"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, നവംബർ 21, ചൊവ്വാഴ്ച

സാമ്പത്തികസംവരണം: മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി ചില വിചിന്തനങ്ങള്‍മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാരുടെ സാമ്പത്തിക സമീകരണമാണോ, അതോ പിന്നോക്കക്കാരുടെ (ഒബിസി) യുടെ ഉന്നമനമാണോ ആദ്യം ലക്ഷ്യമാക്കേണ്ടത്?

37 വര്‍ഷമായി നടപ്പാക്കാത്ത ഒരു കമ്മീഷന്‍ റിപ്പോര്‍ട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങളെ (ഒബിസി) സാമൂഹ്യപുരോഗതിയിലെത്തിക്കാന്‍ നയാറാക്കിയ ഈ പഠനറിപ്പോര്‍ട്ട് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നറിയപ്പെടുന്നു. ബീഹാര്‍ സംസ്ഥാനത്ത് ഇടക്കാല മുഖ്യമന്ത്രിയായിരുന്നിട്ടുള്ള ബിന്ദേശ്വരി പ്രസാദ് മണ്ഡലായിരുന്നു കമ്മീഷന്റെ ചെയര്‍മാന്‍. അന്ന് പ്രധാനമന്ത്രിയായിരുന്ന ജനതാപാര്‍ട്ടിയുടെ മൊറാര്‍ജി ദേശായിയാണ് മണ്ഡലിനെ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത്. 1979 ജനുവരി ഒന്നിന് നിലവില്‍ വന്ന ഇത് രണ്ടാം പിന്നോക്കക്കമ്മീഷന്‍ എന്നാണ് അറിയപ്പെടുന്നത്. മണ്ഡലിനെ കൂടാതെ മറ്റ് അഞ്ച്‌പേര്‍ കൂടി കമ്മീഷനില്‍ അംഗങ്ങളായുണ്ടായിരുന്നു. ഇതില്‍ നാല് പേര്‍ പിന്നോക്കവിഭാഗക്കാരും എല്‍ ആര്‍ നായക് എന്ന അംഗം ദലിതനുമായിരുന്നു. 

ഒരു വര്‍ഷക്കാലാവധിക്കുശേഷം, 1980 ല്‍ കമ്മീഷന്‍ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം, പിന്നോക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 27 % സംവരണം ഏര്‍പ്പെടുത്തണം എന്നുള്ളതായിരുന്നു. എന്നാല്‍ കമ്മീഷന്‍, ജനസംഖ്യയില്‍ 50 % പിന്നോക്കക്കാരുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഏതൊരുവിധത്തിലുള്ള സംവരണവും 50 % ല്‍ അധികമാകാന്‍ പാടില്ല എന്ന സുപ്രീം കോടതി വിധി നിലവിലുള്ളതിനാല്‍, 22 % സംവരണമുള്ള പട്ടികജാതി /വര്‍ഗ സംവരണം കഴിച്ച് 50 % എത്തുന്ന സംഖ്യവരെ മാത്രമേ പിന്നോക്കവിഭാഗ സംവരണം ഏര്‍പ്പെടുത്തുവാന്‍ കഴിയുമായിരുന്നുള്ളൂ. അങ്ങനെയാണ് പിന്നോക്ക വിഭാഗ സംവരണം 27 % (വാസ്തവത്തില്‍ 27.5 %) ആയി നിജപ്പെടുത്തിയത്.

എന്നാല്‍ കമ്മീഷനെ നിയോഗിച്ച മൊറാര്‍ജി ദേശായി ഗവണ്മെന്റോ തുടര്‍ന്നുവന്ന ഇന്ദിരാഗാന്ധി ഗവണ്മെന്റോ രാജീവ്ഗാന്ധി ഗവണ്മെന്റോ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ തയാറായില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് 1990 ആയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി വിശ്വനാഥ് പ്രതാപ് സിംഗ് മണ്ഡല്‍ കമ്മീഷന്‍ റോപ്പോര്‍ട്ട് നടപ്പാക്കാന്‍ തയാറായി. ഇതേത്തുടര്‍ന്ന് സംവരണവിരുദ്ധരായ മുന്നോക്കക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരേ രാജ്യമെമ്പാടും വന്‍ പ്രക്ഷോഭങ്ങള്‍ അഴിച്ചുവിട്ടു. ആത്മഹത്യകളും പ്രക്ഷോഭങ്ങളും കൊണ്ട് ഉത്തരേന്ത്യ യാകെ കലുഷിതമായപ്പോള്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. എങ്കിലും പിന്നോക്കക്കാരെ കണ്ടെത്തുന്ന നടപടി തുടരാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് നവംബര്‍ ഏഴിന് പിന്നോക്ക സംവരണം നടപ്പാക്കു ന്നത് സംബന്ധിച്ച് പ്രധാനമന്ത്രി വി പി സിംഗ് അവതരിപ്പിച്ച വിശ്വാസപ്രമേയം 346 ന് എതിരേ 142 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു! സംവരണത്തെ എതിര്‍ത്ത് വോട്ടു ചെയ്ത 346 പേരില്‍ 116 എം പി മാര്‍ പിന്നോക്കക്കാരായിരുന്നു! സ്വന്തം സമൂഹത്തെ ഒരു വലിയ പരിഥിയോളെമെങ്കിലും സംരക്ഷിക്കുമായിരുന്ന, സംവരണാര്‍ഹരായ പിന്നോക്കക്കാര്‍ സംവരണത്തെ എതിര്‍ത്താണ് വോട്ടുചെയ്തത് എന്ന വസ്തുത സംവരണാവകാശ സമരചരിത്രത്തിലെ ഏറ്റവും വലിയ നാണംകെട്ട വശമാണ്.

1918 ല്‍ ബീഹാറിലെ ഒരു സമ്പന്ന യാദവകുടുംബത്തില്‍ ജനിച്ച ബിന്ദേശ്വരി പ്രസാദ് മണ്ഡല്‍, കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച്, രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ (1982) അന്തരിച്ചു. ആ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഒരുമ്പെട്ടപ്പോള്‍ത്തന്നെ സംവരണവിരു ദ്ധര്‍ നയിച്ച പ്രക്ഷോഭത്താല്‍ അത് അടിച്ചമര്‍ത്തപ്പെട്ടു. 

ഇപ്പോള്‍ 2017 നവംബര്‍ 15 ന് കേരളത്തില്‍ ദേവസ്വം വകുപ്പില്‍ മുന്നോക്ക ക്കാരിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തികസംവരണം ഏര്‍പ്പെടുത്താന്‍ ഉത്തരവാകുമ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ ഇതാണ്...

1. പിന്നോക്കക്കാര്‍ക്ക് സംവരണം നല്കുന്നതിനെതിരേ പ്രക്ഷോഭമുയര്‍ത്താന്‍ കാരണമായതിന് പിന്നില്‍ ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനമുണ്ടായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തുനിഞ്ഞിരുന്നില്ലെങ്കില്‍, അതിനെതിരേ പ്രക്ഷോഭവും ഉയരുമായിരുന്നില്ലെന്നര്‍ത്ഥം. ഗവണ്മെന്റ് നിയോഗിച്ച ഒരു കമ്മീഷനായിരുന്നല്ലോ അത്. എന്നാല്‍ ദേവസ്വം വകുപ്പില്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത് ഏത് വസ്തുതാപഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്? (ഒരിടത്ത് സംവരണം നടപ്പാക്കുന്നത് തടയാന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കുന്നു. ഒരിടത്ത് മുന്നോക്കക്കാര്‍ക്ക് സംവരണം നല്‍കാന്‍ യാതൊരു റിപ്പോര്‍ട്ടിനേയും അടിസ്ഥാനമാക്കുന്നില്ല!)

2. ആരെങ്കിലും സമര്‍പ്പിച്ച പരാതിയുടെ, അടിസ്ഥാനത്തിലാണോ മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്തിയത്?

3. പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനമില്ലെങ്കിലും ഏതെങ്കിലും വ്യക്തി - സംഘടന ഈ ആവശ്യമുന്നയിച്ച് സമരം ചെയ്തതിന്റെ അടിസ്ഥാനത്തിലാണോ, മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്തിയത്?

4. ശരിയായ / തെറ്റായ ഏതെങ്കിലും പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണോ മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്തിയത്?

പിന്നോക്കക്കാരുടെ സംവരണത്തോത് കണ്ടെത്താന്‍ ഒരു കമ്മീഷനെ നിയോഗി ക്കേണ്ടിവന്നതുപോലെ മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താന്‍ അതിന്റെ ആവശ്യമില്ല എന്നാണ് മറുപടിയെങ്കില്‍ സുല്ല്. യാതൊരു ഗതിയുമില്ലാത്ത ഒരു ചെറിയവിഭാഗം മുന്നോക്കക്കാരിലുമുണ്ട്, അവര്‍ സവര്‍ണരായി പിറന്നതുകൊണ്ടുമാത്രം 'ആനുകൂല്യങ്ങള്‍' നിഷേധിക്കുന്നത് ശരിയല്ല എന്ന പായാരംചൊല്ല് മുഖവിലക്കെടു ത്തുകൊണ്ടുതന്നെ ചില സംശയങ്ങള്‍ ഉന്നയിക്കുകയാണ്.

1. അവര്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാരാണല്ലോ. പൊടുന്നനെ എങ്ങനെ അവര്‍ പിന്നോക്കക്കാരായി? പ്രളയബാധിതരായി അവരുടെ കിടപ്പാടങ്ങള്‍ നഷ്ടപ്പെട്ടതിനാലാണോ?

2. മുന്നോക്കക്കാരുടെ തലമുറയിലാരെങ്കിലും അടിമകളായിരുന്നിട്ടുണ്ടോ?

3. അവരുടെ തലമുറകളിലാര്‍ക്കെങ്കിലും ഊഴിയവും വിരുട്ടിയും ചെയ്യാനിടവന്നിട്ടുണ്ടോ?

4. അവരുടെ തലമുറയിലാര്‍ക്കെങ്കിലും വഴിനടക്കാനുള്ള അവകാശം നിഷേധിച്ചിട്ടുണ്ടോ?

5. അവരുടെ തലമുറയിലാര്‍ക്കെങ്കിലും വിദ്യാഭ്യാസാവകാശം തടഞ്ഞുവെക്കപ്പെട്ടിട്ടുണ്ടോ?

6. അവരുടെ തലമുറകളിലാര്‍ക്കെങ്കിലും 'തലക്കരം' 'മുലക്കരം' തുടങ്ങി 101 കരങ്ങളിലേതെങ്കിലും ഒടുക്കേണ്ടിവന്നിട്ടുണ്ടോ?

7. അവരുടെ തലമുറയിലാര്‍ക്കെങ്കിലും ക്ലാസ് മുറിക്ക് പുറത്തിരുന്നു പഠിക്കേണ്ടിവന്നിട്ടുണ്ടോ?

8. അവരുടെ തലമുറയിലാര്‍ക്കെങ്കിലും പൊതുകിണറ്റില്‍ നിന്നും വെള്ളെമെടുക്കുമ്പോള്‍ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നിട്ടുണ്ടോ?

9. അവരുടെ തലമുറയിലാര്‍ക്കെക്കിലും കുടിയേറ്റം മൂലം ഭൂമി നഷ്ടമായിട്ടുണ്ടോ?

10. എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഡിവിഷന്‍ കുറഞ്ഞുപോയതുകൊണ്ടാണോ അവര്‍ പിന്നോക്കം പോയത്.

11. ദലിതര്‍ 2.7 സെന്റ് പ്രതിശീര്‍ഷഭൂമി കൈവശംവെക്കുന്നതുകൊണ്ടാണോ, 231 സെന്റ് പ്രതിശീര്‍ഷഭൂമി കൈവശംവെക്കുന്ന മുന്നോക്കക്കാരില്‍ പിന്നോക്കക്കാരുണ്ടായത്?

12. ദലിതര്‍ സര്‍ക്കാര്‍ ജോലികളില്‍ 10% സംവരണം അനുഭവിക്കുന്നതുകൊണ്ടാണോ മുന്നോക്കക്കാരില്‍ പിന്നോക്കക്കാരുണ്ടായത്?