"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, നവംബർ 17, വെള്ളിയാഴ്‌ച

ജയദേവന്‍ പടിഞ്ഞാറ്റില്‍: മലയാളത്തിലെ ആദ്യത്തെ നാഗവംശ ചരിത്രകാരന്‍

ജയദേവന്‍ പടിഞ്ഞാറ്റില്‍

നാഗവംശത്തെക്കുറിച്ച് കേരളത്തില്‍ നടന്നിട്ടുള്ള ആദ്യപഠനം ജയദേവന്‍ പടിഞ്ഞാറ്റില്‍ എന്ന മഹാനുഭവനില്‍ നിന്ന് ആരംഭിക്കുന്നതായി കരുതാം. 1979 ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച 'സാമൂഹ്യ ചിന്തകള്‍' എന്ന ഗ്രന്ഥത്തിലെ ഒരു അധ്യായത്തിലാണ് നാഗവംശപഠനം ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മൊത്തം 46 പേജുള്ള പ്രസ്തുത ഗ്രന്ഥത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. രണ്ടാം ഭാഗത്തിലെ 'വര്‍ഗവ്യത്യാസം തൊട്ടുകൂടായ്മയുടെ ഉത്ഭവകാരണം' എന്ന രണ്ടാം അധ്യായത്തിലാണ് നാഗവംശ പഠനമുള്ളത്. ഇതാകട്ടെ, ബാബാസാഹേബ് ഡോ. ബി ആര്‍ അംബേഡ്കറുടെ 'അസ്പൃശ്യര്‍' എന്ന കൃതിയുടെ സ്വതന്ത്ര പരിഭാഷയാണ്. 

ഗ്രന്ഥത്തിന്റെ ആദ്യപേജില്‍, പശ്ചാത്തലത്തില്‍ ശ്രീബുദ്ധനുള്ള ഡോ. അംബേ ഡ്കറുടെ ചിത്രവും അതിനടിയില്‍ ഇംഗ്ലീഷിലുള്ള കുറിപ്പും കൊടുത്തിട്ടുണ്ട്. അവസാന പേജിലാകട്ടെ മഹാത്മാ അയ്യന്‍ കാളിയുടെ ചിത്രവും അതിന് മുകളിലായി ഇംഗ്ലീഷിലുള്ള വിവരണവും കൊടുത്തിട്ടുണ്ട്. ലഭ്യമായ കൃതിയുടെ പകര്‍പ്പില്‍ കവര്‍പേജ് ഇല്ല. ചരിത്രകാരനും എഴുത്തുകാരനുമായ കുന്നുകുഴി എസ് മണിയുടെ ഗ്രന്ഥശേഖരത്തില്‍ നിന്നുമാണ് ഈ പ്രതി കണ്ടെത്തിയത്.

ജയദേവന്‍ പടിഞ്ഞാറ്റിലിനെക്കുറിച്ച് ഇന്ന് അറിയുവാന്‍ കുന്നുകുഴി എസ് മണിയുടെ വാക്കുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. പത്തനം തിട്ട സ്വദേശിയാണ് ജയദേവന്‍. തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയി രുന്നത്. ഏതെങ്കിലും ഗവണ്മെന്റ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നിരിക്കാമെന്നല്ലാതെ കൃത്യമായി എവിടെ എന്നോര്‍മിക്കാന്‍ മണിക്ക് ആകുന്നില്ല. ജയദേവന്റെ മകള്‍ തിരുവനന്തപുരത്ത്, ഉയര്‍ന്ന തസ്തികയില്‍ ഉദ്യോഗസ്ഥയായിരുന്നിട്ടുണ്ടെന്നും മണി ഓര്‍ക്കുന്നു. ജയദേവന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചുള്ള മറ്റ് അറിവുകള്‍ നിശ്ശേഷം ലഭിക്കാതായി എന്ന് മണി പറയുന്നു.

പുസ്തകത്തിന്റെ സമര്‍പ്പണം - ഗ്രന്ഥത്തിലെ അതേ വാചകങ്ങള്‍ പകര്‍ത്തുന്നു; 'ദിവംഗതരായ, വെള്ളയില്‍ ശ്രീ പി കെ രാമന്‍ (9-6-1972), പൂവത്തൂര്‍ ആദിച്ച നാദിത്യന്‍ (16-9-1973) എന്നീ അഭിവന്ദ്യ പിതൃഗുരുക്കന്മാരുടെ പാവനസ്മരണക്കു മുമ്പില്‍' എന്നു മാത്രം കുറിച്ചിട്ടുണ്ട്. 'പിതൃഗുരുക്കന്മാര്‍' എന്ന് ചേര്‍ത്ത് പറഞ്ഞിരി ക്കുന്നതുകൊണ്ട്, പരാമൃഷ്ടര്‍ ജയദേവന്റെ ഗുരുക്കന്മാരാണോ പിതാക്കന്മാരോണോ എന്ന് വേര്‍തിരിച്ചറിയാന്‍ നിവൃത്തിയില്ല. സമര്‍പ്പണത്തിന് തൊട്ടു താഴെയായി ബ്ലോക്ക് എടുത്ത ജയദേവന്റെ ഫോട്ടോ ചേര്‍ത്തിട്ടുണ്ട്.

ജയദേവന്‍ 'ഹരിജന്‍ ഇന്റര്‍നാഷനല്‍' എന്ന സംഘടന രൂപീകരിച്ചു പ്രവര്‍ത്തി ച്ചിരുന്നുവെന്നും എംഎല്‍എ / മന്ത്രിയായിരുന്ന കെ കെ ബാലകൃഷ്ണന്‍ പ്രസ്തുത സംഘടനയുടെ രക്ഷാധികാരിയായിരുന്നുവെന്നും മറ്റുമുള്ള വിവരം ആമുഖത്തില്‍ പ്രസ്താവിച്ചു കാണുന്നു. ജയദേവന്റെ ദലിത് വിമോചന സംഘടനാപ്രവര്‍ത്തന ത്തിന്റെ ചുരുക്കം ആ പ്രസ്താവനയില്‍ നിന്നു ലഭിക്കുകയാല്‍ അതിവിടെ പകര്‍ത്തുന്നു; ' ഭാരതാരാമം' ദ്വൈവാരികയുടെ ഒരു 'ഹരിജന - ഗിരിജന സപ്ലിമെന്റ്' പ്രസിദ്ധീകരിക്കു കയായിരുന്നു ഞങ്ങളുടെ ആദ്യത്തെ ചുവടുവെപ്പ്. ശ്രീ അയ്യന്‍ കാളിയുടെ പേരില്‍ ഒരു 'സ്മാരകോപഹാരം' പൊതുജനങ്ങള്‍ക്ക് കാഴ്ചവെക്കുകയായിരുന്നു ഞങ്ങളുടെ മറ്റൊരു ലക്ഷ്യം. ഹരിജനങ്ങളേയും ഗിരിജനങ്ങളേയും പ്രതിനിധാനം ചെയ്യുന്ന മേല്‍പറ യപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ ബുദ്ധിജീവികളുടേയും പ്രമുഖ പത്രങ്ങളുടേയും പ്രശംസക്കു പാത്രമായി. മൂന്നാമത്തെ പടിയിലേക്ക് ഞങ്ങളിതാ കടക്കുകയാണ്.

ഭാരതത്തിലെ ഹരിജന - ഗിരിജന - പിന്നോക്കാദിവര്‍ഗങ്ങളുടെ സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'സാമൂഹ്യചിന്തകള്‍' എന്ന ഗ്രന്ഥം, അംഗീകരിച്ച് പൊതുജന ശ്രദ്ധക്കായി, ഞങ്ങളിതാ പ്രസിദ്ധീകരിക്കുന്നു. - ബുക്ക് കമ്മിറ്റി ഹരിജന്‍സ് ഇന്റര്‍ നാഷനല്‍'. 

'ഭാരതാരാമം' മാസികയുടെ പ്രസിദ്ധീകരണം അക്കാലത്തുതന്നെ നിലച്ചിരുന്നുവെന്ന് കുന്നുകുഴി എസ് മണി പറയുന്നു.

നാഗവംശത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളത്രയും ഡോ. അംബേഡ്കറുടെ പഠനങ്ങളുടെ സ്വതന്ത്ര പരിഭാഷയാണെന്ന് സൂചിപ്പിച്ചുവല്ലോ. എല്ലാ വശങ്ങളും ശ്രദ്ധയോടെ വിശകലനം ചെയ്തിട്ടുണ്ടെന്ന വസ്തുത പരിഗണിക്കുമ്പോഴും ജയദേവന്‍ നാഗവംശപഠന ശാഖക്ക് കനത്ത സംഭാവനയാണ് നല്‍കിയിട്ടുള്ളതെന്ന് കാണാം. ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികളുടെ പരിഭാഷകള്‍ പിന്നീടാണല്ലോ പ്രസിദ്ധീകൃതമാകുന്നത്. പക്ഷെ വിശകലനത്തിലൊരിടത്തുപോലും ഡോ. അംബേഡ്കറുടെ പേര് അദ്ദേഹം പരാമര്‍ശിക്കാതിരുന്നത് വലിയൊരു പോരായ്മയാണ്. ഡോ. അംബേഡ്കറുടെ നിരീക്ഷണങ്ങളെ ഉദ്ധരിച്ചുകൊണ്ട് സ്വന്തമായി ജയദേവന്‍ ഒരു നിഗമനത്തിലെ ത്തിച്ചേരുന്നില്ല എന്നതും അംബേഡ്കറൈറ്റുകളുടെ നീരസത്തിന് വഴിവെച്ചേക്കാം.

ദാസന്മാരും, ദസ്യൂക്കളും, കിരാതന്മാരും, അസുരരും കേരളരും, പാണ്ഡ്യരുമെല്ലാം നാഗവംശത്തില്‍പ്പെടുന്നു എന്നതുള്‍പ്പെടെ ഡോ. അംബേഡ്കറെ അങ്ങേയറ്റം സ്വീകരിക്കുന്ന ജയദേവന്‍ ഒരിടത്തുപോലും വിമര്‍ശനമുന്നയിക്കുന്നില്ല എന്നതു ശ്രദ്ധേയമാണ്. 'ദ്രാവിഡ' എന്ന പദം വംശവുമായി ബന്ധപ്പെട്ടല്ല, നാഗന്മാരുടെ ഭാഷയുമായി ബന്ധപ്പെട്ടാണ് ഉതുത്തിരിഞ്ഞുവന്നതെന്ന ഡോ. അംബേഡ്കറുടെ നിരീക്ഷണം ജയദേവന്‍ വളരെ വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുപോലെതന്നെ ദ്രാവിഡ ഭാഷ (ദമിള - തമിഴ്) യില്‍ 'സരൈ' എന്ന പദംകൊണ്ടാണ് നാഗവംശത്തെ വിശേഷിപ്പിക്കുന്നതെന്നുള്ള ഡോ. അംബേഡ്കര്‍ നിരീക്ഷണത്തെ പകര്‍ത്തുന്ന ജയദേവന്‍ ഗ്രന്ഥരചനയില്‍ പാലിക്കുന്ന കൃത്യത ശ്ലാഘനീയമാണ്. നദി എന്ന അര്‍ത്ഥത്തിലാണ് നാഗം എന്ന സംജ്ഞയും ദമിള ഭാഷയിലെ സരൈ എന്ന പദവും നിഷ്പന്നമായതെന്ന ഡോ. അംബേഡ്കറുടെ നിരീക്ഷണത്തെ ഉദ്ഗ്രഥിക്കാന്‍ ജയദേവന് കഴിഞ്ഞിട്ടുണ്ട്.

ഡോ. അംബേഡ്കറുടെ നിരീക്ഷണങ്ങള്‍ക്കുപുറത്ത് ജയദേവന്‍ മറ്റ് നിരീക്ഷണങ്ങളേ യോ ഗ്രന്ഥങ്ങളേയോ ആശ്രയിച്ചിട്ടില്ല. ഇഗ്നേഷ്യസ് കാക്കനാടന്‍ പരിഭാഷപ്പെ ടുത്തി, കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിച്ച ഡോ. അംബേഡ്കറുടെ പ്രസ്തുത കൃതി സുലഭമായതിനാല്‍, അതിലുള്ള നാഗവംശചരിതം ഇവിടെ വിസ്തരിക്കേണ്ടതില്ലെന്ന് തോന്നുന്നു. ഒരു കാര്യം ഉറപ്പിക്കാം, നാഗവംശത്തേക്കുറിച്ചുള്ള ഏതൊരു പഠനവും ബാബാസാഹേബ് ഡോ. ബി ആര്‍ അംബേഡ്കറില്‍ നിന്നുമാത്രമാണ് ആരംഭിക്കുന്നത്!