"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, നവംബർ 2, വ്യാഴാഴ്‌ച

വസന്തത്തിന്റെ ഇടിമുഴക്കം സ്വപ്‌നംകണ്ട രണ്ട് ധ്രുവനക്ഷത്രങ്ങള്‍ - വി.സി. സുനില്‍


കേരളത്തില്‍ ഒരു സമൂഹത്തിന്റെ ജീവിതസ്പന്ദനങ്ങളെ നെരിപ്പോടായി ഹൃദയത്തില്‍ കൊണ്ടുനടന്ന് മണ്‍മറഞ്ഞ മഹാന്മാരായ വ്യക്തികളില്‍ അഗ്രഗണ്യരാണ് ശ്രീ. കല്ലറ സുകുമാരനും ശ്രീ. പോള്‍ ചിറക്കരോടും. സ്വാതന്ത്ര്യാനന്തര കേരള സമൂഹത്തില്‍ നേതൃത്വപാടവം കൊണ്ടും, പ്രഭാഷണ കലകൊണ്ടും, അക്ഷരങ്ങളിലൂടെ വിമോചനത്തിന്റെ പുതിയ സ്വപ്നങ്ങള്‍ വിതറിയും ദലിത സമൂഹത്തിന്റെ അടിസ്ഥാനപരമായ മുന്നോട്ട് പോകലിന് ദിശാസൂചകമായ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തിയ അസാമാന്യ പ്രതീകങ്ങളായിരുന്നു ഇരുവരും. സാമൂഹ്യ-സാംസ്‌കാരിക രാഷ്ട്രീയ ഘടനകളിലെ സമസ്തമണ്ഡലങ്ങളിലും തികഞ്ഞ ഔചിത്യബോധത്തോടെയും, വിശാല കാഴ്ചപ്പാടോടെയും കര്‍മ്മനിരതമായ ഒരു ജീവിതമാണ് കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ഇവര്‍ സമ്മാനിച്ചത്. ഏതെങ്കിലും പൊതുരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍പ്രവര്‍ത്തിക്കു ന്നതെങ്കില്‍ ഇടതു-വലതു മുന്നണികള്‍ക്ക് ഇവര്‍ തങ്ങളുടെ പ്രാഗല്ഭ്യം വിറ്റിരുന്നെങ്കില്‍ കേരളസമൂഹപൊതുമണ്ഡലത്തില്‍ തന്നെ ഈ ധ്രുവ നക്ഷത്രങ്ങള്‍ ഉയരങ്ങള്‍ കീഴടക്കുമായിരുന്നു. ക്ഷോഭത്തിന്റേയും ജീവിതപാതകളിലൂടെ നടന്നുനീങ്ങിയ ഈ സ്മരണിക കേരളസമൂഹത്തില്‍ എന്നും ഈടുറ്റ ഒരു അവസ്മരണീയതയുടെ നൈര്‍മല്യം വിതറുന്ന ഒന്നായിമാറും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

ദലിത് സാഹിത്യത്തിനും, ദലിത് രാഷ്ട്രീയത്തിനും ഇവര്‍ നല്കിയ സംഭാവനകളാണ് കേരളത്തില്‍ ഇത്തരമൊരു വേര്‍ത്തിരിക്കപ്പെട്ട ജനതയുടെ പൊതുമണ്ഡലത്തിന് ഭാവനാപൂര്‍ണ്ണമായ കര്‍മ്മകാണ്ഡം ഒരുക്കിയത്. 

അസാമാന്യമായ നേതൃത്വപാടവത്തിലൂടെമഹാത്മാ അയ്യന്‍കാളിക്കുശേഷം ദലിത സമൂഹത്തിന്റെ ജീവിതസ്പന്ദനങ്ങളെ തൊട്ടറിഞ്ഞ് പ്രവര്‍ത്തിച്ച ശ്രീ. കല്ലറ സുകുമാരന്റെ മരണത്തിനുശേഷം 2 വര്‍ഷം കഴിഞ്ഞാണ് ഈ ലേഖകന്‍ ദലിത് സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ വൃത്തത്തിലേക്ക് കടന്നുവന്നത്. തന്മൂലം ശ്രീ. കല്ലറ സുകുമാരന്‍ എന്ന വലിയ മനുഷ്യനെ നേരിട്ടറിയാനോ പരിചയപ്പെടുവാനോ കഴിഞ്ഞിട്ടില്ല. എന്നാല്‍ എഴുത്തിന്റെയും അറിവിന്റെയും മഹാസാഗരമായിരുന്ന ശ്രീ. പോള്‍ ചിറക്കരോടുമായി ഹൃദയംഗമായ ഒരു ആത്മബന്ധം ഈ ലേഖകനുണ്ടായിരുന്നു എന്നത് ഈ അവസരത്തില്‍ സ്മരിക്കുകയാണ്. 

'ദലിത് സമൂഹം അനാഥമാണ്' എന്ന പേരില്‍ ഈ ലേഖകന്‍ എഡിറ്ററായുള്ള സൈദ്ധവ മൊഴിയില്‍ നിരാശാജനകമായ ഒരു വാര്‍ദ്ധക്യ മനസ്സില്‍ നിന്ന് ശ്രീ. പോള്‍ ചിറക്കരോട് ഒരു ലേഖനം എഴുതുകയുണ്ടായി. അന്ന് അദ്ദേഹത്തോട് ഈ ലേഖകന്‍ ഒരു ചോദ്യം ഉന്നയിച്ചു. 21-ാംനൂറ്റാണ്ടിലും നാം അനാഥമാണ് എന്ന് വിലപിക്കുന്നത് എന്താണ്? കല്ലറ സുകുമാരനും, പോള്‍ ചിറക്കരോടും അടങ്ങുന്ന കേരള സമൂഹത്തിലെ വിപുലമായ ധീഷണാശാലികളായ നേതാക്കന്മാര്‍ക്ക് നമ്മുടെ സമൂഹത്തെ സനാഥമാക്കുവാന്‍ എന്തുകൊണ്ട് വ്യക്തമായ പദ്ധതികള്‍ യോജിക്കാന്‍ കഴിഞ്ഞില്ല. ഈ സമയത്തുതന്നെയാണ് ശ്രീ. കെ.എം. സലീം കുമാറിന്റെ നേതൃത്വത്തില്‍ 'ദലിത് സമുദായികമായി ഏകീകരിക്കുക' എന്ന ഉജ്ജ്വല മുദ്രാവാക്യത്തിലൂടെ വ്യക്തമായ നിലപാടുകള്‍ക്കനുസൃതമായി മദ്ധ്യകേരളത്തില്‍ പ്രവര്‍ത്തനം നടത്തി വരുന്നത് എന്ന് സ്മരിക്കപ്പെടേണ്ടതാണ്. വളരെ ഉജ്ജ്വലമായ പ്രവര്‍ത്തനമാണ് ശ്രീ. കെ.എം. സലീം കുമാറിന്റെ നേതൃത്വത്തില്‍ 'ദലിത് ഐക്യസമിതി' നടത്തിവന്നിരുന്നത് എന്നുള്ളത്‌സ്മരണീയകാര്യമാണ്. എന്നാല്‍ കെ.എം. സലീം കുമാര്‍ ദലിത് ഐക്യസമിതിയില്‍ നിന്ന് ഭിന്നിച്ച് കേരളാ ദലിത് മഹാസഭയുണ്ടാക്കിയത്. അതോടൊപ്പം പ്രവര്‍ത്തിച്ചവരും തികഞ്ഞ അബദ്ധമായിരുന്നു കാണിച്ചത് എന്നും ഈ ലേഖകന് അഭിപ്രായമുണ്ട്. പോള്‍ ചിറക്കരോട് 'ദലിത് സമൂഹം' അനാഥമാണ് എന്ന കുറിപ്പ് എഴുതിയ ഘട്ടത്തില്‍ തന്നെയാണ്. സി.കെ. ജാനു, എം. ഗീതാനന്ദന്‍, സണ്ണി എം. കപിക്കാട് അടങ്ങിയ നേതൃത്വങ്ങള്‍ ദലിത്-ആദിവാസി സമരസമിതിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനം നടത്തിവരുന്നതും എന്നും സ്മരണീയമാണ്. അടിസ്ഥാനപരമായി ഇവര്‍ക്കൊക്കെ യോജിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെങ്കിലും ദലിത് രാഷ്ട്രീയത്തിന്റെ ശക്തമായ അടിത്തറ കേരളത്തില്‍ സ്ഥാപിച്ചെടുക്കാന്‍ കഴിയുമായിരുന്നില്ലേ. സമയവും അവസരങ്ങ ളുമെല്ലാം നഷ്ടപ്പെടുത്തിയിട്ട് പരസ്പരം ഒഴിവുകഴിവ് പറയുക പരമ്പരാഗത ദലിത് നേതൃത്വങ്ങളുടെ ദര്‍ശനമില്ലായ്മയാണ് നിരുത്തരവാദപരമായ സമീപനമാണ്. ഇതു തന്നെയാണ് വാര്‍ദ്ധക്യ കാലത്ത് ജീവിത സായാഹ്നത്തിലും കല്ലറ സുകുമാരനും പോള്‍ ചിറക്കരോട് കാണിച്ചത് എന്ന് വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്. 

കാരണം ഇന്ത്യയില്‍ 70, 80 കാലഘട്ടങ്ങളില്‍ അടിത്തറയിട്ട ദലിത് പ്രസ്ഥാന ങ്ങളെല്ലാം ശക്തമായി മുന്നേറിയപ്പോള്‍ കേരളത്തില സ്ഥിതി തികച്ചും വിഭിന്നവു മായിരുന്നു. കെ.എച്ച്.എഫ്., കെ.എസ്.എസ്.എ., ഐ.ഡി.എഫ്., സീഡിയന്‍, ഡി.സി.യു.എഫ്. തുടങ്ങിയ പ്രസ്ഥാനങ്ങളും ബി.സി.സി.എഫ്., ഡി.എ.സി.എഫ്. തുടങ്ങിയ സംഘടനകളും സജീവമായി നട്ടെല്ല് പ്രദര്‍ശിപ്പിച്ചിരുന്നെങ്കില്‍ കേരളത്തിലെ ദലിത് സമൂഹം അനാഥമാവുകയില്ലായിരുന്നു. അത്രയ്ക്ക് ശേഷിയുള്ള പ്രബലമായ ഒരു നേതൃത്വനിര കേരളത്തിലുണ്ടായിരുന്നു എന്നത് വസ്തുതയാണ്. 

കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും കേരളത്തില്‍ കാണിച്ച ഒരു ചരിത്രപരമായ മണ്ടത്തരമാണ് ബി.എസ്.പി.യെ ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചത്. ഐ.എല്‍.പി.-യെ ബി.എസ്.പി.-യില്‍ ലയിപ്പിച്ച രാഷ്ട്രീയ നിലപാട് ശുദ്ധ അബദ്ധമായിരുന്നു എന്നു തന്നെയാണ് ഈ ലേഖകന്റെ അഭിപ്രായം. കേരളത്തിലെ ദലിതരുടെ 20 വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്താനാണ് ബി.എസ്.പി. എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് കേരളത്തില്‍ കഴിഞ്ഞത്. രാഷ്ട്രീയാവബോധമുള്ള ദലിത്പ്രസ്ഥാ നമായ ഐ.ഡി.എഫിന്റെ തകര്‍ച്ചയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. 

ബി.എസ്.പി.യെ നാം വിലയിരുത്തേണ്ടത് ഒരു ദേശീയ പ്രസ്ഥാനമായാണ്. അംബേദ്ക്കറുടെ ആദര്‍ശത്തില്‍ അടിയുറച്ച പ്രസ്ഥാനമാണ് ബി.എസ്.പി. എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ദലിതരുടെ വിമോചനം രാഷ്ട്രീയാധികാരം മാത്രമാണ് എന്ന അംബേദ്ക്കറുടെ കാഴ്ചപ്പാട് മൗഢ്യമാണ്. ദലിത് സാമൂഹ്യ വിമോചനത്തിന്റെ സുപ്രധാന ചുവട് വെയ്പ് മാത്രമാണ് രാഷ്ട്രീയാധികാരം. ഡോ.അംബേദ്ക്കറുടെ ''പ്രബുദ്ധ ഭാരത്'' എന്ന ആശയം മഹനീയവുമാണ്. പ്രബുദ്ധമായ ഒരു ഇന്ത്യന്‍ സമൂഹത്തെ കെട്ടിപ്പടുക്കാനാണ് അംബേദക്കര്‍ ആശിച്ചത്. അതിന്റെ പ്രതിഫലനമാണ് ക്ഷേമ രാഷ്ട്രസങ്കല്പത്തിലും, സമത്വത്തിലും സഹോദര്യത്തിലും സ്വാതന്ത്യത്തിലൂന്നിയ അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും ഭരണഘടനയും ബി.എസ്.പി.യെ ദേശവ്യാപകമായി വളര്‍ത്തിയെടുക്കാന്‍ മായാവതി ശ്രമിക്കേണ്ടതാണ്. അതിനിണങ്ങുന്ന പ്രചാരകരെ വേണം. സംസ്ഥാന തലങ്ങളില്‍ പ്രചരിപ്പിക്കേണ്ടത്. ബി.ജെ.പി. എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അടിത്തറ സംഘപരിവാരമാണ്. ആര്‍.എസ്.എസ്. എന്ന ഹൈന്ദവ ആദര്‍ശ സംഘടനയാണ് അവരുടെ ബലം. ഇത്തരത്തിലുള്ള ഒരു ആദര്‍ശ അടിത്തറയുള്ള സംഘത്തെ ''സര്‍ത്ഥവാഹകസംഘത്തെ'' രൂപപ്പെടുത്താന്‍ ഡോ.അംബേദ്ക്കര്‍ക്ക് കഴിഞ്ഞില്ല. കാന്‍ഷിറാമിനായില്ല, മായാവതിക്കായില്ല എന്നതാണ് ദേശീയ പ്രസ്ഥാനമെന്ന നിലയില്‍ ദലിത് വിമോചന ധാരയുണ്ടാക്കാന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിലെ അദ്വതീയരായ ദലിത് നേതൃത്വങ്ങളായ കല്ലറ സുകുമാരനെയും പോള്‍ ചിറക്കരോടിനെയും സ്മരിക്കുന്ന ഈ അവസരത്തില്‍ ''ഒരു പ്രബുദ്ധ ഭാരതത്തെ കെട്ടിപ്പടുക്കുവാന്‍ ശേഷിയുള്ള ഒരു സാര്‍ത്ഥ വാഹക സംഘത്തെ ആദര്‍ശാടിസ്ഥാ നത്തില്‍ രൂപപ്പെടുത്തി ആദിമ ജനസമൂഹങ്ങളുടെ ആത്മാഭിമാന ഉയര്‍ത്തെഴുന്നേല്പ് സാക്ഷാത്ക്കരിക്കുന്നതിന് നമുക്ക് കൂട്ടമായി യത്‌നിക്കാം.''അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ