"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, നവംബർ 8, ബുധനാഴ്‌ച

ശ്രീബുദ്ധന്‍ - പി കെ കുമാരന്‍
* സ്വയം രക്ഷകനാവുക
* യുക്തിയില്‍ അഭയം തേടുക
* സത്യത്തില്‍ ശരണം പ്രാപിക്കുക


1956 ഒക്‌ടോബര്‍ 14-ന് ലക്ഷകണക്കായ അനുയായികളുമായി ബുദ്ധമതം സ്വീകരിച്ചപ്പോള്‍ ഡോ.ബി.ആര്‍.അംബേ്ദകര്‍ ചരിത്രപരമായ തന്റെ ദൗത്യം നിര്‍വഹിക്കുകയായിരുന്നു. രണ്ടു കടമകളുടെ പൂര്‍ത്തീകരണമായിരുന്നു അത്. വൈദിക സംസ്‌കാരത്തിന്റെ ഭികരമായ അടിമത്തത്തില്‍ നിന്നും മനുഷ്യത്വത്തിന്റേയും, മുല്യാധിഷ്ഠിത ജനാധിപത്യത്തിന്റേയും ധര്‍മ്മപഥത്തിലേക്ക് ഇന്ത്യയെ കൈപിടിച്ച് ഉയര്‍ത്തുക എന്നതായിരുന്നു ഒന്നാമത്തേതെങ്കില്‍, ആയിരത്തി ഇരുനുറലധികം വര്‍ഷങ്ങള്‍ക്കുമുമ്പ് നാടുകടത്തപ്പെട്ട ഇന്ത്യയുടെ മഹാനായ പുത്രനെ-ഏഷ്യയുടെ വെളിച്ചമായ ഭഗവാന്‍ ശ്രീബുദ്ധനെ-സ്വന്തം മണ്ണിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന മഹത്തായ സംരംഭത്തിന്റെ പ്രോത്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മറ്റൊന്ന്. 

ലോകചരിത്രത്തില്‍ സമാനതയില്ലാത്ത പീഢാനുഭവങ്ങളുടെ സാഗരമായിരുന്നു ഇന്ത്യ. അതു സ്വന്തം ജീവിതത്തില്‍ തൊട്ടറിഞ്ഞ വക്തിയാണു ഡോ. ബി. ആര്‍. അംബേദ്കര്‍. എന്നാല്‍ തനിക്ക് നേരിടേണ്ടി വന്ന പീഢനങ്ങള്‍ ഒറ്റപ്പെട്ടതോ തനിക്ക് മാത്രം അനുഭവിക്കേണ്ടി വന്നിട്ടുള്ളതോ അല്ലെന്നു അദ്ദേഹം മനസ്സിലാക്കി. തൊട്ടുകൂടാ ത്തവരെന്നും തീണ്ടികൂടാത്തവരെന്നും കല്പിച്ചുമാറ്റി നിര്‍ത്തപ്പെട്ട ഓരോ വ്യക്തികളും അനുഭവിക്കുന്ന അവമാനീയമായ അവസ്ഥയാണിതെന്നു തിരിച്ചറിഞ്ഞു. സാമുഹ്യമായി സമസ്ത മണ്ഡലങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ഒരു സമുഹത്തെ അദ്ദേഹം കണ്ടു. അവര്‍ക്ക് ആഹാരമില്ലായിരുന്നു. തലചായ്ക്കാന്‍ ഇടമില്ലായിരുന്നു. മതിയായ വസ്തുവുമില്ലായിരുന്നു. എല്ലാവിധ ചൂഷണങ്ങള്‍ക്കും വിധേയമായിരുന്നു ഇവര്‍. അന്ത:സ്സായി ജീവിക്കാന്‍ പോലും സാധിക്കാത്ത പട്ടിണിപ്പാവങ്ങളായിരുന്നു. അദ്ദേഹത്തിന്റെ അനുഭവങ്ങളാകട്ടെ ദാരിദ്ര്യത്തിന്റേയും കഷ്ടപ്പാടുകളുടേയും, നിരന്തരമായ അവഗണനയുടെയുമായിരുന്നു. ഇതെല്ലാം വിധിയായി കരുതി ശാപവാക്കുകള്‍ ഉരുവിട്ടു സമാധാനിക്കുന്ന ജനകോടികളുടെ കണ്ണുതുറപ്പിക്കാനുള്ള ദൗത്യനിര്‍വ്വഹണം കുടിയായിരുന്നു ബുദ്ധമത സ്വീകരണം. അതിലുടെ ഇന്ത്യന്‍ ചരിത്ര യാഥാര്‍ത്ഥ്യത്തെ പൊളിച്ചെഴുതുക കുടിയാണ് അദ്ദേഹം ചെയ്തത്. 

ഒരു പ്രത്യേകവിഭാഗം ജനത എല്ലാവിധ ചുഷണങ്ങള്‍ക്കും എന്തുകൊണ്ട് വിധേയമാകുന്നു എന്ന് അദ്ദേഹം ചെറുപ്രായത്തില്‍ തന്നെ ചിന്തിച്ചിരുന്നു. അതിനുത്തരം കണ്ടെത്താന്‍ വളരെയധികം കഷ്ടപ്പെടേണ്ടി വന്നു. ഈ അനീതിക്കും അസമത്വത്തിനും ഏകകാരണം ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഹിന്ദുമതമാണ് എന്നദ്ദേഹം തിരിച്ചറിഞ്ഞു. 

ഹിന്ദു മതം എന്നത് ഒരു മതം എന്ന പേരില്‍ വിളിക്കപ്പെടാന്‍ തന്നെ അര്‍ഹമല്ല. മറിച്ച് അത് അസമത്വങ്ങളെ സൃഷ്ടിക്കുന്ന അനീതി നിറഞ്ഞ സമുഹവ്യവസ്ഥ യാണ്.ഈ വ്യവസ്ഥ ഒരു വിഭാഗം ജനതയെ മാനസികമായി വികസിക്കുവാന്‍ അനുവദിക്കുന്നില്ല. അധ:സ്ഥിതാവസ്ഥയില്‍ ബഹുഭുരിപക്ഷത്തെ അടക്കിനിര്‍ത്തു കയും അവരുടെ അത്യുത്സാഹത്തെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അധ:സ്ഥിതരായ ഈ ജനത ഹിന്ദുമതത്തില്‍ തുടരുന്നിടത്തോളം കാലം അവര്‍ക്ക് യാതൊരുവിധ ഉയര്‍ച്ചയോ അന്തസ്സോ ഉണ്ടായിരിക്കുകയില്ലായെന്ന് അദ്ദേഹം മനസ്സിലാക്കി. അദ്ദേഹം പറയുന്നു; ഹിന്ദുമതവും അതിന്റെ സാമുഹ്യക്രമവും നമ്മെ നശിപ്പിച്ചിരിക്കുന്നു. എന്നാല്‍ ഇവിടെകൊണ്ടവസാനിക്കുന്നില്ല. ഇത് ഹിന്ദുമതത്തേയും കുടാതെ ഇന്ത്യയെത്തന്നെയും നശിപ്പിക്കും. അതുകൊണ്ട് ഹിന്ദുമതത്തില്‍ തുടരുകയില്ലാ എന്ന് അദ്ദേഹം തീരുമാനിച്ചു. ഹിന്ദുവായി ജനിക്കേണ്ടി വന്നെങ്കിലും ഒരു ഹിന്ദുവായി മരിക്കുകയില്ലായെന്ന് അദ്ദേഹം ശപഥം ചെയ്തു. ഈ ശപഥമെടുത്തതുമുതല്‍ മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കുന്നത് ഏതു മതമാണെന്ന് അന്വേഷിച്ചു തുടങ്ങി.

അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ അറിഞ്ഞു മുസ്ലീം, ക്രിസ്ത്യന്‍, സിക്ക് പ്രമാണികര്‍ അവരുടെ മതങ്ങളിലേക്ക് സ്വാഗതം ചെയ്യുകയുണ്ടായി. അദ്ദേഹത്തെ സംബന്ധി ച്ചിടത്തോളം മതമെന്നത് മനുഷ്യന്റെ ചിന്താശക്തിയെ നശിപ്പിക്കുന്ന കറുപ്പായി ത്തിരുന്നതോ പരാന്നഭോജിയോ, ആയിരിക്കരുത്. അദ്ദേഹം അഭിപ്രായപ്പെടുന്നത് മനുഷ്യന്‍ അന്നം കൊണ്ടു ജീവിക്കുന്ന ഒരു ഭൗതികജീവി മാത്രമല്ല. അവന്റെ ചിന്തകളെ വിശപ്പിനെകുടി തൃപ്തിപ്പെടുത്തുന്ന ആഹാരവും അത്യാവശ്യമാണ്. മതം മനുഷ്യന് പ്രതീക്ഷകളെ സമ്മാനിക്കുന്നതും, കര്‍മ്മോത്സുകമാകുന്നതുമാകണം.

ധാര്‍മ്മിക പ്രചോദിതവും സമുഹത്തെ മൊത്തമായി നിയന്ത്രിക്കാന്‍ കഴിവുള്ള ആദര്‍ശങ്ങള്‍ നിറഞ്ഞവയുമാകണം. മതം അത് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, എന്നീ അടിസ്ഥാന ജനാധിപത്യമുല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവയുമാകണം. ഏറ്റവും പ്രധാനപ്പെട്ട സംഗതി ഇതു മനുഷ്യന്റെ മാനസികവും ഭൗതികവുമായ മുല്യങ്ങളേയും അന്തസ്സിനേയും (ആത്മാഭിമാനം) സമ്പന്നമാക്കുന്നതാകണം. ഈ വസ്തുതകളെ സമ്പന്നമാക്കുന്ന മതം ബുദ്ധമതമാണ് എന്നദ്ദേഹം വിലയിരുത്തി. അതുപോലെ തന്നെ ഉന്മുലനത്തിന്റേതായ വഴികളെ നിരാകരിച്ചുകൊണ്ട് സമാധാനത്തിന്റെ നേര്‍രേഖയിലുടെ സഞ്ചരിക്കുന്ന ആശയങ്ങളാണ് പീഡിത ജനതയ്ക്കാവശ്യം. ദു:ഖാര്‍ത്തരായ മനുഷ്യര്‍ക്ക് കരുണയും അനുകമ്പയും അത്യാവശ്യമാണ്. ഇതെല്ലാം ബുദ്ധമതത്തില്‍ അദ്ദേഹത്തിനു കണ്ടെത്താന്‍ കഴിഞ്ഞു. ശത്രുവിനെപ്പോലും സ്‌നേഹം കൊണ്ടു കിഴ്‌പ്പെടുത്തണം എന്ന ആശയമാണല്ലോ ബുദ്ധമതത്തിനുള്ളത്. തികച്ചും മനുഷ്യസ്‌നേഹിയായ ഡോ.ബി.ആര്‍. അംബേദ്കറെ ഇതെല്ലാം ആഴത്തില്‍ സ്പര്‍ശിച്ചു. 

ബുദ്ധമത ഗ്രന്ഥങ്ങളിലൂടെയുള്ള പരന്നവായനയിലൂടെ വിവിധ പണ്ഡിതന്മാരുമായുള്ള ചര്‍ച്ചകളിലുടേയും അതു വിപുലീകരിക്കപ്പെട്ടു. ഇറ്റാലിയന്‍ ബുദ്ധിസ്റ്റായിരുന്ന മെന്‍ലോക്‌നാഥുമായി ചര്‍ച്ച ചെയ്യാനും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാനും അവസരം ഉണ്ടായത് അദ്ദേഹത്തില്‍ കുടുതല്‍ സ്വാധീനം ചെലുത്തി. കുടാതെ ബുദ്ധമതപണ്ഡിതരായ രാഹുല്‍ സാം കൃത്യായന്‍, ജഗദീഷ് കശ്യപ്, ആര്യ വത്സ മുതലായവരും മറ്റ് ബുദ്ധ സന്യാസികളുമായുണ്ടായ നിരന്തര സമ്പര്‍ക്ക ത്തിലുടേയും തന്റെ അറിവ് വര്‍ദ്ധിപ്പിച്ചു. ഈയൊരു നിരന്തര അന്വേഷണത്തിന്റെ പരിണാമമായിരുന്നു ബുദ്ധമത സ്വീകരണം

ബുദ്ധമതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍

ഒരു പക്ഷേ തന്റെ ജന്മം തന്നെ ബുദ്ധമതത്തെ ഇന്ത്യയില്‍ വീണ്ടെടുക്കുവാന്‍ നിയോഗിക്കപ്പെട്ട ഒരു കര്‍മ്മയോഗിയുടെതെന്നു വിലയിരുത്തപ്പെടാവുന്ന തരത്തില്‍ യഥാര്‍ത്ഥ ബുദ്ധധര്‍മ്മത്തെ അദ്ദേഹം ലോകത്തിനുമുമ്പില്‍ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ഇത് കേവലം ഒരു മതമല്ല. അതുസാമുഹിക സിദ്ധാന്തമാണ്. ബുദ്ധന്റെ സിദ്ധാന്തങ്ങള്‍ തികച്ചും പ്രായോഗികവും മനുഷ്യത്വപരവും അനുഭവഭേദ്യവും യുക്തി ഭദ്രവുമാണ്. ഇത് അഹിംസാ സിദ്ധാന്തം മാത്രമല്ല, ബുദ്ധമതം പഠിപ്പിക്കുന്നത്, സാമുഹ്യസ്വാതന്ത്ര്യം, ബൗദ്ധിക സ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, രാഷ്ട്രീയ സ്വാതന്ത്ര്യം ഇവയാണ്. ബുദ്ധമതം ആധുനികമാണ്. അദ്ദേഹം സാമുഹ്യജീവിതത്തെയാണ് പ്രതിപാദിക്കുന്നത്. മരണാന്തര ജീവിതത്തേയല്ല, മറിച്ചു ഭുമിയിലുള്ള ഈ ജീവിതത്തെ ധന്യമാക്കാനാണ് ബുദ്ധന്‍ പഠിപ്പിക്കുന്നത്. മാനവദു:ഖത്തിന്റേയും കഷ്ടപ്പാടുകളുടേയും ഉറവിടം അന്വേഷിക്കുന്ന ബുദ്ധമതം, ദൈവിക പരികല്പനകളില്‍ മനുഷ്യനെ തളച്ചിടുന്നില്ല. ബുദ്ധന്‍ ആത്മാവിലോ, സ്വര്‍ഗത്തിലോ പുനര്‍ജന്മത്തിലോ വിശ്വസിക്കുന്നില്ല. ആധുനിക ശാസ്ത്രം പ്രതിപാദിക്കുന്നതുപോലെ മാറ്റത്തിനുവിധേയമാകാത്തതായി ഒന്നുമില്ലായെന്നു ബുദ്ധന്‍ കണ്ടെത്തുന്നുണ്ട്. 

ബുദ്ധന്‍ ഉപദേശിക്കുന്ന കര്‍മ്മസിദ്ധാന്തം ഹിന്ദു മതത്തിന്റേതല്ല. ബുദ്ധന്റെ അംഹിസാ സിദ്ധാന്തം ഒന്നിനേയും കൊല്ലരുത് എന്നതല്ല.ഒരു ഭരണക്രമത്തിന്റെ സമ്പുര്‍ണ്ണമാര്‍ഗ്ഗമല്ല അഹിംസ മറിച്ച് അതൊരു ആദര്‍ശമായി ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയണം. ആധുനികമായ സാമുഹ്യവ്യവസ്ഥിതികളുമായി ബുദ്ധമതത്തെ ചേര്‍ത്തുവായിക്കാന്‍ അംബേദ്കര്‍ ശ്രമിക്കുന്നുണ്ട്. അതായത് ബുദ്ധന്‍ പറയുന്ന ദു:ഖം എന്നത് ഇന്നത്തെ ദാരിദ്ര്യം, അടിമത്വം, അസമത്വം, ചുഷണം എന്നീ പദങ്ങള്‍ക്ക് തുല്യമാണ്. ഇത്തരം കഷ്ടപ്പാടുകളില്‍ നിന്നുമുള്ള മോചനമാണ് നിര്‍വ്വാണം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അതുപോലെ തന്നെ ഉയര്‍ന്നവരെന്നോ താഴ്ന്നവരെന്നോ ഉള്ള ഭേദചിന്തയോ വര്‍ണ്ണവിവേചനമോ ബുദ്ധമതത്തിലില്ല. വിശ്വസാഹോദര്യത്തിന്റേയും, സമത്വത്തിന്റേയും ആദര്‍ശങ്ങളാണ് ഇവിടെ. ഭൂമിയില്‍ മനുഷ്യന്റെ അസ്തിത്വത്തെ അംഗീകരിക്കുകയും അമാനുഷികതയെ നിരാകരിക്കുകയും ചെയ്യുന്നു. എല്ലാ മനുഷ്യരേയും അത്യന്തികമായി സര്‍വ്വവിധമായ അസമത്വത്തില്‍ നിന്നുമുള്ള മോചനവും, സമാധാനവും, ഐശ്വര്യവും നേടുകയെ ന്നതാണ് എന്ന് പ്രഖ്യാപിക്കുന്നു. നിര്‍വ്വാണം പ്രാപിക്കുകയെന്നത് ഇവയൊക്കെയാണ്. ഒരു വ്യക്തിയെ നിര്‍ണ്ണയിക്കുന്നത് ജന്മത്തെയല്ല, മറിച്ച് കര്‍മ്മത്തെ അടിസ്ഥാന മാക്കിയാകണം. ബുദ്ധമതത്തില്‍ വിവേചനരഹിതമായി എല്ലാവര്‍ക്കുമായി അതിന്റെ വാതായനം തുറന്നിടണം. കടലില്‍ ചെന്നുചേരുന്നതോടെ വിവിധ നദികളുടെ അസ്തിത്വം ഇല്ലാതാകുന്നതുപോലെ ബുദ്ധമതത്തിലെത്തിച്ചേരുന്ന മനുഷ്യര്‍ അവരുടെ വ്യതിരിക്തതയും ഉച്ചനീചത്വവും ഇല്ലാതായി ഒന്നായിത്തീരുന്നു.

ജീവിക്കുന്നു എങ്കില്‍ ആത്മാഭിമാനത്തോടെ ജീവിക്കുക

മനുഷ്യ ജീവിതം നിരന്തരമായ സമരമാണ്. ആത്മാഭിമാനത്തോടെ ജീവിക്കുക എന്നതാണ് അതിന്റെ ആത്യന്തിക ലക്ഷ്യം. അംബേദ്കറുടെ വാക്കുകളില്‍ പറഞ്ഞാല്‍, മനുഷ്യനെ സംബന്ധിച്ചിടത്തോളം സമരം ചെയ്യുക എന്നത് അഭിമാനകരമായ ജീവിതം നയിക്കാനുള്ള അവന്റെ ജന്മാവകാശമാണ്. ഈ ലക്ഷ്യം നേടുന്നതിന് നാം സര്‍വ്വാത്മനാ ആത്മത്യാഗം ചെയ്യുവാന്‍ തയ്യാറാവുക. മാനുഷികമായ അന്തസ്സ് നേടാനുള്ള സമരം ചെയ്യുകയാണു നാം ചെയ്യുന്നത്. കഴിവതും സമ്പുര്‍ണ്ണവും സംതൃപ്തവുമായ നമ്മുടെ ജീവിതാവസ്ഥക്കായി ഉള്ളതാണ്. ഈ സമരം. നമ്മുടെ മനസ്സിനെ വിദ്യാഭ്യാസം ചെയ്യിക്കാനും പുരോഗമിപ്പിക്കുവാനുമുള്ള സമരം തുടങ്ങിക്കഴിഞ്ഞു. (ബുദ്ധമത സ്വീകരണത്തോടനുബന്ധിച്ചുള്ള പ്രസംഗം). ഈയൊരു ലക്ഷ്യം ബുദ്ധമതം വിഭാവനം ചെയ്യുന്നുണ്ടു എന്ന് അംബേദ്കര്‍ ഉറപ്പിക്കുന്നു. ഒരുവനാവശ്യം ആത്മവിശ്വാസം, ധൈര്യം, അഭിവ്യദ്ധിപ്പെടാനുള്ള ഇച്ഛാശക്തി എന്നിവ ആവശ്യമാണ്. ഈ വസ്തുതകള്‍ പ്രദാനം ചെയ്യുന്ന സമഗ്രമായ മതമാണ് ബുദ്ധമതം. അത് മാനവികമാണ്.

ശ്രീബുദ്ധന്‍ ജനാധിപത്യത്തിന്റെ പ്രകാശഗോപുരം

ആധുനിക ജനാധിപത്യ ചിന്തകളുടെ പ്രകാശം ബുദ്ധനില്‍ നിന്നും ഉത്ഭവിക്കുന്നു എന്നു പറഞ്ഞാല്‍ അതിശയിക്കേണ്ടതില്ല. അനവധി ലോകചിന്തകന്മാരേയും രാഷ്ട്രീയ ആശയഗതികളേയും പരിചയപ്പെട്ടിട്ടുള്ള ഡോ.അംബേദ്കര്‍ ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തിലേക്കും, സാമുഹ്യമണ്ഡലത്തിലേക്കും ബുദ്ധമതത്തെ പരിചയപ്പെടു ത്തുവാന്‍ വളരെ സാഹസികമായി ഉദ്യമിക്കുന്നു. കാരണം, ബുദ്ധമതത്തിന്റെ ആശയം പ്രായോഗികമായി നിലകൊള്ളുന്നത് ഒരുവന്റെ രാഷ്ട്രീയസാമുഹിക സാമ്പത്തിക സ്വാതന്ത്ര്യത്തെ അടിസ്ഥാനപ്പെടുത്തിയാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ജനാധിപത്യ ചിന്തയുടെ പ്രവാചകനായിരുന്നു അംബേദ്കര്‍. മാനവികതയുടെ ഈയൊരു സമഗ്രത ബുദ്ധനില്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. ബുദ്ധമതം സ്ത്രീസ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നു. ഇത് തികച്ചും മറ്റൊരു സവിശേഷതയാണ്. പുരുഷന്മാരോടൊപ്പം സ്തീകള്‍ക്ക് തുല്യത പ്രഖ്യാപിക്കുന്നു. മറ്റിതരമതത്തിലില്ലാത്ത അതിമഹത്തായ പദവിയാണ് ഇവിടെ സ്ത്രീകള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നത്. അംബേദ്കറെ സംബന്ധിച്ചിടത്തോളം സ്വര്‍ഗ്ഗരാജ്യലബ്ധിക്കുള്ള വഴിയല്ല മതം. മറിച്ച് ഒരു സമുഹത്തെ അഥവാ ഒരു ജനതയെ കുട്ടായും ധാര്‍മ്മിക പ്രചോദിതമായ സാഹോദര്യത്തിന്റേയും, സ്വാതന്ത്യത്തിന്റേയും, സമത്വത്തിന്റേയും നവലോകം സൃഷ്ടിക്കുന്ന ജനാധിപത്യമാതൃകയാണ്. അദ്ദേഹത്തിന്റെ വിശ്വാസത്തില്‍ ഈയൊരു നവലോകസൃഷ്ടിക്ക് പ്രത്യേകിച്ച് ആത്മീയ ഭീകരത നടമാടുന്ന മതാത്മകഭിന്നിപ്പിന്റേയും അസമത്വത്തിന്റേയും തത്വശാസ്ത്രം വിളംബരം ചെയ്യുന്ന ഇന്ത്യന്‍ സാമുഹ്യവ്യവസ്ഥയില്‍ ബുദ്ധമതം ഒരു രക്ഷാമാര്‍ഗ്ഗമാണ്. അതുകൊണ്ടു തന്നെ ജീര്‍ണ്ണമായ ഒരു സാമൂഹ്യപശ്ചാത്തലത്തിന്റെ ഇരയാക്കപ്പെട്ട ഡോ. അംബേദ്കര്‍ തന്റെ ബുദ്ധമത സ്വീകരണത്തെക്കുറിച്ച് 1956-മെയില്‍ ബ്രീട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനുള്ള റേഡിയോ പ്രഭാഷണത്തില്‍ ഇങ്ങനെ പറഞ്ഞു. മറ്റൊരു മതവും നല്‍കാത്ത മുന്നു തത്വങ്ങള്‍ ഒരുമിച്ചു പ്രദാനം ചെയ്യുന്നു എന്നതുകൊണ്ടാണ് ഞാന്‍ ബുദ്ധമതം കുടുതല്‍ ഇഷ്ടപ്പെടുന്നത്. ബുദ്ധമതം പ്രജ്ഞ (അന്ധവിശ്വാസത്തിനും പ്രകൃത്യാധീത ശക്തികള്‍ക്കും എതിരായ അവബോധം) കരുണ (സ്‌നേഹം), സമത (സമത്വം) എന്നിവ പഠിപ്പിക്കുന്നു. നന്മ നിറഞ്ഞതും സന്തുഷ്ടവുമായ ജീവിതം നയിക്കുന്നതിന് മനുഷ്യനിതാണാവശ്യം, ഈശ്വരനോ ആത്മാവിനോ സമുഹത്തെ രക്ഷിക്കാനാവില്ല. (ഡോ: അംബേദ്കര്‍ ജീവിതവും ദര്‍ശനവും - പേജ് 531. അഡ്വ. പി.കെ.രാജന്‍ (വിവ:) ഈയൊരു കണ്ടെത്തല്‍ അദ്ദേഹത്തെ ബുദ്ധമത്തതില്‍ കൊണ്ടെത്തിച്ചു എന്നത് സ്വാഭാവികം മാത്രം. കൂടാതെ ഇന്ത്യന്‍ ജനാധിപത്യ വിപ്ലവത്തിന് തന്റെ മഹത്തായ ദൗത്യനിര്‍വ്വഹണവും, ലോക സമാധാനത്തിനുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപിതമായ സന്ദേശവും ആയിരുന്നു ബുദ്ധമത സ്വീകരണം. 

പി കെ കുമാരന്‍ 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ