"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, നവംബർ 9, വ്യാഴാഴ്‌ച

എസ് അനിത; സാമ്പത്തികവ്യവസ്ഥ തോല്പിച്ചു. ജാതിവ്യവസ്ഥ കൊന്നു!


പ്ലസ് ടു പരീക്ഷയില്‍ നൂറ് ശതമാനത്തിനടുത്ത് മാര്‍ക്ക് സ്‌കോര്‍ ചെയ്ത് തിളക്കമാര്‍ന്ന വിജയം കൈവരിച്ചിട്ടും എസ് അനിത എന്ന ദലിത് വിദ്യാര്‍ത്ഥിനി എംബിബിഎസ് പ്രവേശന പരീക്ഷ (NEET) യില്‍ വിജയിക്കുകയുണ്ടായില്ല. പ്ലസ് ടു വിന് 1,200 മാര്‍ക്കില്‍ 1,176 മാര്‍ക്ക് അനിത നേടിയിരുന്നു. എന്നാല്‍ പ്രവേശന പരീക്ഷക്ക് 720 ല്‍ 86 മാര്‍ക്ക് മാത്രമാണ് അനിതക്ക് നേടാനായത്. പ്ലസ് ടു വിഷയങ്ങളില്‍, ഫിസിക്‌സിന് 100 ല്‍ നൂറ്, കെമിസ്ട്രി 199, ബയോളജി 194, കണക്കിന് 100 ല്‍ 100, എന്നിങ്ങനെ മാര്‍ക്കുകളാണ് അനിത സ്‌കോര്‍ ചെയ്തത്. പ്രവേശന പരീക്ഷയുടെ മാനദണ്ഡം പ്ലസ് ടുവിന് നേടുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പുനര്‍ നിര്‍ണയിക്ക ണമെന്ന് അപേക്ഷിച്ചുകൊണ്ട്, സുപ്രീം കോടതിയില്‍ അനിത സ്വമേധയാ പരാതി നല്കിയിരിക്കുകയായിരുന്നു. വിധിക്ക് കാത്തുനില്ക്കാതെ, നിരാശാഭരിതയായ എസ് അനിത 2017 സെപ്തംബര്‍ 1 ന് സ്വന്തം കുടിലില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു. കൊല്ലപ്പെടുമ്പോള്‍ 17 വയസായിരുന്നു പ്രായം.

തമിഴ് നാട്ടിലെ സെന്തുറൈക്ക് അടുത്തുള്ള കൂഴുമൂറിലെ കൂലിപ്പണിക്കാരനായ ടി ഷണ്‍മുഖന്റെ മകളായ എസ് അനിത ഇല്ലായ്മകള്‍ക്കെതിരേ പൊരുതി നേടിയതാണ് പ്ലസ് ടുവിലെ ഈ തിളക്കമാര്‍ന്ന വിജയം. തമിഴ് മീഡിയം സ്‌കൂളില്‍ പഠിച്ച അനിത ജില്ലയിലെ ടോപ്പര്‍മാരില്‍ ഒരാളും, അരിയാളൂര്‍ ജില്ലയില്‍ ഫിസിക്‌സ് വിഷയത്തില്‍ 100 ശതമാനം മാര്‍ക്ക് നേടിയ ഏക വിദ്യാര്‍ത്ഥിയുമാണ്. തിരുച്ചിയിലെ ഗാന്ധി നഗറിലെ ചുമട്ടുതൊഴിലാളിയാണ് അനിതയുടെ അച്ഛന്‍ ടി ഷണ്‍മുഖന്‍. കുഞ്ഞുന്നാ ളിലേ അനിതയുടെ അമ്മ മരിച്ചുപോയിരുന്നു. തന്റെ അമ്മ ടി പെരിയമ്മാളേയും മറ്റ് നാല് മക്കളേയും കൂലിപ്പണിയെടുത്തുകിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് ഷണ്‍മുഖന്‍ പോറ്റിയിരുന്നത്. മരുമകളായ ഭുവനേശ്വരിയും ഷണ്‍മുഖന്റെ വീട്ടിലാണ് കഴിഞ്ഞുകൂടുന്നത്.

എസ് അനിതയുടെ ആത്മഹത്യ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? പ്ലസ് ടുവിന് ഉയര്‍ന്നമാര്‍ക്ക് അനിത നേടിയെന്നത് ശരിതന്നെ. അതുകൊണ്ടുമാത്രം പ്രവേശനപരീക്ഷ നേടണമെന്നില്ല! എന്ന് സാമാന്യമായി പറയാം. ഈ സാമാന്യ ത്തിനപ്പുറം സവിശേഷമായി ഈ കാര്യത്തില്‍ എന്തെങ്കിലുമുണ്ടോ?

'കഴിയണമെന്നില്ല' എന്ന ഉത്തരത്തിന്മേല്‍ കഴിവുകേടാണല്ലോ അനിതയുടെ തോല്‍വിക്ക് നിദാനം എന്നു വിലയിരുത്താന്‍ എളുപ്പമുണ്ട് ! അതായത്, ആത്മഹത്യക്ക് ഉത്തരവാദി അയാളല്ല, അയാളുടെ കഴിവുകേടാണെന്നര്‍ത്ഥം.

നഷ്ടപ്പെട്ടത് വൈദ്യശാസ്ത്രത്തിലെ പ്രതിഭയാകേണ്ടുന്ന രാജ്യത്തിന്റെ പൊതുസ്വ ത്താണ്. അത് നഷ്ടപ്പെടുത്തിയതിന് ഉത്തരവാദി, സ്വയം ആ വ്യക്തി! ഒരു ജനാധിപത്യവ്യവസ്ഥക്ക് നിരക്കുന്നതാണോ ഈ പ്രസ്താവന? ഇന്ത്യയെ സംബന്ധി ച്ചാണെങ്കില്‍, സ്വാതന്ത്ര്യാനന്തരം 70 വര്‍ഷം പിന്നിടുമ്പോഴും 'കഴിവില്ലാത്ത' ഒരു വിഭാഗം ജനത രാജ്യത്ത് നിലനില്ക്കുന്നത്, മറ്റുള്ള രാജ്യങ്ങളുടെ മുമ്പില്‍ വെക്കാവുന്ന തങ്ങളുടെ അഭിമാനകരമായ നേട്ടമാണോ? അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്‍ മികച്ച മാര്‍ക്കുനേടിയ ഒരു പൗരന്‍ ആത്മഹത്യചെയ്ത് സ്വയം ഒടുങ്ങിയതിലുള്ള പഴി മുഴുവന്‍ അവനില്‍ത്തന്നെ കെട്ടിവെക്കുന്നത് ഏത് താത്പര്യം മുന്‍നിര്‍ത്തിയാണ്?

ഇല്ലായ്മകളോട് പൊരുതിനേടിയ വിജയമാണ് എസ് അനിതയുടെ ഉയര്‍ന്ന മാര്‍ക്ക്. എന്നാല്‍ പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ടു. അതിന് കാരണം പ്രവേശന പരീക്ഷ ഒരു തരം മത്സര പരീക്ഷയാണ് എന്നുള്ളതാണ്. പരിമിതമായ അവസര ങ്ങളിലേക്കാണ് ഈ പരീക്ഷയിലൂടെ മത്സരിക്കുന്നത്. ആ മത്സരത്തില്‍ വിജയിക്കാ നാവുക മികച്ച ജീവിത സാഹചര്യങ്ങളും മെച്ചപ്പെട്ട രീതിയില്‍ പരിശീലനം ചെയ്യാന്‍ അവസരം ലഭിച്ചവര്‍ക്കും മാത്രമാണ്. അനിതക്ക് ഇത് രണ്ടും ലഭ്യമല്ല. അനിതയേ ക്കാള്‍ വളരെയേറെ മാര്‍ക്ക് കുറഞ്ഞവര്‍ പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം കൈവരിക്കുന്നതാകട്ടെ, അവര്‍ക്ക് ഈ രണ്ട് സാഹചര്യങ്ങളും അനുകൂലമായി വര്‍ത്തിക്കുന്നതുകൊണ്ടാണ്! ഇത്തരക്കാരുടെ വിജയത്തിന് കാരണം കഴിവല്ല, മറിച്ച് ഈ സാഹചര്യങ്ങളുടെ ആനുകൂല്യം ഒന്നുകൊണ്ട് മാത്രമാണെന്ന് വ്യക്തമാകുന്നു. അപ്പോള്‍ അനിതയുടെ പരാജയവും അവളുടെ കഴിവുകേടുകൊണ്ട് സംഭവിച്ചതല്ല, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളുടെ ആനുകൂല്യം ഇല്ലാത്തതിനാലാണെന്നും വ്യക്തമാകുന്നു. 

മത്സര പരീക്ഷ അര്‍ഹരായവരെ കണ്ടെത്തുന്നതിനായല്ല നടത്തപ്പെടുന്നത്. അര്‍ഹരായവര്‍ കൂടുതലും അവസരങ്ങള്‍ കുറവുമായിരിക്കുന്ന സാഹചര്യത്തില്‍ വിജയികളുടെ എണ്ണം പരിമിതപ്പെടുത്തുക എന്നുള്ളതാണ് ഇതുകൊണ്ടുദ്ദേ ശിക്കുന്നത്. ഫീസിനത്തില്‍ കനത്ത മുതല്‍ മുടക്കി പരിശീലനം നേടുന്നവര്‍ക്കല്ലാതെ ഒരു മത്സരപ്പരീക്ഷയിലൂടെ ആ പരിമിതമായ അവസരങ്ങളിലേക്ക് തെരഞ്ഞെടു ക്കപ്പെടാനാവില്ല. അപ്പോള്‍ കഴിവിനേക്കാള്‍ ഉപരി ഇക്കാര്യത്തില്‍ പണം മേല്‍ക്കൈ നേടുന്നു. ഒരു കൂലിപ്പണിക്കാരന്റെ മകളായ എസ് അനിതക്ക് മികച്ച പരിശീലനം നേടുന്നതിനുള്ള പണമില്ലാതിരുന്നതാണ് അവളുടെ പരാജയത്തിന് കാരണം! 

സാമ്പത്തിക പിന്നോക്കാവസ്ഥയാണ് എസ് അനിതയെ തോല്പിച്ചത്. സാമ്പത്തിക ഉന്നതിയാണ് കുറഞ്ഞ മാര്‍ക്ക് നേടിയവരെ മത്സരപരീക്ഷയില്‍ വിജയിപ്പിച്ചത്. തോല്‍വി ഏറ്റുവാങ്ങിയ എസ് അനിതക്ക് ഒരു ജാതിയുണ്ട്. ഹീനജാതി! വിജയികളായവര്‍ക്കും ജാതിയുണ്ട്. ഉയര്‍ന്ന ജാതി! ഒരു സാമൂഹിക പരിവര്‍ത്തന പ്രക്രിയയിലൂടെ ഈ സാമ്പത്തിക അസന്തുലിതാവസ്ഥ മറികടക്കാം. അതിന് എപ്പോഴും വിലങ്ങുതടിയായി വര്‍ത്തിക്കുന്നത് ജാതിവ്യവസ്ഥയാണ്. അതിനെ എങ്ങനെ മറികടക്കും? സാമ്പത്തിക പിന്നോക്കാവസ്ഥയുള്ളവരെ എപ്പോഴും കീഴ്ജാതിക്കാരായും, അവരുടെ അധ്വാനഫലത്തിന്റെ പിന്‍ബലത്തില്‍ ഉയര്‍ന്ന ജാതിക്കാരെ എപ്പോഴും സമ്പന്നരായും നിലനിര്‍ത്തുന്ന പ്രക്രിയയാണ് ജാതിവ്യവസ്ഥ. ഹീനജാതിക്കാര്‍ ഡോക്ടറായാല്‍പ്പിന്നെ, ഹീനജാതിത്തൊഴില്‍ ആരുചെയ്യും! ഉന്നത കുലജാതന്‍ ചെയ്യുമോ? ഹീനജാതിക്കാര്‍ ഡോക്ടറാകേണ്ടതില്ല, തങ്ങളുടെ സാമ്പത്തിക ഭദ്രതക്കുവേണ്ടി അധ്വാനിക്കുന്ന ജനവിഭാഗമായി എന്നും വര്‍ത്തിച്ചാല്‍ മതി എന്ന ഉപരിവര്‍ഗ ചിന്താഗതിയാണ് എസ് അനിതയെ കൊന്നത്.

അഹിവിത്രന്‍ കണ്ണന്‍ മേലോത്ത്
(പുസ്തകം: അക്കാദമിക് പ്രഷര്‍; ശംബൂകവധം)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ