"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, നവംബർ 11, ശനിയാഴ്‌ച

വൈക്കം സത്യാഗ്രഹത്തിന്റെ സത്യം - കല്ലറ സുകുമാരന്‍


നൂറ്റാണ്ടുകളുടെ ഇന്‍ഡ്യന്‍ ചരിത്രത്തില്‍, സാമൂഹിക നീതിക്കുവേണ്ടി നടന്ന ഏറ്റവും വലിയ സമരം വൈക്കം സത്യാഗ്രഹമാണ്. 1924 മാര്‍ച്ച്30ന് ആരംഭിച്ച് 1925 നവംബര്‍ 23ന് അവസാനിച്ച ആ സമരം 603ദിവസം നീണ്ടു പഞ്ചാബില്‍നിന്ന് എത്തിയ അകാലികള്‍ ഒരു മാസത്തേക്ക് സമരക്കാരുടെ ഭക്ഷണത്തിനായി 3000രൂപ ചെലവഴിച്ചതില്‍ നിന്നു മൂന്നുകാര്യങ്ങള്‍ വ്യക്തമാണ്. (1) ഇന്‍ഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സമരസന്ദേശം അലയടിക്കുകയും മിക്ക സംസ്ഥാനക്കാരുടേയും സാന്നിധ്യ-സഹായങ്ങള്‍ ലഭിക്കുകയും ചെയ്തു. (2) സിക്കുകാരായ അകാലികളുടെ സാന്നിധ്യം, സാമൂഹികനീതി നിഷേധിക്കുന്നത് ഹിന്ദുമതത്തിന്റെ ആഭ്യന്തര പ്രശ്‌നമായല്ല, ദേശീയ പ്രശ്‌നമായിത്തന്നെ ഇതരമതക്കാര്‍ കാണുകയും എല്ലാവിഭാഗം ജനതയുടേയും സഹകരണം സമരത്തിന് ഉണ്ടാകുകയും ചെയ്തു. (3) 70 വര്‍ഷം മുമ്പ് 3000 രൂപ ഒരു മാസത്തെ ഭക്ഷണത്തിനു ചെലവഴിച്ചെന്നത് നൂറുകണക്കിനാളുകള്‍ ദൈനംദിനം സമരത്തില്‍ പങ്കെടുത്തതിനു തെളിവാണ്.

ഈ സമരത്തില്‍ പങ്കെടുത്ത ഇ.വി. രാമസ്വാമിനായ്ക്കര്‍ രണ്ടുപ്രാവശ്യമായി ഒരു വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചു. (അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ഞാനും നിങ്ങളും എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.) മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരു, രാജഗോപാലാചാരി തുടങ്ങിയ ഉന്നത ശീര്‍ഷരുടെ സാന്നിധ്യംകൊണ്ടു സമരം ശ്രദ്ധേയമായി. നൂറ്റാണ്ടുകളായി ഇന്‍ഡ്യയില്‍ നിലവിലിരുന്ന സാമൂഹിക നീതി ശാസ്ത്രങ്ങള്‍ക്കെതിരെ ദേശീയമായ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടായതു വൈക്കം സത്യാഗ്രഹത്തോടെയാണ്. അതിന്റെ ഗൗരവം ഉപേക്ഷിക്കാതെ മാര്‍ച്ച് 30ന് വൈക്കം സത്യാഗ്രഹത്തിന്റെ സപ്തതി ആഘോഷിക്കുകയാണ്. അടിത്തട്ടുകാരുടെ ആത്മാഭിമാനം തട്ടിയുണര്‍ത്തി അധികാരത്തിലേക്കുളള പ്രയാണത്തിന് ആക്കം കൂട്ടുകയാണു സപ്തതി ആഘോഷത്തിന്റെ ലക്ഷ്യം.

സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവയ്ക്കുവേണ്ടി ഇന്‍ഡ്യയില്‍ നടത്തിയ ഏറ്റവും വലിയ സാമൂഹിക പരിവര്‍ത്തന സമരത്തിന്റെ സേനാനികളെ കണ്ണില്‍ ചുണ്ണാമ്പ് പുരട്ടിയും ദേഹത്ത് ചൊറിയണ്ണം തേച്ചും റോഡില്‍ മണല്‍ വിരിച്ച് അതിനുമേല്‍ മുട്ടില്‍ നിര്‍ത്തിയും എരിവെയിലില്‍ മണലില്‍ മലര്‍ത്തിക്കിടത്തിയും ജയിലില്‍ പട്ടിണിക്കിട്ടും മറ്റും പീഡിപ്പിച്ചാണ് യാഥാസ്ഥിതികരും അവരുടെ സര്‍ക്കാരും നേരിട്ടത്. സംസ്‌ക്കാരസമ്പന്നമെന്നു പറയുന്ന കേരളത്തില്‍ സജാതീയ വിവാഹങ്ങളില്‍ വിശ്വസിക്കുകയോ പങ്കാളിയാവുകയോ ചെയ്യാത്തവര്‍ ആയിരത്തില്‍ ഒന്നുപോലുമില്ല. സജാതീയ വിവാഹത്തെ അംഗീകരിക്കുകയും ഒപ്പം ജാതിരഹിതരെന്ന് അവകാശപ്പെടുകയും ചെയ്യുന്ന വിചിത്രമായ ജാതി സങ്കല്‍പ്പമുളളവരാണ് അധികവും. ചെത്തുതൊഴിലാളി, കയര്‍തൊഴിലാളി, മത്സ്യതൊഴിലാളി, കര്‍ഷക തൊഴിലാളി മേഖലകളെല്ലാം തരംതിരിച്ച് പരിശോധിച്ചാ ല്‍ ഇന്നും ജാതിയുടെ തിമിരബാധയില്‍ത്തന്നെ ഈ തൊഴില്‍ രംഗങ്ങള്‍ അമര്‍ന്നിരിക്കുന്നതായി കാണാം. ഈഴവന് ക്ഷേത്ര പൂജാരിയാവാനുളള അവകാശം ജാതിയുടെ പേരില്‍ കോടതി നിഷേധിച്ചിരിക്കുന്ന ദശാസന്ധിയിലാണു വൈക്കം സത്യാഗ്രഹത്തിന്റെ സപ്തതി ആഘോഷിക്കുന്നത്.

വൈക്കം സത്യാഗ്രഹം കേവലം സഞ്ചാര സ്വാതന്ത്ര്യത്തിനോ ക്ഷേത്ര പ്രവേശന ത്തിനോ ആയിരുന്നില്ല. സമര കാരണമായ അയിത്താചാരത്തെ ഗാന്ധിജി, ഹിന്ദുക്കളുടെ ആഭ്യന്തര പ്രശ്‌നമായി മാത്രം കണ്ട്, ബാരിസ്റ്റര്‍ ജോര്‍ജ്ജ് ജോസഫ് തുടങ്ങിയ ക്രിസ്ത്യാനികളെയും സിക്കുകാരായ അകാലികളെയും സമരരംഗത്തുനിന്നും മാറ്റി. എന്നാല്‍, ഇരുപത് മാസം കഴിഞ്ഞ് സമരം തീര്‍ന്നപ്പോള്‍, കിഴക്കെനടയുടെത് ഒഴികെയുളള വഴികള്‍ അഹിന്ദുക്കള്‍ക്കു വരാവുന്നത്ര ദൂരം മാത്രം ഈഴവരാദി അയിത്തക്കാര്‍ക്കും വരാമെന്നായിരുന്നു തീരുമാനം. എന്നുപറഞ്ഞാല്‍, അയിത്ത ജാതിക്കാര്‍ ഹിന്ദുക്കളല്ല. മറിച്ച്, ക്രിസ്ത്യന്‍, സിക്ക്, മുസ്ലീം, ബുദ്ധമതക്കാരെപ്പോലെ അവരും അന്യമതക്കാരായി മാത്രം പരിഗണിച്ചാണു പ്രശ്‌നം പരിഹരിക്ക പ്പെടേണ്ടത്. 

603 ദിവസം നിരന്തര നിരാഹാര സത്യാഗ്രഹം നടത്തിയിട്ടും യാഥാസ്ഥിതികരുടെ മനസ്സില്‍ ഒരു മാറ്റവും വന്നില്ല മാനുഷിക മൂല്യങ്ങളും സഹജീവികളുടെ ദയനീയതയും വരേണ്യവര്‍ഗ്ഗത്തെ അശേഷം അലോസരപ്പെടുത്തിയില്ല. ക്ഷേത്രമതിലിനു പുറത്തുകൂടിയുളള സര്‍ക്കാര്‍ വക പൊതുനിരത്തില്‍, ഇതര മതക്കാര്‍ സഞ്ചരിക്കു ന്നിടത്ത് അയിത്തജാതിക്കാരും നടന്നുകൊളളട്ടെ എന്ന് ക്ഷേത്ര ട്രസ്റ്റിയായ ഇണ്ടന്‍തുരുത്തി മനയില്‍ ദേവദത്തന്‍ നമ്പൂതിരിപ്പാട് മാത്രം സമ്മതിച്ചിരുന്നെങ്കില്‍ സമരം ഒഴിവാക്കാമായിരുന്നു അതില്‍ നിന്ന് അദ്ദേഹത്തെ വിലക്കിയത് ശങ്കര-മനുസ്മൃതികളും വേദ വിധികളുമായിരുന്നു.

വൈദിക ബ്രാഹ്മണരുടെ കണ്ണില്‍ പിന്നാക്കരാദി അയിത്തജാതിക്കാര്‍ ദൈവസൃഷ്ടി യിലോ മനുഷ്യ ഗണത്തിലോ പെടുന്നവരല്ല. സരയൂനദിയുടെ തീരത്തുളള ബ്രഹ്മാ വര്‍ത്തത്തില്‍ വച്ച് ബ്രഹ്മാവ് നാലു ജാതികളെ സൃഷ്ടിച്ചു.

* ബ്രാഹ്മണോസ്യ മുഖമാസീദ് ബാഹൂ രാജന്യഃ കൃതഃ 
ഊരു തദസ്യ യദ് വൈശ്യ: പദ്ഭ്യാം ശുദ്രോ അജായത് 

എന്നാണ് പുരാണം. ഈശ്വര സൃഷ്ടിയില്‍ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശുദ്രര്‍ എന്ന നാലു ജാതികളേയുള്ളു. മറ്റുള്ളവര്‍ എങ്ങനെയുണ്ടായി എന്ന് മഹാഭാരതം ആദിപര്‍വ്വം 174-ാം അധ്യായം 34-ാം പദ്യം വിശദീകരിക്കുന്നുണ്ട്. ശുദ്രനു താഴെയുള്ള പഞ്ചമ-ചണ്ഡാല-പുറം ജാതി-ദസ്യുക്കളാരും മനുഷ്യരായി പരിഗണിക്കപ്പെട്ടിരുന്നില്ല. അവരെ മൃഗതുല്യം അടിമകളാക്കി പണിയെടുപ്പിച്ചും ചന്തയില്‍ വിറ്റും സ്വത്തു സമ്പാദിക്കുകയും നരബലി നടത്തി സ്വര്‍ഗം നേടുകയും ചെയ്തു വന്നു. 1855 ജുണ്‍ 24 നാണ് തിരുവിതാംകുറില്‍ പണ്ടാരവക അടിമകളെ മോചിപ്പിച്ചത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അടിമക്കച്ചവടനിരോധന നിയമം പാസായതുകൊണ്ടും ഇവിടെ ബ്രിട്ടിഷ് മേല്‍ക്കോയ്മ നിലനിന്നിരുന്നതുകൊണ്ടുമാണ് അധ:കൃതര്‍ രക്ഷപ്പെട്ടത്.

നഗ്‌നത മറയ്ക്കാനുള്ള സ്വാതന്ത്യത്തിന് അയിത്തജാതിക്കാര്‍ നടത്തിയ പോരാട്ടമാണ് കേരള ചരിത്രത്തില്‍ അറിയപ്പെടുന്നതില്‍വച്ച് ഏറ്റവും വലിയ മനുഷ്യാവകാശ സമരം. തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ (നാടാര്‍) സ്തീകള്‍ ക്രിസ്തുമതത്തില്‍ ചേരുകയും മാറു മറക്കുകയും ചെയ്തതിനെ സവര്‍ണ്ണര്‍ എതിര്‍ത്തു(1992-ല്‍). ചാന്നാര്‍ സ്തീകള്‍ക്ക് നഗ്നത മറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിന് 37 വര്‍ഷം നീണ്ട സമരം വേണ്ടി വന്നു. 8 പേര്‍ തുക്കിക്കൊല്ലപ്പെടുകയും ചെയ്തു. തുലുക്ക മതത്തിലോ ക്രൈസ്തവ മതത്തിലോ ചേര്‍ന്നുകൊണ്ട് ജാത്യാചാരം ലംഘിക്കാന്‍ പാടില്ലെന്ന് 1829-ല്‍ തിരുവെഴുത്തു വിളംബരം പുറപ്പെടുവിച്ച രാജാവ്, 37 വര്‍ഷത്തെ ചാന്നാര്‍ ലഹള കഴിഞ്ഞപ്പോള്‍, 1859-ല്‍ പുറപ്പെടുവിച്ച വിളംബരത്തില്‍, ഉയര്‍ന്ന ജാതി സ്തീകളെപ്പോലെ കീഴ്ജാതി സ്തീകള്‍ മാറു മറച്ചുകൊള്ളാന്‍ അനുവദിച്ചു. സ്ത്രീകളുടെ അന്നത്തെ ദയനീയ സ്ഥിതി മനസ്സിലാക്കാന്‍ 1664 ലെ വാടാനപ്പള്ളി (?) ശാസനം മുഖക്കണ്ണാടിയാണ്. സ്വജാതിയിലോ ഉയര്‍ന്ന ജാതിയിലോപ്പെട്ട പുരുഷന്‍മാര്‍ക്ക് വശംവദകളാകാത്ത സന്മാര്‍ഗഹീനകളായ സ്തീകളെ ഉടന്‍ വധിക്കേണ്ടതാണെ ന്നായിരുന്നു രാജകല്‍പ്പന

1829-ല്‍ ആരംഭിച്ച ചാന്നാര്‍ലഹള, അയ്യന്‍കാളിയുടെ പുലയ ലഹള എന്നീ മനുഷ്യാവകാശ സമരങ്ങളുടെ പുര്‍ത്തീകരണമായിരുന്നു 1924-ല്‍ വൈക്കത്ത് അരങ്ങേറിയത്. വൈക്കം സത്യാഗ്രഹത്തിന്റെ ഏറ്റവും വലിയ സാരഥി, ടി.കെ. മാധവനും അതിന്റെ ഉപഞ്ജാതാവ് ബാരിസ്റ്റര്‍ കെ.പി. കേശവമേനോനും ആയിരുന്നു. പ്രസ്തുത സമരത്തിന്റെ ചരിത്രമെഴുതിയവരില്‍ ദലിത് ബന്ധു എന്‍.കെ. ജോസ്, കെ.ആര്‍. നാരായണന്‍ എന്നിവരൊഴികെ ഭുരിപക്ഷംപേരും ബ്രാഹ്മണിസത്തിന് അനുരോധമായ നിലപാടു സ്വീകരിക്കുകയും ഈഴവര്‍ക്കു താഴെയുള്ള ജാതിക്കാരുടെ സമരപങ്കാളിത്തം പുര്‍ണ്ണമായും തമസ്‌കരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. സമരത്തിന്റെ ഒന്നാം ദിവസം അറസ്റ്റുവരിച്ചു ജയിലില്‍ പോയ മൂന്നുപേര്‍, പുലയനായ കുഞ്ഞാപ്പിയും തീയനായ ബാഹുലേയനും നായരായ ഗോവിന്ദപണിക്കരുമായിരുന്നു. എന്നാല്‍ ഭുരിപക്ഷം ചരിത്രകാരന്മാരും കുഞ്ഞാപ്പിയെക്കുറിച്ചു മൗനം പാലിക്കുന്നു. ഒന്നാം ദിവസം കണ്ണില്‍ ചുണ്ണാമ്പു തേക്കപ്പെട്ട രണ്ടുപേര്‍ മണ്ഡപത്തില്‍ നാരായണന്‍ നായരും ആമചാടി തുരുത്തില്‍ കണ്ണന്‍ തേവനുമാണ്. തേവന്റെ അടുത്തു ചെന്നാല്‍ തീണ്ടുമെന്നുള്ളതുകൊണ്ട് ചുണ്ണാമ്പുകലക്കി മുഖത്തൊഴിക്കുകയായിരുന്നു.എങ്കിലും വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്രമെഴുതിയ ഒരു ഡസനിലേറെ ചരിത്രകാരന്‍ മാരില്‍ കെ.ആര്‍. നാരായണനൊഴികെ മറ്റാരും ആമചാടി തേവനെ കണ്ടില്ലെന്നതു വൈരുധ്യമാണ്. വൈക്കം കാളി, കുഞ്ഞാച്ചന്‍, കുഞ്ഞിലാന്‍ നാരായണന്‍, അഴകന്‍, അനന്തന്‍ തുടങ്ങി ഒട്ടേറെ അധ:സ്ഥിതര്‍ പീഡനങ്ങളേല്‍ക്കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിരുന്നു.എന്നിട്ടും ചരിത്രകാരന്‍മാരുടെ ദൃഷ്ടിയില്‍ ചെറിയ വരൊന്നും ദൃശ്യരാകാതെ വന്നതിന്റെ ദുഷിത ഫലം ഇന്ന് ഭീകരമാണ്. അധ:സ്ഥിതര്‍ വിമോചനത്തിന്നു സ്വയം ശ്രമിച്ചില്ലെന്നു വരുത്തിത്തീര്‍ക്കാനും യജമാന വര്‍ഗ്ഗ ത്തിന്റെ സൗജന്യങ്ങള്‍ മാത്രമാണ് ഇന്നവര്‍ അനുഭവിക്കുന്ന നേട്ടങ്ങളെന്നു സ്ഥാപിച്ചു യജമാനത്തം തുടരാനും ചരിത്രകാരന്‍മാരുടെ ഈ അവഗണന ഇടയാക്കിയിട്ടുണ്ട്.

അയിത്തോച്ചാടന ലീഗിന്റെ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വൈക്കത്തെത്തിയ കെ.പി. കേശവമേനോന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ നാളെ രാവിലെ ക്ഷേത്രനടയിലെ തീണ്ടല്‍പ്പലക ലംഘിച്ച് പുലയര്‍ ഉള്‍പ്പെടെയുള്ള ആളുകളുമായി ഞാന്‍ ഒരു ജാഥ നടത്തും എന്നു പ്രഖ്യാപിച്ചതായി കെ. കേളപ്പന്‍, ഇടമറുക്, എ. ശ്രീധരമേനോന്‍, പി.കെ. ഗോപാലകൃഷ്ണന്‍, പുതുപ്പള്ളി രാഘവന്‍, എം.പി. മന്മഥന്‍ എന്നിവരെല്ലാം ഒന്നുപോലെ പറയുന്നു.എന്നാല്‍ ആരോടും ആലോചിക്കാതെയും ബന്ധപ്പെട്ട കോണ്‍ഗ്രസ് കമ്മറ്റിയുടേയോ അയിത്തോച്ചാടന ലീഗീന്റേയോ തീരുമാനമില്ലാതെയും, പിറ്റേന്നു നിയമം ലംഘിച്ച് അറസ്റ്റുവരിച്ചു ജയിലില്‍ പോകുമെന്നു പ്രഖ്യാപിക്കാന്‍ കേശവമേനോനെ പ്രേരിപ്പിച്ച ചേതോവികാരമെന്താണ്? ക്ഷണവികാരത്തില ധിഷ്ഠിതമായ പ്രഖ്യാപനമായി അതിനെ എഴുതിത്തള്ളാന്‍ ഏതു ചരിത്രകാരനാണു കഴിയുക.

പ്രൊഫ. എം.പി. മന്മഥന്‍ എഴുതിയ കേളപ്പന്റെ ജീവചരിത്രത്തില്‍ (104,105 പേജുകളില്‍) ഉല്ലലയില്‍ വച്ചു അന്നു (1924 ഫെബ്രു:29) രാവിലെ ഒരു പുലയ മഹാസമ്മേളനം നടന്നതായി പറയുന്നു. സമ്മേളനം കഴിഞ്ഞ്, അതില്‍ സംബന്ധി ച്ചവരെല്ലാം കുടി ജാഥയായി വന്നു മറ്റൊരു യോഗം നടത്തുകയും ആ യോഗത്തില്‍ കേശവമോനോന്‍ സമരം പ്രഖ്യാപിക്കുകയും ചെയ്തു. പുലയ സമ്മേളനത്തില്‍, അയ്യന്‍കാളിയുടെ സഞ്ചാര സ്വാതന്ത്ര്യ-വിദ്യാഭ്യാസ-കര്‍ഷകത്തൊഴിലാളി സമരങ്ങളെല്ലാം പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു. 

1983ല്‍, മണി കെട്ടിയ കാളയെ പൂട്ടിയ വില്ലുവണ്ടിയില്‍ രാജവീഥിയിലൂടെ അയ്യന്‍കാളി നടത്തിയ സമരയാത്ര, 1889-ല്‍ ബാലരാമപുരം ചാലിയത്തെരുവിലേക്ക് സ്ത്രീകളേയും കുട്ടികളേയുംകൂട്ടി അയ്യന്‍കാളി നടത്തിയ സഞ്ചാര സ്വാതന്ത്ര്യ സമരയാത്ര, ഞങ്ങളുടെ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍, നെല്ലു മുളയ്ക്കുന്ന പാടങ്ങളില്‍ പുല്ലു മുളപ്പിക്കും എന്നു പ്രഖ്യാപിച്ച് അദ്ദേഹം 1907ല്‍ നടത്തിയ കര്‍ഷകത്തൊഴിലാളി സമരം, മാറു മറയ്ക്കാനും കല്ലുമാലയൂരാനും വഴിനടക്കാനും ജോലിസമയം, കൂലി എന്നിവ തിട്ടപ്പെടുത്താനുളള സമരങ്ങള്‍ തുടങ്ങിയവയെല്ലാം സമ്മേളനം ചര്‍ച്ചാവിഷയ ങ്ങളാക്കി. പത്തുവര്‍ഷം നീണ്ട പുലയലഹളയില്‍ (90-ാമാണ്ട് ലഹളയില്‍) കൂടി ഒട്ടേറെ നേട്ടങ്ങളുണ്ടായി. അയ്യന്‍കാളി നിയമസഭയില്‍ പ്രവേശിച്ച് വ്യാഴവട്ടം കഴിഞ്ഞിട്ടും വൈക്കത്തെ പൊതുനിരത്തില്‍ ഈഴവര്‍ക്കുപോലും സഞ്ചാരസ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല. അയിത്തോച്ചാടന സന്ദേശവുമായി പുലയ യോഗത്തിലെത്തിയ സവര്‍ണ്ണര്‍, പുലയര്‍, സ്വയം കൈവരിച്ച സമര നേട്ടങ്ങള്‍ക്കുമുമ്പില്‍ നിഷ്പ്രഭരായി. അയ്യന്‍കാളി സഞ്ചാര സ്വാതന്ത്ര്യം നേടി മുപ്പത്തഞ്ചുവര്‍ഷം കഴിഞ്ഞിട്ടും വൈക്കത്തു പൊതുനിരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന തീണ്ടല്‍ പലക കെ.പി. കേശവമേനോന് ഒരു വെല്ലുവിളിയായി. അതിനോടു പ്രതികരിക്കാതെ ഒളിച്ചോടാന്‍ അദ്ദേഹത്തിന്റെ അഭിമാന ബോധം അനുവദിച്ചില്ല. 1889ല്‍ അയ്യന്‍കാളി നടത്തിയ പോലെ ഒരു ജാഥയെങ്കിലും നടത്താന്‍ അദ്ദേഹം തീരുമാനിച്ചു. (നിയമനിഷേധസമരപ്രഖ്യാപനം ഒരു രാത്രി കൊണ്ട് ഒരു മാസത്തേക്കു നീട്ടുകയും പിന്നീടതു സത്യാഗ്രഹമാക്കി ചുരുക്കുകയും ചെയ്തു.) ഇതിനിടയാക്കിയ പ്രേരണയും പ്രചോദനവും ഉല്ലലയില്‍ നടന്ന പുലയസമ്മേളനവും അതിലെ പ്രതിപാദ്യ പുരുഷനായ അയ്യന്‍കാളിയുമായിരുന്നുവെന്ന് സത്യാന്വേഷികള്‍ക്കു കണ്ടെത്താന്‍ വിഷമമില്ല.

സവര്‍ണ്ണരിലെ ഉത്പതിഷ്ണുക്കളും ഈഴവ-പുലയരാദി വിഭാഗങ്ങളും ഒരുമിച്ചുനടത്തിയ ഒരുസമരമായിരുന്നു വൈക്കം സത്യാഗ്രഹം. എന്നാല്‍ ദലിതരെ മുണ്ടുടുക്കാന്‍ പഠിപ്പിച്ചതുപോലും തങ്ങളാണെന്നു പറഞ്ഞു അവരുടെ യജമാന പദത്തിനു വേണ്ടി അവകാശവാദമുന്നയിക്കുന്നവര്‍ക്ക്, ആമചാടി തേവന്‍, കോട്ടയം കുഞ്ഞാപ്പി തുടങ്ങിയ അധഃസ്ഥിതര്‍ കൂടി സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നെന്നുവരുന്നത് ജാള്യമുള വാക്കുന്നതാണ്. അത്തരം ചരിത്രാവബോധം അധഃസ്ഥിതരുടെ ആത്മാഭിമാനത്തെ തട്ടിയുണര്‍ത്തും, വരേണ്യവര്‍ഗ്ഗത്തിന്റെ മേലാളത്തം നിഷേധിക്കാനുളള ഉള്‍ക്കരുത്തും ജനിപ്പിക്കും. 

ഗുരുനിത്യചൈതന്യയതി മനഃ ശാസ്ത്രം ജീവിതത്തില്‍ എന്ന ഗ്രന്ഥത്തില്‍ (പേജ് 255)പറയും പ്രകാരം, മദ്രാസിലെ ചിന്താദ്രിപ്പെട്ടില്‍ തന്നെ സ്വീകരിക്കാന്‍ എത്തിയ ആദിദ്രാവിഡമഹാസഭ പ്രസിഡന്റിന്റെ മാല ഗാന്ധി തട്ടിയെറിയുകയും പറയന്‍ തൊട്ടശദ്ധുമാക്കിയ മാലയിട്ട് എ ന്നെ അശുദ്ധമാക്കരുതെന്നു പറയുകയും ചെയ്ത സംഭവം കോണ്‍ഗ്രസ്സില്‍ ചര്‍ച്ചാവിധേയമായി. തുടര്‍ന്ന് 1923 മേയില്‍ കോകനദയില്‍ നടന്ന അഖിലേന്‍ഡ്യാ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ സവര്‍ണ്ണര്‍ക്കും അവര്‍ണ്ണര്‍ക്കും പ്രത്യേക ഭക്ഷണ ശാലകളും വെളളം കുടിക്കാന്‍ പ്രത്യേക പാത്രങ്ങളും വച്ചിരുന്നത് ഇ.വി.ആര്‍, ടി.കെ. മാധവന്‍ എന്നിവരെ ചൊടിപ്പിച്ചു. മൗലാന മുഹമ്മദലി അധ്യക്ഷ പ്രസംഗത്തില്‍ ഇന്‍ഡ്യക്കു സ്വാതന്ത്ര്യം കിട്ടിയാല്‍ അത് അയിത്തജാതിക്കാര്‍ക്കുകൂടിയു ളള സ്വാതന്ത്ര്യമായിരിക്കുമെന്നു പ്രഖ്യാപിക്കണമെന്നു ശഠിച്ചു. ഈ രാഷ്ട്രീയ ദശാസന്ധിയിലാണ് ഗാന്ധി അയിത്തോച്ചാടന ലീഗ് രൂപവത്ക്കരിച്ചതും അവര്‍ വൈക്കത്ത് സത്യാഗ്രഹം പ്രഖ്യാപിച്ചതും എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. ഇതിന്റെ അര്‍ത്ഥം സാമൂഹിക അസമത്വവും നീതി നിഷേധവും ഇല്ലാ താക്കാന്‍ രാഷ്ട്രീയ പ്രതിവിധി അനിവാര്യമാണെന്നാണ്. അയിത്ത ജാതിക്കാരുടെ പ്രശ്‌നം രാഷ്ടീയമാണ്. അതു രാഷ്ട്രീ യമായിത്തന്നെ പരിഹരിക്കണം എന്ന് അംബേദ്ക്കര്‍ (ജാതി നിര്‍മൂലനം എന്ന ഗ്രന്ഥത്തില്‍)നിഷ്‌ക്കര്‍ഷിച്ചു.

1925 മാര്‍ച്ച് 10-ന് ഗാന്ധി വൈക്കത്ത് ഇണ്ടം തുരുത്തി മനയില്‍ ദേവദത്തന്‍ നമ്പൂതിരിയുമായി, ഒരുവര്‍ഷമായി നടക്കുന്ന സത്യാഗ്രഹം അവസാനിപ്പിക്കുവാന്‍ ചര്‍ച്ചനടത്തി. ഗാന്ധിയോടോപ്പം രാജ ഗോപാലാചാരി, രാമദാസ് ഗാന്ധി, കൃഷ്ണസ്വാമി അയ്യര്‍ എന്നിവരും, യാഥാസ്ഥിതികരു ടെ പക്ഷത്ത് ദേവദത്തന്‍ നമ്പൂതിരി, ഗണപതി അയ്യര്‍, വെങ്കിട രാമന്‍, തെക്കുംകൂര്‍ രാജ, വടക്കുംകൂര്‍ രാജ, വഴുതക്കാട്ടു രാജ, എം.കെ. രാമന്‍ പിളള തുടങ്ങിയവരുമുണ്ടായിരുന്നു. അയിത്തക്കാരെ വഴിനടക്കാന്‍ നിങ്ങള്‍ അനുവദിക്കാതെ വന്നാല്‍ മഹാഭൂരിപക്ഷം വരുന്ന അവര്‍ സംഘടിച്ചു നിങ്ങളെ എതിര്‍ത്താലോ എന്നു ഗാന്ധിചോദിച്ചപ്പോള്‍ ക്ഷേത്ര ട്രസ്റ്റി നമ്പൂതിരിപ്പാടു പറഞ്ഞമറുപടി, ചര്‍ച്ചയില്‍ പങ്കെടുത്തി രുന്ന മഹാദേവ ദേശായി (ഗാന്ധിയുടെ സെക്രട്ടറി) എന്റെ ഓര്‍മ്മകള്‍ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിരുക്കുന്നത് ഇങ്ങനെയാണ് അയിത്ത ജാതിക്കാര്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ ഒരു സര്‍ക്കാര്‍ തടഞ്ഞു കൊളളും, ഇന്ന് ബാബരി മസ്ജിദ് തകര്‍ന്നുവീണപ്പോള്‍, സര്‍ക്കാരിനെക്കുറിച്ചുളള സവര്‍ണരുടെ സങ്കല്‍പ്പത്തിന്റെ പൊരുള്‍ കൂടുതല്‍ വ്യക്തമായിട്ടുണ്ട്. 

1925 മാര്‍ച്ച് 9 മുതല്‍ 19 വരെ ഗാന്ധി, റീജന്റ് മഹാറാണി വരെയുളള ചര്‍ച്ചകള്‍ നടത്തി ദയനീയമായി പരാജയപ്പെട്ടു പിന്‍വാങ്ങി. അതിനു ശേഷം ഗാന്ധി പോലീസ് കമ്മീഷണര്‍ ഡബ്ല്യു എച്ച് പിറ്റുമായി ഒട്ടേറെ സന്ദേശങ്ങള്‍ കൈമാറി 254ദിവസം കഴിഞ്ഞ് പിറ്റിന്റെ സഹായംകൊണ്ട് സമരം ഭാഗികമായി വിജയിപ്പിച്ചു പിന്‍വലിച്ചു. 603 ദിവസത്തെ സമരത്തില്‍നിന്നു വ്യക്തമായ ഒരു യാഥാര്‍ത്ഥ്യം, ജാതി യുടെ ഗുണഫലം അനുഭവിക്കുന്ന ഒരാളും ആ സൗഭാഗ്യം നിരുപാധികം ഉപേക്ഷിക്കില്ലെന്നും ജാതി ശ്രേണിയുടെ ശീര്‍ഷത്തിലെത്തുന്നതിനു സമാനമായി മറ്റൊന്നും ഗുണഭോക്താ ക്കള്‍ക്ക് അനുഭവവേദ്യമാകുന്നില്ലെന്നുമാണ്. 

അന്നത്തെ ഇണ്ടന്‍തുരുത്തിമന ഇന്നത്തെ ചെത്തുതൊഴിലാളി യൂണിയനോഫീസായി മാറിയ പരിതഃസ്ഥിതിപ്പോലും ജാതിയുപേക്ഷിക്കാത്തതിന്റെ അര്‍ത്ഥം, ഉന്നത ജാതിക്കാരായി മരിക്കുന്നതിലുപരി ശ്രേഷ്ഠത മറ്റൊന്നില്ലെന്ന് അവര്‍ വിശ്വസിക്കുന്നു വെന്നാണ്. 

1924-ലെ വൈക്കം സത്യാഗ്രഹം മര്‍ദ്ദിതര്‍ അവരുടെ വിമോചന സമരം സ്വയം നടത്തി വിജയിച്ചുവന്നു വിട്ടു വീഴ്ച രഹിതമായ ജാതിയുടെ ഭീകരമുഖം വൈക്കം ക്ഷേത്ര നടയില്‍ നേരില്‍ കണ്ടു ജാതിയെ സംരക്ഷിക്കുന്നതു ഭരണ കൂടമാണെന്നും നാം മനസ്സിലാക്കി. സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞത് ജാതി നിലനില്‍ക്കണ മെന്നാഗ്ര ഹിക്കുന്നവര്‍ ഭരിച്ചാല്‍ ജാതി നിലനില്‍ക്കും ജാതി പോകണമെന്നാഗ്രഹിക്കുന്നവര്‍ ഭരിച്ചാല്‍ ജാതി പോകും എന്നാണ്.

ഇന്‍ഡ്യയില്‍ സാഹോദര്യം നിഷേധിക്കുന്നതും തമ്മില്‍ക്കൊല്ലാന്‍ പ്രേരിപ്പിക്കുന്നതും ഏകതാബോധം തകര്‍ക്കുന്നതും പുരോഗതിയെ പിറകോട്ടു വലിക്കുന്നതും ജാതി യാണ്. 6000 ജാതികളായി ഭിന്നിച്ചുനിന്നു തമ്മില്‍ കുത്തിമരി ക്കുന്ന അവസ്ഥക്കെതിരായി സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ നേടാന്‍ നാം തുടങ്ങിവച്ച സമരത്തിന്റെ സപ്തതിയാണു മാര്‍ച്ച് 30-ന്. 70 വര്‍ഷം മുന്‍പു വൈക്കം ക്ഷേത്രനടയില്‍ വരെ നമ്മുടെ പൂര്‍വികര്‍ എത്തിച്ചുതന്ന സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യ ത്തിന്റെയും കാരവാന്‍ മുന്നോട്ടു കൊണ്ടുപോകാന്‍, ജാതി ഉപേക്ഷിക്കുക, സമൂഹം ഒന്നിക്കുക എന്ന സന്ദേശത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് ഈ സപ്തതി നാളില്‍ സമര സേനാനികളുടെ പാവന സ്മരണയ്ക്കുമുന്‍പില്‍ പ്രതിജ്ഞ യെടുക്കുവാന്‍ നാം ഓരോരുത്തരും ധാര്‍മികമായി ബാധ്യസ്ഥരാണ്. 
- എഡിറ്റര്‍അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ