"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഡിസംബർ 23, ശനിയാഴ്‌ച

പുസ്തകം: ഹിന്ദു കൊളോണിയലിസവും ഫാസിസവും (3) - ജെ രഘു


എക്കാലത്തെയും ഫാസിസം ഒരു പ്രായോഗികപ്രസ്ഥാനമാണ്. ദേശഭക്തി, വംശീയമഹിമ, സംസ്‌കാരശുദ്ധി തുടങ്ങിയ ശുഷ്‌ക ക്ഷുദ്ര മുദ്രാവാക്യങ്ങള്‍മാത്രമാണ് എല്ലായിടത്തും ഫാസിസത്തെ പ്രവര്‍ത്തനനിരതമാക്കിയിട്ടുള്ളത്. ഉന്നതവും അമൂര്‍ത്തവുമായ ആശയങ്ങളോ സിദ്ധാന്തങ്ങളോ ഫാസിസ്റ്റുകള്‍ക്കാവശ്യമില്ല. ഹിറ്റ്‌ലറും മുസ്സോളിനിയും വെറും ശരാശരിക്കാര്‍ മാത്രമായിരുന്നു. ഹിറ്റ്‌ലറുടെ മാസ്റ്റര്‍പീസായ 'മെയ്ന്‍കാംപി'ല്‍ ആശയങ്ങളുടെയോ സിദ്ധാന്തങ്ങളുടെയോ വിദൂരസ്പര്‍ശം പോലുമില്ല. അതിലുള്ളത് ചോരയുടെ മണവും വരാന്‍പോകുന്ന മഹാഹിംസകളുടെ സൂചനകളുമാണ്. ആര്‍.എസ്സ്.എസ്സ്. ആചാര്യനായ ഗോള്‍വാള്‍ക്കറുടെ കൃതിയില്‍ മുഴങ്ങുന്ന ഹിന്ദുസാംസ്‌കാരമഹിമയും മുസ്ലീംവിദ്വേഷവും തിളക്കുന്ന മനസ്സുകളില്‍ ആശയങ്ങള്‍ ജനിക്കുകയില്ല. ആയുധങ്ങള്‍ മാത്രമേ അത്തരം മനസ്സുകളില്‍ ജനിക്കുകയുള്ളു. ഗോള്‍വാള്‍ക്കറുടെ കൃതി മുസ്ലീങ്ങള്‍ക്കും മതേതരവാദികള്‍ക്കും സ്വതന്ത്രചിന്തകര്‍ക്കും കലയ്ക്കും സാഹിത്യത്തിനും യുക്തിയ്ക്കും ശാസ്ത്രത്തിനുമെതിരെയുള്ള മാരകായുധവിന്യാസമുറകള്‍ പ്രതിപാദിക്കുന്ന ഒരു 'കൈപുസ്തക'മാണ്. ആര്‍.എസ്സ്.എസ്സ്. ശാഖകളില്‍ വേവിച്ചെടുക്കുന്ന ഹിന്ദുഫാസിസ്റ്റു ശരീരങ്ങള്‍ക്ക് ഈ കൈപുസ്തകം ഒരു 'മഹാഗ്രന്ഥ'മായിതോന്നുന്നതിന് കാരണം, വലിയ ആശയങ്ങളും സിദ്ധാന്തങ്ങളും ഉള്‍ക്കൊള്ളാനോ താങ്ങാനോ ഉള്ള ശേഷി, ഇവരുടെ മസ്തിഷ്‌ക്കങ്ങള്‍ ആര്‍ജിച്ചിട്ടില്ല എന്നതുകൊണ്ടാണ്. ചെറുപ്രായത്തില്‍ ഈ ശാഖകളിലെത്തുന്നവരെ കുറുവടി പ്രയോഗവും മസ്തിഷ്‌കപ്രക്ഷാളനവും വഴി ബുദ്ധിശക്തി ആവശ്യമില്ലാത്തവരാക്കിമാറ്റുകയാണ് ചെയ്യുന്നത്. ഗോള്‍വാള്‍ക്കറുടെ കൈപുസ്തകമുറകള്‍ നടപ്പാക്കുന്നതിന് മസ്തിഷ്‌കം തന്നെആവശ്യമില്ല.

ഫാസിസത്തിന്റെ സാര്‍വത്രികമുദ്രാവാക്യം, ''ദേശജീവിതമല്ലാതെ, മനുഷ്യവ്യക്തിക്കകുമറ്റൊന്നുമില്ല'എന്നതാണ്. മനുഷ്യവ്യക്തിയുടെ അസ്തിത്വത്തെ ഫാസിസം ദേശീയാസ്തിത്വമായി ന്യൂനീകരിക്കുന്നു. ദേശത്തെ അസ്തിത്വപരമായ മാനങ്ങളിലേക്കുയര്‍ത്തുന്ന ഫാസിസ്റ്റുകള്‍, വ്യക്തിയുടെ മൂര്‍ത്തമായ അസ്തിത്വത്തെ ദേശീയാസ്തിത്വത്തിന്റെ അനുബന്ധഘടകമാക്കിചുരുക്കുകയാണ് ചെയ്യുന്നത്. മൂര്‍ത്തമനുഷ്യവ്യക്തികളില്‍നിന്ന് അവരുടെ ജീവിതമെന്ന യാഥാര്‍ത്ഥ്യത്തെ അടര്‍ത്തിമാറ്റുകയും അത് ദേശത്തില്‍ നിക്ഷേപിക്കുകയും ചെയ്യുന്ന 'ദേശമിത്ത്' ശുദ്ധമായ 'ശൂന്യതാവാദാത്തെയാണ് അന്തര്‍വഹിക്കുന്നത്. വ്യക്തിയുടെ ജീവിതത്തെ നിര്‍വചിക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്ന ആത്യന്തികതത്വം 'ദേശ'മാണ്! ഈയര്‍ത്ഥത്തില്‍ പരിശോധിക്കുമ്പോള്‍, ഹിന്ദുഭീകരവാദികള്‍ സ്വപ്നം കാണുന്ന ഹിന്ദുരാഷ്ട്രം, ഇന്ത്യയിലെ യഥാര്‍ത്ഥമനുഷ്യവ്യക്തികളുടെ ശവപ്പറമ്പാണ്. ഹിന്ദുരാഷ്ട്രത്തിന്റെ സമകാലീന ജനപ്രിയനേതാവ്, ഈ ശവപ്പറമ്പിലെ കാവല്‍ക്കാരനാണ്. മനുഷ്യാജഢങ്ങളുടെ 'ദൃശ്യവിസ്മയം' ആസ്വദിക്കുന്നവനുമാത്രമേ, ശവപ്പറമ്പിന്റെ കാവല്‍ക്കാരനാകാന്‍ കഴിയൂ! 2002-ല്‍ ഗുജറാത്തിലെ തെരുവുകളില്‍ ആയിരക്കണക്കിന് മനുഷ്യജഡങ്ങളുടെ 'വിസ്മയക്കാഴ്ചകള്‍' കണ്ട് മനംകുതിര്‍ന്ന ഒരു നേതാവിനെയായിരിക്കും ഈ കാവല്‍ക്കാരന്റെ ഒഴിവ് കാത്തിരിക്കുന്നത്!

ഹിന്ദുപാസിസത്തെ കഴിഞ്ഞകാലങ്ങളിലെ ക്ലാസിക്കല്‍ ഫാസിസ്റ്റുപ്രസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്ന പ്രധാനഘടകം, അത് ഭരണകൂടത്തെക്കാള്‍ പ്രധാന്യം നല്‍കുന്നത് ദേശ-രാഷ്ട്രപ്രത്യയശാസ്ത്രത്തിനാകുന്നു എന്നതാണ്. ഹിന്ദുരാഷ്ട്രത്തിന്റെ വംശീയ -സാംസ്‌കാരികാധിപത്യസ്ഥാപനത്തിനുള്ള ഒരു ഉപകരണം മാത്രമാണവര്‍ക്ക്, ഭരണകൂടം ഇന്ത്യയില്‍ നിലനില്‍ക്കുന്ന പാര്‍ലമെന്ററി ഭരണകൂടത്തിനു മേല്‍ ഹിന്ദു രാഷ്ട്ര സാംസ്‌കാരീകാധിശത്വം സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഹിന്ദുഫാസിസത്തിന് സമാനതകളുള്ളത്. അതിനാല്‍; നാസിസത്തോടാണ്. സ്വയം നിര്‍ണാധികാരമുള്ള വ്യക്തിയെ സാധ്യമാക്കുന്ന ആധുനികജനാധിപത്യ മൂല്യങ്ങളെ ദേശ - രാഷ്ട്രത്തിന്റെ സ്ഥൂലതയ്ക്കു കീഴ്‌പ്പെടുത്താനാഗ്രഹിക്കുന്നതിലൂടെ വര്‍ണാശ്രമവ്യവസ്ഥയുടെ സനാതനതത്വത്തെ സാക്ഷാത്കരിക്കാമെന്നാണ് ഹിന്ദുഫാസിസ്റ്റുപ്രത്യയശാസ്ത്രം വിഭാവന ചെയ്യുന്നത്. ദേശരാഷ്ട്രമെന്ന സമുദ്രത്തില്‍ ലയിക്കേണ്ട ജലകണങ്ങളുടെ പ്രാധാന്യം മാത്രമാണ,് ഈ പ്രത്യയശാസ്ത്രം വ്യക്തിയുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും കല്‍പ്പിച്ചിട്ടുള്ളത്. വ്യക്തികള്‍ ദേശ-രാഷ്ട്രത്തിന്റെ വ്യുല്‍പ്പന്നങ്ങള്‍മാത്രമാണെന്നു കണക്കാക്കുന്ന ഹിന്ദുഫാസിസം, അതിനാല്‍ മുന്‍കാലഫാസിസങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അപകടകരമാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയമണ്ഡലത്തെ അരാഷ്ട്രീയ വല്‍ക്കരിക്കാനും രാഷ്ട്രീയത്തെ 'ദേശ'ത്തിനു കീഴ്‌പ്പെടുത്താനുമാണ് ഇവര്‍ ശ്രമിക്കുന്നത്. ക്ലാസിക്കല്‍ ഫാസിസ്റ്റുപ്രസ്ഥാനങ്ങള്‍ ചെയ്യുന്നതുപോലെ ഹിന്ദുഫാസിസ്റ്റുകള്‍ ഒരു സമഗ്രാധിപത്യഭരണകൂടം സൃഷ്ടിക്കാന്‍ ഒരു പക്ഷേ ശ്രമിക്കണമെന്നില്ല. മറിച്ച് സമഗ്രാധിപത്യസ്വഭാവമുള്ള ഒരു ദേശ-രാഷ്ട്രമാണ് അവരുടെ ലക്ഷ്യം. ദൈവങ്ങളും സന്യാസിമാരും ആള്‍ദൈവങ്ങളും സനാതനധര്‍മസഭകളും പശുക്കളും യജ്ഞങ്ങളും ശാഖകളും അമ്പലങ്ങളുമായിരിക്കും ഹിന്ദുഫാസിസത്തിന്റെ കൂലിപട്ടാളങ്ങള്‍. ഉയര്‍ന്നവിദ്യാഭ്യാസമോ ആധുനിക ജനാധിപത്യസംസ്‌കാരത്തിന്റെ ഉദാരമൂല്യങ്ങളോ ഭാവുകത്വമോ ഇല്ലാത്ത മോഡിയ്ക്കുമാത്രമേ ഇത്തരമൊരു പ്രാകൃത ഫാസിസത്തിനു നായകത്വം വഹിക്കാനാവൂ. ഉയര്‍ന്ന താന്വികപരിചയത്തിന്റെയോ ഉദാത്തമായ ആദര്‍ശത്തിന്റെയോ ഭാരങ്ങളില്ലാത്ത മോഡിയുടെ ശീലങ്ങള്‍ ഗുജറാത്തിലെ തെരുവുശീലങ്ങളാണ്. അദ്ദേഹത്തിന്റെ പൊള്ളയായ വാചോടാപം നമ്മെ ഓര്‍മിപ്പിക്കുന്നത് തെരുവിലെ ആക്രോശങ്ങളെയാണ്. ദേശഭക്തിയെ ആന്തരികവല്‍ക്കരിച്ച 'മീഡിക്കയോക്കര്‍' ഹിന്ദുവിന്റെ ശുഷ്‌കമനസ്സിനെയാണ് മോഡി തന്റെ വാചോടാപങ്ങളിലൂടെ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരാഗത- ജാതി- ഹിന്ദുയിസത്തിന്റെ ഇരുണ്ടസാംസ്‌കാരിക അധോലോകത്തെ പ്രതിനിധാനം ചെയ്യുന്നതുകൊണ്ടാണ്, മോഡിയെപ്പോലെ ഒരു അസംസ്‌കൃതന് ഇത്രയേറെ ജനപ്രീതി ലഭിച്ചത്.

വികസനത്തിന്റെ പേരില്‍ ആഗോളസാമ്പത്തിക ക്രമവുമായി ഇന്ത്യന്‍ സമ്പദ്ഘടനയെ കൂടുതല്‍ സംയോജിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍തന്നെ, സാര്‍വലൗകികമായ മതേതര ശാസ്ത്രീയമൂല്യങ്ങളെ തികഞ്ഞ അവജ്ഞയോടെയാണ് ഹിന്ദുഫാസിസ്റ്റുകള്‍ വീക്ഷിക്കുന്നത്. ഹിന്ദു വിമാനശാസ്ത്രത്തെക്കുറിച്ചും പ്ലാസ്റ്റിക്‌സര്‍ജറിയെക്കുറിച്ചുമുള്ള പ്രസ്താവനകള്‍, ആധുനകശാസ്ത്രത്തെക്കുറിച്ചുള്ള ഹിന്ദുഫാസിസ്റ്റു സമീപനം വ്യക്തമാക്കുന്നു. പ്രയോജനകരമായ ഉല്പന്നങ്ങളുണ്ടാ ക്കാനുള്ള ഒരു ഉപകരണമായിമാത്രം ആധുനിക ശാസ്ത്രത്തെ മനസ്സിലാക്കുന്ന ഹിന്ദുഫാസിസ്റ്റുകള്‍ ഒരു ചിന്താരീതിയും ലോകബോധവുമെന്ന നിലയ്ക്കുള്ള ശാസ്ത്രത്തിന്റെ പ്രസക്തിയെ നിരാകരിക്കുന്നു. ഐസക് ന്യൂട്ടനെയും ഡാര്‍വിനെയും ഐന്‍സ്റ്റൈനെയുംകാള്‍ വലിയശാസ്ത്രജ്ഞരാണ,് ഹിന്ദുഫാസിസ്റ്റുകള്‍ക്ക് ഹനുമാനും ഗണപതിയും. ഇത് വ്യക്തമാക്കുന്നതെന്താണ്? ജൈവപരിണാമചരിത്ര ത്തില്‍ മനുഷ്യര്‍ എന്ന ജീവിവര്‍ഗത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പുണ്ടായിരുന്ന ഒരു സ്പീഷീസിലെ അംഗമാണ് ഹനുമാന്‍. ഗണപതിയാകട്ടെ, യാദൃച്ഛികവും അപകടകരവുമായ ഒരു ഉല്‍പ്പരിവര്‍ത്തനത്തില്‍ സംഭവിച്ചേക്കാവുന്ന ഒരു ജൈവവിലക്ഷണതയും! പരിണാമത്തിലെ പൂര്‍വമാതൃകകളെയും വിലക്ഷണതക ളെയും ആദര്‍ശവല്‍ക്കരിക്കുന്നിടത്തോളം മാത്രമേ ഹിന്ദുഫാസിസ്റ്റുകളുടെ ആശയവിശ്വാസലോകങ്ങള്‍ വളര്‍ന്നിട്ടുള്ളു! അതിപ്രാകൃതമായ ഒരു സാമൂഹ്യക്രമം സ്ഥാപിക്കാനാഗ്രഹിക്കുകയും എന്നാല്‍ അത്യാനുധികമായ സാങ്കേതികവിദ്യ അതിനായി ഉപയോഗിക്കുകയും ചെയ്യുന്ന 'ഐ.എസ്സ് ഭീകരവാദി'കളുടെ മനസ്സുതന്നെയാണ് ഹിന്ദുഭീകരവാദികള്‍ക്കുമുള്ളത്. ആധുനികതയെ താത്വികമായി വെറുക്കുകയും എന്നാല്‍, പ്രായോഗികമായി ഉപേക്ഷിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥ, ഇന്ത്യയില്‍ ഒരു ദേശീയ-സാംസ്‌കാരിക അധോലോകത്തെയാണ് സൃഷ്ടിച്ചിട്ടുള്ളത്. ആധുനികലോകത്തിനു മുമ്പില്‍ ആപകര്‍ഷത അനുഭവിക്കുന്ന ഹിന്ദുഫാസിസ്റ്റുകള്‍ അത് മറച്ചുവയ്ക്കുന്നത്, ആധുനികലോകത്തോടുള്ള രഹസ്യവിദ്വേഷത്തിലൂടെയാണ്. അന്താരാഷ്ട്ര സാമ്പത്തിക-രാഷ്ട്രീയ സമ്മേളന ങ്ങളിലും ലോകരാഷ്ട്രനേതാക്കളുമായുള്ള സന്ദര്‍ശനങ്ങളിലും മോഡി നടത്തുന്ന പ്രസംഗങ്ങള്‍, ആത്മാപഹര്‍ഷത്തിന്റെയും പരപുച്ഛത്തിന്റെയും പ്രകാശനങ്ങളാണ്. മൂലധനത്തിനും സാങ്കേതികവിദ്യയ്ക്കും വേണ്ടി വികസിതരാജ്യങ്ങള്‍ക്കുമുമ്പില്‍ നിവേദനങ്ങളുമായി എത്തുമ്പോഴും ഇന്ത്യയുടെ ഭൂതകാലമേനി യെക്കുറിച്ച് പ്രസംഗിക്കാന്‍ മോഡിയ്ക്ക് യാതൊരു മടിയുമില്ല. മറ്റുലോകനാഗരികതകളെക്കാള്‍ ശ്രേഷ്ടമായിരുന്നുവെന്ന് നിരന്തരം വാഴ്ത്തപ്പെടുന്ന ഒരു ഹിന്ദു ഭൂതകാലത്തെ ക്കുറിച്ചുള്ള സ്വപ്നത്തില്‍ ജീവിക്കാനാണ് ഹിന്ദുഫാസിസ്റ്റുകള്‍ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചിരപുരാതനമായ ഭൂതകാലനേട്ടങ്ങളെക്കുറിച്ചുള്ള മിത്തുകള്‍മാത്രമാണ് ഇവര്‍ക്ക് ലോകത്തിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ളത്. ഭാരതീയസംസ്‌കാരം, ഋഷിസംസ്‌കാരം, ഹിന്ദുസംസ്‌കാരം, സനാതനധര്‍മം, ഉപനിഷത്ത,് വേദാന്തം തുടങ്ങിയ കുറെ ശുഷ്‌കമിത്തുകള്‍ മാത്രമാണ് ഹിന്ദുഫാസിസം ഉല്‍ഘോഷിക്കുന്ന ദേശത്തിന്റെ ചരിത്രം. പിന്നിലേക്കുമാത്രം നോക്കുന്ന ഈ മനോഭാവം, സവിശേഷമായ ഒരു 'ഹിന്ദുരോഗാതുരത'യാണ്. വര്‍ത്തമാനത്തെക്കുറിച്ചുള്ള അഭിമാനവും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും ഇല്ലാതാകുമ്പോഴാണ്, ഭൂതകാലത്തിന്‍ അഭിരമിക്കുന്നത്. രോഗഗ്രസ്തമായ ഈ 'ഭൂതകാലരതിയാണ്' ഹിന്ദുഫാസിസത്തിന്റെ മുഖമുദ്ര. ദേശീയപ്രസ്ഥാനകാലത്തു തന്നെ രൂപംകൊണ്ട ഈ ഹൈന്ദവ - സാംസ്‌കാരിക അധോലോകം, ജനാധിപത്യ ഉപരിലോകത്തെ അധോലോകവല്‍ക്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് നാമിന്ന് കാണുന്നത്. അഭിപ്രായ സ്വാതന്ത്ര്യം, കല, സാഹിത്യം, യുക്തി, ശാസ്ത്രം, ചിന്ത, തുടങ്ങിയ ആധുനികജീവിതമൂല്യങ്ങളെ നിരമാര്‍ജനം ചെയ്യുന്നതിലൂടെ ഇന്ത്യയെ ഒരു ഹിന്ദു - സാംസ്‌കാരിക അധോലോകമാക്കിമാറ്റാമെന്നതാണ് ഇവരുടെ പദ്ധതി. അതുകൊണ്ടാണ,് സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും ആഗ്രഹിക്കുന്ന മനുഷ്യര്‍ ഹിന്ദുഫാസിസ്റ്റുകളുടെ ശത്രുക്കളാകുന്നത്.

'ശക്തമായ ഇന്ത്യ' എന്ന ഹിന്ദുദേശീയമുദ്രാവാക്യത്തിന്റെ സാക്ഷാത്കാരത്തിന് 'ശക്തനായ ഒരു നേതാവ്' എന്ന ആള്‍ക്കൂട്ടാഭിലാഷമാണ് മോഡിയിലൂടെ പ്രകാശിതമാവുന്നത്. ബി.ജെ.പി.യിലെ തന്നെ ഇതര നേതാക്കളില്‍ നിന്ന് മോഡിയെ വ്യത്യസ്തനാക്കുന്ന സവിശേഷതകള്‍ എന്താണ്? വിദ്യാഭ്യാസം, അറിവ്, പരിഷ്‌കൃതമായ ഭാവുകത്വം തുടങ്ങിയഗുണങ്ങളല്ലെന്ന് വ്യക്തം. ബി.ജെ.പി.യിലെ മറ്റേതൊരു നേതാവില്‍ നിന്നും മോഡിയെ വ്യത്യസ്തനാക്കുന്നത് 2002-ലെ ഗുജറാത്തിലെ വംശഹത്യയുമായുള്ള അദ്ദേഹത്തിന്റെ ബന്ധമാണ്. ഏറ്റവും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍, ഏറ്റവും ദൃശംസനീയമായ ഒരു കൂട്ടക്കുരുതി സൂക്ഷ്മവും കാര്യക്ഷമവുമായി ആസൂത്രണം ചെയ്തു നടപ്പാക്കുന്നതില്‍ പ്രകടിപ്പിച്ചതായി ആരോപിക്കപ്പെടുന്ന പാടവമാണ് മോഡിയെ കരുത്തനായ നേതാവിന്റെ പദവിയിലേക്കുയര്‍ത്തിയത്! ജീവനുവേണ്ടിയുള്ള ഇരകളുടെ നിലവിളികള്‍ക്കും ആര്‍ത്തനാദങ്ങള്‍ക്കും മുമ്പില്‍ കരളലിയാത്ത ഒരു ശിലാഹൃദയനുമാത്രമേ, ഹിന്ദുദേശീയഫാസിസത്തെ നയിക്കാനാവൂ. ഒരു പക്ഷേ, സര്‍ദാര്‍ വല്ലഭായ്പട്ടേലി നെപ്പോലെയുള്ള ഒരു ഉരുക്കുമനുഷ്യനെക്കുറിച്ചുള്ള ഹിന്ദുദേശീയസ്വപ്നമാകാം മോഡിയുലൂടെ സാക്ഷാത്കരിക്കപ്പെട്ടത്! 'ശക്തമായ ഒരു ഇന്ത്യ'യുടെ 'ആദ്യന്തരശത്രു'ക്കളുടെ മരണത്തെ, കാറിനുമുന്നില്‍പ്പെട്ട് ചതഞ്ഞരയുന്ന 'പട്ടിക്കുഞ്ഞി'ന്റെ മരണത്തെപ്പോലെ 'നിസ്സാര'മായി കാണാന്‍കഴിയുന്ന മനസ്സിന്റെ ഉടമ തീര്‍ച്ചയായും ഹിന്ദുഫാസിസ്റ്റ് ആള്‍ക്കൂട്ടത്തിനുമുമ്പില്‍ വ്യത്യസ്തനാണ്! എല്‍.കെ.അദ്വാനിയെപ്പോലുള്ളവരുടെ സുദീര്‍ഘപാരമ്പര്യവും പാര്‍ലമെന്ററി പ്രതിച്ഛായയും ശക്തമായ ഇന്ത്യയ്ക്ക് അനുയോജ്യമല്ലെന്ന് മനസ്സിലാക്കിയ ആര്‍.എസ്സ്.എസ്സ്. താരതമ്യേന ജൂനിയറായ മോഡിയെ തിരഞ്ഞെടുത്തത് ഇക്കാരണത്താലാണ്. ശക്തമായ ഇന്ത്യയ്ക്കാവശ്യം, മനുഷ്യസഹജമായ കുറ്റബോധ- പശ്ചാത്താപവികാരങ്ങളെ നശിപ്പിക്കാനും ആരോപണങ്ങളെയും വിമര്‍ശനങ്ങളെയും അവഗണിക്കാനും പൂര്‍വനിശ്ചിതമായ ഫാസിസ്റ്റുപദ്ധതിളില്‍ നിന്നും വ്യതിചലിക്കാതിരിക്കാനുമുള്ള നിര്‍ലജ്ജത്വമാണ്. ഹിന്ദു സംസ്‌കാരിക അധോലോകത്തിന്റെ അസംസ്‌കൃതമായ ഭാവുകത്വമാണ് മോഡിയുടെ വ്യക്തിപ്രഭാവം പ്രകാശിപ്പിക്കുന്നത്.

മോഡിയുടെ ഉദയത്തിനുമുമ്പ് സംഘപരിവാര്‍ വ്യവഹാരം, മുഖ്യമായും ഹിന്ദുരാഷ്ടസങ്കല്പത്തിലധിഷ്ഠിതമായിരുന്നു. സമീപകാലത്തുമാത്രമാണ്, ശക്തനായ നേതാവിന്റെ പ്രത്യയശാസ്ത്രം ഉന്നയിക്കുന്നത്. ഹിന്ദുപ്രത്യയശാസ്ത്രത്തിന്റെ നിര്‍വഹണത്തിനാവശ്യമായ ഫാസിസ്റ്റു ബഹുജനപ്രസ്ഥാനമായി തങ്ങള്‍ വളര്‍ന്നിരിക്കുന്നുവെന്നും എന്നാല്‍ പ്രസ്തുത പ്രത്യയശാസ്ത്രവുമായി ഫാസിസ്റ്റ് ആള്‍ക്കൂട്ടത്തിന് താദാത്മ്യപ്പെടാവുന്ന ഒരു നേതാവിന്റെ അഭാവമുണ്ടെന്നും സംഘപരിവാര്‍ മനസ്സിലാക്കിയെന്നുമാണ് ഇത് വ്യക്തമാക്കുന്നത്. ഈ 'അഭാവം' പരിചഹരിക്കാനും അത്തരമൊരു നേതാവിനെ നിര്‍മിക്കാനുമുള്ള 'പരീക്ഷ'യായിരുന്നു 2002-ലെ ഗുജറാത്ത് വംശഹത്യ. ഈ ഫാസിസ്റ്റ് പരീക്ഷയില്‍ ഒന്നാമതെത്തിയത് മോഡിയായിരുന്നു. മോഡിയെ ഇപ്പോള്‍ അഖിലേന്ത്യാ തലത്തില്‍ പരീക്ഷിക്കുകയാണ് ഹിന്ദുഭീകരവാദികള്‍.

യുക്തിസഹവും ഔപചാരികവുമായ പാര്‍ലമെന്ററി തത്വങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയത്തിന് ശക്തരായ നേതാക്കളുടെ വ്യക്തിപ്രഭാവം ആവശ്യമില്ല. നേതാവിന്റെ വ്യക്തിപ്രഭാവത്തെക്കാള്‍, ജനാധിപത്യത്തിന്റെ പ്രധാനം നിയമപരവും ജനാധിപത്യപരവുമായ തത്വങ്ങളും സ്ഥാപനങ്ങളുമാണ്. ജനകീയ ഇച്ഛയും താല്പര്യങ്ങളും ഇത്തരം നിയമങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെയുമാണ് പ്രകാശിതമാവുന്നത്. പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തില്‍ വ്യക്തിപ്രഭാവമുള്ള നേതാവിന്റെ ആവിര്‍ഭാവം വളരെ അപൂര്‍വമായ ഒരു പ്രതിഭാസമാണ്. ഈ പ്രതിഭാസം ആരോഗ്യകരവും യുക്തിസഹവുമായ ജനാധിപത്യത്തന് തികച്ചും അപകടകരവുമാണ്. എന്നാല്‍, ഫാസിസ്റ്റുപ്രസ്ഥാനങ്ങള്‍ രൂപംകൊള്ളുന്നതും പ്രവര്‍ത്തിക്കുന്നതും യുക്തിയേയോ നിയാമകതത്വങ്ങളെയോ ആസ്പദമാക്കിയല്ല. വ്യാജമായി നിര്‍മിക്കുന്ന ആശങ്കകള്‍, ഭീതികള്‍, വിദ്വേഷങ്ങള്‍, ശത്രുക്കള്‍, മിത്തുകള്‍ തുടങ്ങിയ യുക്തിരാഹിത്യങ്ങളെയാണ് ഫാസിസം അടിസ്ഥാനമാക്കുന്നത്. ഇത്തരം യുക്തിരാഹിത്യങ്ങളെയും മിത്തുകളെയും അഭിസംബോധനചെയ്യാനോ സംഘടിപ്പിക്കാനോ ജനാധിപത്യത്തിന്റെ ഔപചാരികതത്വങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സാധ്യമല്ല. വ്യക്തി പ്രഭാവം ചാര്‍ത്തെപ്പടുന്ന ഒരു നേതാവിന്റെ മിത്തിക്കല്‍ വ്യക്തിത്വത്തിനുമാത്രമേ, ഫാസിസ്റ്റു അയുക്തികളെ പ്രതിനിധീകരി ക്കാനാവു. പൊള്ളയായ ഈ മിത്തിക്കന്‍ വ്യക്തിത്വമാണ് എല്‍.കെ. അദ്വാനിയെപ്പോ ലെയുള്ളവരെ തഴയാനും മോഡിയെ നേതൃത്വത്തിലേക്കു യര്‍ത്താനും സംഘപരിവാറിനെ പ്രേരിപ്പിച്ചത്.

യൂറോപ്പിലെ ക്ലാസിക്കല്‍ ഫാസിസ്റ്റുകള്‍ ഉയര്‍ത്തിയിരുന്നതുപോലെ, 'നവമാനവന്‍' 'നവചേതന' 'നവസംസ്‌കാരം' 'നവലോകം' എന്നിങ്ങനെ ഉദാത്തപരിവേഷമുള്ള ആശയങ്ങളൊന്നുമല്ല മോഡിക്ക് പ്രിയം. കഴിഞ്ഞ ഗവണ്‍മെന്റിന്റെ ചില പോരായ്മകളെയും സോണിയാഗാന്ധിയുടെ വൈദേശികതയെ കുറിച്ചും 'ശക്തമായൊരു ഇന്ത്യ'യെക്കുറിച്ചുള്ള ശരാശരി ഹിന്ദു ആള്‍ക്കൂട്ടത്തിന്റെ പരാതികളും ആശങ്കകളും പ്രതീക്ഷകളുമാണ് മോഡി പെരുപ്പിച്ചത്. മോഡിയിലൂടെ പ്രകാശിതമാക്കപ്പെട്ട ഇത്തരം ഭീതികളെയും സ്വപ്നങ്ങളെയും അപഗ്രഥിക്കുന്നതിന് ഈറ്റ് വെല്‍ എന്ന സാമൂഹ്യശാസ്ത്രജ്ഞന്‍ ആവിഷ്‌ക്കരിച്ച 'ഫാസിസ്റ്റ് ഭൂമിക' (Fascist matrix) എന്ന ആശയം ഫലപ്രദമാണ്. ആധുനികത, സാര്‍വലൗകികത, മതേതരത്വം, ശാസ്ത്രം എന്നിവയോട് ദീര്‍ഘകാലമായി ഹിന്ദുസാംസ്‌കാരിക അധോലോകം പുലര്‍ത്തിപ്പോന്ന വിദ്വേഷം, അവജ്ഞ, ആശങ്ക തുടങ്ങിയ വികാരങ്ങള്‍ മേല്‍പ്പറഞ്ഞ ഫാസിസ്റ്റ് ഭൂമികയില്‍ ഒരു ഉല്‍പ്പരിവര്‍ത്തനത്തിനു വിധേയമാവുന്നു. സനാതനവര്‍ണമാശ്രമധര്‍മത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തില്‍ ആശങ്കാകുലരായ സംഘപരിവാറിന്, ശരാശരി ഹിന്ദു ആള്‍ക്കൂട്ടത്തിന്റെ ക്ഷുദ്രവികാരങ്ങളെയും ശുഷ്‌കമോഹങ്ങളെയും ഫാസിസ്റ്റ് ഭൂമികയിലേക്ക് ആകര്‍ഷിക്കാനും ഒരു ജനപ്രിയ 'അതിദേശീയത'യായി പരിവര്‍ത്തിപ്പിക്കാനും കഴിഞ്ഞു എന്നതാണ് ഹിന്ദുഫാസിസത്തെ സാധ്യമാക്കിയത്. മനുഷ്യഹൃദയത്തിന്റെ അഗാധതയില്‍ നുരയുന്ന 'നിന്ദ്യതയോടുള്ള അഭിനിവേശ'('The fascination of the abomination)ത്തെ കുറിച്ച് ജോസഫ് കോണ്‍റാഡ് സൂചിപ്പിച്ചിട്ടുണ്ട്. ശരാശരി ഹിന്ദുആള്‍ക്കൂട്ടത്തിന് മോഡി ആരാധനാമൂര്‍ത്തിയായതിനുകാരണം. അവരുടെ ഉള്ളിലെ ഈ അഭിനിവേശമാണ്. സമകാലിന ഇന്ത്യയുടെ രാഷ്ട്രീയ - സാമ്പത്തിക സമസ്യകളെ ഇത്രത്തോളം ഭീകരമാംവിധം നിസ്സാരവല്‍ക്കരിക്കുന്നതിനു മോഡി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന സാമര്‍ത്ഥ്യവും 'പ്രശംസനീയ'മാണ്. ഉയര്‍ന്ന ചിന്തയോടും ആശയത്തോടും അഭിരിചുയുണ്ടെന്ന് ഭാവിക്കുകപോലും ചെയ്യാത്ത മോഡിയുടെ ശൈലി എല്ലാകാര്യങ്ങളെയും ആള്‍ക്കൂട്ടമുദ്രാവാക്യങ്ങളായും മന്ത്രങ്ങളായും ലളിതവല്‍ക്കരിക്കുക എന്നതുമാത്രമാണ്. എന്നാല്‍ താന്‍ ഒരു 'Man of Mission' ആണെന്ന പ്രതീതി സൃഷ്ടിക്കാനും മോഡിയുടെ ശുഷ്‌കമായ വാചോടാപത്തിനു കഴിയുന്നു.
'Memoirs of Extraordinary popular delusions and the madness of crowds' എന്ന കൃതിയില്‍ റൈലി നിരീക്ഷിക്കുന്നു. 'മനുഷ്യര്‍ ആള്‍ക്കൂട്ടങ്ങളില്‍ ചിന്തിക്കുന്നു. ആള്‍ക്കൂട്ടങ്ങളില്‍ ഭ്രാന്തരാകുന്നു. വളരെ സാവധാനം മാത്രമെ അവര്‍ക്കു സ്വബുദ്ധി വീണ്ടെടുക്കാന്‍ കഴിയുകയുള്ളു'. സ്വബുദ്ധി നഷ്ടപ്പെട്ട് ഭ്രാന്തിനടിപ്പെട്ട മനുഷ്യശരീരങ്ങളുടെ ഒരു ആള്‍ക്കൂട്ടമാണ് ഹിന്ദുഫാസിസം. ഈ ആള്‍ക്കൂട്ടത്തിന്റെ ഭ്രാന്തിനെ തന്നിലേക്കാവാഹിച്ച ഒരു ഇടയനാണ് മോഡി. ജീവിതത്തിനും സ്വാതന്ത്ര്യത്തിനുമെതിരെ കൊലവിളി നടത്തുന്ന ആശക്കൂട്ട ഭ്രാന്തിനെ നമുക്ക് 'ഹിന്ദുഫാസിസ'മെന്ന് നാമകരണം ചെയ്യാം. (തുടരും....)