"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, നവംബർ 9, വ്യാഴാഴ്‌ച

ഗുരുവായൂര്‍ പദയാത്ര - എലിക്കുളം ജയകുമാര്‍


20 വര്‍ഷം മുമ്പ് ശ്രീ. കല്ലറ സുകുമാരന്റെ നേതൃത്വത്തില്‍ കേരള ഹരിജന്‍ ഫെഡറേഷന്‍ നടത്തിയ ഗുരുവായുര്‍ പദയാത്ര ദലിത് അവകാശ സമരങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നു. സാമുഹിക പരിഷ്‌കരണ രംഗത്ത് ശ്രദ്ധേയമായ 1936 ലെ ക്ഷേത്രപ്രവേശന വിളംബരവും അനുബന്ധ നടപടികളും കേരളത്തിലെ ദലിത് ജനസാമുഹിക നവോത്ഥാനത്തിന് അനുകുല സാഹചര്യമുണ്ടാക്കിയില്ല എന്ന് സാമാന്യ ജനതയെ ബോദ്ധ്യപ്പെടുത്തുന്ന സംഭവമായിരുന്നു 47 വര്‍ഷങ്ങള്‍ക്കുശേഷം നടന്ന അയിത്താചരണ വിരുദ്ധയാത്ര. സവര്‍ണ്ണ ചിന്താധാരകളേയും, മുന്‍വിധികളേയും അവഗണിച്ച് യുക്തി ചിന്തയും അന്വേഷണത്വരയുമുള്ള ദാര്‍ശിനികന്റെ നിലയിലേക്ക് കല്ലറസുകുമാരനെ ഉയര്‍ത്തിയത് ഗുരുവായുര്‍ പദയാത്രയാണെന്നു പറയാം. അനുഭവങ്ങളുടെ തീച്ചുളയില്‍ സ്ഫുടം ചെയ്‌തെടുത്ത നേത്യത്വമായിരുന്നു കല്ലറയുടേത്. അത് കാലഘട്ടത്തിന്റെ ശബ്ദമായിരുന്നു. അനീതിക്കെതിരെ ഇടിനാദമായിരുന്നു. ജനാധിപത്യവത്ക്കരണത്തില്‍ കീഴാളജനതയുടെ അവകാശമുറപ്പിക്കാന്‍ ശ്രീമദ് അയ്യങ്കാളിക്കുശേഷം സന്ധിയില്ലാ സമരം നടത്തി ദേശീയ തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ കര്‍മ്മധീരനായിരുന്നു അടിമകളുടെ പടനായകനായ ശ്രീ കല്ലറ സുകുമാരന്‍. ദൈവിക പരിവേഷം ചാര്‍ത്തി നില്‍ക്കുന്ന ബ്രാഹ്മണ മേധാവിത്വത്തേയും യുക്തിരാഹിത്യത്തേയും ചോദ്യം ചെയ്തു കാലാനുസൃതമായ മാറ്റത്തില്‍ പങ്കാളികളാ കാനും, അവകാശ പ്രക്ഷോഭണരംഗങ്ങളില്‍ അടിപതറാതെ മുന്നേറാനും ദലിതര്‍ പ്രാപ്തരായി എന്ന് സമുഹത്തെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ ശ്രീ സുകുമാരനു കഴിഞ്ഞു. ദരിദ്രകോടികളായ ദലിതര്‍ക്ക് സംഘശക്തിയില്‍ വിശ്വാസവും ആത്മാഭിമാന ബോധവും വളര്‍ത്താന്‍ ഗുരുവായുര്‍ പദയാത്രയിലുടെ ശ്രീ കല്ലറ സുകുമാരനു കഴിഞ്ഞതില്‍ നമുക്ക് അഭിമാനിക്കാം.

ചരിത്രപശ്ചാത്തലം

കേരളത്തിലെ പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രങ്ങളിലൊന്നായ ഗുരുവായുര്‍ 1931 നവംബര്‍ ഒന്നു മുതല്‍ പ്രസിദ്ധമാണ്. 1931 നവംബറിലെ പത്തുമാസം നീണ്ടുനിന്ന ഐതിഹാസിക സമരത്തില്‍ അദ്വീതനായിരുന്നു സ്വാമി ആനന്ദ തീര്‍ത്ഥ. എം.എ ബിരുദധാരിയായ സ്വാമിജി ശ്രീ നാരായണ ഗുരുസ്വാമികളുടെ ശിഷ്യനും ഡോ.ബാബാസാഹിബ് അംബേദ്കറുടെ ആശയപ്രചാരകനും മഹാത്മാഗാന്ധിയുടെ സാധുജന സേവനത്തില്‍ തല്പരനുമായിരുന്നു. ബ്രാഹ്മണകുലത്തില്‍ പിറന്ന അദ്ദേഹംതന്റെ ജാതി ചിഹ്നമായ പുണുല്‍ പൊട്ടിച്ചെറിഞ്ഞ് ആധുനിക വിപ്ലവകാരികളുടെ ഇടയിലേക്കിറങ്ങിയ യഥാര്‍ത്ഥ മനുഷ്യസ്‌നേഹിയും വിപ്ലവകാരിയുമായിരുന്നു. അയിത്തജാതിക്കാര്‍ക്കുവേണ്ടി സവര്‍ണ്ണരുടേയും സമ്പന്നരുടേയും മര്‍ദ്ദനങ്ങള്‍ ഏല്‍ക്കുകയും തന്റെ ആശയങ്ങള്‍ക്കും ജനനന്മക്കും വേണ്ടി എന്തു ത്യാഗവും സഹിക്കുന്ന പുണ്യാത്മാവുകുടിയായിരുന്നു സ്വാമിജി. സാധുജനസേവനമാണ് മോക്ഷ പ്രാപ്തിക്കുള്ള ഏക മാര്‍ഗ്ഗമെന്നുവരെ വിശ്വസിച്ചു പ്രവര്‍ത്തിച്ച സ്വാമിജിക്കുണ്ടായ ഒരനുഭവമാണ് ദലിതരെ പദയാത്രയിലെത്തിച്ചത്.

വൈക്കം മഹാദേവ ക്ഷേത്രത്തിലും, ഏറ്റുമാനുര്‍ ക്ഷേത്രത്തിലും ഹരിപ്പാട് സുബ്രമണ്യക്ഷേത്രത്തിലും ബ്രാഹ്മണ ഭോജനം നേരത്തെ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഈ പ്രാചീനാചാരം ഗുരുവായുര്‍ ക്ഷേത്രത്തില്‍ തുടര്‍ന്നു വരികയായിരുന്നു. നിവേദ്യം ഭഗവാന് അര്‍പ്പിക്കുന്നതിന് മുമ്പ് ഒരു ബ്രാഹ്മണന് കൊടുക്കണമെന്നും തന്‍മുലം ബ്രാഹ്മണര്‍ ഈശ്വരനേക്കാള്‍ വലുതാണെന്നുമുള്ള വിശ്വാസം ആചാരത്തിലുടെ ബ്രാഹ്മണ മേധാശക്തികള്‍ നിലനിര്‍ത്തി. ബ്രാഹ്മണ സദ്യകള്‍ വ്യക്തികള്‍ വഴിപാടായി നടത്തി വരാറുണ്ട്. ഇത്തരം സദ്യ നടത്താനായി ബ്രാഹ്മണര്‍ക്ക് മാത്രം പ്രവേശിക്കാവുന്ന ഒരു സദ്യാലയം ഗുരുവായുരില്‍ നിലനിന്നിരുന്നു. എന്നാല്‍ 1982 നവംബര്‍ 2-ാം തീയതി ബ്രാഹ്മണര്‍ക്കുമാത്രം പ്രവേശനമുള്ള ഊട്ടുപുരയിലേക്ക് നമസ്‌കാര സദ്യയുടെ സമയത്ത് സ്വാമി ആനന്ദ തീര്‍ത്ഥന്‍ കടന്നു ചെന്നു. സാത്വികനും സ്വാമിയുമായ ആ വൃദ്ധ ബ്രാഹ്മണനെ പൂണൂലില്ലാത്തതിന്റെ പേരില്‍ ദേവസ്വം സെക്യുരിറ്റിക്കാരും, പോലീസും മര്‍ദ്ദിച്ചവശനാക്കി. ജാതിക്കും ജാതി ചിഹ്നങ്ങള്‍ക്കും പ്രാധാന്യം കൊടുത്ത് മനുഷ്യരെ വേര്‍തിരിക്കുന്ന സാമൂഹിക അനീതിക്കെതിരെയുള്ള ധര്‍മ്മസമരമായിരുന്നു സ്വാമിജി നടത്തിയത്. മര്‍ദ്ദനമേറ്റ സ്വാമി ആനന്ദതീര്‍ത്ഥന്‍ 14 ദിവസം ചാവക്കാട്ട് ഹോസ്പിറ്റലില്‍ കിടക്കേണ്ടി വന്നു. കേരളത്തിലെ സാമുഹിക സാംസ്‌ക്കാരിക പ്രസ്ഥാനങ്ങളും എന്തിനേറെ സാസ്‌ക്കാരിക വകുപ്പുപോലും സ്വാമിജിക്കുവേണ്ടി ശബ്ദമുയര്‍ത്തിയില്ല. ജാതിയെ പ്രകടവും പ്രസക്തവുമാക്കുന്ന ഈ ഹീന കൃത്യത്തെ എതിര്‍ക്കേണ്ടത് ദലിതന്റെ കടമയും കര്‍ത്തവ്യവുമാണെന്നു ശ്രീ. കല്ലറ സുകുമാരന്‍ മനസ്സിലാക്കി. സാമുഹിക സമത്വത്തേയും നീതിയേയുംഅട്ടിമറിക്കുന്ന ദുഷ്‌ചെയ്തികള്‍ക്കെതിരെ സന്ധിയില്ലാസമരം നടത്താന്‍ തീരുമാനിച്ച കല്ലറ സുകുമാരന്‍ ഗുരുവായൂര്‍ സംഭവത്തിലുള്ള തന്റെ പ്രതിഷേധം അറിയിക്കാന്‍ വേണ്ടിയായിരുന്നു. 1983 ഫെബ്രുവരി ഒന്നാം തീയതി ഗുരുവായൂര്‍ പദയാത്ര ആരംഭിച്ചത്. കാവി വസ്ത്രധാരികളായ 100 അനുയായികളോടൊപ്പം തിരുവനന്തപുരം ശ്രീ. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വാമി ആനന്ദതീര്‍ത്ഥന്റെ അനുഗ്രഹവും വാങ്ങി ആരംഭിച്ച പദയാത്ര 13-ാം തീയതി (കുംഭം-1) ഗുരുവായൂരില്‍ അവസാനിപ്പിച്ച് നമസ്‌കാര സദ്യയില്‍ ബ്രാഹ്മണരോടൊപ്പം പങ്കുകൊണ്ട് ചരിത്ര സംഭവമാക്കി മാറ്റുകയായിരുന്നു.

സാമുഹികപശ്ചാത്തലം 

കേരളത്തില്‍ സാമുഹിക പരിഷ്‌ക്കരണ പ്രക്രിയ തുടങ്ങുന്നത് രാജാറാം മോഹന്‍ റോയിയുടെ കാലം മുതല്‍ക്കാണ്. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും കൊണ്ട് സവിശേഷമായ ഒരു ജനാധിപത്യ സമുഹത്തിന്റെ സ്യഷ്ടിക്ക് ജാതിയെ ഉന്മുലനം ചെയ്യണമെന്നു പറഞ്ഞ രാജാറാം മോഹന്‍ റോയ് ഇംഗ്ലണ്ട് സന്ദര്‍ശിച്ചപ്പോള്‍ ജാതീയമായ നിഷ്ഠ തെറ്റാതിരിക്കാന്‍ പാചകക്കാരനേയും കൊണ്ടുപോയി. തന്റെ ജാതി ചിഹ്നമായ പൂണൂല്‍ രാജാറാം മോഹന്‍ റോയിയോ, അദ്ദേഹം സ്ഥാപിച്ച ബ്രഹ്മസമാജത്തിന്റെ പ്രവര്‍ത്തകരോ ഉപേക്ഷിച്ചില്ല. ആധുനിക കാല ഭാരതീയരുടെ ലക്ഷ്യം ഹിന്ദുമതത്തിലെ വൈരുദ്ധ്യങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഹിന്ദു മതത്തേയും പുതിയ മതാചാരസംഹിതയേയും വളര്‍ത്തുകയെന്നുള്ളതാണ്. ശ്രേണീക്യതമായ ജാതി വ്യവസ്ഥയെ മേലേത്തട്ടു മുതല്‍ ഇല്ലായ്മ ചെയ്യാതെയുമുള്ള മതപരിഷ്‌കരണം ഉപരിപ്ലവമായ പരിഷ്‌ക്കാരം മാത്രമാണ്. അതുകൊണ്ടാണ് ജാതിക്കെതിരെയുള്ള പോരാട്ടങ്ങള്‍ ശക്തമാകാതെ പോയത്. ജാതിയും ജാതിയുടെ ആശയപശ്ചാത്തലവും ഗൗരവമായ ചര്‍ച്ചക്ക് വിഷയമായിട്ടില്ല. ജാതി സമ്പ്രദായത്തെ എതിര്‍ക്കുകയും പ്രസംഗിക്കുകയും ചെയ്തവര്‍, ജാതിയുടെ ചരിത്രപശ്ചാത്തലത്തേയോ, അതിനു ഉപോല്‍ബലകമായ തത്വസംഹിതകളേയോ എതിര്‍ത്തിരുന്നില്ല.

ദേശീയ തലത്തില്‍ ബാബാസാഹിബ് അംബേദ്കറും. കേരളത്തില്‍ പൊയ്കയില്‍ ശ്രീ. കുമാരഗുരുദേവന്‍, ശ്രീമദ് അയ്യങ്കാളി, പാമ്പാടി ജോണ്‍ ജോസഫ് തുടങ്ങിയവരും സാമുഹിക പരിഷ്‌ക്കരണത്തിന്റെ പുത്തന്‍ പന്ഥാവു വെട്ടിത്തുറന്നു. കേരളത്തില്‍ സാര്‍വ്വത്രിക വിദ്യാഭ്യാസം പട്ടികജാതിക്കാരുടെ ഇടയില്‍ ഒരു പുതിയ ഉണര്‍വ്വുണ്ടാക്കി. ജാതിയെ നിരാകരിക്കുകയോ. തൃണവല്‍ക്കരിക്കുകയോ ചെയ്ത് മുഖ്യധാരയിലേക്ക് കടന്നുവരാനും സാമുദായിക ശക്തിയായി വളരാനും സാമുദായിക പരിഷ്‌ക്കര്‍ത്താ ക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാനും കഴിഞ്ഞത് സവര്‍ണ്ണ ജാതിമേധാവിത്വത്തിനേറ്റ ആഘാതമാണ്. ദലിത് പ്രവര്‍ത്തനങ്ങള്‍ ശക്തി പ്രാപിക്കുമ്പോഴും സവര്‍ണ്ണ ബുദ്ധി തന്ത്രങ്ങള്‍ മെനഞ്ഞ് ദലിത് ശക്തിയെ നിര്‍വ്വീര്യമാക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. ഏറ്റവും പ്രധാനപ്പെട്ട തെളിവാണ് ക്ഷേത്ര പ്രവേശന വിളംബരം. ക്ഷേത്ര പ്രവേശന വിളംബരത്തിലുടെ ദലിത് അവകാശ സമരത്തെ നിര്‍വ്വീര്യമാക്കാന്‍ സവര്‍ണ്ണനു കഴിഞ്ഞു. ക്ഷേത്ര പ്രവേശനം ഒരു ഔദാര്യമായി സവര്‍ണ്ണ ജനതയും കണ്ടു. ക്ഷേത്ര പ്രവേശനം അങ്ങനെ മതം വളര്‍ത്തുന്നതിനുള്ള ഉപാധിയായി മാറി. തന്നെയുമല്ല അവകാശമെന്നതിലുപരി ഔദാര്യം സ്വീകരിക്കുന്നവര്‍ എന്ന മാനസിക പശ്ചാത്തലത്തിലേക്ക് ദലിതരെ താഴ്ത്താനും ദലിത് വിരുദ്ധ ശക്തിക്കു കഴിഞ്ഞു. ഒട്ടേറെ സാമൂഹിക സാംസ്‌ക്കാരിക പ്രസ്ഥാനങ്ങളും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനവും സാഹിത്യവുമൊക്കെ ഉടലെടുത്ത കേരളത്തില്‍ ജാതീയത വേരൊടെ പിഴുതെറിയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ജാതി വിവേചനത്തിനെതിരെ ആശയ രുപീകരണം നടത്താനോ ജാതിരഹിത സമുഹത്തിന്റെ സ്യഷ്ടിക്കോ, തത്വചിന്തയ്‌ക്കോ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും കേരളത്തില്‍ നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ നിന്നുകൊണ്ടുവേണം നാം കല്ലറ സുകുമാരന്‍ നടത്തിയ ഗുരുവായുര്‍ ക്ഷേത്ര പ്രവേശനവും നമസ്‌ക്കാര സദ്യയില്‍ പങ്കു ചേരലും വിലയിരുത്താന്‍.

പദയാത്രയുടെ ലക്ഷ്യങ്ങള്‍ 

ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന സാമുഹിക പരിഷ്‌ക്കാരങ്ങളുടെ രക്ഷാകര്‍ത്യത്വം രാഷ്ട്രീയക്കാര്‍ ഏറ്റെടുത്തതോ സവര്‍ണ്ണ ഹിന്ദുജനങ്ങള്‍ വിഭാവന ചെയ്തതോ ആണ്. രാഷ്ട്രീയത്തിന് ഒരിക്കലും ജാതിയെ ഉന്മുലനം ചെയ്യാനാവില്ല. രാഷ്ട്രീയം ദലിത് പോഷകഘടകങ്ങളുണ്ടാക്കി അവരെ ദലിതരാക്കിത്തന്നെ നിലനിര്‍ത്തി. കോണ്‍ഗ്രസ്സ് പ്രസ്ഥാനം വിമോചന സമരത്തിലുടെ സാമുദായിക ശക്തികളുടെ അടിമയായി. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് പ്രത്യയശാസ്ത്രപരമായ സമീപനത്തില്‍ നിന്നും ദലിത് പിന്നോക്ക ജനതയുടെ സ്ഥായിയായ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും കഴിഞ്ഞില്ല.

പരിഷ്‌ക്കാരങ്ങള്‍ക്ക് മാനസിക പരിവര്‍ത്തനമുണ്ടാക്കാന്‍ കഴിയാത്തതുകൊണ്ട് ജാതി ചിന്ത ഇന്ത്യന്‍ മനസുകളിലെ യാഥാര്‍ത്ഥ്യമാണ്. കേരളീയ നവോത്ഥാനത്തിനും, സ്വാതന്ത്യാനന്തരമുണ്ടായ ലിബറല്‍ പ്രസ്ഥാനങ്ങള്‍ക്കും ജാതിയെ എതിര്‍ത്തു തോല്‍പ്പിക്കാനോ ജാതിക്കെതിരായി സാമുഹ്യ ബോധം വളര്‍ത്താനോ കഴിഞ്ഞില്ല. ആധുനിക വിദ്യാഭ്യാസം സാമുഹിക നീതിയിലേക്കും. സമത്വത്തിലേക്കും വഴി തുറന്നെങ്കിലും അതുള്‍െക്കാള്ളാന്‍ യാഥാസ്ഥിതിക സമുഹം തയ്യാറായില്ല. മതമുല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും കലോചിതമായ പരിഷ്‌ക്കാരങ്ങ ളേര്‍പ്പെടു ത്താനോ അപരിഷ്‌കൃതാചാരങ്ങളെ ഒഴിവാക്കാനോ കഴിഞ്ഞില്ല. സവര്‍ണ്ണ ഹിന്ദു സമുഹത്തില്‍ രുഢമുലമായിരുന്ന ജാതിചിന്ത ക്ഷേത്ര മതില്‍ക്കകത്ത് ഉറഞ്ഞുതുള്ളുന്നുണ്ടായിരുന്നു.

1. നിയമം മൂലം നിരോധിച്ചിട്ടും ക്ഷേത്ര മതില്‍ക്കകത്തു നിലനില്‍ക്കുന്ന ജാതീയതക്കും അയിത്താചരണത്തിനുമെതിരെ സാമുഹിക മനസാക്ഷിയുണര്‍ത്തുന്നതിന്, അയിത്തം നിലനിര്‍ത്തുന്ന നമസ്‌കാരസദ്യ എന്ന ബ്രാഹ്മണസദ്യ നിര്‍ത്തലാക്കുക.

2. ദലിത് പ്രസ്ഥാനങ്ങളുടെ അടിസ്ഥാനധര്‍മ്മം ജാതിക്കെതിരെ പോരാടി സാമുഹിക നീതി ലഭ്യമാക്കുക എന്നുള്ളതാണ്.അതിനുവേണ്ടി ഏതു ത്യാഗവും സഹിച്ച് പോരാടാന്‍ അണികളെ പ്രേരിപ്പിക്കുകയും ലക്ഷ്യത്തിലെത്താതെ പിന്‍തിരിയരുതെന്നു ബോധ്യപ്പെടുത്തുകയും അണികള്‍ക്ക് ആത്മവീര്യം കൊടുക്കുകയും ചെയ്യുകഎന്നത് ഏതൊരു ദലിത് നേതാവിന്റേയും കടമയാണെന്ന് ഓര്‍മ്മപ്പെടുത്തുക.
3.അയിത്തം എന്ന സാമുഹിക തിന്മയ്‌ക്കെതിരെ ജനവികാരം ആര്‍ജിച്ചുകൊണ്ടു പ്രത്യക്ഷസമരപരിപാടികള്‍ക്കു തുടക്കം കുറിക്കേണ്ടത് ദലിത് ജനത തന്നെയാണ്. മതമോ, രാഷ്ട്രീയമോ ഉപജാതി/പ്രാദേശിക ചിന്തയോ ഉണ്ടാവാതെ ഐക്യത്തിന്റ നിരകെട്ടിപ്പടുത്ത് വിജയത്തിലെത്താമെന്നു ജനതയെ ബോധ്യപ്പെടുത്തുക.

4. ദലിത് ജനതയെ അന്ധവിശ്വാസത്തിന്റേയും,അവജ്ഞയുടേയും അവമതിയുടേയും തടവറയില്‍ നിന്നു മോചിപ്പിച്ച് ഉപരിവര്‍ഗ്ഗ മത വിധേയത്വമുപേക്ഷിച്ച്, മുഖ്യധാരാശത്രുവിനെയും, വ്യവസ്ഥിതിയെയും തിരിച്ചറിഞ്ഞു. പ്രതികരിക്കാന്‍ സജ്ജരാകുക.

5. തികഞ്ഞ അത്മവിശ്വാസത്തോടെ, നിയമസഹായവും അത്മസംയനവും നേടി ജാതി വിവേചനത്തിനെതിരെ ചിന്താവിപ്ലവം ഉയര്‍ത്തി വിരാമമിടുക.

6. യുക്തിരഹിതമായ രീതിയില്‍ ബ്രാഹ്മണര്‍ക്കു അപ്രമാദിത്വം കല്‍പ്പിച്ച് അവര്‍ ഈശ്വരനെക്കാള്‍ മഹത്വമേറിയവരാണെന്നുള്ള ചിന്തയ്ക്കു വിരാമമിടുക.

7. സാമുഹികനീതി ജന്മാവകാശമാണെന്നും, മതത്തിന്റെയോ, ജാതിയുടെയോ, വര്‍ണത്തിന്റെയോ പേരില്‍ നിഷേധിക്കപ്പെട്ടാല്‍ അതിനെതിരെ ശബ്ദമുയര്‍ത്ത ണമെന്നും അണികളെ ഉദ്‌ബോധിപ്പിക്കുക.

8. ദലിതരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും അവരെ മുഖ്യധാരയില്‍ നിന്നു മാറ്റി നിര്‍ത്തുകയും ചെയ്യുന്ന വിശ്വാസപ്രാമാണങ്ങളെയും ചിന്താസരണികളെയും എതിര്‍ത്തു തോല്‍പ്പിക്കുക.

9. സോദ്ദേശപരമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള സ്മൃതികളും ശ്രൂതികളും കല്‍പിക്കുന്ന സവര്‍ണ അവര്‍ണ വ്യത്യാസങ്ങള്‍ക്ക് ഈശ്വരനുമുമ്പില്‍ പ്രാധാന്യമില്ലെന്നും ഈശ്വരനെ ദുഷ്‌വൃത്തികള്‍ക്കു പര്യായമാക്കുന്നത് മനുഷ്യരും മനുഷ്യദൈവങ്ങളുമാ ണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക.

സവര്‍ണ്ണ ബുദ്ധിയുടെ പുനാരാഗമനം-ദലിത് ശരീരത്തില്‍ 

ശ്രീ. കല്ലറ സുകുമാരന്‍ നടത്തിയ ഗുരുവായുര്‍ പദയാത്ര നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് മുമ്പോട്ടു പോയത്. ജാതി ഹിന്ദുക്കള്‍ പ്രത്യക്ഷത്തില്‍ പദയാത്രയെഅനുകുലിക്കുകയും പരോക്ഷമായി എതിര്‍ക്കുകയും ചെയ്തു. എതിര്‍പ്പുകളെ വെല്ലുവിളിയായി നെഞ്ചേറ്റി നടന്ന കല്ലറ സുകുമാരനെ ആശയപരമായി നേരിടാനും പദയാത്രികരുടെ ആത്മവീര്യം കെടുത്താനും ഒരു ദലിതനെത്തന്നെ കരുവാക്കി. ഹരിജന്‍ സമാജം പ്രസിഡന്റ് ശ്രീ.എം.കെ.കുഞ്ഞോല്‍ അങ്ങനെയാണ് കല്ലറയ്‌ക്കെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയത്.സവര്‍ണ്ണ ബുദ്ധിയെ ദലിത് ശരീരത്തില്‍ സന്നിവേശിപ്പിച്ച് പദയാത്രക്കു തടസ്സം സൃഷ്ടിക്കാമെന്ന മോഹം നടക്കില്ലെന്നു വന്നപ്പോള്‍ ചര്‍ച്ചയിലുടെ പിന്‍മാറണമെന്നാവശ്യപ്പെട്ടു. ലക്ഷ്യത്തിലെത്താതെ പിന്‍മാറില്ലെന്നു പ്രഖ്യാപിച്ച കല്ലറയുടെ മുമ്പില്‍ പരാജയപ്പെടാതിരിക്കാന്‍ കല്ലറ സുകുമാരന്‍ ഊട്ടുപുരയില്‍ കടക്കുന്നതിനുമുമ്പ് പത്തു ദലിതര്‍ക്കു ഊട്ടുപുരയില്‍ ചോറു കൊടുക്കണമെന്നും, അത് പത്രത്തില്‍ പരസ്യം ചെയ്യണമെന്നും മുന്ന് ദലിത് നേതാക്കള്‍ ദേവസ്വത്തിന് അപേക്ഷ സമര്‍പ്പിച്ചു. ജാതി ഹിന്ദുക്കളുടെ ബുദ്ധിക്കടിപ്പെട്ടുപോയ ദലിത് പ്രതിനിധികള്‍ വര്‍ത്തമാനകാല ത്തുമുണ്ടെന്നും അവര്‍ യഥാര്‍ത്ഥ ദലിത് സ്‌നേഹികളല്ലായെന്നു മനസ്സിലാക്കാന്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ മതിയാകും. സവര്‍ണ്ണ ബുദ്ധിയെ ഏതുരുപത്തിലും തിരിച്ചറിയാനുള്ള കല്ലറസുകുമാരന്റെ കഴിവ് ഇവിടെ പ്രത്യേകം സ്മരിക്കേണ്ടതാണ്.

നേട്ടങ്ങള്‍

വളരെയേറെ സാമുഹിക പ്രതിഫലനങ്ങളുണ്ടാക്കിയ സംഭവമായിരുന്നു ശ്രീ. കല്ലറ സുകുമാരന്റെ നേതൃത്വത്തില്‍ നടന്ന ഗുരുവായുര്‍ പദയാത്ര. ആരംഭത്തില്‍ പല കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും സാമുഹിക മന:സാക്ഷിയെ തനിക്കനുലമാക്കിയെടുക്കാന്‍ കല്ലറ സുകുമാരനു കഴിഞ്ഞതിന്റെ തെളിവാണ് വിവിധ സ്ഥലങ്ങളില്‍ അദ്ദേഹത്തിനു കിട്ടിയ സ്വീകരണങ്ങള്‍.

വര്‍ത്തമാനകാല ദലിത് സംഘടനകള്‍ പലതും പ്രത്യശാസ്ത്രാധിഷ്ഠിതമല്ല കേവലം ഒരു വികാരത്തില്‍ നിന്നുടലെടുക്കുന്ന ആള്‍കുട്ടങ്ങള്‍പ്പോലും ദലിത് പ്രസ്ഥാനങ്ങളായി രുപാന്തരം പ്രാപിക്കുന്ന സ്ഥിതിവിശേഷമാണിന്നുള്ളത് ഇത്തരം പ്രസ്ഥാനങ്ങള്‍ക്കു പലപ്പോഴും പ്രശ്‌നങ്ങളുടെ മര്‍മ്മത്തെ സ്പര്‍ശിക്കാനാവുന്നില്ല. ഉപരിപ്ലവമായി നടത്തുന്ന ഇത്തരം പരിപാടികള്‍ വിജയത്തിലെത്തുകയില്ല. മൗലികവും അടിസ്ഥാനപരവുമായആവശ്യങ്ങള്‍ക്ക് വിവിധ സംഘടനകളെ ഏകോപിപ്പിച്ച് പ്രശ്‌നപരിഹാരം കാണണമെന്ന് ഉദ്‌ബോധിപ്പിക്കുന്ന ഒന്നായിരുന്നു ഗുരുവായുര്‍ പദയാത്ര.

മനസ്സുകളെ പരിവര്‍ത്തനപ്പെടുത്തിയുള്ള മാറ്റങ്ങളേ മൗലികമാറ്റത്തിനു വഴിതെളിയിക്കുകയുള്ളു എന്ന സത്യം അനുഭവഭേദ്യമാക്കുകയായിരുന്നു ഗുരുവായുര്‍ പദയാത്രയിലുടെ ശ്രീ.സുകുമാരന്‍ ചെയ്തത്. സാമുഹിക മാറ്റത്തിന്റെ ചാലകശക്തിയായി ആശയങ്ങളുടെ രുപീകരണവും പ്രയോഗവല്‍ക്കരണവും യാഥാര്‍ത്ഥ്യമാക്കേണ്ടതുണ്ട്.

പൊതുസമുഹത്തേയും, രാഷ്ട്രീയ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങളേയും ബാധിച്ചിരിക്കുന്ന തിന്മയാണ് ജാതി. ജാതി പറഞ്ഞ് അവകാശങ്ങള്‍ നേടിയെടുക്കുന്ന സ്ഥിതിയിലേക്ക് സാമുദായിക പ്രസ്ഥാനങ്ങള്‍ നീങ്ങിത്തുടങ്ങി. ജാതിയെന്ന തിന്മയെ അതിന്റെ മുഴുവന്‍ ആഴത്തിലും വ്യാപ്തിയിലും മനസ്സിലാക്കാന്‍ സാധിക്കുന്നത് , അതു ഒരു വ്യക്തിയുടെ അല്ലെങ്കില്‍ അയാള്‍ ഉള്‍ക്കൊള്ളുന്ന സമുഹത്തിന്റെ അസ്ഥിത്വത്തെ എങ്ങനെ ബാധിക്കുന്നു എന്ന തിരിച്ചറിവിലുടെയാണ്.ഈശ്വര സന്നിധിയില്‍പ്പോലും ഈ തിന്മ പുര്‍വ്വാധികം ശക്തിയോടെ ആചരിക്കപ്പെടുന്നതു കണ്ട് എതിര്‍ത്ത മഹാമ നസ്‌ക്കന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്തതില്‍ ഉളള പ്രതിഷേധവും അതിലുടെ നേടിയ ജനകീയ പിന്തുണയുമാണ് ഗുരുവായുര്‍ പദയാത്രയിലെ മറ്റൊരു നേട്ടം.

വിപ്ലവകരമായ ഒരാശയത്തിനും സാമുഹിക നവീകരണത്തിനും സമാനചിന്താ ഗതിക്കാരായ പ്രസ്ഥാനങ്ങളെ കുട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞു. കര്‍മ്മ നിരതരായ യുവജനത കാലികമാറ്റത്തിന്റെ വക്താക്കളാകണമെന്നും സാമുഹിക തിന്മകളെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ സംഘശക്തി ആവശ്യമാണെന്നും ദലിത് പ്രവര്‍ത്ത കരെയും അനുഭാവികളെയും ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞു.

ആത്മീയ തലത്തിലും സാമുഹിക തലത്തിലും പുത്തന്‍ ചിന്താഗതിക്കു രുപം നല്‍കാന്‍ കഴിവുള്ള ഒരു സമരമുറയായിരുന്നു ഗുരുവായുര്‍ പദയാത്ര. ബ്രാഹ്മണര്‍ക്കു ഭക്ഷണം കൊടുത്താല്‍ കാര്യസാദ്ധ്യമുണ്ടാകുമെന്ന വിശ്വാസത്തെ തകിടം മറിക്കാന്‍ കഴിഞ്ഞു.

ഗുരുവായുര്‍ പദയാത്ര കേവലം ഒരുപിടിച്ചോറിനുവേണ്ടിയായിരുന്നില്ല.ജാതി വിവേചനത്തിനും അയിത്തത്തിനും കല്പിക്കുന്ന ദൈവിക പരിവേഷത്തിനെതിരെയുള്ള പ്രതിഷേധവും സാമുഹ്യപരിവര്‍ത്തനത്തിനും തുല്യനീതിക്കും വേണ്ടിയുള്ള പോരാട്ടമായിരുന്നു. ബഹുമാനപ്പെട്ട കോടതിപോലും കല്ലറ സുകുമാരന്റെ ആശയത്തെ അംഗീകരിച്ചതിന്റെ തെളിവാണ് 1984 ഡിസംബര്‍ 31-ന് ബ്രാഹ്മണസദ്യ നിറുത്തലാക്കണമെന്ന് വിധിച്ചത്. നൈയാമിക വിജയം നേടിയ സമസ്‌കാരസദ്യ നിരോധനം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു.

ഒളിഞ്ഞും തെളിഞ്ഞും നിലനില്‍ക്കുന്ന അയിത്താചരണത്തിനെതിരെ പ്രതികരിക്കാനും ദലിതരുടെ ആത്മാഭിമാനം വളര്‍ത്താനും പദയാത്രയിലൂടെ കഴിഞ്ഞു. ഓരോ വ്യക്തിയുടേയും അസ്തിത്വം അംഗീകരിച്ച് പരസ്പരസാഹോദര്യം പുലര്‍ത്താന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ നവോത്ഥാനത്തിന് അര്‍ത്ഥമുണ്ടാകു. ഹൈന്ദവരുടെ ഇടയില്‍ ഇനിയും നവോത്ഥാനപ്രക്രിയ നടത്തേണ്ട ആവശ്യകതയിലേക്ക് വിരല്‍ ചുണ്ടാന്‍ ഗുരുവായുര്‍ പദയാത്രക്കു കഴിഞ്ഞു.

വ്യക്തി സാക്ഷാത്കാരം സാമുഹിക വിപ്ലവത്തിന് അത്യന്താപേക്ഷിതമാണ്. സമുഹത്തില്‍ നിന്നും ജാതിയുടെയോ, മതത്തിന്റെയോ പേരില്‍ മാറ്റി നിര്‍ത്തപ്പെടു ന്നവര്‍ക്ക് വ്യക്തി സാക്ഷാത്കാരമുണ്ടാവുകയില്ല. അവര്‍ ഒറ്റപ്പെടുകയോ അന്തര്‍മുഖരാക്കപ്പെടുകയോ ചെയ്യപ്പെടും. ഇത്തരമവസരത്തില്‍ ആത്മാഭിമാന ബോധമുള്ളവരാക്കാനും ശക്തിയാര്‍ജ്ജിച്ച് പൊതുതിന്മക്കെതിരെ പോരാടി ഭാവിതലമുറക്കു അവസരസമത്വത്തിനു വഴിയൊരുക്കുവാനും പ്രേരിപ്പിക്കുന്നതായിരുന്നു കല്ലറ സുകുമാരന്റെ ഗുരുവായുര്‍ പദയാത്ര. കാലഘട്ടത്തിന്റെ പ്രതിസന്ധികളെ തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ അത് നമ്മളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

നിര്‍ജ്ജീവാവസ്ഥയില്‍ നില്‍ക്കുന്ന കടലാസു പ്രസ്ഥാനങ്ങളല്ല. നവീനാശയവും ദീര്‍ഘവീക്ഷണവും ശുഷ്‌കാന്തിയുമുള്ള ക്രിയാത്മക സമുഹത്തെ സൃഷ്ടിക്കാനാണ് നാം ശ്രമിക്കേണ്ടത്.

പ്രാദേശിക തലം വിട്ടു ദേശീയ തലത്തില്‍ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിച്ച സമരപരിപാടിയായിരുന്നു കല്ലറയുടെ നേതൃത്വത്തില്‍ നടന്ന ഗുരുവായുര്‍ പദയാത്ര. ആന്ധ്രായില്‍ നിന്നുള്ള പ്രജാബന്ധു പത്രത്തിന്റെ എഡിറ്റര്‍ എന്നതിലുരി 
15-02-83ല്‍ ഗാന്ധിജിക്കു ശേഷം ഭാരതം കണ്ട സാമുഹിക പരിഷ്‌കരണം എന്ന ഖ്യാതി സുകുമരാന്റെ പദയാത്രക്കു ദേശീയതലത്തില്‍ ലഭിച്ചതില്‍ ദലിതരായ നമുക്കും അഭിമാനിക്കാം.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ