"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 29, ഞായറാഴ്‌ച

സ്റ്റീഫന്‍ അച്ചന്‍ - പുത്തൂര്‍ ശാന്തമ്മസ്റ്റീഫന്‍ അച്ചന്‍ ജനിക്കാതിരുന്നെങ്കില്‍ ജീവിക്കാതിരുന്നെങ്കില്‍ പ്രവര്‍ത്തിക്കാ തിരുന്നെങ്കില്‍ ദലിത് ക്രൈസ്തവര്‍ ഇന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളും ഒരു ശതമാനം ഉദ്യോഗസംവരണവുംഅവര്‍ക്ക് ലഭിക്കില്ലായിരുന്നു. റവ. പുത്തൂര്‍ എന്‍. സ്റ്റീഫന്‍ എന്ന സ്റ്റീഫന്‍ അച്ചന്റെ ജീവിതം, സഭ, സാമൂഹിക, രാഷ്ട്രീയ, സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവ ആധുനീക സാഹചര്യത്തില്‍ പഠിച്ച് നമുക്ക് പ്രാവര്‍ത്തികമാക്കേണ്ടതായിട്ടുണ്ട്.

നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് പുത്തൂര്‍ പ്രദേശത്ത് ജനിച്ച സ്റ്റീഫന്‍ അച്ചന്‍ പഠനകാലത്ത് തന്നെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹം അന്നത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ചരിത്രം ഇന്നത്തെ നമ്മുടെ കുട്ടികള്‍ പാഠമാക്കേണ്ടതാണ്. വിദ്യാഭ്യാസത്തിനുശേഷം കൊല്ലം ക്രേവന്‍ എല്‍.എം.എസ്. സ്‌ക്കൂളില്‍ അദ്ധ്യാപകനായി ജോലി നേടിയെങ്കിലും തന്റെ സമൂഹം സഭാ സാമൂഹിക രംഗങ്ങളില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അസമത്വവും അവഹേളനവും കണ്ടും അനുഭവിച്ചും അറിഞ്ഞ അദ്ദേഹം തന്റെ ജോലി രാജി വച്ച് ജനമദ്ധ്യലത്തിലേ യ്ക്കിറങ്ങി സഭാ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. അങ്ങനെ തന്റെ മാതൃസഭയായ പുത്തൂര്‍ സി.എസ്.ഐ.-യില്‍ പ്രവര്‍ത്തകനായി. തുടര്‍ന്ന് പെരുങ്ങള്ളൂര്‍, ചെങ്കുളം, കലയപുരം, കുളക്കട, തലവൂര്‍, കൊട്ടാരക്കര മുതലായ സഭകളില്‍ സഭാപ്രവര്‍ത്തനം നടത്തി. ഇതിനിടയില്‍ ദക്ഷിണ കേരള മഹാ ഇടവകയില്‍ സി.എസ്.ഐ.-യുടെ ഏക പ്രതിനിധിയായി തിരുവല്ലയിലെ ബൈബിള്‍ കോളേജിലെ അദ്ധ്യാപകനായി നാലു വര്‍ഷം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കൊല്ലം ഏരിയാ സൂപ്രണ്ടിംഗ് മിനിസ്റ്റര്‍, വര്‍ക്കല ബൈബിള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, ബിഷപ്പ് വില്ല്യം വാചാലന്‍ തിരുമേനിയുടെ അസിസ്റ്റന്റ് റ്റു ദി ബിഷപ്പ് എന്നീ പദവികളിലും സേവനം അനുഷ്ഠിച്ചു. 1970-ല്‍ സഭാ സേവനത്തില്‍ നിന്നും വിരമിച്ചു. തന്റെ സേവന കാലയളവില്‍ മഹാ ഇടവകയിലെ പിന്നോക്ക ക്രൈസ്തവരുടെ വടക്കും തെക്കുമുള്ള 8 ഡിസ്ട്രിക്റ്റുകള്‍ക്കുവേണ്ടി എന്‍.എ.സി.സി., എസ്.എ.സി.സി. ഭരണഘടന എഴുതി ഉണ്ടാക്കുവാന്‍ മുന്‍കൈ എടുത്തത് സ്റ്റീഫന്‍ അച്ചന്‍ ആയിരുന്നു. 

കേരളത്തിലെ ദലിത് ക്രൈസ്തവര്‍ ഉപജാതി മതചിന്തക്കള്‍ക്കതീതമായി ഒരുമിച്ച് നിന്ന് പോരാട്ടം നടത്തുന്നതിനുള്ള സാമൂഹിക ഐക്യബോധം ഉണ്ടാക്കുവാന്‍ അദ്ദേഹം സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചത്‌നിസ്സാരമായി കാണാന്‍ കഴിയില്ല. 1982-ല്‍ തിരുവല്ലയില്‍ നിന്നും ശ്രീ. പി. ചാക്കോ, കോട്ടയത്തു നിന്നും ശ്രീ. പി.എം. മര്‍ക്കോസ് എന്നീ കോണ്‍ഗ്രസ്സ് എം.എല്‍.എ. മാരുമായി (ഇവരല്ലാതെ പിന്നീട് ഇന്നുവരെ ഒരു ദലിത് ക്രൈസ്തവ എം.എല്‍.എയും കേരളത്തിലുണ്ടായിട്ടില്ല) കേരളത്തിലെ പിന്നോക്ക ക്രൈസ്തവരുടെ-ദലിത് ക്രൈസ്തവരുടെ സാമൂഹിക- സാമ്പത്തിക-രാഷ്ട്രീയ രംഗത്തെ ദുരിതംനിറഞ്ഞ അസ്ഥയ്ക്ക് പരിഹാരം കണ്ടെത്തു ന്നതിനെ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും തുടര്‍ന്ന് ഇതേ വിഷയം ഉന്നയിച്ചുകൊണ്ട് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് മെമ്മോറാണ്ടം നല്‍കി പ്രശ്‌ന പരിഹാരത്തിന് തുടക്കം കുറിക്കുകയും ചെയ്ത നേതാവ് എന്ന നിലയില്‍ ജനമനസ്സുകളില്‍ സ്റ്റീഫന്‍ അച്ചന്‍ എന്നുമെന്നും നിറഞ്ഞു നില്‍ക്കുകതന്നെ ചെയ്യും. പ്രധാനമന്ത്രിയുമായി നടന്ന ഈ കൂടി ക്കാഴ്ചയ്ക്കുശേഷമാണ് അര ഫീസ് സൗജന്യം ലഭ്യമായത്. ആലപ്പുഴയിലെ ശ്രീ. വി.ഡി. ജോണ്‍ സാറിന്റെ നേതൃത്വത്തില്‍ 1956-ല്‍ ബി.സി.സി.എഫ്. എന്ന സംഘടന കേരളത്തില്‍ നടത്തിയ ഐതിഹാസിക സമരം തുടര്‍ന്നുള്ള ദലിത് ക്രൈസ്തവരുടെ സമരപ്രക്ഷോഭങ്ങള്‍ക്ക് നാന്ദി കുറിച്ചു. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പ്രഥമ ഗവഃന് സമരത്തെ കാണാതിരിക്കാന്‍ കഴിഞ്ഞില്ല. വിദ്യാഭ്യാസ ആനൂകൂല്യം തുടങ്ങി ഇന്നുവരെ ലഭിച്ചുകൊണ്ടിരിക്കുന്ന പല ആനുകൂല്യങ്ങളും നമ്മുടെ സമൂഹത്തിന് അനുവദിച്ച് നല്‍കുവാന്‍ ഇടയായത് സ്റ്റീഫന്‍ അച്ചന്റേയും അതുപോലെയുള്ള മറ്റ് നേതാക്കളുടെയും ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം മൂലമാണ് എന്ന യാഥാര്‍ത്ഥ്യം ഇനിയും നമ്മുടെ സമൂഹവും പൊതുസമൂഹവും അംഗീകരിക്കേണ്ടിയിരിക്കുന്നു. 1973-ല്‍ സ്റ്റീഫന്‍ അച്ചന്‍ നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തിന് നിവൃത്തിയ്ക്കാന്‍ കഴിയാതിരുന്ന ദൗത്യം പൂര്‍ത്തീകരിക്കാം എന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. റവ. പുത്തൂര്‍ എന്‍. സ്റ്റീഫന്‍ അച്ചന് ഒരായിരം സ്മരണാഞ്ജലികള്‍. 

പുത്തൂര്‍ ശാന്തമ്മ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ