"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഡിസംബർ 22, വെള്ളിയാഴ്‌ച

പുസ്തകം: ഹിന്ദു കൊളോണിയലിസവും ഫാസിസവും (2) - ജെ രഘു.


ആമുഖം: നിന്ദ്യതയോടുള്ള അഭിനിവേശവും ഫാസിസവും (ഭാഗം രണ്ട്)

ആത്മീയതയേയും കൈക്കരുത്തിനെയും ആയുധബലത്തെയും ഉപയോഗിച്ചുകൊണ്ട് ഇന്ത്യന്‍ജനാധിപത്യത്തിനും മതേതരത്വത്തിനുമെതിരെ ഹിന്ദുഫാസിസ്റ്റുകള്‍ ഒളിയുദ്ധം ആരംഭിച്ചിരിക്കുകയാണ്. ഹിന്ദുഫാസിസ്റ്റുകള്‍ വിശുദ്ധമെന്നു കരുതുന്ന ദൈവങ്ങളെയും വിശ്വാസങ്ങളെയും കൃതികളെയും ആള്‍ദൈവങ്ങളെയും വിമര്‍ശിക്കുന്നതിന,് വിമര്‍ശകര്‍ നല്‍കേണ്ടിവരുന്നവില സ്വന്തം ജീവന്‍തന്നെയെന്ന 'അപായസന്ദേശം' ഇതിനകം അവര്‍ നല്‍കികഴിഞ്ഞിരിക്കുന്നു. ഹിന്ദുഫാസിസ്റ്റുകളുടെ വിശ്വാസങ്ങളെയും ദൈവങ്ങളെയും വിമര്‍ശിക്കുന്നവരെ വകവരുത്തുമെന്നതിനര്‍ത്ഥം എന്താണ്? ഹിന്ദുഫാസിസ്റ്റുകളുടെ വിശ്വാസങ്ങളെ അംഗീകരിക്കുക എന്നതിനര്‍ത്ഥം എല്ലാവരും ഹിന്ദുക്കളാവുക എന്നതാണ്. ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ 'ഫത്‌വ' പ്രഖ്യാപിക്കുന്ന ഇസ്ലാമികതീവ്രവാദികളും ഇതേരീതിയാണ് പിന്തുടരുന്നത്. ഏകദൈവത്തില്‍ വിശ്വസിക്കുക, മുഹമ്മദ് അദ്ദേഹത്തിന്റെ പ്രവാചകനാണെന്ന് അംഗീകരിക്കുകയെന്നതിന്റെയും ദൈവത്തിന്റെയോ പ്രവാചകന്റെയോ ചിത്രങ്ങള്‍ സൃഷ്ടിക്കാതിരിക്കുക എന്നതിന്റെയുമര്‍ത്ഥം ഒരാള്‍ മുസ്ലീം ആവുക എന്നാണ്. എന്നാല്‍, മുസ്ലീം അല്ലാത്ത ഒരു വ്യക്തി മുഹമ്മദിന്റെ പ്രവാചകത്വത്തെ അംഗീകരിക്കേണ്ടതുണ്ടോ? മുഹമ്മദിനെ മനുഷ്യരൂപത്തില്‍ ഭാവനചെയ്യുന്നതിനും അത് ആലേഖനം ചെയ്യുന്നതിനും ഒരു അമുസ്ലീമിന് സ്വാതന്ത്ര്യമില്ലേ? എന്നാല്‍, ഇസ്ലാമിക തീവ്രവാദികളുടെ തീര്‍പ്പ്, 'പാടില്ല' എന്നാണ്. ലോകത്തിലെ മുസ്ലീംങ്ങളല്ലാത്തവരും മുസ്ലീംങ്ങളെപ്പോലെ പ്രവാചകനെ ബഹുമാനിക്കണ മെന്നാണ് ഇതിനര്‍ത്ഥം. പ്രവാചകനെ ബഹുമാനിക്കാന്‍ ഒരു മുസ്ലീമിനു മാത്രമെ ബാധ്യതയുള്ളു. അപ്പോള്‍ എല്ലാവരും മുസ്ലീംങ്ങള്‍ ആയിക്കൊള്ളണമെന്നാണ്, സാല്‍മന്‍ റുഷ്ദിയ്ക്കും, തസ്ലീമാനസ്‌റീനും മറ്റനവധിയാളുകള്‍ക്കുമെതിരായ ഫത്‌വകളിലൂടെ നല്‍കുന്ന പരോക്ഷഭീഷണി. ഇതുതന്നെയാണ് ഇപ്പോള്‍, ഹിന്ദുഫാസിസ്റ്റുകള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുഫാസിസ്റ്റുകള്‍ക്ക് അനഭിമതമായ ഒന്നും ചിന്തിക്കപ്പെടരുത്, പറയപ്പെടരുത്, എഴുതപ്പെടരുത്! കല്‍ബുല്‍ഗിയ്ക്ക് നേരെ ഉതിര്‍ത്ത വെടിയുണ്ട സ്വതന്ത്രമായ ചിന്തയ്ക്കും വാക്കിനുമെതിരായ വെടിയുണ്ടയാണ്. സ്വതന്ത്രവും നിര്‍ഭയവുമായ ചിന്ത മരവിക്കുമ്പോള്‍ മാത്രമേ, ഹിന്ദുഫാസിസത്തിന്റെ മാരകവൈറസുകള്‍ക്ക്, ഇന്ത്യന്‍മനസുകളിലേക്ക് അധിനിവേശം നടത്താനാവൂ. ഒരിക്കല്‍ അധിനിവേശം നടത്തികഴിഞ്ഞാല്‍, ദശലക്ഷങ്ങളായി പെരുകുന്ന ഈ മാരകവൈറസുകള്‍ ഇന്ത്യയുടെ ജനാധിപത്യ - മതേതരത്വഘടനയെ പൂര്‍ണമായി ഗ്രസിക്കും. അത്തരമൊരു ഹിന്ദു ഫാസിസ്റ്റുവൈറസ്ബാധയില്‍നിന്ന്, പിന്നെ, ജനാധിപത്യത്തെ രക്ഷിക്കാന്‍ ഒരു വൈദ്യശ്‌സാത്രത്തിനുമാവില്ല. അതിനാല്‍, മോദിയുഗം വരാന്‍ പോകുന്ന ഹിന്ദുഫാസിസ്റ്റുമഹാവ്യാധിയുടെ തുടക്കമാണെന്ന് നാം തിരിച്ചറിയണം. മോദിയുഗം ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് വൈറസുകളെ പ്രതിരോധിക്കാന്‍ കഴിയുന്ന ഒരു മതേതരപ്രതിരോധ വ്യവസ്ഥയ്ക്കു വേണ്ടിയുള്ള പ്രവര്‍ത്തനം, ഇന്ത്യയെന്ന ഭൂപ്രദേശത്ത് ജീവിക്കുന്ന, വൈറസ് ബാധിതരല്ലാത്ത ഓരോഇന്ത്യക്കാരന്റെയും കാരിയുടെയും ഉത്തരവാദിത്വമാണ്.

ദേശീയപ്രസ്ഥാനം അതിന്റെ ആദ്യനാളുകളില്‍ തന്നെ യൂറോപ്പിന്റെ 'ആധുനിക മതേതരദേശീയത'യെന്ന ആശയത്തെ നിരാകരിക്കുകയും പ്രാചീനകാലത്തെ സുവര്‍ണ ഗ്രാമാധിഷ്ഠിത സമൂഹത്തോടുള്ള രോഗാതുരമായ ഗൃഹാതുരത വച്ചുപുലര്‍ത്തു കയും ചെയ്തിരുന്നു. ഈ രോഗാതുരഗൃഹാതുരതയുടെ പ്രതീകവല്‍ക്കരണമാണ് ഗാന്ധിജിയുടെ അര്‍ധനഗ്നശരീരവും ചര്‍ക്കയും. ആധുനികതയേയും വ്യവസായത്തെയും 'നാഗരികതാരോഗ' മായിട്ടാണ് ഗാന്ധിജി വിലയിരുത്തിയത്. ഗ്രാമീണഇന്ത്യയുടെ 'നിഷ്‌കളങ്കത'യലിലേക്കുള്ള മടക്കം എന്ന 'അസാധ്യസ്വപ്ന'മായിരുന്നു അദ്ദേഹത്തെ നയിച്ചത്. ഈ അസാധ്യസ്വപ്നവും തിരിച്ചുപോക്കില്ലാത്ത ആധുനികതയും തമ്മിലുള്ള വൈരുദ്ധ്യം, സ്വതന്ത്ര്യഇന്ത്യയെ ആധുനികോല്പന്നങ്ങളുടെ ഉപഭോക്താവ് മാത്രമായി ചുരുക്കി. ഗാന്ധിയുടെ അസാധ്യസ്വപ്നം സൃഷ്ടിച്ച ഗൃഹാതുരത, ആധുനികതയുടെ ശാസ്ത്ര - മതേതരമനസ്സിനെ ഉപേക്ഷിക്കാനും ഇന്ത്യയെ നിര്‍ബന്ധിതമാക്കി. ബ്രിട്ടീഷ് വാഴ്ചയില്‍ മോഹഭംഗംവന്ന വിദ്യാസമ്പന്ന സവര്‍ണവിഭാഗങ്ങള്‍ നയിച്ച ദേശീയ പ്രസ്ഥാനം, ഇന്ത്യയില്‍ ആധുനികശാസ്ത്രീയ മനസിന്റെ വികാസത്തെ അസാദ്ധ്യമാക്കുക യായിരുന്നു.

ഫാസിസത്തെ ജനപ്രിയമാക്കുന്നത് മിത്തുകളിലൂടെയും അന്ധവിശ്വാസങ്ങളിലൂടെയും യുക്തിവിദ്വേഷത്തിലൂടെയുമാണ്. 'സ്വന്തം ഭാഗധേയം' നിര്‍ണയിക്കാനൊരുങ്ങുന്ന ഒരു ജനതയെ ആവേശഭരിതരാക്കാന്‍ മിത്തുകള്‍ക്കുമാത്രമേ കഴിയൂ എന്ന് 1922-ല്‍ തന്നെ മുസ്സോളിനി പ്രഖ്യാപിച്ചിട്ടുണ്ട്. (Emilio Gentile, The struggle for Modernity: Nationalism, Futurism and Fascism) യുക്തിചന്തയേയും ശാസ്ത്രജ്ഞാനത്തെയും പാര്‍ശ്വവല്‍ക്കരിക്കുകയും ആള്‍ക്കൂട്ടങ്ങളുടെ യുക്തിരാഹിത്യങ്ങളെയും അന്ധവിശ്വാസ ങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടുമാണ് ഫാസിസം വളരുന്നത്. പ്രാചീന ഇന്ത്യയില്‍ വിമാനവും പ്ലാസ്റ്റിക്‌സര്‍ജറിയുമുണ്ടായിരുന്നുവെന്ന അയുക്തികപ്രസ്താവന ജനസഞ്ചയങ്ങളുടെ സഹജമായ യുക്തിരാഹിത്യത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഒരു നേതാവിന്റെ വ്യക്തിപ്രഭാവത്തിനും ഇച്ഛയ്ക്കും അടിമകളാ കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരെയാണ് Gustave Le Bon എന്ന ചിന്തകന്‍ ജനസഞ്ചയമെന്ന് വിശേഷിപ്പിച്ചത്. അനുസരണയേയും മാനസികഅടിമത്തത്തെയും ആന്തരികവല്‍ക്കരിക്കുന്ന ജനസഞ്ചയങ്ങളെ, അന്ധവിശ്വാസ-മിത്തുകളാല്‍ ഭരിക്കപ്പെടുന്ന ഫാസിസ്റ്റു ബഹുജനപ്രസ്ഥാനമായി പരിവര്‍ത്തിപ്പിക്കാന്‍ എളുപ്പമാണ് 'ശക്തമായ ഇന്ത്യ' 'ഇന്ത്യയില്‍ നിര്‍മിക്കുക' 'ശക്തനായനേതാവ്' തുടങ്ങിയമിത്തുകള്‍ നാഗരീകമധ്യവര്‍ഗങ്ങളെ വന്‍തോതില്‍ വശീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.. ഇങ്ങനെ വശീകരിക്കപ്പെടുന്ന നാഗരീകജന സഞ്ചയങ്ങളെ, ശക്തനായ ഇടയനാല്‍ നയിക്കപ്പെടുന്ന ആട്ടില്‍പ്പറ്റമായി മാറ്റിയെടുക്കുന്നധര്‍മമാണ് മോഡി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ആറ്റിന്‍പറ്റങളുടെ ഒരു സവിശേഷത, ഔപചാരികവും യുക്തിസഹജവുമായ രാഷ്ട്രീയ തത്വങ്ങളോടുള്ള അവജ്ഞയും 'ആക്ടിവിസ'ത്തോടുള്ള ആരാധനയുമാണ്. 'പ്രത്യയശാസ്ത്രവിരുദ്ധമായ പ്രത്യയശാസ്ത്ര' ത്തെയാണ് മോഡി പ്രതിനിധാനം ചെയ്യുന്നത്. കാരണം, മോഡിയുടെ വിചാരശൂന്യമായ വാചകക്കസര്‍ത്തും വികസനവാദാത്മകതയും, ആട്ടിന്‍പറ്റമായി മാറിയ ജനസഞ്ചയങ്ങളുടെ ബൗദ്ധികതാവിദ്വേഷത്തെ പ്രകമ്പനംകൊള്ളിക്കാന്‍ പര്യാപ്തമാണ്. മോദിയുഗത്തിനു ചുക്കാന്‍ പിടിക്കുന്ന ആര്‍.എസ്സ്.എസ്സ്. എന്ന ഭീകരവാദസംഘടന തന്നെ ആശയശൂന്യരും കായികപ്രേമികളുമായ മനുഷ്യരുടെ ഒരു സംഘമാണ്. അവര്‍ക്ക് ആശയലോകം എന്ന ഒന്നുണ്ടെങ്കില്‍, അത് ദേശത്തോടുള്ള മതഭക്തിമാത്രമാണ്. ക്ഷുദ്രമായ ദേശഭക്തിയുടെ കുത്തക അവകാശപ്പെടുന്ന ഈ ഭീകരവാദപ്രസ്ഥാനം, അഴിമതി നിയന്ത്രിക്കുന്നതില്‍ ജനാധിപത്യ ഗവണ്‍മെന്റിനു ണ്ടായ പരാജയത്തിനു ബദല്‍, മതേതരഭരണകൂടത്തിനുമേല്‍, ദേശരാഷ്ട്രത്തെ സ്ഥാപിക്കുകയാണെന്നു പ്രചരിപ്പിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍, ഇന്ത്യന്‍ ഭരണകൂടവ്യവസ്ഥയുടെ അടിസ്ഥാനഘടനയെ നിര്‍വചിക്കുന്ന മതേതരതത്വത്തിന്റെ സ്ഥാനത്ത്, 'ഹിന്ദുദൈവശാസ്ത്രം' സ്ഥാപിതമാവും. അത്തരമൊരു ദൈവശാസ്ത്രത്തിനാ വശ്യം ഉദാരജനാധിപത്യാശയങ്ങളും മൂല്യങ്ങളുമല്ല, മറിച്ച്, 'ഹിന്ദുതിയോക്രസി'യുടെ കല്പനകള്‍ അയവില്ലാതെ നടപ്പിലാക്കുന്ന ഒരു 'സ്വേച്ഛാധിപതി'യെയാണ്. ഈ തിയോളജിക്കല്‍ തത്വങ്ങളോട് വിയോജിക്കുന്നമനുഷ്യരെയും ആശയങ്ങളെയും സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും ദേശത്തിന്റെ ശത്രുക്കളായി മുദ്രയടിക്കാനെളു പ്പമാണ്. അഥവാ ഹിന്ദു തിയോക്രസിക്കു വിധേയരാകാന്‍ വിസമ്മതിക്കുന്നവര്‍ ഒന്നുകില്‍ കൊല്ലപ്പെടും. അല്ലെങ്കില്‍, ഇന്ത്യയില്‍ തന്നെ, സാംസ്‌കാരികപ്രവാസി കളായി മാറും. നഗ്നമായ ഉന്‍മൂലനവും ബഹിഷ്‌കരണവുമാണ് ഇപ്പോള്‍ ഹിന്ദുഭീകരവാദികള്‍ അനുവര്‍ത്തിച്ചുതുടങ്ങിയിരിക്കുന്നത്. കല്‍ബുര്‍ഗിയെപ്പോലുള്ള സ്വതന്ത്രഎഴുത്തുകാരെ വധിക്കുന്നു. മറ്റുചിലര്‍ക്കെതിരെ കൊലവിളിനടത്തുന്നു. സാംസ്‌കാരികസ്ഥാപനങ്ങളില്‍ നിന്നും യൂണിവേഴ്‌സിറ്റികളില്‍ അക്കാദമികളില്‍ നിന്നും കലാകാരന്മാരെയും ചിന്തകരെയും ശാസ്ത്രജ്ഞരെയും പുറത്താക്കുകയും ഹിന്ദു തിയോക്രസിയുടെ അജ്ഞാനുവര്‍ത്തികളെ തല്‍സ്ഥാനങ്ങളില്‍ നിയമിക്കുകയും ചെയ്യുന്നു. വിമര്‍ശനങ്ങള്‍ക്കും സ്വതന്ത്രചിന്തയ്ക്കുമെതിരെ ചിലപ്പോള്‍ ക്ഷമാപണരഹിതമായ ഹിംസഅഴിച്ചുവിടുന്നു. മറ്റുചിലപ്പോള്‍, ഐക്യത്തിന്റയും സഹിഷ്ണുതയുടെയും മാലാഖമാരായി അഭിനയിക്കുന്നു, ഗോമാംസത്തിന്റെ പേരിലാണ് ഉത്തര്‍പ്രദേശിലെ ഒരു മുസ്ലീമിനെ ഹിന്ദുഭീകരവാദികള്‍ ക്രൂരമായി കൊലപ്പെടു ത്തിയത്. ബീഹാര്‍ തെരെഞ്ഞെടുപ്പ് പ്രചരണത്തിനെത്തുംവരെ ഇക്കാര്യത്തില്‍ നിശബ്ദതപാലിച്ച മോഡി, പെട്ടെന്ന് ''ഹിന്ദുക്കളും മുസ്ലീംങളും തമ്മിലടിക്കരുത്' എന്ന പ്രസ്താവനയിലൂടെ മതസഹിഷ്ണുതയുടെ മാലാഖയാവുന്നു. ഹിന്ദു ഫാസിസത്തിന്റെ ധിഷണാശൂന്യതയുടെ, അവസരവാദത്തിന്റെ, പ്രയോജനവാദത്തിന്റെ, ഏറ്റവും നല്ല ഉദാഹരണമാണിത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ