ഷണ സമിതി, വിശ്വഹിന്ദു പരിഷത്ത്, യോഗ സംസ്ഥാന്‍, ഹിന്ദു മസ്ദൂര്‍ യൂണിയന്‍, എന്‍.ജി.ഒ സംഘ് എന്നിങ്ങനെ അനവധി സംഘടനകളുടെ അഖിലേന്ത്യാ ശൃംഖലയിലൂടെ പ്രാദേശികവും ജാതീയവുമായ അതിര്‍വരമ്പുകളെ അപ്രസക്തമാക്കുന്ന ഒരു ഭാരതീയനെയും ഒരു ഹിന്ദുവിനെയും സൃഷ്ടിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ആര്‍.എസ്.എസ്. അതിന്റെ ഊര്‍ജ്ജവും സമയവും വിനിയോഗിച്ചത്.


തെരഞ്ഞെടുപ്പിനെയും അധികാരത്തെയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മതേതര പ്രാദേശിക പാര്‍ട്ടികളുടെ ശ്രദ്ധ പതിയാത്ത, അഥവാ അവര്‍ക്കു താല്പര്യമില്ലാത്ത ജീവിതമേഖലകളെയും സാമൂഹ്യവിഭാഗങ്ങളെയും തെരഞ്ഞെടുത്ത ആര്‍.എസ്.എസ്സിന് അതുകൊണ്ടുതന്നെ അവരുടെ പ്രവര്‍ത്തനമേഖലകളില്‍ കാര്യമായ പ്രതിരോധങ്ങള്‍ നേരിടേണ്ടിവന്നിട്ടില്ല. ഈ മേഖലകളില്‍ സജീവ സാന്നിദ്ധ്യമുറപ്പിച്ച ആര്‍.എസ്.എസ്സിനു നിസ്തന്ദ്രമായ ആശയപ്രചരണത്തിലൂടെ ഗണ്യമായ സാമൂഹ്യ വിഭാഗങ്ങളെ മസ്തിഷ്‌ക്കപ്രക്ഷാളനത്തിനു വിധേയമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

സൃഷ്ടിച്ചെടുത്ത മായാശത്രുക്കള്‍

പ്രകടമായ ജാതി ഉച്ചനീചത്വവും സവര്‍ണാധിപത്യവും നില നില്‍ക്കുന്ന ഉത്തര - പശ്ചിമേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലവിരിച്ച ആര്‍.എസ്.എസ്സിനു സവര്‍ണ മര്‍ദ്ദനത്തിനിരയാകുന്ന ദളിത് ജനവിഭാഗങ്ങളുടെ പ്രതിഷേധ - പ്രതിരോധങ്ങളെ, ആത്മാഭിമാനത്തെ, സ്ഥാനാന്തരം *** ചെയ്യാനും ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. മര്‍ദ്ദകനെയും മര്‍ദ്ദിതനെയും ഒരുപോലെ വിഴുങ്ങാന്‍ തയാറായി നില്‍ക്കുന്ന ഒരു മായാത്രു (fantom enemy) വിനെ നിര്‍വ്വചിക്കുകയും ക്രമേണ ഈ ശത്രുഭീതിയെ മുസ്‌ലിങ്ങള്‍ക്കെതിരെ തിരിച്ചുവിടുകയും ചെയ്യുന്ന രീതിയാണ് ആര്‍.എസ്.എസ്. പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഭൂമിശാസ്ത്രപരമായും മതപരമായും വിശ്വാസപരമായും സാംസ്‌കാരികമായും അന്യമായ മുസ്‌ലിം ശത്രിവിനെക്കുറിച്ചുള്ള ഭീതി വര്‍ദ്ധിക്കുന്നതനുസരിച്ച്, മേല്‍-കീഴ് ജാതികളില്‍ ഏകീകൃതവും തദ്ദേശീയവുമായ ഒരു മത - വിശ്വാസ - സാംസ്‌കാരിക - സാഹോദര്യം രൂപപ്പെടുത്തുകയും ക്രമേണ ഇവര്‍ നമ്മള്‍ ഹിന്ദുക്കള്‍ (us-hindus)എന്നും അവര്‍ മുസ്‌ലിങ്ങള്‍ (them muslims) എന്നുമുള്ള ബോധത്തിലേക്കു പരിവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. അവരും അന്യരും വിദേശികളുമായതിനാല്‍, മുസ്‌ലിങ്ങളുമായുള്ള ബന്ധം ആത്യന്തികമായി ശത്രുതയുടേതാണെന്ന അപായകരമായ തിരിച്ചറിവിലേക്കു വിവിധ ജാതിവിഭാഗങ്ങളെ എത്തിക്കുന്നതിന് ആര്‍.എസ്.എസ്സിനു കഴിഞ്ഞിട്ടുണ്ട്.

നിത്യജീവിതത്തിലെ സവര്‍ണാധിപത്യത്തിന് എതിരായ സഹജമായ ജാഗ്രതയെ, സഹജമായ പ്രതിരോധത്തെ ഇസ്‌ലാം വിരുദ്ധ ജാഗ്രതയായും പ്രതിരോധവുമായും മാറ്റിയെടുത്തുകൊണ്ടാണു സവര്‍ണ - ദളിത് വൈരുദ്ധ്യത്തെ ആര്‍.എസ്.എസ്. നിര്‍വീര്യമാക്കുന്നത്.

തങ്ങളെ പരമ്പരാഗതമായി പാര്‍ശ്വവല്‍ക്കരിച്ചത് ആര്, തങ്ങള്‍ക്കു സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചത് ആര്, തങ്ങള്‍ക്കു വിദ്യാഭ്യാസ അവകാശം നിഷേധിച്ചത് ആര്, തങ്ങള്‍ക്കു മനുഷ്യാവകാശം നിഷേധിച്ചതാര്, തങ്ങള്‍ക്കു സമത്വവും നീതിയും നിഷേധിച്ചത് ആര് തുടങ്ങിയ ചോദ്യങ്ങള്‍ ദളിത് ജനയുടെ ചിന്തയില്‍നിന്ന് അപ്രത്യക്ഷമാകുകയും അവര്‍ 'ആസന്നവും സമീപസ്ഥവുമായ ഇസ്ലാമിക വിപ'ത്തിന്റെ 'ഇരബോധ'ത്തിനു വിധേയരാകുകയും ചെയ്യുന്നു. ഈ ഇരബോധത്തെ വേട്ടബോധത്തിന്റെ ഹിംസാത്മകതയിലേക്കു വിജ്രംഭിതമാക്കുന്ന തരത്തില്‍ ഉത്തര-പശ്ചിമേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയവും വംശീയവുമായ ലഹളകള്‍ ആസൂത്രണം ചെയ്യാനും പരസ്പരം വെറുത്തിരിക്കുന്ന ജനവിഭാഗങ്ങളെ ഒരു ഏകീകൃത ഹിന്ദു സൈന്യമാക്കി പുനഃസംഘടിപ്പിക്കാനും മുസ്‌ലിം ഹത്യകളിലേക്കു മാര്‍ച്ചു ചെയ്യിക്കാനും ആര്‍.എസ്.എസ്സിനു കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതിയുടെ ഏറ്റവും വിജയകരമായ പ്രയോഗമാണ് 2002-ല്‍ ഗുജറാത്തില്‍ നടന്നത്. സാമൂഹ്യ രാഷ്ട്രീയ-ജീവിതത്തിന്റെ മുഖ്യധാരയില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ടിരുന്ന ദളിത് - ഗോത്രവിഭാഗങ്ങളെയാണു നരഹത്യയുടെ നടത്തിപ്പുകാരായി ഉപയോഗിച്ചത്. ഗുജറാത്തിലെ ദളിതരുടെയും ഗോത്രവിഭാങ്ങളുചെ.#ു#ം നിത്യജീവിതവുമായി കാര്യമായ ബന്ധമില്ലാതിരുന്ന മുസ്‌ലിങ്ങളെ ശത്രുക്കളായി കാണുന്നവരും അവരെ കൊന്നൊടുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരായും ഇവരെ മാറ്റി നിര്‍ത്തിയെടുക്കുന്നതിലൂടെ ആര്‍.എസ്.എസ്. ലക്ഷ്യമാക്കിയത് ഒരുതരം ധാര്‍മ്മിക നിര്‍ബോധന (moral disengagement) മായിരുന്നു. ധാര്‍മ്മിക വിച്ഛേധനത്തിനു വിധേയരാകുന്ന ഒരു ജനവിഭാഗം സ്വയം ചിന്തിക്കാനോ സ്വന്തം ഭൂതകാലത്തെ വിമര്‍ശനമായി വിലയിരുത്താനോ കഴിവില്ലാത്ത വെറുമൊരു മനുഷ്യപറ്റായി മാറുന്നു. ഇങ്ങനെയുള്ള ഒരു മനുഷ്യപറ്റത്തിന്റെ നിര്‍മ്മിതിയാണു കേരളത്തിലെ ബി.ഡി.ജെ.എസ്. എന്ന സംഘടനയിലൂടെ ആര്‍.എസ്.എസ്. നിര്‍വ്വഹിച്ചത്. ബി.ഡി.ജെ.എസ്സിനു പിന്നില്‍ അണിനിരക്കുന്ന ഈഴവ-ദളിത് ജാതിവിഭാഗങ്ങളെ ഇതര സവര്‍ണവിഭാഗങ്ങളുമായുള്ള പരമ്പരാഗതമായ സാമൂഹ്യ ഉച്ഛനീചബന്ധങ്ങളില്‍ യാതൊരു മാറ്റവും വരുത്താതെതന്നെ അഖണ്ഡഹിന്ദുവിന്റെ വാഹകരും യോദ്ധാക്കളുമാക്കി മാറ്റാനും ആര്‍.എസ്.എസ്സിനു കഴിഞ്ഞിരിക്കുന്നു.

1980-ല്‍ ബി.ജെ.പിയുടെ രൂപീകരണം വന്നതോടെയാണു കേന്ദ്രത്തില്‍ അധികാരം പിടിക്കുക എന്ന ആര്‍.എസ്.എസ്. ലക്ഷ്യം വെളിപ്പെടുത്തപ്പെട്ടത്. 1977-ല്‍ ജനതാപാര്‍ട്ടിയുമായുള്ള സഖ്യവും തുടര്‍ന്നു കേന്ദ്രഗവണ്‍മെന്റിലെ പങ്കാളിത്തവും ആര്‍.എസ്.എസ്സിന് അതിന്റെ വംശീയ - ഫാസിസ്റ്റ് മുഖം മറച്ചുവെയ്ക്കാനുംമറ്റേതൊരു രാഷ്ട്രീയപാര്‍ട്ടിയെയും പോലെ ഒരു ജനാധിപത്യ പാര്‍ട്ടിയെന്ന പ്രതിച്ഛായ ആര്‍ജ്ജിക്കാനും കഴിഞ്ഞു. ആര്‍.എസ്.എസ്സിന് ഇങ്ങനെയൊരു രാഷ്ട്രീയ സാധൂകരണം നല്‍കിയതിന്റെ ഉത്തരവാദിത്വത്തില്‍നിന്നു ജനതാപാര്‍ട്ടിക്ക് ഒഴിയാനാകില്ല.

അടിയന്തരാവസ്ഥ എന്ന അപവാദം ഒഴിച്ചുനിര്‍ത്തിയാല്‍, കോണ്‍ഗ്രസ്സ് അതിന്റെ ജനാധിപത്യ പാരമ്പര്യം പൂര്‍ണമായി ബലികഴിച്ചിട്ടില്ല എന്നതു വിസ്മരിക്കാനാവില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധി തന്നെയാണ്, 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയെ ഒരു മതേതര റിപ്പബ്ലിക്ക് ആയി പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്. അടിയന്തരാവസ്ഥയില്‍പോലും തന്റെ അമിതാധികാരത്തിന് ഭൂരിപക്ഷസമ്മതി ആര്‍ജ്ജിക്കുന്നതിനുവേണ്ടി ഭരണകൂടസ്ഥാപനങ്ങളെ ഹിന്ദുവല്‍ക്കരിക്കാന്‍ ഇന്ദിരാഗാന്ധി ശ്രമിച്ചിട്ടില്ല. 1925-ല്‍ രൂപംകൊണ്ട ആര്‍.എസ്.എസ്സിന് 1975 വരെയുള്ള അരനൂറ്റാണ്ടുകാലം ഇന്ത്യയുടെ മതേതര രാഷ്ട്രീയ മുഖ്യധാരയില്‍ കാര്യമായ സാന്നിദ്ധ്യമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നു മാത്രമല്ല, ആധുനികപൂര്‍വ്വവും ജനാധിപത്യവിരുദ്ധവും അപരിഷ്‌കൃതവും അക്രമാസക്തവുമായ ഒരു സവര്‍ണ വംശീയ തീവ്രവാദത്തിന്റെ ഹിംസാത്മകരൂപം എന്ന പ്രതിച്ഛായയില്‍നിന്നു സ്വതന്ത്രമാകാനും കഴിഞ്ഞിരുന്നില്ല. ഒരു വിപത്താണ് ആര്‍.എസ്.എസ് എന്ന മുഖ്യധാരാ ബോധം പ്രബലമായിക്കൊണ്ടിരുന്ന ഒരു ചരിത്രസന്ധിയിലാണ്, ജനാധിപത്യ-മതേതര പ്രതിപക്ഷ ധാരയിലേക്ക് അവര്‍ സ്വാഗതം ചെയ്യപ്പെട്ടത്. ഇതു കോണ്‍ഗ്രസ്സിനെതിരായ ഒരു അഖിലേന്ത്യാബദല്‍ എന്ന മാന്യപദവിയിലേക്ക് ആര്‍.എസ്.എസ്സിനെ ഉയര്‍ത്തുകയാണുണ്ടായത്. ക്രമേണ, ജനതാപാര്‍ട്ടി ഛിന്നഭിന്നമാകുകയും പ്രാദേശിക പാര്‍ട്ടികളായി ചുരുങ്ങുകയും ചെയ്തതോടെ, കോണ്‍ഗ്രസ്സിനു ബദലായ ഏക അഖിലേന്ത്യാപാര്‍ട്ടി എന്ന സാധൂകരണം ബി.ജെ.പിക്കു ലഭിക്കുകയും ചെയ്തു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ