"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, നവംബർ 2, വ്യാഴാഴ്‌ച

മതവും രാഷ്ട്രീയവും ഒരു വീണ്ടുവിചാരം - കല്ലറ ശശീന്ദ്രന്‍


ആരാണ് ഞാന്‍? എന്റെ അന്തരംഗം നല്‍കുന്ന മറുപടി ഞാന്‍ ആരുമല്ല എന്നു തന്നെയാണ്. അപ്പോഴും, എനിക്കും സമൂഹത്തിനും ഒന്നറിയാം, ഞാന്‍ കല്ലറ സുകുമാരന്റെ കനിഷ്ഠപുത്രനാണ്. ഏറെപ്പേര്‍ അറിയുന്ന ആദരിക്കുന്ന -സ്‌നേഹിക്കുന്ന കല്ലറ സുകുമാരന്റെ മകനായി ജനിച്ചു എന്നതിലൂടെ മാത്രമാണ് ഞാന്‍ ആരോ ആകുന്നത്, എനിക്കൊരു വ്യക്തിത്വം ഉണ്ടാകുന്നത്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു.

വാത്സല്യ നിധിയായ പിതാവായിരുന്നോ എന്റെ അച്ഛന്‍? അറിയില്ല. അറിവായ ശേഷം ചില സന്ദര്‍ഭങ്ങളിലൊഴികെ, ആ വാത്സല്യം അനുഭവിക്കുവാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. അദ്ദേഹം കര്‍ക്കശക്കാരനായിരുന്നു. കെ.എച്ച്.എഫ്. എന്ത്? എന്തിന്? എന്ന പുസ്തകത്തിന്റെ രചനാഘട്ടത്തില്‍ അദ്ദേഹം എഴുതി,ചലനം-അനവരത ചലനം. അത് നിശ്ചല സമൂഹത്തിന്റെ പുരോഗമനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തന കാര്യത്തില്‍ മാത്രമല്ല, കുടുബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യക്തികളുടെ കാര്യത്തിലും ആ നിഷ്‌കര്‍ഷ അദ്ദേഹത്തിനുണ്ടായിരുന്നു. ഒന്നും ചെയ്യാതെ ആരും വെറുതെയിരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. ആ നിര്‍ബന്ധം പുത്രവാത്സല്യമില്ലാഞ്ഞിട്ടാണെന്ന് അന്ന് ഞാന്‍ കരുതി. ജീവിതത്തില്‍ ഒരു നിമിഷം പോലും പാഴാക്കരുത് എന്ന അദ്ദേഹത്തിന്റെ വീക്ഷണം ശരിയായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കുന്നത് ഇപ്പോഴാണ്. സമയം വളരെയധികം നഷ്ടപ്പെടുത്തി യതിനുശേഷം. എന്റെ അച്ഛന്റെ ഉദ്‌ബോധനങ്ങളില്‍ ഏറ്റവും പ്രാമുഖ്യം അര്‍ഹിക്കുന്നതും അര്‍ഹിക്കേണ്ടതും അതിനു തന്നെയാണ്. ചലനം- അനവരത ചലനം-അതാണ് നിശ്ചല സമൂഹത്തിന്റെ പുരോഗമന മാര്‍ഗ്ഗം. കുടുംബവും കുട്ടികളുമൊന്നും അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയ പ്രാധാന്യമുള്ള ഘടകങ്ങളായിരുന്നില്ല. ഒരു സമ്പൂര്‍ണ്ണ പൊതുപ്രവര്‍ത്തകനായിരുന്നു എന്റെ അച്ഛന്‍.അംബേദ്കറുടേയും അയ്യങ്കാളിയുടേയും ആശയങ്ങളാണ് അദ്ദേഹത്തെ നയിച്ചത്. ആ ജീവിതത്തെ കുറിച്ച് എഴുതിയാല്‍ അത് ഏതാനും പേജുകളില്‍ ചുരുക്കാനാവില്ല എന്നതുകൊണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ എനിക്ക് എതിരഭിപ്രായമുള്ള രണ്ടു കാര്യങ്ങള്‍ മാത്രം ഇവിടെ കുറിക്കുകയാണ്.

അംബേദ്കറുടെ ദര്‍ശനങ്ങളെ ഏറെക്കുറെ പൂര്‍ണ്ണമായി അനുധാവനം ചെയ്യാന്‍ കല്ലറ സുകുമാരനു കഴിഞ്ഞിട്ടുണ്ട്. അതില്‍ സുപ്രധാനം മത സമീപനമാണ്, അംബേദ്കര്‍ ഹിന്ദുമതത്തെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് ബുദ്ധമതത്തില്‍ ചേര്‍ന്നു. കല്ലറ സുകുമാരന്റെ ഗ്രന്ഥങ്ങള്‍. വിശിഷ്യാ 'ഏകലവ്യന്റെ പെരുവിരല്‍' പരിശോധിച്ചാല്‍ അദ്ദേഹവും ഹിന്ദു മത വിമര്‍ശകനായിരുന്നുവെന്ന് വ്യക്തമാകും. പക്ഷേ കല്ലറ സുകുമാരന്‍ മറ്റൊരു മതം സ്വീകരിച്ചില്ല. ഒരു പക്ഷേ കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളായിരിക്കാം അതിനു കാരണം. ദലിത് നേതൃസ്ഥാനത്ത് പങ്കാളിയായിരുന്ന അദ്ദേഹം പുതിയൊരു മതം സൈദ്ധാന്തിക ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കുമ്പോള്‍ സ്വാഭാവികമായും അണികളില്‍ ഒരു വിഭാഗത്തെയെങ്കിലും ആ മതത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ആ പ്രക്രിയക്ക് പ്രസക്തി ഉണ്ടാവുകയുള്ളു. അതിന് സാധിക്കില്ല എന്ന വിശ്വാ സമായിരിക്കാം അദ്ദേഹത്തെ മതപരിവര്‍ത്തനത്തില്‍ നിന്നും പിന്തിരിപ്പിച്ചത്. അത് എന്തായിരുന്നാലും കല്ലറ സുകുമാരന്‍ മത പരിവര്‍ത്തനം നടത്താതിരുന്നത് ഉചിതമായി എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

അംബേദ്കര്‍ മതപരിവര്‍ത്തനത്തിലൂടെ അടിസ്ഥാനപരമായി ലക്ഷ്യമാക്കിയത് ഹിന്ദുമത ധ്വംസനമായിരുന്നില്ല. ഹിന്ദുമതം ബ്രാഹ്മാണാധിപത്യ മതമാണെന്നതും, ജാതി വ്യവസ്ഥ ഹിന്ദുമതത്തിന്റെ സനാതന ഘടകമാണെന്നതും, ഹൈന്ദവ സാഹിത്യങ്ങള്‍ കീഴാള സമൂഹത്തെരാക്ഷസരായും ദുഷ്ട സമൂഹമായും ചിത്രീകരി ക്കുന്നതും, ബ്രാഹ്മണ ഔന്നത്വത്തെ പ്രകീര്‍ത്തിക്കുന്നതുമൊക്കെയാണ്. ഹിന്ദുമതത്തിനെതിരെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അംബേദ്കറെ പ്രേരിപ്പിച്ചത്. കല്ലറ സുകുമാരന്‍ ഉള്‍പ്പെടെയുള്ള അംബേദ്കറിസ്റ്റുകള്‍ പ്രസ്തുത ദര്‍ശനങ്ങളെ നിരാക്ഷേപം അംഗീകരിച്ച് ഹൈന്ദവ വിമര്‍ശകരായി മാറി. ഹൈന്ദവ സിദ്ധാന്തങ്ങള്‍ സനാതനമാണെന്നും, ആയതിനാല്‍ ഹിന്ദുമതം ഒരിക്കലും പരിവര്‍ത്തന വിധേയമാവുകയില്ലെന്നും അംബേദ്കര്‍ വിശ്വസിച്ചു. ഇവിടെ പ്രതിപാദ്യമായ ദോഷങ്ങള്‍ ഇല്ലാതായാല്‍ അംബേദ്കറും ഹിന്ദുമതത്തെ എതിര്‍ക്കുകയില്ലെന്ന് അനുമാനിക്കേണ്ടി വരുന്നു.

അംബ്‌ദേകര്‍ മതപരിവര്‍ത്തനം ചെയ്ത കാലഘട്ടത്തില്‍ മിശ്രഭോജനം സാദ്ധ്യമാ യിരുന്നില്ല. കോണ്‍ഗ്രസ്സിന്റെ ദേശീയ സമ്മേളന ഭോജനശാലകളില്‍പ്പോലും കീഴാള ജാതിക്കാര്‍ക്ക് പ്രത്യേകസ്ഥലം ഏര്‍പ്പെടുത്തിയിരുന്നു. ഹോട്ടലുകളിലും അതു പോലെയുള്ള പൊതുസ്ഥലങ്ങളിലും കിഴ്ജാതിക്കാര്‍ക്ക് പ്രവേശനം നിഷിദ്ധമായിരുന്നു. എന്നാല്‍ കാലഘട്ടം മാറിയപ്പോള്‍ അയിത്തത്തിനും ജാതീയ വിവേചനങ്ങള്‍ക്കും കുറവുണ്ടായി. ക്ഷേത്ര പ്രവേശനവിളംബരത്തോടെ ഹിന്ദുമതം പരിഷ്‌ക്കരണങ്ങള്‍ക്ക് വിധേയമാകുമെന്ന് വ്യക്തമാക്കപ്പെട്ടു. ക്ഷേത്ര ജോലികള്‍ ചെയ്യുന്നതിന് കീഴാള ജാതികള്‍ക്കും അവസരം നല്‍കാന്‍ ജനാധിപത്യ സര്‍ക്കാറിന് കഴിയുമെന്ന അവ സ്ഥയുമുണ്ടായി. ഹിന്ദു മതത്തില്‍ ശേഷിക്കുന്ന ബ്രാഹ്മണാധിപത്യം അവസാനിപ്പി ക്കുവാനും ഭരണകൂടത്തിന് കഴിയും. പിന്നെ അവശേഷിക്കുക ഹൈന്ദവ സാഹിത്യങ്ങളുടെ പ്രശ്‌നങ്ങളായിരിക്കും. രാമായണം പോലുള്ള നികൃഷ്ട ഗ്രന്ഥങ്ങള്‍ അവഗണിക്കുന്നതിന് ആവശ്യമായ പ്രചാരണങ്ങള്‍ നടത്തണം. സ്വന്തം ഭാര്യക്കുപോലും രാമനോടൊത്തുള്ള ജീവിതം ദു:സ്സഹമായിരുന്നുവെന്നും അതുകൊ ണ്ടാണ് സീതയെ കാട്ടില്‍ നിന്നും തിരികെ വിളിക്കാന്‍ രാമന്‍ വരുന്നതുകണ്ട് സീത കൊക്കയില്‍ ചാടി ആത്മഹത്യ ചെയ്തതെന്നും സമൂഹത്തെ ബോദ്ധ്യപ്പെ ടുത്തണം. രാമക്ഷേത്രങ്ങള്‍ ശൈവ-കാളി ക്ഷേത്രങ്ങളും മറ്റുമാക്കി മാറ്റുവാന്‍ കഴിയണം. അതിന് ഹിന്ദു മതത്തെ ഉപേക്ഷിക്കുകയല്ല, മറിച്ച് ഹിന്ദുമതത്തിനുള്ളില്‍ നിന്നുകൊണ്ട് തന്നെ അതിനെ പരിവര്‍ത്തിപ്പിക്കുകയാണ് ദലിതര്‍ ചെയ്യേണ്ടത്. 

ഇതര ദേവാലയങ്ങള്‍ക്ക് വിദേശപണം യഥേഷ്ടം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഹിന്ദുമതംസ്വരൂപിച്ചധനമത്രയും ഇന്ത്യയില്‍ നിന്നുമാത്രം ലഭിച്ചതാണ്. ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുവാനും അവയെ സമ്പന്നമാക്കുവാനും നാടുവാഴികളും രാജാക്കന്മാരും യത്‌നിച്ചു. അതിന് ആത്മീയതയ്ക്കപ്പുറം ചരിത്രപരമായ മറ്റുകാരണങ്ങളുണ്ടായിരുന്നു. അതെന്തായിരുന്നാലും, കീഴാള സമൂഹത്തിന്റെ വിയര്‍പ്പും രക്തവുമാണ് ഭരണാധി കാരികളുടെ ഖജനാവില്‍ ധനമായികുന്നുകൂടിയത്. ദലിതരുടെ കായികാദ്ധ്വാനത്തിന് കൂലി നല്‍കാതെ, ഭക്ഷണം നല്‍കാതെ, യാതൊന്നും നല്‍കാതെ ആ ധ നമന്ത്രിയും ഉപരിവര്‍ഗ്ഗങ്ങളുടെ ഖജനാവുകളിലേയ്ക്ക് ധനമായി ഒഴുകി. ആ ധനത്തില്‍ ഒരു ഭാഗമാണ് ഇന്നും ഹൈന്ദവ ക്ഷേത്രങ്ങളായും, ക്ഷേത്ര സമ്പത്തായും നിലനില്‍ക്കുന്നത്. ആ സമ്പത്തിന് പൂര്‍ണ്ണ അവകാശികളായ ദലിതര്‍ ആ ക്ഷേത്ര സമ്പത്ത് കയ്യടക്കുകയാണ് വേണ്ടത്. കുറഞ്ഞപക്ഷം, ആ സമ്പത്ത് വിനിമയം ചെയ്യുന്നതില്‍ പങ്കാളികളെങ്കി ലുമാകാന്‍ ദലിതര്‍ക്കു കഴിയണം. ആ പ്രക്രിയ ഹിന്ദുമതത്തെ സമൂലപരിവര്‍ത്ത നത്തിന് വിധേയമാക്കും. അതിന് ഹിന്ദുമതത്തെ വര്‍ജ്ജിക്കുകയല്ല, പരിവര്‍ത്തിപ്പി ക്കുകയാണ് ദലിതര്‍ ചെയ്യേണ്ടത്. 

അംബേദ്കറിസത്തില്‍ ഏറ്റവും സുപ്രധാനം രാഷ്ട്രീയ സമീപനമാണ്. ഇന്ത്യയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ ഒരു രാഷ്ട്രീയ ശക്തിയായി മാറുന്നത് അംബേദ്കര്‍ സ്വപ്നം കാണുകയും ആയതിനുവേണ്ടി യത്‌നിക്കുകയും ചെയ്തിരുന്നു. അംബേദ്കറുടെ രാഷ്ട്രീയ ദര്‍ശനം മലയാള മണ്ണില്‍ ഇദം പ്രഥമായി ചര്‍ച്ചാവിധേയമാക്കിയത് കല്ലറ സുകുമാരനാണ്. കെ.എച്ച്.എഫ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചു കൊണ്ടാണ് അതിനു തുടക്കം കുറിച്ചത്. പിന്നീട് ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി രൂപീകരി ച്ചപ്പോഴും കല്ലറ സുകുമാരന്റെ പ്രേരകശക്തി അംബേദ്കര്‍ ദര്‍ശനങ്ങളായിരുന്നു. രാഷ്ട്രീയ മണ്ഡലത്തില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി ശക്തിയാര്‍ജ്ജിച്ചപ്പോള്‍ ഐ.എല്‍.പി .ബി.എസ്.പിയില്‍ ലയിച്ചു. ദലിത് -പിന്നോക്ക-മത ന്യുനപക്ഷ ഐക്യം ബഹുജന്‍ സമാജ് പാര്‍ട്ടി മുദ്രാവാക്യമായി ഉയര്‍ത്തിയിരുന്നെങ്കിലും കല്ലറ സുകുമാരന്റെ ലക്ഷ്യം ദലിതരുടെ രാഷ്ട്രീയാധികാരം മാത്രമായിരുന്നു. അത് ദലിത് ഏകീകരണം കൊണ്ടുമാത്രം സാധിതമാവുകയില്ലെന്ന തിരിച്ചറിവാണ് പുതിയ മുദ്രാവാക്യത്തെ സ്വീകരിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

കല്ലറ സുകുമാരന്റെ ആ മനോഭാവം ഐ.എല്‍.പി.യുടെ ഭരണഘടനയില്‍ കാണാവുന്നതാണ്. സംസ്ഥാന ഘടകം മുതല്‍ യൂണിറ്റ് ഘടകം വരെയുള്ള കമ്മറ്റികളുടെ അദ്ധ്യക്ഷ സ്ഥാനം പട്ടികജാതി-വര്‍ഗ്ഗ-ദലിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമേ വഹിക്കാവു എന്ന നിബന്ധന ഐ.എല്‍.പിയുടെ ഭരണഘടനയിലുണ്ടായിരുന്നു. പിന്നോക്ക-മത ന്യൂനപക്ഷ സഹകരണം അദ്ദേഹം അംഗീകരിച്ചത് തുറന്ന മനസ്സോടെ ആയിരുന്നോയെന്നു സംശയമാണ്. കാരണം, പിന്നോക്കര്‍, പ്രത്യേകിച്ചും ഈഴവര്‍ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളിലും ശക്തമായ പങ്കാളിത്തം വഹിക്കുന്നു. സാമൂഹീക-സാമ്പത്തിക മണ്ഡലങ്ങളിലും അവര്‍ നിര്‍ണ്ണായകശക്തിയാണ്. അവര്‍ക്ക് ഒരു പുതിയ രാഷ്ട്രീയ കക്ഷിയുടെ ആവശ്യമില്ല. ദലിത് ക്രൈസ്തവര്‍ ഒഴികെയുള്ള മതന്യുനപക്ഷത്തിന്റെ കാര്യവും വ്യത്യസ്ഥമല്ല. അവരും കേരളത്തില്‍ നിഷേധിക്കാനാവാത്ത ശക്തിയാണ്. സ്വന്തമായ മതരാഷ്ട്രീയ ശക്തിയും അവര്‍ക്കുണ്ട്. ഇവയൊന്നുമില്ലാത്തത് ദലിതര്‍ക്കുമാത്രമാണ്. നിലവിലുള്ള രാഷ്ട്രീയ ശക്തിയും കക്ഷിയും ഉപേക്ഷിച്ചിട്ട് ദലിതരുമായി പുതിയ സംഖ്യം ഉണ്ടാക്കേണ്ട ആവശ്യം പിന്നോക്ക മത ന്യൂനപക്ഷങ്ങള്‍ക്കില്ല. എന്നിട്ടും ദലിത്-പിന്നോക്ക-മതന്യൂനപക്ഷ ഐക്യം എന്ന മുദ്രാവാക്യം കല്ലറ സുകുമാരന്‍ സ്വീകരിച്ചത് ദലിതര്‍ക്ക് രാഷ്ട്രീയാധികാരം സ്വായത്തമാക്കുവാന്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നും സിദ്ധാന്തിക്കാനില്ലാത്തതുകൊണ്ടു മാത്രമാണ്.

അപ്പോഴും ദലിത് രാഷ്ട്രീയ നേതൃത്വം ഇതരര്‍ കയ്യടക്കുമോയെന്ന ആശങ്ക കല്ലറസുകുമാരനുണ്ടായിരുന്നു. ബി.എസ്.പി. 'ബഹുജന' മുദ്രാവാക്യമുപേക്ഷിച്ച് സര്‍വ്വസമാജമായി മാറുകയും സതീഷ് ചന്ദ്രമിശ്രയെപ്പോലുള്ള പൂണൂല്‍ധാരികള്‍ നേതൃസ്ഥാനങ്ങളില്‍ അവരോധിക്കപ്പെടുകയും ചെയ്തപ്പോള്‍ തകര്‍ന്നടിഞ്ഞത് കല്ലറ സുകുമാരന്റെ രാഷ്ടീയ ദര്‍ശനമായിരുന്നു. കല്ലറ സുകുമാരന്റെ രാഷ്ടീയ ദര്‍ശനം ബി.എസ്.പി.യിലെ ദലിതര്‍ അവലേകനം ചെയ്താല്‍ അത് പാര്‍ട്ടിയിലെ സവര്‍ണ്ണ ലോബിക്ക് ഭീഷണിയായി ഭവിക്കുകയും. അതുകൊണ്ടു തന്നെ കല്ലറ സുകുമാരന്റെ പേരു പോലും ഉച്ചരിക്കുവാന്‍ കേരളത്തിലെ ബി.എസ്.പി. നേതൃത്വം ഇന്ന് ഭയപ്പെടുന്നു. ബഹുജന്‍ സമാജ് പാര്‍ട്ടിയെ മലയാളക്കരക്കു പ്രയോജനപ്പെടുത്തിയ വ്യക്തിയായിരുന്നിട്ടുപോലും കല്ലറ സുകുമാരനെ ബി.എസ്.പി. അവഗണിക്കുന്നതിനു കാരണം കല്ലറ സുകുമാരന്റെ ദലിത് രാഷ്ട്രീയ സിദ്ധാന്തമല്ലാതെ മറ്റൊന്നല്ല.

കല്ലറ സുകുമാരന്‍ ദലിത് രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളി ആയപ്പോള്‍ ദുര്‍ബലമായത് സംഘടനാ ശക്തിയാണ്. 70കളില്‍ കേരളത്തില്‍ ശക്തമായ പ്രവര്‍ത്തനം നടത്തിയ സംഘടന രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ നിശ്ചലമായി. സംഘടനാ പ്രവര്‍ത്തകര്‍ സമൂലം പാര്‍ട്ടി പ്രവര്‍ത്തകരായി. അതുവരെ സംഘടനയോട് എതിര്‍പ്പ് പ്രകടിപ്പിക്കാതെയിരുന്ന ഇതര രാഷ്ട്രീയ കക്ഷികള്‍ സംഘടനയുടെ ശത്രുക്കളായി മാറി. ആ ശത്രുക്കളുടെ അപവാദ പ്രചാരണങ്ങളെ പ്രതിരോധിക്കുവാന്‍ സംഘടനാ നേതൃത്വത്തിനും കഴിഞ്ഞില്ല. ഇതര രാഷ്ട്രീയ കക്ഷികളുടെ ട്രേഡ് യൂണിയനുകളില്‍ അംഗങ്ങളായിരുന്ന സംഘടനാ പ്രവര്‍ത്തകര്‍ക്ക് സംഘടനയില്‍ തുടരാനാവാത്ത അവസ്ഥയും സംജാതമായി. ഇക്കാരണങ്ങളാല്‍ പ്രവര്‍ത്തകരും ശാഖകളും ഒന്നൊന്നായി കുറയുകയും ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രവര്‍ത്തന രഹിതമാവുകയും ചെയ്തു. അതെ ദലിത് രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍.

ദലിതര്‍ ഒരു രാഷ്ട്രീയ ശക്തിയായി മാറേണ്ടത് അനിവാര്യമാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. പക്ഷേ രാഷ്ട്രീയ കക്ഷി രൂപീകരിച്ചുകൊണ്ടുള്ള ആ പ്രവര്‍ത്തനം കേരളത്തില്‍ പരാജിതമായി. ഇന്ത്യന്‍ ദലിത് ഫെഡറേഷന് രാഷ്ട്രീയ മണ്ഡലത്തിലും അതിന്റെ ശക്തി പ്രകടിപ്പിക്കാമായിരുന്നു, എന്‍ എസ് എസിനേയും എസ്.എന്‍.ഡി.പി.യേയും പോലെ. ആ മാര്‍ഗ്ഗം സ്വീകരിക്കാതെ രാഷ്ട്രീയ കക്ഷിക്ക് ജന്മം കൊടുക്കുകയും ബി എസ് പി യുടെ പ്രചാരകരായി മാറുകയും ചെയ്തതാണ് ഇന്ത്യന്‍ ദലിത് ഫെഡറേഷന്റെ അപചയത്തിനു കാരണം. ഐ.ഡി.എഫ്. നയപരമായ നിലപാടുകളിലൂടെ മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും അതില്‍ ഐ.ഡി.എഫ്.-ന് സ്വാധീനം ചെലുത്താന്‍ കഴിയുന്ന അവസ്ഥ സൃഷ്ടിക്കുകയുമാണ് വേണ്ടത്. മാത്രമല്ല ജാതിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി സാമൂഹിക പരിവര്‍ത്തനത്തിന് കളമൊരുക്കുന്നതിനും, ദലിതരെ സാമൂഹിക-സാമ്പത്തിക മണ്ഡലങ്ങളില്‍ ഒരു ശക്തിയാക്കി മാറ്റുന്നതിനും രാഷ്ട്രീയപ്പാര്‍ട്ടിയേക്കാള്‍ അഭികാമ്യം സംഘടനാ ശക്തിയാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ