"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, നവംബർ 11, ശനിയാഴ്‌ച

ജയേഷ് സോളങ്കി: കലാപരിപാടി ആസ്വദിച്ച കുറ്റത്തിന് വധശിക്ഷ ഏറ്റുവാങ്ങി!ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ ബോര്‍സാദ് താലൂക്കിലെ ഭദ്രാനിയ ഗ്രാമവാസി യായിരുന്ന ജയേഷ് സോളങ്കി, കൊലചെയ്യപ്പെടുമ്പോള്‍ 21 വയസ് പ്രായമേ ആയിരുന്നുള്ളൂ. കുറ്റം, സവര്‍ണരുടെ ക്ഷേത്രത്തിനു പുറത്തിരുന്ന് നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് അരങ്ങേറുന്ന നൃത്തപരിപായിയായ 'ഗര്‍ബ' കണ്ടാസ്വദിച്ചു എന്നതാണ്. 2017 ഒക്ടോബര്‍ ഒന്നിനാണ് 8 പേരടങ്ങുന്ന പട്ടേല്‍ ജാതിക്കാരായ ഒരു സംഘം യുവാക്കള്‍ ജയേഷിന്റെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തിയത്. ഉച്ചകഴിഞ്ഞ് 4 മണിക്കാണ് ജയേഷിനെ ജാതിഹിന്ദുക്കള്‍ വധശിക്ഷക്ക് വിധേയനാക്കിയത്.

മെട്രിക്കുലേഷന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വഡോദരയിലെത്തി സെക്യൂരിറ്റി ജീവനക്കാനായി ജോലി ചെയ്തുവരികയായിരുന്നു ജയേഷ് സോളങ്കി. അതിനിടയില്‍ പരീക്ഷ പാസായി ഉപരിപഠനത്തിന് ചേരുന്നതിനുള്ള പരിശ്രമത്തിലും ജയേഷ് ഏര്‍പ്പെട്ടിരുന്നു. നവരാത്രി ആഘോഷങ്ങള്‍ പ്രമാണിച്ച് അവധിയായതിനാലാണ് വീട്ടിലെത്തിയത്. തന്റെ മച്ചുനന്‍ 23 വയസുള്ള പ്രകാശ് സോളങ്കിയുടെ പ്രേരണക്ക് വഴങ്ങിയാണ് ജയേഷ് അയാളോടൊപ്പം ഗര്‍ബ കാണാന്‍ ക്ഷേത്രത്തിലേക്ക് പോയത്. പ്രകാശിന്റെ സഹോദരിമാരും തങ്ങളുടെ സമുദായത്തില്‍പ്പെട്ട മറ്റ് പെണ്‍കുട്ടികളും നേരത്തേതന്നെ ഗര്‍ബയില്‍ പങ്കെടുക്കാന്‍ ക്ഷേത്രത്തിലെത്തിയിട്ടുണ്ടായിരുന്നു. അവരെ തിരികെ കൂട്ടുന്നതിനുകൂടിയായാണ് പ്രകാശ് ക്ഷേത്രത്തിലേക്ക് പോകാന്‍ താത്പര്യം കാണിച്ചത്. താന്‍ നൃത്തപരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും, ക്ഷേത്ര ത്തിന് പുറത്തിരുന്നു മാത്രമേ ഗര്‍ബ കാണുകയുള്ളൂ എന്നൊരു നിബന്ധനയും ജയേഷ് പ്രകാശിന് മുമ്പാകെ വെച്ചിരുന്നു. പ്രകാശ് വന്ന് വിളിക്കുമ്പോള്‍ ജയേഷ്, ഉറങ്ങുക യായിരുന്ന തന്റെ അമ്മയെ വിളിച്ചുണര്‍ത്തി, താന്‍ ഇപ്പോള്‍ പുറത്തുപോകുക യാണെന്നും തിരികെ വന്ന് വഡോദരയിലേക്ക് മടങ്ങുമെന്നും അറിയിച്ചിരുന്നു. അത് ജയേഷിന്റെ അന്ത്യയാത്രാമൊഴിയാകുമെന്ന് ആ അമ്മയും കരുതിയിരിക്കാനിടയില്ല.

ക്ഷേത്രത്തിന് പുറത്തിരുന്ന് ജയേഷും പ്രകാശും ഗര്‍ബ വീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍, ഉയര്‍ന്ന ജാതിക്കാരനായ സഞ്ജയ് പട്ടേല്‍ അവരുടെ അടുത്തുവന്ന് എന്താണ് ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ആരാഞ്ഞു. തങ്ങള്‍ ഗര്‍ബ കാണുകയാണെന്ന് പറഞ്ഞപ്പോള്‍ സഞ്ജയ് പട്ടേല്‍ അവരെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ശേഷം അവിടെ നിന്നും കടന്നുപോയി. പ്രശ്‌നം അവിടെ തീര്‍ന്നുവെന്നാണ് ജയേഷും പ്രകാശും കരുതിയിരുന്നത്. എന്നാല്‍ സഞ്ജയ് പട്ടേല്‍ 7 പേരടങ്ങുന്ന മറ്റ് പട്ടേല്‍ മാരോടൊപ്പം തിരികെ വന്നു. 'ദലിതനൊന്നും ഗര്‍ബകാണാന്‍ പാടില്ല' എന്ന് ആക്രോശിച്ചുകൊണ്ട് സംഘം ഇരുവരേയും ആക്രമിച്ചു. പ്രകാശിനെ രണ്ടുപട്ടേല്‍മാര്‍ ചേര്‍ന്ന് വരിഞ്ഞുമുറിക്കി ബന്ധനസ്ഥനാക്കിയപ്പോള്‍ മറ്റുള്ളവര്‍ ചേര്‍ന്ന് ജയേഷിനെ വളഞ്ഞാക്രമിച്ച് തല ഭിത്തിയിലിടിച്ച് കൊല്ലുകയായിരുന്നു. 

അക്രമികള്‍ പോയിക്കഴിഞ്ഞ്, അതിലേ കടന്നുപോയ ചിലരുടെ സഹായത്തോടെ പ്രകാശ്, ജയേഷിനെ ഒരു സ്‌കൂട്ടറിന് പുറകില്‍ വഹിച്ചുകൊണ്ട് ബോര്‍സാദില്‍ത്ത ന്നെയുള്ള ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ ചികിത്സ അപര്യാപ്തമാ യതിനെത്തുടര്‍ന്ന് 16 കിലോ മീറ്റര്‍ അകലെ കരംസാദില്‍ സ്ഥിതിചെയ്യുന്ന പ്രമുഖസ്വാമി മെഡിക്കല്‍ കോളേജില്‍ ജയേഷിനെ എത്തിച്ചു. അവിടെ എത്തി യപ്പോള്‍ അധികൃതര്‍ ജയേഷിന്റെ മരണം സ്ഥിരീകരിച്ചു!

കൂലിപ്പണിക്കാരനായ ഭായ്‌ലാല്‍ഭായ് ആണ് ജയേഷിന്റെ അച്ഛന്‍. സംഭവം നടക്കുമ്പോള്‍ അമ്മ മധുബെന്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ജയേഷിന്റെ ഏക സഹോദരിയെ വഡേദരയില്‍ വിവാഹംചെയ്തയച്ചിരിക്കുകയാണ്.

ഈ സംഭവത്തിന് മുമ്പ് ഗുജറാത്തില്‍ ഗാന്ധിനഗര്‍ ജില്ലയിലെ ദലിത് സമുദായ ത്തില്‍പ്പെട്ട രണ്ട് യുവാക്കളെ, സെപ്തംബര്‍ 25 നും 29 നും, മീശവളര്‍ത്തി എന്ന കുറ്റും ചുമത്തി ജാതിഹിന്ദുക്കള്‍ ആക്രമണത്തിന് വിധേയരാക്കിയിരുന്നു 

സെപ്തംബര്‍ 29 പത്താന്‍ ജില്ലയിലെ, നാല്‌പേരടങ്ങുന്ന ഒരു ദലിത് കുടുംബത്തെ ജാതിഹിന്ദുക്കള്‍ ചേര്‍ന്ന് വീടാക്രമിച്ച് തല്ലിപ്പുറത്താക്കി, ഗര്‍ബ ആഘോഷം നടക്കുന്നതിനിടെ തന്നെ.

ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് ഒരു സവിശേഷതയുണ്ടായിരുന്നു. പലയിടങ്ങളിലും ജാതിഹിന്ദുക്കള്‍ നടത്തിയിരുന്ന ആഘോഷപരിപാടികളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ദലിത് വ്യക്തിത്വങ്ങളെ ക്ഷണിച്ചിരുന്നു. അത് ഇലക്ഷന്‍ സ്റ്റണ്ട് മാത്രമാണെന്ന് അപ്പോള്‍ത്തന്നെ സ്വതന്ത്ര ചിന്താഗതിക്കാരും മാധ്യമങ്ങളും വിലയിരുത്തിയിരുന്നു. അത് അത്രയും വാസ്തവമാണെന്ന് ജയേഷ് സോളങ്കിയുടെ കൊലപാതകം തെളിയിക്കുന്നു. ഒരിടത്ത് സ്വീകരിക്കുന്നു എന്ന പ്രതീതിയുണ്ടാക്കുകയും മറ്റൊരിടത്ത് വധശിക്ഷ നടപ്പാക്കുകയും?

ദലിതന്‍ സ്വന്തം നാട്ടില്‍ ആഘോഷിക്കുവാന്‍ പാടില്ല, അലങ്കരിക്കുവാന്‍ പാടില്ല, ആസ്വദിക്കുവാന്‍ പാടില്ല. അല്ലെങ്കില്‍ അവന്റെ ജന്മംതന്നെ അവന്‍ ചെയ്ത കുറ്റമായിരിക്കെ ഇങ്ങനെ വേര്‍പെടുത്തി പറയുന്നതില്‍ എന്തു പ്രസക്തി?

അഹിവിത്രന്‍ കണ്ണന്‍ മേലോത്ത്
(പുസ്തകം: അക്കാദമിക് പ്രഷര്‍; ശംബൂകവധം)
Courtesy for Source: www.thewire.in

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ