"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, നവംബർ 2, വ്യാഴാഴ്‌ച

കവിത: തിരികെ വരുക - പി.എം. പൊന്നപ്പന്‍


നീരുറവകള്‍ തേടി ശൂന്യതയിലുടെ -മെയ്
വാടി മനം തളരാതെ പോകുന്ന കൂട്ടരെ
തിരികെ വരിക നിങ്ങളീ മണ്ണിന്റെ മാറില്‍
പാദം ഉറപ്പിച്ച് താളം ചവുട്ടാന്‍
ദാഹം വിതയ്ക്കുന്ന താപങ്ങള്‍ നീക്കാന്‍
ദാഹം ശമിക്കാന്‍ നീരുറവ തേടാന്‍
ഒരുപോലെ ഒരുപോലെ താളം ചവുട്ടാന്‍
ഒരു ദാഹ ശമനത്തിനങ്കം കുറിക്കാന്‍
കണ്ണീര്‍ ഊറിതീര്‍ന്നൊരു മെയ്യില്‍
തീക്കനല്‍ എങ്ങാനും പാറിത്തെറിച്ചാല്‍
അഗ്നിശമനത്തിനില്ലില്ലയിവിടെ ക്ഷോണി
നീര്‍ ഒട്ടും കത്തി കരിഞ്ഞിടും ഇന്നെന്റെ നാട്
കാടത്തം മുടി ചൂടി വാഴുന്ന ഈ നാട്ടില്‍
നീതിക്കുവേണ്ടി പായുന്നു കോടികള്‍
ഓടിക്കിതച്ചൊന്ന് ദാഹം ശമിക്കാന്‍
അഗ്നിനീര്‍ കോരി കൊടുക്കുന്നു അസ്‌നേഹിതര്‍
ചോരന്‍ സ്‌നേഹിതന്‍ മതത്തിന്‍ കാര്യസ്ഥര്‍
ചൂഷണം തുടരുന്നു ധരിത്രിയിലെവിടെയും
ആര്യഭാരതവേദാന്തമടിയേറ്റു
ചിതറിത്തെറിച്ച ആദിമ ജനതതി (തിരികെ വരിക....)
ഒരുപാട് ഒരുപാട് കാലങ്ങളിവിടെ
കഷ്ടങ്ങള്‍ നഷ്ടങ്ങള്‍ എല്ലാം സഹിച്ച്
തലമൂത്ത തലമുറയുടെ അവസാനനാളും
വന്നിതാ നില്‍ക്കുന്ന വര്‍ത്തമാനത്തില്‍
എല്ലാം മറക്കാം എങ്കിലും പറയാതെ വയ്യ
നിങ്ങള്‍ തൊടുത്ത വിഷാസത്രമുനയാല്‍
എത്രയോ പിതൃത്വം വാടിക്കരിഞ്ഞുപോയി
എത്രയോ ജീവിതം വികലമായ് കഴിയുന്നു. ഇന്നും
മുത്തശ്ശിയമ്മയുടെ പുന്നാരക്കഥയല്ല
പരമശുബീജം സൃഷ്ടാവ് രാമന്റെ കഥയല്ല
ഇല്ലാത്ത കഥയില്ല ഒട്ടുമേ വായ്‌മൊഴി
പച്ചമനുഷ്യന്റെ നീറുന്ന കഥയാണ് കേള്‍ക്കുവിന്‍
പണ്ട് പണ്ടൊരുനാള്‍ ഇവിടെ നിങ്ങളുടെ
പെണ്ണിനെ വേളികഴിക്കുവാന്‍, പള്ളി
യുറങ്ങുവാന്‍.മാളിക തീര്‍ക്കുവാന്‍, ഞങ്ങളെ
നിങ്ങള്‍ വിലപേശി വാങ്ങിയും വിറ്റും കാശാക്കിയില്ലേ
പുഞ്ചവയലിന്റെ പുഴയോരവക്കത്ത് 
കാവലായ് നീളുന്ന വരമ്പിന്നുദരത്തില്‍
ഞങ്ങളുടെ എത്ര തലമുറയെ നിങ്ങള്‍
ദിവംഗതനാകുംമുമ്പേ ആടല്‍ ച്ചെളിയില്‍ മൂടിയിട്ടില്ലേ
ചോരക്കുരുന്നിനെ വരമ്പില്‍ കിടത്തി
ദിനകരകോപം ഓലക്കിടുങ്ങിനാല്‍ മറച്ച്
പകലിനുമുമ്പേ പായുന്ന അമ്മമാര്‍
അന്തിക്കു കുഞ്ഞിനു പാലു കൊടുക്കുവാന്‍
ഇല്ലില്ല മുലയൂട്ടുവാന്‍ കാരണം പശിതിന്നു
ആ പൈതല്‍ തേങ്ങിക്കരഞ്ഞു മയങ്ങിക്കിടന്നു.
തക്കം കളയാതെ കൂനനുറുമ്പിന്‍ കൂട്ടം
കായം പൊതിഞ്ഞു ജീവന്‍ മറഞ്ഞു
അമ്മതന്‍ കണ്ണിര് വീണ് കുതിര്‍ന്ന വയലിന്റെ
വിരിമാറില്‍ ചാലുകള്‍ കീറവെ.
നൊമ്പരം കൊണ്ടു നെഞ്ചോടമര്‍ത്തി
ചേതനയറ്റ തന്‍ പൈതലിന്‍ ദേഹം.
ശിലപോലും കരളലിയിച്ചിരുന്ന കദന
കഥയുള്ള ഇന്ത്യയുടെ മക്കള്‍
ഞങ്ങളീ മണ്ണിന് അലങ്കാര ശില്പികള്‍
ഞങ്ങള്‍ കദനകഥയുളള ഇന്ത്യയുടെ മക്കള്‍
നാടിന്‍ കീര്‍ത്തിയുയര്‍ത്തിക്കാട്ടാന്‍
സാക്ഷരയജ്ഞം നടത്തി പ്രമാണിമാര്‍
കാട്ടിലും നാട്ടിലും യജ്ഞം നടത്തി-
നാടിന്‍ അഭിമാനം കാത്തുവോ? നിങ്ങള്‍
യജ്ഞപ്പേരില്‍ ആതുരസേവകര്‍ കാടിനുള്ളില്‍-
പ്പാഞ്ഞു നടന്നു കാമാജ്ഞത്തിന്‍ വീറുകള്‍ കാട്ടി
കാടിനോമന കന്നിപ്പെണ്ണിന്‍ മാനം കവര്‍ന്നില്ലേ?
കന്നിമാനം തകര്‍ത്തില്ലേ?
പോരുക പോരുക സഹജരെ കൂട്ടരെ 
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് രണ്ടാം
സ്വാതന്ത്ര്യപ്പിറവിക്ക് ദീപം കൊളുത്താം
ഒരൊറ്റ ജനതയായി നാട് നിറയാം.
അഗ്നി വൃക്ഷത്തിന്‍ വളമായ് ഒടുങ്ങട്ടെ
നാശം വിതച്ചു നാം നന്മകള്‍ കൊയ്യാം
പുതിയൊരുനാടും മനുഷ്യരും നാമ്പെടുക്കട്ടെ
ഉയരട്ടെ വാനില്‍ നവയുഗ സ്‌നേഹപക്ഷികള്‍.........
(തിരികെ വരിക....)അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ