"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, നവംബർ 10, വെള്ളിയാഴ്‌ച

ഏലി ഏലി ലമ്മാ ശബക്താനി - പോള്‍ ചിറക്കരോട്


ബഹുമാനപ്പെട്ട കോടതി മുമ്പാകെ സത്യം ബോധിപ്പിച്ചുകൊള്ളാം. സ്‌തോത്രം. കര്‍ത്താവിനു മഹത്വമുണ്ടാകട്ടെ. 
എന്ത്, കോടതിയില്‍ അതൊന്നും പറഞ്ഞുകൂടെന്നോ? പക്ഷേ ദൈവനീതി... ശരി, ശരി, സത്യം മാത്രം ബോധിപ്പിച്ചു കൊള്ളാം.
പേര്: പത്രോസ് ഉപദേശി. ദൈവമക്കള്‍ വിളിക്കുന്നത് അഗ്നി പ്രവാഹകന്‍ പത്രോസ് ഉപദേശിയെന്ന്. അതിനു കാരണമുണ്ട്. എന്റെ സുവിശേഷ പ്രസംഗം കേട്ടാല്‍ ആളുകള്‍ ഉരുകും. പാപം ഒലിച്ചുപോകും. അഗ്നിയുടെ പിളര്‍ന്ന നാവുമായി, പണ്ട് അപ്പോലസ്തലന്മാരുടെ തലയ്ക്കുമീതേ പ്രത്യക്ഷപ്പെട്ട പരിശുദ്ധാത്മാവ് വീണ്ടും അവതരിക്കും.
കണ്ടോരന്‍ പത്രോസ് എന്നെഴുതാന്‍ കാരണമോ? പത്രോസായി ജ്ഞാന സ്‌നാനം ഏല്‍ക്കുന്നതിനു മുമ്പുള്ള എന്റെ പേരായിരുന്നു കണ്ടങ്കോരന്‍. അപ്പന്‍ തിരുവഞ്ചന്‍. അമ്മ അഴകിപ്പുലക്കള്ളി, ഞങ്ങള്, കുന്നിന്‍ചരിവിലെ പുലയക്കുടിലുകള്‍ കുട്ടം ചേര്‍ന്ന് നില്‍ക്കുന്നിടത്ത് താമസിച്ചു വന്നു. കോളനി യൊന്നുമല്ല. അതൊക്കെ നാട്ടുകാരുടെ മന്തിസഭ വന്നപ്പോഴുണ്ടായ പേരുകളാണ്. നുറ് നുറ്റിയമ്പതു ചെറ്റമാടങ്ങള്‍, കുണുകള്‍ മുളച്ചതുപോലെ അവിടെ നിന്നിരുന്നു
കുട്ടിക്കാലത്ത്. തമ്പ്രാന്‍പടിക്കല്‍ കാലികളെ തെളിക്കുകയായിരിന്നു എന്റെ ജോലി. അപ്പന്‍ ആയിരപ്പറനിലത്തിന്റെ നടുവില്‍ ചാലില്‍ തോണിതേവാന്‍ പോകും. അമ്മ കളതപ്പാനും ഞാറു നടാനും പുല്ലരിയാനും പോകും. പകലുകളില്‍, വരട്ട ചൊറിയും മൂക്കട്ടയുമുള്ള ക്ടാത്തന്‍മാര്‍ പുലച്ചാളകളില്‍ അന്യോന്യം വഴക്കടിച്ചും, കരഞ്ഞും ചിരിച്ചും ജീവിച്ചു. അന്തിയാകുമ്പോള്‍ എല്ലാ പുരയിലും മണ്‍കലങ്ങളില്‍ അരിതുള്ളിത്തുളുമ്പി, ക്ടാത്തന്‍മാര്‍ കൊതിയോടെ കാത്തിരുന്നു. കാണാന്‍ അര്‍ഹതയില്ലാത്ത സ്വപ്‌നങ്ങളായി തീയുടെ സ്വര്‍ണ്ണനാക്കുകള്‍ അവരുടെ മുമ്പില്‍, അടുപ്പുകളില്‍ പുളഞ്ഞാടി.
അങ്ങനെ ഞാന്‍ വളര്‍ന്നു. പുതിയ ചെക്കന്‍മാരെ കാലിതെളിയിക്കാന്‍ ഏല്‍പ്പിച്ചിട്ട്. ഞാന്‍ അദ്ധ്വാനിക്കാന്‍ ഇറങ്ങി. കുന്നിന്‍ ചരിവില്‍ വെട്ടിമരിച്ചു, പാടം ഉഴുതുകയറ്റി, വയലിലെ വേനല്‍ചുടിനെ അകറ്റാന്‍ ചാലില്‍ നിന്ന് തേവി നനച്ചു. രാത്രികളില്‍ സ്വപ്നങ്ങള്‍ക്കുവേണ്ടി നിദ്രയുടെ ആഴങ്ങളില്‍ പരതി.
യൗവനം ഉച്ചവെയിലിന്റെ കഠിനതപോലെ എന്നെ പൊതിഞ്ഞു. ഞാറുനട്ടിട്ട്, വയലിലെ ചെളിയില്‍ തുടുത്ത കാലടികള്‍ കൊണ്ട് താമരപ്പുക്കള്‍ വിരിയിച്ചു കടന്നുപോയ ഒരു പെണ്ണ് എന്റെ കണ്ണുകളില്‍ നിറഞ്ഞു. ചിരുതക്കിടാത്തി,
പിന്നീട് എന്റെ യൗവനസ്വപ്നങ്ങള്‍ അവള്‍ക്കു ചുറ്റുമായി വലംവച്ചു പറന്നു.
ദിവസങ്ങള്‍ നീങ്ങി.ഒരു ദിവസം, വയറ്റാടി വയലില്‍ നിന്ന് ഞാന്‍ വെട്ടിമറിക്കുകയായിരുന്നു.അപ്പോള്‍ വയലില്‍ നിന്ന് ഒരു വിളി കേട്ടു; ആര്‍ദ്രമായി ; സൗമ്യമധുരമായി:
കണ്ടങ്കോരന്‍...
മിഷ്യന്‍പള്ളിയിലെ വയോധികനായ പാതിരി. നരച്ച താടിയുടെ നടുവില്‍ സൗമ്യമായ പുഞ്ചിരി കല്‍ക്കരിക്കഷണങ്ങള്‍ പോലെ വയസ്സന്‍ പാതിരിയുടെ കണ്ണുകള്‍ തിളങ്ങി.
എന്നെ അനുഗമിക്ക, ഞാന്‍ മനുഷ്യനെ പിടിക്കുന്നവനാക്കും
അത് നിയോഗമാണെന്ന് അറിഞ്ഞ് കിളത്തൂമ്പാ തറയില്‍വച്ചു ഞാന്‍ പാതിരിയച്ചനെ അനുഗമിച്ചു
ചൂളമരങ്ങള്‍ കാറ്റിനോടു കിന്നാരം പറയുന്ന വേദപഠന കോളേജ്, താഴെ നഗരം. മുന്നുകൊല്ലത്തെ പരിശീലനം കഴിഞ്ഞു പത്രോസുപദേശിയായി ഞാന്‍ പുറത്തുവന്നു.
പുലയച്ചാളകളില്‍ കൃമിക്കുന്ന മനുഷ്യരെക്കണ്ടു ഞാന്‍ അലിഞ്ഞു. അന്തിക്ക് കരിക്കാടിക്കുവേണ്ടി കഷ്ടപ്പെടുന്ന മനുഷ്യപുത്രന്മാരുടെ കഥ. ഞാന്‍ നീറി. പ്രവാചകന്റെ വ്യഥയോടെ കേണു. ദൈവമേ,എന്റെ തലമുറയെ രക്ഷിക്കുക.
ഞാന്‍ തിരുവചനം അരയ്ക്കുകെട്ടി, തന്റേടത്തോടെ നടന്നു. പ്രവാചകത്വം ഗരിമാവായി എന്നില്‍ തിളച്ചു. തെരുക്കോണില്‍ നിന്നു ഞാന്‍ പ്രസംഗിച്ചു: സര്‍പ്പസന്തതികളെ, വരുവാനുള്ള നാശത്തില്‍ നിന്ന് ഒഴിഞ്ഞു പോകുവിന്‍.
പാപം അഴിച്ചുവച്ച്, ആത്മീയ നഗ്നതയുമായി മനുഷ്യപുത്രന്‍മാരും പുത്രികളും എന്റെ മുമ്പില്‍ വന്നു. അക്കുട്ടത്തില്‍, ചിരുതയും ഉണ്ടായിരുന്നു. ജ്ഞാനസ്‌നാനത്തിനു മുണ്ടയ്ക്കാമുലക്കുളത്തില്‍ അവള്‍ മുങ്ങി നിവര്‍ന്നപ്പോള്‍, താരുണ്യം പുണര്‍ന്ന ഉടലില്‍ വസ്ത്രം പറ്റിച്ചേര്‍ന്നതു കണ്ടു. ഒരു രോമാഞ്ചം എന്റെ ശരീരത്തില്‍ പാഞ്ഞു.
അടുത്ത മാസം അവള്‍ മറിയ എന്ന പേരു സ്വീകരിച്ചു. അവളെ ഞാന്‍ വിവാഹം കഴിച്ചു. ആദ്യ രാത്രിയില്‍ അവള്‍ പറഞ്ഞു: നിന്നോടു കുടെയിരിക്കാന്‍ തൈവം അയച്ച സ്ത്രീയാണു ഞാന്‍.
അവള്‍ പ്രസവിച്ചു- ഒരു പെണ്‍കുട്ടി അതിന്റെ കിള്ളേ, കിള്ളേ എന്ന കരച്ചില്‍ ജീവന്റെ അനാദി സംഗീതമായി എനിക്കു ചുറ്റും വ്യാപരിച്ചു. ഞാന്‍ അവളെ വിളിച്ചു. മേരിക്കുട്ടീ, എന്റെ പുന്നരാമോളെ .....
അവളെ മുകര്‍ന്ന്, സംതൃപ്തിയോടെ എന്നെ നോക്കി വാതില്‍ക്കല്‍ നിന്നിരുന്ന ഭാര്യയോടു യാത്ര പറഞ്ഞ് ഞാന്‍ പാപികളെ തേടി നടന്നു. അവന്റെ തിരുവചനം എന്റെ കാലുകള്‍ക്ക് ദീപമായി. അത് അരക്കെട്ടിനു കവചമായി.
പുരുഷാരം എന്റെ വചനം കേള്‍ക്കാന്‍ തടിച്ചുകുടി. അവരുടെ കണ്ണുകളില്‍ അവിശ്വസനീയമായത് എന്തോ കണ്ടു പകച്ചവരുടെ അമ്പരപ്പ്. അവര്‍ അന്യോന്യം നോക്കി വിസ്മയിച്ചു.
ഇവനെ നമ്മള്‍ അറിയുകയില്ലയോ? ഇവന്‍ വയ്ക്കരയിലെ പുലയച്ചാളകളില്‍ വളര്‍ന്നവനല്ലയോ? ഇവന്റെ അപ്പന്‍ തിരുവഞ്ചന്‍ പുലേനും, അമ്മ അഴകിപ്പുലക്കള്ളിയുമല്ലയോ? ഇവന് ഈ ജ്ഞാനവും അധികാരവും നല്കിയതാര് ?
അപ്പോള്‍ ദൈവതേജസ്സ് എന്റെ മേല്‍ ജ്വലിച്ചു. പിളര്‍ന്ന അഗ്നി നാവുപോലെ പരിശുദ്ധാത്മാവ് എന്റെ മേല്‍ നിന്നു, വര്‍ദ്ധിച്ച വീര്യത്തോടെ ഞാന്‍ ആക്രോശിച്ചു. 
വിറ്റും നട്ടും തിന്നും കുടിച്ചും ഒന്നുമറിയാത്തവരായി നിങ്ങള്‍ ജീവിക്കുന്നു. സര്‍പ്പസന്തതികളേ, വരുവാനുള്ള കോപത്തില്‍ നിന്ന് ഒഴിഞ്ഞ് പോകുവിന്‍ 
അവര്‍ക്ക് എന്നെ സ്വീകരിപ്പാന്‍ മനസ്സില്ലാഞ്ഞ്, അവരുടെ മനസ്സുകള്‍ ഇടറി. സമ്പാദിക്കാനും ലാഭമുണ്ടാക്കാനും തിന്നാനും സുഖിക്കാനുമുള്ള ആര്‍ത്തി പാപജ്വാലയായി അവരില്‍ വളര്‍ന്നു. അതിലുരുകി അവര്‍ നശിക്കാത നശിച്ചു.
വഴി നീളെ അവര്‍ പിറുപിറുത്തുകൊണ്ടു നടന്നു.
എന്നാലും നമുക്കിതു വന്നല്ലോ. ഒരു പെലേന്‍ ഉപദേശീടെ പ്രസംഗം കേള്‍ക്കാനും മാത്രം..?
അതല്ലേ? അവര് പുറംജാതിക്കാരായിരിക്കുമ്പോള്‍ത്തന്നെ നമ്മളെല്ലാം ക്രിസ്ത്യാനികളായതല്ലേ ?
ഇണചേര്‍ന്ന്, സന്താനങ്ങളെ പെരുപ്പിക്കുന്ന സമുഹത്തില്‍ സ്വര്‍ഗത്തില്‍ നിന്നും ഗന്ധകത്തീയിറങ്ങുന്ന ദിവസം വരുമെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ ദുരെ, പാളയത്തിനു പുറത്ത് അവന്റെ തിരുവചനം ഘോഷിക്കാന്‍ യാത്രതിരിച്ചു. ചെറ്റപുരയുടെ വാതിക്കല്‍ നിന്നു ഭാര്യ ചോദിച്ചു.
നീങ്ങാ ഇനീമെന്ന് വരും, മനുഷ്യനേ ?
ഒരാഴ്ചത്തെ യോഗമൊണ്ട്. ദൈവം അനുഗ്രഹിച്ചാല് അവിടെ അത്ഭുതം നടക്കും.
എന്റെ മകള്‍ മേരിക്കുട്ടി ചോദിച്ചു.
എന്ത് അത്ഭുതമാ അപ്പച്ചാ ?
ആത്മീയമാരി
വാഴക്കൂമ്പു വിടരുപോലെ മേരിക്കുട്ടിയില്‍ അപ്പോള്‍ ചാരുതകള്‍ വിടര്‍ന്നുകൊണ്ടിരുന്നു. നേര്‍ത്ത വിഷാദത്തോടെ ഞാന്‍ ഓര്‍ത്തു. ഇവള്‍ വേഗം വളരുകയാണല്ലോ ! 
ഞാന്‍ നടന്നു. മേച്ചുടില്‍ മയങ്ങിക്കിടക്കുന്ന ലോകം. കുന്നിന്‍ ചരിവിലെ പുലച്ചാളകളില്‍ കൂണുകള്‍ മുളച്ചതുപോലെ കൂട്ടം ചേര്‍ന്നുനിന്നു. അകലെ കുന്നിന്‍ മുകളില്‍ മായുന്ന വഴിത്താരയില്‍ നിന്നുകൊണ്ട് ഞാന്‍ തിരിഞ്ഞു നോക്കി, ആ പുലച്ചാളകള്‍, പ്രകൃതിയുടെ അരിമ്പാറപോലെയുണ്ടായിരുന്നു.
പിന്നെ ഞാന്‍ ആത്മീയമാരിയെക്കുറിച്ച് ഓര്‍ത്തുകൊണ്ടു നടന്നു. ഭാര്യയും മകളും മറഞ്ഞു. വീണ്ടും പോയി, വന്നു. ആ ചെറ്റപ്പുരകളില്‍ അസംതൃപ്തികള്‍ കൃമിക്കുന്നുണ്ടായിരുന്നു. താരുണ്യമുള്ള ചെറുപ്പക്കാരികള്‍ കഴിയുന്നിടത്തോളം ഒരുങ്ങിച്ചമഞ്ഞ്, എറുമ്പിന്‍പറ്റം പോലെ പുറത്തുകടന്ന്, തെരുക്കോണില്‍ വിലപേശാന്‍ കാത്തു നില്‍ക്കുന്നു. ആ പെണ്‍കിടാങ്ങളുടെ നാഭിയില്‍ പാതാളത്തിന്റെ അഗാധതയും, ചുണ്ടുകളില്‍ പാപത്തിന്റെ ഗന്ധവും ഉണ്ടായിരുന്നു. അവരുടെ പുരുഷന്‍മാര്‍ കല്ലുവെട്ടുമടകളിലും കുന്നിന്‍ചരിവിലെ പൂഴിത്തരികളിലും പണിയന്വേഷിച്ച് അലഞ്ഞു. ഗ്രീഷ്മത്തില്‍ സ്വയം തപിച്ച മണ്‍തരികള്‍ വന്ധ്യയുടെ സ്വകാര്യ പ്രദേശം പോലെ അവരെ തിരസ്‌കരിച്ചു. പ്രായമായ സ്ത്രീകള്‍, ഇല്ലാത്ത പുല്ലിനുവേണ്ടി ദയവറ്റ ഭുമിയില്‍ പരതി നടന്നു. ദാഹജലം ഒരു വിദൂരസ്വപ്നമായി അവരുടെ മനസ്സുകളെ പ്രലോഭിപ്പിച്ചു.
ഞാന്‍ വേദപുസ്തകം ഭദ്രമാക്കി വച്ചിട്ട്, എന്റെ തലമുറയുടെ നാശം കാണാന്‍ ശപിക്കപ്പെട്ട പ്രവാചകന്റെ ദു:ഖവുമായി ഒരേ ഇരിപ്പിരുന്നു.
പിന്നേയും, യോഗത്തിനുപോകുമ്പോള്‍ ഭാര്യ ഓര്‍മ്മിപ്പിച്ചു :
തറേലാന്നെല് ഒന്നുമില്ല
ഞാന്‍ തിരിഞ്ഞുനോക്കി. എന്നോടു കുടിയിരിക്കാന്‍ ദൈവം തന്ന സ്ത്രീ ! ആദ്യമായി, ജ്ഞാനസ്‌നാനമേല്‍ക്കാന്‍ മുണ്ടയ്ക്കാമുലകുളത്തിലിറങ്ങിയപ്പോള്‍ ഇവളെക്കണ്ടു കോരിത്തരിച്ചത് ഇന്നലെയായിരുന്നെന്നു തോന്നി.
അവളുടെ പിന്നില്‍ കുറേക്കുടി മുതിര്‍ന്ന മേരിക്കുട്ടി.
ദൈവം വഴിയൊണ്ടാക്കുമെടീ, നീ നല്ലോണം പ്രാര്‍ത്ഥിക്ക്, കാക്കേടെ കൈയില്‍ ആഹാരം കൊടുത്തയ്ക്കാന്‍ കഴിവൊള്ള ദൈവത്തിലാ നമ്മള്‍ വിശ്വസിക്കുന്നത് ?
എന്റെ മകള്‍ -ദൈവമേ, എന്നാലും, എങ്ങനെ അവളതു പറഞ്ഞു ?
അപ്പാ, ഇപ്പോള്‍ കാക്കകളുടെ കൈയിലല്ല ആഹാരം കൊടുത്തയക്കുന്നത്. റേഷന്‍കടയിലും ഹോട്ടലിലുമൊക്കെയാണ്.
ഞാന്‍ ഈ വേദപുസ്തകം ചുമക്കുന്നതും പാളയത്തിന്‍ പുറത്ത് സര്‍പ്പസന്തതികളോടു സുവിശേഷം അറിയിക്കുന്നതും മേരിക്കുട്ടിക്ക് ഇഷ്ടപ്പെടുന്നില്ല എന്നുണ്ടോ? അന്ത്യവിധിയുടെ നാളില്‍ ദൈവം എനിക്കു തരുന്ന പ്രതിഫലത്തെക്കുറിച്ച്ഇവള്‍ക്ക് എന്തറിയാം?നല്ല പോര്‍ പൊരുതി. ഓട്ടം തികച്ചു, ജീവന്റെ കിരീടം. ഇതാ മകനെ. സ്വീകരിക്കു....
ഞാന്‍ നടന്നു. പാപക്കറ വീണു നിഴലുണ്ടാക്കിയ ഭുമിയിലെ അവധൂതന്റെ കാല്പാടുകള്‍ അവസാനമില്ലാതെ നീണ്ടുപോകുന്നു.
മഴക്കാലം വന്നു. അപാരതയുടെ സാന്ദ്രസംഗീതമായി മഴ താഴേക്കു തൂവി. വരണ്ട മണ്‍തരികളില്‍ ആദ്യത്തെ മഴത്തുള്ളികള്‍ വീണിരുണ്ടു.അടുത്ത തറകളിലെ പുരുഷന്മാര്‍ ആശ്വാസം പുണ്ടു.ഇനീം നാലഞ്ചു ദിവസം പണിയൊണ്ടാകും.
ഈ മഴക്കു രണ്ടീസം മുമ്പെ പെയ്താലെന്തായിരുന്നു ?
പൊട്ടിക്കിളിര്‍ക്കലിന്റെ കാലം. അടിയില്‍ ഒളിച്ചിരുന്നതാകെ, കുതുഹലത്തോടെ പുറത്തേക്കു തലകാട്ടിത്തുടങ്ങി. കാണക്കാണെ പച്ചയുടെ സമൃദ്ധികൊണ്ടു ഭുതലം മുടി. ഞാന്‍ ആഹ്ലാദിച്ചു. ആകാശവും ഭുമിയിലുള്ളതൊക്കെയും അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. അവന്റെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ!
പക്ഷേ, സുവിശേഷയോഗങ്ങള്‍ നിലച്ചുപോയിരുന്നു. വില്‍ക്കാനും നടാനും തിന്നാനും കുടിക്കാനുമുള്ള ആര്‍ത്തി, ഭോഗാസക്തി പോലെ, മനുഷ്യരെ പിടികുടി. ശപിക്കപ്പെട്ട തലമുറയെ ഞാന്‍ വീണ്ടും കണ്ടു.എല്ലാ വിത്തുകളും മുളച്ചപ്പോള്‍, ദൈവവചനം മാത്രം പാറപ്പുറത്തു വിതച്ച വിത്തായി...
എന്റെ ദു:ഖം, മഴ നനഞ്ഞ കിളിയെപ്പോലെ, എന്റെയുള്ളില്‍ ഒതുങ്ങി. 
പെട്ടന്ന് വളരെ പെട്ടന്ന്, ചെറ്റമറ നീക്കി മേരിക്കുട്ടി പുറത്തേക്ക് ഓടുന്നത് കണ്ടു. അസഹ്യതയോടെ അവള്‍ വയറ്റില്‍ തപ്പിപ്പിടിച്ചിട്ടുണ്ടായിരുന്നു.
എന്താണ് മോളെ നിനക്ക്?
അപ്പുറത്ത്, മൊന്തന്‍ വാഴയുടെയും മണ്‍പാത്രങ്ങളുടേയും അരികില്‍ അവള്‍ കുമ്പിടുന്നതു കണ്ടു. തുടര്‍ന്ന് ഓക്കാനിക്കുന്ന ശബ്ദം.... അതു പെരുമ്പറയുടെ മുഴക്കമായി, കല്പാന്തത്തിലെ ഇടിവെട്ടായി എന്നില്‍ പതിച്ചു.. ആ നിമിഷത്തില്‍ എന്റെ സ്വാസ്ഥ്യം,എന്നില്‍ ആയിരം നുറുങ്ങുകളായി...
മോളെ..... ഞാന്‍ അടുത്തു ചെന്നു.
അപ്പാ, എന്നെ കൊന്നു കളയു. ഞാന്‍ സ്വര്‍ഗത്തോടും നിന്നോടും പാപം ചെയ്തുപോയി. ആകെ കുഴഞ്ഞ്. ഒരു ചെളിക്കെട്ടുപോലെമേരിക്കുട്ടി നനഞ്ഞ മണ്ണില്‍ക്കിടന്നു.എന്റെ കാലടികളില്‍ സ്പര്‍ശിക്കാനുള്ള കരുത്ത് അവള്‍ക്ക് കൈമോശം വന്നിരുന്നു.
പാപം ഗര്‍ഭം ധരിച്ച ആ മനുഷ്യയുവതിയെ ഞാന്‍ കരുണയോടെ, വെറുപ്പോടെ നോക്കി.
പറയൂ. ഇതിനുത്തരവാദിയായവന്‍ ആര് ?
ആദ്യം അവള്‍ പറഞ്ഞില്ല. തലമുടിയില്‍ ചുറ്റിപ്പിടിച്ച് ഉലച്ചപ്പോള്‍ അവള്‍ പറഞ്ഞു
എനിക്ക് കാലടികളില്‍ നിന്ന് ഒരു തരിപ്പു കയറി. അത് ഉഷ്ണജ്വാലയായി സിരാകൂടമെങ്ങും സഞ്ചരിക്കുന്നത് അറിഞ്ഞു. ഞാന്‍ കുതിച്ചു. അക്കരെ മലഞ്ചെരുവില്‍ പുതുതായി വായ്പിളര്‍ന്നു നില്‍ക്കുന്ന കല്ലുവെട്ടുകുഴി. പശമണ്ണും വിയര്‍പ്പും ഇഴുകിപ്പിടിച്ച ശരീരവുമായി അവന്‍ കുനിഞ്ഞുനിന്നു കല്ലുവെട്ടുന്നു.
കുഞ്ഞുഞ്ഞുകുട്ടി, എന്റെ ശബ്ദം സിംഹഗര്‍ജനമായി ആ മണ്‍കുഴിയില്‍ നിറഞ്ഞു.
അവന്‍ മുഖമുയര്‍ത്തി, തേരട്ടപോലെയുള്ള ചുണ്ടുകളില്‍ പരിഹാസത്തിന്റ ചിരി. ചെളിക്കെട്ടുപോലെ. വീര്‍ത്ത വയറുമായി മൊന്തന്‍വാഴയുടേയും മണ്‍പാത്രങ്ങളുടേയും അരികില്‍ വീണുകിടക്കുന്ന എന്റെ മകളെ ഓര്‍ത്തു.
നീ എന്നോടിച്ചെയ്തതെന്ത്? പറക, സുര്യന്‍ അസ്തമിക്കുന്നതിനു മുമ്പു നിന്റെ സഹോദരനോടുള്ള ഇടര്‍ച്ച പറഞ്ഞു തീര്‍ക്കണമെന്നല്ലോ ദൈവം കല്പിച്ചിരിക്കുന്നത്.?
അവന്‍ കല്ലുവെട്ടാനുള്ള മുഴുവുമായി അരികില്‍ വന്നു. അവന്‍ എന്നോട്.
ഞാനും ഒരു മനുഷ്യനല്ലയോ?
എനിക്കും ഹൃദയമില്ലയോ ?
എന്നാറെ ഞാനവനോട്; അതു ശരി, ആദിയില്‍ ദൈവം ആദാമിന്റെ വാരിയെല്ലില്‍ നിന്ന് സ്ത്രീയെ ഉണ്ടാക്കി. പുരുഷന്‍ സ്ത്രീയോടു പറ്റിചേരുമെന്ന് അന്നുമുതലേ അറിയാം, ഞാന്‍ കുറ്റപ്പെടുത്തുന്നില്ല.
അവന്റെ മുഖത്ത് ആശ്വാസം. നല്ലത് ഉപദേശിക്കു വിവരമുണ്ട്. നമ്മുക്കിത് ഒതുക്കിത്തീര്‍ക്കാം.
എങ്ങനെ? നീ എന്റെ മകളോട് അധര്‍മ്മമായത് പ്രവര്‍ത്തിച്ചു. അവളില്‍ പ്രജയെ ഉരുവാക്കി, ഇനി നീ അവളെ സ്വീകരിക്കുക മാത്രമാണ്.......
കുഞ്ഞുഞ്ഞുകുട്ടി പൊട്ടിച്ചിരിച്ചു. ഗോലിയാത്തിന്റെ ചിരി...... സോദോം ഗോമോറായിലെ പാപത്തിന്റെ ചിരി. അതു സംഹാരഭീഷണിയായി എനിക്കുചുറ്റും മുഴങ്ങി.
ഉപദേശി ആള് വീരനാണല്ലോ. ഞാന്‍ കൂലിപ്പണിക്കാരനാണെങ്കിലും എന്റെ തറവാട്ടുകാര്‍ നല്ല ക്രിസ്ത്യാനികളാണ്.തോമ്മശ്ലീഹാ കേരളത്തില്‍ വന്നകാലം തുടങ്ങി ഞങ്ങള്‍ ക്രിസ്ത്യാനികളാണ്.
അതിനു ഞാന്‍: ഞാനും കര്‍ത്താവിന്റെ ദാസനല്ലയോ? ഞാനും ക്രിസ്ത്യാനിയല്ലയോ ? ഉപദേശി പൂച്ച ക്രിസ്ത്യാനിയാണ്. അതങ്ങ് മറന്നു. അല്ലേ? പോയി വല്ല കിടാത്തന്മാര്‍ക്ക് അവളെ പിടിച്ചുകൊട്. കേട്ടോ ഉപദേശിക്കു ലോകത്തിന്റെ വഴി അറിഞ്ഞുകുടാ. ചോരയും നീരുമുള്ള പെണ്‍കുട്ടികളെ കിട്ടിയാല് ആരോഗ്യമുള്ള ചെറുപ്പക്കാര്.
അപ്പോള്‍, നീ അവളെ ആട്ടിക്കളയുന്നു.അരുതു കുഞ്ഞുഞ്ഞുകുട്ടി. ഇത് നീ അവളോട് ആദ്യം ചെയ്ത പാപത്തേക്കാള്‍ അധര്‍മ്മമാകുന്നു.
ഞാന്‍ തളര്‍ന്നു തറയില്‍ ഇരുന്നു. വെട്ടിമറിച്ച പുതുമണ്ണിന്റെ ഗന്ധം ഈ മണ്‍തരികളില്‍ ചേരുവോളം മനുഷ്യപുത്രന്‍ വ്യഥയോടെ ജീവിക്കുന്നു.ഇത് ദൈവം മനുഷ്യനു കൊടുത്ത വല്ലാത്ത കഷ്ടപ്പാടുതന്നെ.
ഞാന്‍ മുകളിലേക്കു നോക്കി, ഹൃദയം തകര്‍ന്നു വിലപിച്ചു. ഏലി ഏലീ, ലമ്മാ ശബ്ദ്താനി- എന്റെ ദൈവമേ, എന്റെ ദൈവമേ നീയെന്നെ കൈവിട്ടതെന്ത് ?
അനാഥയായി, അപഹാസ്യയായി. കൈകുഞ്ഞിനേയും ചുമന്നു വഴിയെ നടക്കാന്‍ പോകുന്ന മേരിക്കുട്ടി.....
ഉടനെ കഠിനരോഷം എന്നില്‍ ജ്വലിച്ചു. ഞാന്‍ മറ്റൊന്നും ആലോചിച്ചില്ല. കുഞ്ഞുഞ്ഞുട്ടി താഴെ വച്ചിരുന്ന മഴു കൈ എത്തിയെടുത്തതും അവന്റെ നിറുകയില്‍ വെട്ടിയതും ഒപ്പമായിരുന്നു......
ബഹുമാനപ്പെട്ട കോടതി എന്താണ് ചോദിച്ചത്? കൊലക്കുറ്റം സമ്മതിക്കുന്നുവെന്നോ?
ഇതെങ്ങനെ കുറ്റമാവും? ഞാന്‍ കര്‍തൃദാസന്‍, അവന്റെ തിരുവചനം അരയ്ക്കുകെട്ടിയവര്‍,യഹോവയുടെ പ്രമാണമനുസരിക്കുന്നവന്‍,അവന്റെ പ്രമാണമനുസരിച്ചാണു. ഞാന്‍ ശിക്ഷ കൊടുത്തത്.
എന്തു പ്രമാണമെന്നോ? തിരുവചനത്തിലുണ്ട്.പാപത്തിന്റെ ശമ്പളം മരണമത്രേ! അവന്‍ എന്റെ മോളോടു പാപം ചെയ്തു. ആ പാപം ഗര്‍ഭമായി. പാപത്തിന്റെ ശമ്പളമായ മരണം ഞാന്‍കുഞ്ഞുഞ്ഞുകുട്ടിക്കു കൊടുത്തു..... അതില്‍ കര്‍ത്താവ് എന്നെ കുറ്റപ്പെടുത്തുകയില്ല. ഇല്ല..... ഇല്ല
... ഞാനൊരിക്കലും ദൈവമുമ്പാകെ തെറ്റുകാരനല്ല.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ