"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, നവംബർ 4, ശനിയാഴ്‌ച

നാഗവംശം; അംബേഡ്കര്‍ വീക്ഷണത്തില്‍ - ആമുഖം


2017 സെപ്തംബര്‍ 9 ആം തിയതി ഭരണങ്ങാനം ഓശാനമൗണ്ടില്‍ വെച്ചുനടന്ന സമ്മേളനത്തില്‍ നാഗവംശത്തെക്കുറിച്ച് ഒരു പ്രബന്ധമവതരിപ്പിക്കണമെന്ന് സംഘാടകനായ റോബിന്‍സന്‍ എന്‍ കെ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ ബാബാസാഹേബ് ഡോ. ബി ആര്‍ അംബേഡ്കറുടെ കൃതികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. സന്ദര്‍ഭം അതായതുകൊണ്ട്, ഡോ. അംബേഡ്കറില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ, നാഗവംശത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണം പ്രബന്ധരൂപത്തില്‍ അവതരിപ്പിക്കാമെന്ന് സമ്മതിച്ചു. പറഞ്ഞ തിയതിക്കുതന്നെ പ്രബന്ധം അവതരിപ്പിച്ചുവെങ്കിലും പെട്ടെന്നു തയാറാക്കിയതായതിനാല്‍ അതില്‍ ചില പോരായ്മകളുമുണ്ടായിരുന്നു. കൂടാതെ പ്രബന്ധത്തില്‍ ഇടപെട്ട് സംസാരിച്ച വരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. പിന്നീട്, തുടര്‍ന്നുള്ള വായനാനുഭവങ്ങളും ചേര്‍ത്ത് ആ പ്രബന്ധം ഈ രീതിയില്‍ ഒരു ഗ്രന്ഥമാക്കി വിപുലീകരിക്കുയാണുണ്ടായത്.

നാഗവംശത്തെക്കുറിച്ച് ഏറ്റവും അടുത്ത സഹോദരങ്ങള്‍ക്കുപോലും അതിയായ സംശയങ്ങള്‍ നിലനില്ക്കുമ്പോഴാണ് ഈ ചെറുഗ്രന്ഥം പ്രസിദ്ധീകൃതമാകുന്നത്. മറ്റ് അവകാശവാദങ്ങള്‍ ഉന്നയിച്ചു പരാജയപ്പെട്ടവരുടെ പുത്തന്‍ എഴുന്നെള്ളിപ്പാണോ നാഗവംശം? എന്ന്, എവിടെയാണ് ഈ വംശം ഉത്ഭവിച്ചത്? അവര്‍ സര്‍പ്പാരാധ കരായിരുന്നുവോ? അന്ധവിശ്വാസികളാണോ നാഗന്മാര്‍? ഒരു വംശത്തിന്റേയും ആളല്ലാത്ത ഡോ. അംബേഡ്കറെ അതിലേക്കെന്തിന് വലിച്ചിഴക്കണം? എന്നിങ്ങനെ ചോദ്യങ്ങളും സംയശങ്ങളും നീളുന്നു. മറുപടി ഗ്രന്ഥത്തില്‍ ഉള്ളടങ്ങുന്നതിനാല്‍ ആമുഖത്തില്‍ അതേക്കുറിച്ച് കൂടുതല്‍ പ്രസ്താവിക്കുന്നില്ല. 

കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിച്ച ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികളുടെ മലയാള പരിഭാഷകളില്‍ നിന്നും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ ഉദ്ധരിച്ചു ചേര്‍ക്കുക എന്നത് മാത്രമാണ് ഈ കൃതിയുടെ രചനാനിര്‍ഹണത്തിന്റെ പരിപൂര്‍ണത. മൗലികമായ ഒരു നിരീക്ഷണം നടത്തിയിട്ടുള്ളത്, 'നാഗ' എന്ന സംജ്ഞയെ സംബന്ധിച്ചാണ്. നാഗം അഥവാ സര്‍പ്പം എങ്ങനെയാണ് സമുന്നതമായ സംസ്‌കാര ത്തിനുടമകളായിരുന്ന നാഗജനതയുടെ വംശചിഹ്നമായത് എന്ന സംശയത്തിന്മേ ലാണ്. പില്‍ക്കാല ചരിത്രകാരന്മാരെല്ലാം നാഗന്മാര്‍ നാഗാരാധകരായിരുന്നു എന്നു രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഡോ. അംബേഡ്കര്‍ അങ്ങനെ തറപ്പിച്ചു പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഞാന്‍ മനസ്സിലാക്കിയിടത്തോളം നാഗന്മാര്‍ നാഗാരാധകരാ യിരുന്നതുകൊണ്ടല്ല ആ പേര് അവര്‍ക്ക് വന്നത്. 'നദി'യുമായി ബന്ധപ്പെട്ടാണ് ആ പേര് രൂപപ്പെട്ടത്. പ്രാക്തനജനത നദീതീരവാസികളാ യിരുന്നുവല്ലോ. നാഗ എന്നാല്‍ നദി എന്നുതന്നെയാണ് അര്‍ത്ഥവും. നദിയുടെ ഭൂപടം സര്‍പ്പത്തെപ്പോലെ ഇരിക്കുമല്ലോ. അതിലെ നീരൊഴുക്കിനാകട്ടെ സര്‍പ്പത്തിന്റെ ചലനവ്യവസ്ഥയും ഉണ്ടല്ലോ. ഇന്ത്യയെ തേടിവന്ന വിദൂരദേശക്കാര്‍, സൈന്ധവജനതയെ വരമൊഴിയില്‍ രേഖപ്പെടുത്തിയ നദിയുടെ ചിഹ്നം ഇഴജന്തുവായ സര്‍പ്പത്തോട് സാദൃശ്യമുള്ളതാ യതിനാല്‍ പില്‍ക്കാലത്ത് നാഗജനത സര്‍പ്പാരാധകരാ യിരുന്നുവെന്ന് തെറ്റിദ്ധരി ക്കാനിടവന്നതാണെന്നാണ് എന്റെ ഒരു ഊഹം.

പ്രാചീനകാലത്ത് യൂറോപ്പിനെ ഊട്ടിയത് ഇന്ത്യുടെ സമൃദ്ധിയാണ്. കരമാര്‍ഗം എത്തിയിരുന്ന ചരക്കുകള്‍ തികയാതെ വന്നപ്പോള്‍ ഇന്ത്യയുമായി നേരിട്ട് വാണിജ്യബന്ധം സ്ഥാപിക്കുവാന്‍ അവര്‍ നിര്‍ബന്ധിതരായി. അതിനായി കടല്‍ മാര്‍ഗം ഉരുക്കളില്‍ പുറപ്പെട്ട അവര്‍ ആദ്യമെത്തിയത് ആഫ്രിക്കന്‍ വന്‍കരയുടെ പടിഞ്ഞാറെ തീരത്ത് നൈഗര്‍ തുറമുഖത്താണ്. 'നൈഗര്‍' എന്നാല്‍ നദി എന്നാണ് അര്‍ത്ഥം. നൈഗര്‍ നദീതീരത്ത് വാസമുറപ്പിച്ചിരുന്ന ജനതയെ നദീതീരവാസികള്‍ എന്ന അര്‍ത്ഥത്തില്‍ 'നീഗ്രോ' എന്നു വിളിച്ചത് യൂറോപ്യന്‍ കപ്പല്‍ സഞ്ചാരികളാണ്. നൈഗര്‍ എന്ന പദത്തെ ചുറ്റിപ്പറ്റി 'നൈഗര്‍' എന്ന പേരില്‍ത്തന്നെയും 'നൈജീരിയ' എന്ന പേരിലും നിലവില്‍ വന്ന രണ്ട് രാജ്യങ്ങള്‍ ഇന്നുമുണ്ട്. ഈജിപ്തില്‍ എത്തുമ്പോഴേക്കും നൈഗര്‍ എന്ന പദം 'നൈല്‍' ആയി മാറുന്നു. വീണ്ടുമത് സൈന്ധവദേശത്തെത്തുമ്പോള്‍ 'നദി' എന്ന് ഉച്ചാരണം മാറുന്നു. പ്രാദേശിക ഭേദമനുസരിച്ച് ഉച്ചാരണം വ്യത്യാസപ്പെടുന്നുണ്ടെങ്കിലും 'ന', 'ഗ' എന്നീ ശബ്ദങ്ങള്‍ ഉച്ചരിക്കുന്നതില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ സംഭവിക്കുന്നില്ലെന്നു കാണാം. നാഗ ശബ്ദത്തിന്റെ ആഗമം ഇപ്രകാരമാണ്. നാഗന്മാര്‍ തിങ്ങിപ്പാര്‍ക്കുന്ന നദീതീരങ്ങള്‍ക്ക് 'നഗരം' എന്ന പേരുവന്നു. നാഗന്മാരുടെ സംസ്‌കാരം 'നാഗരികത' എന്നും അറിയപ്പെടുന്നു.

അടുത്തതായി പരിശോധിച്ചത്, നാഗശബ്ദത്തിന്റെ 'ദമിള' ഭാഷയിലെ അര്‍ത്ഥ മുള്‍ക്കൊള്ളുന്ന 'സരൈ' എന്ന പദമാണ്. സരൈ എന്നാല്‍ നദി എന്നുതന്നെ അര്‍ത്ഥം. വേദപൂര്‍വകാലത്ത് സുരന്‍ അസുരനും അസുരന്‍ സുരനും ആയിരുന്നുവല്ലോ. വേദകാലഘട്ടത്തിലാണ് ഈ പദത്തിന് വിപരിണാമം സംഭവിക്കുന്നത്. സരൈ എന്ന പദത്തില്‍ നിന്നാണ് സുരന്‍ ഉണ്ടായത്. അര്‍ത്ഥം നദിയുമായി ബന്ധപ്പെട്ട മനുഷ്യര്‍ എന്നത് വളരെ വ്യക്തമാണല്ലോ. നദിയുമായി ബന്ധപ്പെടാത്തവരാണ് 'അസുരന്മാര്‍' എന്ന് അക്കാലത്ത് വിളിക്കപ്പെട്ടിരുന്നത്. സരൈ എന്ന പദത്തില്‍ നിന്നാണ് സരസ്, സരൈസ്വതി (സരസ്വതി) സരളഃ, എന്നീ പദങ്ങള്‍ ഉണ്ടായത്. സരൈ എത്തിച്ചേരുന്നിടമാണ് 'സരൈഗരം', പിന്നീട് സാഗരം ആയത്. ദമിള പദമായ സരൈക്ക് തന്നെ കാലക്രമത്തില്‍ ഉച്ചാരണമാറ്റം സംഭവിച്ചു. അങ്ങനെ ഇന്നും തമിഴില്‍ ഉപയോഗിക്കുന്ന 'സേര'യായി മാറി. മലയാളത്തിലത് 'ചേര'യായി ഉച്ചരിക്കുന്നു. അങ്ങനെ 'ചേര'രും 'ചേരമ'രും ഉത്ഭവിച്ചു. മുന്‍പ് സൂചിപ്പിച്ച നദീബന്ധമാണ് ഇഴജന്തുവായ ചേരയെ (ചേരപ്പാമ്പ്) അങ്ങനെ വിളിക്കാന്‍ കാരണമായത്. 

സര്‍പ്പാരാധകരായിരുന്നതുകൊണ്ടല്ല, നാഗന്മാര്‍ ആ പേരില്‍ അറിയപ്പെട്ടത്, മറിച്ച് നദിയുമായി അവര്‍ക്കുണ്ടായിരുന്ന ബന്ധമാണ് ആ പേരില്‍ വിളിക്കപ്പെടാന്‍ കാരണമായതെന്ന എന്റെ അഭിപ്രായം കൂടുതല്‍ വ്യക്തമാക്കാനാണ് ഇത്രയും കുറിച്ചത്. നദിയുടെ ലിപിരൂപം സര്‍പ്പത്തെപ്പോലെയാണല്ലോ വരക്കപ്പെടുന്നത്. നദിയുടെ കൈവഴികളാണ് സര്‍പ്പത്തിന്റെ പഞ്ചമുഖങ്ങളായി പിന്നീട് കല്പി ക്കപ്പെട്ടത്. നദിയുടെ ഉത്ഭവസ്ഥാനം സര്‍പ്പത്തിന്റെ വാലുപോലെ നേര്‍ത്തും ഇരിക്കുമല്ലോ.

വരമൊഴിയില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ നാഗന്‍ അഹിവിത്രന്‍ എന്നറിയപ്പെടുന്നു. അഹിവത്രനെ ആദ്യമായി പരിചയപ്പെടുത്തിത്തരുന്നത് ശതപഥബ്രാഹ്മണത്തിലാണ് എന്ന് ഡോ. അംബേഡ്കര്‍ സൂചിപ്പിക്കുന്നു. ഋഗ്വേദത്തില്‍ എല്ലായ്‌പ്പോഴും അഹിവിത്രനെ വിരിക്കുന്നത്, സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ജലസമ്പത്തിന്റെ പൂര്‍ണനിയന്ത്രണം ചെലുത്തുന്ന സര്‍പ്പമായിട്ടാണ്. നാഗന്മാരൂടെ നദീ - സമുദ്രബന്ധം ഈ പ്രസ്താവത്തില്‍ നിന്ന് കൂടുതല്‍ വ്യക്തമാണല്ലോ. ഋഗ്വേദത്തില്‍ അഹിവിത്രന്‍ ആര്യദൈവമായ ഇന്ദ്രന്റെ ശത്രു എന്ന നിലയിലും പരിചയപ്പെടുത്തുന്നുണ്ട്. അഹിവിത്രന്‍ വാസ്തവത്തില്‍ വൃത്രാസുരന്‍ തന്നെയാണ്. അഹിഃ എന്നാല്‍ പാമ്പ് എന്നുതന്നെയാണ് അര്‍ത്ഥം. വിത്തം സമ്പത്താണല്ലോ. സമ്പത്തിന് ഉടമയായ നാഗന്‍ എന്ന അര്‍ത്ഥത്തിലാണ് 'അഹിവിത്രന്‍' എന്ന നാമത്തിന്റെ പ്രയോഗം നിലവില്‍ വന്നത്. 

ഈ അഭിപ്രായം മാത്രമാണ് മൗലികമായി ഞാന്‍ മുന്നോട്ടുവെച്ചിട്ടുള്ളൂ. ദേശികരായ ഒരു ജനത വിഷസര്‍പ്പത്തെ ആരാധനമൂര്‍ത്തിയായി സ്വീകരിക്കാന്‍ കാരണമെന്ത് എന്നവിഷയത്തിലുള്ള എന്റെ അന്വേഷണമാണ് ഈ നിഗമനത്തിലെത്തിച്ചേരാന്‍ പ്രേരണയായത്. എല്ലാവരും പറയാറുള്ളതുപോലെ വായനക്കാര്‍ക്ക് എന്റെ അഭിപ്രായം തള്ളുകയോ കൊള്ളുകയോ ആവാം. ഒരുകാര്യത്തില്‍ എനിക്ക് ഉറച്ച അഭിപ്രായമാണ് ഉള്ളത്. അതായത് ദേശിക ജനതയെ സംബന്ധിച്ച 'നാഗ' എന്ന പ്രയോഗം ഇനി മാറ്റേണ്ടതില്ല. അത് അങ്ങനെതന്നെ തുടരട്ടെ. ഒരു പിശക് രൂഢിയായിക്കഴിഞ്ഞാല്‍ സാധുവാകുമെന്നാണ് വൈയാകരണന്മാരുടെ മതം. ആ ന്യായമനുസരിച്ചുതന്നെയാണല്ലോ സുരന്മാര്‍ അസുരന്മാരായതും അസുരന്മാര്‍ സുരന്മാരായതും.

ഈ പുസ്തകത്തെക്കുറിച്ചുള്ള അറിയിപ്പുകള്‍ സാമൂഹ്യമാധ്യമങ്ങള്‍ വന്നപ്പോള്‍ പലരും ഉന്നയിച്ച ആരോപണങ്ങള്‍, നിങ്ങള്‍ അംബേഡ്കറെ വംശീയവാദിയാക്കുകയാണോ എന്നതായിരുന്നു. അവര്‍ ആദ്യമായി അറിയേണ്ടത് വംശീയതക്ക് രണ്ട് പിരിവുകളുണ്ട് എന്നുള്ള വസ്തുതയാണ്. ഒരാള്‍ വംശീയവാദിയായിരിക്കുമ്പോഴും അയാള്‍ ജനാധിപത്യബോധമുള്ളയാളാണെങ്കില്‍ അത് ധനാത്മകമാണ്. ഡോ. അംബേഡ്കര്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, നെല്‍സണ്‍ മണ്ടേല എന്നിവര്‍ക്ക് ഈ അര്‍ത്ഥത്തില്‍ വംശീയവാദിയായിരിക്കാതെ തരമില്ലല്ലോ. ഇവരെപ്പോലെയല്ല ഹിറ്റ്‌ലറു ടെ വംശീയവാദം (ആര്യന്‍ സുപ്രീമസി പോളിസി). അത് ജനാധിപത്യ വിരുദ്ധമാകയാല്‍ അത് ഫാസിസമാണ്, ഋണാത്മകമാണ്. പ്രാക്തന ഇന്ത്യയില്‍ രണ്ടുവംശങ്ങളേ ഉണ്ടായിരുന്നുള്ളൂ എന്നു നിരീക്ഷിച്ചത് ഡോ. അംബേഡ്കറാണ്. അതിലൊന്നായ നാഗവംശത്തില്‍ പിറന്ന ഡോ. അംബേഡ്കര്‍ക്ക്, അടിച്ചമര്‍ത്തപ്പെട്ട തന്റെ വംശത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളാതിരിക്കാനാവില്ലല്ലോ. ഡോ. അംബേഡ്കറുടെ വംശീയവാദത്തിനുള്ള പ്രത്യക്ഷോദാഹരണമാണ് അദ്ദേഹം അവസാനകാലത്ത് ബുദ്ധമതം സ്വീകരിച്ചു എന്നുള്ളത്. നാഗവംശത്തിന് ഒരു മതവിശ്വാസപാരമ്പര്യമുണ്ടായിരുന്നു; അത് ബുദ്ധമതമായിരുന്നു എന്ന് അംബേഡ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

നാഗവംശത്തെക്കുറിച്ച് മലയാളത്തില്‍ പ്രസിദ്ധീകൃതങ്ങളായിട്ടുള്ള രണ്ട് ഗ്രന്ഥങ്ങളില്‍ ഒന്ന് ദലിത്ബന്ധു എന്‍ കെ ജോസിന്റെ കൃതിയും എം ഗോപിനാഥിന്റെ കൃതിയുടെ മലയാള പരിഭാഷയുമാണ്. അമേരിക്കയിലെ സാമൂഹ്യ ശാസ്ത്രജ്ഞന്മാരില്‍ പ്രമുഖനും സര്‍വകലാശാലാ അധ്യാപകനുമായ ഡോ. ക്ലൈഡ് വിേെന്റഴ്‌സിന്റെ നാഗവംശ ത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളേയും പഠിക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്. എല്ലാവരും തന്നെ ഡോ. അംബേഡ്കറെ ഉദ്ധരിച്ചുകൊണ്ടാണ് തങ്ങളുടെ നിരീക്ഷണങ്ങളെ അത്രയും സമര്‍ത്ഥിച്ചിട്ടുള്ളത് എന്നു കാണാം. അങ്ങനെ വിലയിരുത്തുമ്പോള്‍ നാഗവംശ ത്തെക്കുറിച്ചുള്ള ഏതൊരു പഠനവും അന്വേഷണവും ഡോ. അംബേഡ്കറില്‍ നിന്നുമാത്രമാണ് ആരംഭിക്കുന്നത് എന്ന നിഗമനത്തിലെത്തിച്ചേരുവാന്‍ പ്രേരണ ചെലുത്തുന്നു. അതിനാല്‍ത്തന്നെ ഈ കൃതി, അങ്ങനെ വിളിക്കുന്നുവെങ്കിലും ഇത് ഞാന്‍ ചെയ്തുവെച്ച, ഡോ. അംബേഡ്കറുടെ ഉദ്ധരണികളുടെ സമാഹരണം മാത്രമാണ്.

പ്രമുഖ അംബേഡ്കറൈറ്റും ഭാഷാപണ്ഡിതനും ഗ്രന്ഥകര്‍ത്താവുമായ വി കെ നാരായണന്‍ തന്റെ ലൈബ്രറി ഉപയോഗിക്കുവാന്‍ അവസരം തന്നത് ഈ ഗ്രസ്ഥരചനക്ക് അങ്ങേയറ്റം പ്രയോജനം ചെയ്തിട്ടുണ്ട്. കോട്ടയത്തുവെച്ച് നടന്ന ഒരു നാഗവംശ സമ്മേളനത്തില്‍ നിന്നും ലഭിച്ച അനുഭവങ്ങള്‍, ദലിത് വിമോചകപ്ര വര്‍ത്തകയായ മൃദുലാദേവി ശശിധരന്‍ എനിക്കു പങ്കുവെച്ചിട്ടുണ്ട്. മനശ്ശാസ്ത്രവി ദ്യാര്‍ത്ഥിയായ ഷര്‍മാധരന്‍ നല്‍കിയ അറിവുകളും എന്റെ മൗലികമായ നിരീക്ഷ ണത്തെ സ്വാധീനിച്ചിട്ടുണ്ട്. യു പി അനില്‍ നാഗന്റെ നിരന്തര പ്രേരണയാലാണ്, അദ്ദേഹത്തിന്റെ ചുമതലയില്‍ ഈ ചെറുഗ്രന്ഥം പുറത്തിറക്കാനാവുന്നത് എന്നതും ആഹ്ലാദകരം തന്നെ. കോട്ടയത്തെ സീനിയര്‍ ലേ ഔട്ട് ആര്‍ട്ടിസ്റ്റായ പെര്‍ഫക്ട് ഗ്രാഫിക്‌സ് ഉടമ സജീവ് നല്‍കിയ സേവനങ്ങളേയും ആദരപൂര്‍വം സ്മരിക്കുന്നു. എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

'ജയ് ഭീം'
- അഹിവിത്രന്‍ കണ്ണന്‍ മേലോത്ത്അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ