"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, നവംബർ 10, വെള്ളിയാഴ്‌ച

സന്തോഷി കുമാരി; പട്ടിണിക്കിട്ടുകൊല്ലുക എന്ന ഉന്മൂലനതന്ത്രത്തിന് ഇരയായ ദലിത് ബാലിക


ഝാര്‍ക്കണ്ടിലെ സിംഭേഗ ജില്ലയിലുള്‍പ്പെട്ട കരിമതി ഗ്രാത്തിലുള്ള പാവപ്പെട്ട ഒരു ദലിത് കുടുംബത്തിലെ പതിനൊന്നു വയസുകാരി സന്തോഷി കുമാരി 2017 സെപ്തംബര്‍ 28 ന് പട്ടിണി കിടന്നു മരിച്ചു. മരിക്കുന്നതിന് മുമ്പുള്ള എട്ടു ദിവസവും സന്തോഷിക്ക് ഭക്ഷണമൊന്നും കഴിക്കാനായി ലഭിച്ചിരുന്നില്ല. സന്തോഷിയുടെ കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിരുന്നില്ല എന്ന ഒറ്റക്കാരണത്താല്‍ പൊതുവിതരണ കേന്ദ്രമായ റേഷന്‍ കടയില്‍ നിന്നും ഇവര്‍ക്കുള്ള അരിവിഹിതം കടയുടമ നിഷേധിച്ചതു നിമിത്തമാണ് കുടുംബം പട്ടിണിയിലായത്. ആ ദവിസങ്ങളില്‍ ദുര്‍ഗാ പൂജയുടെ അവധിയായിരുന്നതിനാല്‍ സന്തോഷിക്ക് സ്‌കൂളില്‍ നിന്നുള്ള ഉച്ചഭക്ഷണവും നഷ്ടമായിരുന്നു.

സന്തോഷിയുടെ അച്ഛന് മനോവൈകല്യമുള്ളതിനാല്‍ പണിയെടുക്കുന്നതിനുള്ള ശേഷിയുണ്ടായിരുന്നില്ല. അമ്മ കൊയ്‌ലാ ദേവിയും 20 വയസുള്ള മൂത്ത സഹോദരിയും പുല്ലുചെത്തി വീടുകളില്‍ കൊണ്ടുനടന്നു വിറ്റാണ് കടുംബം പുലര്‍ത്താന്‍ ശ്രമിച്ചിരുന്നത്. ഒരു ആഴ്ചയില്‍ 80 - 90 രൂപ മാത്രമാണ് ഇവര്‍ക്ക് ഈ തൊഴിലില്‍ നിന്ന് വരുമാനമായി ലഭിച്ചിരുന്നുള്ളൂ.

മരിക്കുന്നതിന് തൊട്ടുമുമ്പ്, അവസാനമായി സന്തോഷി അമ്മയോട് ആവശ്യപ്പെട്ടത് അല്പം കഞ്ഞി വേണമെന്ന് മാത്രമാണ്. ഉടനെതന്നെ അമ്മ കൊയ്‌ലാ ദേവി, റേഷന്‍ കടയില്‍ ചെന്ന് അരിക്ക് യാചിച്ചുവെങ്കിലും കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചല്ല എന്ന കാരണം പറഞ്ഞ് കടയുടമ അരി കൊടുത്തില്ല.

നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്ട് പ്രകാരം കൊയ്‌ലയുടെ കുടുംബം റേഷന് അര്‍ഹതയുള്ളവരാണ്. റൈറ്റ് ടു ഫുഡ് കാമ്പെയ്‌നും NREGA വാച്ചും ചേര്‍ന്ന് ഈ സംഭവത്തില്‍ ഇടപെട്ട് യഥാര്‍ത്ഥ വസ്തുതകള്‍ അന്വേഷിച്ച് കണ്ടെത്തി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അവര്‍ പുറത്തുവിട്ടത്. കൊയ്‌ലാ കുടുംബത്തിന് കഴിഞ്ഞ ആറുമാസമായി റേഷന്‍ ലഭിച്ചിരുന്നില്ല.

എന്നാല്‍ റേഷന്‍കടയുടമ കരിമതിയിലെ മറ്റ് 700 കുടുംബങ്ങള്‍ക്ക് മുടങ്ങാതെ റേഷന്‍ വിതരണം ചെയ്യുന്നുണ്ടായിരുന്നു. കൊയ്‌ലയുടെ കുടുംബത്തിന് ഉള്‍പ്പെടെ 10 കുടുംബങ്ങള്‍ക്ക് റേഷന്‍ നല്കിയിരുന്നില്ല. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പി ക്കാത്തതിനാലാണ് അവര്‍ക്ക് റേഷന്‍ നിഷേധിച്ചതെന്ന് കടയുടമ അന്വേഷണ ഏജന്‍സിക്ക് വെളിപ്പെടുത്തി. സിംഭേഗ ബ്ലോക്കുമായി ബന്ധപ്പെട്ടപ്പോള്‍, ആധാറുമായി കാര്‍ഡ് ബന്ധിപ്പിക്കാത്തതിനാലാണ് റേഷന്‍ തടഞ്ഞുവെച്ചതെന്ന ഔദ്യോഗികമായ അിറയിപ്പ് അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു. ഒക്‌ടോബര്‍ ഒന്നിന് കരിമതിയില്‍ പൊതുമീറ്റിംഗ് സംഘടിപ്പിച്ച സംഘടനകള്‍ കൊയ്‌ലാ ദേവിയുടെ കുടുംബത്തിന് ആധാറുമായി ബന്ധിപ്പിച്ച റേഷന്‍ കാര്‍ഡ് നല്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. അതനുസരിച്ച് പുതുക്കിയ റേഷന്‍കാര്‍ഡ് നല്കാമെന്ന് അധികൃതര്‍ ഉറപ്പുകൊടുത്തുവെങ്കിലും നടപടി വൈകുകയാണെന്ന് സംഭവത്തില്‍ ഇടപെട്ട സന്നദ്ധ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.

ഇവിടെ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല. നിയമ നടപടികളിലെ ഒരു നിസ്സാര സാങ്കേതിക തടസം വിലപിടിപ്പുള്ള ഒരു കുരുന്നു ജീവന്‍ നഷ്ടപ്പെടുത്താനിടയാക്കി. ആധാറുമായി റേഷന്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ല എന്നത് വീഴ്ച തന്നെയാണ്. പരിതാപകരമായ ജീവിതസാഹചര്യത്തില്‍ കഴിഞ്ഞു കൂടുന്നവരും വിദ്യാഭ്യാവിഹീനരുമായ ഒരു ഒരു പൗര സമൂഹത്തിനു മേല്‍ ഇത്തരമൊരു കുറ്റമാരോപിക്കുവാന്‍ സിവില്‍ സമൂഹത്തിന് ലജ്ജയില്ലേ? ഇവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കിക്കൊടുക്കുവാനും വിദ്യാഭ്യാസം ലഭ്യമാക്കാനും ഉത്തരവാദി ത്വപ്പെട്ടവര്‍ അതുനല്‍കാതെ, അവര്‍ക്കുണ്ടാകുന്ന വീഴ്ചയെ പഴിക്കുകയാണ്.

സന്തോഷി മരിക്കാനിടയായത് പട്ടിണികിടന്നിട്ടല്ല, മലേറിയ പിടിപെട്ടതുമൂലമാണെന്ന ഒരു ന്യായം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. സാങ്കേതിക പദത്തിലെ ഒരു മിറമായം കൊണ്ട് അധികൃതര്‍ക്ക് സന്തോഷിയുടെ മരണത്തിലുള്ള ഉത്തരവാദിത്വ ത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവുമോ? ഭക്ഷ്യ വിതരണ വകുപ്പില്‍ നിന്നും കുറ്റം ആരോഗ്യ വകുപ്പിലേക്ക് കൈമാറാം എന്നല്ലാതെ ഇതുകൊണ്ട് മറ്റെന്തു പ്രയോജനം? 

സന്തോഷിക്ക് എങ്ങനെ മലേറിയ പിടിപെട്ടു? മലറിയക്ക് സന്തോഷിയോട് പ്രത്യേക വിരോധം വല്ലതുമുണ്ടായിരുന്നോ? എന്തുകൊണ്ടാണ് ഇവരുടേയൊന്നും മക്കള്‍ക്ക് മലേറിയ പിടിപെടാത്തത്?

അഹിവിത്രന്‍ കണ്ണന്‍ മേലോത്ത്
(പുസ്തകം - അക്കാദമിക് പ്രഷര്‍; ശംബൂകവധം)അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ