"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, നവംബർ 2, വ്യാഴാഴ്‌ച

ചരണാസ്വസ്ഥനായ സ്‌നേഹാവദൂതന്‍ - കെ സി പുഷ്പാംഗദന്‍


ചെങ്ങറ സമരം അവസാനിച്ചതോടനുബന്ധിച്ച രാത്രിയില്‍ ടി.വി ചാനലുകാര്‍ ആ വാര്‍ത്ത ആഘോഷിക്കുവാനായി വിപുലമായ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. പ്രസ്തുത ചര്‍ച്ചകളില്‍ അവതരിപ്പിച്ച വാദമുഖങ്ങളില്‍ മുഴച്ചു നിന്നത് ദലിതര്‍ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു. 

ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ നിലനില്‍പ്പിന്റെ പ്രശ്‌നങ്ങള്‍ ഉത്ഭവിക്കുന്നത് ഭൂമി ഇല്ലായ്മയില്‍ നിന്നാണെന്നും ഭൂമി ലഭിച്ചാല്‍ മറ്റു പ്രശ്‌നങ്ങളെ താരതമേന്യ എളുപ്പം പരിഹരിക്കാനാകുമെന്നാണ് പൊതുവില്‍ എത്തപ്പെട്ട നിഗമനം. ഇന്ത്യയുടെ വിശാലമായ ഭൂഭാഗത്ത് പട്ടിക ജാതിക്കാര്‍ക്കും പിന്നോക്ക വിഭാഗത്തില്‍പ്പെട്ട പലര്‍ക്കും ഭൂമി കിട്ടിയില്ല. അതുകൊണ്ടുതന്നെ വിദ്യാഭ്യാസം നേടാനുളള കഴിവ് അവര്‍ക്ക് കുറഞ്ഞുപോകും. ജാതീയമായ സംഘര്‍ഷങ്ങള്‍ കാരണം സാമൂഹ്യമായ വിശ്വാസമില്ലായ്മ ശക്തമാകും എന്ന് മുന്‍ കേന്ദ്ര സാമൂഹ്യവകുപ്പ് സെക്രട്ടറിയും സംവരണ നിയമവിദഗ്ദനുമായ ശ്രീ.പി.എസ്. കൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. (സമകാലിക മലയാളം 2008 മേയ് 9) മേല്‍ കുറിച്ച നിഗമനങ്ങളെ ഒരളവ് വരെ സാധൂകരിക്കുന്നതാണ്. 

കേരളത്തിന് പുറത്ത് സ്വന്തമായി ഭൂമിയുളള ഒട്ടനവധി ദലിതരുണ്ട്. പക്ഷേ അവരുടെയൊന്നും സാമൂഹ്യ നിലവാരം ഇതുവരെ മെച്ചപ്പെട്ടിട്ടില്ല. കാരണം അവര്‍ക്ക് ഭൂമി മാത്രമേയുളളൂ. മറ്റൊന്നും ഇല്ല. അവരില്‍ കൊടും പട്ടിണിക്കാരുണ്ട്, മെച്ചപ്പെട്ട നിലയില്‍ ജീവിക്കുന്നവരും ഉണ്ട്. പക്ഷേ രണ്ടുകൂട്ടരുടെയും സാമൂഹ്യ നിലവാരം തുല്യമാണ്. പലയിടങ്ങളിലും കൈവശഭൂമിയുടെ പട്ടയം ജന്മിമാരുടെ കസ്റ്റഡികളിലാണ്. ആ ഭൂമികളിലൊന്നും കൃഷിയിറക്കാന്‍ സാമ്പത്തിക സഹായം ലഭിക്കില്ല. ലഭിച്ചാല്‍ തന്നെ അത് തന്നെ നേരെ ചെന്നെത്തുക ജന്മികളുടെ കൈകളിലേക്കാണ്. സ്വന്തം ഭൂമി ഗതികേട് കൊണ്ട് ജന്മികളുടെ കൈയ്യില്‍പണയം വെച്ച് അതേ ഭൂമിയില്‍ തന്നെ അടിമപ്പണി ചെയ്യുന്ന ഹതഭാഗ്യര്‍ കേരളത്തിന് പുറത്ത് ഇന്ന് വ്യാപകമാണ്. കേരളത്തിലാണെങ്കില്‍ ഭൂപരിഷ്‌ക്കരണം നടന്നെങ്കിലും പട്ടികജാതിക്കാര്‍ക്ക് ഭൂമി കിട്ടിയില്ല എന്ന് ശ്രീ.പി.എസ്. കൃഷ്ണന്‍ മേല്‍കുറിച്ച അഭിമുഖത്തില്‍ വെട്ടിതുറന്ന് പറയുന്നുണ്ട്. 

തീര്‍ച്ചയായും ഭൂമിയില്ലായ്മ ഗുരുതരമായ ഒരു വിഷയമാണ്. ഭൂപരിഷ്‌ക്കരണത്തിന്റെ മറവില്‍ അട്ടിമറിക്ക പ്പെട്ടഒരു ദേശീയ ദുരന്തമാണ് ദലിതരുടെ ഭൂപ്രശ്‌നം. റോഡിന്റേയും തോടിന്റേയും റെയിലിന്റെയും പുറമ്പോക്കുകളില്‍ നഗ്നത മറയ്ക്കുവാന്‍ പോലും പാടുപെടുന്നവരെ ലക്ഷം വീടിന്റെയും മൂന്നും അഞ്ചും സെന്റ് ഭൂമികളുടേയും അവകാശികളാക്കിയതില്‍ അഭിമാനപൂരിതരാണ് കേരളത്തിലെ ഇടത് -വലത് ഭരണ വര്‍ഗ്ഗം. ദലിതര്‍ വളര്‍ന്ന് വളര്‍ന്ന് അടുക്കളയും കിടപ്പ് മുറിയും പൊളിച്ച് ശവമടക്ക് നടത്തേണ്ടിടത്തോളം അഭിമാനാര്‍ഹമായ വളര്‍ച്ചയാണ് കൈവരിച്ചത്. അത്തരം അഭിമാനാര്‍ഹമായ വളര്‍ച്ചയെ ചോദ്യം ചെയ്തതാണ് 1989ലെ ആദിവാസി മാര്‍ച്ച്.

മണ്ണിന്റെ മക്കളേ മണ്ണിന് വേണ്ടി പടപൊരുതൂ എന്നുദ്‌ഘോഷിച്ചുകൊണ്ട് നടത്തിയ 1989ലെ ആദിവാസി മാര്‍ച്ചില്‍ 1975ലെ ആദിവാസി ഭൂനിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്ന് കല്ലറ സുകുമാരന്‍ സമരം സംഘടിപ്പിച്ചത്. ആ സമരം ലക്ഷ്യവേധിയാകാതിരിക്കാന്‍ ഭരണ വര്‍ഗ്ഗങ്ങള്‍ പരമാവധി ശ്രമിച്ചു. വിജയിച്ചു. പക്ഷേ അതിന്റെ അനുരണനങ്ങള്‍ തടുക്കുവാന്‍ കഴിഞ്ഞില്ലെന്ന് മുത്തങ്ങ മുതല്‍ ചെങ്ങറയും അപ്പാടും കഴിഞ്ഞുനില്ക്കുന്ന ഭൂസമരങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. ആദിവാസി മാര്‍ച്ചിന്റെ കാലഘട്ടത്തില്‍ ഇന്ന് തല പൊക്കിയിരിക്കുന്ന ദലിത് ഷോവനിസ്റ്റുകളൊ രെണ്ണം പോലും ദലിതരുടെ പരമ പ്രധാന ആവശ്യങ്ങളിലൊന്നായ ഭൂപ്രശ്‌നം പരസ്യമായി ചര്‍ച്ച ചെയ്തിട്ടില്ല. 

സാമ്പത്തികമായി മെച്ചപ്പെടല്‍ ദലിതരുടെ സാമൂഹ്യ പദവി ഉയര്‍ത്തുമെന്ന വിലയിരുത്തല്‍ എത്ര മാത്രം ശരിയാണെന്നറിയാന്‍ പട്ടിക വിഭാഗത്തില്‍പ്പെട്ട സാമ്പത്തികമായി മെച്ചപ്പെട്ടവരുടേയും സര്‍ക്കാര്‍ ജീവനക്കാരുടേയും അവസ്ഥയെന്തെന്ന് പരിശോധിച്ചാല്‍ മാത്രം മതി. അവരെല്ലാം നമുക്ക് ചുറ്റുംതന്നെയുണ്ട്. അവരുടെയെല്ലാം സാമൂഹ്യപദവികള്‍ എത്ര മാത്രം ഉയര്‍ന്നിട്ടുണ്ട്. സാമ്പത്തികമായി അല്പം മെച്ചപ്പെട്ടിട്ടുണ്ട് എന്നതൊഴിച്ചാല്‍ കാര്യമായ മാറ്റമൊന്നും അവര്‍ക്കുണ്ടായിട്ടില്ല. ഉദ്യോഗസ്ഥനായിരുന്ന സാക്ഷാല്‍ ബാബാ സാഹെബ് അംബേദ്ക്കര്‍ തന്നെ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ വിശദമായി കുറിച്ചിട്ടുണ്ട്. പട്ടികജാതിക്കാരനായ ശ്രീ. ജഗ്ജീവന്‍ റാം ഇന്ത്യയുടെ ഉപപ്രധാനമന്ത്രി സ്ഥാനത്തിരുന്ന വ്യക്തിയാണ്. അദ്ദേഹം ഒരിക്കല്‍ ഒരു പൊതുപരിപാടി ഉദ്ഘാടനം ചെയ്തിറങ്ങിയപ്പോള്‍ പിന്നാലെ വന്ന ബ്രാഹ്മണിസ്റ്റുകളും അവരുടെ പിണിയാളുകളുംആ ഉദ്ഘാടനവേദി പുണ്യാഹം തളിച്ച് പവിത്രീകരിക്കാന്‍ ശ്രമിച്ചത് ഒരു കാലഹരണപ്പെട്ട കഥയായി സ്മരിക്കാമോ? ഇല്ലെന്ന് വേണം പുതിയ അനുഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ പറയുവാന്‍ കഴിയുക. ഈയിടെ അന്തരിച്ച ശ്രീ.കെ.തങ്കപ്പന്‍ പട്ടികജാതി വികസന വകുപ്പിന്റെ ഓഫീസര്‍ പദവിയിലിരുന്ന വിരമിച്ച വ്യക്തിയാണ്. അനുഭവിച്ച വിവേചനങ്ങളെക്കുറിച്ചും ജാതീയമായ അവഹേളനങ്ങളെക്കുറിച്ചും ഓഫീസിലിരിക്കുമ്പോഴും മരിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പോലും അദ്ദേഹം പറയാറുണ്ടായിരുന്നു. വര്‍ക്കലയിലെ ദലിത് കോളനികളില്‍ ശ്രദ്ധേയമായ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന ദലിത് ഹ്യൂമന്‍ റൈറ്റ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരിലൊരാളായ ശ്രീമതി സരിതാദാസ് പറയുന്നത്. (ഭാഷാപോഷിണി 2009 ഡിസംബര്‍) നോക്കുക കോളേജുകളില്‍ മാര്‍ക്ക് സ്‌കോര്‍ ചെയ്താല്‍ ജാതിപ്പേര് പറഞ്ഞുതന്നെ വിശേഷിപ്പിക്കും യൂത്ത് ഫെസ്റ്റിവെലിന് സമ്മാനം കിട്ടിയപ്പോള്‍ ജാതിപ്പേര് വിളിച്ചതും അത് കേട്ട് നില്‍ക്കേണ്ടി വന്നതും ഓര്‍മ്മയിലുണ്ട്. ജാതീയ പീഢനം എത്ര ഉയര്‍ന്നുപോയാലും അനുഭവിക്കേണ്ടിവരും എത്ര വലിയ പദവിയിലുളളവരായാലും ഇത് ബാധകമാണ്. 

സാമ്പത്തികമായ ഭേദപ്പെട്ട അവസ്ഥയോ ഉയര്‍ന്ന പദവിയോ മാത്രം എല്ലാകാ ലത്തും സാമൂഹ്യതുല്യതയ്ക്ക് ഉപകാരപ്രദമാകില്ലെന്നാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല സാമ്പത്തിക പദവിയിലെ ഉയര്‍ച്ചയെപ്പോലും തലമുറകളിലേക്ക് വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ സാമ്പത്തിക നേട്ടം അതാര്‍ജ്ജിച്ച തലമുറയിലേക്ക് മാത്രമായി ചുരുങ്ങും. അങ്ങനെ സാമൂഹ്യതുല്യത ഒരു മരീചികയായി തുടരും. 

ജാതി നശീകരണത്തിനായി സഹസ്രാബ്ദങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ ഇന്ത്യയില്‍ നടന്നിട്ടും അതിനെയെല്ലാം അതിജീവിക്കാന്‍ ബ്രാഹ്മനിസത്തിന് കഴിഞ്ഞു, എന്നത് നഗ്നയാഥാര്‍ത്ഥ്യമാണ്. ഇക്കാര്യം വിസ്മരിച്ചുകൊണ്ടാണ് രാഷ്ട്രീയ സാമൂഹ്യരംഗത്തുളള ഭൂരിപക്ഷം പേരും ജാതീയത ദുര്‍ബ്ബലപ്പെട്ടു കാലഹരണപ്പെട്ടു എന്നെല്ലാം പ്രചരിപ്പിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സംവരണത്തിന് വാദിക്കുന്നത്. നായര്‍ സര്‍വ്വീസ് സൊസൈറ്റി ഒരു പടികൂടി കടന്ന് തങ്ങള്‍ക്കും സംവരണം വേണം എന്ന ആവശ്യവും ഉന്നയിച്ചുകഴിഞ്ഞു. 

ദക്ഷിണാഫ്രിക്കയില്‍ തദ്ദേശീയരായ നീഗ്രോകളോട് വെളളക്കാര്‍ കാണിച്ചിരുന്ന വിവേചനമാണല്ലോ അപ്പാര്‍തീഡ് അഥവാ വര്‍ണ്ണ വിവേചനം. ലോകമെങ്ങും അപലപിക്കപ്പെട്ട അപ്പാര്‍തീഡ് പോലും ക്രൂരതയുടേയും അവഹേളനത്തിന്റെയും കാര്യത്തില്‍ ഇന്ത്യയിലെ അയിത്താചാര സമ്പ്രദായത്തിന്റെ അടുത്തെങ്ങും എത്തുകയില്ല. കല്ലറ സുകുമാരന്റെ വാക്കുകളില്‍ കൊടുങ്കാറ്റിന് പോലും തൊട്ടുരുമ്മാന്‍ കഴിയാത്ത ഇന്ത്യയിലെ അയിത്താചാരക്രമങ്ങളെ വര്‍ണ്ണവെറിയന്മാരുടെ മുതുമുത്തച്ഛന്‍ എന്ന് പ്രമുഖ കന്നഡ ദലിത് സാഹിത്യകാരന്‍ ദേവന്നൂര്‍ മഹാദേവ വിശേഷിപ്പിച്ചത് വളരെ അര്‍ത്ഥവത്താണ്. അയിത്താചാരം സവര്‍ണ്ണര്‍ ഒരു പ്രത്യേക പദവിയായി മാത്രമല്ല എന്നെന്നും കാത്തുസംരക്ഷിക്കേണ്ട അധികാരവുമായും കരുതുന്നു. അതിനാല്‍ ജാതി നശീകരണം അവരുടെ അജണ്ടയിലില്ല. എന്നാല്‍ ജാതീയതകളുടെ ഇരകളായ ദലിതര്‍ അതിനെ നശിപ്പിക്കപ്പെടേണ്ട ഒരു ബാധ്യ തയായി കരുതുന്നു. ഇന്ത്യനവസ്ഥയുടെ ഏറ്റവും വലിയ വിപത്തായ ഈ ജാതിയത ഒരു ആര്യന്‍ ഉല്പന്നമാണ്. ഇന്ത്യയിലെ ശ്രേണികൃത ജാതിവ്യവസ്ഥിതിയുടെ സൃഷ്ടാക്കള്‍ ആര്യന്മാരും വിദേശീയരുമായ ഈ ബ്രാഹ്മണിസ്‌ററുകളാണെന്ന് ശ്രീ. മഹാദേവ ആ ഒരൊറ്റ പ്രയോഗത്തിലൂടെ തന്നെ സമര്‍ത്ഥിക്കുന്നുണ്ട്. 

നൂറ്റാണ്ടുകളായി ജാതീയമായി അനുഭവിക്കുന്ന വിവരണാതീതമായ മാനസിക സംഘര്‍ഷം ദലിതരു ടെ വ്യക്തിത്വ വികാസത്തിന് ഏറ്റവും വലിയ വിലങ്ങുതടിയാണ് മാനസിക സംഘര്‍ഷത്തിന്റെ പരിണിതിയായ അപകര്‍ഷതാബോധം ദലിതരെ വിധേയത്വ വ്യക്തിത്വമുളളവരായി മാറ്റുന്നതോടൊപ്പം ബ്രാഹ്മണിസ്റ്റുകളുടെ കൈയ്യിലെ കേവലം ഉപകരണങ്ങളാക്കി മാറ്റി തീര്‍ക്കുകയും ചെയ്യുന്നു. തല്‍ഫലമായി നിത്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദലിതര്‍ അപമാനത്തിന്റേയും പരാജയ ത്തിന്റേയും കയ്പുനീര്‍ കുടിച്ചുകൊണ്ടേയിരിക്കുന്നു.

ദലിത് സ്വത്വബോധത്തിന്റെ പ്രസക്തി ഇവിടെയാണ്. ദലിതന്റെ സാമുഹ്യ വളര്‍ച്ചയില്‍ ഏറ്റവും നിര്‍ണ്ണായകമായ ഘടകം ഈസ്വത്വബോധമാണ്. ഈ അവബോധത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നിക്കുകയാണെങ്കില്‍ അതൊരു മഹാശക്തിയായി മാറും.ദലിതരുടെ എല്ലാ സമരമുഖങ്ങളും ദുര്‍ബ്ബലപ്പെടുന്നതില്‍ ഇത്തരം അവബോധത്തിന്റെ അഭാവം ഒരു പ്രധാന ഘടകമാണ്.

ഹരിജന്‍ എന്നത് അപമാനബോധമാണെങ്കില്‍ ദലിതനെന്നത് അഭിമാനബോധമാക്കി മാറ്റിയെടുക്കുന്നതാണ് ദലിത് മുന്നേറ്റത്തിന്റെ ചാലകശക്തി.ഈ അഭിമാനബോധ മാക്കി വളര്‍ത്തിയെടുക്കാനും വികസിപ്പിക്കുവാനുമാണ് കല്ലറ സുകുമാരന്‍ അത്യന്തം പരിശ്രമിച്ചത്. അദ്ദേഹം ജനസഞ്ചയങ്ങളെ അഭിസംബോധ ചെയ്തതും അവരുടെ ഹൃദയങ്ങളെ ത്രസിപ്പിച്ചതും ചലിപ്പിച്ചതും ഈ വര്‍ഗ്ഗബോധത്തെ നിരന്തരം ഉണര്‍ത്തിക്കൊണ്ടാണ്. ആ ആത്മബോധം സ്വത്വബോധം നഷ്ടപ്പെട്ടുകൊണ്ടി രിക്കുന്നതാണ് ദലിത് മുന്നേറ്റത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധി. ചെങ്ങറ സമരത്തിന്റെ ചര്‍ച്ചകളില്‍ വിട്ടുപോയ ഒരു പ്രധാനകണ്ണിയാണ് ഈ ദലിത് സ്വത്വബോധം. ഇത് ആര്‍ജ്ജിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യാതെ തലച്ചോറില്‍ ആയുധമണിയിക്കാന്‍ നമ്മുക്ക് കഴിയില്ല.

കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ അംബേദ്കറേയും അയ്യങ്കാളിയേയും പരിചയപ്പെടുത്തുക മാത്രമല്ല ഒരു തലമുറയെ മുഴുവന്‍ വിപ്ലവബോധമുള്ളവരാക്കാന്‍ ഇറങ്ങിതിരിച്ച ഒറ്റയാന്‍ പട്ടാളമായിരുന്നു കല്ലറ സുകുമാരന്‍ പീരുമേടില്‍ നിന്നും ഒരുതോള്‍ സഞ്ചിയുമായി അതിരാവിലെ ഇറങ്ങിയാല്‍ ആ യാത്ര അവസാനിക്കുന്നത് കേരളത്തിലെ ഏതെങ്കിലുമൊരു ഗ്രാമത്തിലെ ഓണംകേറാമൂലയിലായിരിക്കും. അവിടെത്തെ പരിപാടി കഴിഞ്ഞാല്‍ അടുത്ത പരിപാടി സംഘടിപ്പിച്ച ഏതെങ്കിലു മൊരു വിദൂരലക്ഷ്യത്തിലേക്ക് അദ്ദേഹംവിശ്രമമില്ലാത്ത യാത്ര തുടരുകയാണ്. ഇങ്ങനെ പാദങ്ങള്‍ക്ക് സ്വസ്ഥത നല്‍കാതെ നിരന്തരം തന്റെ മഹത്തായ ലക്ഷ്യ സാക്ഷാത്കാരത്തിനായി ജീവിതം സമര്‍പ്പിച്ചതിനാലാണ് യശശരീരനായ ഡോ. പോള്‍ ചിറക്കരോട് അദ്ദേഹത്തെ ചരണാസ്വസ്ഥന്‍ എന്ന് വിശേഷിപ്പിച്ചത്. ഈ ചരണാസ്വസ്ഥന്‍ ഒരു സ്‌നേഹാവധൂതനായിരുന്നുവെന്നാണ് ബഹുമാനപ്പെട്ട പീരുമേട് എം.എല്‍.എ. ശ്രീമതി ബിജി മോള്‍ 2009 ലെ അനുസ്മരണ സമ്മേളത്തില്‍ അടിവരയിട്ട് സമര്‍ത്ഥിച്ചത്.

ശ്രീമതി ബിജിമോള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് 270 പേരുടെ ഒരു ലിസ്റ്റുമായി ഭവന നിര്‍മ്മാണ സഹായത്തിനായി കല്ലറ സാര്‍ അവരെ സമീപിച്ചു. ലിസ്റ്റിലെ 270 പേരുടേയും നിജസ്ഥിതി അറിയാനായി മറ്റുളളവരോടൊപ്പം സ്വയം ഇറങ്ങിത്തിരിച്ച ശ്രീമതി ബിജിമോള്‍ക്ക് മേല്‍കുറിച്ച ലിസ്റ്റിലെ ഏതെങ്കിലുമൊരംഗ ത്തിനെ ഒഴിവാക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ നൂറ് ശതമാനം സത്യസന്ധവും സുതാര്യവുമായിരുന്നു സമര്‍പ്പിക്കപ്പെട്ട പേരുകള്‍, മാത്രമല്ല അവിഹിതമായി ഏതെങ്കിലുമൊരു ബന്ധുവിനെയോ വേണ്ടപ്പെട്ടവരെയോ അദ്ദേഹം ശുപാര്‍ശ ചെയ്തില്ല. ആ ലിസ്റ്റിലെ മുഴുവന്‍ പേര്‍ക്കും സാമ്പത്തിക സഹായം ലഭിക്കാനിടയാക്കി യത് തന്റെ ജീവിതത്തിലെ അവിസ്മരണീയ സംഭവമാണെന്നും ശ്രീമതി ബിജിമോള്‍ എടുത്തുപറഞ്ഞു.

ഇന്ത്യയിലെമ്പാടും ഗോത്രവര്‍ഗ്ഗങ്ങളുടേയും അയിത്ത ജാതിക്കാരുടേയും ഇടയില്‍ സഞ്ചരിച്ച് അനുഭവ ജ്ഞാനം ആര്‍ജ്ജിച്ച കറകളഞ്ഞ പണ്ഡിതനായിരുന്നു ഡോ. പോള്‍ ചിറക്കരോട്. ഇന്ത്യന്‍ സാഹിത്യത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ഒരു പോലെ അവഗാഹം ലഭിച്ചയാള്‍ ദലിത് സാഹിത്യത്തിന് കനപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തി, പണ്ഡിതോചിതമായി സംസാരിക്കാന്‍ കഴിയുന്ന വാഗ്മി എന്നിങ്ങനെ ഒട്ടേറെ മണ്ഡലങ്ങളിലെ വ്യക്തി പ്രഭാവമായിരുന്നു പോള്‍ ചിറക്കരോട്. ശ്രീ ചിറക്ക രോടുമായുളള അടുപ്പം കേരളത്തിലെ ദലിത് മുന്നേറ്റങ്ങളില്‍ ഏറ്റവും ഇഴയടുപ്പമുളള പ്രസ്ഥാനമായി ഇന്ത്യന്‍ ദലിത് ഫെഡറേഷനെ വളര്‍ത്തിയെടുക്കുവാന്‍ കല്ലറ സുകുമാരനെ സഹായിച്ചു. അതിന്റെ നിതാന്ത സ്മരണയാണ്. ഗുരുവായൂര്‍ (1983) ഊട്ടുപുര സത്യാഗ്രഹം. സവര്‍ണ്ണപ്രഭൃതികള്‍ തങ്ങളുടെ ആവനാഴിയിലെ ബ്രഹ്മാ സ്ത്രങ്ങളെടുത്തെയ്തിട്ടും അങ്കക്കലിയടങ്ങാത്ത പോരാളിയെപ്പോലെ, കോഴിക്കു ഞ്ഞുങ്ങളെ സംരക്ഷിക്കുന്ന തളളക്കോഴിയെപ്പോലെ തലയുയര്‍ത്തി നിന്ന്, അവസാനശ്വാസം വരെ സ്വവര്‍ഗ്ഗത്തെ സംരക്ഷിച്ച്, പ്രത്യാക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധമെന്ന് തെളിയിച്ച് ദലിതരാണെന്ന സ്വത്വബോധവും ആത്മ ബോധവും സ്വവര്‍ഗമനസ്സുകളില്‍ അങ്കുരിപ്പിച്ചാണ് അദ്ദേഹം രംഗ ത്ത് നിന്ന് നിഷ്‌ക്രമിച്ചത്.

1993ല്‍ കോട്ടയം തിരുനക്കര മൈതാനിയില്‍ വച്ച് നടത്തിയ ദലിത് സംഗമത്തില്‍ ദലിത് ബന്ധു ശ്രീ എന്‍ കെ ജോസിന്റെ പുസ്തകങ്ങള്‍ വിലയിരുത്തിക്കൊണ്ട് ദലിത് എന്ന പദത്തിന് പുതിയ ഒരു നിര്‍വ്വചനം അദ്ദേഹം നല്‍കി. ദലിത് എന്നാല്‍ പോരാളിയാണെന്നും ഓരോ ദലിതനും അനീതിക്കും അസമത്വത്തിനും എല്ലാവിധ അന്യാധീനപ്പെടുത്തലിനുമെതിരെ പോരാടാന്‍ വിധിക്കപ്പെട്ടവരാണെന്നും പോരാട്ടമില്ലെങ്കില്‍ നമുക്ക് സ്വാതന്ത്ര്യമില്ല, മണ്ണില്ല, ഭരണഘടനയില്ല, രാജ്യമില്ല, ജീവിതമില്ല... പിന്നെ ഒന്നുമുണ്ടാവില്ലെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ട് അടിമകളുടെ പടനായകന്‍ നമ്മളിലൂടെ ജീവിക്കുകയാണ്. അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ