"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, നവംബർ 27, തിങ്കളാഴ്‌ച

സ്വപ്‌നീല്‍ സോനവാനെ: ജന്മംതന്നെ കുറ്റമാകുമ്പോള്‍ ദുരഭിമാനക്കൊലയൊക്കെ എന്ത്?


2016 ജൂലൈ 19 ന് മുംബൈയില്‍ സ്വപ്‌നീല്‍ സോനവാനെ എന്ന 15 കാരന്‍ ദലിത് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് സമപ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയമുണ്ടായിരുന്നു എന്ന കുറ്റമാരോപിച്ചാണ്. അഗ്രി ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നാണ് സ്വപ്‌നീലിനെ അതിദാരുണമായി കൊലപ്പെടുത്തിയത്. സ്വപ്‌നീലിനെ കൊലചെയ്തതില്‍, പ്രണയമുണ്ടെന്നു പറയപ്പെടുന്ന പെണ്‍കുട്ടിക്കും പങ്കുള്ളതായി സ്വപ്‌നീലിന്റെ വീട്ടുകാര്‍ പൊലീസ് അധികാരികള്‍ക്ക് വെളിപ്പെടുത്തി. സ്വപ്‌നീലും പെണ്‍കുട്ടിയും സഹപാഠികളായിരുന്നു. കോളേജില്‍ ചേരേണ്ട ആദ്യദിവസം തന്നെയാണ് സ്വപ്നീല്‍ കൊല്ലപ്പെടുന്നത്.

നേരുള്‍ പൊസീസ് സ്റ്റഷന് സമീപത്തു നിന്ന് തലയോട് പൊട്ടി രക്തം വാര്‍ന്നൊലിക്കുന്ന നിലയില്‍ സ്വപ്‌നീലിന്റെ ശരീരം കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ ഡി വൈ പാട്ടീല്‍ ഹോസ്പിറ്റലിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. രഹസ്യഭാഗത്തും നെഞ്ചിലും കഠിനമായ പരുക്കുകള്‍ ഏറ്റിരുന്നു.

അഹ്മദ്‌നഗര്‍ സ്വദേശികളായ സോനാവാനെ കുടുംബം രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പാണ് നവ് മുംബൈയില്‍ താമസമാക്കിയത്. അച്ഛന്‍ സഹാജി പൊതുമേഖലാ ബാങ്കില്‍ ജീവനക്കാരനാണ്. സ്വപ്‌നീലിനെ കൂടാതെ ഒരു മകളും സഹാജിക്കുണ്ട്.

ജൂലൈ 18 ന് രാവിലെ, സ്വപ്‌നീലിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും സ്വപ്‌നീലിനെ വിളിച്ചിറക്കി മര്‍ദ്ദിച്ചശേഷം ഒരു ഓട്ടോറിക്ഷയില്‍ കയറ്റി നേരൂല്‍ പൊലീസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നാലെ സ്പ്‌നീലിന്റെ അച്ഛന്‍ സഹാജിയും അവിടെയെത്തി. അവിടെ പെണ്‍കുട്ടിയടെ അച്ചനും എത്തിയിട്ടുണ്ടായിരുന്നുവെന്ന് സ്വപ്‌നീലിന്റെ അച്ഛന്‍ സഹാജി പത്രലേഖകര്‍ക്കെ വെളിപ്പെടുത്തി. 

മേലില്‍ പെണ്‍കുട്ടിയുമായി ഒരു കാര്യത്തിലും അടുത്തുപോകരുതെന്ന് പൊലീസ് സ്റ്റേഷനില്‍വെച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍ സ്വപ്‌നീലിനെ താക്കീത് ചെയ്തിരുന്നു. അന്ന് പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്ന സ്വപ്‌നീലിന്റെ അമ്മയോടും മറ്റുബന്ധുക്കളോടും 'സായ് രാത്' എന്ന സനിമയിലേതുപോലെയുള്ള സംഭവവികാസ ങ്ങള്‍ക്കായാണ് നിങ്ങള്‍ ശ്രമിക്കുന്നതെന്നും മറ്റും ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഗുണദോഷിച്ചു.

പെണ്‍കുട്ടിയുടെ അച്ഛനും പൊലീസുകാരും മുന്നോട്ടുവെച്ച എല്ലാ വ്യവസ്ഥകള്‍ക്കും വഴങ്ങിയതാണ്. മകന്റെ ജീവന്‍ നഷ്ടപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു അത്. എന്നാല്‍ പൊലീസ് ഇതുസംബന്ധിച്ച് ഒരു കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായില്ല. തന്നെയുമല്ല സീനിയര്‍ ഇന്‍സ്‌പെക്ടറെ കാണാന്‍ പോലും സ്പനീലിന്റെ വീട്ടുകാരെ അനുവദിച്ചില്ല.

പൊലീസ് സ്റ്റേഷില്‍ നില്‍ക്കുമ്പോള്‍ സഹാജിയെ അദ്ദേഹത്തിന്റെ മകള്‍ ഫോണില്‍ വിളിച്ചു. വീട്ടില്‍ കുറച്ചാളുകള്‍ വന്നുനില്ക്കുന്നുണ്ടെന്നറിയിച്ചു. ഉടനെതന്നെ സഹാജി തന്റെ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍, ആരോപണവിധേയയായ പെണ്‍കുട്ടിയുടെ സഹോദരനുള്‍പ്പെടെ പത്തിരുപത് പേര്‍ കാത്തുനില്ക്കുന്നുണ്ടാ യിരുന്നു. സഹാജിയുടെ മകന്‍ സ്വപ്‌നീല്‍ തന്റെ സഹോദരിയുമായി, അവര്‍ ഏഴാംക്ലാസില്‍ പഠിക്കുന്ന കാലംതൊട്ടേ പ്രണയത്തിലാണെന്നും അത് ഉടനെ വിലക്കണമെന്നും ഭീഷണിയടെ സ്വരത്തില്‍ പെണ്‍കുട്ടിയുടെ സഹാദരന്‍ ആവശ്യപ്പെട്ടു. അവര്‍ മുന്നോട്ടുവെച്ച എല്ലാ വ്യവസ്ഥകളും സഹാജി അംഗീകരിച്ചു. സമാധാനത്തോടെയാണ് അവര്‍ പിരിഞ്ഞുപോയതെന്നും സഹാജി പത്രലേകകരെ അറിയിച്ചു.

കൊല്ലപ്പെടുന്നതിന് തലേദിവസം, മേലില്‍ ഇതുസംബന്ധിച്ച് യാതൊരുവിധ ഇടപെടലുകളും തങ്ങുടെ ഭാഗത്തുനിന്നും ഉണ്ടാകുകയില്ല എന്ന് ഉറപ്പുനല്കുന്നതിനായി സഹാജിയും സ്പ്‌നീലും അരോപണവിധേയയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. പെണ്‍കുട്ടിയുടെ കാല്‍ക്കല്‍ വീണ് മാപ്പുപറയണമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് പെണ്‍കുട്ടിയുടെ കാല്‍ക്കല്‍ വീഴാന്‍ തുനിഞ്ഞ സ്വപ്‌നീലിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ ആഞ്ഞു തൊഴിച്ചു. അവശനായി എഴുന്നേറ്റോടിയ സ്വപ്‌നീലിനെ പിന്നാലെയെത്തിയ നാലഞ്ചുപേര്‍ തുടര്‍ന്നും മര്‍ദ്ദിച്ചു..... 

പ്രണയം ഒരു കുറ്റമോ? മണ്ണാങ്കട്ട. ഫിലോസഫിയൊക്കെ അവിടെ നില്ക്കട്ടെ. സ്വന്തം സഹോദരീപുത്രിയെ വിവാഹം ചെയ്യുന്നത് നിയമവിധേയമായ ഉന്നതകുലജാതരുടെ നാട്ടില്‍... 

Courtsey: www.indianexpress.com2017, നവംബർ 24, വെള്ളിയാഴ്‌ച

എന്‍ രവികുമാര്‍: ജാതിഅധിക്ഷേപം എന്ന കൊലയായുധത്തിനിരയായ ജീവനക്കാരന്‍


സെല്‍ഫ് വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്തശേഷം ആശുപത്രിജീവനക്കാരനായ രവികുമാര്‍ എന്ന ദലിതന്‍ ജാതിഅധിക്ഷേപം എന്ന കൊലയായുധത്തിനിരയായി ജീവന്‍ വെടിഞ്ഞു. തന്റെ മേലുദ്യോഗസ്ഥന്മാര്‍ തന്നെ ജാതീയമായി പീഡിപ്പിച്ചു എന്ന് തുറന്നു പറയുന്നതാണ് 12 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ. കൊല്ലപ്പെടുമ്പോള്‍ രവികുമാര്‍, ഗുണ്ടൂര്‍ ജില്ലയിലെ പൊന്നൂരുവിലുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സന്ററില്‍ സീനിയര്‍ അസിസ്റ്റന്റായി സേവനമനുഷ്ഠിക്കുക യായിരുന്നു. 2017 നവംബര്‍ 17 നാണ് രവികുമാര്‍ വീഡിയോ അപോലോഡ് ചെയ്തത്. പിറ്റേ ദിവസം നവംബര്‍ 18 ന്, ഗുണ്ടൂരുള്ള അങ്കമ്മനഗറിലെ വീട്ടില്‍ കീടനാശിനി കഴിച്ച് അവശനിലയില്‍ കാണപ്പെട്ട രവികുമാറിനെ വീട്ടുകാര്‍ ജില്ലാ ആശുപത്രി യിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

'ജില്ലയിലെ ഏറ്റവും സീനിയറായ ജീവനക്കാരനാണ് ഞാന്‍. അവര്‍ എന്റെ പ്രൊമോഷന്‍ തടഞ്ഞുവെക്കുക മാത്രമല്ല, പൊന്നൂരുള്ള DMHO ഓഫീസിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.... വളരെ കഷ്ടപ്പെട്ടാണ് ഞാന്‍ 70,000 രൂപ കണ്ടെ ത്തിയത്... യാതൊരുളുപ്പുമില്ലാതെ ആ തുക കൈപ്പറ്റിയിട്ട് അവര്‍ എന്നെ അധിക്ഷേപിക്കുക മാത്രമാണ് ചെയ്തത്.... ചത്താല്‍പ്പോലും നീ ഞങ്ങള്‍ക്കെതിരേ ഒരു ചുക്കും ചെയ്യില്ല.... അധികനാള്‍ ഈ അധിക്ഷേപം സഹിച്ചുകൊണ്ടു എനിക്ക് മുന്നോട്ടുപോകാനാവില്ല.... എനിക്കധികം ജീവിക്കണമെന്നില്ല... ഒ കെ... എന്റെ മരണത്തിന് ശേഷമെങ്കിലും ഞാന്‍ നേരിട്ട അനീതികള്‍ക്കെതിരെ നടപടിയെടുക്കുക ദയവായി....' ഇങ്ങനെ പോകുന്നു വീഡിയോ ഭാഷണം.

ഗുണ്ടൂരുള്ള NRI ഹോസ്പിറ്റലില്‍ അറ്റന്ററായാണ് രവികുമാര്‍ നിയമനം നേടുന്നത്. 2015 ല്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കായി പ്രോമോഷന്‍ ലഭിച്ചു. RTI ആക്ട് പ്രകാരം രവികുമാര്‍ പ്രമോഷനും ട്രാന്‍സ്ഫറിനുമായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, സ്ഥലംമാറ്റം വേണമെങ്കില്‍ ഒരുലക്ഷം രൂപ നല്കണമെന്ന് അധികാരികള്‍ ആവശ്യപ്പെട്ടു. അതിലേക്കായി 70,000 രൂപ നല്‍കുവാന്‍ മാത്രമേ രവികുമാറിനായുള്ളൂ. തുകമുഴുവന്‍ കൊടുക്കാത്തതില്‍ നീരസമുണ്ടായിരുന്ന അധികാരികളില്‍പ്പെട്ട DMHO ഓഫീസ് ഇന്‍ചാര്‍ജ് എ ഒ രത്‌ന രാജു, ഹെല്‍ത്ത് എജ്യൂക്കേറ്റര്‍ ഭാനു മൂര്‍ത്തി, സൂപ്പര്‍വൈസര്‍ മല്ലികാര്‍ജുന റാവു, സീനിയര്‍ അസിസ്റ്റന്റ് പ്രസാദ് തുടങ്ങിയവര്‍ രവികുമാറിനെ ജാതിപ്പേരുവിളിച്ച് അധിക്ഷേപിക്കുക പതിവാക്കിയിരുന്നു. ഏഴ് മാസങ്ങള്‍ക്ക് മുമ്പ്, ഈ അധിക്കേപങ്ങള്‍ക്കെതിരെ രവികുമാര്‍ നഗരംപാലം പൊലീസ് സ്റ്റേഷനില്‍ പരാതികൊടുത്തിരുന്നതാണ്. പൊലീസ് ആ പരാതിയിന്മേല്‍ നടപടിയൊന്നും കൈക്കൊണ്ടിരുന്നില്ല എന്ന് രവികുമാറിന്റെ വൈഫ് പുഷ്പലത വാര്‍ത്താലേഖകര്‍ക്ക് വെളിപ്പെടുത്തി.

രവികുമാറിനും പുഷ്പലതക്കും മൂന്ന് പെണ്‍മക്കളാണ് ഉള്ളത്. അച്ഛന് നാളുകളായി ഉറക്കമില്ല.. കണ്ണുകളടച്ചാല്‍ മേലധികാരികളുടെ ക്രൂരപരിഹാസമുള്ള മുഖങ്ങലാണ് മനസ്സില്‍ തെളിയുന്നത്... പെണ്‍മക്കള്‍ പത്രലേഖകരോട് പറഞ്ഞു...!!!

രവികുമാറിന്റെ മരണത്തിനുത്തരവാദികളായ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണ മെന്നാവശ്യപ്പെട്ട് ദലിത് വിമോചനപ്രവര്‍ത്തകരും സംഘടനാനേതാക്കളും ചേര്‍ന്ന് ധര്‍ണയും മറ്റ് സമരപരിപാടികളും നടത്തുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍, പട്ടികജാതി / വര്‍ഗ അതിക്രമ നിരോധനനിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കുറ്റക്കാര്‍ക്കെതിരേ നടപടിസ്വീകരിക്കാമെന്ന് പൊലീസധികാരികള്‍ പ്രക്ഷോഭകാരികള്‍ക്ക് ഉറപ്പുകൊടുത്തിരിക്കുകയാണ്.

എന്‍ രവികുമാറിന്റെ കുറ്റവും അയാളുടെ ജന്മംതന്നെയാണ്....??????????????? 

Courtesy for Source and Image;
www.greatandhra.com
www.ndtv.com
www.deccanchronicle.co
2017, നവംബർ 23, വ്യാഴാഴ്‌ച

കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും - ഡോ. ജെ.ജെ. പള്ളത്ത്


എനിക്കഭിമാനം തോന്നുന്നു. ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുമ്പ് കൃത്യമായി പറഞ്ഞാല്‍,1993-ല്‍ ഞാന്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ദലിത് വിമോചനം സമസ്യയും സമീക്ഷയും എന്ന പുസ്തകത്തിലെ ആദ്യത്തെ രണ്ട് ലേഖനങ്ങള്‍ ഈ മഹത് വ്യക്തികള്‍ എഴുതിയതാണ്. ശ്രീ കല്ലറ സുകുമാരന്‍ എഴുതിയ ദലിത് മുന്നേറ്റം കേരളത്തില്‍ എന്നതാണ് ആദ്യ ലേഖനം ശ്രീ പോള്‍ ചിറക്കരോട് എഴുതിയ ദലിത് സാഹിത്യം മലയാളത്തില്‍ എന്ന ലേഖനമാണ് രണ്ടാമത്തേത്. ഈ രണ്ടു ലേഖനങ്ങളും ഇവര്‍ രണ്ടു പേരും ദലിത് സമുഹത്തിന് നല്‍കിയ സംഭാവനകളുടെ സുചനകളാണ്.

1991-ല്‍ ഞങ്ങള്‍ സംഘടിപ്പിച്ച ദലിത് വിമോചനം എന്നൊരു സെമിനാറില്‍ സംസാരിക്കാന്‍ വന്നപ്പോഴാണ് ഞാന്‍ ശ്രീ കല്ലറ സുകുമാരനെ ആദ്യമായി കാണുന്നത്.അതിന് മുമ്പ് അദ്ദേഹം എഴുതിയ ചില പുസ്തകങ്ങളിലുടെയായിരുന്നു പരിചയം. അദ്ദേഹത്തെ കുടുതലായി അറിഞ്ഞപ്പോള്‍ പരിചയം ഒരാദരവായി പരിണമിച്ചു.1939-ല്‍ അദ്ദേഹം ജനിക്കുന്നതിന് തൊട്ടുമുമ്പ്,സവര്‍ണ്ണ ഹിന്ദുക്കളുടെ അനുവാദമില്ലാതെ വസ്തു വാങ്ങുകയും വീട് വെയ്ക്കുകയും ചെയ്തതിന്റെ പേരില്‍ സ്വന്തം പിതാവ് കൊലചെയ്യപ്പെട്ട വ്യക്തി, കേരളത്തിലെ പിന്നോക്ക ജാതിക്കാര്‍ക്ക് സഹജമായ ഒട്ടേറെ പീഡനങ്ങളും പ്രയാസങ്ങളും അഭിമുഖീകരിച്ച് ബാല്യകാലം പിന്നിട്ട പോരാളി. പിന്നോക്ക വിഭാഗത്തിന്റെ സമുദ്ധാരണത്തിനായി സമര്‍പ്പിക്കപ്പെട്ടിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ജിവിതം എന്നും വെല്ലുവിളി നിറഞ്ഞതായിരുന്നു.

പ്രതികുല സാഹചര്യത്തില്‍ ജനിച്ചു, ജീവിച്ചു, പൊളിറ്റിക്കല്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും നിയമത്തില്‍ ബിരുദവും നേടുകയെന്നത് അത്ര ഉപായ കാര്യമല്ല.ഒരു പക്ഷേ ഇന്നത്തെ തലമുറക്ക് ഇതിന്റെ പിന്നിലെ ത്യാഗം എന്തായിരുന്നുവെന്ന് ഊഹിക്കാന്‍ പോലും പറ്റുകയില്ല. അറിയപ്പെടുന്ന ട്രേഡ് യുണിയന്‍ പ്രവര്‍ത്തക നായിരുന്ന അദ്ദേഹം ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ടുമാ യിരുന്നു.അതും പാര്‍ട്ടി അതിന്റെ ബാല്യകാലാരിഷ്ടതകള്‍ അനുഭവിച്ചിരുന്ന കാലത്ത്.ഈ തിരക്കിനിടയിലും ഒരു ഡസനിലേറെ ശ്രദ്ധേയമായ പുസ്തകങ്ങള്‍ എഴുതാനും അദ്ദേഹം സമയം കണ്ടു.അങ്ങനെ ദലിത് സമുഹത്തിന് എക്കാലവും പ്രചോദനവും മാത്യകയുമായിത്തീര്‍ത്ത ഒരു മഹത് ജീവിതമാണ് ശ്രീ കല്ലറ സുകുമാരന്റേത്.

ശ്രീ പോള്‍ ചിറക്കരോടിനെയും ഞാന്‍ പരിചയപ്പെടുന്നത് നേരത്തെ പറഞ്ഞ ദലിത് വിമോചനം സെമിനാറിലാണ്.എന്നാല്‍ ഞങ്ങള്‍ തുടര്‍ന്നും ബന്ധപ്പെട്ടുകൊണ്ടി രുന്നു. ഏതാണ്ട് അര നുറ്റാണ്ടോളം ദലിത് വിമോചന പ്രസ്ഥാനങ്ങളുമായി ലയിച്ചു ചേര്‍ന്ന് സജീവമായി പ്രവര്‍ത്തിച്ചു. ആനുഷാംഗികമായി പറയട്ടെ, ഈ രണ്ട് മഹാരഥന്‍മാരും ജനിച്ചത് ഒരേ വര്‍ഷമാണ്. 1939-ല്‍ ഇക്കണോമിക്‌സ്, സാഹിത്യം, സോഷ്യോളജി, നിയമം എന്നീ വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. നോവല്‍, കഥ, ജീവചരിത്രം, പഠനങ്ങള്‍, ഉപന്യാസങ്ങള്‍ അടക്കം അറുപതിലേറെ ക്യതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദലിത് വിഷയത്തില്‍ മലയാളത്തിലെ ഏറ്റവും ദൈര്‍ഘ്യമാര്‍ന്ന നോവല്‍ ശ്രീ പോള്‍ ചിറക്കരോടിന്റേതാണ്. ഡോ.അംബേദ്കറിനെക്കുറിച്ച് ആധികാരിക പഠനങ്ങളും നടത്തിയിട്ടുണ്ട്.

സവര്‍ണ്ണ വിഭാഗത്തില്‍പ്പെട്ട വ്യക്തിയായിരുന്നെങ്കില്‍ ഒരു ജ്ഞാനപീഠം വരെ ലഭിക്കാന്‍ അര്‍ഹതയുള്ള സാഹിത്യസപര്യയായിരുന്നു ശ്രീ പോള്‍ ചിറക്കരോ ടിന്റേത്.പക്ഷേ,അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനക്കൊത്ത് ഒരിടത്തും എത്താന്‍ ഈ പ്രബല വിഭാഗങ്ങളുടെ ലോബി സമ്മതിച്ചില്ല. അത്രക്കും ക്രുരമായിരുന്നു തമസ്‌കരണം, പാശ്ചാത്യ എഴുത്തുകാരെ കോപ്പിയടിച്ച് ജ്ഞാനപിഠം ലഭിക്കുകയും മലയാളത്തിന് സ്വന്തമായി ഒരു ഭാഷാശൈലി സംഭാവന ചെയ്ത വൈക്കം മുഹമ്മദ് ബഷീറിനെ അവഗണിക്കുകയും ചെയ്ത സാഹിത്യ സംസ്‌കരണമാണ് നമ്മുടേത്. ഇവിടെ ശ്രീ. പോള്‍ ചിറക്കരോടിനെപ്പോലെ ഒരാള്‍ക്ക് ഇത്രയല്ലെ സംഭവിച്ചുള്ളു എന്നോര്‍ത്ത് നമ്മുക്ക് സമാശ്വസിക്കാം.

ഒടുവിലൊടുവില്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന പ്രധാന വിഷയം ദലിത് വിഭാഗത്തില്‍ നിന്നും ഉന്നതസ്ഥാനീയരായവര്‍ സമുഹത്തെ സഹായിക്കാന്‍ തയ്യാറാവാത്തതാ യിരുന്നു.ഇതും ഇന്ന് സവര്‍ണ്ണ സമുഹം ഊതി വീര്‍പ്പിച്ച് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ജസ്റ്റിസ് കെ.ജി.ബാലക്യഷ്ണന്‍ പ്രശ്‌നവും രണ്ടാണ്. കെ.ജി.ബാലക്യഷ്ണന്‍ പ്രശ്‌നം തീര്‍ത്തും ബാലിശമായ ഒരു ചര്‍ച്ചയാണ്.വരവില്‍ കവിഞ്ഞ സ്വത്ത് ബന്ധുക്കള്‍ സമ്പാദിച്ചതും ബന്ധു രാഷ്ട്രീയമായി വളര്‍ന്നതുമൊക്കെയാണ്. പട മുന്നില്‍ നിന്ന് നയിക്കുന്നതാവട്ടെ, മറ്റൊരു സവര്‍ണ്ണന്‍,ജസ്റ്റിസ് വി.ആര്‍.ക്യഷ്ണയ്യരും, കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ മഹത് വ്യക്തിയാണ് ജസ്റ്റിസ് വി.ആര്‍.ക്യഷ്ണയ്യര്‍. അദ്ദേഹത്തിന് ഇത്തരമൊരു നോട്ടപിശക് പ്രായാധിക്യം കൊണ്ട് സംഭവിച്ചതാ ണെന്നാണ് എന്റെ വിചാരം. അതങ്ങനെയായിരിക്കട്ടെ എന്നും ഞാന്‍ ആഗ്രഹി ക്കുന്നു.

കേരളത്തില്‍ എത്രയോ ഉദ്യോഗസ്ഥ പ്രമുഖരുടേയും രാഷ്ട്രീയ നേതാക്കളുടേയും ബന്ധുക്കളും മക്കളും വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് ഉണ്ടാക്കിയിരിക്കുന്നു. അപ്പോഴൊന്നും ഉണ്ടാവാത്ത ഒരു മുറവിളി ജസ്റ്റിസ് കെ.ജി.ബാലക്യഷ്‌ണന്റെ കാര്യത്തില്‍ ഉണ്ടായത് അദ്ദേഹം ദലിതനായതുകൊണ്ട് മാത്രമാണ്.ദലിതന് പാരമ്പര്യ സ്വത്തില്ലായെന്ന് പൊതുസമുഹം അങ്ങ് തീരുമാനിച്ചതുപോലെ ; ഇനി ഉണ്ടാവാനും പാടില്ലായെന്ന് തോന്നും ആരോപണത്തിന്റെ വീറും വാശിയും കാണുമ്പോള്‍ 

ഈ സംഭവത്തോട് ദലിത് സംഘടനകള്‍ ഒന്നിച്ച് നിന്ന് നേര്‍ക്ക് നേര്‍ പോരാടിയി ല്ലെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ, ദലിതര്‍ക്ക് നേരെയുണ്ടാവുന്ന ആക്രമണങ്ങളെ അപ്പപ്പോള്‍ ചെറുക്കുന്ന സംവിധാനം വേണം.കാരണം, ദലിത് സമുഹം വെറും പാര്‍ശ്വവല്‍കരിക്കപ്പെട്ട സമുഹം മാത്രമല്ല,അവഹേളിക്കപ്പെടുന്ന (സ്റ്റിക്ക്മറ്റൈഡ്) സമുഹവുമാണ്. അവയ്‌ക്കെതിരെ മുഖ്യാധാരാ സമുഹം ഇടക്കിടെ പുച്ഛം ഉറപ്പ് വരുത്തുന്ന ഇത്തരം കഥകള്‍മെനഞ്ഞ് കൊണ്ടിരിക്കും. അതിനെ അപ്പപ്പോള്‍ എതിര്‍ത്തില്ലെങ്കില്‍ ഇത്തരം അവഹേളനങ്ങള്‍ പുര്‍വ്വാധികം ശക്തിയായി തുടരും. സമുഹത്തിന്റെ മുഖ്യാധാരാ പ്രവേശം അവതാളത്തിലാവുകയും ചെയ്യും. 

ദലിത് സമുഹത്തിനെ,അതിന്റെ വിമോചന ശ്രമങ്ങളുടെ ഏറ്റവും നിര്‍ണ്ണായകമായ കാലഘട്ടത്തില്‍ നയിച്ച ഈ രണ്ട് മഹത് വ്യക്തികളെയും ഓര്‍ക്കുന്ന ഈ സ്മരണികക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുഖ്യധാരാ സമുഹം ഇടക്കിടെ പടച്ച് വിടുന്ന,ദലിത് അവഹേളനശ്രമങ്ങളെ മുളയിലെനുള്ളുന്ന പ്രസ്ഥാനമായി വളരട്ടെയെന്ന് ആഗ്രഹിക്കുന്നു. എങ്കില്‍ മാത്രമേ അതു ഈ രണ്ട് മഹത് വ്യക്തികള്‍ ജീവിതം കൊടുത്ത് എടുത്ത നിലപാടുകളോട് നീതി പുലര്‍ത്തുന്ന പ്രവര്‍ത്തനമായി വിശേഷിപ്പിക്കപ്പെടുകയുള്ളു.ഭരത്, മംത: 15 രൂപയുടെ കടം തുല്യം രണ്ട് ദലിത് ജീവന്‍!


'ഭരത്' എന്ന് പേരായ 65 കാരന്‍ ദലിത് വൃദ്ധനേയും അദ്ദേഹത്തിന്റെ വൈഫ് 60 വയസുള്ള മംതയേയും കോടാലിക്ക് വെട്ടിനുറുക്കിക്കൊന്നപ്പോള്‍ ജാതിഹിന്ദുക്കളുടെ ദേശീയബോധത്തിന്റെ സൂചിക എത്രമാത്രം ഉയര്‍ന്നുവെന്നു പറഞ്ഞറിയിക്കാനാവില്ല. ഇന്ത്യയിലെ മൊത്തം ജാതിഹിന്ദുക്കളേയും കോരിത്തരിപ്പിച്ച ഈ കൊടുംപാതകം ചെയ്ത മഹാന്റെ പേരോ 'അശോക് മിത്ര'!

വൃദ്ധരായ ഈ ദലിത് ദമ്പതികളെ വെട്ടിനുറുക്കിക്കൊലപ്പെടുത്തിയ, ജാതിഹിന്ദുക്കളുടെ ഈ വിനോദപരിപാടി 2016 ജൂലൈ 28 ന് ഉത്തര്‍പ്രദേശിലെ മായിന്‍പൂരി ജില്ലയിലുള്‍പ്പെട്ട ലഖ്‌നിപൂര്‍ വില്ലേജിലാണ് അരങ്ങേറിയത്. അന്ന് മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവിന്റെ വസതിയില്‍ നിന്നും കേവലം 4. കി മീ മാത്രം അകലെയാണ് ലഖ്‌നിപൂര്‍ ഗ്രാമം.

സംഭവദിവസം, വ്യാഴാഴ്ച രാവിലെ ഭരത് സിംഗും മംതയും പതിവുപോലെ പണികള്‍ക്കായി വയലിലേക്ക് പോകുകയായിരുന്നു. അവരെ തടഞ്ഞുനിര്‍ത്തിയ, പലചരക്ക് കടയുടമയായ അശോക് മിത്ര തന്റെ കടയില്‍ നിന്നും തലേദിവസം കടം വാങ്ങിയ ബിസ്‌കറ്റിന്റെ വിലയായ 15 രൂപ ഉടനെ തരണമെന്ന് ആവശ്യപ്പെട്ടു. വൈകിട്ട് പണികയറിവരുമ്പോള്‍ കടംവീട്ടാമെന്ന് ഭരതും മംതയും ആവുന്നത്ര പറഞ്ഞു നോക്കി. യാചനയുടെ സ്വരമല്ലാതെ പ്രകോപനപരമായ ഒരു വാക്കുപോലും അവരുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തതില്‍ ക്ഷുഭിതനായ അശോക് മിത്ര, അടുത്തുള്ള തന്റെ വീട്ടില്‍ നിന്നും കോടാലിയെടുത്തുകൊണ്ടുവന്ന് ആദ്യം ഭരത്‌നെവെട്ടി, തടയാന്‍ ചെന്ന മംമതയേയും വെട്ടിനുറുക്കി.

11 ഉം 9 ഉം 8 ഉം പ്രായത്തിലുള്ള മൂന്ന് ആണ്‍മക്കള്‍ ഭരത്‌ന്റേയും മംതയുടേയും സംരക്ഷണയിലായിരുന്നു. ഇവര്‍ക്ക്, വിവാഹം ചെയ്തയക്കപ്പെട്ട രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ടെന്ന് നാട്ടുകാര്‍ പത്രലേഖകര്‍ക്ക് വെളിപ്പെടുത്തി. ആണ്‍കുട്ടികളാകട്ടെ അമ്മയും അച്ഛനും കൊല്ലപ്പെട്ടതറിഞ്ഞ ആഘാതത്തില്‍ യാതൊന്നും ഉരിയാടാനാവാത്ത അവസ്ഥയിലാണ്. 

ദലിതന്റെ ജീവന് എന്തുവില? 15 രൂപക്ക് അതിനേക്കാള്‍ എത്രയോ വിലക്കൂടുതലുണ്ട്. അതുകൊണ്ട് അനാഥരാക്കപ്പെട്ട മൂന്ന് കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ആര്‍ക്കും ആശങ്കയില്ല. വിലയില്ലാത്ത പാഴ് വസ്തുക്കളെക്കുറിച്ച് ആരെങ്കിലും ഉത്കണ്ഠ വെച്ചുപുലര്‍ത്താറുണ്ടോ?

പൊലീസ് ചുമത്താവുന്ന എല്ലാ വകുപ്പുകള്‍ പ്രകാരവും അശോക് മിത്രക്കെതിരെ കേസെടുത്തിട്ടുണ്ട്. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ ഇതോടെ അവസാനിക്കുമെന്നു കരുതട്ടെ. അതിനിടെ അശോക് മിത്രയെ ഭ്രാന്തനാക്കാനുള്ള എല്ലാ ശ്രമവും ജാതിഹിന്ദുക്കളുടെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. അതോടെ പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം ഒരു ഭ്രാന്തന്റെ പിടിപ്പുകേടായി വിലയിരുത്തപ്പെടും. 

ചത്ത പയ്യിന്റെ തൊലിയുരിക്കുന്ന ദലിതര്‍ക്കും ഒരു ഭ്രാന്തന്റെ പരിഗണന കൊടുത്തുകൂടെ?
2017, നവംബർ 21, ചൊവ്വാഴ്ച

സാമ്പത്തികസംവരണം: മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി ചില വിചിന്തനങ്ങള്‍മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാരുടെ സാമ്പത്തിക സമീകരണമാണോ, അതോ പിന്നോക്കക്കാരുടെ (ഒബിസി) യുടെ ഉന്നമനമാണോ ആദ്യം ലക്ഷ്യമാക്കേണ്ടത്?

37 വര്‍ഷമായി നടപ്പാക്കാത്ത ഒരു കമ്മീഷന്‍ റിപ്പോര്‍ട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങളെ (ഒബിസി) സാമൂഹ്യപുരോഗതിയിലെത്തിക്കാന്‍ നയാറാക്കിയ ഈ പഠനറിപ്പോര്‍ട്ട് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നറിയപ്പെടുന്നു. ബീഹാര്‍ സംസ്ഥാനത്ത് ഇടക്കാല മുഖ്യമന്ത്രിയായിരുന്നിട്ടുള്ള ബിന്ദേശ്വരി പ്രസാദ് മണ്ഡലായിരുന്നു കമ്മീഷന്റെ ചെയര്‍മാന്‍. അന്ന് പ്രധാനമന്ത്രിയായിരുന്ന ജനതാപാര്‍ട്ടിയുടെ മൊറാര്‍ജി ദേശായിയാണ് മണ്ഡലിനെ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത്. 1979 ജനുവരി ഒന്നിന് നിലവില്‍ വന്ന ഇത് രണ്ടാം പിന്നോക്കക്കമ്മീഷന്‍ എന്നാണ് അറിയപ്പെടുന്നത്. മണ്ഡലിനെ കൂടാതെ മറ്റ് അഞ്ച്‌പേര്‍ കൂടി കമ്മീഷനില്‍ അംഗങ്ങളായുണ്ടായിരുന്നു. ഇതില്‍ നാല് പേര്‍ പിന്നോക്കവിഭാഗക്കാരും എല്‍ ആര്‍ നായക് എന്ന അംഗം ദലിതനുമായിരുന്നു. 

ഒരു വര്‍ഷക്കാലാവധിക്കുശേഷം, 1980 ല്‍ കമ്മീഷന്‍ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം, പിന്നോക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 27 % സംവരണം ഏര്‍പ്പെടുത്തണം എന്നുള്ളതായിരുന്നു. എന്നാല്‍ കമ്മീഷന്‍, ജനസംഖ്യയില്‍ 50 % പിന്നോക്കക്കാരുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഏതൊരുവിധത്തിലുള്ള സംവരണവും 50 % ല്‍ അധികമാകാന്‍ പാടില്ല എന്ന സുപ്രീം കോടതി വിധി നിലവിലുള്ളതിനാല്‍, 22 % സംവരണമുള്ള പട്ടികജാതി /വര്‍ഗ സംവരണം കഴിച്ച് 50 % എത്തുന്ന സംഖ്യവരെ മാത്രമേ പിന്നോക്കവിഭാഗ സംവരണം ഏര്‍പ്പെടുത്തുവാന്‍ കഴിയുമായിരുന്നുള്ളൂ. അങ്ങനെയാണ് പിന്നോക്ക വിഭാഗ സംവരണം 27 % (വാസ്തവത്തില്‍ 27.5 %) ആയി നിജപ്പെടുത്തിയത്.

എന്നാല്‍ കമ്മീഷനെ നിയോഗിച്ച മൊറാര്‍ജി ദേശായി ഗവണ്മെന്റോ തുടര്‍ന്നുവന്ന ഇന്ദിരാഗാന്ധി ഗവണ്മെന്റോ രാജീവ്ഗാന്ധി ഗവണ്മെന്റോ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ തയാറായില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് 1990 ആയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി വിശ്വനാഥ് പ്രതാപ് സിംഗ് മണ്ഡല്‍ കമ്മീഷന്‍ റോപ്പോര്‍ട്ട് നടപ്പാക്കാന്‍ തയാറായി. ഇതേത്തുടര്‍ന്ന് സംവരണവിരുദ്ധരായ മുന്നോക്കക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരേ രാജ്യമെമ്പാടും വന്‍ പ്രക്ഷോഭങ്ങള്‍ അഴിച്ചുവിട്ടു. ആത്മഹത്യകളും പ്രക്ഷോഭങ്ങളും കൊണ്ട് ഉത്തരേന്ത്യ യാകെ കലുഷിതമായപ്പോള്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. എങ്കിലും പിന്നോക്കക്കാരെ കണ്ടെത്തുന്ന നടപടി തുടരാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് നവംബര്‍ ഏഴിന് പിന്നോക്ക സംവരണം നടപ്പാക്കു ന്നത് സംബന്ധിച്ച് പ്രധാനമന്ത്രി വി പി സിംഗ് അവതരിപ്പിച്ച വിശ്വാസപ്രമേയം 346 ന് എതിരേ 142 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു! സംവരണത്തെ എതിര്‍ത്ത് വോട്ടു ചെയ്ത 346 പേരില്‍ 116 എം പി മാര്‍ പിന്നോക്കക്കാരായിരുന്നു! സ്വന്തം സമൂഹത്തെ ഒരു വലിയ പരിഥിയോളെമെങ്കിലും സംരക്ഷിക്കുമായിരുന്ന, സംവരണാര്‍ഹരായ പിന്നോക്കക്കാര്‍ സംവരണത്തെ എതിര്‍ത്താണ് വോട്ടുചെയ്തത് എന്ന വസ്തുത സംവരണാവകാശ സമരചരിത്രത്തിലെ ഏറ്റവും വലിയ നാണംകെട്ട വശമാണ്.

1918 ല്‍ ബീഹാറിലെ ഒരു സമ്പന്ന യാദവകുടുംബത്തില്‍ ജനിച്ച ബിന്ദേശ്വരി പ്രസാദ് മണ്ഡല്‍, കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച്, രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ (1982) അന്തരിച്ചു. ആ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഒരുമ്പെട്ടപ്പോള്‍ത്തന്നെ സംവരണവിരു ദ്ധര്‍ നയിച്ച പ്രക്ഷോഭത്താല്‍ അത് അടിച്ചമര്‍ത്തപ്പെട്ടു. 

ഇപ്പോള്‍ 2017 നവംബര്‍ 15 ന് കേരളത്തില്‍ ദേവസ്വം വകുപ്പില്‍ മുന്നോക്ക ക്കാരിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തികസംവരണം ഏര്‍പ്പെടുത്താന്‍ ഉത്തരവാകുമ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ ഇതാണ്...

1. പിന്നോക്കക്കാര്‍ക്ക് സംവരണം നല്കുന്നതിനെതിരേ പ്രക്ഷോഭമുയര്‍ത്താന്‍ കാരണമായതിന് പിന്നില്‍ ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനമുണ്ടായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തുനിഞ്ഞിരുന്നില്ലെങ്കില്‍, അതിനെതിരേ പ്രക്ഷോഭവും ഉയരുമായിരുന്നില്ലെന്നര്‍ത്ഥം. ഗവണ്മെന്റ് നിയോഗിച്ച ഒരു കമ്മീഷനായിരുന്നല്ലോ അത്. എന്നാല്‍ ദേവസ്വം വകുപ്പില്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത് ഏത് വസ്തുതാപഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്? (ഒരിടത്ത് സംവരണം നടപ്പാക്കുന്നത് തടയാന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കുന്നു. ഒരിടത്ത് മുന്നോക്കക്കാര്‍ക്ക് സംവരണം നല്‍കാന്‍ യാതൊരു റിപ്പോര്‍ട്ടിനേയും അടിസ്ഥാനമാക്കുന്നില്ല!)

2. ആരെങ്കിലും സമര്‍പ്പിച്ച പരാതിയുടെ, അടിസ്ഥാനത്തിലാണോ മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്തിയത്?

3. പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനമില്ലെങ്കിലും ഏതെങ്കിലും വ്യക്തി - സംഘടന ഈ ആവശ്യമുന്നയിച്ച് സമരം ചെയ്തതിന്റെ അടിസ്ഥാനത്തിലാണോ, മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്തിയത്?

4. ശരിയായ / തെറ്റായ ഏതെങ്കിലും പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണോ മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്തിയത്?

പിന്നോക്കക്കാരുടെ സംവരണത്തോത് കണ്ടെത്താന്‍ ഒരു കമ്മീഷനെ നിയോഗി ക്കേണ്ടിവന്നതുപോലെ മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താന്‍ അതിന്റെ ആവശ്യമില്ല എന്നാണ് മറുപടിയെങ്കില്‍ സുല്ല്. യാതൊരു ഗതിയുമില്ലാത്ത ഒരു ചെറിയവിഭാഗം മുന്നോക്കക്കാരിലുമുണ്ട്, അവര്‍ സവര്‍ണരായി പിറന്നതുകൊണ്ടുമാത്രം 'ആനുകൂല്യങ്ങള്‍' നിഷേധിക്കുന്നത് ശരിയല്ല എന്ന പായാരംചൊല്ല് മുഖവിലക്കെടു ത്തുകൊണ്ടുതന്നെ ചില സംശയങ്ങള്‍ ഉന്നയിക്കുകയാണ്.

1. അവര്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാരാണല്ലോ. പൊടുന്നനെ എങ്ങനെ അവര്‍ പിന്നോക്കക്കാരായി? പ്രളയബാധിതരായി അവരുടെ കിടപ്പാടങ്ങള്‍ നഷ്ടപ്പെട്ടതിനാലാണോ?

2. മുന്നോക്കക്കാരുടെ തലമുറയിലാരെങ്കിലും അടിമകളായിരുന്നിട്ടുണ്ടോ?

3. അവരുടെ തലമുറകളിലാര്‍ക്കെങ്കിലും ഊഴിയവും വിരുട്ടിയും ചെയ്യാനിടവന്നിട്ടുണ്ടോ?

4. അവരുടെ തലമുറയിലാര്‍ക്കെങ്കിലും വഴിനടക്കാനുള്ള അവകാശം നിഷേധിച്ചിട്ടുണ്ടോ?

5. അവരുടെ തലമുറയിലാര്‍ക്കെങ്കിലും വിദ്യാഭ്യാസാവകാശം തടഞ്ഞുവെക്കപ്പെട്ടിട്ടുണ്ടോ?

6. അവരുടെ തലമുറകളിലാര്‍ക്കെങ്കിലും 'തലക്കരം' 'മുലക്കരം' തുടങ്ങി 101 കരങ്ങളിലേതെങ്കിലും ഒടുക്കേണ്ടിവന്നിട്ടുണ്ടോ?

7. അവരുടെ തലമുറയിലാര്‍ക്കെങ്കിലും ക്ലാസ് മുറിക്ക് പുറത്തിരുന്നു പഠിക്കേണ്ടിവന്നിട്ടുണ്ടോ?

8. അവരുടെ തലമുറയിലാര്‍ക്കെങ്കിലും പൊതുകിണറ്റില്‍ നിന്നും വെള്ളെമെടുക്കുമ്പോള്‍ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നിട്ടുണ്ടോ?

9. അവരുടെ തലമുറയിലാര്‍ക്കെക്കിലും കുടിയേറ്റം മൂലം ഭൂമി നഷ്ടമായിട്ടുണ്ടോ?

10. എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഡിവിഷന്‍ കുറഞ്ഞുപോയതുകൊണ്ടാണോ അവര്‍ പിന്നോക്കം പോയത്.

11. ദലിതര്‍ 2.7 സെന്റ് പ്രതിശീര്‍ഷഭൂമി കൈവശംവെക്കുന്നതുകൊണ്ടാണോ, 231 സെന്റ് പ്രതിശീര്‍ഷഭൂമി കൈവശംവെക്കുന്ന മുന്നോക്കക്കാരില്‍ പിന്നോക്കക്കാരുണ്ടായത്?

12. ദലിതര്‍ സര്‍ക്കാര്‍ ജോലികളില്‍ 10% സംവരണം അനുഭവിക്കുന്നതുകൊണ്ടാണോ മുന്നോക്കക്കാരില്‍ പിന്നോക്കക്കാരുണ്ടായത്?


2017, നവംബർ 20, തിങ്കളാഴ്‌ച

'വേലൂ കള്ളുചെത്ത്', ഡിഗ്രിയൊക്കെ കയ്യില്‍ വെച്ചോണ്ടാമതി - രാജകല്പന!


'പൗരന്മാര്‍ക്ക് ഇടയിലുള്ള അന്തരം ഇല്ലാതാക്കുന്നതിനാണ് സംവരണം' - ഡോ. ബി ആര്‍ അംബേഡ്കര്‍.

ഈ അന്തരം സാമ്പത്തിക അസമത്വം മൂലമുള്ളതല്ല. അതിന്റെ കാരണം സാമൂഹി കമാണ്. സാമൂഹികമായ അന്തരം ഇല്ലാതാക്കുന്നതിന് എല്ലാ പൗരന്മാര്‍ക്കും സമൂഹത്തിലെ അവകാശങ്ങള്‍ തുല്യമായിരിക്കണം. ജാതീയമായ കാരണങ്ങള്‍കൊണ്ട് ആരുടേയും, സമൂഹത്തിലെ തുല്യപങ്കാളിത്തം എന്ന അവകാശത്തെ തടയാന്‍ പാടുള്ളതല്ല. അത് ജനാധിപത്യ വിരുദ്ധമായ കീഴ് വഴക്കമാണ്. ജനാധിപത്യവിരുദ്ധ മായി, ചിലരെ ജാതിയുടെ പേരില്‍ അകറ്റി നിര്‍ത്തുന്നത് ഒഴിവാക്കി, അവരുടെ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്ന പ്രക്രിയയാണ് സംവരണം. ജാതിനിര്‍മിത സാമൂഹ്യസാഹചര്യങ്ങള്‍ നിലനില്ക്കുന്നിടത്ത് മാത്രമാണ് സംവരണം പ്രായോഗിക മാകുക. ജാതിവ്യവസ്ഥ, പൗരന്മാര്‍ പൊതുവായി സംഘടിക്കുന്നതിനേയും സംഘടിപ്പിക്കലിലേയും തടയുന്നു. ഈ തടസത്തെയാണ് സംവരണം നീക്കം ചെയ്യുന്നത്. അല്ലാതെ തൊഴില്‍ദാനപദ്ധതിയോ, ദാരിദ്ര്യനിര്‍മാര്‍ജനമോ അല്ല സംവരണം! 

സാമ്പത്തികമായ അഭ്യുന്നതി ഉണ്ടായിരുന്നിട്ടും ജാതിയില്‍ ഹീനത്വം കല്പിച്ച് ജനാധിപത്യപ്രക്രിയയിലേക്ക് പ്രവേശനം നിഷേധിച്ച് അകറ്റിനിര്‍ത്തപ്പെട്ട ഏതാനും വ്യക്തികള്‍ നേരിട്ട ദുരന്തത്തിന്റെ ലിഖിതരേഖകള്‍ ഇതാ- 

* മുന്‍ ഉപപ്രധാനമന്ത്രിയായിരുന്ന ജഗജീവന്‍ റാം. അദ്ദേഹത്തിന്റെ ഭൂസ്വത്ത് എത്രയെന്ന് വിസ്തരിക്കാന്‍ ഒരു ചൊല്ല് പ്രചാരത്തിലുണ്ടായിരുന്നു, അതായത് ഒരു എക്‌സ്പ്രസ്സ് ട്രെയിനില്‍ 20 മിനിറ്റ് സഞ്ചരിച്ചാലും അദ്ദേഹത്തിന്റെ ഭൂസ്വത്ത് തരണം ചെയ്യാനാവില്ല! തെളിയിക്കപ്പെട്ട ഭരണപാടവമുള്ളയാളുമായിരുന്നു, ജഗജീവന്‍ റാം. പക്ഷെ ഒരു അവസം വന്നിട്ടുപോലും അദ്ദേഹം പ്രധാനമന്ത്രിയാ യില്ല. കാരണം ജഗജീവന്‍ റാം ദലിതനായിരുന്നു. 

* ജഗജീവന്‍ റാം നേരിട്ട ദുരന്തം ഒരു പഴങ്കഥയാണെന്നു പറഞ്ഞേക്കാം. ഈ അടുത്തിടെ കോളേജ് അധ്യാപികയായ ബിജിത നേരിട്ട അവമതി മാധ്യമങ്ങളിലൂടെ ലോകം അറിഞ്ഞതാണ്. ടീച്ചറുടെ വീട്ടില്‍ തൊഴിലുറപ്പു പദ്ധതിപ്രകാരം തൊഴിലെ ടുക്കാന്‍ വന്ന സ്ത്രീകളില്‍ ചിലര്‍ വീട്ടില്‍ നിന്നും കൊടുത്ത ഭക്ഷണം കഴിക്കാതെ മാറിനിന്നു! ഇതിലെന്ത് അസാധാരണത്വം എന്നും ചിന്തിക്കുന്നവരുണ്ട്. പൊതുമന സ്സില്‍ നിന്നും ഒരു വ്യക്തിയെ ജാതിയിലെ ഹീനത്വം കല്പിച്ച് അകറ്റിനിര്‍ത്തുന്നത് ആരോഗ്യകരമായ പ്രവണതയാണോ എന്ന് അവര്‍ ചിന്തിക്കട്ടെ. ബിജിത ടീച്ചര്‍ ദരിദ്രയായിരുന്നില്ല. കോളേജ് അധ്യാപകരുടെ ശമ്പളം എത്രയാണെന്നും പൊതു സമൂഹത്തിനറിയാം. അതോടൊപ്പം ബിജിത ടീച്ചറുടെ ജാതിയും - ആദിവാസി, മാവിലാന്‍ ഗോത്രം.

* മലയാളി മെമ്മോറിയല്‍ - 1891 ജനുവരി 11 നു ശ്രീമൂലം തിരുനാള്‍ മഹാരാജാവ് മുമ്പാകെ സമര്‍പ്പിച്ച സങ്കട ഹര്‍ജി. തിരുവിതാംകൂറിലെ പ്രധാന ജോലികളെല്ലാം അക്കാലത്ത് കയ്യടക്കിയിരുന്നത് പരദേശി ബ്രാഹ്മണരാണ്. 200 രൂപ മുതല്‍ 2000 രൂപ വരെ ശമ്പളം പറ്റുന്ന പരദേശി ബ്രാഹ്മണര്‍ ധാരാളമുണ്ടായിരുന്നപ്പോഴും 500 രൂപയെങ്കിലും ശമ്പളമുള്ള ഒരൊറ്റ മലയാളിയും അന്നുണ്ടായിരുന്നില്ല. ഈ അനീതിക്കെതിരെ അന്നു നടന്ന സംവരണ സമരമായിരുന്നു വാസ്തവത്തില്‍ മലയാളി മെമ്മോറിയല്‍. അതിന്റെ സൂത്രധാരന്‍ ഡോ. പല്പുവായിരുന്നു. മെമ്മോറിയലിന് ഏറ്റവും ഉയര്‍ന്ന തുകയായ 101 രൂപ സംഭാവനചെയ്തതും ഡോ. പല്പുവായിരുന്നു. പല്പു ദരിദ്രനായിരുന്നില്ല, ഈഴവനായിരുന്നു. എംബിബിഎസ് പാസായിവന്ന പല്പുവിനോട് രാജഭരണകൂടം കല്പിച്ചത്, കുലത്തൊഴില്‍ തന്നെ ചെയ്തുകൊള്ളണം എന്നത്രെ!

* മലയാളി മെമ്മോറിയല്‍ നായര്‍ മെമ്മോറിയലായി കലാശിച്ചു. നായന്മാര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ ലഭ്യമായപ്പോള്‍ ഈഴവര്‍ തഴയപ്പെട്ടു. ഇതേത്തുടര്‍ന്ന്, ഈഴവര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട്, ഡോ. പല്പുവിന്റെ നേതൃത്വത്തില്‍ 1896 സെപ്തംബര്‍ 3 ന്, 13,000 ല്‍ പരം ഈഴവര്‍ ഒപ്പിട്ട ഒരു ഹര്‍ജി അന്നത്തെ ദിവാന്‍ എസ് ശങ്കരസുബ്ബരായര്‍ക്ക് സമര്‍പ്പിക്കുകയുണ്ടായി. ഇത് ഈഴവ മെമ്മോറിയല്‍ എന്ന് അറിയപ്പെടുന്നു. ഓര്‍ക്കേണ്ട വസ്തുത; ഈഴവമെമ്മോറിയലിന് സര്‍വവിധ സഹായവും ചെയ്തുകൊടുത്തത്, നായരായ ജി പി പിള്ളയായിരുന്നു!

* തിരുവിതാംകൂറില്‍ ആദ്യമായി ഡിഗ്രിയെടുത്ത വി വേലു എന്ന ഈഴവന്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചത് മദിരാശി ഗവണ്മെന്റിന്റെ കീഴിലായിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാരിന് നല്‍കിയ ഉദ്യോഗാപേക്ഷക്കു ലഭിച്ച മറുപടിയില്‍ വേലുവിനോട് സ്വന്തം കുലത്തൊഴിലില്‍ (കള്ളുചെത്ത്) ഏര്‍പ്പെടുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. സവര്‍ണരൊഴികെ മറ്റു ജനവിഭാഗങ്ങള്‍ ഭരണക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ മാത്രമല്ല അതിന്റെ നാലയലത്തുപോലും പ്രവേശിക്കാന്‍ തിരുവിതാംകൂര്‍ 'ധര്‍മ' രാജ്യത്തിലെ പൊന്നു തമ്പുരാക്കന്മാര്‍ സമ്മതിച്ചിരുന്നില്ല. സ്ഥിതിഗതികളില്‍ മാറ്റം വരുന്നത് ബ്രിട്ടീഷധികാരികള്‍ ഭരണം നിയന്ത്രിക്കാന്‍ തുടങ്ങിയതിനു ശേഷം മാത്രമാണ്. 

* 1918 ല്‍ തിരുവിതാംകൂറില്‍ സ്വന്തമായി കാറുണ്ടായിരുന്ന രണ്ടുപേരിലൊരാള്‍ മാവേലിക്കരക്കാരന്‍ ആലുമൂട്ടില്‍ ചാന്നാനായിരുന്നു. ഈ പ്രതാപമൊന്നും ക്ഷേത്രറോഡ് വകവെച്ചു കൊടുത്തിരുന്നില്ല. ചാന്നാരുടെ കാറ് ക്ഷേത്രറോഡിന്റെ കിഴക്കുവശത്ത് വന്നാല്‍ ഇറങ്ങിക്കൊള്ളണം. വടക്കുവശത്ത് ഊടുവഴികളില്‍ക്കൂടി ചാന്നാന്‍ കൊടികളെല്ലാം താഴ്ത്തി പതുങ്ങി ഹൈസ്‌കൂളിനടുത്തുവന്നു കാറില്‍ വീണ്ടും കയറിക്കൊള്ളണം. ഇതിനകം നായരായ ഡ്രൈവര്‍ കാറ് ക്ഷേത്രറോഡില്‍ക്കൂടി ഇരപ്പിച്ചു പായിച്ചു ഹൈസ്‌കൂളിനടുത്തു കൊണ്ടുവന്നു നിര്‍ത്തിയിരിക്കും.... ചാന്നാന്‍ ദരിദ്രനായതുകൊണ്ടാണോ ഇത്തരം സാമൂഹ്യ അനീതി നേരിടേണ്ടിവന്നത്? 

* പ്രജാസഭാ മെമ്പറും എംഎല്‍എയും ജഡ്ജിയുമൊക്കെയായിരുന്ന ഈഴവനാണ് ചേര്‍ത്തലക്കാരന്‍ എന്‍ ആര്‍ കൃഷ്ണന്‍. കൃഷ്ണന്‍ ദരിദ്രനായിരുന്നില്ല. വിദ്യാലയ പ്രവേശനം നേടിയശേഷം വൈക്കം ഹൈസ്‌കൂളില്‍ ആദ്യം പഠിക്കാനെത്തിയ അവര്‍ണനായിരുന്നു എന്‍ ആര്‍ കൃഷ്ണന്‍. സവര്‍ണവിദ്യാര്‍ത്ഥികള്‍ക്കൊ പ്പമിരുത്തിയല്ല, ക്ലാസ് മുറിക്ക് പുറത്തിട്ടിരുന്ന ബഞ്ചിലിരുത്തിയാണ് കൃഷ്ണന് 'ശിക്ഷണം' കൊടുത്തി രുന്നത്. കൊല്ലാവസാനം പരീക്ഷയുടെ ഫലം പുറത്തു വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയത് ആരെന്നോ, പുറത്ത് ബഞ്ചിലിരുന്നു പഠിച്ച അവര്‍ണവിദ്യാര്‍ത്ഥി യായ സാക്ഷാല്‍ എന്‍ ആര്‍ കൃഷ്ണന്‍! 

*കോളേജധ്യാപകനും സാഹിത്യകാരനും കവിതിലകന്‍ എന്ന ബഹുമതിനേടിയ മഹാനുഭാവനുമായ കെ പി കറുപ്പന്‍ ദരിദ്രനായിരുന്നില്ല. പക്ഷെ വിദ്യാഭ്യാസം ചെയ്തത് കൊടുങ്ങല്ലൂര്‍ കോവിലത്തിന് പുറത്ത് തീണ്ടാപ്പുരയിലിരുന്നാണ്. കാരണം  കെ പി കറുപ്പന്‍ ധീവരനായിരുന്നു. 

* ചൈന ഉള്‍പ്പെട മറ്റ് അന്യനാടുകളുമായി വാണിജ്യബന്ധമുണ്ടായിരുന്ന അതിസമ്പന്നനായ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്ക് പക്ഷെ സമുദ്രത്തിലൂടെ കപ്പലോട്ടാം, എന്നാല്‍ സ്വന്തം വീട്ടിനു സമീപമുള്ള നിരത്തിലൂടെ വഴിനടന്നുകൂടാ...! സരസകവി മൂലൂര്‍ എസ് പത്മനാഭപ്പണിക്കരും സമ്പന്നനായ ഒരു ഈഴവനായിരുന്നു. പക്ഷെ അന്നത്തെ പണ്ഡിതകവികളുടെ ലിസ്റ്റെടുത്ത കൃതിയായ 'കവിരാമായണ' ത്തില്‍ മൂലൂര്‍ ഉള്‍പ്പെടെ ഒരൊറ്റ അവര്‍ണകവിയും ഇടം നേടിയില്ല! 

ഉദാഹരണങ്ങള്‍ ഇനിയും നിരത്താം. അത്തരം ആര്‍ട്ടിക്കിളുകളും പുസ്തകങ്ങളും ഇക്കാലത്ത് സുലഭമായതിനാല്‍ ഇവിടെ അത് വിസ്തരിക്കുന്നില്ല.

അപ്പോള്‍ മനസ്സിലാക്കുക, ഇന്ത്യയില്‍ ഒരു വ്യക്തിയുടെ സാമൂഹ്യ പദവി നിര്‍ണയിക്കുന്നത് സമ്പത്തല്ല, മറിച്ച് ജാതിയാണ്. ജാതി സാമൂഹ്യ (ജനാധിപത്യ) വിരുദ്ധമാണ്. പ്രശനം ജാതിയാകയാല്‍ ആ ജാതിയെ ഉന്മൂലനം ചെയ്യാതെ അതിനൊരു പരിഹാരമുണ്ടാവില്ല. ജാതിമുന്നട്ടുവെക്കുന്ന, അവര്‍ണന്റെ മനുഷ്യാവ കാശനിഷേധത്തെയാണ് സംവരണം ഉടച്ചുകളയുന്നത്. ജാതിഉന്മൂലനമെന്ന ഈ വിപ്ലവപ്രക്രിയയുടെ തുടക്കം മാത്രമാണ് 'സംവരണം'. ജാതി നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ സംവരണത്തെ എതിര്‍ത്തുകൊണ്ടിരിക്കുക സ്വാഭാവികമാണല്ലോ.2017, നവംബർ 19, ഞായറാഴ്‌ച

സാവിത്രീ ദേവി: ദലിതന്‍ പിറക്കുന്നതിനുമുമ്പേ ഉന്മൂലനത്തിന് വിധേയം...!


ഉത്തര്‍ പ്രദേശിലെ ബുലാന്ദ്ഷര്‍ ജില്ലയില്‍, ഖെത്താല്‍പൂര്‍ ബന്‍സോലി വില്ലേജിലെ സാവിത്രീ ദേവി എന്ന ഗര്‍ഭിണിയായ ദലിത് യുവതി ജാതിഹിന്ദുക്കളുടെ അടിയേറ്റ് കൊല്ലപ്പെടുകയുണ്ടായി. ജാതിഹിന്ദുവായ അഞ്ജു എന്ന സ്ത്രീയുടെ, വെള്ളമെടുക്കുന്ന ബക്കറ്റില്‍ സ്പര്‍ശിച്ചു എന്നതാണ് സാവിത്രീ ദേവി ചെയ്ത കുറ്റം! ഇതില്‍ ക്ഷുഭിതയായ അഞ്ജു ഗര്‍ഭിണിയായ സാവിത്രീ ദേവിയുടെ വയറ്റില്‍ തുടരെ ഇടിച്ചു. തല ഭിത്തി യിലിടിപ്പിച്ചും, പലതവണ അഞ്ജു, സാവിത്രീ ദേവിയെ കഠിനമായി മര്‍ദ്ദിക്കുകയു ണ്ടായി. അഞ്ജുവിന്റെ മകന്‍ രോഹിതും അമ്മയോടൊപ്പം സാവിത്രീദേവിയെ മര്‍ദ്ദിക്കാന്‍ പങ്കുചേര്‍ന്നു. 2017 ഒക്ടോബര്‍ 18 നാണ് രാജ്യത്തെ ജാതിഹിന്ദുക്കളെ മുഴുവന്‍ കോരിത്തരിപ്പിച്ച ഈ വിനോദപരിപാടി അരങ്ങേറിയത്.

ജാതിഹിന്ദു ഊരുകളില്‍ നിന്നും വലിച്ചെറിയുന്ന വേസ്റ്റുകള്‍ പെറുക്കുന്ന 'ജോലി' യാണ് സാവിത്രീ ദേവി ചെയ്തിരുന്നത്. മാസത്തില്‍ 100 രൂപ മാത്രമായിരുന്നു സാവിത്രീ ദേവിക്ക് ഈ 'ജോലി'യില്‍ നിന്ന് കിട്ടിയിരുന്ന വരുമാനം! മര്‍ദ്ദനമേല്‍ക്കുന്ന അന്ന് പതിവുപോലെ 'ജോലി'ക്കെത്തിയ സാവിത്രിക്ക്, ഗര്‍ഭാവസ്ഥയിലുള്ള ക്ഷീണം മൂലം തലചുറ്റല്‍ അനുഭവപ്പെട്ടു. നിലത്തു വീഴാതിരിക്കുന്നതിനായായാണ് വീടിന്റെ വരാന്തയില്‍ വെറിതെയിരിക്കുകയായിരുന്ന ബക്കറ്റില്‍ കൈതാങ്ങിയത്........ ക്ഷീണിതാവസ്ഥയില്‍, ജോലിക്കു പോകുമ്പോള്‍ സാവിത്രി ഒന്‍പത് വയസുള്ള തന്റെ മകളേയും കൂടെ കൂട്ടിയിരുന്നു... അമ്മയെ മര്‍ദ്ദിക്കുന്നതുകണ്ട് കരഞ്ഞോടിയ ആ കുട്ടിയാണ് ദലിത് ബസ്തിയില്‍ വിവരമറിയിച്ചത്....

മര്‍ദ്ദനമേറ്റുവീണ അന്നുതന്നെ സാവിത്രിയുടെ ആണ്‍പിറന്നവന്‍ ദിലീപ് കുമാര്‍ അവരേയും കൊണ്ട് ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടര്‍മാര്‍ ചികിത്സിക്കാന്‍ വിസമ്മതിച്ചു. രക്തസ്രാവമുണ്ടായിട്ടില്ലെന്നും സാവിത്രി പൂര്‍ണ ആരോഗ്യവതിയാ ണെന്നും പറഞ്ഞ് ആശുപത്രി അധകൃതര്‍ അവരെ മടക്കി. അതിനുശേഷം ആറ് ദിവസം കഴിഞ്ഞപ്പോള്‍, ഒക്ടോബര്‍ 21 ന്, സാവിത്രീദേവിയുടെ ആരോഗ്യനില ആകെ വഷളായി. ഉടനെതന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍, വലിയ പരിശോധനകള്‍ ഒന്നും കൂടാതെതന്നെ ഡോക്ടര്‍മാര്‍ അന്ത്യവിധി പ്രഖ്യാപിച്ചു, സാവിത്രീ ദേവി മരിച്ചു!

അതിനിടെ, ഒക്ടോബര്‍ 18 ന് തപേശ്വര്‍ സാഗറിലുള്ള കോട്വാലി പൊലീസ് സ്റ്റേഷനില്‍, ഇത് സംബന്ധിച്ച് ഒരു പരാതി സമര്‍പ്പിക്കുവാനായി ദിലീപ് ചെന്നിരുന്നു. സാവിത്രീ ദേവിയുടെ ശരീരത്തില്‍ മുറിവുകളൊന്നും കാണാനില്ലായ്കയാല്‍, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന് അവര്‍ ദിലീപിനെ അറിയിച്ചു. എങ്കിലും രണ്ടുദിവസം കഴിഞ്ഞപ്പോള്‍, പൊലീസ് സംഘം സാവിത്രീ ദേവിക്ക് മര്‍ദ്ദനമേറ്റ സ്ഥലം സന്ദര്‍ശിച്ച് എഫ്‌ഐആര്‍ തയാറാക്കുവാന്‍ സന്മനസ്സ് കാണിച്ചു.

കേസിന്റെ പരിണതി എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ... ജന്മം തന്നെ കുറ്റമായുള്ള ഒരു ദലിത് സ്ത്രീ ചെയ്യുന്ന നിസ്സാരതെറ്റുകള്‍ പോലും ജാതിഹിന്ദുവിന് നേര്‍ക്ക് ചെയ്യുന്ന ക്രിമിനല്‍ കുറ്റമായാണ് അവര്‍ കാണുന്നത്! ജാതിഹിന്ദുവിനോട് ഇത്തരം ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്ന ഒരു ജനത ഉണ്ടാവാതിരിക്കുന്നതിനാണ് ആ ജനത ജനിക്കുന്നതിന് മുമ്പേ ഉന്മൂലനം ചെയ്യാനായി അവര്‍ ശ്രമിക്കുന്നത്. നികൃഷ്ടരായി ജനിക്കുന്ന ഈ ജനത യാതൊരു ശേഷികളും ഇല്ലാത്തവരാണെന്നും ഉത്കൃഷ്ടരായി ജനിക്കുന്ന തങ്ങളാണ് ലോകത്തെ സര്‍വമാന ശേഷികളുള്ള ജനതയെന്നും മറ്റുമുള്ള ഈ മുന്‍വിധി ജാതിഹിന്ദുക്കള്‍ പിന്തുടരുന്ന നീതിശാസനകളിലെ പ്രമുഖ നിര്‍ദ്ദേശമാണ്. 

സാവിത്രീ ദേവിക്ക് പിറക്കുന്ന സന്തതി ചിലപ്പോള്‍ ഒരു ഖസബാ ജാഥവ് ആയെങ്കിലോ? അല്ലെങ്കില്‍ ടിനാ ദാബി..? അപ്പോള്‍ തങ്ങള്‍ എഴുതിപ്പിടിപ്പിച്ചിരി ക്കുന്ന മുന്‍വിധികള്‍ പാഴിലാവില്ലെ..? രോഹിത് വെമുലയോളം വര്‍ന്നിട്ട് ഒരു ദലിതനെ കൊല്ലുന്നതിലും എളുപ്പമാണല്ലോ, അത്തരമൊരുവന്‍ ജനിക്കാതെ നോക്കുന്നത്!

www.thewire.in
www.huffingtonpost.in
www.mattersindia.com2017, നവംബർ 18, ശനിയാഴ്‌ച

കേരളത്തില്‍ നടന്നുവെന്നു പറയപ്പെടുന്ന ഭൂപരിഷ്‌കരണവും ദലിതര്‍ അനുഭവിക്കുന്ന സമുദായസംവരണവും
കേരളത്തില്‍ നടന്നുവെന്നു പറയപ്പെടുന്ന ഭൂപരിഷ്‌കരണവും ദലിതര്‍ അനുഭവിക്കുന്ന സമുദായസംവരണവുമാണ് മുന്നോക്കക്കാരില്‍ പിന്നോക്കകാരെ ഉണ്ടാക്കിയതെന്നാണ് വാദം...!!!

സണ്ണി എം കപിക്കാട് ഉദ്ധരിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തുവിട്ട കേരളത്തിലെ ആളോഹരി കൈവശാവകാശഭൂമിയുടെ കണക്ക് പരിശോധിക്കുക. മുന്നോക്കജാതിയുടെ ആളോഹരി കൈവശഭൂമി സെന്റിന് 105 ഉള്ളപ്പോള്‍, ദലിതന് ആളോഹരി കൈവശഭൂമി സെന്റിന് 2.7 മാത്രമാണ്. ദലിതന്‍ ആളോഹരി 2.7 സെന്റ് ഭൂമി കൈവശം വെച്ചതും 10% സാമുദായിക സംവരണവും അനുഭവിക്കുന്നതു കൊണ്ടാണോ മുന്നോക്കക്കാരില്‍ പിന്നോക്കക്കാരുണ്ടായത്? മുന്നോക്കക്കാര്‍ ആളോഹരി 105 സെന്റ് കൈവശം വെച്ചിട്ടും നിങ്ങളിലെങ്ങനെ പിന്നോക്കക്കാ രുണ്ടായി?

കണക്കുകള്‍ വിശദമായി;

കേരളത്തിലെ ഭൂമി കൈവശം വെച്ചിരിക്കുന്ന സമുദായങ്ങളുടെ ആളോഹരി കണക്ക് (സെന്റില്‍) - മുന്നോക്ക ജാതി 105, പിന്നോക്ക ജാതി 63. ക്രിസ്ത്യാനികള്‍ 126. മുസ്ലീംങ്ങള്‍ 77, ദലിതര്‍ 2.7. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച സര്‍വേ റിപ്പോര്‍ട്ടാണ്. മുന്നോക്ക ജാതിക്കാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ചേര്‍ന്ന് ആളോഹരി 231 സെന്റ് കൈവശം വെക്കുമ്പോള്‍ ദലിതന്റെ ഭൂമി വെറും 2.7 സെന്റ് മാത്രം. 

ചോദ്യം; എന്നിട്ടും മുന്നോക്കക്കാരില്‍ ദിരിദ്രരുണ്ടാകുന്നുവെങ്കില്‍ 231 സെന്റ് കൈവശം വെക്കുന്നവരില്‍ നിന്ന് സ്വസമുദായത്തിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി നീക്കിവെച്ച് ഈ പ്രശ്‌നം പരിഹരിച്ചുകൂടെ? ദലിതര്‍ ആളോഹരി 2.7 സെന്റ് കൈവശം വെക്കുന്നതുകൊണ്ടാണോ മുന്നോക്കക്കാരില്‍ ദരിദ്രരുണ്ടായത്? 

കേരള ഭൂപരിഷ്‌കരണം എന്ന ചതി!

അല്പം ചരിതം...

1957 ലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിയഭയുടെ പതനത്തിന് ശേഷം ചെറിയൊരു ഇടവേളകഴിഞ്ഞ് 1967 ല്‍ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ഒരു ഭൂപരിഷ്‌കരണ നിയമം കൊണ്ടു വന്നു. എന്നാല്‍ 1957 ഏപ്രില്‍ 11 നു ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ തന്നെ ഭൂപരിഷ്‌കരണ വിഷയത്തില്‍ ചര്‍ച്ചയാരംഭിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. പ്രസ്തുത ബില്‍ 1959 ജൂണ്‍ 11 ന് പാസാക്കി. പക്ഷെ ജൂലൈ 31 ന് മന്ത്രിസഭ വീണതിനാല്‍ ബില്‍ പാസാക്കാനായില്ല. ഇതിനിടെ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് മന്ത്രിസഭയും 1964 ല്‍ ഒരു ഭൂപരിഷ്‌കരണം കൊണ്ടുവന്നെങ്കിലും അത് നടപ്പായില്ല. 1967 ലെ കമ്മ്യൂണിസ്റ്റ് ഭൂപരിഷ്‌കരണമാകട്ടെ 1959 ലെ അവരുടെ തന്നെ നിയമത്തേക്കാള്‍ കൂടുതല്‍ സമഗ്രവും കുറേക്കൂടി മാറ്റങ്ങള്‍ ഉള്ളതുമായിരുന്നു. എന്നാല്‍ ഇഎംഎസ് മന്ത്രിസഭ വീണതിനാല്‍ ആ ബില്ലിന്മേലും നടപടിയുണ്ടായില്ല. 1970 സിപിഐ യുടെ സി അച്യുതമേനോന്‍ മുഖ്യമന്ത്രി യായിരിക്കെ 1967 ലെ ഭൂപരിഷ്‌കരണ ഭേദഗതി ബില്ലിന് കേന്ദ്രം അനുമതി നല്കി. ഇതാണ് ഇന്നറിയപ്പെടുന്ന (KERALA LAND REFORMS ACT) ഭൂപരിഷ്‌കരണ ബില്ലിന്റെ നാള്‍വഴി ചരിതം. 

ഓര്‍ക്കേണ്ട വസ്തുത: ചര്‍ച്ച തുടങ്ങി 13 വര്‍ഷത്തിന് ശേഷമാണ്, ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്‌കരണം നിയമമാകുന്നത്. 1957 അധികാരത്തില്‍ വന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയല്ല പ്രസ്തുത നിയമം നടപ്പാക്കുന്നത്!

ചതി ഒന്ന്.

ഏതാണ്ട് 132 വകുപ്പുകളും അതിലേറെ ഉപവകുപ്പുകളും ഉള്ള കെഎല്‍ആര്‍ ആക്ടിലെ 81 ഉം 82 ഉം വകുപ്പു പ്രകാരം കൃഷിഭൂമിയെന്നും തോട്ടം ഭൂമിയെന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു.

*കൃഷിഭൂമിയുടെ 15 ഏക്കര്‍ വരെ ജന്മിക്ക് കൈവശം വെക്കാം! അംഗങ്ങള്‍ കൂടുമ്പോള്‍ ഏക്കറുകളുടെ എണ്ണവും കൂടും.

* എന്നാല്‍ തോട്ടം ഭൂമിക്കും സ്വകാര്യ വനഭൂമിക്കും 81 ആം വകുപ്പു പ്രകാരം പരിധിയില്ല! വളരെ തന്ത്രപൂര്‍വമുള്ള ചതി ഇവിടെയാണ് പതിയിരിക്കുന്നത്. അതായത് 100 ഏക്കര്‍ കൃഷിഭൂമിയുള്ള ഒരു ജന്മി 82 ആം വകുപ്പു പ്രകാരം 15 ഏക്കര്‍ ഭൂമിയെ കൈവശം വെക്കാന്‍ പാടുള്ളൂ....!!! 85 ഏക്കര്‍ അയാള്‍ സര്‍ക്കാരിന് വിട്ടുകൊടു ക്കേണ്ടതാണ്...!!!! എന്നാല്‍ തോട്ടം ഭൂമിക്കും സ്വകാര്യ വനഭൂമിക്കും പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ബാക്കി 85 ഏക്കര്‍ കൂടി തോട്ടം ഭൂമിയെന്ന കണക്കിലോ സ്വകാര്യ വനഭൂമിയെന്ന കണക്കിലോ ഉള്‍പ്പെടുത്തി വിട്ടുകൊടുക്കേണ്ടതില്ല..!!!!!

ഓര്‍ക്കേണ്ട വസ്തുത: തന്റെ ഭൂമി വിട്ടുകൊടുക്കാതിരിക്കാന്‍ ജന്മിക്ക് അതില്‍ കുരുമുളക്, ഇഞ്ചി, ഏലം, ജാതിക്ക, റബ്ബര്‍, കരിമ്പ് തുടങ്ങിയവയോ ഈട്ടി, ഇരുള്‍, തേക്ക് മുതലായ വന്‍മരങ്ങള്‍ (ഇവയാണ് തോട്ടം വിളകള്‍) എന്നിവയോ നട്ടു പിടിപ്പിച്ചാല്‍ അത് തോട്ടം ഭൂമിയായി സംരക്ഷിക്കാം! ഒന്നും നടാതിരുന്നാല്‍ സ്വാഭാവിക കാട് വളരും അപ്പോള്‍ സ്വകാര്യ വനഭൂമിയായി തന്റെ ഭൂമി സംരക്ഷിക്കാം...!!!! തത്വത്തില്‍ ഒരു ജന്മിക്കും ഒരിഞ്ചു ഭൂമി പോലും നഷ്ടപ്പെടുന്നില്ല...!!!

കൃഷിഭൂമിയെ തോട്ടം / സ്വകാര്യ വനഭൂമിയായി മാറ്റിമറിക്കാന്‍ ജന്മിമാര്‍ക്ക് അവസരമൊരുക്കിക്കൊടുത്തതിലൂടെ മിച്ചഭൂമി വിട്ടു കൊടുക്കാതിരിക്കാനും മുഴുവന്‍ സ്വന്തമാക്കി വെക്കാനും ജന്മിമാര്‍ക്ക് കഴിഞ്ഞു ! (വകുപ്പ് 81, 82.) ഇതാണ് ആദ്യത്തെ ചതി എന്ന് കണ്ടുകഴിഞ്ഞു.

രണ്ടാം ചതി.

പെട്ടെന്ന് തോട്ടവിളകള്‍ നട്ട് കൃഷിഭൂമിയെ തോട്ടം / സ്വകാര്യ വനഭൂമിയാക്കിമാറ്റാന്‍ ജന്മിമാര്‍ക്ക് സാവകാശം കിട്ടിയില്ലെങ്കിലോ? 

* അങ്ങിനെ വന്നാല്‍ ഗസറ്റില്‍ പരസ്യം ചെയ്താല്‍ മതി...!!! 81 ആം വകുപ്പിലെ മൂന്നാം ഉപവകുപ്പില്‍ പറയുന്നത്, പുതുതായി തോട്ടം ഭൂമിയാക്കി മാറ്റുന്നതിനോ നിലവിലുള്ള തോട്ടത്തിന്റെ വികസനത്തിനോ സംരക്ഷണത്തിനോ ഏതെങ്കിലും ഭൂമി ഗസറ്റ് പരസ്യം മൂലം ഒഴിവാക്കാനാവുന്ന താണെന്നാണ്..!!!!

ഓര്‍ക്കേണ്ട വസ്തുത : ജന്മിമാര്‍ക്ക് ഗസറ്റ് പരസ്യം ചെയ്യാനാണോ ഇത്ര വിഷമം? ഞങ്ങള്‍ ഞങ്ങളുടെ കൃഷിസ്ഥലം തോട്ടംഭൂമി ആക്കാന്‍ പോവുകയാണെന്ന് ഗസറ്റില്‍ ഒരു പരസ്യം കൊടുത്താല്‍ മതി !

* ഇനി ഗസറ്റില്‍ പരസ്യം ചെയ്യാന്‍ ജന്മിമാര്‍ക്ക് സാവകാശം കിട്ടിയില്ലെങ്കിലോ? ഭൂമി മിച്ചഭൂമിയാകില്ലേ?

ഈ പ്രശ്‌നത്തിലും 81 ആം വകുപ്പിലെ മൂന്നാം ഉപവകുപ്പില്‍ തന്നെ പരിഹാരം നിര്‍ദ്ദേശിക്കുന്നു!

ഏതെങ്കിലും മതവിഭാഗത്തിന്റെ ആരാധനാലയം, അശുപത്രി, വിദ്യാഭ്യാസ സ്ഥാപനം എന്നിവ കൃഷിഭൂമിയില്‍ സ്ഥാപിച്ചാല്‍ മതി! ഇവയില്‍ ഏതെങ്കിലും അടങ്ങിയ ഭൂമിക്ക് പരിധിയില്ല!

ഓര്‍ക്കേണ്ട വസ്തുത: ഗസറ്റില്‍ പരസ്യം ചെയ്യാന്‍ വിട്ടുപോയാല്‍ പോലും ജന്മിക്ക് തന്റെ ഭൂമി സംരക്ഷിക്കാന്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ അവസരമൊരുക്കി യിരിക്കുന്നു! കേരളത്തില്‍ ഇത്രയധികം അമ്പലങ്ങളും മുസ്ലീം പള്ളികളും ക്രിസ്ത്യന്‍ പള്ളികളും സ്ഥാപിതമായതെങ്ങനെ എന്ന വസ്തുതയും ചിന്തനീയമാണ്. ഒരു പൊതുവഴി വെട്ടുന്നതിനു പോലും ഈ വക സ്ഥാപനങ്ങള്‍ സ്ഥലം വിട്ടു കൊടുക്കാറില്ലല്ലോ!

കേരള ഭൂപരിഷ്‌കരണം; മൂന്നാം ചതി!

കൃഷിഭൂമി തോട്ടം / സ്വകാര്യ വനഭൂമിയാക്കി മാറ്റിമറിക്കാന്‍ കാലതാമസം നേരിട്ടാല്‍, ഇങ്ങനെ കൃഷിഭൂമിയെ മാറ്റിമറിക്കാന്‍ ഉദ്ദേശ്യമുെണ്ടെന്നു കാണിച്ച് ഗസറ്റില്‍ പരസ്യം ചെയ്യാന്‍ സാവകാശം അനുവദിച്ചുകൊണ്ട് ജന്മിമാരെ ഭൂമി വിട്ടുകൊടുക്കുന്നതില്‍ നിന്ന് രക്ഷപ്പെടുത്തിയതാണ് കുടിയാന്മാരോട് ചെയ്ത രണ്ടാമത്തെ ചതി.

മൂന്നാം ചതി...!

ജന്മിമാരുടെ സ്വത്തുക്കള്‍ മുഴുവന്‍ കുടുംബട്രസ്റ്റിലേക്ക് മാറ്റുക.

* ഒരു തുണ്ടു ഭൂമി പോലും ഭൂവുടമകള്‍ക്ക് നഷ്ടപ്പെടാതിരിക്കാന്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ ഉണ്ടാക്കി വെച്ച ഒരു നിയമമാണ് കുടുംബ ട്രസ്റ്റ്. എത്ര ഏക്കര്‍ സ്വത്തുെണ്ടങ്കിലും കുടുംബക്കാരുടെ ഒരു കുടുംബ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്താല്‍ പിന്നെ ഒരു വിധത്തിലും പ്രസ്തുത സ്വത്തുക്കള്‍ നഷ്ടപ്പെടില്ല !

ഓര്‍ക്കേണ്ട വസ്തുത: കേരള ഭൂപരിഷ്‌കരണം എഴുതിയുണ്ടാക്കിയത് താനാണെന്ന് അവകാശപ്പെട്ട വി ആര്‍ കൃഷ്ണയ്യര്‍ തന്നെ തന്റെ ഭൂസ്വത്തുക്കള്‍ സംരക്ഷിച്ചത് കുടുംബ ട്രസ്റ്റിലേക്ക് മാറ്റിയതിലൂടെയാണ്. (സമകാലിക മലയാളം വാരിക. 2010 ഫെബ്രുവരി 19. പേജ് 48)


കൃഷിഭൂമിയെ തോട്ടം / സ്വകാര്യ വനഭൂമിയാക്കി മാറ്റാന്‍ ഗസറ്റില്‍ പരസ്യം ചെയ്യാന്‍ ജന്മിമാര്‍ക്ക് കഴിയാതെ വന്നാല്‍, സ്വത്തുക്കള്‍ കുടുംബട്രസ്റ്റ് രജിസ്റ്റര്‍ ചെയ്ത് ഭൂസ്വത്ത് അതിലേക്ക് മാറ്റി സംരക്ഷിക്കാന്‍ ജന്മിമാര്‍ക്ക് അവസരം നല്കുന്നന്നതാണ് ഭൂപരിഷ്‌കരണത്തിലെ മൂന്നാം ചതി !

നാലാം ചതി....!

ബഹുഭാര്യാത്വവും ഭൂസംരക്ഷണവും..!

* ഒരു ജന്മിക്ക് ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ അവരേയും അവരുടെ കുട്ടികളേയും പ്രത്യേകം പ്രത്യേകം കുടുബങ്ങളായി പരിഗണിക്കുകയും വെവ്വേറെ സമ്പത്ത് നീക്കിവെക്കുകയും വേണം 

വകുപ്പ് - 82 ആം വകുപ്പില്‍ ആറാം ഉപവകുപ്പിലെ ഒന്നാം അനുഛേദം.

* ഇതനുസരിച്ച് 5 അംഗങ്ങളുള്ള ഒരു കുടുംബത്തിന് 15 ഏക്കറും ആറാമതായി ഒരു അംഗം കൂടിയുണ്ടെങ്കില്‍ ഒരു ഏക്കര്‍ അധികമായും കിട്ടും. അങ്ങനെ അംഗങ്ങള്‍ കൂടുന്നതിനനുസരിച്ച് 36 ഏക്കര്‍ വരെ ഈ വകുപ്പനുസരിച്ച് കൈവശം വെക്കാം.

* എന്നാല്‍ ഈ നിയമം പിന്നീട് ഭേദഗതി ചെയ്തു. അച്ഛനും അമ്മയും പ്രായപൂര്‍ത്തി യാകാത്ത മക്കളും അടങ്ങിയ ഒരു കുടുംബത്തിന് 15 ഏക്കര്‍ എന്നതിന് പകരം ഓരോ അംഗത്തിന് 15 ഏക്കര്‍ എന്നാക്കി മാറ്റി. അങ്ങനെ അഞ്ച് അംഗങ്ങളുള്ള ഒരു ജന്മികുടുംബത്തിന് കൈവശം വെക്കാവുന്നത് 75 ഏക്കര്‍...!!!!!!

ബാക്കി 'മിച്ചം' എന്തെങ്കിലും ഉണ്ടെങ്കില്‍ അത് തോട്ടം / സ്വകാര്യ വനഭൂമിയാക്കിയാല്‍ പിന്നെ കുടിയാന് വിതരണം ചെയ്യാന്‍ വല്ലതുമുണ്ടോ? (ഈ പാതകം ചെയ്തത് സിപിഐ ആമെന്ന് കെ ആര്‍ ഗൗരിയമ്മ ആരോപിച്ചു - മലയാളമനോരമ 2007 നവം: 28. പേജ് 8)

ശ്രദ്ധിക്കേണ്ട വസ്തുത: ജന്മികുടുംബത്തിലെ ഒരു 'അംഗ'ത്തിന് 15 ഏക്കര്‍ കൈവശം വെക്കാമായിരുന്നപ്പോള്‍ 5 അംഗങ്ങളുള്ള കുടിയാന്‍ 'കുടുംബ'ത്തിന് കിട്ടിയതോ 3 സെന്റും...!!!!! ഇതിനെയാണോ ഭൂപരിഷ്‌കരണം എന്ന് പറയുന്നത്..????

ജന്മികുടുംബത്തിലെ ഓരോ അംഗത്തിനും 15 ക്കേര്‍ വീതം കൈവശം വെക്കാമെന്ന് ഭൂപരിഷ്‌കരണ നിയമത്തില്‍ വ്യവസ്ഥ ചെയ്തതിലൂടെ ഭൂമി മിച്ചം വരാതിരിക്കുന്നതിന് വഴിയൊരുക്കിക്കൊണ്ട് കുടിയാന്‍ കുടുംബത്തെ തഴഞ്ഞതാണ് നാലാമത്തെ ചതി...!!!!

അഞ്ചാം ചതി....!!!!

* കുട്ടനാട് ഭൂപരിഷ്‌കരണ നിയമത്തിന് പുറത്ത്....!!!

കേരള ഭൂപരിഷ്‌കരണ നിയമം കേരള സംസ്ഥാനം മുഴുവനായി ഉദ്ദേശിച്ചതാ ണെങ്കിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട് ഇതില്‍ നിന്നും പുറത്താണ്. അവിടെ ഭൂപരിഷ്‌കരണ നിയമമനുസരിച്ച് 5 അംഗങ്ങളുള്ള ഒരു ജന്മി കുടുംബത്തിന് 15 ഏക്കര്‍ കൃഷിഭൂമി കൈവശം വെക്കാമെന്നത്: ഇവിടെ എത്ര ഏക്കര്‍ കൃഷിഭൂമി വേണമെങ്കിലും കൈവശം വെക്കാമെന്നായി.....!!!!!

ഓര്‍ക്കേണ്ട വസ്തുത: ഇവിടെയാണ് അക്കാലത്ത് ഉയര്‍ത്തപ്പെട്ട 'കൃഷിഭൂമി കൃഷിക്കാരന്, ബഹുജനൈക്യം സിന്ദാബാദ്' എന്ന മുദ്രാവാക്യത്തിന്റെ പൊരുള്‍ കിടക്കുന്നത്. കൃഷിക്കാരന്‍ ആരാണ് ? അത് കൃഷിഭൂമിയുടെ ഉടമ തന്നെ! കുടിയാന്‍ കൃഷിത്തൊഴിലാളി അഥവാ കര്‍ഷകത്തൊഴിലാളിയാണ്. കര്‍ഷകത്തൊഴിലാളിക്ക് എന്തിനാണ് ഭൂമി? അവന്‍ ഭൂവുടമയുടെ കൃഷിഭൂമിയില്‍ തന്റെ അധ്വാനം വിറ്റ് കഴിഞ്ഞുകൊള്ളും. 'മറ്റേതൊരു ചരക്കിനേയും പോലെ അധ്വാനവും ഒരു ചരക്കാണ്' എന്നാണല്ലോ മാര്‍ക്‌സും എംഗത്സും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവില്‍ അടിവരയിട്ട് പറയുന്നത്...!!!! കര്‍ഷകത്തൊഴിലാളിക്ക് വില്‍ക്കുവാന്‍ അധ്വാനമെന്ന ചരക്കുണ്ട്. അത് വിറ്റ് അവന് ജീവിക്കണമെങ്കില്‍ അത് വാങ്ങുന്ന പീടികയും നിലവില്‍ വേണമല്ലോ? അതാണ് ഭൂവുടമകളുടെ കൃഷിഭൂമി...! കൃഷിഭൂമിയെ തോട്ടം / സ്വകാര്യ വനഭൂമിയാക്കി മാറ്റിമറിക്കാന്‍ അവസരം കൊടുത്തിടത്തും ഇതുതന്നെയാണ് സംഭവിച്ചത്.

· കൃഷിആവശ്യത്തിനല്ലാതെ ഇന്ന് കുട്ടനാട്ടിലെ ഭൂമി മറിച്ചുവില്ക്കുന്നു! അവിടെ റിസോര്‍ട്ടുകളും മറ്റും സ്ഥാപിക്കപ്പെടുന്നു. കാര്‍ഷികോത്പന്നങ്ങളുടെ ലഭ്യത ഇല്ലാതാകുന്നു. ജന്മികുടുംബത്തിന് പുലരാന്‍ കുട്ടനാട്ടില്‍ വിളയുന്ന നെല്ലുതന്നെ വേണമെന്നില്ല..!!! എന്നാല്‍ കൃഷിഭൂമിയില്‍ പണിയെടുത്തു കഴിഞ്ഞിരുന്ന കുടിയാനോ? 

അവലംബം: കെ മുകുന്ദന്‍ പെരുവട്ടൂരിന്റെ 'കേരള ഭൂപരിഷ്‌കരണ നിയമം 'മാര്‍ക്‌സിസ്റ്റുകള്‍' തൊഴിലാളിവര്‍ഗത്തെ വഞ്ചിച്ച ചരിത്രം' എന്ന പുസ്തകം.
2017, നവംബർ 17, വെള്ളിയാഴ്‌ച

ജയദേവന്‍ പടിഞ്ഞാറ്റില്‍: മലയാളത്തിലെ ആദ്യത്തെ നാഗവംശ ചരിത്രകാരന്‍

ജയദേവന്‍ പടിഞ്ഞാറ്റില്‍

നാഗവംശത്തെക്കുറിച്ച് കേരളത്തില്‍ നടന്നിട്ടുള്ള ആദ്യപഠനം ജയദേവന്‍ പടിഞ്ഞാറ്റില്‍ എന്ന മഹാനുഭവനില്‍ നിന്ന് ആരംഭിക്കുന്നതായി കരുതാം. 1979 ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച 'സാമൂഹ്യ ചിന്തകള്‍' എന്ന ഗ്രന്ഥത്തിലെ ഒരു അധ്യായത്തിലാണ് നാഗവംശപഠനം ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മൊത്തം 46 പേജുള്ള പ്രസ്തുത ഗ്രന്ഥത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. രണ്ടാം ഭാഗത്തിലെ 'വര്‍ഗവ്യത്യാസം തൊട്ടുകൂടായ്മയുടെ ഉത്ഭവകാരണം' എന്ന രണ്ടാം അധ്യായത്തിലാണ് നാഗവംശ പഠനമുള്ളത്. ഇതാകട്ടെ, ബാബാസാഹേബ് ഡോ. ബി ആര്‍ അംബേഡ്കറുടെ 'അസ്പൃശ്യര്‍' എന്ന കൃതിയുടെ സ്വതന്ത്ര പരിഭാഷയാണ്. 

ഗ്രന്ഥത്തിന്റെ ആദ്യപേജില്‍, പശ്ചാത്തലത്തില്‍ ശ്രീബുദ്ധനുള്ള ഡോ. അംബേ ഡ്കറുടെ ചിത്രവും അതിനടിയില്‍ ഇംഗ്ലീഷിലുള്ള കുറിപ്പും കൊടുത്തിട്ടുണ്ട്. അവസാന പേജിലാകട്ടെ മഹാത്മാ അയ്യന്‍ കാളിയുടെ ചിത്രവും അതിന് മുകളിലായി ഇംഗ്ലീഷിലുള്ള വിവരണവും കൊടുത്തിട്ടുണ്ട്. ലഭ്യമായ കൃതിയുടെ പകര്‍പ്പില്‍ കവര്‍പേജ് ഇല്ല. ചരിത്രകാരനും എഴുത്തുകാരനുമായ കുന്നുകുഴി എസ് മണിയുടെ ഗ്രന്ഥശേഖരത്തില്‍ നിന്നുമാണ് ഈ പ്രതി കണ്ടെത്തിയത്.

ജയദേവന്‍ പടിഞ്ഞാറ്റിലിനെക്കുറിച്ച് ഇന്ന് അറിയുവാന്‍ കുന്നുകുഴി എസ് മണിയുടെ വാക്കുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. പത്തനം തിട്ട സ്വദേശിയാണ് ജയദേവന്‍. തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയി രുന്നത്. ഏതെങ്കിലും ഗവണ്മെന്റ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നിരിക്കാമെന്നല്ലാതെ കൃത്യമായി എവിടെ എന്നോര്‍മിക്കാന്‍ മണിക്ക് ആകുന്നില്ല. ജയദേവന്റെ മകള്‍ തിരുവനന്തപുരത്ത്, ഉയര്‍ന്ന തസ്തികയില്‍ ഉദ്യോഗസ്ഥയായിരുന്നിട്ടുണ്ടെന്നും മണി ഓര്‍ക്കുന്നു. ജയദേവന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചുള്ള മറ്റ് അറിവുകള്‍ നിശ്ശേഷം ലഭിക്കാതായി എന്ന് മണി പറയുന്നു.

പുസ്തകത്തിന്റെ സമര്‍പ്പണം - ഗ്രന്ഥത്തിലെ അതേ വാചകങ്ങള്‍ പകര്‍ത്തുന്നു; 'ദിവംഗതരായ, വെള്ളയില്‍ ശ്രീ പി കെ രാമന്‍ (9-6-1972), പൂവത്തൂര്‍ ആദിച്ച നാദിത്യന്‍ (16-9-1973) എന്നീ അഭിവന്ദ്യ പിതൃഗുരുക്കന്മാരുടെ പാവനസ്മരണക്കു മുമ്പില്‍' എന്നു മാത്രം കുറിച്ചിട്ടുണ്ട്. 'പിതൃഗുരുക്കന്മാര്‍' എന്ന് ചേര്‍ത്ത് പറഞ്ഞിരി ക്കുന്നതുകൊണ്ട്, പരാമൃഷ്ടര്‍ ജയദേവന്റെ ഗുരുക്കന്മാരാണോ പിതാക്കന്മാരോണോ എന്ന് വേര്‍തിരിച്ചറിയാന്‍ നിവൃത്തിയില്ല. സമര്‍പ്പണത്തിന് തൊട്ടു താഴെയായി ബ്ലോക്ക് എടുത്ത ജയദേവന്റെ ഫോട്ടോ ചേര്‍ത്തിട്ടുണ്ട്.

ജയദേവന്‍ 'ഹരിജന്‍ ഇന്റര്‍നാഷനല്‍' എന്ന സംഘടന രൂപീകരിച്ചു പ്രവര്‍ത്തി ച്ചിരുന്നുവെന്നും എംഎല്‍എ / മന്ത്രിയായിരുന്ന കെ കെ ബാലകൃഷ്ണന്‍ പ്രസ്തുത സംഘടനയുടെ രക്ഷാധികാരിയായിരുന്നുവെന്നും മറ്റുമുള്ള വിവരം ആമുഖത്തില്‍ പ്രസ്താവിച്ചു കാണുന്നു. ജയദേവന്റെ ദലിത് വിമോചന സംഘടനാപ്രവര്‍ത്തന ത്തിന്റെ ചുരുക്കം ആ പ്രസ്താവനയില്‍ നിന്നു ലഭിക്കുകയാല്‍ അതിവിടെ പകര്‍ത്തുന്നു; ' ഭാരതാരാമം' ദ്വൈവാരികയുടെ ഒരു 'ഹരിജന - ഗിരിജന സപ്ലിമെന്റ്' പ്രസിദ്ധീകരിക്കു കയായിരുന്നു ഞങ്ങളുടെ ആദ്യത്തെ ചുവടുവെപ്പ്. ശ്രീ അയ്യന്‍ കാളിയുടെ പേരില്‍ ഒരു 'സ്മാരകോപഹാരം' പൊതുജനങ്ങള്‍ക്ക് കാഴ്ചവെക്കുകയായിരുന്നു ഞങ്ങളുടെ മറ്റൊരു ലക്ഷ്യം. ഹരിജനങ്ങളേയും ഗിരിജനങ്ങളേയും പ്രതിനിധാനം ചെയ്യുന്ന മേല്‍പറ യപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ ബുദ്ധിജീവികളുടേയും പ്രമുഖ പത്രങ്ങളുടേയും പ്രശംസക്കു പാത്രമായി. മൂന്നാമത്തെ പടിയിലേക്ക് ഞങ്ങളിതാ കടക്കുകയാണ്.

ഭാരതത്തിലെ ഹരിജന - ഗിരിജന - പിന്നോക്കാദിവര്‍ഗങ്ങളുടെ സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'സാമൂഹ്യചിന്തകള്‍' എന്ന ഗ്രന്ഥം, അംഗീകരിച്ച് പൊതുജന ശ്രദ്ധക്കായി, ഞങ്ങളിതാ പ്രസിദ്ധീകരിക്കുന്നു. - ബുക്ക് കമ്മിറ്റി ഹരിജന്‍സ് ഇന്റര്‍ നാഷനല്‍'. 

'ഭാരതാരാമം' മാസികയുടെ പ്രസിദ്ധീകരണം അക്കാലത്തുതന്നെ നിലച്ചിരുന്നുവെന്ന് കുന്നുകുഴി എസ് മണി പറയുന്നു.

നാഗവംശത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളത്രയും ഡോ. അംബേഡ്കറുടെ പഠനങ്ങളുടെ സ്വതന്ത്ര പരിഭാഷയാണെന്ന് സൂചിപ്പിച്ചുവല്ലോ. എല്ലാ വശങ്ങളും ശ്രദ്ധയോടെ വിശകലനം ചെയ്തിട്ടുണ്ടെന്ന വസ്തുത പരിഗണിക്കുമ്പോഴും ജയദേവന്‍ നാഗവംശപഠന ശാഖക്ക് കനത്ത സംഭാവനയാണ് നല്‍കിയിട്ടുള്ളതെന്ന് കാണാം. ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികളുടെ പരിഭാഷകള്‍ പിന്നീടാണല്ലോ പ്രസിദ്ധീകൃതമാകുന്നത്. പക്ഷെ വിശകലനത്തിലൊരിടത്തുപോലും ഡോ. അംബേഡ്കറുടെ പേര് അദ്ദേഹം പരാമര്‍ശിക്കാതിരുന്നത് വലിയൊരു പോരായ്മയാണ്. ഡോ. അംബേഡ്കറുടെ നിരീക്ഷണങ്ങളെ ഉദ്ധരിച്ചുകൊണ്ട് സ്വന്തമായി ജയദേവന്‍ ഒരു നിഗമനത്തിലെ ത്തിച്ചേരുന്നില്ല എന്നതും അംബേഡ്കറൈറ്റുകളുടെ നീരസത്തിന് വഴിവെച്ചേക്കാം.

ദാസന്മാരും, ദസ്യൂക്കളും, കിരാതന്മാരും, അസുരരും കേരളരും, പാണ്ഡ്യരുമെല്ലാം നാഗവംശത്തില്‍പ്പെടുന്നു എന്നതുള്‍പ്പെടെ ഡോ. അംബേഡ്കറെ അങ്ങേയറ്റം സ്വീകരിക്കുന്ന ജയദേവന്‍ ഒരിടത്തുപോലും വിമര്‍ശനമുന്നയിക്കുന്നില്ല എന്നതു ശ്രദ്ധേയമാണ്. 'ദ്രാവിഡ' എന്ന പദം വംശവുമായി ബന്ധപ്പെട്ടല്ല, നാഗന്മാരുടെ ഭാഷയുമായി ബന്ധപ്പെട്ടാണ് ഉതുത്തിരിഞ്ഞുവന്നതെന്ന ഡോ. അംബേഡ്കറുടെ നിരീക്ഷണം ജയദേവന്‍ വളരെ വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുപോലെതന്നെ ദ്രാവിഡ ഭാഷ (ദമിള - തമിഴ്) യില്‍ 'സരൈ' എന്ന പദംകൊണ്ടാണ് നാഗവംശത്തെ വിശേഷിപ്പിക്കുന്നതെന്നുള്ള ഡോ. അംബേഡ്കര്‍ നിരീക്ഷണത്തെ പകര്‍ത്തുന്ന ജയദേവന്‍ ഗ്രന്ഥരചനയില്‍ പാലിക്കുന്ന കൃത്യത ശ്ലാഘനീയമാണ്. നദി എന്ന അര്‍ത്ഥത്തിലാണ് നാഗം എന്ന സംജ്ഞയും ദമിള ഭാഷയിലെ സരൈ എന്ന പദവും നിഷ്പന്നമായതെന്ന ഡോ. അംബേഡ്കറുടെ നിരീക്ഷണത്തെ ഉദ്ഗ്രഥിക്കാന്‍ ജയദേവന് കഴിഞ്ഞിട്ടുണ്ട്.

ഡോ. അംബേഡ്കറുടെ നിരീക്ഷണങ്ങള്‍ക്കുപുറത്ത് ജയദേവന്‍ മറ്റ് നിരീക്ഷണങ്ങളേ യോ ഗ്രന്ഥങ്ങളേയോ ആശ്രയിച്ചിട്ടില്ല. ഇഗ്നേഷ്യസ് കാക്കനാടന്‍ പരിഭാഷപ്പെ ടുത്തി, കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിച്ച ഡോ. അംബേഡ്കറുടെ പ്രസ്തുത കൃതി സുലഭമായതിനാല്‍, അതിലുള്ള നാഗവംശചരിതം ഇവിടെ വിസ്തരിക്കേണ്ടതില്ലെന്ന് തോന്നുന്നു. ഒരു കാര്യം ഉറപ്പിക്കാം, നാഗവംശത്തേക്കുറിച്ചുള്ള ഏതൊരു പഠനവും ബാബാസാഹേബ് ഡോ. ബി ആര്‍ അംബേഡ്കറില്‍ നിന്നുമാത്രമാണ് ആരംഭിക്കുന്നത്!കല്ലറ സുകുമാരന്‍: സാധുവായ മനുഷ്യന്‍ ധീരനായ വിപ്ലവകാരി - പി ആര്‍ രാജുമോന്‍

പി ആര്‍ രാജുമോന്‍

1999 ല്‍ ഇന്നലെകളില്‍ കല്ലറസുകുമാരന്‍ എന്ന പേരില്‍ 30 പേജുകളുള്ള ഒരു ലഘുവിവരണം ഞാനെഴുതി അച്ചടിച്ചു പ്രദ്ധീകരിച്ചിരുന്നു. അതാണ് കല്ലറസുകുമാര നെക്കുറിച്ചുള്ള ആദ്യത്തെ ലേഖനമെന്നു ഞാന്‍ കരുതുന്നു. തുടര്‍ന്ന് ശ്രീ. എലിക്കളം ജയകുമാര്‍ അല്പം കുടി വിപുലമായി കല്ലറസുകുമാരന്റെ ജീവചരിത്ര ഗ്രന്ഥം പ്രസിദ്ധീകരിക്കുകയുണ്ടായി.

വൈക്കം താലുക്കിലെ വെച്ചുര്‍ വില്ലേജില്‍ കുടവെച്ചുര്‍ എന്ന കൊച്ചുഗ്രാമത്തില്‍ ഒരു കൃഷിപ്പണിക്കാരനായി ഒതുങ്ങേണ്ടിയിരുന്ന എന്നെ സാമുഹ്യ രാഷ്ട്രീയ ട്രേഡു യുണിയന്‍ മേഖലകളിലേക്കു കൈപിടിച്ചുയര്‍ത്തുകയും ഇന്‍ഡ്യന്‍ ദലിത് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി,സെന്റര്‍ ഓഫ് കേരളാ ട്രേഡ് യുണിയന്‍സ് സംസ്ഥാന പ്രസിഡന്റ്,ബഹുജന്‍ സമാജ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ സാരഥ്യം വഹിക്കുവാന്‍ എന്നെ പ്രാപ്തനാക്കുകയും ചെയ്ത എന്റെ ഗുരുനാഥനാണ് അനശ്വരനായ കല്ലറ സുകുമാരന്‍. മറ്റൊരാള്‍ പോള്‍ ചിറക്കരോടാണ്.ഈ രണ്ടു വ്യക്തിത്വങ്ങളുടേയും പാവനസ്മരണയ്ക്കു മുമ്പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. അവരോടൊപ്പം എന്റെ വളര്‍ച്ചയില്‍ എന്നെ സഹായിച്ച നുറുകണക്കായ സഹപ്രവര്‍ത്തകരോടും പതിനായിരക്കണക്കായ അനുയായികളോടും എനിക്കുള്ള നന്ദിയും കടപ്പാടും ഹ്യദയപുര്‍വ്വം അറിയിക്കട്ടെ.

ആരായിരുന്നു കല്ലറ സുകുമാരന്‍ ?

മികച്ച സംഘാടകനും, പ്രഗത്ഭ വാഗ്മിയും, സാഹിത്യകാരനും,പ്രമുഖ ദലിത് നേതാവുമായിരുന്നു. പോരാട്ടത്തിന്റെ ചരിത്രത്തിന്റെ പൊരുളറിഞ്ഞവന്‍, നാടിന്റെ ചുവരെഴുത്തുകള്‍കണ്ടവന്‍, സ്വന്തം ജനതയുടെ വികാരങ്ങള്‍ ഹ്യദയത്തില്‍ ഉള്‍ക്കൊണ്ടവന്‍, സ്വന്തം വര്‍ഗ്ഗത്തിനായി ജനിക്കുകയും ജീവിക്കുകയും ചെയ്തവന്‍ സ്വന്തം ജീവിതം വിറകുകൊള്ളിപ്പോലെ കത്തിച്ചു മറ്റുള്ളവര്‍ക്ക് വെളിച്ചം പകര്‍ന്ന മഹാന്‍.ഇതൊക്കെയാണ് എന്റെ അനുഭവത്തിലെയും ഓര്‍മ്മകളിലേയും കല്ലറ സുകുമാരന്‍. 1939 ഓഗസ്റ്റു 4 ന് ജനനം. പതിനെട്ടു വയസ്സില്‍ ആരംഭിച്ച പൊതു പ്രവര്‍ത്തനം.ഒട്ടേറെ കര്‍മ്മമണ്ഡലങ്ങള്‍ താണ്ടി നിരവധി പ്രതിസന്ധികള്‍ അതിജീവിച്ചു പട്ടികജാതി പട്ടിക വര്‍ഗ്ഗ ദലിത് ക്രൈസ്തവ പോരാട്ടങ്ങള്‍, ദലിത്- പിന്നോക്ക- മതന്യുനപക്ഷ ജനതയുടെ വിമോചന പോരാട്ടങ്ങളിലെത്തി 1996 ഒക്‌ടോബര്‍ 12 ന്‍ കാലയവനിക്കു പിന്നില്‍ മറയുമ്പോള്‍ മര്‍ദ്ദിത ജനതയുടെ ഒരു യുഗം അവസാനിക്കുകയായിരുന്നു. എല്ലാവരേയും സ്‌നേഹിക്കുവാനും ബഹുമാനിക്കുവാനും കഴിയുന്ന ഒരു നല്ല മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. അടുത്തറിഞ്ഞ കാലം മുതല്‍ ആത്മാര്‍ത്ഥതയോടെ സഹകരിക്കുകയും സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു പോന്നു.ഞാനുമായി പങ്കുവെയ്ക്കാത്ത രഹസ്യങ്ങള്‍ പോലുമില്ലായിരുന്നു ആ മനസ്സില്‍ ആഡംബരങ്ങളോ ആര്‍ഭാടങ്ങളോ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. ജന ലക്ഷങ്ങളുടെ നേതാവായി വളര്‍ന്നിട്ടും യാതൊരുവിധ ജാഡകളുമില്ലാതെ ആള്‍കുട്ടത്തിലൊരുവനായി മാത്രം അറിയപ്പെടാന്‍ താല്പര്യപ്പെട്ടിരുന്ന മഹാമനസ്‌കന്‍. വസ്ത്രധാരണങ്ങളില്‍ അലക്കിതേച്ച ഷര്‍ട്ടും മുണ്ടും മാത്രം ധരിച്ചിരുന്നു. ഭക്ഷണ കാര്യത്തില്‍ കഞ്ഞിയും കപ്പയും കാന്താരിചമ്മന്തിക്കുമപ്പുറത്തേക്ക് ചിന്തിച്ചിട്ടു പോലുമുണ്ടാകില്ല. പല നേതാക്കളും സഹപ്രവര്‍ത്തകരും നല്ല ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകള്‍ തേടുമ്പോള്‍,കല്ലറ സുകുമാരനെന്ന നേതാവ് കഞ്ഞികിട്ടുന്ന തട്ടുകട അന്വേഷിക്കുമായിരുന്നു.

സമ്മേളന സ്ഥലങ്ങളിലേക്ക് ഒരു ടാക്‌സി കാറില്‍ നേതാവ് വന്നിറങ്ങിയാല്‍ പ്രവര്‍ത്തകര്‍ക്കഭിമാനമാണത്.പണവും അവര്‍ നല്‍കും .എന്നാല്‍ കല്ലറ സുകുമാരന്‍ ലൈന്‍ ബസില്‍ വന്നിറങ്ങി കാല്‍ നടയായി സമ്മേളന വേദിയിലെത്തും.സമ്മേളനം കഴിഞ്ഞാല്‍ സ്ഥലത്തെ നല്ല ഹോട്ടലില്‍ നേതാവിനെ താമസിപ്പിക്കാന്‍ അനുയായികള്‍ തയ്യാറാണ്.പക്‌ഷേ അദ്ദേഹം പ്രവര്‍ത്തകരുടെ കുടിലില്‍ വന്ന് കഞ്ഞിയും ചമ്മന്തിയും കഴിച്ച് അവിടെയുള്ള പായില്‍ കിടന്നുറങ്ങാന്‍ മാത്രമാണി ഷ്ടപ്പെട്ടിരുന്നത്.ഏതു പ്രവര്‍ത്തകന്റേയും ഏതാവശ്യങ്ങള്‍ക്കും ഓടിയെത്തു മായിരുന്നു.എന്തെങ്കിലും കാര്യം സാധിക്കാന്‍ വരുന്നവര്‍ രണ്ടുപായക്ക്റ്റ് സിഗരറ്റാണ് കാണിക്കയായി കൊണ്ടു വരുന്നത്.

അമിതമായ പുകവലി ഒരു പരിധി വരെ ആരോഗ്യത്തെ പ്രതികുലമായി ബാധിച്ചിരുന്നു. എല്ലാവരേയും സ്‌നേഹിക്കുകയും ,വിശ്വസിക്കുകയും,ബഹുമാനിക്കുകയും ചെയ്യുന്ന എളിമയുടെ സാക്ഷാത്കാരമായിരുന്നുവെങ്കിലും ശത്രുക്കള്‍ക്കു ഒട്ടും കുറവില്ലായിരുന്നു അദ്ദേഹത്തിന്റെ അത്ഭുതകരമായിരുന്ന വളര്‍ച്ചയില്‍ ജനപിന്തുണയില്‍, പ്രശ്‌നങ്ങളെ നേരിടാനുള്ള കഴിവുകളില്‍ നേതാവായിരുന്നുവെങ്കിലും സംഘടനാ രംഗത്തുണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അസ്വസ്ഥമാക്കുമായിരുന്നു. അപ്പോഴെല്ലാം താങ്ങും തണലുമായി ഞാനും ഞാനടക്കമുള്ള ഒരു സുഹ്യദ് വലയവും അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തു പോന്നു.കേരളത്തിന്റെ സാമുഹ്യ-രാഷ്ട്രീയ ട്രേഡ് യുണിയന്‍ മേഖലകളില്‍ പ്രോജ്വലിച്ചു നിന്ന മഹാപ്രതിഭയെങ്കിലും ഇത്രയും സാധുവായൊരു നേതാവിനെ എനിക്കെവിടേയും കാണാന്‍ കഴിഞ്ഞിട്ടില്ല. രാജകീയ പ്രൗഡിയില്‍ ജീവിക്കുവാന്‍ അവസരങ്ങളുണ്ടായിരുന്നിട്ടും അതൊന്നും ആഗ്രഹിക്കാതെ എന്നും സാധാരണക്കാരനായി തുടരാനായിരുന്നു ആഗ്രഹം. നല്ലൊരു വീടു നിര്‍മ്മിക്കാനോ സംഘടനാ കാര്യങ്ങള്‍ക്ക് യഥാസമയം ഓടിയെത്താന്‍ ഒരു വാഹനം വാങ്ങുവാനോ സ്വന്തം ആണ്‍മക്കള്‍ക്ക് ഒരു ജോലി സമ്പാദിച്ചുകൊടുക്കുവാനോ കഴിയുമായിരുന്നുവെങ്കിലും സ്വന്തം കാര്യത്തെക്കുറിച്ച് ഒരിക്കല്‍ പോലും അദ്ദേഹം ചിന്തിച്ചിരുന്നില്ല. എന്നും സംഘടന, പാര്‍ട്ടി, ട്രേഡ് യുണിയന്‍ അതിലണിനിരന്ന ജനതയുടെ പ്രശ്‌നങ്ങള്‍ ഇതിനുപ്പറും മറ്റൊരു ചിന്തകളും കല്ലറസുകുമാരനു ണ്ടായിരുന്നില്ല.1981 ലാണ് ഞാനാദ്യമായി അദ്ദേഹത്തെ കണ്ടുമുട്ടുന്നത്.

ഞാന്‍ താമസിക്കുന്ന എന്റെ ഗ്രാമത്തില്‍ ഈഴവര്‍ക്കാണ് ആധിപത്യം.രണ്ടാം സ്ഥാനം ദലിതര്‍ക്കാണെങ്കിലും അവര്‍ സംഘടിതരല്ല. ഈഴവ-പുലയ സംഘട്ടനം ഇവിടെ ഒരു സ്ഥിരം സംഭവമായിരുന്നു. ഈഴവര്‍ തല്ലും ദലിതര്‍ കൊള്ളും എന്തിന് തല്ലിയെന്നുപോലും ആരും ചോദിക്കാറുമില്ല. 1981 ല്‍ ഇവിടെ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഈഴവപക്ഷത്തു ചേര്‍ന്നു.ദലിതര്‍ എല്ലാപാര്‍ട്ടികളിലുമുണ്ടെങ്കിലും പാര്‍ട്ടികള്‍ ദലിതരെ കൈവിട്ടു.പിന്നെയുള്ളത് പുലയര്‍ മഹാസഭയാണ്. അടിയെന്ന് എഴുതി കാണിച്ചാല്‍ അവര്‍ വീട്ടിലെത്തും. ഇതായിരുന്നു സ്ഥിതി. ഇവിടെ കല്ലറ സുകുമാരന്റേയും പോള്‍ ചിറക്കരോടിന്റേയും ആരാധകരായ രണ്ടു വ്യക്തികളുണ്ടായിരുന്നു.അവരോടു മറ്റു ദലിതര്‍ക്ക് പുച്ഛവുമായിരുന്നു. ഒന്ന് എന്റെ പിതാവ് പുതുവലില്‍ പി.കെ.രാഘവന്‍. (മരിച്ചുപോയി) രണ്ട് കാഥികന്‍ വൈക്കം തങ്കപ്പന്‍ (ജീവിച്ചിരിപ്പുണ്ടു) ഇവര്‍ രണ്ടുപേരും ചേര്‍ന്നു നാട്ടില്‍ നടക്കുന്ന കലാപത്തെക്കുറിച്ച് കല്ലറ സുകുമാരന്‍ നേത്യത്വം നല്‍കുന്ന കേരളാഹരിജന്‍ ഫെഡറേഷന്റെ വൈക്കം താലുക്ക് നേതാക്കളെ കണ്ട് സംസാരിക്കുകയും അവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ പഠിച്ചു.പോലീസില്‍ ബന്ധപ്പെട്ടു നാട്ടില്‍ സാമാധാനാന്തരീക്ഷമുണ്ടാക്കാനുള്ള അവസരമൊരുക്കി.

അങ്ങനെ കേരളാഹരിജന്‍ഫെഡറേഷന്റെ 482-ാം നമ്പര്‍ ബ്രാഞ്ചു കുടവെച്ചുരില്‍ രജിസ്റ്റ്ര്‍ ചെയ്തു പ്രവര്‍ത്തനമാരാംഭിക്കാനുള്ള കാര്യങ്ങള്‍ നടക്കുകയും കുറെ യുവാക്കള്‍ രംഗത്ത് വരികയും കല്ലറ സുകുമാരന്റെ പ്രസ്ഥാനമാണ് ഹരിജനങ്ങള്‍ക്കാവശ്യമെന്നു തിരിച്ചറിയുകയും അതിനായുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. വൈകാതെ തന്നെ ബ്രാഞ്ചു ഉദ്ഘാടനസമ്മേളനം തീരുമാനിച്ചു.ഏകദിന സെമിനാറും വൈകുന്നേരം റാലിയും പൊതുസമ്മേളനവും ,നോട്ടീസ്, പോസ്റ്റര്‍,വാഹന പ്രചാരണം തുടങ്ങി.ഗംഭിരമായ പരിപാടികളോടെ തുടക്കംകുറിച്ചു.രാവിലെ 10 മണിയായപ്പോള്‍ വെള്ളപോളിയ്സ്റ്റര്‍ മുണ്ടും ഷര്‍ട്ടും ധരിച്ചു കറുത്ത കട്ടിയുള്ള ഫ്രയിം,ഉണ്ട കണ്ണട ധരിച്ചു കയ്യില്‍ ഒരു വിധം വലിയ ഒരു സുട്ട്‌കെയ്‌സും തുക്കിപിടിച്ചും ഒരു കറുത്ത ചെറിയ മനുഷ്യന്‍ ഞങ്ങളുടെ മുമ്പിലെത്തി. അതാണ് കല്ലറ സുകുമാരനെന്ന് എന്റെ പിതാവു എന്നോടു വന്നു പറഞ്ഞപ്പോള്‍ എനിക്കും ത്യപ്തിയായില്ല.അരമണിക്കുര്‍ കഴിഞ്ഞപ്പോള്‍ ഇതുപോലെ തന്നെ സുട്ട്‌കെയ്‌സും പിടിച്ചു പൊക്കം കുറഞ്ഞു സാമാന്യം വണ്ണമുള്ള സുമുഖനായ ഒരു മനുഷ്യന്‍ വന്നിറങ്ങി. അതായിരുന്നു. ശ്രീ പോള്‍ ചിറക്കരോട്.വലിയ പൊക്കവും വണ്ണവും കുടവയറും, വില കുടിയ വസ്ത്രങ്ങളും ധരിച്ച് വരുന്ന മേലാളന്മാരായ നേതാക്കളെ മാത്രം കണ്ടിട്ടുള്ള ഞങ്ങള്‍ക്ക് ഈ നേതാക്കളെ അത്രയ്ക്കു കണ്ടുപിടിച്ചില്ല എന്ന സത്യം മറച്ചുവയ്ക്കുന്നില്ല. സെമിനാര്‍ ആരംഭിച്ചുകല്ലറ സുകുമാരനെന്ന കൊച്ചു മനുഷ്യന്റെ വായ് തുറന്ന് നാവിന്‍ തുമ്പില്‍ നിന്നുതിര്‍ന്നു വീണ തീപ്പൊരികള്‍ ഈ രാജ്യത്തെ ചാമ്പലാക്കാന്‍ കഴിയുന്നതാണെന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞു.

തുടര്‍ന്നു പോള്‍ ചിറക്കരോടിന്റെ ഊഴം വന്നു. സാഹിത്യകാരനായ അദ്ദേഹത്തിന്റെ കടിച്ചാല്‍ പൊട്ടാത്ത വാക്കുകളും ആയിരം അര്‍ത്ഥങ്ങളുണ്ടാക്കുന്ന വാചകങ്ങളും ഫലിതങ്ങളുമെല്ലാം ചേര്‍ന്ന തീവ്രമായ ഒരു തകര്‍പ്പന്‍ പ്രസംഗം ഞങ്ങളിലെ ഉറങ്ങിക്കിടന്ന വിപ്ലവകാരികള്‍ ഉണര്‍ന്നു.

ആവേശതിമിര്‍പ്പോടെ വൈകുന്നേരം റാലിയും പൊതു സമ്മേളനവും നടന്നു. 4 മണിക്കാരംഭിച്ച സമ്മേളനം രാത്രി 10.30 നു അവസാനിച്ചപ്പോള്‍ കേരളത്തിന്റെ മണ്ണില്‍ മര്‍ദ്ദിത ജനതയുടെ നേതാക്കള്‍ കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും മാത്രമാണെന്നു ഞങ്ങള്‍ ഉറക്കെ ഉറക്കെ പ്രഖ്യാപിച്ചു. ഇന്നലകളില്‍ ദലിതരെ ആക്രമിച്ചവരെ ഞങ്ങള്‍ തിരിച്ചാക്രമിച്ചു തുടങ്ങി. ഒടുവില്‍ ഇരുവിഭാഗങ്ങളും ഒരു ഒത്തുതീര്‍പ്പിന് വേദിയൊരുക്കി.ഇന്നു എന്റെ നാട്ടില്‍ എന്റെ ജനതയെ ആരും ആക്രമിക്കില്ല. ശക്തി സംഭരിക്കു..... തിരിച്ചടിക്കു... എന്ന ആപ്ത വാക്യം നെഞ്ചിലേറ്റി വീടുകളില്‍ നിന്നും വീടുകളിലേക്കും ഗ്രാമങ്ങളില്‍ നിന്നു ഗ്രാമങ്ങളിലേക്കും ഞാനും സുഹ്യത്തുക്കളും പ്രായാണമാരംഭിച്ചു.കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും പകര്‍ന്നു തന്ന ആശയങ്ങളുമായിഞാന്‍ വിജയകരമായി ജൈത്രയാത്ര ആരംഭിച്ചു. 1981 ല്‍ കോട്ടയം ടൗണ്‍ എല്‍.പി.എസ് ഹാളില്‍ കെ.എച്ച്.എഫിന്റെ 1000 സന്നദ്ധ സേവകര്‍ക്കായി ഒരാഴ്ചക്കാലം നീണ്ടു നിന്ന നേത്യത്വ പരിശീലന ക്യാമ്പിലും പങ്കെടുത്തുകഴിഞ്ഞപ്പോള്‍ ആരുടെ ഏതു ചോദ്യങ്ങള്‍ക്കും ഉത്തരം നല്കാന്‍ കഴിയുമെന്ന തന്റേടമുണ്ടായി. ജനങ്ങളെ സംഘടിപ്പിക്കാനും വേദികളില്‍ പ്രസംഗിക്കാനുമുള്ള എന്റെ കഴിവുകള്‍ എത്രയും വേഗം. എന്നെ നേത്യനിരകളിലേ ക്കാനയിച്ചു തുടങ്ങി. കേരള ഹരിജന്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്‍. യുവജന ഫെഡറേഷന്‍ തുടങ്ങിയ കോവളം കമലാസനന്റേയും തട്ടയില്‍ രാമചന്ദ്രന്റേയും നേത്യത്വത്തിലുണ്ടായിരുന്ന സംഘടനകള്‍ കുടി കെ.എച്ച്.എഫിനെ മാത്യസംഘട നയായി അംഗീകരിച്ചപ്പോള്‍ കെ.എച്ച്.എഫ്. ഒരു വന്‍ ശക്തിയായി വളര്‍ന്നു.

1983 ല്‍ ഗുരുവായുര്‍ ക്ഷേത്ര ഊട്ടുപുരയില്‍ ബ്രാഹ്മണനായിരുന്നിട്ടും പുണുലില്ലായെന്ന കാരണത്താല്‍ സ്വാമി ആനന്ദ തീര്‍ത്ഥ,മര്‍ദ്ദനമേറ്റ സംഭവം അറിഞ്ഞയുടന്‍ കല്ലറ സുകുമാരന്റെ നേത്യത്വത്തില്‍ ഒരു പ്രതിഷേധ ജ്വാല ഉയര്‍ന്നു. തിരുവന്തപുരത്തു ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും 101 സന്നദ്ധഭടന്മാരേടൊപ്പം ഗുരുവായുരി ലേക്ക് നടത്തിയ ഐതിഹാസികമായ മാര്‍ച്ചാണു അയിത്താചാര വിരുദ്ധ തീര്‍ത്ഥാടന പദയാത്ര. ബ്രാഹ്മണര്‍ക്കു മാത്രമായി നടത്തുന്ന നമസ്‌കാര സദ്യ അവസാനിപ്പിച്ചേ ഞങ്ങള്‍ മടങ്ങു എന്നു പ്രഖ്യാപിച്ചു കൊണ്ടു വടക്കോട്ടു നീങ്ങിയ സമരജാഥയ്ക്കു എസ്.എന്‍.ഡി.പി.യോഗം, എസ്.ആര്‍.പി.തുടങ്ങിയ പ്രസ്ഥാനങ്ങള്‍ പിന്തുണ നല്‍കുകയും ആവശ്യമായ സഹായസഹകരണങ്ങള്‍ ചെയ്തുതരികയും ചെയ്തപ്പോള്‍ സമര ജ്വാല ആളിപ്പടര്‍ന്ന് കര്‍ണ്ണാടക-തമിഴ്‌നാടു ആന്ധ്രാ സംസ്ഥാനങ്ങളിലെ പ്രമുഖ ദലിത് നേതാക്കളും കേരളത്തിലെത്തി ഈ അയിത്താചാര വിരുദ്ധസമരത്തിനു പിന്തുണ നല്കിയതോടെ വാര്‍ത്താമാധ്യമങ്ങളില്‍ കല്ലറസുകുമാരനെന്ന നേതാവു തിളങ്ങി. വിശ്വഹിന്ദു പരിഷത്ത് വിശാലഹിന്ദു സമ്മേളന്‍, ആര്‍.എസ്.എസ്.തുടങ്ങിയ സംഘടനകള്‍ എതിര്‍ക്കുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും അവരൊക്കെ ഈ സമരത്തെ അനുകുലിക്കുക മാത്രമല്ല പ്രമുഖ ക്ഷേത്രങ്ങളില്‍ കല്ലറ സുകുമാരന് പുര്‍ണ്ണ കുംഭം നല്കി സ്വീകരിക്കുകയായിരുന്നു.

കെ.എച്ച്.എഫും കല്ലറസുകുമാരനും കേരളത്തിനകത്തും പുറത്തും ചര്‍ച്ചാവിഷയമായി മാറുകയും പത്രമാധ്യമങ്ങള്‍ അത്മാര്‍ത്ഥമായി സഹായിക്കുകയും ചെയ്തപ്പോള്‍ കല്ലറ സുകുമാരന്റെ യശസ്സ് വാനോളം ഉയരുകയായിരുന്നു. കല്ലറ സുകുമാരനും പേരും പ്രശസ്തിയും ഉണ്ടാക്കുമെന്നു തിരിച്ചറിഞ്ഞ പട്ടികജാതി സംഘടനകള്‍ ചില തറ വേലകള്‍ കാണിക്കാനും മടിച്ചില്ല. ഹരിജന്‍ സമാജം പ്രസിഡന്റ് എം.കെ. കുഞ്ഞോലിന്റെ നേത്യത്വത്തില്‍ കല്ലറ സുകുമാരനും കുടെ വരുന്ന ജാഥാ അംഗങ്ങളും അവശ ക്രിസ്ത്യാനികളാണെന്നും അവരെ അമ്പലത്തില്‍ പ്രവേശിപ്പിക്കരുതെന്നുള്ള അച്ചടിച്ച നോട്ടീസുകള്‍ ത്യശ്ശുര്‍ ജില്ലയിലുട നീളം വിതരണം ചെയ്തു. എന്നാല്‍ ഒരു ഹൈന്ദവ സംഘടനകളും അതു ചെവിക്കൊണ്ടില്ല.കല്ലറ സുകുമാരന്റെ ആവശ്യം ന്യായമാണെന്നു മനസ്സിലാക്കിയ ഗുരുവായുര്‍ ദേവസ്വം ബോര്‍ഡും അടിയന്തിരമായി കുടി സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാനും ബ്രാമണര്‍ക്കുമാത്രമായുള്ള നമസ്‌കാര സദ്യ അവസാനിപ്പിക്കാമെന്നു തീരുമാനിക്കുകയും 1983 ഫെബ്രുവരു 13ന് രാവിലെ ഗുരുവായുര്‍ ക്ഷേത്രാങ്കണത്തിലെത്തിയ കല്ലറ സുകുമാരനേയും ജാഥാ അംഗങ്ങളേയും ദേവസ്വം ബോര്‍ഡിന്റെ നേത്യത്വത്തില്‍ പൂര്‍ണ്ണകുംഭം നല്കി സ്വീകരിച്ചാനയിച്ച് ഊട്ടുപുരയില്‍ കൊണ്ടു ചെന്നു ബ്രാഹ്മണര്‍ക്കൊപ്പമിരുത്തി ഭക്ഷണം നല്‍കിയപ്പോള്‍ 500 ഓളം വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു അനാചാരമാണ് അവസാനിക്കപ്പെട്ടത്. ഗുരുവായുരപ്പന്റെ ഭക്തനും എല്ലാ മലയാളമാസം 1-ാം തീയതിയും ഗുരുവായുരില്‍ ദര്‍ശനം നടത്തുന്ന കേരളത്തിന്റെ അന്നത്തെ മുഖ്യമന്ത്രി ശ്രീ.കെ.കരുണാകരന്‍ പോലും അന്നാദ്യമായാണ് ഊട്ടുപുരയില്‍ കാല്‍കുത്തിയത്.

ഗാന്ധിജി തോറ്റിടത്ത് കല്ലറ സുകുമാരന്‍ വിജയിച്ചു എന്നാണ് ഇംഗ്ലീഷ് പത്രങ്ങള്‍ പോലും എഴുതിയത്.കല്ലറ സുകുമാരനെ നേതാവാക്കി വളര്‍ത്തിയ ഏറ്റവും പ്രാധാന സമരമാണിത്.ഈ സമരത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ അംഗരക്ഷകനും, ജാഥാ അംഗങ്ങളുടെ ലീഡറുമായിരുന്നു. കല്ലറ സുകുമാരന്റെ ദൗത്യം വിജയിപ്പിക്കാന്‍ സഹായിച്ചവരില്‍ എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റായിരുന്ന ശ്രീ.എം.കെ. രാഘവന്‍ വക്കീല്‍, എസ്..ആര്‍.പി.നേതാവ് ശ്രീ.കെ.വി.വാസുദേവന്‍ എന്നിവരെ ഒരിക്കലും വിസ്മരിക്കാനാവില്ല.

കല്ലറ സുകുമാരന്‍ ഒരു നേതാവായി വളര്‍ന്ന് തുടര്‍ന്ന് അവശ ക്രൈസ്തവ പ്രശ്‌നങ്ങള്‍ക്കുവേണ്ടി ബിഷപ്പ് ഹൗസ് മാര്‍ച്ച്, ആദിവാസികളുടെ അന്യാധീനപ്പെട്ട ഭുമിക വേണ്ടിയുള്ള ആദിവാസി മാര്‍ച്ച്, ജാതി വിരുദ്ധ ജാഥ തുടങ്ങി കേരളത്തില്‍ അനാചരങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ കല്ലറ സുകുമാരന്റെ നേത്യത്വത്തില്‍ എണ്ണമറ്റ പ്രക്ഷോഭസമരങ്ങള്‍ അരങ്ങു തകര്‍ത്തുകയുണ്ടായി. ഇത്രയേറെ സെമിനാറുകളും സിമ്പോസിയങ്ങളും,സമരങ്ങളും, മാര്‍ച്ചുകളും നടത്തിയ ഒരു സംഘടനയും കേരളത്തിലുണ്ടാകില്ല. ഏതു വിഷയങ്ങളെയും അപ്പോള്‍ തന്നെ പ്രതികരിക്കുന്ന പ്രതികരണ ശേഷിയുള്ള കരുത്തനായ നേതാവായിരുന്നു കല്ലറ സുകുമാരന്‍ ഹരിജനെന്ന പദം ഉപേക്ഷിച്ചു ദലിത് എന്ന പദം സ്വീകരിച്ചു. കെ.എച്ച്.എഫ്. എന്ന സംഘടന ഇന്‍ഡ്യന്‍ ദലിത് ഫെഡറേഷനുമായി മര്‍ദ്ദിത ജനതയുടെ പ്രശ്‌നം ഗൗരവമായ രാഷ്ട്രീയ പ്രശ്‌നമാണെന്ന അംബേദ്കറുടെ ആശയം അംഗീകരിച്ചു കൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും രുപം നല്‍കാന്‍ തീരുമാനിക്കുകയും ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി 1983 ഏപ്രില്‍ 20ന് ഇന്‍ഡ്യന്‍ ലേബര്‍ പാര്‍ട്ടി എന്ന രാഷ്ട്രീയ പാര്‍ട്ടി രുപീകരിച്ചു.

രാഷ്ട്രീയ പാര്‍ട്ടി രുപീകരിച്ചപ്പോള്‍ സംഘടനയില്‍ നെല്ലും പതിരും തിരിയുന്നതു പോലൊരു മാറ്റം സംഭവിച്ചു. മറ്റു പല പാര്‍ട്ടികളില്‍ നിന്നും വിട്ടു നില്‍ക്കാനാവാത്ത കുറെ നേതാക്കളും പ്രവര്‍ത്തകരും ഐ.ഡി.എഫ് വിട്ടുവെങ്കിലും ഐ.എല്‍.പി.എന്ന തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയ പാര്‍ട്ടി കേരളത്തിലെല്ലാ ഗ്രാമങ്ങളിലേക്കും വേരോടി. തൊഴിലാളികളെ തൊളിലാളികള്‍ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെന്ന പേരില്‍ ഏറെ പ്രസക്തി നേടി.തെരെഞ്ഞെടുപ്പു വേദികളില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കാന്‍ കഴിഞ്ഞു. അധികാരത്തിലെത്താനായില്ലെങ്കിലും അടിത്തട്ടു ജനതയെ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ ഐ.എല്‍.പിക്കു. കഴിഞ്ഞുവെന്നതു നിസ്സാരമല്ല.കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും നേത്യത്വം നല്‍കുന്ന IDF, CKTU, ILP, എന്നീ മുന്നു പ്രസ്ഥാ നങ്ങള്‍ കേരളക്കരയിലെ അയിത്തജാതിക്കാരുടെ മര്‍ദ്ദിത ജനതയുടെ വിമോചന സമര സംഘടനകളായി വളര്‍ന്നുവന്നു. 1995-ല്‍ കേരളത്തിലെ മികച്ച ദലിത് നേതാവും സാഹിത്യകാരനും എന്ന പേരില്‍ കല്ലറ സുകുമാരനും ഭാരതീയ ദലിത് സാഹിത്യ അക്കാഡമിയുടെ അംബേദ്കര്‍ ഫെല്ലോഷിപ്പ് ലഭിച്ചു.കേരളത്തിലും ഇന്‍ഡ്യയിലും ഇന്നോളം ദലിതര്‍ക്കുവേണ്ടി രചിച്ചിട്ടുള്ള ദലിത് സാഹിത്യ ഗ്രന്ഥങ്ങള്‍ ശേഖരിക്കുകയും ,ദലിത് സാഹിത്യകാരന്‍മാരെ സംഘടിപ്പിച്ച് ദലിത് സാഹിത്യ സംഘം രുപീകരിക്കുകയും ചെയ്തു. 

കോട്ടയം തിരുനക്കര മൈതാനിയില്‍ നടന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ ദലിതരുടെ ചരിത്ര ഗ്രന്ഥങ്ങള്‍ പ്രദര്‍ശിപ്പിച്ചു ദലിത് സാഹിത്യകാരന്‍മാരെ വിളിച്ചു പൊന്നാട അണിയിച്ചു സ്വീകരിച്ചു. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന IDF ന്റെ മഹാസമ്മേളനത്തില്‍ കേരളാ ഹിസ്റ്ററി കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീ.എന്‍.കെ. േജാസിനെ പൊന്നാടയണിയിച്ച് സ്വീകരിക്കുകയും ദലിത് ബന്ധു എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ഇന്നും അദ്ദേഹം അറിയപ്പെടുന്നത് ദലിത് ബന്ധു എന്‍.കെ. ജോസ് എന്ന പേരിലാണ്. ഹരിജന്‍ പ്രശ്‌നങ്ങളില്‍ ഒരഭിവീക്ഷണം മുതല്‍ വിമോചനത്തിന്റെ അര്‍ത്ഥ ശാസ്ത്രം വരെ 20 ലേറെ ഗ്രന്ഥങ്ങള്‍ രചിച്ചു. അച്ചടിച്ചു പ്രസിദ്ധീകരിച്ചു കേരളത്തിലെ ദലിതര്‍ക്കു സമ്മാനിച്ചു. ഇന്ന് കേരളത്തിലെ മുഴുവന്‍ ദലിത് നേതാക്കളും പ്രസംഗിക്കുന്നതും സംസാരിക്കുന്നതും കല്ലറ സുകുമാരന്റെ ക്യതികളിലെ വാചകങ്ങള്‍ മാത്രമാണെന്നു പറഞ്ഞാല്‍ അതു തികച്ചും നുറു ശതമാനവും സത്യവുമാണ്. ദലിത് സംഗമങ്ങള്‍സംഘടിപ്പിച്ചു ദലിത് നേതാക്കളെ വിളിച്ചു വരുത്തി ദലിതര്‍ക്ക് ഒറ്റ സംഘടന എന്ന ആശയത്തിനുവേണ്ടി പലഘട്ടങ്ങളിലും കല്ലറ സുകുമാരന്‍ വീട്ടുവീഴ്ചകള്‍ക്കു തയ്യാറായിട്ടുണ്ട്. പ്രയോജനമുണ്ടായിട്ടില്ല കേരളക്കരയില്‍ ഡോ.അംബേദ്കര്‍ എന്ന പദവും ആരായിരുന്നു ഡോ. അംബേദ്കര്‍ എന്നും എന്താണ് അംബേദ്കറുടെ ആശയങ്ങളെന്നും പ്രചരിപ്പിച്ച ആദ്യ ദളിത് നേതാവ് കല്ലറ സുകുമാരനാണ്. അംബേദ്കര്‍ ആശയങ്ങളുടെ പ്രചുര പ്രചാരകന്‍ അദ്ദേഹമാണ്. അതിനുശേഷമാണ് പല നേതാക്കളും സംഘടനകളും അംബേദ്കറെ അറിയുന്നത്.

ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ പുരോഗമിച്ചുകൊ ണ്ടിരിക്കുമ്പോഴും ദേശീയ തലത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കാന്‍ഷിറാം നേത്യത്വം നല്‍കുന്ന ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ വളര്‍ച്ചയും കല്ലറ സുകുമാരനും സഹപ്ര വര്‍ത്തകരും വീക്ഷിച്ചുകൊണ്ടിരുന്നു. ഐ.എല്‍.പി.യുടെ ആശയങ്ങളുമായി യോജിക്കുന്ന ബി എസ് പി എന്ന ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനെ ക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ കല്ലറ സുകുമാരന്‍ ബാഗ്ലുരില്‍ ചെന്ന് കാന്‍ഷിറാംനെ കണ്ടു സംസാരിച്ചു. ILP, BSPയില്‍ ലയിപ്പിച്ചു കൊണ്ട് കേരളത്തില്‍ ആടജയില്‍ പ്രവര്‍ത്തനമാരംഭിക്കാമെന്നു സമ്മതിക്കുകയും 1989 ഓഗസ്റ്റ 15 നു തിരുവനന്തപുരം ബാങ്ക് എംപ്ലോയിസ് യുണിയന്‍ ഹാളില്‍ നടന്ന സമ്മേള നത്തില്‍ ILP,ആടജ യില്‍ ലയിച്ചതോടെ കല്ലറ സുകുമാരന്‍ രുപം നല്‍കിയ പ്രസ്ഥാനവും അനുയായികളും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറി. വൈകാതെ തന്നെ പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാ കമ്മിറ്റികള്‍ രുപീകരിച്ചു സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു. ഐ.എല്‍.പി.യുടെ കല്ലറ സുകുമാരനും കേരള ചേരമര്‍ സംഘ ത്തിന്റെ ചാമക്കാല്‍ രാജപ്പന്‍വിശ്വകര്‍മ്മാ മഹാസഭയുടെ കെ. വാസുദേവന്‍ ദലിത് ക്രിസ്റ്റ്യന്‍ ഫെഡറേഷന്റെ വി.സി.മത്തായി എന്നീ നാലുപേര്‍ കണ്‍വീനര്‍മാരായി ഞാനടക്കമുള്ളവര്‍ കമ്മിറ്റിയംഗങ്ങളായും BSP കേരളത്തില്‍ പടയോട്ടമാരംഭിച്ചു. തുടര്‍ന്ന് കല്ലറ സുകുമാരാന്‍ പ്രസിഡന്റും, ഹാജി മൊയ്തീന്‍ ഷാ ജനറല്‍ സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിച്ചു. കല്ലറ സുകുമാരന്റെ ജനപിന്തുണയും നേത്യത്വ പാടവവും കണ്ടു അസുയാലുക്കളായ ഭാഗ്യാന്വേഷികളായ പുതിയ നേതാക്കള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പാര്‍ട്ടിക്കുള്ളുല്‍ ഗ്രുപ്പു കളിയാരംഭിച്ചു. കല്ലറ സുകുമാരനെ ഒഴിവാക്കുവാനും കല്ലറ സുകുമാരന്‍ നേത്യത്വം നല്‍കിയ ഐ.ഡി. എഫിനെ തകര്‍ക്കാനും CKTU വിനെ ആടജയോടൊപ്പം നിര്‍ത്താനുമുള്ള കുതന്ത്രങ്ങളുടെ ഭാഗമായി പാര്‍ട്ടിയിലും IDFലും വിള്ളലുകള്‍ സ്യഷ്ടിച്ചു. 30 വര്‍ഷക്കാലം ഒരു മനസ്സോടെ നിന്ന കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും രണ്ടു ചേരികളിലായി ആദ്യം ഐ.ഡി.എഫിനെ പിളര്‍ത്തി. അന്നാദ്യമായി കല്ലറ സുകുമാരന്‍ ഹ്യദ്രോഹിയായി ആശുപത്രിയിലായി, പലരും കല്ലറ സുകുമാരന്റെ അന്ത്യം കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍ അദ്ദേഹത്തിനുവേണ്ടി എത്ര പണം മുടക്കേണ്ടി വന്നാലും ജീവന്‍ രക്ഷിച്ചെടുക്കണമെന്ന വാശിയില്‍ ഞാനും എന്റെ സുഹ്യത്തുക്കളും ഊണുമുറക്കവും ഉപേക്ഷിച്ച് അദ്ദേഹത്തോടൊപ്പം നിന്നു. നുറുപേരുടെ പോലും പിന്തുണയില്ലാത്ത ചില നേതാക്കള്‍ കേന്ദ്ര ബന്ധമുപയോഗിച്ച് കല്ലറ സുകുമാരനെ ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടത്തിയപ്പോഴൊക്കെ ജനങ്ങളെ അണി നിരത്തി ഞങ്ങള്‍അതിനെയൊക്കെ നേരിട്ട് വിജയം കൈവരിച്ചുവെങ്കിലും സംഘടനയിലും പാര്‍ട്ടിയിലും യുണിയനിലുമെല്ലാം ഗ്രുപ്പുകളുണ്ടായി. ഏകോദര സഹോദരങ്ങളെപ്പോലെ കഴിഞ്ഞ പ്രവര്‍ത്തകര്‍ ശത്രുക്കളായി മാറി. 4 പതിറ്റാണ്ടുകള്‍ സത്യസന്ധമായും നിഷ്‌കളങ്കമായും ധീരമായും കല്ലറ സുകുമാരന്‍ നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങള്‍ ബി.എസ്.പി. ബന്ധം തിരിച്ചടിയായി മാറിയെന്നതാണ് സത്യം. ഇന്ന് ബി എസ് പി കല്ലറ സുകുമാരന്റെ അനുയായികള്‍ക്കും പ്രവര്‍ത്തകര്‍ക്കും അന്യമായിരിക്കുന്നു. എവിടെ നിന്നോ വന്ന ആരുടെയൊക്കെയോ കൈകളിലാണ് ബി. എസ്.പി. അതുകൊണ്ട് തന്നെ അതിന്റെ ഭാവിയും കേരളത്തില്‍ അവസാനിച്ചിരിക്കുന്നു.ഇത്തരം സംഭവങ്ങള്‍ കല്ലറ സകുകുമാരനെ മാനസികമായി തളര്‍ത്തിയിരുന്നു.1996 ഒക്‌ടോബര്‍ 12 ന് ആ മഹാരഥന്‍ ഹ്യദ്രോഗം മുലം കാലയവനികയുടെ പിന്നില്‍ മറയുമ്പോള്‍ തകര്‍ന്നടിഞ്ഞത് ഒരു ജനതയുടെ സ്വപ്നങ്ങളായിരുന്നു. മര്‍ദ്ദിത ജനതയ്ക്കായി സാമുഹിക സംഘടനയും ട്രേഡ് യുണിയന്‍ പ്രസ്ഥാനവും, രാഷ്ട്രീയ പാര്‍ട്ടിയും സാഹിത്യ സംഘവും രുപീകരിച്ചു സെമിനാറുകളും പഠനക്ലാസുകളും സമ്മേളനങ്ങളും സമരങ്ങളും കൊണ്ടു കേരളത്തെ ഇളക്കി മറിച്ച മര്‍ദ്ദിത ജനതയെ ബോധവല്‍ക്കരിച്ച അസംഘടിതരെ സംഘടിപ്പിച്ച ജനനേതാവായ കല്ലറസുകുമാരനെന്ന സുര്യന്‍ അസ്തമിച്ചുവെങ്കിലും അദ്ദേഹം രചിച്ച പുസ്തക ങ്ങളിലുടേയും അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടവരിലുടെ അദ്ദേഹം ഇന്നും ജീവിക്കുന്നു.

അണയുകയില്ലൊരു നാളും 
അടിമതന്‍ ചിന്തയില്‍
ആളിപ്പടരുമീ അഗ്നിജ്വാല