"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, നവംബർ 23, വ്യാഴാഴ്‌ച

കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും - ഡോ. ജെ.ജെ. പള്ളത്ത്


എനിക്കഭിമാനം തോന്നുന്നു. ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുമ്പ് കൃത്യമായി പറഞ്ഞാല്‍,1993-ല്‍ ഞാന്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ദലിത് വിമോചനം സമസ്യയും സമീക്ഷയും എന്ന പുസ്തകത്തിലെ ആദ്യത്തെ രണ്ട് ലേഖനങ്ങള്‍ ഈ മഹത് വ്യക്തികള്‍ എഴുതിയതാണ്. ശ്രീ കല്ലറ സുകുമാരന്‍ എഴുതിയ ദലിത് മുന്നേറ്റം കേരളത്തില്‍ എന്നതാണ് ആദ്യ ലേഖനം ശ്രീ പോള്‍ ചിറക്കരോട് എഴുതിയ ദലിത് സാഹിത്യം മലയാളത്തില്‍ എന്ന ലേഖനമാണ് രണ്ടാമത്തേത്. ഈ രണ്ടു ലേഖനങ്ങളും ഇവര്‍ രണ്ടു പേരും ദലിത് സമുഹത്തിന് നല്‍കിയ സംഭാവനകളുടെ സുചനകളാണ്.

1991-ല്‍ ഞങ്ങള്‍ സംഘടിപ്പിച്ച ദലിത് വിമോചനം എന്നൊരു സെമിനാറില്‍ സംസാരിക്കാന്‍ വന്നപ്പോഴാണ് ഞാന്‍ ശ്രീ കല്ലറ സുകുമാരനെ ആദ്യമായി കാണുന്നത്.അതിന് മുമ്പ് അദ്ദേഹം എഴുതിയ ചില പുസ്തകങ്ങളിലുടെയായിരുന്നു പരിചയം. അദ്ദേഹത്തെ കുടുതലായി അറിഞ്ഞപ്പോള്‍ പരിചയം ഒരാദരവായി പരിണമിച്ചു.1939-ല്‍ അദ്ദേഹം ജനിക്കുന്നതിന് തൊട്ടുമുമ്പ്,സവര്‍ണ്ണ ഹിന്ദുക്കളുടെ അനുവാദമില്ലാതെ വസ്തു വാങ്ങുകയും വീട് വെയ്ക്കുകയും ചെയ്തതിന്റെ പേരില്‍ സ്വന്തം പിതാവ് കൊലചെയ്യപ്പെട്ട വ്യക്തി, കേരളത്തിലെ പിന്നോക്ക ജാതിക്കാര്‍ക്ക് സഹജമായ ഒട്ടേറെ പീഡനങ്ങളും പ്രയാസങ്ങളും അഭിമുഖീകരിച്ച് ബാല്യകാലം പിന്നിട്ട പോരാളി. പിന്നോക്ക വിഭാഗത്തിന്റെ സമുദ്ധാരണത്തിനായി സമര്‍പ്പിക്കപ്പെട്ടിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ജിവിതം എന്നും വെല്ലുവിളി നിറഞ്ഞതായിരുന്നു.

പ്രതികുല സാഹചര്യത്തില്‍ ജനിച്ചു, ജീവിച്ചു, പൊളിറ്റിക്കല്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും നിയമത്തില്‍ ബിരുദവും നേടുകയെന്നത് അത്ര ഉപായ കാര്യമല്ല.ഒരു പക്ഷേ ഇന്നത്തെ തലമുറക്ക് ഇതിന്റെ പിന്നിലെ ത്യാഗം എന്തായിരുന്നുവെന്ന് ഊഹിക്കാന്‍ പോലും പറ്റുകയില്ല. അറിയപ്പെടുന്ന ട്രേഡ് യുണിയന്‍ പ്രവര്‍ത്തക നായിരുന്ന അദ്ദേഹം ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ടുമാ യിരുന്നു.അതും പാര്‍ട്ടി അതിന്റെ ബാല്യകാലാരിഷ്ടതകള്‍ അനുഭവിച്ചിരുന്ന കാലത്ത്.ഈ തിരക്കിനിടയിലും ഒരു ഡസനിലേറെ ശ്രദ്ധേയമായ പുസ്തകങ്ങള്‍ എഴുതാനും അദ്ദേഹം സമയം കണ്ടു.അങ്ങനെ ദലിത് സമുഹത്തിന് എക്കാലവും പ്രചോദനവും മാത്യകയുമായിത്തീര്‍ത്ത ഒരു മഹത് ജീവിതമാണ് ശ്രീ കല്ലറ സുകുമാരന്റേത്.

ശ്രീ പോള്‍ ചിറക്കരോടിനെയും ഞാന്‍ പരിചയപ്പെടുന്നത് നേരത്തെ പറഞ്ഞ ദലിത് വിമോചനം സെമിനാറിലാണ്.എന്നാല്‍ ഞങ്ങള്‍ തുടര്‍ന്നും ബന്ധപ്പെട്ടുകൊണ്ടി രുന്നു. ഏതാണ്ട് അര നുറ്റാണ്ടോളം ദലിത് വിമോചന പ്രസ്ഥാനങ്ങളുമായി ലയിച്ചു ചേര്‍ന്ന് സജീവമായി പ്രവര്‍ത്തിച്ചു. ആനുഷാംഗികമായി പറയട്ടെ, ഈ രണ്ട് മഹാരഥന്‍മാരും ജനിച്ചത് ഒരേ വര്‍ഷമാണ്. 1939-ല്‍ ഇക്കണോമിക്‌സ്, സാഹിത്യം, സോഷ്യോളജി, നിയമം എന്നീ വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. നോവല്‍, കഥ, ജീവചരിത്രം, പഠനങ്ങള്‍, ഉപന്യാസങ്ങള്‍ അടക്കം അറുപതിലേറെ ക്യതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദലിത് വിഷയത്തില്‍ മലയാളത്തിലെ ഏറ്റവും ദൈര്‍ഘ്യമാര്‍ന്ന നോവല്‍ ശ്രീ പോള്‍ ചിറക്കരോടിന്റേതാണ്. ഡോ.അംബേദ്കറിനെക്കുറിച്ച് ആധികാരിക പഠനങ്ങളും നടത്തിയിട്ടുണ്ട്.

സവര്‍ണ്ണ വിഭാഗത്തില്‍പ്പെട്ട വ്യക്തിയായിരുന്നെങ്കില്‍ ഒരു ജ്ഞാനപീഠം വരെ ലഭിക്കാന്‍ അര്‍ഹതയുള്ള സാഹിത്യസപര്യയായിരുന്നു ശ്രീ പോള്‍ ചിറക്കരോ ടിന്റേത്.പക്ഷേ,അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനക്കൊത്ത് ഒരിടത്തും എത്താന്‍ ഈ പ്രബല വിഭാഗങ്ങളുടെ ലോബി സമ്മതിച്ചില്ല. അത്രക്കും ക്രുരമായിരുന്നു തമസ്‌കരണം, പാശ്ചാത്യ എഴുത്തുകാരെ കോപ്പിയടിച്ച് ജ്ഞാനപിഠം ലഭിക്കുകയും മലയാളത്തിന് സ്വന്തമായി ഒരു ഭാഷാശൈലി സംഭാവന ചെയ്ത വൈക്കം മുഹമ്മദ് ബഷീറിനെ അവഗണിക്കുകയും ചെയ്ത സാഹിത്യ സംസ്‌കരണമാണ് നമ്മുടേത്. ഇവിടെ ശ്രീ. പോള്‍ ചിറക്കരോടിനെപ്പോലെ ഒരാള്‍ക്ക് ഇത്രയല്ലെ സംഭവിച്ചുള്ളു എന്നോര്‍ത്ത് നമ്മുക്ക് സമാശ്വസിക്കാം.

ഒടുവിലൊടുവില്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന പ്രധാന വിഷയം ദലിത് വിഭാഗത്തില്‍ നിന്നും ഉന്നതസ്ഥാനീയരായവര്‍ സമുഹത്തെ സഹായിക്കാന്‍ തയ്യാറാവാത്തതാ യിരുന്നു.ഇതും ഇന്ന് സവര്‍ണ്ണ സമുഹം ഊതി വീര്‍പ്പിച്ച് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ജസ്റ്റിസ് കെ.ജി.ബാലക്യഷ്ണന്‍ പ്രശ്‌നവും രണ്ടാണ്. കെ.ജി.ബാലക്യഷ്ണന്‍ പ്രശ്‌നം തീര്‍ത്തും ബാലിശമായ ഒരു ചര്‍ച്ചയാണ്.വരവില്‍ കവിഞ്ഞ സ്വത്ത് ബന്ധുക്കള്‍ സമ്പാദിച്ചതും ബന്ധു രാഷ്ട്രീയമായി വളര്‍ന്നതുമൊക്കെയാണ്. പട മുന്നില്‍ നിന്ന് നയിക്കുന്നതാവട്ടെ, മറ്റൊരു സവര്‍ണ്ണന്‍,ജസ്റ്റിസ് വി.ആര്‍.ക്യഷ്ണയ്യരും, കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ മഹത് വ്യക്തിയാണ് ജസ്റ്റിസ് വി.ആര്‍.ക്യഷ്ണയ്യര്‍. അദ്ദേഹത്തിന് ഇത്തരമൊരു നോട്ടപിശക് പ്രായാധിക്യം കൊണ്ട് സംഭവിച്ചതാ ണെന്നാണ് എന്റെ വിചാരം. അതങ്ങനെയായിരിക്കട്ടെ എന്നും ഞാന്‍ ആഗ്രഹി ക്കുന്നു.

കേരളത്തില്‍ എത്രയോ ഉദ്യോഗസ്ഥ പ്രമുഖരുടേയും രാഷ്ട്രീയ നേതാക്കളുടേയും ബന്ധുക്കളും മക്കളും വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് ഉണ്ടാക്കിയിരിക്കുന്നു. അപ്പോഴൊന്നും ഉണ്ടാവാത്ത ഒരു മുറവിളി ജസ്റ്റിസ് കെ.ജി.ബാലക്യഷ്‌ണന്റെ കാര്യത്തില്‍ ഉണ്ടായത് അദ്ദേഹം ദലിതനായതുകൊണ്ട് മാത്രമാണ്.ദലിതന് പാരമ്പര്യ സ്വത്തില്ലായെന്ന് പൊതുസമുഹം അങ്ങ് തീരുമാനിച്ചതുപോലെ ; ഇനി ഉണ്ടാവാനും പാടില്ലായെന്ന് തോന്നും ആരോപണത്തിന്റെ വീറും വാശിയും കാണുമ്പോള്‍ 

ഈ സംഭവത്തോട് ദലിത് സംഘടനകള്‍ ഒന്നിച്ച് നിന്ന് നേര്‍ക്ക് നേര്‍ പോരാടിയി ല്ലെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ, ദലിതര്‍ക്ക് നേരെയുണ്ടാവുന്ന ആക്രമണങ്ങളെ അപ്പപ്പോള്‍ ചെറുക്കുന്ന സംവിധാനം വേണം.കാരണം, ദലിത് സമുഹം വെറും പാര്‍ശ്വവല്‍കരിക്കപ്പെട്ട സമുഹം മാത്രമല്ല,അവഹേളിക്കപ്പെടുന്ന (സ്റ്റിക്ക്മറ്റൈഡ്) സമുഹവുമാണ്. അവയ്‌ക്കെതിരെ മുഖ്യാധാരാ സമുഹം ഇടക്കിടെ പുച്ഛം ഉറപ്പ് വരുത്തുന്ന ഇത്തരം കഥകള്‍മെനഞ്ഞ് കൊണ്ടിരിക്കും. അതിനെ അപ്പപ്പോള്‍ എതിര്‍ത്തില്ലെങ്കില്‍ ഇത്തരം അവഹേളനങ്ങള്‍ പുര്‍വ്വാധികം ശക്തിയായി തുടരും. സമുഹത്തിന്റെ മുഖ്യാധാരാ പ്രവേശം അവതാളത്തിലാവുകയും ചെയ്യും. 

ദലിത് സമുഹത്തിനെ,അതിന്റെ വിമോചന ശ്രമങ്ങളുടെ ഏറ്റവും നിര്‍ണ്ണായകമായ കാലഘട്ടത്തില്‍ നയിച്ച ഈ രണ്ട് മഹത് വ്യക്തികളെയും ഓര്‍ക്കുന്ന ഈ സ്മരണികക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുഖ്യധാരാ സമുഹം ഇടക്കിടെ പടച്ച് വിടുന്ന,ദലിത് അവഹേളനശ്രമങ്ങളെ മുളയിലെനുള്ളുന്ന പ്രസ്ഥാനമായി വളരട്ടെയെന്ന് ആഗ്രഹിക്കുന്നു. എങ്കില്‍ മാത്രമേ അതു ഈ രണ്ട് മഹത് വ്യക്തികള്‍ ജീവിതം കൊടുത്ത് എടുത്ത നിലപാടുകളോട് നീതി പുലര്‍ത്തുന്ന പ്രവര്‍ത്തനമായി വിശേഷിപ്പിക്കപ്പെടുകയുള്ളു.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ