"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, നവംബർ 19, ഞായറാഴ്‌ച

സാവിത്രീ ദേവി: ദലിതന്‍ പിറക്കുന്നതിനുമുമ്പേ ഉന്മൂലനത്തിന് വിധേയം...!


ഉത്തര്‍ പ്രദേശിലെ ബുലാന്ദ്ഷര്‍ ജില്ലയില്‍, ഖെത്താല്‍പൂര്‍ ബന്‍സോലി വില്ലേജിലെ സാവിത്രീ ദേവി എന്ന ഗര്‍ഭിണിയായ ദലിത് യുവതി ജാതിഹിന്ദുക്കളുടെ അടിയേറ്റ് കൊല്ലപ്പെടുകയുണ്ടായി. ജാതിഹിന്ദുവായ അഞ്ജു എന്ന സ്ത്രീയുടെ, വെള്ളമെടുക്കുന്ന ബക്കറ്റില്‍ സ്പര്‍ശിച്ചു എന്നതാണ് സാവിത്രീ ദേവി ചെയ്ത കുറ്റം! ഇതില്‍ ക്ഷുഭിതയായ അഞ്ജു ഗര്‍ഭിണിയായ സാവിത്രീ ദേവിയുടെ വയറ്റില്‍ തുടരെ ഇടിച്ചു. തല ഭിത്തി യിലിടിപ്പിച്ചും, പലതവണ അഞ്ജു, സാവിത്രീ ദേവിയെ കഠിനമായി മര്‍ദ്ദിക്കുകയു ണ്ടായി. അഞ്ജുവിന്റെ മകന്‍ രോഹിതും അമ്മയോടൊപ്പം സാവിത്രീദേവിയെ മര്‍ദ്ദിക്കാന്‍ പങ്കുചേര്‍ന്നു. 2017 ഒക്ടോബര്‍ 18 നാണ് രാജ്യത്തെ ജാതിഹിന്ദുക്കളെ മുഴുവന്‍ കോരിത്തരിപ്പിച്ച ഈ വിനോദപരിപാടി അരങ്ങേറിയത്.

ജാതിഹിന്ദു ഊരുകളില്‍ നിന്നും വലിച്ചെറിയുന്ന വേസ്റ്റുകള്‍ പെറുക്കുന്ന 'ജോലി' യാണ് സാവിത്രീ ദേവി ചെയ്തിരുന്നത്. മാസത്തില്‍ 100 രൂപ മാത്രമായിരുന്നു സാവിത്രീ ദേവിക്ക് ഈ 'ജോലി'യില്‍ നിന്ന് കിട്ടിയിരുന്ന വരുമാനം! മര്‍ദ്ദനമേല്‍ക്കുന്ന അന്ന് പതിവുപോലെ 'ജോലി'ക്കെത്തിയ സാവിത്രിക്ക്, ഗര്‍ഭാവസ്ഥയിലുള്ള ക്ഷീണം മൂലം തലചുറ്റല്‍ അനുഭവപ്പെട്ടു. നിലത്തു വീഴാതിരിക്കുന്നതിനായായാണ് വീടിന്റെ വരാന്തയില്‍ വെറിതെയിരിക്കുകയായിരുന്ന ബക്കറ്റില്‍ കൈതാങ്ങിയത്........ ക്ഷീണിതാവസ്ഥയില്‍, ജോലിക്കു പോകുമ്പോള്‍ സാവിത്രി ഒന്‍പത് വയസുള്ള തന്റെ മകളേയും കൂടെ കൂട്ടിയിരുന്നു... അമ്മയെ മര്‍ദ്ദിക്കുന്നതുകണ്ട് കരഞ്ഞോടിയ ആ കുട്ടിയാണ് ദലിത് ബസ്തിയില്‍ വിവരമറിയിച്ചത്....

മര്‍ദ്ദനമേറ്റുവീണ അന്നുതന്നെ സാവിത്രിയുടെ ആണ്‍പിറന്നവന്‍ ദിലീപ് കുമാര്‍ അവരേയും കൊണ്ട് ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടര്‍മാര്‍ ചികിത്സിക്കാന്‍ വിസമ്മതിച്ചു. രക്തസ്രാവമുണ്ടായിട്ടില്ലെന്നും സാവിത്രി പൂര്‍ണ ആരോഗ്യവതിയാ ണെന്നും പറഞ്ഞ് ആശുപത്രി അധകൃതര്‍ അവരെ മടക്കി. അതിനുശേഷം ആറ് ദിവസം കഴിഞ്ഞപ്പോള്‍, ഒക്ടോബര്‍ 21 ന്, സാവിത്രീദേവിയുടെ ആരോഗ്യനില ആകെ വഷളായി. ഉടനെതന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍, വലിയ പരിശോധനകള്‍ ഒന്നും കൂടാതെതന്നെ ഡോക്ടര്‍മാര്‍ അന്ത്യവിധി പ്രഖ്യാപിച്ചു, സാവിത്രീ ദേവി മരിച്ചു!

അതിനിടെ, ഒക്ടോബര്‍ 18 ന് തപേശ്വര്‍ സാഗറിലുള്ള കോട്വാലി പൊലീസ് സ്റ്റേഷനില്‍, ഇത് സംബന്ധിച്ച് ഒരു പരാതി സമര്‍പ്പിക്കുവാനായി ദിലീപ് ചെന്നിരുന്നു. സാവിത്രീ ദേവിയുടെ ശരീരത്തില്‍ മുറിവുകളൊന്നും കാണാനില്ലായ്കയാല്‍, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന് അവര്‍ ദിലീപിനെ അറിയിച്ചു. എങ്കിലും രണ്ടുദിവസം കഴിഞ്ഞപ്പോള്‍, പൊലീസ് സംഘം സാവിത്രീ ദേവിക്ക് മര്‍ദ്ദനമേറ്റ സ്ഥലം സന്ദര്‍ശിച്ച് എഫ്‌ഐആര്‍ തയാറാക്കുവാന്‍ സന്മനസ്സ് കാണിച്ചു.

കേസിന്റെ പരിണതി എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ... ജന്മം തന്നെ കുറ്റമായുള്ള ഒരു ദലിത് സ്ത്രീ ചെയ്യുന്ന നിസ്സാരതെറ്റുകള്‍ പോലും ജാതിഹിന്ദുവിന് നേര്‍ക്ക് ചെയ്യുന്ന ക്രിമിനല്‍ കുറ്റമായാണ് അവര്‍ കാണുന്നത്! ജാതിഹിന്ദുവിനോട് ഇത്തരം ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്ന ഒരു ജനത ഉണ്ടാവാതിരിക്കുന്നതിനാണ് ആ ജനത ജനിക്കുന്നതിന് മുമ്പേ ഉന്മൂലനം ചെയ്യാനായി അവര്‍ ശ്രമിക്കുന്നത്. നികൃഷ്ടരായി ജനിക്കുന്ന ഈ ജനത യാതൊരു ശേഷികളും ഇല്ലാത്തവരാണെന്നും ഉത്കൃഷ്ടരായി ജനിക്കുന്ന തങ്ങളാണ് ലോകത്തെ സര്‍വമാന ശേഷികളുള്ള ജനതയെന്നും മറ്റുമുള്ള ഈ മുന്‍വിധി ജാതിഹിന്ദുക്കള്‍ പിന്തുടരുന്ന നീതിശാസനകളിലെ പ്രമുഖ നിര്‍ദ്ദേശമാണ്. 

സാവിത്രീ ദേവിക്ക് പിറക്കുന്ന സന്തതി ചിലപ്പോള്‍ ഒരു ഖസബാ ജാഥവ് ആയെങ്കിലോ? അല്ലെങ്കില്‍ ടിനാ ദാബി..? അപ്പോള്‍ തങ്ങള്‍ എഴുതിപ്പിടിപ്പിച്ചിരി ക്കുന്ന മുന്‍വിധികള്‍ പാഴിലാവില്ലെ..? രോഹിത് വെമുലയോളം വര്‍ന്നിട്ട് ഒരു ദലിതനെ കൊല്ലുന്നതിലും എളുപ്പമാണല്ലോ, അത്തരമൊരുവന്‍ ജനിക്കാതെ നോക്കുന്നത്!

www.thewire.in
www.huffingtonpost.in
www.mattersindia.comഅഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ