"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, നവംബർ 7, ചൊവ്വാഴ്ച

ചാരുനിവേദിത: പോള്‍ ചിറക്കരോട് അനുസ്മരണപ്രഭാഷണം - സന്തോഷ് ഒ.കെ., ബിനോയ് എം.എ.


ഡോ. പോള്‍ ചിറക്കരോട് പ്രതിഭാശാലിയായ ഒരു എഴുത്തുകാരന്‍ മാത്രമായിരു ന്നില്ല.രാഷ്ട്രീയ പ്രവര്‍ത്തകനും സാമുഹ്യ ചിന്തകനുമായിരുന്നു. അറുപതോളം വരുന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ ബാഹുല്യം മലയാള സാഹിത്യ ചരിത്രത്തില്‍ അടയാളപ്പെടാനുള്ള യോഗ്യതയായില്ലെങ്കിലും, ദലിത് സാഹിത്യ ചരിത്രം അന്വേഷിക്കുന്ന ഏതൊരാള്‍ക്കും അവഗണിക്കാനാവാത്ത പുസ്തകമായിരുന്നു 1995 ല്‍ അദ്ദേഹം എബ്രാഹം അയിരുകുഴിയോടൊപ്പം എഡിറ്റ് ചെയ്ത ദലിത് സാഹിത്യം ഒരു പഠനം.

തമിഴ് എഴുത്തുകാരനും മലയാളിവായനക്കാരന് ഏറെ പരിചിതനുമായ ചാരുനിവേദിത ഡോ. പോള്‍ ചിറക്കരോട് അനുസ്മരണ പ്രഭാഷണത്തില്‍ സുചിപ്പിച്ചത്, ആധുനിക സാങ്കേതിക വിദ്യയുടെ വികാസത്തിന് അനുസ്യതമായി വളരാന്‍ കഴിയാത്ത കഴിഞ്ഞ തലമുറയിലെ എഴുത്തുകാരെക്കുറിച്ചാണ്.ആഗോളമായി വികസിച്ച വായനക്കാ രുമായുള്ള സംവാദമുഖങ്ങളാണ് ഇന്ന് നിലനില്‍ക്കുന്നത്.സമകാലിക മാധ്യമവ്യവസ്ഥ ചിട്ടപ്പെടുത്തിയ അറിവും വിവരവും പുതിയ എഴുത്തുകാരെ വളരെയധികം സഹായിക്കുന്നുണ്ട്. പോള്‍ ചിറക്കരോടിനെ അറിയാത്ത മലയാളിക്ക് ചാരുനിവേദിത സുപരിതിനാണ്. മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട രണ്ട് കൃതികളിലുടെ (സീറോ ഡിഗ്രി (2001), തപ്പുതാളങ്ങള്‍ 2006) മാത്രമല്ല ഈ പരിചയം.കേരളത്തില്‍ ഇന്ന് നടക്കുന്ന ഒട്ടുമിക്ക ജനകീയ പ്രക്ഷോഭങ്ങളിലും സാംസ്‌ക്കാരിക കൂട്ടായ്മകളിലും നാം അദ്ദേഹത്തെ കണ്ടുമുട്ടുന്നു. ആക്ടിവിസ്റ്റായ എഴുത്തുകാരനായി, അതോ എഴുത്തുകാരനായ ആക്ടിവിസ്റ്റായോ? പ്ലാച്ചിമട, ചെങ്ങറ, മുല്ലപ്പെരിയാര്‍ തുടങ്ങി പ്രാഥമിക വിഭവങ്ങള്‍ക്കായുള്ള എല്ലാസമരങ്ങളിലും സാന്നിധ്യമാണ് അദ്ദേഹം.

സാഹിത്യം, സംസ്‌ക്കാരം എന്നിവയുടെ ദേശാന്തര വ്യാപനങ്ങള്‍ക്ക് പിന്നില്‍ ആധുനിക മാധ്യമ വ്യവസ്ഥ നിര്‍മ്മിച്ച സാധ്യതകള്‍ക്കുകൂടി പങ്കുണ്ട്, വിവര്‍ത്തനം മാത്രമല്ല ഇവിടെ വിവക്ഷ. ലോകത്തിലെ അറിവടയാളങ്ങള്‍ക്കായി പരതുന്ന വിരലുകളും കണ്ണുകളും നിരാശപ്പെടാന്‍ പാടില്ല. പുതിയകാലത്തിന്റെ മാപിനിക ളാണ് അവ. അതുകൊണ്ട് ഈ വിനിമയ വ്യവസ്ഥയില്‍ ഇടം കണ്ടെത്തുന്നവര്‍ കൂടി സൃഷ്ടിക്കുന്ന ചരിത്രമായിരിക്കും ഔദ്യോഗികമായി നാളെ അംഗികരിക്കപ്പെടുക. മലയാള സാഹിത്യത്തിന്റെ ചരിത്രത്തില്‍ നിന്ന് ബഹിഷ്‌കൃതരായവരെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍, പഴയകാലം സെര്‍ച്ച് ചെയ്യുമ്പോള്‍ ഈ യാഥാര്‍ത്ഥ്യം കുടി പരിഗണിക്കേണ്ടിവരുമെന്ന അഭിപ്രായക്കരാനാണ് ചാരുനിവേദിത. ഇതില്‍ നിന്നും ഒട്ടും ഭിന്നമല്ല തമിഴിലെ ദലിതവസ്ഥയും. എന്നാല്‍ സാമുഹിക വികാസത്തിന്റെ നിര്‍ണായകത്വത്തെക്കുറിച്ച് ബോധ്യമുള്ള പുതുതലമുറ വളര്‍ന്നുവരുന്നത് ആശാ വഹമാണ്. എഴുത്തും രാഷ്ട്രീയവും സിനിമയുമെല്ലാം കുടിച്ചേര്‍ന്ന പങ്കുവെയ്ക്കലില്‍ ചാരുനിവേദിത തുറന്നുപറയുന്നു.

താങ്കളുടെ സീറോ ഡിഗ്രിയില്‍ നിന്നു തന്നെ നമുക്ക് തുടങ്ങാം. എഴുത്തിന്റെ സ്വാതന്ത്ര്യവും സ്വയംഭരണവും ഉച്ചത്തില്‍ പ്രഖ്യാപിക്കുന്ന നോവലെന്നാണ് സക്കറിയ ഇതിനെ വിലയിരുത്തിയത്. സാമാന്യജനത്തിന്റെ (പണ്ഡിതരുടേയും) സദാചാര ബോധത്തെ പരുക്കേല്‍പ്പിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടതില്‍ പുതുമ സൃഷ്ടിക്കുന്ന ആഖ്യാനത്തില്‍ പോലും പരമ്പരാഗത രീതികള്‍ തകിടം മറിയുന്നു. തമിഴില്‍ ഈ നോവല്‍ സ്വീകരിക്കുപ്പെട്ടത് ഏതുവിധത്തിലാണ്?

തമിഴില്‍ പ്രധാനമായും രണ്ടുതരം ഏഴുത്ത് നിലനില്‍ക്കുന്നുണ്ട്. മുഖ്യധാരയും അല്ലാത്തവയും. അതില്‍ മുഖ്യധാരാ എഴുത്തുകാര്‍ പരിപൂര്‍ണ്ണമായി എന്റെ നോവ ലിനെ തള്ളിക്കളഞ്ഞു. അവര്‍ പറഞ്ഞത് ഇതൊരു രണ്ടാംതരം നോവലാണെന്നാണ്. ഉദാഹരണത്തിന് അശോകമിത്രന്റെ നിലപാട്. സാഹിത്യത്തില്‍ അദ്ദേഹം എന്റെ ഗുരുസ്ഥാനീയനാണ്, എന്നാല്‍ പൂര്‍ണ്ണമായും ഈ നോവലിനെ തള്ളികളഞ്ഞു അദ്ദേഹം. സുജാതയെപ്പോലുള്ള എഴുത്തുകാരും സ്വീകരിച്ച സമീപനം വ്യത്യ സ്തമായിരുന്നില്ല. ഇതിനെ അഭിനന്ദിച്ച് ഒരു റിവ്യുപോലും ഒറ്റയാളും എഴുതിയില്ല. എന്നാല്‍ തമിഴ്‌നാട്ടിലെ സാമാന്യജനം ഇതിനെ ഗംഭീരമായി സ്വീകരിച്ചു. അവര്‍ക്ക് സാഹിത്യം എന്തെന്ന് അറിയില്ലായിരിക്കാം. പക്ഷേ അവരാണ് ഈ നോവലിനെ പരിപൂര്‍ണ്ണമായി ഏറ്റെടുത്തത്.

മുഖ്യധാരാ എഴുത്തുകാര്‍ പ്രധാനമായും ചുണ്ടികാണിച്ചത് ഇതില്‍ ലൈംഗീകതയുടെ അതിപ്രസരമുണ്ടെന്നാണ്. എന്നാല്‍ പൊതുസമുഹം. സാമാന്യജനം ഇതിനെ സ്വീകരിക്കുകയും ചെയ്തു. എഴുത്തുകാരെല്ലാം തന്നെ യാഥാസ്ഥിതികരാണെന്നാണ് ഇത് കാണിക്കുന്നത്. എന്നാല്‍ പൊതുജനം അങ്ങനെയല്ല. കണ്‍സര്‍വേറ്റീവ് എന്നത് അല്പം ഭംഗിയുള്ള വാക്കാണ് പത്താം ബസിലി എന്ന് ഞാനതിനെ വിളിക്കും. അത് തമിഴില്‍ പറഞ്ഞാലേ ശരിയാകൂ. തമിഴ് എഴുത്താളുകള് പത്താംബസിലി. അവര്‍ മാത്രമാണ് എന്നേയും എന്റെ നോവലിനെ പറ്റിയും ഇത്രയും മോശമായി സംസാരിച്ചത്.അവര്‍ സുന്ദരരാമസ്വാമിയെ തങ്ങളുടെ മാസ്റ്ററായി കാണുന്നു. എന്നാല്‍ സുന്ദര രാമസ്വാമിയെ ആക്രമിച്ചുകൊണ്ടാണ് ഞാന്‍ എഴുതി തുടങ്ങിയതു തന്നെ. സാധാരണക്കാരനായ ഒരു വായനക്കാരന്‍ പോലും എന്നോട് മോശമായി സംസാരിച്ചിട്ടില്ല.

* സാംസ്‌കാരികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുമ്പോഴും ഇടതുപക്ഷത്തോട്, വിശേഷിച്ച് കമ്മ്യുണിസ്റ്റ്പാര്‍ട്ടിയോട് എനിക്ക് വിയോജിപ്പുണ്ട്. ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും സംഭവിക്കുന്ന അപചയം അതിനുമുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസി നെപ്പോലെയും ഡി.എം.കെ.പ്പോലെയുമുള്ള മറ്റൊരു പാര്‍ട്ടി മാത്രമാണത്. ദലിതരുടേയും ആദിവാസികളുടേയും യഥാര്‍ത്ഥ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ അത് പരാജയപ്പെട്ടു. ചെങ്ങറ സമരംപോലെയുള്ള പ്രക്ഷോഭങ്ങളെ അടുത്തറി ഞ്ഞപ്പോള്‍ എന്റെ വിയോജിപ്പിന്റെ ശക്തികൂടുകയാണുണ്ടായത്. ഹാരിസ ണെപ്പോലുള്ള ബഹുരാഷ്ട്ര കുത്തകകളെയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക്, സാധാരണ ജനങ്ങളെക്കാള്‍ ഇഷ്ടം. പശ്ചിമബംഗാളിലും ഇതു തന്നെയാണവസ്ഥ. മറ്റൊരു കാര്യം, ജാതിസംഘര്‍ഷങ്ങളെ പരിഗണിക്കാതെയുള്ള മാര്‍ക്‌സിസത്തിന്റെ ഇന്ത്യയിലെ പ്രത്യയശാസ്ത്രപരമായ നിലപാടാണ്. ഒരുപാടുപേര്‍ ചുണ്ടിക്കാണിച്ചിട്ടുള്ളതാണല്ലോ അക്കാര്യം.

? ജാതി വിവേചനത്തിന്റെ പ്രത്യക്ഷരൂപങ്ങള്‍ നിരവധി വാര്‍ത്തകളിലുടെ വന്നുകൊണ്ടിരിക്കുന്നു. വിശേഷിച്ചും തമിഴ് നാട്ടില്‍ നിന്നും.
* ജാതീയമായ അടിച്ചമര്‍ത്തലുകള്‍ വളരെ തീവ്രമായി ഇപ്പോഴും നിലനില്‍ക്കു ന്നുണ്ട്.അതില്‍ വളരെ കുറച്ചു കാര്യങ്ങളെ പുറം ലോകമറിയുന്നുള്ളൂ എന്നതാണ് സത്യം. കൊലപാതകങ്ങള്‍,പോലീസിന്റെ അതിക്രമങ്ങള്‍ എല്ലാം സാധാരണക്കാര്‍ക്ക് മേലെയാണ് നടപ്പാക്കികൊണ്ടിരിക്കുന്നത്. ഇപ്പോഴും എന്താണ് ഗ്രാമങ്ങളില്‍ നടക്കുന്നത് എന്ന് പുര്‍ണ്ണമായി നമുക്കറിയാന്‍ കഴിയില്ല. ഗ്രാമങ്ങളില്‍ നിന്ന് വ്യത്യസ്തമായി, നഗരങ്ങളില്‍ ജാതി പതുക്കെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

ലോകത്തെല്ലായിടത്തും ആരാണ് എഴുത്തുകാരെന്നും പൈങ്കിളി എഴുത്തുകാരെന്നുമുള്ള തരം തിരിവ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ തമിഴ് നാട്ടില്‍ പൈങ്കിളി എഴുത്തുകാരന്‍ യഥാര്‍ത്ഥഎഴുത്തുകാരന്റെ ഒപ്പമാണ്. ആളുകള്‍ക്ക് ഇവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയത്തില്ല. അതുകൊണ്ടാണ് ടി.വി. സിരിയല്‍ എഴുത്തുകാരന്‍ പോലും തമിഴ് നാട്ടില്‍ പരിഗണിക്കപ്പെടുന്നത്. അങ്ങനെ നോക്കിയാല്‍ കരുണാനിധിയും ഒരെഴുത്തുകാരനാണ്. സാധാരണ ജനം കരുണാനിധിയെ ഒരെഴുത്തുകാരനായി കാണുന്നു. അതിനാല്‍ അദ്ദേഹത്തെ പൈങ്കിളി എന്ന് വിളിക്കാന്‍ പാടില്ല. എഴുത്തു കാരെ തന്നെ നമുക്ക് മൂന്നായി തിരിക്കാവുന്നതാണ്. ഒന്ന് പൈങ്കിളി എഴുത്തുകാര്‍, രണ്ട് ഗൗരവമായ എഴുത്തുകാര്‍, മുന്നാമത്തേത് ഇതിനിടയില്‍ നില്‍ക്കുന്നവരാണ്. അവര്‍ റൊമാന്റിക്കായി എഴുതുന്നു. അതായത് പുലവ എഴുത്ത്. പുലവര്‍ എന്നാല്‍ പണ്ഡിതരെ ന്നാണ് തമിഴിലര്‍ത്ഥം. അവര്‍ക്ക് സംഘകൃതികളും തിരുക്കുറളും ചിലപ്പതികാരവും അറിയാം. പുലവര്‍ സ്റ്റൈലിലാണ് അവരെഴുതുന്നതും.

? എഴുത്ത് വിട്ട് നമുക്ക് ചരിത്രത്തിലേക്ക് വരാം. ദ്രാവിഡ പ്രസ്ഥാനങ്ങളെ പറ്റി ദലിത് പക്ഷത്തു നിന്നും പുതിയ വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. പിന്നോക്ക വിഭാഗങ്ങളില്‍ തന്നെ ദലിതരെ പുറന്തള്ളുന്ന പ്രവണത സജീവമായിരുന്നെന്നും അയോതിദോസി നെപ്പോലുള്ളവര്‍ സാംസ്‌കാരിക നവോത്ഥാനധാരയ്ക്ക് പുറത്തായിരുന്നു. ദ്രാവിഡ പ്രസ്ഥാനത്തിന്റെ അസ്തിത്വമെന്നുമാണ് വിമര്‍ശനം.

*പെരിയോര്‍ യഥാര്‍ത്ഥ ചിന്തകനായിരുന്നു. അദ്ദേഹം ദലിതരെക്കുറിച്ച്, അവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ചു. ദലിതര്‍ ഒരിക്കലും പ്രക്ഷോഭങ്ങളുടെ ഇരകളാകരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാവാം അദ്ദേഹത്തിന്റെ മൂവ്‌മെന്റ് ഒരു നോണ്‍ വയലന്റ്പ്രസ്ഥാനമായി മാറിയത്. പുരോഗതി, മുന്നേറ്റം ദലിതരില്‍ നിന്ന് അകലെയായിരിക്കാം അത് പതുക്കെയായി രിക്കാം അവരിലെത്തുക. എങ്കിലും ദുരിതങ്ങളനുഭവിച്ച ഇവര്‍ ഇനിയും സഹിക്കാന്‍ ഇടവരരുത് എന്ന ചിന്തയിലായിരുന്നു അദ്ദേഹം. 

പെരിയോര്‍ ഒരു ഒ.ബി.സി.ആയിരുന്നുകൊണ്ടുതന്നെ സംസാരിച്ചത് ദലിതര്‍ക്കു വേണ്ടിയായിരുന്നു. മുഴുവന്‍ അടിമത്തത്തിനും അടിച്ചമര്‍ത്തലിനുമെതിരെയുള്ള നിലപാടായിരുന്നു. അദ്ദേഹത്തിന്റേത്. സാമുഹികമായ തുല്യതയായിരുന്നു ലക്ഷ്യം. എന്നാല്‍ പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ പ്രസ്ഥാനം ചരിത്രപരമായിത്തന്നെ തകര്‍ച്ചയിലേക്ക് നീങ്ങി. ഡി.എം.കെ. പോലൊരു പ്രസ്ഥാനമായി മാറുന്നതു തന്നെ അതിന്റെ തകര്‍ച്ചയില്‍ നിന്നാണ്. പെരിയോര്‍ ഒരിക്കലും ഇലക്ഷനില്‍ നേരിട്ട് മല്‍സരിക്കുന്നതിനെ പറ്റി സംസാരിച്ചിരുന്നതേയില്ല. അദ്ദേഹത്തിന്റേത് ഒരു സാമുഹ്യ നവോത്ഥാന പ്രസ്ഥാനമായിരുന്നു. എന്നാല്‍ കരുണാനിധിയെയും അണ്ണാദുരയേയും പോലുള്ള നേതാക്കള്‍ക്ക് രാഷ്ട്രീയ അധികാരത്തില്‍ പ്രവേശിക്കേ ണ്ടതുണ്ടായിരുന്നു. അവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. പെരിയോറെയും അദ്ദേഹത്തിന്റെ തത്വങ്ങളേയും അവര്‍ കൈയൊഴിഞ്ഞു. അദ്ദേഹത്തിന്റെ രണ്ടാം വിവാഹത്തെപ്പറ്റി പറഞ്ഞ് അവര്‍ കാരണമുണ്ടാക്കി. പിളര്‍പ്പുണ്ടായത് മറ്റെന്തിനോ വേണ്ടിയായിരുന്നു. പെരിയോറിന്റെ എല്ലാ ആശയങ്ങളും അവര്‍ കുപ്പത്തൊട്ടിയു ലെറിഞ്ഞു. അദ്ദേഹം എന്തുപറഞ്ഞുവോ അതിനെതിരായിട്ടാണ് ഡി.എം.കെ.യുടെ എല്ലാ പ്രവര്‍ത്തനങ്ങളുമെന്ന് കാണാം. സണ്‍ ടി.വി., കലൈഞ്ജര്‍ റ്റി.വി എന്നി വയിലൂടെ സാംസ്‌കാരിക അധ:പതനത്തിന് ആക്കംകുട്ടുകയാണവര്‍. സമുഹത്തെ ദുഷിപ്പിക്കുകയാണവര്‍ ചെയ്യുന്നത്.ഈ മാറ്റങ്ങള്‍ ആരും തന്നെ ശ്രദ്ധിക്കുന്നേയില്ല.

അയോതി ദോസിനെപ്പറ്റി പറഞ്ഞാല്‍: അദ്ദേഹത്തിന്റെ ചിന്തകളെല്ലാം മതപരമായ കാര്യങ്ങളാണ്. ദലിത് ശങ്കരാചാര്യരെയാണ് അത് വായിക്കുമ്പോള്‍ എനിക്ക് കാണാന്‍ കഴിയുന്നത്. പെരിയോറെപ്പോലെ ഒരിക്കലും ഒരു നവോത്ഥാനത്തിന് അദ്ദേഹം ശ്രമിച്ചില്ല. പെരിയോര്‍ ഒരു ദലിതനല്ല: എന്നാല്‍ അയോതിദോസ് ഒരു ദലിതനാ ണുതാനും. പെരിയോറുടെ പ്രസ്ഥാനം ദലിതരെക്കുറിച്ച് വലിയ സ്വപ്നങ്ങള്‍ കണ്ടിരുന്നു എന്നതാണ് സത്യം. നക്‌സലൈറ്റുകള്‍ ഒരു സായുധ വിപ്ലവം സ്വപ്‌നം കാണുന്നതു പോലെ. എന്നാല്‍ ജനങ്ങള്‍ പെരിയോറിനെ മറന്നു. അവര്‍ പോയത് ജയലളിത യുടേയും വിജയയുടേയും വിജയകാന്തിന്റേയും പുറകെയാണ്. നമ്മള്‍ ഒരു സായുധവിപ്ലവത്തെക്കുറിച്ച് സംസാരിച്ചാല്‍പത്തുപേര്‍ കുടെ കാണും. വിപ്ലവത്തിനു വേണ്ടി മരിക്കാന്‍ തയ്യാറാകണം എന്നു പറഞ്ഞാല്‍ ആരും വരില്ല.

തമിഴ് സമുഹത്തില്‍ ജാതീയ മേല്‍ക്കോയ്മ വളരെയധികം കുടുതലാണ്. സിനിമയില്‍ യഥാര്‍ത്ഥ വസ്തുതകള്‍ അവതരിപ്പിക്കാന്‍ ഈ മേല്‍ക്കോയ്മ സമ്മതിക്കില്ല എന്നു തന്നെ ഞാന്‍ ഭയപ്പെടുന്നു. ഉദാഹരണത്തിന് സെന്തോട്ടി വയലന്‍സിനെക്കുറിച്ച് സിനിമയെടുക്കാന്‍ നമ്മുക്ക് കഴിയുമോ? അതുപോലൊരു ചെറിയ ഗ്രാമത്തില്‍ യുവാക്കളായ രണ്ടു ദലിതരാണ് ജാതി ഹിന്ദുക്കളുടെ ആക്രമണത്തില്‍ മരിച്ചത്. അവിടുത്തെ അമ്മന്‍കോവിലിലെ ഉല്‍സവത്തില്‍ പങ്കെടുക്കുന്നതിന് ദലിതര്‍ക്ക് അവകാശമില്ല. ഇതാണ് യഥാര്‍ത്ഥ തമിഴ് ഗ്രാമങ്ങളുടെ അവസ്ഥ. വാസ്തവത്തില്‍ തമിഴ് സിനിമ അഭിമുഖീകരിക്കേണ്ടതും ഈ യാഥാര്‍ത്ഥങ്ങളെയാണെന്ന് ഞാന്‍ കരുതുന്നു.

ഇന്ത്യക്ക് അഭിമാനിക്കാന്‍ ഒറ്റക്കാര്യമേയുളളൂ. അതാണ് ആത്മീയത. പാശ്ചാത്യര്‍ക്ക് പണ്ടേ അത് നഷ്ട്ടപ്പെട്ടിരുന്നുവല്ലോ. ആത്മീയശൂന്യതയിലാണ് പാശ്ചാത്യര്‍. ഇവിടെയാണ് ഇന്ത്യയുടെ പ്രാധാന്യം. അതുവന്നുനില്‍ക്കുന്നത് യോഗ പാരമ്പര്യ ത്തിലാണ്. പതഞ്ചലിക്ക് മുന്‍പുതന്നെ യോഗ ഇന്ത്യയിലെ ഗുരുക്കന്മാര്‍ പരിശീലി ച്ചിരുന്നു. എന്നാല്‍ പതഞ്ചലി യോഗയെ മൊത്തത്തില്‍ ചിട്ടപ്പെടുത്തുകയും ഇന്നുകാണുന്ന രീതിയില്‍ ലോകത്തിനു മുഴുവന്‍ സ്വീകാര്യമാക്കുകയും ചെയ്തു. ഇന്ത്യയുടെ മറ്റൊരു സംഭാവന എന്നുപറയുന്നത് ആയുര്‍വേദമാണ്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഇതു രണ്ടിനേയും കുറിച്ച് അവബോധം തീരെയില്ല. നമ്മള്‍ പൊതുവേ പാശ്ചാത്യജീവിത സമ്പ്രദായം പിന്തുടരുകയാണ്. ഉപഭോഗ സംസ്‌ക്കാരത്തെ അടിസ്ഥാന മാക്കിയുളള താണ്. അത് യോഗയേയും ആയുര്‍വേദത്തേയും മതത്തോട് കൂട്ടിച്ചേര്‍ത്ത് കാണേണ്ടതേയില്ല. ഇവരണ്ടുംകൃത്യമായ ശാസ്ത്രമാണ്.

? എഴുത്തുകാര്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ നേരിട്ട്ഇടപെടുന്നത് തമിഴ്‌നാട്ടില്‍ ഇപ്പോ ളൊരുപതിവായിട്ടുണ്ട്. കനിമൊഴി, സല്‍മ, തിരുമാളവന്‍, ശിവകാമി മുതലായവര്‍ ഉദാഹരണം. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്ന കേരളത്തിലെ എഴുത്തുകാര്‍ക്ക് വലിയ പൊതുജനപിന്തുണ ലഭിക്കുന്നില്ല. ഈ വ്യത്യാസത്തെക്കുറിച്ച് എന്തുതോന്നുന്നു.

* തിരുമാളവനെ ഒരു എഴുത്തുകാരനായാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ കരുണാ നിധിയും അബ്ദുള്‍കലാമും എഴുത്തുകാരാണ്. അവര്‍ എഴുത്തുകാരായതുകൊണ്ടല്ലല്ലോ അവര്‍ക്ക് പ്രാധാന്യം ലഭിക്കുന്നത്. കനിമൊഴിക്ക് ലഭിക്കുന്ന പ്രാധാന്യ ത്തിന് അവരുടെ അച്ഛനും ഒരുകാരണമാണ്. തമിഴ്‌നാട്ടിലെ സാധാരണ ഒരു വോട്ടര്‍ക്ക് സല്‍മ ഒരുഎഴുത്തുകാരിയാണെന്ന് അറിയില്ല.അയാള്‍ക്ക്,അവരൊരു രാഷ്ട്രീയക്കാരിയാണ് ശിവകാമി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച പണം നഷ്ടപ്പെട്ട സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്. അവരെക്കുറിച്ച് ആരാണ് ശ്രദ്ധിക്കുന്നത്.? ചുരുക്കത്തില്‍ ആര്‍ക്കും എഴുത്തുകാരനെന്ന നിലക്കുളളപ്രാധാന്യം തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തില്‍ ലഭിക്കുന്നില്ല, കാരണം രാഷ്ട്രീയക്കാര്‍ക്ക് എഴുത്ത് എന്താണെന്നറിയില്ല. നിങ്ങള്‍ പറഞ്ഞ കേരളീയാവസ്ഥയില്‍ നിന്ന് വ്യത്യാസമൊന്നും ഇക്കാര്യത്തില്‍ ഞാന്‍ കാണുന്നില്ല.

? തിരുമാളവന്റെ, മീനാകണ്ടസ്വാമി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത പുസ്തകത്തിന്റെ മുഖവുരയില്‍ ചേരിക്ക് പുറത്തുളള ഇടിമുഴക്കം എന്നാണ് വിഖ്യാത എഴുത്തുകാരി ഗെയ്ല്‍ഓംവെദ്ത് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ദലിത് രാഷ്ട്രീയത്തിന്റെ തമിഴവസ്ഥ എന്താണ്.

* യഥാര്‍ത്ഥത്തില്‍ ശ്രദ്ധേയമായ ഒരു ദലിത് മൂവ്‌മെന്റും തമിഴ്‌നാട്ടിലില്ല. തിരുമാളവന്‍ ജനസമ്മതിയുളള ഒരു നേതാവാണ്. അക്കാര്യത്തില്‍സംശയമില്ല. തമിഴ്ജനത വിജയകാന്തിനെയാണ് അടുത്ത മുഖ്യമന്ത്രിയായി സങ്കല്‍പ്പിക്കുന്നത്. കാമരാജി നെപ്പോലെ ജനത്തെ ഇളക്കിമറിക്കുന്ന നേതാക്കളെയാണ് തമിഴര്‍ക്കിഷ്ടം. തിരുമാളവന്‍ അങ്ങനെയൊന്നുമല്ലല്ലോ. തന്നെ ഒരു ചെഗുവേര ആയിട്ടാണ് അദ്ദേഹം സങ്കല്‍പ്പിക്കുന്നത്. തമിഴ്‌നാടിന്റെ ഓരോ മുക്കിലുംമൂലയിലും നിങ്ങള്‍ക്ക് പ്രഭാക രന്റെയും ചെഗുവേരയുടേയും പോസ്റ്ററുകള്‍ കാണാം. 

ചെഗുവേര സായുധ വിപ്ലവത്തിന്റെ ആളായിരുന്നല്ലോ. ഇതെന്താ സായുധവിപ്ലവ ത്തിന്റെ കാലമാണോ?. 

സത്യത്തില്‍ തമിഴരിലെ ഭൂരിപക്ഷമാളുകള്‍ക്കും ചെഗുവേര ആരെന്നു പോലും അറിയില്ല.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ