"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, നവംബർ 17, വെള്ളിയാഴ്‌ച

കല്ലറ സുകുമാരന്‍: സാധുവായ മനുഷ്യന്‍ ധീരനായ വിപ്ലവകാരി - പി ആര്‍ രാജുമോന്‍

പി ആര്‍ രാജുമോന്‍

1999 ല്‍ ഇന്നലെകളില്‍ കല്ലറസുകുമാരന്‍ എന്ന പേരില്‍ 30 പേജുകളുള്ള ഒരു ലഘുവിവരണം ഞാനെഴുതി അച്ചടിച്ചു പ്രദ്ധീകരിച്ചിരുന്നു. അതാണ് കല്ലറസുകുമാര നെക്കുറിച്ചുള്ള ആദ്യത്തെ ലേഖനമെന്നു ഞാന്‍ കരുതുന്നു. തുടര്‍ന്ന് ശ്രീ. എലിക്കളം ജയകുമാര്‍ അല്പം കുടി വിപുലമായി കല്ലറസുകുമാരന്റെ ജീവചരിത്ര ഗ്രന്ഥം പ്രസിദ്ധീകരിക്കുകയുണ്ടായി.

വൈക്കം താലുക്കിലെ വെച്ചുര്‍ വില്ലേജില്‍ കുടവെച്ചുര്‍ എന്ന കൊച്ചുഗ്രാമത്തില്‍ ഒരു കൃഷിപ്പണിക്കാരനായി ഒതുങ്ങേണ്ടിയിരുന്ന എന്നെ സാമുഹ്യ രാഷ്ട്രീയ ട്രേഡു യുണിയന്‍ മേഖലകളിലേക്കു കൈപിടിച്ചുയര്‍ത്തുകയും ഇന്‍ഡ്യന്‍ ദലിത് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി,സെന്റര്‍ ഓഫ് കേരളാ ട്രേഡ് യുണിയന്‍സ് സംസ്ഥാന പ്രസിഡന്റ്,ബഹുജന്‍ സമാജ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ സാരഥ്യം വഹിക്കുവാന്‍ എന്നെ പ്രാപ്തനാക്കുകയും ചെയ്ത എന്റെ ഗുരുനാഥനാണ് അനശ്വരനായ കല്ലറ സുകുമാരന്‍. മറ്റൊരാള്‍ പോള്‍ ചിറക്കരോടാണ്.ഈ രണ്ടു വ്യക്തിത്വങ്ങളുടേയും പാവനസ്മരണയ്ക്കു മുമ്പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. അവരോടൊപ്പം എന്റെ വളര്‍ച്ചയില്‍ എന്നെ സഹായിച്ച നുറുകണക്കായ സഹപ്രവര്‍ത്തകരോടും പതിനായിരക്കണക്കായ അനുയായികളോടും എനിക്കുള്ള നന്ദിയും കടപ്പാടും ഹ്യദയപുര്‍വ്വം അറിയിക്കട്ടെ.

ആരായിരുന്നു കല്ലറ സുകുമാരന്‍ ?

മികച്ച സംഘാടകനും, പ്രഗത്ഭ വാഗ്മിയും, സാഹിത്യകാരനും,പ്രമുഖ ദലിത് നേതാവുമായിരുന്നു. പോരാട്ടത്തിന്റെ ചരിത്രത്തിന്റെ പൊരുളറിഞ്ഞവന്‍, നാടിന്റെ ചുവരെഴുത്തുകള്‍കണ്ടവന്‍, സ്വന്തം ജനതയുടെ വികാരങ്ങള്‍ ഹ്യദയത്തില്‍ ഉള്‍ക്കൊണ്ടവന്‍, സ്വന്തം വര്‍ഗ്ഗത്തിനായി ജനിക്കുകയും ജീവിക്കുകയും ചെയ്തവന്‍ സ്വന്തം ജീവിതം വിറകുകൊള്ളിപ്പോലെ കത്തിച്ചു മറ്റുള്ളവര്‍ക്ക് വെളിച്ചം പകര്‍ന്ന മഹാന്‍.ഇതൊക്കെയാണ് എന്റെ അനുഭവത്തിലെയും ഓര്‍മ്മകളിലേയും കല്ലറ സുകുമാരന്‍. 1939 ഓഗസ്റ്റു 4 ന് ജനനം. പതിനെട്ടു വയസ്സില്‍ ആരംഭിച്ച പൊതു പ്രവര്‍ത്തനം.ഒട്ടേറെ കര്‍മ്മമണ്ഡലങ്ങള്‍ താണ്ടി നിരവധി പ്രതിസന്ധികള്‍ അതിജീവിച്ചു പട്ടികജാതി പട്ടിക വര്‍ഗ്ഗ ദലിത് ക്രൈസ്തവ പോരാട്ടങ്ങള്‍, ദലിത്- പിന്നോക്ക- മതന്യുനപക്ഷ ജനതയുടെ വിമോചന പോരാട്ടങ്ങളിലെത്തി 1996 ഒക്‌ടോബര്‍ 12 ന്‍ കാലയവനിക്കു പിന്നില്‍ മറയുമ്പോള്‍ മര്‍ദ്ദിത ജനതയുടെ ഒരു യുഗം അവസാനിക്കുകയായിരുന്നു. എല്ലാവരേയും സ്‌നേഹിക്കുവാനും ബഹുമാനിക്കുവാനും കഴിയുന്ന ഒരു നല്ല മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. അടുത്തറിഞ്ഞ കാലം മുതല്‍ ആത്മാര്‍ത്ഥതയോടെ സഹകരിക്കുകയും സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു പോന്നു.ഞാനുമായി പങ്കുവെയ്ക്കാത്ത രഹസ്യങ്ങള്‍ പോലുമില്ലായിരുന്നു ആ മനസ്സില്‍ ആഡംബരങ്ങളോ ആര്‍ഭാടങ്ങളോ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. ജന ലക്ഷങ്ങളുടെ നേതാവായി വളര്‍ന്നിട്ടും യാതൊരുവിധ ജാഡകളുമില്ലാതെ ആള്‍കുട്ടത്തിലൊരുവനായി മാത്രം അറിയപ്പെടാന്‍ താല്പര്യപ്പെട്ടിരുന്ന മഹാമനസ്‌കന്‍. വസ്ത്രധാരണങ്ങളില്‍ അലക്കിതേച്ച ഷര്‍ട്ടും മുണ്ടും മാത്രം ധരിച്ചിരുന്നു. ഭക്ഷണ കാര്യത്തില്‍ കഞ്ഞിയും കപ്പയും കാന്താരിചമ്മന്തിക്കുമപ്പുറത്തേക്ക് ചിന്തിച്ചിട്ടു പോലുമുണ്ടാകില്ല. പല നേതാക്കളും സഹപ്രവര്‍ത്തകരും നല്ല ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകള്‍ തേടുമ്പോള്‍,കല്ലറ സുകുമാരനെന്ന നേതാവ് കഞ്ഞികിട്ടുന്ന തട്ടുകട അന്വേഷിക്കുമായിരുന്നു.

സമ്മേളന സ്ഥലങ്ങളിലേക്ക് ഒരു ടാക്‌സി കാറില്‍ നേതാവ് വന്നിറങ്ങിയാല്‍ പ്രവര്‍ത്തകര്‍ക്കഭിമാനമാണത്.പണവും അവര്‍ നല്‍കും .എന്നാല്‍ കല്ലറ സുകുമാരന്‍ ലൈന്‍ ബസില്‍ വന്നിറങ്ങി കാല്‍ നടയായി സമ്മേളന വേദിയിലെത്തും.സമ്മേളനം കഴിഞ്ഞാല്‍ സ്ഥലത്തെ നല്ല ഹോട്ടലില്‍ നേതാവിനെ താമസിപ്പിക്കാന്‍ അനുയായികള്‍ തയ്യാറാണ്.പക്‌ഷേ അദ്ദേഹം പ്രവര്‍ത്തകരുടെ കുടിലില്‍ വന്ന് കഞ്ഞിയും ചമ്മന്തിയും കഴിച്ച് അവിടെയുള്ള പായില്‍ കിടന്നുറങ്ങാന്‍ മാത്രമാണി ഷ്ടപ്പെട്ടിരുന്നത്.ഏതു പ്രവര്‍ത്തകന്റേയും ഏതാവശ്യങ്ങള്‍ക്കും ഓടിയെത്തു മായിരുന്നു.എന്തെങ്കിലും കാര്യം സാധിക്കാന്‍ വരുന്നവര്‍ രണ്ടുപായക്ക്റ്റ് സിഗരറ്റാണ് കാണിക്കയായി കൊണ്ടു വരുന്നത്.

അമിതമായ പുകവലി ഒരു പരിധി വരെ ആരോഗ്യത്തെ പ്രതികുലമായി ബാധിച്ചിരുന്നു. എല്ലാവരേയും സ്‌നേഹിക്കുകയും ,വിശ്വസിക്കുകയും,ബഹുമാനിക്കുകയും ചെയ്യുന്ന എളിമയുടെ സാക്ഷാത്കാരമായിരുന്നുവെങ്കിലും ശത്രുക്കള്‍ക്കു ഒട്ടും കുറവില്ലായിരുന്നു അദ്ദേഹത്തിന്റെ അത്ഭുതകരമായിരുന്ന വളര്‍ച്ചയില്‍ ജനപിന്തുണയില്‍, പ്രശ്‌നങ്ങളെ നേരിടാനുള്ള കഴിവുകളില്‍ നേതാവായിരുന്നുവെങ്കിലും സംഘടനാ രംഗത്തുണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അസ്വസ്ഥമാക്കുമായിരുന്നു. അപ്പോഴെല്ലാം താങ്ങും തണലുമായി ഞാനും ഞാനടക്കമുള്ള ഒരു സുഹ്യദ് വലയവും അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തു പോന്നു.കേരളത്തിന്റെ സാമുഹ്യ-രാഷ്ട്രീയ ട്രേഡ് യുണിയന്‍ മേഖലകളില്‍ പ്രോജ്വലിച്ചു നിന്ന മഹാപ്രതിഭയെങ്കിലും ഇത്രയും സാധുവായൊരു നേതാവിനെ എനിക്കെവിടേയും കാണാന്‍ കഴിഞ്ഞിട്ടില്ല. രാജകീയ പ്രൗഡിയില്‍ ജീവിക്കുവാന്‍ അവസരങ്ങളുണ്ടായിരുന്നിട്ടും അതൊന്നും ആഗ്രഹിക്കാതെ എന്നും സാധാരണക്കാരനായി തുടരാനായിരുന്നു ആഗ്രഹം. നല്ലൊരു വീടു നിര്‍മ്മിക്കാനോ സംഘടനാ കാര്യങ്ങള്‍ക്ക് യഥാസമയം ഓടിയെത്താന്‍ ഒരു വാഹനം വാങ്ങുവാനോ സ്വന്തം ആണ്‍മക്കള്‍ക്ക് ഒരു ജോലി സമ്പാദിച്ചുകൊടുക്കുവാനോ കഴിയുമായിരുന്നുവെങ്കിലും സ്വന്തം കാര്യത്തെക്കുറിച്ച് ഒരിക്കല്‍ പോലും അദ്ദേഹം ചിന്തിച്ചിരുന്നില്ല. എന്നും സംഘടന, പാര്‍ട്ടി, ട്രേഡ് യുണിയന്‍ അതിലണിനിരന്ന ജനതയുടെ പ്രശ്‌നങ്ങള്‍ ഇതിനുപ്പറും മറ്റൊരു ചിന്തകളും കല്ലറസുകുമാരനു ണ്ടായിരുന്നില്ല.1981 ലാണ് ഞാനാദ്യമായി അദ്ദേഹത്തെ കണ്ടുമുട്ടുന്നത്.

ഞാന്‍ താമസിക്കുന്ന എന്റെ ഗ്രാമത്തില്‍ ഈഴവര്‍ക്കാണ് ആധിപത്യം.രണ്ടാം സ്ഥാനം ദലിതര്‍ക്കാണെങ്കിലും അവര്‍ സംഘടിതരല്ല. ഈഴവ-പുലയ സംഘട്ടനം ഇവിടെ ഒരു സ്ഥിരം സംഭവമായിരുന്നു. ഈഴവര്‍ തല്ലും ദലിതര്‍ കൊള്ളും എന്തിന് തല്ലിയെന്നുപോലും ആരും ചോദിക്കാറുമില്ല. 1981 ല്‍ ഇവിടെ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഈഴവപക്ഷത്തു ചേര്‍ന്നു.ദലിതര്‍ എല്ലാപാര്‍ട്ടികളിലുമുണ്ടെങ്കിലും പാര്‍ട്ടികള്‍ ദലിതരെ കൈവിട്ടു.പിന്നെയുള്ളത് പുലയര്‍ മഹാസഭയാണ്. അടിയെന്ന് എഴുതി കാണിച്ചാല്‍ അവര്‍ വീട്ടിലെത്തും. ഇതായിരുന്നു സ്ഥിതി. ഇവിടെ കല്ലറ സുകുമാരന്റേയും പോള്‍ ചിറക്കരോടിന്റേയും ആരാധകരായ രണ്ടു വ്യക്തികളുണ്ടായിരുന്നു.അവരോടു മറ്റു ദലിതര്‍ക്ക് പുച്ഛവുമായിരുന്നു. ഒന്ന് എന്റെ പിതാവ് പുതുവലില്‍ പി.കെ.രാഘവന്‍. (മരിച്ചുപോയി) രണ്ട് കാഥികന്‍ വൈക്കം തങ്കപ്പന്‍ (ജീവിച്ചിരിപ്പുണ്ടു) ഇവര്‍ രണ്ടുപേരും ചേര്‍ന്നു നാട്ടില്‍ നടക്കുന്ന കലാപത്തെക്കുറിച്ച് കല്ലറ സുകുമാരന്‍ നേത്യത്വം നല്‍കുന്ന കേരളാഹരിജന്‍ ഫെഡറേഷന്റെ വൈക്കം താലുക്ക് നേതാക്കളെ കണ്ട് സംസാരിക്കുകയും അവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ പഠിച്ചു.പോലീസില്‍ ബന്ധപ്പെട്ടു നാട്ടില്‍ സാമാധാനാന്തരീക്ഷമുണ്ടാക്കാനുള്ള അവസരമൊരുക്കി.

അങ്ങനെ കേരളാഹരിജന്‍ഫെഡറേഷന്റെ 482-ാം നമ്പര്‍ ബ്രാഞ്ചു കുടവെച്ചുരില്‍ രജിസ്റ്റ്ര്‍ ചെയ്തു പ്രവര്‍ത്തനമാരാംഭിക്കാനുള്ള കാര്യങ്ങള്‍ നടക്കുകയും കുറെ യുവാക്കള്‍ രംഗത്ത് വരികയും കല്ലറ സുകുമാരന്റെ പ്രസ്ഥാനമാണ് ഹരിജനങ്ങള്‍ക്കാവശ്യമെന്നു തിരിച്ചറിയുകയും അതിനായുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. വൈകാതെ തന്നെ ബ്രാഞ്ചു ഉദ്ഘാടനസമ്മേളനം തീരുമാനിച്ചു.ഏകദിന സെമിനാറും വൈകുന്നേരം റാലിയും പൊതുസമ്മേളനവും ,നോട്ടീസ്, പോസ്റ്റര്‍,വാഹന പ്രചാരണം തുടങ്ങി.ഗംഭിരമായ പരിപാടികളോടെ തുടക്കംകുറിച്ചു.രാവിലെ 10 മണിയായപ്പോള്‍ വെള്ളപോളിയ്സ്റ്റര്‍ മുണ്ടും ഷര്‍ട്ടും ധരിച്ചു കറുത്ത കട്ടിയുള്ള ഫ്രയിം,ഉണ്ട കണ്ണട ധരിച്ചു കയ്യില്‍ ഒരു വിധം വലിയ ഒരു സുട്ട്‌കെയ്‌സും തുക്കിപിടിച്ചും ഒരു കറുത്ത ചെറിയ മനുഷ്യന്‍ ഞങ്ങളുടെ മുമ്പിലെത്തി. അതാണ് കല്ലറ സുകുമാരനെന്ന് എന്റെ പിതാവു എന്നോടു വന്നു പറഞ്ഞപ്പോള്‍ എനിക്കും ത്യപ്തിയായില്ല.അരമണിക്കുര്‍ കഴിഞ്ഞപ്പോള്‍ ഇതുപോലെ തന്നെ സുട്ട്‌കെയ്‌സും പിടിച്ചു പൊക്കം കുറഞ്ഞു സാമാന്യം വണ്ണമുള്ള സുമുഖനായ ഒരു മനുഷ്യന്‍ വന്നിറങ്ങി. അതായിരുന്നു. ശ്രീ പോള്‍ ചിറക്കരോട്.വലിയ പൊക്കവും വണ്ണവും കുടവയറും, വില കുടിയ വസ്ത്രങ്ങളും ധരിച്ച് വരുന്ന മേലാളന്മാരായ നേതാക്കളെ മാത്രം കണ്ടിട്ടുള്ള ഞങ്ങള്‍ക്ക് ഈ നേതാക്കളെ അത്രയ്ക്കു കണ്ടുപിടിച്ചില്ല എന്ന സത്യം മറച്ചുവയ്ക്കുന്നില്ല. സെമിനാര്‍ ആരംഭിച്ചുകല്ലറ സുകുമാരനെന്ന കൊച്ചു മനുഷ്യന്റെ വായ് തുറന്ന് നാവിന്‍ തുമ്പില്‍ നിന്നുതിര്‍ന്നു വീണ തീപ്പൊരികള്‍ ഈ രാജ്യത്തെ ചാമ്പലാക്കാന്‍ കഴിയുന്നതാണെന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞു.

തുടര്‍ന്നു പോള്‍ ചിറക്കരോടിന്റെ ഊഴം വന്നു. സാഹിത്യകാരനായ അദ്ദേഹത്തിന്റെ കടിച്ചാല്‍ പൊട്ടാത്ത വാക്കുകളും ആയിരം അര്‍ത്ഥങ്ങളുണ്ടാക്കുന്ന വാചകങ്ങളും ഫലിതങ്ങളുമെല്ലാം ചേര്‍ന്ന തീവ്രമായ ഒരു തകര്‍പ്പന്‍ പ്രസംഗം ഞങ്ങളിലെ ഉറങ്ങിക്കിടന്ന വിപ്ലവകാരികള്‍ ഉണര്‍ന്നു.

ആവേശതിമിര്‍പ്പോടെ വൈകുന്നേരം റാലിയും പൊതു സമ്മേളനവും നടന്നു. 4 മണിക്കാരംഭിച്ച സമ്മേളനം രാത്രി 10.30 നു അവസാനിച്ചപ്പോള്‍ കേരളത്തിന്റെ മണ്ണില്‍ മര്‍ദ്ദിത ജനതയുടെ നേതാക്കള്‍ കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും മാത്രമാണെന്നു ഞങ്ങള്‍ ഉറക്കെ ഉറക്കെ പ്രഖ്യാപിച്ചു. ഇന്നലകളില്‍ ദലിതരെ ആക്രമിച്ചവരെ ഞങ്ങള്‍ തിരിച്ചാക്രമിച്ചു തുടങ്ങി. ഒടുവില്‍ ഇരുവിഭാഗങ്ങളും ഒരു ഒത്തുതീര്‍പ്പിന് വേദിയൊരുക്കി.ഇന്നു എന്റെ നാട്ടില്‍ എന്റെ ജനതയെ ആരും ആക്രമിക്കില്ല. ശക്തി സംഭരിക്കു..... തിരിച്ചടിക്കു... എന്ന ആപ്ത വാക്യം നെഞ്ചിലേറ്റി വീടുകളില്‍ നിന്നും വീടുകളിലേക്കും ഗ്രാമങ്ങളില്‍ നിന്നു ഗ്രാമങ്ങളിലേക്കും ഞാനും സുഹ്യത്തുക്കളും പ്രായാണമാരംഭിച്ചു.കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും പകര്‍ന്നു തന്ന ആശയങ്ങളുമായിഞാന്‍ വിജയകരമായി ജൈത്രയാത്ര ആരംഭിച്ചു. 1981 ല്‍ കോട്ടയം ടൗണ്‍ എല്‍.പി.എസ് ഹാളില്‍ കെ.എച്ച്.എഫിന്റെ 1000 സന്നദ്ധ സേവകര്‍ക്കായി ഒരാഴ്ചക്കാലം നീണ്ടു നിന്ന നേത്യത്വ പരിശീലന ക്യാമ്പിലും പങ്കെടുത്തുകഴിഞ്ഞപ്പോള്‍ ആരുടെ ഏതു ചോദ്യങ്ങള്‍ക്കും ഉത്തരം നല്കാന്‍ കഴിയുമെന്ന തന്റേടമുണ്ടായി. ജനങ്ങളെ സംഘടിപ്പിക്കാനും വേദികളില്‍ പ്രസംഗിക്കാനുമുള്ള എന്റെ കഴിവുകള്‍ എത്രയും വേഗം. എന്നെ നേത്യനിരകളിലേ ക്കാനയിച്ചു തുടങ്ങി. കേരള ഹരിജന്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്‍. യുവജന ഫെഡറേഷന്‍ തുടങ്ങിയ കോവളം കമലാസനന്റേയും തട്ടയില്‍ രാമചന്ദ്രന്റേയും നേത്യത്വത്തിലുണ്ടായിരുന്ന സംഘടനകള്‍ കുടി കെ.എച്ച്.എഫിനെ മാത്യസംഘട നയായി അംഗീകരിച്ചപ്പോള്‍ കെ.എച്ച്.എഫ്. ഒരു വന്‍ ശക്തിയായി വളര്‍ന്നു.

1983 ല്‍ ഗുരുവായുര്‍ ക്ഷേത്ര ഊട്ടുപുരയില്‍ ബ്രാഹ്മണനായിരുന്നിട്ടും പുണുലില്ലായെന്ന കാരണത്താല്‍ സ്വാമി ആനന്ദ തീര്‍ത്ഥ,മര്‍ദ്ദനമേറ്റ സംഭവം അറിഞ്ഞയുടന്‍ കല്ലറ സുകുമാരന്റെ നേത്യത്വത്തില്‍ ഒരു പ്രതിഷേധ ജ്വാല ഉയര്‍ന്നു. തിരുവന്തപുരത്തു ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും 101 സന്നദ്ധഭടന്മാരേടൊപ്പം ഗുരുവായുരി ലേക്ക് നടത്തിയ ഐതിഹാസികമായ മാര്‍ച്ചാണു അയിത്താചാര വിരുദ്ധ തീര്‍ത്ഥാടന പദയാത്ര. ബ്രാഹ്മണര്‍ക്കു മാത്രമായി നടത്തുന്ന നമസ്‌കാര സദ്യ അവസാനിപ്പിച്ചേ ഞങ്ങള്‍ മടങ്ങു എന്നു പ്രഖ്യാപിച്ചു കൊണ്ടു വടക്കോട്ടു നീങ്ങിയ സമരജാഥയ്ക്കു എസ്.എന്‍.ഡി.പി.യോഗം, എസ്.ആര്‍.പി.തുടങ്ങിയ പ്രസ്ഥാനങ്ങള്‍ പിന്തുണ നല്‍കുകയും ആവശ്യമായ സഹായസഹകരണങ്ങള്‍ ചെയ്തുതരികയും ചെയ്തപ്പോള്‍ സമര ജ്വാല ആളിപ്പടര്‍ന്ന് കര്‍ണ്ണാടക-തമിഴ്‌നാടു ആന്ധ്രാ സംസ്ഥാനങ്ങളിലെ പ്രമുഖ ദലിത് നേതാക്കളും കേരളത്തിലെത്തി ഈ അയിത്താചാര വിരുദ്ധസമരത്തിനു പിന്തുണ നല്കിയതോടെ വാര്‍ത്താമാധ്യമങ്ങളില്‍ കല്ലറസുകുമാരനെന്ന നേതാവു തിളങ്ങി. വിശ്വഹിന്ദു പരിഷത്ത് വിശാലഹിന്ദു സമ്മേളന്‍, ആര്‍.എസ്.എസ്.തുടങ്ങിയ സംഘടനകള്‍ എതിര്‍ക്കുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും അവരൊക്കെ ഈ സമരത്തെ അനുകുലിക്കുക മാത്രമല്ല പ്രമുഖ ക്ഷേത്രങ്ങളില്‍ കല്ലറ സുകുമാരന് പുര്‍ണ്ണ കുംഭം നല്കി സ്വീകരിക്കുകയായിരുന്നു.

കെ.എച്ച്.എഫും കല്ലറസുകുമാരനും കേരളത്തിനകത്തും പുറത്തും ചര്‍ച്ചാവിഷയമായി മാറുകയും പത്രമാധ്യമങ്ങള്‍ അത്മാര്‍ത്ഥമായി സഹായിക്കുകയും ചെയ്തപ്പോള്‍ കല്ലറ സുകുമാരന്റെ യശസ്സ് വാനോളം ഉയരുകയായിരുന്നു. കല്ലറ സുകുമാരനും പേരും പ്രശസ്തിയും ഉണ്ടാക്കുമെന്നു തിരിച്ചറിഞ്ഞ പട്ടികജാതി സംഘടനകള്‍ ചില തറ വേലകള്‍ കാണിക്കാനും മടിച്ചില്ല. ഹരിജന്‍ സമാജം പ്രസിഡന്റ് എം.കെ. കുഞ്ഞോലിന്റെ നേത്യത്വത്തില്‍ കല്ലറ സുകുമാരനും കുടെ വരുന്ന ജാഥാ അംഗങ്ങളും അവശ ക്രിസ്ത്യാനികളാണെന്നും അവരെ അമ്പലത്തില്‍ പ്രവേശിപ്പിക്കരുതെന്നുള്ള അച്ചടിച്ച നോട്ടീസുകള്‍ ത്യശ്ശുര്‍ ജില്ലയിലുട നീളം വിതരണം ചെയ്തു. എന്നാല്‍ ഒരു ഹൈന്ദവ സംഘടനകളും അതു ചെവിക്കൊണ്ടില്ല.കല്ലറ സുകുമാരന്റെ ആവശ്യം ന്യായമാണെന്നു മനസ്സിലാക്കിയ ഗുരുവായുര്‍ ദേവസ്വം ബോര്‍ഡും അടിയന്തിരമായി കുടി സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാനും ബ്രാമണര്‍ക്കുമാത്രമായുള്ള നമസ്‌കാര സദ്യ അവസാനിപ്പിക്കാമെന്നു തീരുമാനിക്കുകയും 1983 ഫെബ്രുവരു 13ന് രാവിലെ ഗുരുവായുര്‍ ക്ഷേത്രാങ്കണത്തിലെത്തിയ കല്ലറ സുകുമാരനേയും ജാഥാ അംഗങ്ങളേയും ദേവസ്വം ബോര്‍ഡിന്റെ നേത്യത്വത്തില്‍ പൂര്‍ണ്ണകുംഭം നല്കി സ്വീകരിച്ചാനയിച്ച് ഊട്ടുപുരയില്‍ കൊണ്ടു ചെന്നു ബ്രാഹ്മണര്‍ക്കൊപ്പമിരുത്തി ഭക്ഷണം നല്‍കിയപ്പോള്‍ 500 ഓളം വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു അനാചാരമാണ് അവസാനിക്കപ്പെട്ടത്. ഗുരുവായുരപ്പന്റെ ഭക്തനും എല്ലാ മലയാളമാസം 1-ാം തീയതിയും ഗുരുവായുരില്‍ ദര്‍ശനം നടത്തുന്ന കേരളത്തിന്റെ അന്നത്തെ മുഖ്യമന്ത്രി ശ്രീ.കെ.കരുണാകരന്‍ പോലും അന്നാദ്യമായാണ് ഊട്ടുപുരയില്‍ കാല്‍കുത്തിയത്.

ഗാന്ധിജി തോറ്റിടത്ത് കല്ലറ സുകുമാരന്‍ വിജയിച്ചു എന്നാണ് ഇംഗ്ലീഷ് പത്രങ്ങള്‍ പോലും എഴുതിയത്.കല്ലറ സുകുമാരനെ നേതാവാക്കി വളര്‍ത്തിയ ഏറ്റവും പ്രാധാന സമരമാണിത്.ഈ സമരത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ അംഗരക്ഷകനും, ജാഥാ അംഗങ്ങളുടെ ലീഡറുമായിരുന്നു. കല്ലറ സുകുമാരന്റെ ദൗത്യം വിജയിപ്പിക്കാന്‍ സഹായിച്ചവരില്‍ എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റായിരുന്ന ശ്രീ.എം.കെ. രാഘവന്‍ വക്കീല്‍, എസ്..ആര്‍.പി.നേതാവ് ശ്രീ.കെ.വി.വാസുദേവന്‍ എന്നിവരെ ഒരിക്കലും വിസ്മരിക്കാനാവില്ല.

കല്ലറ സുകുമാരന്‍ ഒരു നേതാവായി വളര്‍ന്ന് തുടര്‍ന്ന് അവശ ക്രൈസ്തവ പ്രശ്‌നങ്ങള്‍ക്കുവേണ്ടി ബിഷപ്പ് ഹൗസ് മാര്‍ച്ച്, ആദിവാസികളുടെ അന്യാധീനപ്പെട്ട ഭുമിക വേണ്ടിയുള്ള ആദിവാസി മാര്‍ച്ച്, ജാതി വിരുദ്ധ ജാഥ തുടങ്ങി കേരളത്തില്‍ അനാചരങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ കല്ലറ സുകുമാരന്റെ നേത്യത്വത്തില്‍ എണ്ണമറ്റ പ്രക്ഷോഭസമരങ്ങള്‍ അരങ്ങു തകര്‍ത്തുകയുണ്ടായി. ഇത്രയേറെ സെമിനാറുകളും സിമ്പോസിയങ്ങളും,സമരങ്ങളും, മാര്‍ച്ചുകളും നടത്തിയ ഒരു സംഘടനയും കേരളത്തിലുണ്ടാകില്ല. ഏതു വിഷയങ്ങളെയും അപ്പോള്‍ തന്നെ പ്രതികരിക്കുന്ന പ്രതികരണ ശേഷിയുള്ള കരുത്തനായ നേതാവായിരുന്നു കല്ലറ സുകുമാരന്‍ ഹരിജനെന്ന പദം ഉപേക്ഷിച്ചു ദലിത് എന്ന പദം സ്വീകരിച്ചു. കെ.എച്ച്.എഫ്. എന്ന സംഘടന ഇന്‍ഡ്യന്‍ ദലിത് ഫെഡറേഷനുമായി മര്‍ദ്ദിത ജനതയുടെ പ്രശ്‌നം ഗൗരവമായ രാഷ്ട്രീയ പ്രശ്‌നമാണെന്ന അംബേദ്കറുടെ ആശയം അംഗീകരിച്ചു കൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും രുപം നല്‍കാന്‍ തീരുമാനിക്കുകയും ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി 1983 ഏപ്രില്‍ 20ന് ഇന്‍ഡ്യന്‍ ലേബര്‍ പാര്‍ട്ടി എന്ന രാഷ്ട്രീയ പാര്‍ട്ടി രുപീകരിച്ചു.

രാഷ്ട്രീയ പാര്‍ട്ടി രുപീകരിച്ചപ്പോള്‍ സംഘടനയില്‍ നെല്ലും പതിരും തിരിയുന്നതു പോലൊരു മാറ്റം സംഭവിച്ചു. മറ്റു പല പാര്‍ട്ടികളില്‍ നിന്നും വിട്ടു നില്‍ക്കാനാവാത്ത കുറെ നേതാക്കളും പ്രവര്‍ത്തകരും ഐ.ഡി.എഫ് വിട്ടുവെങ്കിലും ഐ.എല്‍.പി.എന്ന തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയ പാര്‍ട്ടി കേരളത്തിലെല്ലാ ഗ്രാമങ്ങളിലേക്കും വേരോടി. തൊഴിലാളികളെ തൊളിലാളികള്‍ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെന്ന പേരില്‍ ഏറെ പ്രസക്തി നേടി.തെരെഞ്ഞെടുപ്പു വേദികളില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കാന്‍ കഴിഞ്ഞു. അധികാരത്തിലെത്താനായില്ലെങ്കിലും അടിത്തട്ടു ജനതയെ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ ഐ.എല്‍.പിക്കു. കഴിഞ്ഞുവെന്നതു നിസ്സാരമല്ല.കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും നേത്യത്വം നല്‍കുന്ന IDF, CKTU, ILP, എന്നീ മുന്നു പ്രസ്ഥാ നങ്ങള്‍ കേരളക്കരയിലെ അയിത്തജാതിക്കാരുടെ മര്‍ദ്ദിത ജനതയുടെ വിമോചന സമര സംഘടനകളായി വളര്‍ന്നുവന്നു. 1995-ല്‍ കേരളത്തിലെ മികച്ച ദലിത് നേതാവും സാഹിത്യകാരനും എന്ന പേരില്‍ കല്ലറ സുകുമാരനും ഭാരതീയ ദലിത് സാഹിത്യ അക്കാഡമിയുടെ അംബേദ്കര്‍ ഫെല്ലോഷിപ്പ് ലഭിച്ചു.കേരളത്തിലും ഇന്‍ഡ്യയിലും ഇന്നോളം ദലിതര്‍ക്കുവേണ്ടി രചിച്ചിട്ടുള്ള ദലിത് സാഹിത്യ ഗ്രന്ഥങ്ങള്‍ ശേഖരിക്കുകയും ,ദലിത് സാഹിത്യകാരന്‍മാരെ സംഘടിപ്പിച്ച് ദലിത് സാഹിത്യ സംഘം രുപീകരിക്കുകയും ചെയ്തു. 

കോട്ടയം തിരുനക്കര മൈതാനിയില്‍ നടന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ ദലിതരുടെ ചരിത്ര ഗ്രന്ഥങ്ങള്‍ പ്രദര്‍ശിപ്പിച്ചു ദലിത് സാഹിത്യകാരന്‍മാരെ വിളിച്ചു പൊന്നാട അണിയിച്ചു സ്വീകരിച്ചു. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന IDF ന്റെ മഹാസമ്മേളനത്തില്‍ കേരളാ ഹിസ്റ്ററി കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീ.എന്‍.കെ. േജാസിനെ പൊന്നാടയണിയിച്ച് സ്വീകരിക്കുകയും ദലിത് ബന്ധു എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ഇന്നും അദ്ദേഹം അറിയപ്പെടുന്നത് ദലിത് ബന്ധു എന്‍.കെ. ജോസ് എന്ന പേരിലാണ്. ഹരിജന്‍ പ്രശ്‌നങ്ങളില്‍ ഒരഭിവീക്ഷണം മുതല്‍ വിമോചനത്തിന്റെ അര്‍ത്ഥ ശാസ്ത്രം വരെ 20 ലേറെ ഗ്രന്ഥങ്ങള്‍ രചിച്ചു. അച്ചടിച്ചു പ്രസിദ്ധീകരിച്ചു കേരളത്തിലെ ദലിതര്‍ക്കു സമ്മാനിച്ചു. ഇന്ന് കേരളത്തിലെ മുഴുവന്‍ ദലിത് നേതാക്കളും പ്രസംഗിക്കുന്നതും സംസാരിക്കുന്നതും കല്ലറ സുകുമാരന്റെ ക്യതികളിലെ വാചകങ്ങള്‍ മാത്രമാണെന്നു പറഞ്ഞാല്‍ അതു തികച്ചും നുറു ശതമാനവും സത്യവുമാണ്. ദലിത് സംഗമങ്ങള്‍സംഘടിപ്പിച്ചു ദലിത് നേതാക്കളെ വിളിച്ചു വരുത്തി ദലിതര്‍ക്ക് ഒറ്റ സംഘടന എന്ന ആശയത്തിനുവേണ്ടി പലഘട്ടങ്ങളിലും കല്ലറ സുകുമാരന്‍ വീട്ടുവീഴ്ചകള്‍ക്കു തയ്യാറായിട്ടുണ്ട്. പ്രയോജനമുണ്ടായിട്ടില്ല കേരളക്കരയില്‍ ഡോ.അംബേദ്കര്‍ എന്ന പദവും ആരായിരുന്നു ഡോ. അംബേദ്കര്‍ എന്നും എന്താണ് അംബേദ്കറുടെ ആശയങ്ങളെന്നും പ്രചരിപ്പിച്ച ആദ്യ ദളിത് നേതാവ് കല്ലറ സുകുമാരനാണ്. അംബേദ്കര്‍ ആശയങ്ങളുടെ പ്രചുര പ്രചാരകന്‍ അദ്ദേഹമാണ്. അതിനുശേഷമാണ് പല നേതാക്കളും സംഘടനകളും അംബേദ്കറെ അറിയുന്നത്.

ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ പുരോഗമിച്ചുകൊ ണ്ടിരിക്കുമ്പോഴും ദേശീയ തലത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കാന്‍ഷിറാം നേത്യത്വം നല്‍കുന്ന ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ വളര്‍ച്ചയും കല്ലറ സുകുമാരനും സഹപ്ര വര്‍ത്തകരും വീക്ഷിച്ചുകൊണ്ടിരുന്നു. ഐ.എല്‍.പി.യുടെ ആശയങ്ങളുമായി യോജിക്കുന്ന ബി എസ് പി എന്ന ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനെ ക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ കല്ലറ സുകുമാരന്‍ ബാഗ്ലുരില്‍ ചെന്ന് കാന്‍ഷിറാംനെ കണ്ടു സംസാരിച്ചു. ILP, BSPയില്‍ ലയിപ്പിച്ചു കൊണ്ട് കേരളത്തില്‍ ആടജയില്‍ പ്രവര്‍ത്തനമാരംഭിക്കാമെന്നു സമ്മതിക്കുകയും 1989 ഓഗസ്റ്റ 15 നു തിരുവനന്തപുരം ബാങ്ക് എംപ്ലോയിസ് യുണിയന്‍ ഹാളില്‍ നടന്ന സമ്മേള നത്തില്‍ ILP,ആടജ യില്‍ ലയിച്ചതോടെ കല്ലറ സുകുമാരന്‍ രുപം നല്‍കിയ പ്രസ്ഥാനവും അനുയായികളും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറി. വൈകാതെ തന്നെ പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാ കമ്മിറ്റികള്‍ രുപീകരിച്ചു സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു. ഐ.എല്‍.പി.യുടെ കല്ലറ സുകുമാരനും കേരള ചേരമര്‍ സംഘ ത്തിന്റെ ചാമക്കാല്‍ രാജപ്പന്‍വിശ്വകര്‍മ്മാ മഹാസഭയുടെ കെ. വാസുദേവന്‍ ദലിത് ക്രിസ്റ്റ്യന്‍ ഫെഡറേഷന്റെ വി.സി.മത്തായി എന്നീ നാലുപേര്‍ കണ്‍വീനര്‍മാരായി ഞാനടക്കമുള്ളവര്‍ കമ്മിറ്റിയംഗങ്ങളായും BSP കേരളത്തില്‍ പടയോട്ടമാരംഭിച്ചു. തുടര്‍ന്ന് കല്ലറ സുകുമാരാന്‍ പ്രസിഡന്റും, ഹാജി മൊയ്തീന്‍ ഷാ ജനറല്‍ സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിച്ചു. കല്ലറ സുകുമാരന്റെ ജനപിന്തുണയും നേത്യത്വ പാടവവും കണ്ടു അസുയാലുക്കളായ ഭാഗ്യാന്വേഷികളായ പുതിയ നേതാക്കള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പാര്‍ട്ടിക്കുള്ളുല്‍ ഗ്രുപ്പു കളിയാരംഭിച്ചു. കല്ലറ സുകുമാരനെ ഒഴിവാക്കുവാനും കല്ലറ സുകുമാരന്‍ നേത്യത്വം നല്‍കിയ ഐ.ഡി. എഫിനെ തകര്‍ക്കാനും CKTU വിനെ ആടജയോടൊപ്പം നിര്‍ത്താനുമുള്ള കുതന്ത്രങ്ങളുടെ ഭാഗമായി പാര്‍ട്ടിയിലും IDFലും വിള്ളലുകള്‍ സ്യഷ്ടിച്ചു. 30 വര്‍ഷക്കാലം ഒരു മനസ്സോടെ നിന്ന കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും രണ്ടു ചേരികളിലായി ആദ്യം ഐ.ഡി.എഫിനെ പിളര്‍ത്തി. അന്നാദ്യമായി കല്ലറ സുകുമാരന്‍ ഹ്യദ്രോഹിയായി ആശുപത്രിയിലായി, പലരും കല്ലറ സുകുമാരന്റെ അന്ത്യം കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍ അദ്ദേഹത്തിനുവേണ്ടി എത്ര പണം മുടക്കേണ്ടി വന്നാലും ജീവന്‍ രക്ഷിച്ചെടുക്കണമെന്ന വാശിയില്‍ ഞാനും എന്റെ സുഹ്യത്തുക്കളും ഊണുമുറക്കവും ഉപേക്ഷിച്ച് അദ്ദേഹത്തോടൊപ്പം നിന്നു. നുറുപേരുടെ പോലും പിന്തുണയില്ലാത്ത ചില നേതാക്കള്‍ കേന്ദ്ര ബന്ധമുപയോഗിച്ച് കല്ലറ സുകുമാരനെ ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടത്തിയപ്പോഴൊക്കെ ജനങ്ങളെ അണി നിരത്തി ഞങ്ങള്‍അതിനെയൊക്കെ നേരിട്ട് വിജയം കൈവരിച്ചുവെങ്കിലും സംഘടനയിലും പാര്‍ട്ടിയിലും യുണിയനിലുമെല്ലാം ഗ്രുപ്പുകളുണ്ടായി. ഏകോദര സഹോദരങ്ങളെപ്പോലെ കഴിഞ്ഞ പ്രവര്‍ത്തകര്‍ ശത്രുക്കളായി മാറി. 4 പതിറ്റാണ്ടുകള്‍ സത്യസന്ധമായും നിഷ്‌കളങ്കമായും ധീരമായും കല്ലറ സുകുമാരന്‍ നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങള്‍ ബി.എസ്.പി. ബന്ധം തിരിച്ചടിയായി മാറിയെന്നതാണ് സത്യം. ഇന്ന് ബി എസ് പി കല്ലറ സുകുമാരന്റെ അനുയായികള്‍ക്കും പ്രവര്‍ത്തകര്‍ക്കും അന്യമായിരിക്കുന്നു. എവിടെ നിന്നോ വന്ന ആരുടെയൊക്കെയോ കൈകളിലാണ് ബി. എസ്.പി. അതുകൊണ്ട് തന്നെ അതിന്റെ ഭാവിയും കേരളത്തില്‍ അവസാനിച്ചിരിക്കുന്നു.ഇത്തരം സംഭവങ്ങള്‍ കല്ലറ സകുകുമാരനെ മാനസികമായി തളര്‍ത്തിയിരുന്നു.1996 ഒക്‌ടോബര്‍ 12 ന് ആ മഹാരഥന്‍ ഹ്യദ്രോഗം മുലം കാലയവനികയുടെ പിന്നില്‍ മറയുമ്പോള്‍ തകര്‍ന്നടിഞ്ഞത് ഒരു ജനതയുടെ സ്വപ്നങ്ങളായിരുന്നു. മര്‍ദ്ദിത ജനതയ്ക്കായി സാമുഹിക സംഘടനയും ട്രേഡ് യുണിയന്‍ പ്രസ്ഥാനവും, രാഷ്ട്രീയ പാര്‍ട്ടിയും സാഹിത്യ സംഘവും രുപീകരിച്ചു സെമിനാറുകളും പഠനക്ലാസുകളും സമ്മേളനങ്ങളും സമരങ്ങളും കൊണ്ടു കേരളത്തെ ഇളക്കി മറിച്ച മര്‍ദ്ദിത ജനതയെ ബോധവല്‍ക്കരിച്ച അസംഘടിതരെ സംഘടിപ്പിച്ച ജനനേതാവായ കല്ലറസുകുമാരനെന്ന സുര്യന്‍ അസ്തമിച്ചുവെങ്കിലും അദ്ദേഹം രചിച്ച പുസ്തക ങ്ങളിലുടേയും അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടവരിലുടെ അദ്ദേഹം ഇന്നും ജീവിക്കുന്നു.

അണയുകയില്ലൊരു നാളും 
അടിമതന്‍ ചിന്തയില്‍
ആളിപ്പടരുമീ അഗ്നിജ്വാല


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ