"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഡിസംബർ 19, ചൊവ്വാഴ്ച

ബസവണ്ണ: ജാതിവിരുദ്ധപ്പോരാട്ടത്തിന് ശൈവമാര്‍ഗം.പന്ത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണാടകയില്‍ ജീവിച്ചിരുന്ന ബസവേശ്വരന്‍ എന്ന മനുഷ്യാവകാശപ്പോരാളിയുടെ ഐതിഹ്യതുല്യമായ ജീവിതകഥയുടെ ആവിഷ്‌കാരരൂമെന്ന നിലയില്‍ പിറവികൊണ്ട കന്നട സനിമയാണ് 1959 ല്‍ ഇറങ്ങിയ 'ജഗജ്യോതി ബസവേശ്വര'. സാമൂഹ്യജീവികളായ മനുഷ്യരെ തമ്മില്‍ വിഭജിക്കുകയും വിഘടിപ്പിക്കുകയും കൂടിച്ചേരാനാവത്തവിധം സംഘര്‍ഷത്തില്‍ നിലനിര്‍ത്തുകയും ചെയ്യുന്ന ജാതിവ്യവസ്ഥയോട് അങ്ങേയറ്റം കലഹിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവാണ് ബ്രാഹ്മണകുലത്തില്‍ ജനിച്ച ബസവണ്ണ എന്ന ബസവേശ്വരന്‍. ജാതിവിരുദ്ധതയില്‍ തന്റെ കാഴ്ചപ്പാട് നടപ്പിലാക്കുന്നതിനായി ബസവേശ്വരന്‍ വിളിച്ചുചേര്‍ത്ത് ആള്‍ക്കൂട്ടായ്മയാണ് 'അനുഭവ മണ്ഡപ'. ശൈവമതം അുഭവ മണ്ഡപയുടെ വിശ്വാസപ്രമാണമായിരുന്നുവെങ്കിലും, ബസവണ്ണ ആരിലും അത് അടിച്ചേല്പ്പിക്കുവാന്‍ ശ്രമിച്ചിരുന്നില്ല. അനുഭവമണ്ഡപയുടെ പ്രവര്‍ത്തനഫലമായി ഒരളവോളം ജാതീയ സംഘര്‍ഷങ്ങള്‍ ഇല്ലായ്മചെയ്യപ്പെടുകയും ഭേദമന്യേ മനുഷ്യരുടെ ഇടയില്‍ ഒരു സാമൂഹിക കൂട്ടായ്മ രൂപപ്പെടുകയും ചെയ്തിരുന്നു. ബസവണ്ണയുടെ കാഴ്ചപ്പാടനുസരിച്ച് ഉടയോന്‍ ഒന്നേയുള്ളൂ; അതുപോലെ സ്വര്‍ഗം എന്നത് ഈ ഭൂമി തന്നെയാണ്, മറ്റൊന്നുമല്ല! ആളുകള്‍ ഒത്തുകൂടുകയും ഒന്നിനേയും നോവിക്കാതേയും എല്ലാറ്റിനേയും സ്വകര്‍ത്തവ്യമെന്നു കരുതി പരിപാലിക്കുകയും ചെയ്യപ്പെടുന്ന ഒരു സാമൂഹിക പരിസ്ഥിതിയില്‍ സ്വര്‍ഗത്തിന്റെ വ്യാപ്തി അങ്ങേയറ്റം വര്‍ദ്ധിക്കുകയാണ്!

ബസവേശ്വരന്റെ മനുഷ്യാവകാശപ്പോരാട്ട ചരിതത്തെ ആധാരമാക്കി പി വി നാരായണ 'ധര്‍മകാരണ' എന്നൊരു നോവല്‍ എഴുതിയിട്ടുണ്ട്. 'ഇരുളിന് നീളം കൂടുന്നു' എന്ന പേരില്‍ പയ്യന്നൂര്‍ കാര്‍ത്തികേയന്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയ ധര്‍മകാരണ, 2000 ആഗസ്റ്റില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു. ബ്രാഹ്മണാധിപത്യം കൊടികുത്തിവാണിരുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ കല്യാണനഗരമാണ് നോവലിലെ സ്ഥലകാലം. താണജാതിക്കാരായ ഹൊലയരിലെ (പുലയര്‍) ഇരു ഗോത്രങ്ങളില്‍ പ്പെട്ട കോതഗ എന്ന യുവാവും ചന്ദ്രല എന്ന യുവതിയും തമ്മിലുള്ള വിവാഹം നടത്തുവാന്‍ ബസവണ്ണ മുന്‍കയ്യെടുക്കുന്നതാണ് നോവലിലെ ഇതിവൃത്തം. 

ധര്‍മകാരണയുടെ പ്രസിദ്ധീകരണം കര്‍ണാടകയില്‍ ഏറെ ഒച്ചപ്പാടിനിടയാക്കി. അതിലെ ചില പരാമര്‍ശങ്ങള്‍ ചരിത്രത്തെ വളച്ചൊടിക്കുന്നതായി ആരോപണ മുയര്‍ന്നു. പ്രശ്‌നം കര്‍ണാടക നിയമസഭയില്‍ വാദപ്രതിവാദങ്ങള്‍ ക്കിടയാക്കി. പുസ്തകത്തിന്റെ കോപ്പികള്‍ കണ്ടുകെട്ടാന്‍ അധികാരികളില്‍ നിന്ന് ഉത്തരവായി. അതിനിടെ പി വി നാരായണ, ഈ നോവലിനുള്ള കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ചു.

ബസവണ്ണയുടെ നേതൃത്വത്തിന്റെ നേരുകൊണ്ട് ജാതിചിന്ത പോക്കുന്ന പ്രവര്‍ത്ത നങ്ങള്‍ അനുഭവമണ്ഡപയിലൂടെ കല്യാണനഗരത്തില്‍ നടക്കുന്നുണ്ടായിരുന്നു. ജാതിചിന്തയാണ് മനുഷ്യരില്‍ ഭിന്നത വളര്‍ത്തുന്നത്. മറ്റ് ജീവജാലങ്ങളില്‍ എന്തുകൊണ്ട് ഈ ഭിന്നത കാണപ്പെടുന്നില്ല? ഹീനജാതിക്കാര്‍ എന്നു മുദ്രചാര്‍ത്ത പ്പെട്ടവര്‍ വിദ്യ അഭ്യസിക്കണം. വിദ്യാഭ്യാസമാണ് വിമോചനത്തിന്റെ മാതാവ്. വിദ്യ എന്നത് സംസ്‌കൃതത്തിലുള്ളത് മാത്രമല്ല, മാതൃഭാഷയിലുള്ളതുകൂടിയാണ്. സംസ്‌കൃത ത്തില്‍ മന്ത്രമുണ്ട്. മാതൃഭാഷയായ കന്നടയില്‍ വചനങ്ങള്‍ ഉണ്ട്. മന്ത്രം ഉരുക്കഴിച്ചാല്‍ മാവില്‍ നിന്ന് മാങ്ങ വീഴില്ല. വചനങ്ങല്‍ പരമശിവന്‍ കേള്‍ക്കും. ശൈവവിശ്വാസി കളാണ് നമ്മള്‍. ആരുടേയെങ്കിലും ശ്ലോകങ്ങള്‍ ചെവിയിലൂതിയതുകൊണ്ട് എന്തുപ്ര യോജനം? വിദ്യ അഭ്യസിക്കണം, വിദ്യ എന്നാല്‍ ശരിയായ ജീവിതമാണ്. വായന സദ്ഗുണം ശീലിക്കുന്നതിനാണ്.... ബസവണ്ണയുടെ ഇത്തരം ആഹ്വാനങ്ങള്‍ സാധാരണക്കാരന്റെ സ്വാതന്ത്ര്യചിന്താഗതിയെ ഉണര്‍ത്തി. ബസവണ്ണയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ബ്രാഹ്മണരെ പ്രകോപിതരാക്കി. അവര്‍ ബസവണ്ണയെ ഇല്ലായ്മചെയ്യുന്നതിനുള്ള കോപ്പുകൂട്ടി. കുറച്ചുനാളുകള്‍ക്കകം, ബസവണ്ണയുടെ ചത്തുചീര്‍ത്ത ഉടല്‍ പുഴയില്‍ നിന്ന് മുക്കുവരുടെ വലയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെടുക്കുകയുണ്ടായി.

നോവലില്‍ അനാവൃതമാകുന്ന, ബസവണ്ണയുടെ മുന്നേറ്റത്തെപ്പറ്റി ചരിത്രപരമായ തെളിവുകളില്ല എന്ന് പ്രസാധകര്‍ അവകാശപ്പെടുന്നുണ്ട്. പില്‍ക്കാല വീരശൈവപുരാണങ്ങളില്‍ നിന്നുമാണ് ഈ നവോത്ഥാനത്തെക്കുറിച്ചുള്ള ഏകദേശരൂപം കിട്ടുന്നത്. ചന്ദ്രല ബസവേശ്വരന്റെ മകളാണെന്നും ഒരു ചെരുപ്പുകുത്തിക്കാണ് അവളെ വിവാഹം ചെയ്തു കൊടുത്തതെന്നുമാണ് സാംകുട്ടി പട്ടംകരി അവതരിപ്പിച്ച 'മഹാചൈത്ര' എന്ന നാടകത്തില്‍നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്. നോവലില്‍ വായിക്കാന്‍ കാഴിഞ്ഞത്, ചന്ദ്രലയും കോതഗയും ഇരുഗോത്രങ്ങളിലും പെട്ട താണജാതിക്കാരാണ് എന്നതാണ്. ബസവണ്ണയുടെ ശൈവവിശ്വാസവും ശരണപ്രസ്ഥാനവും മിശ്രവിവാഹത്തെ അനുകൂലിച്ചതും ഒക്കെയാണ് സംഘടിതബ്രാഹ്മണരില്‍ വന്‍ എതിര്‍പ്പുകള്‍ക്ക് വഴിവെച്ചത്. 

വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ബസവണ്ണ കല്ല്യാണനഗരത്തിലേക്ക് രാത്രിയില്‍ യാത്രയാകുന്നതുവരെ മാത്രമേയുള്ളൂ നോവലിലെ വിവരണങ്ങള്‍. ബസവണ്ണയുടെ ആത്മസംഘര്‍ഷം നോവലിസ്റ്റിന്റെ സ്വന്തം ഭാഷയില്‍ വിവരിക്കുകയാണ്. കല്ല്യാണനഗരത്തിലേക്ക് എത്തിയെന്നുവരില്ല, ഇരുളിന് നീളം കൂടിയേക്കാം. വെളിച്ചത്തിലേക്ക് പിന്നെ തിരിച്ചുവരാന്‍ കഴിഞ്ഞെന്നു വരില്ല! മഹാകവി ഭാസന്റെ പ്രസിദ്ധമായ 'കര്‍ണഭാരം' നാടകത്തില്‍ കര്‍ണന്റെ അവസാനയാത്രപോലെ! 

ടി വി സിംഗ് ഠാക്കൂറിന്റെ 'ജഗജ്യോതി ബസവേശ്വര' എന്ന ഈ സിനിമയിലെ ഇതിവൃത്തം നോവലില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. എന്നാല്‍ വിപ്ലവകാരിയായ ഒരു ബസവേശ്വരന്‍ ഏല്ലാ ആവിഷ്‌കാരരൂപങ്ങളിലേയും ഏകതയാണെന്നുകാണാം. സിനിമയിലെ ആഖ്യാനമനുസരിച്ച് ബസവേശ്വരര്‍ ഒരു ബ്രാഹ്മണഭവനത്തിലാണ് ജനിക്കുന്നത്. ശൈവഭക്തനായിത്തീരുമെന്ന് ബസവേശ്വരന്റെ ജനനത്തിന് മുമ്പ് ഒരു പ്രവചനമുണ്ടായിരുന്നുപോല്‍. എട്ടാമത്തെ വയസ്സില്‍ ഉപനയനച്ചടങ്ങ് നടക്കുന്ന വേളയില്‍ പൂണൂല്‍ ധരിക്കാന്‍ വിസമ്മതിച്ചുകൊണ്ട് ഓടിപ്പോകുന്ന ബാലനായ ബസവേശ്വരന്‍ ഒരു ശൈവസന്യാസിവര്യന്റെ അടുക്കലെത്തുന്നു. പിന്നീട് തുടര്‍ന്നുള്ള കാലമത്രയും ശൈവവിശ്വാസം പിന്തുടര്‍ന്ന് ബസവേശ്വരന്‍ സിദ്ധി ആര്‍ജിക്കുന്നു. എന്നാല്‍ വീടുമായും മാതാപിതാക്കളുമായുള്ള ബന്ധം വിച്ഛേദിക്കുന്നില്ല. മാതാപിതാക്കളുടെ ആഗ്രഹപ്രകാരം ഒരു തരുണിയെ വിവാഹം ചെയ്യുന്നു. പിന്നീട് തന്റെ പാണ്ഡിത്യത്തിലുള്ള അപാരതനിമിത്തം കല്യാണരാജ്യത്തെ മന്ത്രിസ്ഥാനം നിര്‍വഹിക്കുന്നതിനുള്ള നിയോഗവും ബസവേശ്വരന് ലഭിക്കുന്നു. ബസവേശ്വരന്റെ സിദ്ധിവൈഭവത്തിന്റെ പ്രവര്‍ത്തനമികവില്‍ കല്യാണനഗരം സമൃദ്ധിയിലേക്കു യരുന്നു. ഇത് സഹമന്ത്രിമാരില്‍ ബസവേശ്വരന്റെ നേര്‍ക്ക് അസൂയജനിപ്പിക്കാന്‍ ഇടയാക്കുന്നു. അവര്‍ ബസവേശ്വരനെ ഒതുക്കുന്നതിനുള്ള കുതന്ത്രങ്ങള്‍ മെനയുന്നു. 

മന്ത്രിയാണെങ്കിലും കൊട്ടാരത്തിലെ സുഖസമൃദ്ധമായ ജീവിതം ബസവേശ്വരന്‍ തീര്‍ത്തും ഇഷ്ടപ്പെട്ടിരുന്നില്ല. സാധാരണക്കാരുടെ ഇടയില്‍ ജീവിച്ചുകൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണുന്നതോടൊപ്പം ശൈവസിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതിലും അതിയായശ്രദ്ധചെലുത്തി. ഹൊലയരെ (പുലയര്‍) ക്ഷേത്രത്തില്‍ കയറ്റുന്നതിനും അവരുടെ ഇടയിലുള്ള വിവാഹങ്ങള്‍ നടത്തിക്കൊടു ക്കുന്നതിനുമൊക്കെ ബസവേശ്വരന്‍ മുന്‍കയ്യെടുക്കുന്നു. ബസവേശ്വരനെ ഒതുക്കാന്‍ തക്കംപാര്‍ത്തിരുന്ന ദുഷ്ടലാക്കുള്ള സഹമന്ത്രിമാര്‍ക്ക് ഇത് തുറന്നയുദ്ധത്തിനുള്ള അവസരമൊരുക്കി. അവര്‍ കല്ല്യാണനഗര രാജാവിന് ബസവേശ്വരനെതിരായി മൊഴികൊടുക്കുന്നുണ്ടെങ്കിലും അദ്ദേഹമത് ചെവിക്കൊള്ളാന്‍ തയാറാകുന്നില്ല. അതിനിടെ, ബസവേശ്വരന്‍ മുന്‍കയ്യെടുത്തു നടത്തിയ ഒരു മിശ്രവിഹാഹദമ്പതികളെ സഹമന്ത്രിമാര്‍ ചേര്‍ന്ന് കൊലപ്പെടുത്തുന്നു. സംഘര്‍ഷം പെരുത്ത്, രാജാവും സഹമന്ത്രിമാരാല്‍ കൊല്ലപ്പെടുന്നു. ബസവേശ്വരന്‍ പരമശിവനില്‍ (ഇവിടെ ശിവപ്രതിമ) ലയിച്ചുചേരുന്നു....

സാങ്കേതിക നിലവാരം വിലയിരുത്തുമ്പോള്‍ ജഗജ്യോതി ബസവേശ്വര പിറവികൊള്ളുന്ന കാലത്തെ ദൃശ്യതന്ത്രസാധ്യതകളുടെ പരിമതികള്‍ക്കുള്ളില്‍ത്ത ന്നെയാണ്. എങ്കിലും കലാസംവിധായകനായ ആര്‍ ബി എസ് മണിയുടെ ശേഷികള്‍ പ്രയോജനപ്പെടുത്താനായത് സംവിധായകന്‍ ടി വി സിംഗ് ഠാക്കൂറിന്റെ ശേഷികളില്‍ മികച്ചുനില്‍ക്കുന്നുവെന്ന് കാണാം. രാജാവിന്റെ അന്തഃപുരത്തില്‍ സ്ഥാപിച്ചിട്ടുള്ളത് ഒരു ബുദ്ധരൂപമാണ്. മറ്റ് ഹൈന്ദവ വേവീദേവന്മാരുടെ രൂപങ്ങളൊന്നുംതന്നെ ഈ സിനിമയില്‍ കാണാന്‍ കഴിയില്ല. അതുപോലെതന്നെ, നര്‍ത്തകിമാരുടെ മൂറലുകള്‍ തീര്‍ത്തിട്ടുണ്ടെങ്കിലും അവയിലും പൂരാണകഥാസന്ദര്‍ഭ ങ്ങള്‍ ആവിഷ്‌കരിക്കുന്നവയല്ലെന്നുകാണാം. എല്ലാറ്റിലുമുപരി ക്ലോസപ്പുകള്‍കൊണ്ട് ഈ പ്രതിമകളെയൊന്നും വര്‍ഷിപ്പ് ചെയ്യുന്നില്ലെന്നതും ശ്രദ്ധേയമാണ്. സ്വാഭാവിക മായി കാഴ്ചയില്‍പ്പെട്ടുപോകുന്ന മട്ടില്‍ മാത്രമാണ് ഛായാഗ്രഹണം നിര്‍വഹി ക്കപ്പെട്ടിട്ടുള്ളത്. അക്കാലത്തെ മിക്ക സിനിമകളേയും പോലെ പാട്ടും നൃത്തവുംകൊണ്ട് സമ്പന്നമാണെങ്കിലും ഈ സിനമയിലെ നര്‍ത്തകര്‍ പ്രകടിപ്പിക്കുന്ന അവരുടെ അസാധാരണ മെയ് വഴക്കം മൊത്തത്തില്‍ സിനമയെ വേറിട്ടുനിര്‍ത്തു ന്നുണ്ട്. കോറിയോഗ്രഫര്‍മാരായ എ കെ ചോപ്രയും പി എസ് ഗോപാലകൃഷ്ണയുമാണ്, സിനമയുടെ മികവില്‍ ഇക്കാര്യത്തിലുള്ള തങ്ങളുടെ ഭാഗധേയത്വം നിര്‍ണയിച്ചത്. സംഭാഷണങ്ങളിലെ യാത്രികത മാറ്റിനിര്‍ത്തിയാല്‍ 'ജഗജ്യോതി ബസവേശ്വര' ഒരു കലാസിനിമ എന്നുതന്നെ വിലയിരുത്തുന്നതില്‍ തെറ്റില്ല.

പ്രസിദ്ധ സംഗീതജ്ഞനായ സി ഹൊന്നപ്പ ഭാഗവതരാണ് ബസവേശ്വരനായി വേഷമിട്ടത്. ഭാര്യയായി, എക്കാലത്തേയും മികച്ച നടിമാരിലൊരാളായ ബി സരോജാദേവിയും വേഷമിട്ടു.

മാ നം നഞ്ചപ്പനവരു വിന്റെ കഥക്ക് തിരക്കഥയും സംഭാഷണവും തയാറാക്കിയത്, പിന്നീട് സംവിധായകനായി ഉയര്‍ന്ന ജി വി അയ്യരാണ്. അയ്യര്‍ സഹസംവിധാനം നിര്‍വഹിച്ചതോടൊപ്പം ഒരു വേഷവും ചെയ്തിട്ടുണ്ട്. ഗാനങ്ങള്‍ മാ നം നഞ്ചപ്പനവുറു വിന്റേതുതന്നെ. സംഗീത സംവിധാനം ജി കെ വെങ്കിടേഷിന്റേതാണ്. സിനിമാട്ടോഗ്രാഫര്‍ ബി ദൊരൈരാജ് പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് എഡിറ്റിംഗ് നിര്‍വഹിച്ചത് എ കെ ചോപ്രയും ജി വെങ്കട്ട്രാമും ചേര്‍ന്നാണ്. ശശികലാ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ജിഎസ്എസ് മൂര്‍ത്തിയാണ് സിനിമ നിര്‍മിച്ചത്.
- കണ്ണന്‍ മേലോത്ത് 
(പുസ്‌തകം: ജാതിവിരുദ്ധ സിനിമകള്‍)