"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 27, വെള്ളിയാഴ്‌ച

ഇ. കണ്ണന്‍ (Ex. M.L.A) ഒരു അനുസ്മരണം - പി ഭരതന്‍


മലബാര്‍ പ്രദേശത്ത് പട്ടിക വിഭാഗങ്ങള്‍ക്ക് എതിരെ നടന്ന സവര്‍ണ്ണ അതിക്രമ ങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും എതിരെ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് സവര്‍ണ്ണ മാടമ്പിമാരെയും പോലീസ് അധികാരികളെയും നേരിട്ട് പട്ടികജാതി വിഭാഗങ്ങളെ സംഘടിപ്പിച്ച നേതൃകൂട്ടങ്ങളുടെ അനിഷേധ്യ നേതാവായിട്ടാണ് ഇ. കണ്ണന്‍ എന്ന വ്യക്തിയെ ഞാന്‍ പരിചയപ്പെടുന്നത്. അറുപതുകളുടെ ആരംഭത്തില്‍ ഞാന്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഒരു സമയമായിരുന്നു അത്. 

കോഴിക്കോട് താലൂക്ക് എലത്തൂര്‍ വില്ലേജില്‍ പുത്തൂര്‍ അംശത്തെ ഇരുനിലമാളികയില്‍ ജീവിച്ച അദ്ദേഹം സാമൂഹ്യദ്രോഹികള്‍ക്ക് ഒരു പേടി സ്വപ്നമായിരുന്നു. സംസ്ഥാന ത്തിന്റെ വിവിധഭാഗങ്ങളിലും ജില്ലയിലെവിടേയും പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ഏതുതരം ആക്രമങ്ങളും അദ്ദേഹത്തിന്റെ ഒരെഴുത്തുകൊണ്ടോ ഒരു ടെലിഫോണ്‍ വിളികൊണ്ടോനിര്‍ത്തലാക്കിയ സംഭവങ്ങള്‍ ഇന്നു നാട്ടുകാരില്‍ പലരും കൃതജ്ഞതയോടെ സ്മരിക്കുന്നു. 

മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന പഴയ മലബാറില്‍ നിന്നുള്ള അഭ്യസ്ത വിദ്യനും പട്ടികജാതിക്കാരനുമായ ഇ. കണ്ണന്‍ മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സിലി ലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. സംഭവബഹുലമായ കണ്ണേട്ടന്റെ തുടര്‍ന്നുള്ള ജീവിതത്തില്‍ ബോംബെ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ഡോ. ബി.ആര്‍. അംബേദ്ക്കറുമായി ബന്ധപ്പെടുന്നതിന് കഴിഞ്ഞു. ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ്സിന്റെ നേതാക്കളുമായും മുഹമ്മദ് അലി ജിന്നയുമായും സൗഹൃദം സ്ഥാപിച്ച് ഒപ്പം പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം കണ്ണേട്ടന് ഉണ്ടായി. 

ശ്രീ. കണ്ണേട്ടനോടൊപ്പം പ്രവര്‍ത്തിച്ച കാലയളവില്‍ കണ്ണേട്ടന്‍ അയയ്ക്കുന്ന കത്തുകള്‍ പോസ്റ്റ് ഓഫീസില്‍ നിക്ഷേപിക്കുന്നതും കണ്ണേട്ടനു വരുന്ന കത്തുകള്‍ പുതിയങ്ങാടി പോസ്റ്റ് ഓഫീസില്‍നിന്നും വാങ്ങികൊണ്ടുവന്ന് ഏല്പിക്കുന്നതുമായിരുന്നു എന്റെ ഡ്യൂട്ടി. ദേശീയ രാഷ്ട്രീയത്തിലെ അതികായന്മാരായിരുന്ന ഡോ. രാജേന്ദ്ര പ്രസാദ്, നെഹ്രു, രാജഗോപാലാചാരി, എം.എ. ഗെയ്കവാദ്, ആര്‍. പ്രസാദ്, ടി.ടി. കൃഷ്ണമാചാരി, ജയപ്രകാശ് നാരായണ്‍, ശ്രീ. പ്രകാശം, ആര്‍. വെങ്കിട്ടരാമന്‍, ഭഗവാന്‍ സഹായി എന്നിവരുമായി നിരന്തരം കണ്ണേട്ടന്‍ എഴുത്തുകളില്‍ കൂടി ബന്ധപ്പെട്ടി രുന്നു. പക്ഷേ, കണ്ണേട്ടന്റെ പ്രസ്തുത ബന്ധങ്ങള്‍ നാട്ടുകാര്‍ക്ക് അജ്ഞാതമായി രുന്നു. എന്നാല്‍ ദേശീയ നേതാക്കള്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും കണ്ണേട്ടന്‍ ഒരു വി.ഐ.പി. ആയിരുന്നു. കോഴിക്കോട്ട് ജില്ലാ കളക്ടര്‍, സൂപ്രണ്ട് ഓഫ് പോലീസ് തുടങ്ങിയ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഖദര്‍ ജുബ്ബയും ഒറ്റ മുണ്ടും ധരിച്ചുവന്ന ഈ ഗാന്ധിയെ സ്വീകരിച്ചിരുന്നത് ഇരിപ്പടങ്ങളില്‍ നിന്നും എഴുന്നേറ്റ് നിന്ന് വിനീതരായിട്ടാണ്.

എന്നെ വളരെ വിസ്മയിപ്പിച്ച ഒരു സംഭവം ഇന്നും എന്റെ ഓര്‍മ്മയില്‍ ഉണ്ട്. പി.ടി. ചാക്കോ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് പോലീസ് വെരിഫിക്കേഷന്‍ എന്ന പീഢനം മൂലം സര്‍ക്കാരില്‍ നിന്നും ലഭിച്ച ജോലി നഷ്ടപ്പെട്ട ഞാന്‍ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ കോണ്‍ഗ്രസ്സ് നേതാവ് പ്രഭാകര കുറുപ്പിനെ ചെന്നു കണ്ടു. അദ്ദേഹം എനിക്ക് ഒരു എഴുത്ത് തന്നിട്ട് ഇതുമായി കണ്ണേട്ടനെ കാണാന്‍ പറഞ്ഞു. കത്തുമായി ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹത്തിന്റെ വീടിന്റെ മുന്നിലുള്ള പാടത്തു നിലം ഉഴുതുകൊണ്ട് നില്ക്കുകയായിരുന്നു കണ്ണേട്ടന്‍. ഒരു കൗപീനവും തോര്‍ത്തും മാത്രമായിരുന്നു വേഷം. ഈ സമയം പൈജാമയും കുര്‍ത്തയും ധരിച്ച മുന്നൂപേര്‍ കണ്ണേട്ടനെ കാണാനായി പാടത്തിന്റെ വരമ്പത്ത് നില്പ്പുണ്ടായിരുന്നു. കലപ്പയും പിടിച്ച് നിലം ഉഴുതുകൊണ്ടിരുന്ന കണ്ണേട്ടന്‍ പറമ്പിനരികിലേയ്ക്ക് വന്നു. പ്രഭാകര കുറുപ്പ് പറഞ്ഞിട്ടാണ് ഞാന്‍ വന്നതെന്നു പറഞ്ഞപ്പോള്‍ വരമ്പില്‍ നിന്ന കര്‍ത്താ വേഷധാരിയോട് ഹിന്ദിയില്‍ എന്തോ പറഞ്ഞപ്പോള്‍ അദ്ദേഹം കലപ്പ കണ്ണേട്ടന്റെ കയ്യില്‍ നിന്നും വാങ്ങുകയും അടുത്തുള്ള തോട്ടില്‍ നിന്നും വെള്ളമെടുത്ത് ശരീരശുദ്ധി വരുത്തി എന്റെ അടുത്തേക്ക് വന്നു. ആ സമയമത്രയും കുര്‍ത്താ വേഷധാരി കല്പ്പയും പിടിച്ചുകൊണ്ട് അവിടെതന്നെ നില്‍ക്കുകയായിരുന്നു. എന്റെ കത്ത് വാങ്ങിയിട്ട് അവരെ സംസാരിച്ച്‌യാത്രയാക്കി. എന്നോട് വിവരങ്ങളും ആരാഞ്ഞു. എന്റെ പ്രശ്‌നം പരിഹരിക്കാമെന്ന്ഉറപ്പ് തന്നു. അങ്ങനെയാണ് ഞാന്‍ ഗവര്‍ണരുടെ പ്രത്യേക പുനരന്വേഷണം വഴി ജോലിയില്‍ പ്രവേശിച്ചത്. അന്ന് ഞാന്‍ കണ്ണേട്ടനെ കാണാന്‍ ചെന്നപ്പോള്‍ കണ്ണേട്ടന്‍ കലപ്പ കൈമാറിയത് ഒരു കേന്ദ്രസഹമന്ത്രിയായിരുന്ന ആളുടെ കൈകളിലേയ്ക്കായിരുന്നു എന്ന് ഞാന്‍ പിന്നീടാണ് അറിയുന്നത്. ആ സംഭവം ഇപ്പോഴും എന്നെ വിസ്മയിപ്പിക്കുന്നതാണ്. 

കേന്ദ്രസര്‍ക്കാരില്‍ അത്രമാത്രം സ്വാധീനവും ദേശീയ നേതാക്കളില്‍ അടുപ്പവും മലബാറിലെ പട്ടിക വിഭാഗങ്ങളുടെ ഇടയില്‍ നിര്‍ണ്ണായക സ്വാധീനവും ഉണ്ടായിരുന്ന കണ്ണേട്ടനെ കോണ്‍ഗ്രസ്സ് നേതൃത്വം തമസ്‌ക്കരിച്ചത് അദ്ദേഹം ഒരു പട്ടികജാതിക്കാരനായതുകൊണ്ട് മാത്രമാണ്. കണ്ണേട്ടനോടൊപ്പമുള്ള എന്റെ പ്രവര്‍ത്തനമാണ് എന്നിലെ പട്ടികജാതി സ്വത്വബോധം രൂപപ്പെടുത്തിയത് എന്ന് നിസംശയം പറയാം. മലബാറിലെ എക്കാലത്തേയും അധഃസ്ഥിത നേതൃത്വങ്ങളായ സര്‍വ്വശ്രീ. എം. രാമുണ്ണി (എക്‌സ്. എം.എല്‍.എ.), കെ.എം. രാമന്‍, കെ. ഗോപാലന്‍ മാസ്റ്റര്‍, ഇ.റ്റി. ബലറാം എന്നിവരുമായി ഒരു നല്ല ബന്ധം സ്രഷ്ടിക്കുവാന്‍ കഴിഞ്ഞതിലും കണ്ണേട്ടന്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. 

പി ഭരതന്‍


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ