"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, നവംബർ 20, തിങ്കളാഴ്‌ച

'വേലൂ കള്ളുചെത്ത്', ഡിഗ്രിയൊക്കെ കയ്യില്‍ വെച്ചോണ്ടാമതി - രാജകല്പന!


'പൗരന്മാര്‍ക്ക് ഇടയിലുള്ള അന്തരം ഇല്ലാതാക്കുന്നതിനാണ് സംവരണം' - ഡോ. ബി ആര്‍ അംബേഡ്കര്‍.

ഈ അന്തരം സാമ്പത്തിക അസമത്വം മൂലമുള്ളതല്ല. അതിന്റെ കാരണം സാമൂഹി കമാണ്. സാമൂഹികമായ അന്തരം ഇല്ലാതാക്കുന്നതിന് എല്ലാ പൗരന്മാര്‍ക്കും സമൂഹത്തിലെ അവകാശങ്ങള്‍ തുല്യമായിരിക്കണം. ജാതീയമായ കാരണങ്ങള്‍കൊണ്ട് ആരുടേയും, സമൂഹത്തിലെ തുല്യപങ്കാളിത്തം എന്ന അവകാശത്തെ തടയാന്‍ പാടുള്ളതല്ല. അത് ജനാധിപത്യ വിരുദ്ധമായ കീഴ് വഴക്കമാണ്. ജനാധിപത്യവിരുദ്ധ മായി, ചിലരെ ജാതിയുടെ പേരില്‍ അകറ്റി നിര്‍ത്തുന്നത് ഒഴിവാക്കി, അവരുടെ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്ന പ്രക്രിയയാണ് സംവരണം. ജാതിനിര്‍മിത സാമൂഹ്യസാഹചര്യങ്ങള്‍ നിലനില്ക്കുന്നിടത്ത് മാത്രമാണ് സംവരണം പ്രായോഗിക മാകുക. ജാതിവ്യവസ്ഥ, പൗരന്മാര്‍ പൊതുവായി സംഘടിക്കുന്നതിനേയും സംഘടിപ്പിക്കലിലേയും തടയുന്നു. ഈ തടസത്തെയാണ് സംവരണം നീക്കം ചെയ്യുന്നത്. അല്ലാതെ തൊഴില്‍ദാനപദ്ധതിയോ, ദാരിദ്ര്യനിര്‍മാര്‍ജനമോ അല്ല സംവരണം! 

സാമ്പത്തികമായ അഭ്യുന്നതി ഉണ്ടായിരുന്നിട്ടും ജാതിയില്‍ ഹീനത്വം കല്പിച്ച് ജനാധിപത്യപ്രക്രിയയിലേക്ക് പ്രവേശനം നിഷേധിച്ച് അകറ്റിനിര്‍ത്തപ്പെട്ട ഏതാനും വ്യക്തികള്‍ നേരിട്ട ദുരന്തത്തിന്റെ ലിഖിതരേഖകള്‍ ഇതാ- 

* മുന്‍ ഉപപ്രധാനമന്ത്രിയായിരുന്ന ജഗജീവന്‍ റാം. അദ്ദേഹത്തിന്റെ ഭൂസ്വത്ത് എത്രയെന്ന് വിസ്തരിക്കാന്‍ ഒരു ചൊല്ല് പ്രചാരത്തിലുണ്ടായിരുന്നു, അതായത് ഒരു എക്‌സ്പ്രസ്സ് ട്രെയിനില്‍ 20 മിനിറ്റ് സഞ്ചരിച്ചാലും അദ്ദേഹത്തിന്റെ ഭൂസ്വത്ത് തരണം ചെയ്യാനാവില്ല! തെളിയിക്കപ്പെട്ട ഭരണപാടവമുള്ളയാളുമായിരുന്നു, ജഗജീവന്‍ റാം. പക്ഷെ ഒരു അവസം വന്നിട്ടുപോലും അദ്ദേഹം പ്രധാനമന്ത്രിയാ യില്ല. കാരണം ജഗജീവന്‍ റാം ദലിതനായിരുന്നു. 

* ജഗജീവന്‍ റാം നേരിട്ട ദുരന്തം ഒരു പഴങ്കഥയാണെന്നു പറഞ്ഞേക്കാം. ഈ അടുത്തിടെ കോളേജ് അധ്യാപികയായ ബിജിത നേരിട്ട അവമതി മാധ്യമങ്ങളിലൂടെ ലോകം അറിഞ്ഞതാണ്. ടീച്ചറുടെ വീട്ടില്‍ തൊഴിലുറപ്പു പദ്ധതിപ്രകാരം തൊഴിലെ ടുക്കാന്‍ വന്ന സ്ത്രീകളില്‍ ചിലര്‍ വീട്ടില്‍ നിന്നും കൊടുത്ത ഭക്ഷണം കഴിക്കാതെ മാറിനിന്നു! ഇതിലെന്ത് അസാധാരണത്വം എന്നും ചിന്തിക്കുന്നവരുണ്ട്. പൊതുമന സ്സില്‍ നിന്നും ഒരു വ്യക്തിയെ ജാതിയിലെ ഹീനത്വം കല്പിച്ച് അകറ്റിനിര്‍ത്തുന്നത് ആരോഗ്യകരമായ പ്രവണതയാണോ എന്ന് അവര്‍ ചിന്തിക്കട്ടെ. ബിജിത ടീച്ചര്‍ ദരിദ്രയായിരുന്നില്ല. കോളേജ് അധ്യാപകരുടെ ശമ്പളം എത്രയാണെന്നും പൊതു സമൂഹത്തിനറിയാം. അതോടൊപ്പം ബിജിത ടീച്ചറുടെ ജാതിയും - ആദിവാസി, മാവിലാന്‍ ഗോത്രം.

* മലയാളി മെമ്മോറിയല്‍ - 1891 ജനുവരി 11 നു ശ്രീമൂലം തിരുനാള്‍ മഹാരാജാവ് മുമ്പാകെ സമര്‍പ്പിച്ച സങ്കട ഹര്‍ജി. തിരുവിതാംകൂറിലെ പ്രധാന ജോലികളെല്ലാം അക്കാലത്ത് കയ്യടക്കിയിരുന്നത് പരദേശി ബ്രാഹ്മണരാണ്. 200 രൂപ മുതല്‍ 2000 രൂപ വരെ ശമ്പളം പറ്റുന്ന പരദേശി ബ്രാഹ്മണര്‍ ധാരാളമുണ്ടായിരുന്നപ്പോഴും 500 രൂപയെങ്കിലും ശമ്പളമുള്ള ഒരൊറ്റ മലയാളിയും അന്നുണ്ടായിരുന്നില്ല. ഈ അനീതിക്കെതിരെ അന്നു നടന്ന സംവരണ സമരമായിരുന്നു വാസ്തവത്തില്‍ മലയാളി മെമ്മോറിയല്‍. അതിന്റെ സൂത്രധാരന്‍ ഡോ. പല്പുവായിരുന്നു. മെമ്മോറിയലിന് ഏറ്റവും ഉയര്‍ന്ന തുകയായ 101 രൂപ സംഭാവനചെയ്തതും ഡോ. പല്പുവായിരുന്നു. പല്പു ദരിദ്രനായിരുന്നില്ല, ഈഴവനായിരുന്നു. എംബിബിഎസ് പാസായിവന്ന പല്പുവിനോട് രാജഭരണകൂടം കല്പിച്ചത്, കുലത്തൊഴില്‍ തന്നെ ചെയ്തുകൊള്ളണം എന്നത്രെ!

* മലയാളി മെമ്മോറിയല്‍ നായര്‍ മെമ്മോറിയലായി കലാശിച്ചു. നായന്മാര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ ലഭ്യമായപ്പോള്‍ ഈഴവര്‍ തഴയപ്പെട്ടു. ഇതേത്തുടര്‍ന്ന്, ഈഴവര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട്, ഡോ. പല്പുവിന്റെ നേതൃത്വത്തില്‍ 1896 സെപ്തംബര്‍ 3 ന്, 13,000 ല്‍ പരം ഈഴവര്‍ ഒപ്പിട്ട ഒരു ഹര്‍ജി അന്നത്തെ ദിവാന്‍ എസ് ശങ്കരസുബ്ബരായര്‍ക്ക് സമര്‍പ്പിക്കുകയുണ്ടായി. ഇത് ഈഴവ മെമ്മോറിയല്‍ എന്ന് അറിയപ്പെടുന്നു. ഓര്‍ക്കേണ്ട വസ്തുത; ഈഴവമെമ്മോറിയലിന് സര്‍വവിധ സഹായവും ചെയ്തുകൊടുത്തത്, നായരായ ജി പി പിള്ളയായിരുന്നു!

* തിരുവിതാംകൂറില്‍ ആദ്യമായി ഡിഗ്രിയെടുത്ത വി വേലു എന്ന ഈഴവന്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചത് മദിരാശി ഗവണ്മെന്റിന്റെ കീഴിലായിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാരിന് നല്‍കിയ ഉദ്യോഗാപേക്ഷക്കു ലഭിച്ച മറുപടിയില്‍ വേലുവിനോട് സ്വന്തം കുലത്തൊഴിലില്‍ (കള്ളുചെത്ത്) ഏര്‍പ്പെടുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. സവര്‍ണരൊഴികെ മറ്റു ജനവിഭാഗങ്ങള്‍ ഭരണക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ മാത്രമല്ല അതിന്റെ നാലയലത്തുപോലും പ്രവേശിക്കാന്‍ തിരുവിതാംകൂര്‍ 'ധര്‍മ' രാജ്യത്തിലെ പൊന്നു തമ്പുരാക്കന്മാര്‍ സമ്മതിച്ചിരുന്നില്ല. സ്ഥിതിഗതികളില്‍ മാറ്റം വരുന്നത് ബ്രിട്ടീഷധികാരികള്‍ ഭരണം നിയന്ത്രിക്കാന്‍ തുടങ്ങിയതിനു ശേഷം മാത്രമാണ്. 

* 1918 ല്‍ തിരുവിതാംകൂറില്‍ സ്വന്തമായി കാറുണ്ടായിരുന്ന രണ്ടുപേരിലൊരാള്‍ മാവേലിക്കരക്കാരന്‍ ആലുമൂട്ടില്‍ ചാന്നാനായിരുന്നു. ഈ പ്രതാപമൊന്നും ക്ഷേത്രറോഡ് വകവെച്ചു കൊടുത്തിരുന്നില്ല. ചാന്നാരുടെ കാറ് ക്ഷേത്രറോഡിന്റെ കിഴക്കുവശത്ത് വന്നാല്‍ ഇറങ്ങിക്കൊള്ളണം. വടക്കുവശത്ത് ഊടുവഴികളില്‍ക്കൂടി ചാന്നാന്‍ കൊടികളെല്ലാം താഴ്ത്തി പതുങ്ങി ഹൈസ്‌കൂളിനടുത്തുവന്നു കാറില്‍ വീണ്ടും കയറിക്കൊള്ളണം. ഇതിനകം നായരായ ഡ്രൈവര്‍ കാറ് ക്ഷേത്രറോഡില്‍ക്കൂടി ഇരപ്പിച്ചു പായിച്ചു ഹൈസ്‌കൂളിനടുത്തു കൊണ്ടുവന്നു നിര്‍ത്തിയിരിക്കും.... ചാന്നാന്‍ ദരിദ്രനായതുകൊണ്ടാണോ ഇത്തരം സാമൂഹ്യ അനീതി നേരിടേണ്ടിവന്നത്? 

* പ്രജാസഭാ മെമ്പറും എംഎല്‍എയും ജഡ്ജിയുമൊക്കെയായിരുന്ന ഈഴവനാണ് ചേര്‍ത്തലക്കാരന്‍ എന്‍ ആര്‍ കൃഷ്ണന്‍. കൃഷ്ണന്‍ ദരിദ്രനായിരുന്നില്ല. വിദ്യാലയ പ്രവേശനം നേടിയശേഷം വൈക്കം ഹൈസ്‌കൂളില്‍ ആദ്യം പഠിക്കാനെത്തിയ അവര്‍ണനായിരുന്നു എന്‍ ആര്‍ കൃഷ്ണന്‍. സവര്‍ണവിദ്യാര്‍ത്ഥികള്‍ക്കൊ പ്പമിരുത്തിയല്ല, ക്ലാസ് മുറിക്ക് പുറത്തിട്ടിരുന്ന ബഞ്ചിലിരുത്തിയാണ് കൃഷ്ണന് 'ശിക്ഷണം' കൊടുത്തി രുന്നത്. കൊല്ലാവസാനം പരീക്ഷയുടെ ഫലം പുറത്തു വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയത് ആരെന്നോ, പുറത്ത് ബഞ്ചിലിരുന്നു പഠിച്ച അവര്‍ണവിദ്യാര്‍ത്ഥി യായ സാക്ഷാല്‍ എന്‍ ആര്‍ കൃഷ്ണന്‍! 

*കോളേജധ്യാപകനും സാഹിത്യകാരനും കവിതിലകന്‍ എന്ന ബഹുമതിനേടിയ മഹാനുഭാവനുമായ കെ പി കറുപ്പന്‍ ദരിദ്രനായിരുന്നില്ല. പക്ഷെ വിദ്യാഭ്യാസം ചെയ്തത് കൊടുങ്ങല്ലൂര്‍ കോവിലത്തിന് പുറത്ത് തീണ്ടാപ്പുരയിലിരുന്നാണ്. കാരണം  കെ പി കറുപ്പന്‍ ധീവരനായിരുന്നു. 

* ചൈന ഉള്‍പ്പെട മറ്റ് അന്യനാടുകളുമായി വാണിജ്യബന്ധമുണ്ടായിരുന്ന അതിസമ്പന്നനായ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്ക് പക്ഷെ സമുദ്രത്തിലൂടെ കപ്പലോട്ടാം, എന്നാല്‍ സ്വന്തം വീട്ടിനു സമീപമുള്ള നിരത്തിലൂടെ വഴിനടന്നുകൂടാ...! സരസകവി മൂലൂര്‍ എസ് പത്മനാഭപ്പണിക്കരും സമ്പന്നനായ ഒരു ഈഴവനായിരുന്നു. പക്ഷെ അന്നത്തെ പണ്ഡിതകവികളുടെ ലിസ്റ്റെടുത്ത കൃതിയായ 'കവിരാമായണ' ത്തില്‍ മൂലൂര്‍ ഉള്‍പ്പെടെ ഒരൊറ്റ അവര്‍ണകവിയും ഇടം നേടിയില്ല! 

ഉദാഹരണങ്ങള്‍ ഇനിയും നിരത്താം. അത്തരം ആര്‍ട്ടിക്കിളുകളും പുസ്തകങ്ങളും ഇക്കാലത്ത് സുലഭമായതിനാല്‍ ഇവിടെ അത് വിസ്തരിക്കുന്നില്ല.

അപ്പോള്‍ മനസ്സിലാക്കുക, ഇന്ത്യയില്‍ ഒരു വ്യക്തിയുടെ സാമൂഹ്യ പദവി നിര്‍ണയിക്കുന്നത് സമ്പത്തല്ല, മറിച്ച് ജാതിയാണ്. ജാതി സാമൂഹ്യ (ജനാധിപത്യ) വിരുദ്ധമാണ്. പ്രശനം ജാതിയാകയാല്‍ ആ ജാതിയെ ഉന്മൂലനം ചെയ്യാതെ അതിനൊരു പരിഹാരമുണ്ടാവില്ല. ജാതിമുന്നട്ടുവെക്കുന്ന, അവര്‍ണന്റെ മനുഷ്യാവ കാശനിഷേധത്തെയാണ് സംവരണം ഉടച്ചുകളയുന്നത്. ജാതിഉന്മൂലനമെന്ന ഈ വിപ്ലവപ്രക്രിയയുടെ തുടക്കം മാത്രമാണ് 'സംവരണം'. ജാതി നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ സംവരണത്തെ എതിര്‍ത്തുകൊണ്ടിരിക്കുക സ്വാഭാവികമാണല്ലോ.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ