"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, നവംബർ 4, ശനിയാഴ്‌ച

അച്ചന്‍കോവില്‍ സമരനായകന്‍ കുട്ടപ്പന്‍ - പള്ളിക്കല്‍ സാമുവല്‍


സമരനായകന്‍ കുട്ടപ്പന്‍

കല്ലറ സുകുമാരന്റെ ജീവചരിത്രത്തില്‍ മാത്രമല്ല, ഇന്ത്യയിലെമ്പാടുമുള്ള ദലിത് സമുഹത്തിന്റെ അധികാര രാഷ്ട്രീയത്തിന്റേയും സാമുഹിക സാമ്പത്തിക സാംസ്‌കാരിക മണ്ഡലങ്ങളിലെ സ്വാഭിമാന പ്രവര്‍ത്തനങ്ങളുടേയും ചിന്തകളുടേയും കുടി ചരിത്രത്തില്‍ അവിസ്മരണീയമായ ഒരു അദ്ധ്യായമാണ് അച്ചന്‍കോവില്‍ സമരം. കൊല്ലം ജില്ലയില്‍ ചെങ്കോട്ടയ്ക്കടുത്ത് അച്ചന്‍കോവിലില്‍ സുപ്രസിദ്ധമായ ഹൈന്ദവതീര്‍ത്ഥാടന കേന്ദ്രവും ശാസ്താ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. പുനലുരില്‍ നിന്ന് കിഴക്ക് അച്ചന്‍കോവില്‍ ഫോറസ്റ്റിന്റേയും കോന്നി ഫോറസ്റ്റിന്റേയും കീഴിലുള്ള നിബിഡമായ വനഭാഗമാണ്അച്ചന്‍കോവിലിന്റെ ഭൂരിഭാഗവും. ക്ഷേത്രത്തിന് സമീപമുള്ള റോഡിനെതൊട്ട് പ്രസിദ്ധവും പ്രക്യതി രമണീയവുമായ അച്ചന്‍കോവിലാറ്ഒഴുകുന്നു. പുനലുരില്‍ നിന്നും 45 കി.മി. ദുരമുണ്ട് അലിമുക്ക്, മുള്ളുമല വഴി അച്ചന്‍കോവിലില്‍ എത്താന്‍. അതില്‍ തന്നെ 20 കി. മീറ്ററോളം ഘോരവനത്തിലുടെ യാത്ര ചെയ്യണം. അച്ചന്‍കോവില്‍ ക്ഷേത്രത്തിന്റെ പരിസരത്തായി ഏതാനും ചില കടകളും, ഗവ.ഹൈസ്‌കുളും പോലീസ് ഔട്ട് പോസ്റ്ററും, ഗവ ആശുപത്രിയും, പി.ഡബ്ലു.ഡി. റസ്റ്റ് ഹൗസും, ദേവസ്വം റസ്റ്റ് ഹൗസും, പോസ്റ്റ ഓഫീസും, ഗിരിജന്‍ ഹോസ്റ്റലും ഫോറസ്റ്റ് ഓഫീസും ആണ് ആകെ ഉള്ള പൊതു സ്ഥാപനങ്ങള്‍; ജംഗ്ഷനില്‍ നിന്നും അകലെ അര നുറ്റാണ്ടു മുമ്പു വനഭുമിഭുരഹിതരായ പട്ടികജാതി കുടുംബങ്ങള്‍ക്ക് അനുവദിച്ചുകൊടുത്തു. ഇന്ന് ആകുടുംബങ്ങള്‍ അഞ്ഞൂറായി വര്‍ദ്ധിച്ചിട്ടുണ്ട്. മാത്രമല്ല അധ:സ്ഥിതര്‍ക്കായി കൈമാറ്റം ചെയ്തു കൊടുത്ത കോളനി വസ്തു പല ചില്ലറയായി വാങ്ങിയ നിരവധി മറ്റ് സമുദായക്കാരുമുണ്ട്. കോളനി പ്രദേശങ്ങളുടെ പരിസരത്ത് വസ്തു െകെവശപ്പെടുത്തി വെച്ച് നുറുകണക്കിന് കുടുംബങ്ങള്‍ വനാന്തരത്തില്‍ ഇപ്പോഴും താമസമുണ്ട്.

കുടിയേറ്റക്കാരുടെ ആഗമനത്തിന് മുമ്പ് സ്ഥിരവാസികളും ഭു അവകാശികളും ആയിരുന്നത് ആദിവാസികളാണ്. അവരില്‍ മലമ്പണ്ടാരം വിഭാഗത്തില്‍പ്പെട്ട അഞ്ഞുറോളം കുടുംബക്കാര്‍ ഈ പ്രദേശത്ത് താമസമുണ്ട്. അവരില്‍ നല്ല ഭാഗവും ഇന്ന് വനവിഭങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്നവരും മറ്റുള്ളവര്‍ കൂലിപ്പണി ചെയ്യുന്നവരുമാണ്. മുഷിഞ്ഞു കീറിയുള്ള വേഷവും എണ്ണ തേക്കാതെയും കുളിക്കാതെയുമുള്ള ആരോഗ്യശുന്യമായവിക്യതരുപവും ദേശീയപുരോഗതിയില്‍ മലമ്പണ്ടാരങ്ങളടങ്ങിയ ആദിവാസി സമുഹത്തിന്റെ ആകെയുള്ള പങ്ക് എന്ത് എന്ന് വിളിച്ചറിയിക്കുന്നു. അച്ചന്‍കോവിലില്‍ ഉള്ള ആകെ ജനസംഖ്യയില്‍ ഭുരിഭാഗവും പട്ടികജാതി-ആദിവാസി വിഭാഗങ്ങളാണ്.

കഴിഞ്ഞ 15 വര്‍ഷം മുമ്പുവരെ അച്ചന്‍കോവിലില്‍ എത്താന്‍ വനാന്തരത്തിലുടെയുള്ള ഒറ്റയടിപാതയിലുടെ നടക്കണമായിരുന്നു. ഇന്ന് സ്ഥിതി ആകെ മാറിയിട്ടുണ്ട്. അച്ചന്‍കോവിലില്‍ എത്താന്‍ ചെങ്കോട്ടയില്‍ നിന്നും പുനലുരില്‍ നിന്നും ദിവസം മുന്നു പ്രാവശ്യം വീതം തമിഴ്‌നാടിന്റേയും കേരളത്തിന്റേയും ബസ് സര്‍വ്വീസ് ഉണ്ട്. തുടര്‍ച്ചയായി ലോറികളും ജീപ്പുകളും ഇന്ന് അച്ചന്‍കോവിലിനെ പുറം ലോകവുമായി ബന്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. 

ഇവിടെ പറയാനുള്ളത് ശ്രീ കല്ലറസുകുമാരന്‍ നേതൃത്വം നല്കി ശ്രീ അച്ചന്‍ കോവില്‍ കുട്ടപ്പന്‍ നയിച്ച് വിജയിപ്പിച്ച അച്ചന്‍കോവില്‍ സമരത്തെപ്പറ്റിയാണ്. അച്ചന്‍കോവില്‍ പ്രദേശത്തെ ഏറ്റവും മുന്തിയ വ്യവസായം വനാന്തരങ്ങളില്‍ നിന്ന് മരം മുറിച്ച് ലോറിയില്‍ ലോഡ് ചെയ്യുക എന്നതാണ്. ഒരു ലോറിയില്‍ ലോഡ് ചെയ്യുന്ന തേക്കിന്‍ കഴക്ക് ലോഡ് കൂലിയിനത്തില്‍ ആറായിരം രൂപയാണ് കിട്ടുന്നത്, അതിനുവേണ്ടി വരുന്നത് ഒരു ദിവസം പത്തില്‍ താഴെ തൊഴിലാളികളുടെ അദ്ധ്വാനം മാത്രമാണ്. വളരെ വിരളമായി മാത്രമേ തേക്കിന്‍ കഴ ലോഡ് ലഭിക്കാറുള്ളൂ. എങ്കിലും ഒരു ദിവസത്തെ കൂലിയായി അഞ്ഞൂറുരൂപയില്‍ അധികം എങ്കിലും ലഭിക്കും എന്നുള്ളതു കൊണ്ട് ഈ തൊഴില്‍ മേഖലയില്‍ ചുറ്റിപ്പറ്റി നില്‍ക്കാന്‍ ധാരാളം പേര്‍ രംഗത്തു വരുന്നുണ്ട്. വിറക്, മറ്റ് തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട് അഞ്ഞൂറിലധികം തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട് ഈ പ്രദേശത്ത്. തൊഴിലാളികളില്‍ നല്ല ശതമാനത്തേയും വാറ്റു ചാരായവും കഞ്ചാവും ചീട്ടുകളിയും വലയം ചെയ്തിരിക്കുന്നു. അതിന്റേതായ ഗൃഹാതുരത്വം ഈ തൊഴിലാളികളെ വല്ലാതെ ഗ്രസിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതര പ്രദേശങ്ങളില്‍ നിന്നും ഒറ്റപ്പെട്ട ഏകസ്ഥലമായതു കൊണ്ട് മദ്യപാനത്തിലും ചീട്ടുകളിയിലും താഴ്ന്ന സാംസ്‌കാരിക നിലവാരത്തിലുള്ള ആളുകള്‍ പെട്ടന്ന് ആകര്‍ഷിക്കപ്പെടുന്നു.

1988-ന്റെ കാലഘട്ടത്തിലാണല്ലോ കേരളത്തില്‍ നിരന്തരമായി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ബന്ദ് ആചരിച്ചു വന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ ഇരുന്ന ആ സമയത്ത് ഒരു ദേശീയ ബന്ദ് നടന്നു. കേരളം ഉള്‍പ്പെട്ട പല സംസ്ഥാനങ്ങ ളിലും ബന്ദ് ഭാഗികമായിരുന്നു. അച്ചന്‍കോവില്‍ ദലിത് കോളനിയില്‍ മുന്‍പറഞ്ഞ മദ്യപാനം, ചീട്ടുകളി തുടങ്ങിയ വെറികൂത്തുകളില്‍ നിന്ന് വേറിട്ട് സമുദായ സ്‌നേഹവും ആത്മാഭിമാനവുമുള്ള ഒരു കരുത്തനായ നേതാവ് ഉണ്ടായിരുന്നു. ശ്രീ അച്ചന്‍കോവില്‍ കെ. കുട്ടപ്പന്‍ ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. ശ്രീ കുട്ടപ്പനെപ്പറ്റി അന്യത്ര പ്രതിപാദിക്കുന്നുണ്ട്. കുട്ടപ്പന്‍ വഴി വക്കില്‍ തന്റെ വീടിനോട് ചേര്‍ന്ന് ഒരു ചായക്കട നടത്തിയിരുന്നു. ഇടതുപക്ഷക്കാര്‍ സംഘടിപ്പിച്ച ദേശീയ ബന്ദ്ദിനത്തില്‍ ഈ ചായക്കട അടച്ചില്ല എന്നു മാത്രമല്ല അവിടെ ചായക്കച്ചവടവും നടന്നു.

ഈ വിവരം അറിഞ്ഞ് ഇടതുപക്ഷക്കാര്‍ കുട്ടപ്പനെതിരെ തിരിയികയും ചായക്കട അടപ്പിക്കുകയും ഉണ്ടായി. ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി പ്രസ്ഥാനമായ എ.ഐ.റ്റി.യു.സി.യിലെ ഘടക പ്രസ്ഥാനത്തിലെ ഒരംഗമാണ് തൊളിലാളി കുടിയായ കുട്ടപ്പന്‍. എ.ഐ.റ്റി.യു.സി യിലെ അംഗമായ കുട്ടപ്പന്‍ ഇടതുപക്ഷം നടത്തുന്ന ദേശീയ ബന്ദിനെതിരെ നിന്നാല്‍ ഇടതുപക്ഷക്കാര്‍ എങ്ങനെ സഹിക്കും.

അന്ന് രാത്രി കുട്ടപ്പന്റെ പീടികവരാന്തയില്‍ കോളനി നിവാസികള്‍ ഒത്തുകൂടി. ഇടതുപക്ഷത്തിന്റെ ദേശീയ ബന്ദും അന്ന് അവര്‍ നടത്തിയ ആക്രോശങ്ങളും ചര്‍ച്ചാവിധേയമായി. പിറ്റേ ദിവസം പതിവുപോലെ തടി ലോഡിംഗിന് ചെന്ന തൊഴിലാളികള്‍ ഇന്നുമുതല്‍ നിങ്ങള്‍ക്ക് പണിയില്ല എന്ന നേതാക്കളുടെ ഉഗ്രമായ പ്രഖ്യാപനം കേട്ട് ഞെട്ടി. വര്‍ഷങ്ങളായി അവര്‍ കുടുംബം പോറ്റാനായി തടി മുറിച്ച് ലോഡ് ചെയ്യുന്ന പണി അവര്‍ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. പാര്‍ട്ടികളുടേയും ട്രേഡ് യുണിയന്‍ നേതാക്കളുടേയും അറിവും സമ്മതവും ഇല്ലാതെ തലേ ദിവസം രാത്രിയില്‍ കുട്ടപ്പന്റെ വസതിയില്‍ സമ്മേളിച്ച് ബന്ദ് ദിവസം ചായക്കട അടപ്പിച്ച കാര്യത്തില്‍ പരിദേവനം നടത്തിയ 55 തൊഴിലാളികള്‍ക്ക് അവര്‍ അംഗങ്ങളായിട്ടുള്ള യൂണിയനുകള്‍ തൊഴില്‍ നിഷേധിച്ചിരിക്കുന്നു.തൊഴിലാളികള്‍ അവര്‍ക്ക് പറയാന്‍ കഴിയുന്ന എല്ലാ വിധ അവഥായും പറഞ്ഞുനോക്കി.കേവലം ഒരു സമുദായ യോഗം മാത്രമായിരുന്നു അത്. അത് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതാണെന്നും അവര്‍ ന്യായീകരണം പറഞ്ഞു. യൂണിയന്‍ നേതാക്കളേയും രാഷ്ട്രീയ പ്രവര്‍ത്തകരേയും അറിയിക്കാതെ സമുദായത്തിന്റേതാണെങ്കില്‍ കുടി പ്രത്യേകം കുടിയത് ശരിയല്ല. അത് വര്‍ഗ്ഗീയത ഉണ്ടാക്കാനും വളര്‍ത്താനും ഇടയാക്കും. അതിനുള്ള ശിക്ഷ അനുഭവിച്ചേ പറ്റു. നേതാക്കളുടെ ഈ ഉറച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത 55 തൊഴിലാളികള്‍ക്കും യൂണിയന്‍ പണി നല്‍കിയില്ല.

ചായക്കട ഉടമസ്ഥനും, അധ:സ്ഥിതരുടെ ചര്‍ച്ചായോഗത്തിന് അവസരവും സ്ഥലവും നല്‍കിയതിനും യോഗം വിളിച്ചുകുട്ടിയ ആള്‍ എന്ന നിലയിലും തൊഴില്‍ നിഷേധിക്കപ്പെട്ട ആള്‍ എന്ന നിലയിലും തൊഴില്‍ നിഷേധിക്കപ്പെട്ട മറ്റ് തൊഴിലാളികളോട് സമാധാനം പറയാന്‍ കുട്ടപ്പന്‍ നിര്‍ബന്ധിതനായി. AITUC, CITU, INTUC, UTUC, INTUC(S), HM-S. KTUC, SRTUC തുടങ്ങിയ എട്ടു യൂണിയനുകള്‍ അന്ന് അവിടെ ഉണ്ടായിരുന്നു. കുട്ടപ്പന്‍ ഓരോരുത്തരേയും സമീപിച്ച് തന്റെ നിരപരാധിത്വം പറഞ്ഞു.എന്നാല്‍ പ്രസ്തുത പട്ടികജാതിക്കാര്‍ ഇതര നേതാക്കന്മാരെ അവഗണിച്ച് പലപ്പോഴും പ്രത്യേകമായി യോഗം ചേരുന്ന പതിവ് മറ്റുള്ളവര്‍ മുന്‍കുട്ടി തന്നെ ശ്രദ്ധിച്ച് പോന്നിരുന്നതാണ്. പട്ടികജാതിക്കാരെ പ്രത്യേകം സംഘം ചേരാന്‍ അനുവദിച്ചാല്‍ അവര്‍ പീന്നീട് അവര്‍ക്ക് തന്നെ ദോഷം ചെയ്യുമെന്ന് മറ്റുള്ളവര്‍ മുന്‍കുട്ടി മനസ്സിലാക്കിയിരുന്നു.അതുകൊണ്ട് അച്ചന്‍കോവിലിലുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും പ്രത്യേകിച്ച് ട്രേഡ് യൂണിയനുകളിലുമുള്ള ദലിതരില്‍ പലരേയും അവരെല്ലാം നോട്ടപുള്ളികളായി വച്ചിരുന്നതാണ്. ഇക്കുറി ഒരവസരം കിട്ടി.പണി നിഷേധിക്കപ്പെട്ട എല്ലാവരും ഒരു പാഠം പഠിക്കും. അച്ചന്‍കോവില്‍ പോലുള്ള ഒരു വനാന്തരപ്രദേശത്ത് ഉപജീവനം നടത്തുവാനും കുടുംബം പോറ്റുവാനും ഇത്തരം ഒരവസ്ഥാ വിശേഷത്തില്‍ സാധാരണക്കാര്‍ക്ക് കഴിയില്ല. ദലിതരെ വരേണ്യ വര്‍ഗ്ഗത്തിന്റെ വാലാട്ടിപ്പട്ടികളാക്കി മാറ്റുവാന്‍ അവര്‍ ഉപജീവനം തേടുന്ന കൂലിപ്പണി നിഷേധിക്കുക മാത്രം ചെയ്താല്‍ മതി. എല്ലാവരും വഴിക്കുവഴി വന്നുകൊളളും. യൂണിയന്‍കാരും പാര്‍ട്ടിക്കാരും തീരുമാനത്തില്‍ ഉറച്ചു നിന്നു.

കുട്ടപ്പന്‍ ആകെ അങ്കലാപ്പിലായി. 55 കുടുംബങ്ങള്‍ ഒരേപോലെ നിത്യപട്ടിണി യിലായിരിക്കുന്നു. ആര്‍ക്കും പണിയില്ല. പുതിയ തൊഴില്‍ കണ്ടെത്താന്‍ എന്തായാലും കുറെ ദിവസം വേണം. ഒരു നേരത്തെ കഞ്ഞിക്ക് ഉരി അരിയ്ക്കു പോയിട്ട് ഒരു ബീഡിക്കുപോലും പണി നിഷേധിക്കപ്പെട്ട55 ദലിതര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാദ്ധ്യമല്ലാതായി തീര്‍ന്നിരിക്കുന്നു. യൂണിയനുകളില്‍ നിന്നും പാര്‍ട്ടികളില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ എല്ലാവിധത്തിലും ബഹിഷ്‌കൃതരാണ്. സാമൂഹികമായ ഒരു പ്രതിസന്ധി. യൂണിയനും പാര്‍ട്ടിയും പുറത്താക്കിയവരോട് സഹകരിക്കുകയും അവരെ സഹായിക്കുകയും ചെയ്താല്‍ അത് യൂണിയനോടും പാര്‍ട്ടിയോടുമുള്ള അനാദരവും അവഹേളനവും അച്ചടക്ക ലംഘനവുമാകും. പുറത്താക്കപ്പട്ട ഒരാളിനോട് സംസാരിക്കുന്നതുപോലും യൂണിയന്റേയും പാര്‍ട്ടിയുടേയും നേതാക്കള്‍ കണ്ടാല്‍ അത് ഗുരുതരമായ ഭവിഷ്യത്തുകള്‍ വിളിച്ചുവരുത്തും. അതുഭയന്ന് യൂണിയനുകള്‍ തൊഴില്‍ നിഷേധിച്ച് പുറത്താക്കിയ 55 കോളനി കുടുംബക്കാരോട് സ്വസഹോദരങ്ങള്‍ പോലും പ്രത്യക്ഷത്തില്‍ ഒരു സാമുഹ്യ ബഹിഷ്‌കരണം തന്നെ നടത്തി. ഏതെങ്കിലും തരത്തിലുള്ള ഒത്തു തീര്‍പ്പുണ്ടാക്കി പ്രസ്തുത കുടുംബങ്ങളെ നിലനിര്‍ത്തുവാനും രക്ഷിക്കാനുമുള്ള ചുമതല കുട്ടപ്പനും അനുയായികളും നടത്തിനോക്കിയെങ്കിലും എല്ലാം പരാജയപ്പെട്ടു. ഈ ഘട്ടത്തിലാണ് അവരുടെ നിലനില്‍പ്പിനുള്ള സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു ദലിത് സാമുദായിക പ്രവര്‍ത്തകനായ ഈ ലേഖകനെ തേടി കുട്ടപ്പനും സഹപ്രവര്‍ത്തകരും കൊട്ടാരക്കരയിലുള്ള ലേഖകന്റെ വീട്ടില്‍ എത്തിയത്.

കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ സംഗതിയുടെ ഗൗരവം മനസ്സിലായി. എട്ട് ട്രേഡ് യൂണിയനുകളിലായി പ്രവര്‍ത്തിക്കുന്ന നേതാക്കന്മാരില്‍ പലരും അച്ചന്‍കോവില്‍ എത്തിയത് അതു വഴി വന്ന ചരക്കുലോറിയുടെ മുകളില്‍ ചാക്കില്‍ കെട്ടിയ വീട്ടുപകരണങ്ങളും വേണ്ടപ്പെട്ട കുടുംബാംഗങ്ങളേയും കൊണ്ടു മാത്രമാണ്. ഏതാനും വര്‍ഷത്തെ ട്രേഡ് യൂണിയന്‍ നേതൃത്വം കൊണ്ട് മാത്രം അവരില്‍ പലരും ഇന്ന് ലക്ഷാധിപന്മാരായി മാറിയിട്ടുണ്ട്. ഈ മേഖലയില്‍ പണിയെടുക്കുന്ന അഞ്ഞൂറു തൊഴിലാളികളില്‍ തൊണ്ണൂറുശതമാനവും ദലിതുകളാണെങ്കിലും ദലിതരില്‍പ്പെട്ട ഒറ്റ ആളെങ്കിലും ട്രേഡ് യൂണിയന്‍ നേതൃത്വ രംഗത്തോ, പാര്‍ട്ടി നേതൃത്വ രംഗത്തോ ഇല്ല. മലമ്പണ്ടാരങ്ങള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ കൂലി അടിമകളെപ്പോലെ അദ്ധ്വാനിക്കുന്നു. പണി സ്ഥലത്തേക്ക് ഓരോ ദിവസവും ടേണ്‍ നിശ്ചയിച്ച് അയക്കുന്നത് യൂണിയന്‍ നേതാക്കളാണ്. കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും കൂലി എണ്ണി വാങ്ങുന്നതും നേതാക്കന്മാര്‍ തന്നെ. നേതാക്കന്മാരില്‍ നിന്നും തൊഴിലാളികള്‍ വിഹിതം കൂലിയായി വാങ്ങുന്നു. ഫലത്തില്‍ കൂലി കൊടുക്കുന്നത് തൊഴില്‍ ഉടമയും തൊഴില്‍ അനുവദിച്ച് കൊടുക്കുന്നത് യൂണിയന്‍ നേതാക്കളുമാണ്. ആരൊക്കെ പണിയ ണമെന്നും, എന്ത് കൂലി കൊടുക്കണമെന്നും എന്തെന്ത് ശിക്ഷണ നടപടികള്‍ കൊടുക്കണമെന്ന് തീരുമാനിക്കുന്നതിനും ഉള്ള അധികാരം യൂണിയനുകള്‍ക്ക് ഉണ്ട്.

കുടുതല്‍ വിദഗ്‌ദോപദേശം വേണ്ടതായ ഒരു പ്രശ്‌നമാണ് കുട്ടപ്പന്റേയും കൂട്ടരുടേതെന്നും എനിക്ക് ബോദ്ധ്യമായി. അച്ചന്‍കോവിലില്‍ പട്ടിണി മരണത്തെ നേരിടുന്ന 55 പട്ടികജാതി കുടുംബങ്ങളുടെ മുഖ്യശത്രു സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷക്കാരായിരുന്നു. ഭരണക്കാരുടെ സകലവിധ പിന്‍ബലവും കോളനി നിവാസികളുടെ അന്നത്തെ ദുരവസ്ഥക്ക് ഉണ്ടായിരുന്നു. പ്രശ്‌നത്തിന്റെ പരിഹാരം ഉണ്ടാക്കേണ്ടത് സര്‍ക്കാരും സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിക്കാരുമാണ്. 1988 മാര്‍ച്ച് മാസം രണ്ടാം ആഴ്ചയിലെ ഒരു ശനിയാഴ്ച കുട്ടപ്പനും സഹപ്രവര്‍ത്തകരും എന്നെ സമീപിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. അന്നുതന്നെ കൊട്ടാരക്കരക്കു സമീപം വിലങ്ങറ വടകോട് എന്ന സ്ഥലത്ത് ഇന്ത്യന്‍ ലേബര്‍പാര്‍ട്ടിയുടെ (I L P) ഏകദിന ക്യാമ്പില്‍ പങ്കെടുക്കുവാന്‍ എത്തിയ കല്ലറ സുകുമാരനുമായി പാര്‍ട്ടിയുടെ ജില്ലാ നേതാക്കളായ സണ്ണി ദാനിയേല്‍, പാലവിള ജോസഫ്, ഡെന്നി കാരാണി എന്നിവരും ഞാനും കുട്ടപ്പനും സഹപ്രവര്‍ത്തകരും അച്ചന്‍കോവില്‍ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു. നിയമപരമായ പരിരക്ഷകള്‍ പ്രസ്തുത തൊഴിലാളികള്‍ക്ക് നല്‍കുന്നതിനായി നിയമപരമായി മെമ്മോറാണ്ടം തയ്യാറാക്കി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള അധികാരികള്‍ക്കും, ഹെഡ്‌ലോഡ് ആക്ട് പ്രകാരമുള്ള നടപടി സ്വീകരിക്കുവാന്‍ പുനലുര്‍ ഡെപ്യുട്ടി ലേബര്‍ ഓഫീസര്‍ക്കും, ഹെഡ്‌ലോഡ് ആക്ട് ഇന്‍സ്‌പെക്ടര്‍ എന്ന നിലയില്‍ പുനലൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ക്കും കത്തുകളെഴുതി. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് തുടങ്ങിയവര്‍ക്ക് പ്രത്യേകമായി അപേക്ഷ തയ്യാറാക്കി ക്യാമ്പില്‍ നിന്നും ചുമതലപ്പെടുത്തിയ പ്രവര്‍ത്തകര്‍ കത്തുകളും മെമ്മോറാണ്ട ങ്ങളുമായി വിവിധ അധികാരികളെ കാണാന്‍ പുറപ്പെട്ടു. വസ്തുതകള്‍ വിശദീകരിച്ചു കൊണ്ട് ഒരു വലിയ നോട്ടീസ് തയ്യാറാക്കി പ്രസിദ്ധീകരിച്ചു. അച്ചന്‍കോവിലില്‍ സെന്റര്‍ ഓഫ് കേരള ട്രേഡ് യൂണിയന്‍സ് (CKTU) ന്റെ നേതൃത്വത്തില്‍ ഒരു വമ്പിച്ച വിശദീകരണയോഗവും അനിശ്ചിതകാല നിരാഹാരസമരവും ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് സുപ്രണ്ട്, ജില്ലാ ലേബര്‍ ഓഫീസര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥന്മാരേയും നേരില്‍ കണ്ട് കല്ലറ സുകുമാരനും ഞാനും കുട്ടപ്പനും കുടി വസ്തുതകള്‍ ബോദ്ധ്യപ്പെടുത്തി. മന്ത്രിമാരേയും ലേബര്‍ കമ്മീഷണറേയും കണ്ടു. ഞങ്ങളുടെ ആവശ്യം നൂറുശതമാനവും നീതിയുക്തമാണെന്ന് ബന്ധപ്പെട്ടവരെല്ലാം ഒരുപോലെ സമ്മതിച്ചു. എന്ത് കാരണത്തിന്റെ പേരിലായാലും തൊഴിലാളികളുടെ ഉപജീവനോപാധിയായ തൊഴില്‍ നിഷേധിച്ചത് കുറ്റകരമായ തെറ്റാണ്. പ്രത്യേകിച്ച് ദലിതരും കൂലിവേലക്കാരുമായ തൊഴിലാളികള്‍ നിത്യപട്ടിണിയിലാണ്. ഒരു പട്ടികജാതി കോളനിയിലെ വീട്ടുവരാന്തയില്‍ നടത്തിവരുന്ന നാമമാത്രമായ ചായക്കട ഇടതുപക്ഷത്തിന്റെ ബന്ദ് ദിവസം അടച്ചില്ലായെന്ന കാരണം പറഞ്ഞ് ഇടതു പക്ഷക്കാര്‍ ഭരിക്കുമ്പോള്‍ ഇത്രയേറെ തൊഴിലാളി കുടുംബങ്ങളെ നിത്യപട്ടിണിയിലാ ക്കിക്കൊണ്ട് സാമൂഹിക ബഹിഷ്‌കരണം നടത്തി പീഡിപ്പിക്കുന്നത് യാതൊരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്നും പ്രസ്തുത 55 തൊഴിലാളികളും ചെയ്തുവന്ന തൊഴില്‍ തുടര്‍ന്നു ചെയ്യുവാനും കുടുംബം രക്ഷിക്കാനും അവരെ അനുവദിക്കേ ണ്ടതാണെന്നുള്ള കാര്യത്തില്‍ തൊഴിലാളികളുടെ നേതാവും അടിത്തട്ടുകാരുടെ ആത്മബന്ധുവും വിപ്ലവകാരിയുമെന്നും വിശേഷിപ്പിക്കപ്പെടുന്ന അന്നത്തെ മുഖ്യമന്ത്രി നായനാരും അന്നത്തെ പുനലുര്‍ എ.എല്‍.ഒ ഫിലിപ്പോസ് വരെയുള്ള എല്ലാവരും ഒരുപോലെ സമ്മതിക്കുകയും ഒരുപറ്റം ട്രേഡ് യൂണിയന്‍ നേതാക്കളായ വര്‍ഗ്ഗീയക്കോമരങ്ങളും ബുര്‍ഷ്വകളും നടത്തുന്ന ചട്ടമ്പിത്തരത്തിന് സംസ്ഥാനത്തെ നീതിന്യായ നിയമതൊഴില്‍ സംരക്ഷകര്‍ വഴങ്ങി കൊടുക്കുകയില്ലെന്നും അവരൊക്കെ ഉറക്കെ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടിരുന്നു. എന്നാല്‍ പാവപ്പെട്ട തൊഴിലാഴികള്‍ക്ക് അവര്‍ ചെയ്തുവന്നിരുന്ന തൊഴില്‍ തുടര്‍ന്ന് ചെയ്യുവാനും വിശപ്പടക്കാനുള്ള വക തേടാനും മാസങ്ങളോളം കഴിഞ്ഞില്ല. അധികാരിവര്‍ഗ്ഗത്തിന്റെ ഉറപ്പുകള്‍ മാത്രം ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

കൊല്ലം ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് സുപ്രണ്ട്, ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവരെ ഞങ്ങള്‍ നിരന്തരം കണ്ട് ആവലാതികള്‍ ബോധിപ്പിച്ചുകൊണ്ടിരുന്നു. അവര്‍ കല്ലറ സുകുമാരന്‍ ഉള്‍പ്പെടെയുള്ള തൊഴിലാളി പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് നിരവധി വട്ടം ചര്‍ച്ചകള്‍ നടത്തി. തൊഴില്‍ നിഷേധിക്കപ്പെട്ട തൊഴിലാളികള്‍ ടിംബര്‍ മേഖലയില്‍ പണിയെടുത്തിരുന്നവരാണെന്നു തെളിയിക്കാനുള്ള നിരവധി രേഖകള്‍ നിരത്തിവച്ചു. തൊഴിലാളികള്‍ക്ക് യൂണിയനുകള്‍ ലൈറ്റര്‍ ഹെഡ്ഡില്‍ എഴുതികൊടുത്ത തൊഴില്‍ നിഷേധിച്ചുകൊണ്ടുള്ള കത്തുകള്‍ മറ്റ് രേഖാമുലമുള്ള അറിയിപ്പുകള്‍, മെമ്പര്‍ഷിപ്പ്, മാസവരി രസീത് എന്നിവയെല്ലാം ഒന്നൊന്നായി പരിശോധിച്ച് ബോദ്ധ്യപ്പെട്ടു. അവര്‍ക്ക് തൊഴില്‍ തുടര്‍ന്ന് നല്കണമെന്ന് കര്‍ശനമായി നിര്‍ദ്ദേശം നല്‍കുകയുണ്ടായി. പക്ഷേ വഞ്ചി തിരുനക്കര തന്നെ ശേഷിച്ചു.

1989 ജനുവരി മാസം 9-ാം തീയതി നേരം പുലര്‍ന്നു. അച്ചന്‍കോവിലിലെ 55 അധ:സ്ഥിത തൊഴിലാളി കുടുംബങ്ങള്‍ക്ക് ജീവിക്കാനുള്ള മനുഷ്യാവകാശ സമരത്തിന് സമാരംഭം കുറിച്ച ദിവസം, അധ:സ്ഥിതരെ സ്വതന്ത്ര ഭാരതത്തില്‍ ശാസ്ത്രീയ അടിമകളാക്കുന്ന ജാതി മേധാവിത്വ ബൂര്‍ഷ്വാ ട്രേഡ് യൂണിയനിസത്തിനെതിരെയുള്ള പോരാട്ടം. പ്രകടനം, പൊതുയോഗം, അനിശ്ചിതകാല നിരാഹാരം എന്നിവയാണ് പരിപാടി. സമര സാരഥി കല്ലറ സുകുമാരന്‍ പുനലൂരില്‍ എത്തി. പക്ഷെ ഒരു വാഹനം വാടകയ്ക്ക് വിളിച്ച് 50 കിലോ മീറ്ററോളം ദുരം വനത്തിനുള്ളില്‍ സഞ്ചരിച്ച് സമരവേദിയിലെത്താന്‍ യാതൊരു നിവൃത്തിയുമില്ല. വാഹനത്തിന്റെ വാടക 300 രൂപയെങ്കിലും ആകും. 30 രൂപയ്ക്ക് പോലും മാര്‍ഗ്ഗമില്ലാത്ത തൊഴിലാളികളും അവരുടെ പ്രസ്ഥാനവും നേതാവും. രാത്രിയില്‍ തന്നെ പുനലൂരില്‍ എത്തിച്ചേര്‍ന്ന നേതാവിന് വിശ്രമിക്കാന്‍ ഒരു ലോഡ്ജ് മുറി വാടകയ്ക്ക് എടുക്കാന്‍ കഴിയാത്ത സാമ്പത്തിക സ്ഥിതിയായിരുന്നു. ബസ് സ്റ്റാന്‍ഡില്‍ കൊതുകിന്റേയും മൂട്ടയുടേയും ആക്രമണത്തെ അതിജീവിച്ച് സിമന്റ് ബഞ്ചില്‍ ആളൊഴിഞ്ഞ മൂലയില്‍ ഒരു ഷാളും പുതച്ച് അച്ചന്‍കോവിലിലെ അധ:സ്ഥിതരുടെ ആത്മബന്ധു അന്നത്തെ രാത്രി വല്ലപാടും നേരം വെളുപ്പിച്ചു. ബസ് സ്റ്റാന്‍ഡിന് മുന്നിലെ കടയില്‍ മരച്ചുവട്ടില്‍ നിന്നും ഇടയ്ക്കിടെ ചൂട് കട്ടന്‍ വാങ്ങി കുടിച്ച് വല്ലപാടും രാത്രി കഴിച്ചു കൂട്ടുകയാ യിരുന്നു.

രാവിലെ ആറുമണിക്കു മുമ്പായിത്തന്നെ ഞാന്‍ തത്രപ്പെട്ട് പുനലൂരില്‍ എത്തി. പരിചയക്കാരെ ആരേയും കണ്ടുകിട്ടാതെ രാത്രി മുഴുവനും ബസ് സ്റ്റാന്‍ഡില്‍ വിഷമാവസ്ഥയില്‍ കഴിഞ്ഞുകൂടിയ അദ്ദേഹത്തിന് എന്റെ സാന്നിദ്ധ്യം തികച്ചും ആശ്വാസപ്രദമായിരുന്നു. ഇനി അച്ചന്‍കോവിലില്‍ എത്തുക എന്ന ഭഗീരഥ പ്രയത്‌നത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ഭാഗ്യത്തിന് വന്നുകിട്ടിയ മുള്ളുമല വഴി അച്ചന്‍കോവില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ കയറി പുനലൂരില്‍ നിന്നും അച്ചന്‍കോവില്‍ സമരവേദിയിലേക്ക് പുറപ്പെട്ട ഞങ്ങളെ ദുര്‍വിധി പിന്‍തുടരു കയായിരുന്നു. ചെരിപ്പിട്ടക്കാവ് കഴിഞ്ഞപ്പോള്‍ ബസ്സിന്റെ ടയര്‍ പഞ്ചറായി, ആ യാത്ര പ്രതിസന്ധിയിലായി. എങ്കിലും യജ്ഞം അവസാനിപ്പിക്കാതെ പെട്ടിയും തുക്കി മൂന്ന് കിലോമീറ്ററിലേറെ ദൂരം കുണ്ടും കുഴിയും കല്ലും മുള്ളും ചവിട്ടി ഞങ്ങള്‍ മുന്നോട്ടു തന്നെ നടന്നു. ഭാഗ്യത്തിന് തേക്കിന്‍കഴ കയറ്റാന്‍ വേണ്ടി അതു വഴി വന്ന ഒരു ലോറിയുടെ മുകളില്‍ മറ്റ് പലരേയും പോലെ ഞങ്ങള്‍ക്കും സ്ഥാനം കിട്ടി. കൂട്ടത്തില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പുറപ്പെട്ട ആദിവാസി മലമ്പണ്ടാര വിഭാഗ ത്തില്‍പ്പെട്ട കുറേ സ്ത്രീ പുരുഷന്മാര്‍ ലോറിയില്‍ ഉണ്ടായിരുന്നു. അവരുമായി ഇടപഴകി പരിചയപ്പെട്ട് സംസാരിച്ചിരിക്കുന്നതിനിടയില്‍ ലോറിഅച്ചന്‍കോവിലില്‍ എത്തിയത് അറിഞ്ഞില്ല.

അച്ചന്‍കോവില്‍ ജംഗ്ഷനില്‍ പി.ഡബ്‌ളു.ഡി.റസ്റ്റ് ഹൗസിന് മുമ്പില്‍ സത്യാഗ്രഹ പന്തലും കൊടി തോരണങ്ങളും മൈക്കും ഉണ്ടായിരുന്നു. എന്നാല്‍ പരിപാടിയുമായി ബന്ധപ്പെട്ട ആരും സ്ഥലത്തുണ്ടായിരുന്നില്ല. മാത്രമല്ല സംഘര്‍ഷ നിര്‍ഭരമായ ഒരു അന്തരീക്ഷത്തിന്റെ മൂകത അവിടെ തളം കെട്ടി നിന്നിരുന്നു.

അടുത്ത ചായക്കടയില്‍ നിന്നും ഓരോ കാലിചായ കുടിച്ച് നേതാവും ഞാനും അവിടെയൊക്കെ ചുറ്റിനടക്കുന്നതിനിടയില്‍ കുട്ടപ്പന്റെ നേതൃത്വത്തില്‍ നീലക്കൊടികളും പിടിച്ച് പട്ടികജാതി കോളനിയില്‍ നിന്നും 50 ഓളം പേര്‍ ഒരു ജാഥയായി അവിടെ വന്നു ചേര്‍ന്നു. വല്ലാതെ മുഷിഞ്ഞ വേഷവും പ്രാകൃതവുമായ മുഖവുമുള്ള അവര്‍ എല്ലാവരും കോളനിക്കാരായ അധ:സ്ഥിതരായിരുന്നു. ഭൂരിപക്ഷം സ്ത്രീകളും കുട്ടികളും. അനിശ്ചിതകാല നിരാഹാര സമരത്തിന്റെ ഉദ്ഘാടനവും വിശദീകരണയോഗവും ആരംഭിക്കുന്നതായി മൈക്കിലുടെ അറിയിപ്പ് ഉണ്ടായി. അധികം താമസിച്ചില്ല ഒരു വമ്പിച്ച ജാഥ ക്ഷേത്ര പരിസരത്തു നിന്നും അസഭ്യങ്ങള്‍ നിറഞ്ഞതും അലറിവിളിക്കുന്നതുമായ മുദ്രാവാക്യങ്ങളോടു കൂടി സത്യാഗ്രഹ വേദിയിലേക്ക് വന്നു. അവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എട്ട് ട്രേഡ് യൂണിയനു കളുടേയും അവരെ നയിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടേയും വിവിധ നിറത്തിലും തരത്തിലുമുള്ള കൊടികളും പേറി ആയിരത്തോളം പേര്‍ വരുന്ന പ്രകോപിതരായ ആളുകളുടെ പ്രകടനമായിരുന്നു അത്. അച്ചന്‍കോവിലിന്റെ മണ്ണില്‍ വിനാശകരമായ വര്‍ഗ്ഗീയതയുടെ വിത്തുപാകാനുള്ള കല്ലറ സുകുമാരന്റേയും ഐ.എല്‍.പി യുടേയും സി.കെ.ടി.യു.വിന്റേയും ഹീനമായ ശ്രമത്തെ ചെറുത്തുതോല്‍പ്പിക്കാനുള്ള പ്രബുദ്ധരായ ജനതയുടെ പ്രകടനമായിരുന്നു അത് എന്നാണ് പൊതുവില്‍ തോന്നുക. വളരെ മുന്‍കൂട്ടി എല്ലാ അധികാരികളേയും അറിയിച്ചുകൊണ്ട് സംഘടിപ്പിച്ച ദലിതരുടെ പ്രസ്തുത സമ്മേളനവും സമരവും അക്രമികളില്‍ നിന്നും സംരക്ഷിക്കുവാന്‍ അവിടെ ആകെ ഉണ്ടായിരുന്നത് മുന്ന് പോലീസുകാരായിരുന്നു. സമരസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കല്ലറ സുകുമാരന്‍ പ്രസംഗം ആരംഭിച്ചതോടൊപ്പം ജനാധിപത്യ മൂല്യങ്ങളുടെ പ്രതീകങ്ങളായ രാഷ്ട്രീയ പതാകകളും ഏന്തി പ്രകടനമായെത്തിയ ആളുകളുടെ ദിഗന്തങ്ങള്‍ ഭേദിക്കുമാറുള്ള മുദ്രാവാക്യം വിളി വിഹായസില്‍ ഉയര്‍ന്നു. അവര്‍സത്യാഗ്രഹത്തിന്റേയും സമ്മേളനത്തിന്റേയും വേദി വളഞ്ഞു. മൈക്കിലു ടെയുള്ള പ്രസംഗത്തിന്റെ ഇരട്ടി ശബ്ദത്തില്‍ മുദ്രാവാക്യം വിളിയുയര്‍ന്നു. കുട്ടത്തില്‍ കൂവലും കുരവയിടലും മാത്രമല്ല ഏതാനും കല്ലുകളും സ്റ്റേജിലേക്ക് ചീറിപാഞ്ഞു വന്നു. സത്യാഗ്രഹ ഷെഡ്ഡിലിരുന്ന സാധുക്കളായ തൊഴിലാളികളും സ്ത്രീകളും ഭയവിഹ്വലരായി. പ്രസംഗം അപ്പോഴും തുടര്‍ന്നുകൊണ്ടിരുന്നു. പറയുന്നതൊന്നും ആരും കേട്ടില്ലെന്നു മാത്രം. പ്രസംഗവേദിക്കും പ്രതിഷേധ പ്രകടനക്കാര്‍ക്കും ഇടയില്‍ നിന്ന പോലാസുകാര്‍ ഒരു കുറിപ്പ് എഴുതി ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കുന്ന കല്ലറ സുകുമാരനു കൊടുത്തു. അന്തരീക്ഷം നിയന്ത്രണാതീതമായതുകൊണ്ട് സമ്മേളനം അവസാനിപ്പിക്കാനുള്ള അഭ്യര്‍ത്ഥന ആയിരുന്നു ആ കുറിപ്പില്‍. ദലിതരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരേയുള്ള അക്രമികളുടെ വെല്ലുവിളിയെ തൃണവത്ക്കരിച്ചുകൊണ്ട് അരമണിക്കുറിലധികം പ്രസംഗം നീണ്ടുനിന്നു. പ്രതിഷേധക്കാരുടെ തൊണ്ട കൂവി അടഞ്ഞതല്ലാതെ പ്രസംഗം നിര്‍ത്തിയില്ല. വീണ്ടും വീണ്ടും കല്ലുകള്‍ പ്രസംഗവേദിയുടെ പലഭാഗത്തുമായി വന്നു വീണു എങ്കിലും അവയിലൊന്നുപോലും നേതാവിന്റേയോ സത്യാഗ്രഹികളുടേയോ ദേഹത്തുകൊള്ളാതിരിക്കുവാന്‍ എറിഞ്ഞവര്‍ ശ്രദ്ധിച്ചിരുന്നു എന്ന് വ്യക്തമാണ്.

സത്യാഗ്രഹ പന്തല്‍ രാത്രിയില്‍ റൗഡികള്‍ അക്രമിക്കുമെന്ന് പോലീസ് മുന്നറിയിപ്പു തരുകയും സംരക്ഷിക്കാനുള്ള മുന്‍കരുതല്‍ യാതൊന്നും ഏര്‍പ്പെടുത്താതിരിക്കുകയും ചെയ്തു എങ്കിലും കുട്ടപ്പന്റെ നേതൃത്വത്തില്‍ ആത്മാഭിമാനികളായ ഒരു സംഘം പ്രവര്‍ത്തകര്‍ ജീവന്‍ പണയം വെച്ച് കൊണ്ട് ഒരാഴ്ചക്കാലം സത്യാഗ്രഹം അവിടെത്തന്നെ തുടര്‍ന്നു.

അച്ചന്‍കോവിലിലെ സമരം അധികാരികളെ വേണ്ടത്ര ചലിപ്പിക്കുന്നില്ല എന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തില്‍ സമരവേദി കൊല്ലം കലക്ടറ്റേറ്റിലേക്ക് മാറ്റി. അച്ചന്‍കോവിലും കൊല്ലം കലക്ടറ്റേറ്റിലുമായി ഗോപി. സോമരാജന്‍, പാപ്പച്ചന്‍, രാഘവന്‍. തുളസി, ചെല്ലപ്പന്‍, മണിയന്‍, സുകുമാരന്‍, പൗലോസ്, രാജു കുഞ്ഞാപ്പി, ശശി, ബേബി തുടങ്ങിയവര്‍ കുട്ടപ്പന്റെ അചഞ്ചലമായ നേതൃത്വത്തില്‍ സമരത്തില്‍ പങ്കെടുത്തു. സത്യാഗ്രഹികളുടെ പരിരക്ഷക്ക് അച്ചന്‍കോവിലില്‍ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ പ്രവര്‍ത്തകര്‍ക്ക് ഒരു നേരത്തെ ആഹാരം എത്തിക്കാന്‍ പോലും സാധിക്കാതെ ദിവസങ്ങളോളം ചുമതലപ്പെട്ട ജില്ലാ പ്രവര്‍ത്തകര്‍ വിഷമിക്കേണ്ടതായി വന്നു. സത്യാഗ്രഹിക്ക് കിടക്കാന്‍ ഒരു കട്ടില്‍ പോലും കിട്ടിയത് വളരെ വൈകിയാണ്. ജില്ലാ പോലീസ് സുപ്രണ്ട്, ജില്ലാ ലേബര്‍ ഓഫീസര്‍ തുടങ്ങിയ ഉന്നത അധികാരികള്‍ നേരിട്ട് ഇടപെട്ടിട്ടും അച്ചന്‍കോവിലിലെ തൊഴില്‍ നിഷേധിക്കപ്പെട്ട ദലിതരായ തൊഴിലാളികള്‍ക്ക് തൊഴില്‍ തിരികെ നല്‍കുവാന്‍ നടപടി സ്വീകരിക്കുവാന്‍ കഴിഞ്ഞില്ല. നീതിയും നിയമവും ന്യായവും നടത്തുവാന്‍ ചുമതലപ്പെട്ടവര്‍ നിസ്സഹായരായി ഇരുന്നതേയുള്ളു. പുനലൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസറും കൂടി ഇതിനകം പതിനേഴ് അനുരജ്ഞന ചര്‍ച്ചകള്‍ വിളിച്ചിരുന്നു. ഓരോ ചര്‍ച്ചക്കും പീരുമേട്ടില്‍ നിന്നും പുനലൂര്‍ വന്ന് മടങ്ങിപ്പോകാന്‍ കല്ലറ സുകുമാരന് സഹിക്കേണ്ടി വന്ന വൈഷമ്യം ചെറുതൊന്നുമായിരുന്നില്ല. ചുരുങ്ങിയ പക്ഷം രണ്ടു ദിവസത്തെ അദ്ധ്വാനവും യാത്രാക്കൂലി, ഭക്ഷണം എന്നീ ഇനത്തില്‍ 200 രൂപയും ഓരോ പ്രാവശ്യവും വേണ്ടി വന്നു. ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുവാന്‍ കഴിയാതെ പുനലൂരില്‍ രാത്രി എത്തുന്ന നേതാവ് ബസ് സ്റ്റാന്‍ഡിലെത്തി സിമന്റ് ബഞ്ചില്‍ ആണ് മിക്കപ്പോഴും വിശ്രമിച്ചു വന്നത്. നീണ്ട നാല്പതിറ്റാണ്ടു കാലത്തെ ദലിത് വിമോചന പ്രവര്‍ത്തന രംഗത്ത് കേരളത്തിലെ ഒട്ടുമിക്ക ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്റ്റേഷനുകളും വിശ്രമത്താവളങ്ങളാക്കി മാറ്റേണ്ടി വന്നിട്ടുള്ള ഒരാളാണ് അദ്ദേഹം. നഗരങ്ങളില്‍ പോയിട്ട് ചെറുപട്ടണങ്ങളില്‍പോലും കയറിചെന്ന് അല്പനേരം വിശ്രമിക്കുവാന്‍ ദലിതരുടേതെന്ന് പറയപ്പെടുന്നവരുടെ വീടുകളോ മറ്റ് സ്ഥാപനങ്ങളോ ഒരു ചെറിയ മാട പീടികയോ പോലും ഇല്ലാത്ത ദലിതരുടെ സാമൂഹികാവസ്ഥയുടെ ദുരന്തഫലം ശരിക്കും അനുഭവിച്ചറിഞ്ഞിട്ടുള്ള വ്യക്തിത്വ ത്തിനുടമയാണ് കല്ലറ സുകുമാരന്‍.

അച്ചന്‍കോവില്‍ തൊഴിലാളികളുടെ തൊഴില്‍ നിഷേധിക്കപ്പെട്ട മനുഷ്യാവകാശ സമര രംഗത്ത്, മത ന്യുനപക്ഷ വിഭാഗത്തില്‍പ്പെട്ട് (സിറിയന്‍ ക്രിസ്ത്യന്‍, മുസ്ലീം) ഒന്ന്, രണ്ട്, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ ശ്രീ. ഫിലിപ്പോസ്, ശ്രീ. ലത്തീഫ് ഒറ്റത്തെങ്ങില്‍ എന്നിവരൊഴികെ, മുഖ്യമന്ത്രി മുതല്‍ താഴോട്ടുള്ള ഒരു ഉദ്യോഗസ്ഥനില്‍ നിന്നും നീതി ലഭിച്ചില്ലായെന്നത് മുന്നു വര്‍ഷം നീണ്ടു നിന്ന സമരചരിത്രത്തിലെ ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. രാജ്യം മുഴുവന്‍ ആര്‍ഭാടത്തിലും ആഘോഷത്തിലും ആഹ്ലാദത്തിലും മുഴുകിയ ഓണനാളുകളില്‍ പോലും സമരരംഗത്തായിരുന്നു അച്ചന്‍കോവിലിലെ അധ:സ്ഥിതരായ തൊഴിലാളികള്‍. ഏറ്റവും ഒടുവില്‍ പ്രശ്‌നം കേരള ഹൈക്കോടതിയില്‍ എത്തിയെങ്കിലും തൊഴില്‍ വകുപ്പിന്റെ പരിഗണനയ്ക്കു വേണ്ടി കേസ് തിരിച്ചയക്കുകയാണ് ഉണ്ടായത്. കൊല്ലം ഡെപ്യൂട്ടി കമ്മീഷണറുടെ കോടതിയില്‍ കേസ് എത്തി. അമ്പത്തിഅഞ്ച് പട്ടികജാതി തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ച എതിര്‍കക്ഷികളായ എട്ട് സവര്‍ണ്ണ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കുവേണ്ടി കൊല്ലത്തെ പ്രമുഖനായ ഒരു വക്കീല്‍ കോടതിയില്‍ ഹാജരായി. തൊഴില്‍ നിഷേധിക്കപ്പെട്ട പട്ടികജാതി തൊഴിലാളികള്‍ക്കുവേണ്ടി കല്ലറ സുകുമാരനും ഹാജരായി. ഇവിടെ ഒരു സത്യം തുറന്നു പറയട്ടെ: എതിര്‍ഭാഗം വക്കീല്‍ തന്റെ കക്ഷികള്‍ക്കുവേണ്ടി തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളെ ക്രൂരമായി ഉപദ്രവിക്കുവാന്‍ മെനക്കെട്ടില്ല. നിയമത്തിനു മുന്നില്‍ മുഖം തിരിഞ്ഞു നില്‍ക്കുവാനും അദ്ദേഹം കുട്ടാക്കിയില്ല. അതുകൊണ്ട് നിയമാനുസൃതമായ നടപടികള്‍ക്ക് കോടതി ആക്കം കൂട്ടുകയും നിസ്തന്ദ്രമായ മൂന്നു വര്‍ഷക്കാലത്തെ അധ:സ്ഥിതരുടെ പോരാട്ടം വിജയം കൈവരിക്കുകയും ചെയ്തു. തൊഴില്‍ നിഷേധിക്കപ്പെട്ട തൊഴിലാളികള്‍ക്ക് സി.കെ.ടി.യു.വിന്റെ ടേണില്‍ പണി ലഭിക്കുന്നതിന് കോടതി ഉത്തരവായി. (വിധിയായി).

പ്രസ്തുത വിധി ന്യായം നടപ്പിലാക്കുന്നതിനു വീണ്ടും നടപടികള്‍ വേണ്ടിവന്നു. ഈ സമര രംഗത്ത് കല്ലറ സുകുമാരനോടൊപ്പം അടിപതറാതെ ഉറച്ചുനിന്ന് പോരാടിയ ധീരനായ നേതാവായിരുന്നു അച്ചന്‍കോവില്‍ കുട്ടപ്പന്‍. പാലവിള ജോസഫ്, സണ്ണി ദാനിയേല്‍, വടമണ്‍ ചന്ദ്രബാബു, സ്‌പെന്‍സര്‍ മാര്‍ക്കസ് ഈ ലേഖകന്‍ എന്നിവരുടെ പ്രവര്‍ത്തനവും കൊല്ലം ജില്ലയിലെ ആയിരക്കണക്കിന് ആത്മാഭിമാന മുള്ള അധ:സ്ഥിതരുടെ പിന്തുണയും കല്ലറസുകുമാരന്റെ ശക്തമായ നേതൃത്വവും അച്ചന്‍കോവില്‍ സമരത്തിനും നയിച്ച കുട്ടപ്പനും കൂടുതല്‍ പ്രചോദനമേകി എന്നത് എടുത്തുപറയത്തക്കതാണ്. സമരകാലത്ത് പ്രലോഭനങ്ങളും ഭീഷണികളും കുട്ടപ്പന് നേരിടേണ്ടി വന്നു. മൂന്ന് കൊല്ലം നീണ്ടുനിന്ന അവകാശ സമരത്തില്‍ ഭീഷണികളേയും വെല്ലുവിളികളേയും പ്രലോഭനങ്ങളേയും ചെറുത്തുനിന്ന നേതാവും സഹപ്രവര്‍ത്തകരും തൊഴിലാളികളും ജയിക്കുകയും ചെയ്തു.

എല്ലാ പ്രലോഭനങ്ങളേയും അതിജീവിച്ചുകൊണ്ട് ദലിത് ട്രേഡ് യൂണിയന്‍ ചരിത്രത്തിന്റെ തങ്കലിപികളാല്‍ എഴുതപ്പെട്ട വിജയചരിത്രം രചിച്ചുകൊണ്ട് സി.കെ.റ്റി.യു.വിന് 2 ടേണ്‍ തൊഴില്‍ നേടി കൊണ്ട് സവര്‍ണ്ണ ട്രേഡ് യൂണിയനുമേല്‍ ദലിതരുടെ ആത്മാഭിമാനം വിജയക്കൊടിപാറിച്ചു. 55 ദലിത് കുടുംബങ്ങളെ പട്ടിണിയുടെ ആഴക്കടലിലേക്ക് തള്ളിയിട്ട സവര്‍ണ്ണ കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനില്‍ നിന്ന് മോചിപ്പിക്കുവാന്‍ അച്ചന്‍കോവില്‍ കുട്ടപ്പന്‍ എന്ന നേതാവിന്റെ നിശ്ചയദാര്‍ഡ്യത്തിന് കഴിഞ്ഞു.

സമീപപ്രദേശമായ ചെമ്പനരുവി എന്ന കോളനിയില്‍ വര്‍ഷങ്ങളായി സവര്‍ണ്ണ യുവാക്കളാല്‍ വേട്ടയാടപ്പെട്ടുകൊണ്ടിരുന്ന ദലിത് സമൂഹത്തിന് സുരക്ഷിതത്വ ബോധവും ചെറുത്തുനില്‍ക്കാനുള്ള കരുത്തും നല്കിക്കൊണ്ട് 6 മാസക്കാലം നീണ്ടു നിന്ന ചെമ്പനരുവി സമരം അച്ചന്‍കോവില്‍ കുട്ടപ്പന്‍ എന്ന ദലിത് പോരാളിയുടെ വിജയം തന്നെയാണ്.

നേരിട്ട് എതിര്‍ത്ത് തോല്പിക്കാന്‍ കഴിയാത്ത മര്‍ദ്ദിത വര്‍ഗ്ഗനേതാക്കളെ ചതിവില്‍പ്പെ ടുത്തി നിഗ്രഹിക്കുന്ന സവര്‍ണ്ണ തന്ത്രം കുട്ടപ്പനുമേലും പ്രയോഗിക്കപ്പെട്ടു. 1994 ഡിസംബര്‍ 13 ന് ശത്രുവിന്റെ കയ്യാല്‍ അച്ചന്‍കോവില്‍ കുട്ടപ്പന്‍ വധിക്കപ്പെടുക യാണുണ്ടായത്. ദലിത് ട്രേഡ് യൂണിയന്‍ ചരിത്രത്തിലെ പ്രശോഭിക്കുന്ന അഗ്നിനക്ഷത്രം പോലെ അച്ചന്‍കോവില്‍ കുട്ടപ്പന്റെ രക്തസാക്ഷിത്വം വരുംകാല ദലിത് പോരാളികള്‍ക്ക് ആവേശമായി നിലനില്‍ക്കുകതന്നെ ചെയ്യും. 

പള്ളിക്കല്‍ സാമുവല്‍


https://www.facebook.com/idaneram/posts/362477744193273

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ