"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 13, വെള്ളിയാഴ്‌ച

കല്ലറ സുകുമാരന്‍ അനുസ്മരണം - കെ.ജെ. തങ്കച്ചന്‍ പൊന്‍കുന്നം


പൊന്‍കുന്നത്ത് പ്രാദേശികമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഹരിജന്‍ സേവാ സംഘമെന്ന ഒരു ചെറിയ സംഘടനയിലൂടെയാണ് ഞാന്‍ സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കേരളാ ഹരിജന്‍ ഫെഡറേഷന്റെ അവകാശ സമര്‍പ്പണത്തിന്റെ പ്രചരണ വാഹനവുമായി 1977-ല്‍ പൊന്‍കുന്നത്ത് കല്ലറ സുകുമാരന്‍ എത്തുമ്പോഴാണ് ഞാന്‍ കല്ലറ സാറിനെ ആദ്യമായി കാണുന്നത്. അന്ന് സാറ് നടത്തിയ ഉജ്ജ്വലമായ പ്രസംഗം ദലിത് സമൂഹത്തിന്റെ വിമോചന പ്രഖ്യാപനമായിരുന്നു. സാറുമായി അന്നുതന്നെ വിശദമായി സംസാരിക്കുകയും ഹരിജന്‍ സേവാസംഘം ഞങ്ങള്‍ കെ.എച്ച്.എഫില്‍ ലയിപ്പിക്കുകയും ചെയ്തു.

1982 മുതല്‍ ഞാന്‍ സി.കെ.റ്റി.യു.-വില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 1984-ല്‍ ഐ.എല്‍.പി. രൂപീകകരിച്ചതിനുശേഷമാണ് സി.കെ.റ്റി.യു. നേതൃത്വത്തില്‍ എത്തിയത്. മറ്റ് നേതാക്കളില്‍ നിന്നും വിഭിന്നമായിരുന്നു കല്ലറ സാറിന്റെ ജീവിതശൈലി. പൊന്‍കുന്നം പ്രദേശത്ത് യോഗങ്ങള്‍ക്കുശേഷം സാര്‍ വിശ്രമിക്കുന്നത് എന്റെ വീട്ടിലാണ്. എന്റെ വീട്ടില്‍ ചോറും ഒരു കറിയുമാണ് സാധാരണഉണ്ടാകാറുള്ളത്. ഞങ്ങള്‍ സഹോദരങ്ങള്‍ അടുത്തടുത്ത് നാല് വീടുകളിലാണ് താമസിക്കുന്നത്. സാറിന് ചോറുകൊടുക്കുമ്പോള്‍ എന്റെ സഹോദരങ്ങളുടെ വീട്ടില്‍ ഉണ്ടാക്കിയ കറികള്‍ കൂട്ടികൊണ്ടുവന്നു കൊടുക്കും. ചോറിനൊപ്പം മൂന്ന് നാല് കറികള്‍ കാണുമ്പോള്‍ സാറ് ചോദിക്കും എടോ തങ്കച്ചാ, വീട്ടിലാണെങ്കില്‍ ഇത് ഒരാഴ്ചത്തേയ്ക്കുള്ള കറിയുണ്ടെല്ലെടോ എന്ന്. സാറെ ഇതൊക്കെ എന്റെ വീട്ടിലെ മാത്രം കറിയല്ല എന്ന് പറഞ്ഞ് ഞാന്‍ ചിരിക്കും. ലാളിത്യത്തിന്റെ ശൈലിയായിരുന്നു സാറിന്റേത്. സാറിന് ഒരു പത്തു രൂപ ആവശ്യമുണ്ടെങ്കില്‍ എടോ തങ്കച്ചാ, ഇങ്ങുവരാന്‍ പറയും എന്നിട്ട് സാര്‍ എന്റെ പോക്കറ്റില്‍ കൈ ഇടും. പത്ത് രൂപ മാത്രം എടുത്തിട്ട് ബാക്കി തിരികെ തരും. ആ സ്വഭാവം ഒരിക്കലും മറക്കാനാവാത്തതാണ്. നമ്മുടെ ആള്‍ക്കാര്‍ക്കായി ഇത്രമാത്രം ത്യാഗം അനുഭവിച്ച വേറൊരാളിനെ കണികാണാന്‍ വിഷമമാണ്. ഇല്ലെന്ന് തന്നെ പറയാം. 

സി.കെ.റ്റി.യു. കോട്ടയം ജില്ലാ പ്രസിഡന്റ്
കെ.ജെ. തങ്കച്ചന്‍ പൊന്‍കുന്നം



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ