"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 2, തിങ്കളാഴ്‌ച

കെ.കെ. അച്ചുതന്‍


പോള്‍ സാറിനെ കാണുന്നത് എന്നാണ്? 

ഞാന്‍ പോള്‍ സാറിനെ കാണുന്നത് 1967-ല്‍ ആണ്.

സന്ദര്‍ഭം?

ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് പട്ടികജാതി ഗിരിവര്‍ഗ്ഗ ഫെഡറേഷന്റെ അയ്യങ്കാളി ജന്മദിനാഘോഷത്തില്‍ വച്ചാണ് പോള്‍ സാറിനെ ആദ്യമായി കാണുന്നത്. 

പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട കുറെ ലോക്കല്‍ നേതാക്കന്മാരെല്ലാം ചേര്‍ന്ന് ഞങ്ങളുടെ സ്ഥലത്ത് പട്ടികജാതി പട്ടികവര്‍ഗ്ഗ ഫെഡറേഷന്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. അതിന്റെ ആഭിമുഖ്യത്തില്‍ അയ്യന്‍കാളി ജന്മദിനാഘോഷം സംഘടിപ്പിച്ചിരുന്നു. 1967-ല്‍ ആയോഗത്തില്‍ ശ്രീ. പോള്‍ ചിറക്കരോട് സാറിനെ പ്രത്യേകമായി ക്ഷണിച്ചിരുന്നു. ആ യോഗത്തില്‍ വച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. 

അദ്ദേഹത്തെക്കുറിച്ച് മുമ്പ് കേട്ടിരുന്നു. ദലിത് മേഖലയില്‍ നിന്നും അതോടൊപ്പം മനോരമ പത്രത്തിലൂടെയും ഭാഗീകമായി കേട്ടിരുന്നു. അദ്ദേഹം പട്ടികജാതിക്കാരനാണ് എന്ന് ആ യോഗത്തില്‍ വച്ചാണ് മനസ്സിലാക്കുന്നത്. 

അദ്ദേഹത്തിന്റെ ആകര്‍ഷണീയത എന്താണ്. അച്ചുതന്‍ ചേട്ടന് തോന്നിയത്?

അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ആകര്‍ഷകമായിരുന്നു. പ്രസംഗം എന്ന് പറഞ്ഞാല്‍ വാക്കുകള്‍ ഒഴുകി വരുകയാണ്. വളരെ നിലവാരമുള്ള പ്രസംഗമാണ് അദ്ദേഹത്തിന്റേത്. 

ഒരുമാതിരിപ്പെട്ടവര്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ള ഒരു രീതിയിലാണ് അദ്ദേഹത്തിന്റെ പ്രസംഗം. എന്തെല്ലാം വിഷയങ്ങളാണ് അദ്ദേഹത്തിന്റെ ഉള്ളില്‍നിന്നു വരുന്നത്. ലോകചരിത്രം മുഴുവന്‍ അദ്ദേഹം പറയുകയാണ്. ആഫ്രിക്കയിലേയും ലാറ്റിന്‍ അമേരിക്കയിലേയും ജനജീവിതം, അവിടത്തെ എഴുത്തുകാര്‍, അമേരിക്കയിലെ കറുത്തവരുടെ ജീവിതവും അവരുടെ സാഹിത്യവും എല്ലാം. കേവലം കേരളത്തിലെ പട്ടികജാതിക്കാരുടെ ജീവിതത്തേക്കാള്‍ ലോകത്തിലെ അടിമ ജനങ്ങളെക്കുറിച്ചും അവരുടെ പോരാട്ടങ്ങളെക്കുറിച്ചുമായിരുന്നു അദ്ദേഹം ഏറെപറഞ്ഞത്. 

പലരീതിയിലുള്ള പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ സാഹചര്യം ഉണ്ടായിരുന്നെങ്കിലും പോള്‍ സാറിനെപ്പോലെയുള്ളവരുടെ അറിവില്‍ നിന്നു വരുന്ന വാക്കുകള്‍ ആദ്യമായി കേള്‍ക്കുമായിരുന്നു. അതൊക്കെ ഒരു പുതിയ അറിവായിരുന്നു. 

പോള്‍ സാറുമായി അച്ചുതേട്ടന് ആത്മാര്‍ത്ഥമായ ഒരു ബന്ധമുണ്ടായിരുന്നുവല്ലോ. അതെങ്ങനെയായിരുന്നു?

1971-ല്‍ പത്തനംതിട്ടയില്‍ വച്ച്. പോള്‍ സാറുമായും കല്ലറ സുകുമാരനുമായും എനിക്ക് ആത്മാര്‍ത്ഥമായ ബന്ധം ഉണ്ടായിരുന്നു. ഇരുവരേയും ഞാന്‍ ഒരുപോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. പോള്‍ സാറിന്റെ പ്രസംഗങ്ങള്‍ ഏറെ ഉയര്‍ന്നതലത്തിലായിരുന്നു എന്ന് ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ കല്ലറ സാറിന്റെ പ്രസംഗം ഏറ്റവും ലളിതവും കേള്‍ക്കുന്നവരുടെ മനസ്സുകളെ ഇളക്കി മറിയ്ക്കുന്നതും ആയിരുന്നു. പോള്‍ സാറിന്റെ പ്രസംഗത്തിന്റെ കാഠിന്യത്തെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം അത് സമ്മതിക്കുകയും ഏവര്‍ക്കും ഉള്‍ക്കൊള്ളാന്‍ പരുവത്തില്‍ പ്രസംഗിക്കുവാന്‍ താന്‍ ഏറെ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുകയും ചെയ്തു. എന്നാല്‍ പോള്‍ സാറിന്റെ അറിവിന്റെതലം ഏറെ ഉയര്‍ന്നതായിരുന്നല്ലോ. ആ ഒരു ആഴം അദ്ദേഹത്തിന്റെ പ്രസംഗത്തിലും പ്രതിഫലിച്ചുകൊണ്ടിരിക്കുമല്ലോ. 

അറിവിന്റെ കാര്യത്തില്‍ പോള്‍ സാര്‍ ഏറെ ഉയര്‍ന്നുനിന്നിരുന്നെങ്കിലും ഒരു നേതാവെന്ന നിലയില്‍ കല്ലറ സുകുമാരന്‍ സാറിന്റെ ആജ്ഞാശക്തി അപാരമായിരുന്നു എന്നു പറയാതിരിക്കാന്‍ തരമില്ല.

കെ.കെ. അച്ചുതന്‍ 
ചാരുംമൂട്ടില്‍ വീട്, ആങ്ങാമൂഴി, പത്തനംതിട്ട ജില്ല


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ