"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഡിസംബർ 21, വ്യാഴാഴ്‌ച

പുസ്‌തകം: ഹിന്ദു കൊളോണിയലിസവും ഫാസിസവും - ജെ രഘുആമുഖം; 'നിന്ദ്യതയോടുള്ള അഭിനിവേശവും ഹിന്ദുഫാസിസവും - ജെ രഘു

സ്വാതന്ത്ര്യത്തിനു ശേഷം ആധുനികഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ഇപ്പോള്‍ നേരിടുന്നത്. ഈ ഇരുണ്ടകാലത്തെ 'മോദിയുഗ' മെന്ന് വിശേഷിപ്പിക്കാം. ഇതുപോലൊരു പ്രതിസന്ധി ഇതിനു മുമ്പുണ്ടായത്, അടിയന്തിരാവസ്ഥയിലാണ്. പക്ഷെ, അടിയന്തിരാവസ്ഥയും 'മോദിയുഗ'വും തമ്മില്‍ അടിസ്ഥാനപരമായ ചില വ്യത്യാസങ്ങളുണ്ട്.

ഒന്ന്, ഭരണഘടനാപരമായ അധികാരമുപയോഗിച്ചുകൊണ്ടാണ്, അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണഘടനയെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യാന്‍, ഭരണഘടനയില്‍ തന്നെ വ്യവസ്ഥയുണ്ട്. ഇത്, 'സ്റ്റേറ്റ് ഒഫ് എക്‌സെപ്ഷന്‍' (state of exception) ആണ്. അടിയന്തിരാവസ്ഥയില്‍, പൗരാവകാശങ്ങളും പത്രസ്വാതന്ത്ര്യവും മരവിപ്പിച്ചെങ്കിലും അത് അതാര്യവും പരോക്ഷവുമാക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.

രണ്ട്, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ മരവിപ്പിച്ച ഇന്ദിരാഗാന്ധി, മറുവശത്ത്, 42-ാം ഭരണഘടനാഭേദഗതിയിലൂടെ ഇന്ത്യയെ മതേതരരാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്തു. അടിയന്തിരാവസ്ഥയില്‍, ഭരണകൂടനിയന്ത്രണം ഉദ്യോഗസ്ഥരിലും പോലീസിലും നിക്ഷിപ്തമായെങ്കിലും, ഭരണകൂട -വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമേല്‍ അധിനിവേശം നടത്താന്‍ മത-വര്‍ഗീയശക്തികളെ അനുവദിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. മൂന്ന്, അടിയന്തിരാവസ്ഥയ്ക്ക് ജനികീയസാധൂകരണമില്ലായിരുന്നു. ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാപരമായ തീരമാനമായിരുന്നു അത്. അതുകൊണ്ടാണ്, അടിയന്തിരാവസ്ഥ പിന്‍വലിച്ചതിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇന്ദിരാഗാന്ധിയെ അധികാരഭൃഷ്ടയാ ക്കിയത്.

എന്നാല്‍ മോദിയുഗത്തെ അടിയന്തിരാവസ്ഥയില്‍ നിന്നുഭിന്നമാക്കുന്ന ഒന്നാമത്ത ഘടകം, തിരഞ്ഞെടുപ്പ് എന്ന ജനഹിതപരിശോധനയാണ് മോദിയുഗത്തെ സാധ്യമാക്കിയത് എന്നതാണ്. അതിനാല്‍, മോദിയുഗത്തിന് ഭൂരിപക്ഷജനഹിത ത്തിന്റെ സാധൂകരണമുണ്ട്. രണ്ട്, ഇന്ദിരാഗാന്ധിചെയ്തതുപോലെ, മോദിയുഗം ഭരണഘടനയെ സസ്‌മെന്‍സ് ചെയ്യുകയോ മൗലികാവകാശങ്ങള്‍ റദ്ദാക്കുകയോ ചെയ്യുന്നില്ല. അതിനാല്‍, മോദിയുഗത്തിന് ഭരണഘടനാപരവും നിയമാനുസൃതവുമെന്ന പ്രത്യക്ഷപരിവേഷമുണ്ട്. മൂന്ന്, അടിയന്തിരാവസ്ഥയില്‍ ചെയ്തതുപോലെ, മോദിയുഗ ത്തില്‍ പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളെ പ്രത്യക്ഷത്തില്‍ അടിച്ചമര്‍ത്തുകയോ നേതാക്കളെ ജയിലടയ്ക്കുകയോ ചെയ്യുന്നില്ല.

നാല്, പാര്‍ലമെന്ററി സമ്പ്രദായത്തിന്റെ ബാഹ്യമായ ഔപചാരികത, മോദിയുഗം നിലനിര്‍ത്തുന്നു.

അഞ്ച്, സമകാലീനഇന്ത്യന്‍ രാഷ്ട്രീയ സന്ദര്‍ഭത്തെ മോദിയുഗമെന്നു വിശേഷിപ്പിക്കുന്ന തിനുകാരണം, അതിന്റെ യാഥാര്‍ത്ഥഭൂമിക, ഭരണഘടനാബാഹ്യവും രാഷ്ട്രീയേതര വുമായ മേഖലകളിലാണ് എന്നതാണ്. എന്നാല്‍, അത് സമര്‍ത്ഥമായി മറച്ചുവെയ്ക്കാനും മോദിയുഗത്തിനു കഴിയുന്നുണ്ട്. ആര്‍.എസ്സ്.എസ്സ് എന്ന ഹിന്ദുഭീകരവാദസംഘനയുടെ നേതൃത്വത്തിലുള്ള ചെറുതും വലുതുമായ ഭീകരവാദഗ്രൂപ്പുകളാണ് മോദിയുഗത്തിന്റെ യഥാര്‍ത്ഥപ്രതിനിധികളും പ്രയോക്താക്കളും. വിദ്യാഭ്യാസ -സംസ്‌കാരിക മേഖലകളിലും സാമൂഹ്യജീവിതമണ്ഡലങ്ങളിലുമാണ് ഈ ഭീകരതവാദസംഘങ്ങള്‍ അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്നത്. ഗവണ്‍മെന്റിന്റെ പ്രത്യക്ഷമായ ഇടപെടലില്ലാതെതന്നെ ആര്‍.എസ്സ്.എസ്സ്. നേതൃത്വം നല്‍കുന്ന 'ഹിന്ദുഫാസിസ്റ്റു വല്‍ക്കരണ'ത്തിനതീതമായ ഒരു 'പാര്‍ലമെന്ററി പ്രതിച്ഛായ' നിലനിര്‍ത്താന്‍ മോദിയ്ക്കുകഴിയുന്നു എന്നതാണ് ഇതിന്റെ വൈപരീത്യം. അതിനാല്‍, മോദിയുഗ ത്തിന്റെ, അന്തര്‍ധാരയായ ഹൈന്ദവഫാസിസം അടിയന്തിരാവസ്ഥയെപ്പോലെ ഗോചരമോ സുതാര്യമോ അല്ല. ഹൈന്ദവഫാസിസ്റ്റാതിക്രമങ്ങള്‍ക്കെതിരെ പ്രതിക്ഷേധങ്ങളുണ്ടാവുമ്പോള്‍, തന്ത്രപരമായി ഒഴിഞ്ഞുനില്‍ക്കാനും, വേണ്ടിവന്നാല്‍, അതിക്രമങ്ങളെ തള്ളിപ്പറയാനുമുള്ള സുരക്ഷാകവചം മോദിയുഗം സൃഷ്ടിച്ചിട്ടുണ്ട്. ഹിന്ദു ഭീകരസംഘങ്ങളുടെ അതിക്രമങ്ങളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുകയും അവയോട് നിസ്സംഗതപുലര്‍ത്തുകയും, എന്നാല്‍, പ്രതിഷേധങ്ങളുണ്ടാവുമ്പോള്‍, അവയെ തള്ളിപ്പറഞ്ഞ് പ്രതിച്ഛായനിലനിര്‍ത്തുകയും ചെയ്യുന്ന ഫാസിസ്റ്റു തന്ത്രമാണ് മോദിപ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.

സാമൂഹ്യജീവിതത്തിന്റെ താഴെ തട്ടുകളില്‍നടക്കുന്ന ഫാസിസ്റ്റുവല്‍ക്കരണത്തിലൂടെ വലിയൊരു വിഭാഗം ജനങ്ങളെ അണിനിരത്താന്‍ ആര്‍.എസ്സ്.എസ്സിനു കഴിയുന്നുണ്ട്. ഘര്‍വാപസി, ഗോമാംസത്തിന്റെ പേരില്‍ നടത്തുന്ന കൊലകള്‍, സ്വതന്ത്ര എഴുത്തുകാരെയും ചിന്തകരെയും വകവരുത്തല്‍ എന്നിവയ്‌ക്കെല്ലാം നേതൃത്വം നല്‍കുന്നത് ആര്‍.എസ്സ്.എസ്സ് രൂപം നല്‍കിയിട്ടുള്ള ഭീകരവാദസംഘങ്ങളാണ്. അടിയന്തിരാവസ്ഥയില്‍, ഭിന്നാഭിപ്രായങ്ങളുടെയോ വിമര്‍ശനങ്ങളുടെയോ പേരില്‍ ആരെയും കോണ്‍ഗ്രസ്സിന്റെ ജനക്കൂട്ടങ്ങള്‍ ആക്രമിച്ചിട്ടില്ല. അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ ഇന്ദിരാഗാന്ധി ഉപയോഗിച്ചത് പോലീസിനെതന്നെയായിരുന്നു. ഗോമാംസം കഴിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ഒരു മുസ്ലീമിനെ കൊല ചെയ്തത് പോലീസായിരുന്നില്ല. എഴുത്തുകാരായ നരേന്ദ്രദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരെകൊന്നത് പോലീസുകാരായിരുന്നില്ല. പെരുമാള്‍മുരുകനെ നിശബ്ദനാക്കിയത് പോലീസുകരായിരുന്നില്ല. മാംസാഹാരം വില്‍ക്കുന്ന ഹോട്ടലുകളും ക്ലബുകളും റെയ്ഡ് ചെയ്യുന്നതും തല്ലിത്തകര്‍ക്കുന്നതും പോലീസുകാരല്ല. ഈ കൊലപാതകങ്ങള്‍ക്കും സാംസ്‌കാരികറെയ്ഡുകള്‍ക്കും പരസ്യമായ നേതൃത്വം വഹിക്കുന്നത് ആര്‍.എസ്സ്.എസ്സ് രക്ഷാകര്‍തൃത്വമുള്ളഹിന്ദുഭീകരവാദസംഘങ്ങളാണ്. തല്‍ക്കാലത്തേയ്‌ക്കെങ്കിലും ഭരണകൂടസ്ഥാപനങ്ങളുടെയും പോലീസിന്റെയും നിഷ്പക്ഷത നിലനിര്‍ത്തുകയും, എന്നാല്‍, മറുവശത്ത്, ഹിന്ദുഭീകരവാദസംഘങ്ങള്‍ക്ക് ഫാസിസ്റ്റുസ്വാതന്ത്ര്യം നല്‍കുകയുമെന്നതാണ് മോദിയുഗത്തിന്റെ സവിശേഷത.

മോദിയുഗത്തിന്റെ പ്രധാനശ്രദ്ധ സാംസ്‌കാരിക വിദ്യാഭ്യാസമേഖലകളാണ്. കലാ-സാഹിത്യ അക്കാദമികള്‍, അക്കാദമിക/ ഗവേഷണസ്ഥാപനങ്ങള്‍, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, യൂണിവേഴ്‌സിറ്റികള്‍, ശാസ്ത്ര-സാങ്കേതിക ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വം പിടിച്ചെടുക്കുകയെന്നതാണ് മോദിയുഗത്തിന്റെ അടിയന്തിര അജണ്ട. അങ്ങനെ യഥാര്‍ത്ഥ കലയേയും സാഹിത്യത്തെയും ശാസ്ത്രത്തെയും ഈ സ്ഥാപനങ്ങളില്‍ നിന്നും പുറത്താക്കാനും പകരം കൈനോട്ടത്തെയും ജ്യോതിഷ ത്തെയും വൈദികഗണിതതട്ടിപ്പിനെയും കുട്ടിച്ചാത്തന്‍ സേവയേയും ശാസ്ത്രത്തിന്റെ വേഷം കെട്ടിച്ച് അരങ്ങിലെത്തിക്കുകയാണ് മോദിയുഗത്തിന്റെ പദ്ധതി. കാരണം, യഥാര്‍തഥകലയേയും ശാസ്ത്രത്തെയും എല്ലാക്കാലത്തെയും ഫാസിസ്റ്റുകള്‍ക്ക് ഭയമാണ്. ഐന്‍സ്റ്റൈന്റെ 'ജൂതഫിസിക്‌സി'നെ ഹിറ്റ്‌ലര്‍ ഭയന്നതുപോലെ, മെന്‍ഡലിന്റെ 'ബുര്‍ഷ്വാജനറ്റിക്‌സി'നെ സ്റ്റാലിന്‍ ഭയന്നതുപോലെ, മോദിയും യഥാര്‍ത്ഥ കലയേയും ശാസ്ത്രത്തെയും ഭയക്കുന്നു. പകരം, ആര്‍.എസ്സ്.എസ്സ്‌ന്റെ കുറുവടിശാഖകളില്‍ പരിശീലനം നേടിയ 'കലാകാരന്മാരെ'യും 'ശാസ്ത്രജ്ഞരെ'യും കലാ-സാഹിത്യശാസ്ത്ര സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിച്ചാല്‍ 'ഹിന്ദുകലാസാഹിത്യ'വും 'ഹിന്ദുശാസ്ത്ര'വും വിളയിച്ചെടുക്കാമെന്നാണ് മോദിയുഗത്തിന്റെ പ്രതീക്ഷ. 'ബൂര്‍ഷ്വാജനറ്റിക്‌സി'നെ പുറത്താക്കുകയും (സോവിയറ്റ് യുണിയനില്‍ നിന്നും) ലൈസങ്കോയുടെ 'പ്രോലിറ്റേറി യന്‍ കൃഷിശാസ്ത്രം' പ്രയോഗിക്കുകയും ചെയ്തതിന്, ആ രാജ്യം കൊടുക്കേണ്ടിവന്ന വില ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെടുത്ത ഭക്ഷ്യക്ഷാമമായിരുന്നു! മോദിയുഗ ത്തിന്റെ സാംസ്‌കാരിക വിദ്യാഭ്യാസ അജണ്ട നടപ്പാക്കുന്നതിന് എന്തുകൊണ്ടും യോഗ്യര്‍ മൗലികചിന്തയെ പുച്ഛിക്കുന്ന മീഡിയോക്രീറ്റികളാണ്. മൗലികചിന്തയോടും ധിഷണാസ്വാതന്ത്ര്യത്തോടും ഇത്രയേറെ അസഹിഷ്ണുത പ്രകടമാക്കുന്ന ഒരു കാലം ഇതിനുമുമ്പുണ്ടായിട്ടില്ല. മോദിയുഗത്തില്‍ അക്ഷരത്തോടും ചിന്തയോടുമുള്ള അസഹിഷ്ണുത ഹിംസാത്മകരൂപമാര്‍ജിച്ചുകൊണ്ടിരിക്കുകയാണ്. കാരണം, മോദിയുഗത്തിന്റെ യഥാര്‍ത്ഥ പ്രയോക്താക്കളായ ആര്‍.എസ്സ്.എസ്സ് കാരുടെ പശ്ചാത്തലം ശാഖയും കാക്കിനിക്കറും കുറുവടിയും കാവികുറിയും രാഖിച്ചരടുമാണ്. ഈ ചിഹ്നങ്ങളെല്ലാം അന്ധമായ അനുസരണയുടെയും കാരുണ്യശൂന്യമായ ഹിംസയുടെയും പ്രതീകങ്ങളാണ്. ലക്ഷണമൊത്ത ഒരു സൈനികന്റെ മുഖമുദ്ര, സ്വതന്ത്രവും വിമര്‍ശനാത്മകവുമായി ചിന്തിക്കാനുള്ള ശേഷിയില്ലായ്മയാണ്. ചിന്താശേഷിയുണ്ടെ ങ്കില്‍, അനുസരിക്കുന്നതിന് മുമ്പ് അവര്‍ മേലുദ്യോഗസ്ഥന്റെ ആജ്ഞകളെ വിമര്‍ശനപരമായ ആത്മപ്രതിഫലനത്തിനുവിധേയമാക്കും. ലോകത്തെ എല്ലാ പ്രൊഫഷണല്‍ സൈന്യങ്ങളും അവരുടെ സൈനികര്‍ക്കു നല്‍കുന്ന മുഖ്യപരിശീലനം ശാരീരികക്ഷമതാ പരിശീലനങ്ങളാണ്. ഈ പരിശീലനത്തില്‍ മസ്തിഷ്‌കപ്രക്ഷാളനവും ഉള്‍പ്പെടുന്നു. ആജ്ഞകള്‍ അനുസരിക്കുന്ന 'ഒത്തശരീര'മാണ് ഒരു ഉത്തമസൈ നികന്‍. ഈ മാതൃകയാണ് ആര്‍.എസ്സ്.എസ്സ്.സ്ഥാപകനായ ഹെഡ്‌ ഗേഗവാര്‍ പിന്‍തുടര്‍ന്നത്. ഇന്ത്യയില്‍ ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനാവശ്യം 'ഒത്ത ശരീരങ്ങ'ളാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ടാണ്, കൈകാലുകള്‍ നിവര്‍ത്തിയുള്ള കായികപരിശീലനത്തിനു പ്രധാന്യം നല്‍കുന്ന ശാഖകള്‍ക്കു തുടക്കമിട്ടത്. കുറുവടി പ്രയോഗം നടത്തുന്നതിന് മസ്തിഷ്‌കത്തിന്റെ ആവശ്യമില്ല. കൈവഴക്കം മാത്രം മതി. ചില സംസ്‌കൃതശ്ലോകങ്ങളുടെ ഉച്ചാരണത്തിനും മസ്തിഷ്‌കം ആവശ്യമില്ല. നാവും ചുണ്ടുകളും മാത്രം മതി. ഒരു ശരാശരി ആര്‍.എസ്സ്.എസ്സ്. ഭീകരവാദിയുടെ ശിരസ്സിന്റെ സ്ഥാനത്ത് മറ്റേതൊരു അവയവം പ്രതിഷ്ഠിച്ചാലും അയാളുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കുന്നില്ല. തങ്ങള്‍ക്ക് അനഭിമതരായ എഴുത്തുകാരെ വകവരുത്തല്‍, അവര്‍ക്ക് ഭീഷണികത്തയയ്ക്കല്‍, ഗോംമാംസ കൊലകള്‍, സാംസ്‌കാരികസദാചാരപോലീസിംഗ്, തുടങ്ങിയവയൊന്നും മസ്തിഷ്‌ക്കമുപയോഗിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളല്ല. ഇതൊക്കെ വിരല്‍ചൂണ്ടുന്നത്, മോദിയുഗം വിഭാവന ചെയ്യുന്ന ഹിന്ദുരാഷ്ട്രം ഏതുതരം മനുഷ്യരുടെ രാഷ്ട്രമായിരിക്കു മെന്നാണ്. ആര്‍.എസ്സ്.എസ്സ്. ശാഖകള്‍ സൃഷ്ടിക്കുന്ന കുറുവടിച്ചട്ടമ്പികളുടെ മാതൃകയിലുള്ള മനുഷ്യരെയാണോ ഹിന്ദുരാഷ്ട്രം വിഭാവനചെയ്യുന്നത്? എങ്കില്‍, ഇന്ത്യയുടെ ഭാവി അതിദാരുണവും അതിശുഷ്‌കവും അതിഭീകരവുമായിരിക്കും. അതിഭീകരവും അചിന്തനീയവുമായൊരു ഭാവിയിലേക്കുള്ള ആദ്യവാതില്‍മാത്രമാണ് മോദിയുഗം. ഇപ്പോള്‍തന്നെ ഇതു തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍, ഹിന്ദുരാഷ്ട്രമെന്ന 'പൈശാചിക' ഭാവിയിലെത്തുമ്പോഴേക്കും നാമൊക്കെ, നന്‍മയും തിന്‍മയും തമ്മില്‍, നീതിയും അനീതിയും തമ്മില്‍, സത്യവും അസത്യവും തമ്മില്‍, ജ്യോതിഷവും ജ്യോതിശാസ്ത്രവും തമ്മില്‍ ഹിന്ദുശാസ്ത്രവും ആധുനികശാസ്ത്രവും തമ്മില്‍ ജനാധിപത്യവും ഫാസിസവും തമ്മില്‍, തിരിച്ചറിയാനാകാത്ത ശരീരങ്ങള്‍ മാത്രമായിത്തീരും. ഏതു മഹാതിന്‍മയേയും 'നിസ്സാര'മായി കാണാന്‍ കഴിയുന്ന (banality of evil) മാനസികാ വസ്ഥയിലേക്കു ഭൂരിപക്ഷം ജര്‍മന്‍കാരെയും പരിവര്‍ത്തിപ്പിക്കാന്‍ ഹിറ്റ്‌ലര്‍ക്കു കഴിഞ്ഞതുകൊണ്ടാണ്, സ്വന്തം കണ്‍മുമ്പില്‍ അരങ്ങേറിയ കൊടുംപാതകങ്ങളോടും കൂട്ടക്കുരുതികളോടും ഭൂരിപക്ഷ ജര്‍മന്‍ ജനത നിസ്സംഗതപുലര്‍ത്തിയത്. കൂട്ടകൊല കളെക്കാള്‍ കുറ്റകരമാണ് അവയോടുള്ള നിസ്സംഗത. സ്വന്തം ജീവിവര്‍ത്തില്‍പ്പെട്ട സഹജീവികള്‍ക്കുണ്ടാകുന്ന അപകടങ്ങളെയും മരണങ്ങളെയും സസ്തനികള്‍പോലും നിസ്സംഗതയോട് നോക്കിനില്‍ക്കാറില്ല. സഹമനുഷ്യരോടുള്ള 'empathy', നിര്‍ദ്ധാരണചെയ്യപ്പെട്ട ഒരു ജൈവവാസനയാണ്. ഈ 'എംപതി'യെ മനുഷ്യരില്‍ നിന്നും ചോര്‍ത്തിക്കളയുകയെന്നതാണ് എല്ലാക്കാലത്തേയും ഫാസിസത്തിന്റെ വിജയം. എംപതിയുടെ മസ്തിഷ്‌ക്കസ്രോതസ്സുകള്‍ മരവിക്കുമ്പോഴാണ്, മനുഷ്യന് കാരണമില്ലാത്തപാതകങ്ങള്‍ ചെയ്യാന്‍ കഴിയുന്നത്. മോദിയുഗം അതിനാല്‍,'era of de-empathization' കൂടിയാണ്. കുറുവടിശാഖകള്‍ 'centres of de-empathization' ആണ് കുറുവടി ശാഖകളിലെ ചികിത്സയ്ക്കു വിധേയമാകുന്നവര്‍, ഏതു ബീഭത്സതയും നിര്‍വഹിക്കാന്‍ മനസാക്ഷിക്കുത്തില്ലാത്ത ഒരു 'ഫാസിസശരീര'ങ്ങളായിമാറുന്നു. ഇത്തരം 'ഫാസിസ്റ്റു ശരീര'ങ്ങളുടെ 'മാസ്സ് പ്രൊഡക്ഷന്‍' നടത്തുന്ന ഫാക്ടറിശൃംഖല യാണ് ആര്‍.എസ്സ്.എസ്സ്.

ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ പരാന്നജീവികളില്‍നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നതിന് പരിണാമപ്രക്രീയതന്നെ 'ജൈവവശാസ്ത്ര പ്രതിരോധവ്യവസ്ഥ' (ആശീഹീഴശരമഹ കാാൗില ്യെേെലാ) സൃഷ്ടിച്ചിട്ടുണ്ട്. മനുഷ്യരുടെ ബോധപൂര്‍വ്വമായ പങ്കാളിത്തമില്ലാതെതന്നെയാണ് ഈ പ്രതിരോധ വ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഫാസിസ്റ്റുവൈറസിനെ തടയുന്ന 'മതേതര പ്രതിരോധവ്യവസ്ഥ'(Secular immune system) സൃഷ്ടിക്കുകയെന്ന ഉത്തരവാദിത്വം നമ്മളില്‍ തന്നെ നിക്ഷിപ്തമായിരിക്കുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ മതവിശ്വാസങ്ങളുടെയും ആചാരാഘോഷങ്ങളുടെയും അതിഭീകരമായ വ്യാപനം ഹിന്ദുഫാസിസ്റ്റ് വൈറസുകള്‍ക്ക് പ്രവേശനയോഗ്യമായ 'അതിഥിശരീര'ങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ താല്‍ക്കാലിക തിരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷപാര്‍ട്ടികള്‍, മത-പാരമ്പര്യവിമര്‍ശനം ഉപേക്ഷിച്ചതും ഹിന്ദു - ഫാസിസ്റ്റുവൈറസുകളുടെ വ്യാപനത്തെ - സുഗമമാക്കി. വ്യാപകമായിക്കൊണ്ടിരിക്കുന്ന മതാത്മകത, തീര്‍ത്ഥാടനാസക്തി, ആള്‍ദൈവങ്ങള്‍, പൊങ്കാലകള്‍, ഗണപതിഘോഷയാത്രകള്‍ തുടങ്ങിയവയൊക്കെ ക്രമേണ രാഷ്ട്രീയരക്ഷാകര്‍തൃത്വമാവശ്യമായ സ്വതന്ത്രശക്തികളാവുകയാണുണ്ടായത്. മതവിമര്‍ശനത്തെ വിപ്ലവാനന്തരനാളുകളിലേക്ക് നീട്ടി വെച്ച ഇടതുപക്ഷക്കാര്‍ക്ക്, പക്ഷെ, ഈ മതാത്മകശക്തികള്‍ക്ക് പ്രത്യക്ഷമായ രാഷ്ട്രീയരക്ഷാകര്‍തൃത്വം നല്‍കാനും കഴിയില്ല. കേരളത്തില്‍ ബി.ജെ.പിയുടെ ബഹുജനസ്വീകാര്യതയുടെ അടിത്തറ, മതാത്മകതയുടെ സാമീപകാലവ്യാപനം തന്നെയാണ്. മോദിയുഗം അതിനൊരാവേശം പകരുന്നു എന്നു മാത്രമേയുള്ളു. ശബരിമലതീര്‍ത്ഥാടനവും പൊങ്കാലകളും വ്യാപകമാകുന്നതിന് ആനുപാതികമായി ഹിന്ദുഫാസിസ്റ്റ് വൈറസുകളുടെ അധിനിവേശവും വ്യാപകമാവുകയാണുണ്ടായത്. സുധാമണിയെന്ന ഒരു നിരക്ഷരയില്‍ നിന്ന്, അമൃതാനന്ദമയിയെന്ന ആത്മീയ അധോലോക നായികയിലേക്കുള്ള വളര്‍ച്ചയ്ക്ക് ആനുപാതികമായിരുന്നു, കേരളത്തില്‍ ഹിന്ദുഫാസി സത്തിന്റെ വളര്‍ച്ച. കേരളത്തിലെ ഒരു തീരപ്രദേശത്ത് യാദൃശ്ചികമായി സംഭവിച്ച ഒരു 'ആത്മീയമസ്തിഷ്‌കരോഗ'ത്തെ ഇത്രയേറെ ശക്തവും ജനപ്രിയവും അപകടകരവുമായി വളര്‍ത്തുന്നതില്‍ ഹിന്ദുഫാസിസ്റ്റുകള്‍ വഹിച്ചപങ്ക് നിസ്സാരമല്ല. കുറുവടിശാഖകള്‍ ഹിന്ദുഫാസിസത്തിന്റെ സൈനികപരിശീലന കേന്ദ്രങ്ങളാണെങ്കില്‍, ഈ ആത്മീയഅധോലോകസാമ്രാജ്യമാണ് അതിന്റെ ആത്മീയകവചമായി മാറിയിരിക്കുന്നത്. (തുടരും....)