"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 29, ഞായറാഴ്‌ച

എം. രാമുണ്ണി


കണ്ണുര്‍ ജില്ലയിലെ പഴയങ്ങാടി പ്രദേശത്ത് മാട്ടുല്‍ എന്ന സ്ഥലത്താണ് താമസിച്ചുപഠിച്ചത്. എങ്കിലും കോഴിക്കോട് പട്ടികജാതി ഹോസ്റ്റലിലാണ് താമസിച്ചു പഠിച്ചത്. 1960കളുടെ തുടക്കത്തില്‍ പോസ്റ്റല്‍ വകുപ്പില്‍ ക്ലാര്‍ക്ക് ആയി കോഴിക്കോട് തന്നെ ജോലിയില്‍ പ്രവേശിച്ചു. മലബാര്‍ റീജനല്‍ ഹരിജന്‍ സമാജത്തിന്റെ പ്രവര്‍ത്തകനായിരുന്നു. വയനാട് ജില്ലയില്‍ കൈനാട്ടിയില്‍ ആരംഭിച്ച പുതിയ പോസ്റ്റ് ഓഫീസിലേക്ക് സ്ഥാനക്കയറ്റത്തോടെ നിയമനം ലഭിച്ചപ്പോഴും സാമൂഹ്യ പ്രതിബദ്ധത അദ്ദേഹം കൈവെടിഞ്ഞില്ല. അക്കാലത്ത് അംബേദ്കര്‍ ദര്‍ശനത്തിലധിഷ്ഠിതമായ രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിലുണ്ടായിരുന്നില്ല. നിലവിലുണ്ടായിരുന്നവ0യില്‍ പിന്നീട് യോജിക്കാന്‍ കഴിഞ്ഞിരുന്നത് മഹാനായ റാംമനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് ആശയങ്ങളിലധിഷ്ഠിതമായ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയായിരുന്നു.സാമുഹ്യ സേവനമാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ജോലി രാജിവെയ്ക്കുകയും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി 1965-ല്‍ സൗത്ത് വയനാട് നിയോജത മണ്ഡലമായ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് പ്രദേശത്തെ പ്രമുഖ സോഷ്യലിസ്റ്റ് പ്രവര്‍ത്തകനായ ശ്രീ.പി.സി. അഹമ്മദിന്റെ ശക്തമായ സഹായ സഹകരണത്തോടെ നിയമസഭയിലേക്ക് മത്സരിച്ച് വിജയിക്കുകയും ചെയ്തു. എന്നാല്‍ ആര്‍ക്കും ഭുരിപക്ഷമില്ലാത്തതിനാല്‍ നിയമസഭ പിരിച്ചു വിടുകയാണുണ്ടായത്. 1967 ല്‍ ഇതേ മണ്ഡലത്തില്‍ നിന്ന് തന്നെ പഴയ സഹപ്രവര്‍ത്തകരുടെ പൂര്‍ണ്ണ പിന്തുണയോടെ നിയമസഭയിലേക്ക് വമ്പിച്ച ഭുരിപക്ഷത്തോടെ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ശ്രീ. ഒ.കോരന്‍ സാമുഹ്യ അസമത്വങ്ങള്‍ക്കും ദലിത് പിന്നോക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന അനീതിക്കുമെതിരെ പോര്‍നിലത്ത് നിന്ന് പോരാടി ശ്രീ.കോരന്‍ നിയമസഭയില്‍ പാടിയ നെല്ലിന്‍ ചുവട്ടില്‍ മുളയ്ക്കും കാട്ടുപുല്ലല്ല സാധു പുലയന്‍ എന്ന കാവ്യശകലം രാമുണ്ണിയും ഏറ്റുപാടി.

ഭൂപരിഷ്‌കരണത്തിനുള്ള നിയമസഭാ സമിതിയില്‍ ശ്രീ. രാമുണ്ണിയും ഒരു അംഗമായിരുന്നു. ശ്രീമതി. കെ.ആര്‍. ഗൗരി അവതരിപ്പിച്ച ഭുപരിഷ്‌കരണ ബില്ലില്‍ കിടികിടപ്പുകാരനും ജന്മാവകാശം കൊടുക്കണമെന്ന പ്രസക്തമായ അദ്ദേഹത്തിന്റെ ഭേദഗതി കണക്കിലെടുക്കാതെയാണ് ബില്‍ അംഗീകരിക്കപ്പെട്ടത്. 

കേരളത്തിലെ അടിമവ്യവസ്ഥക്കെതിരെ വ്യക്തമായ തെളിവുകള്‍ സഹിതം അദ്ദേഹം നിയമസഭയില്‍ ആഞ്ഞടിച്ചു വയനാട്ടിലെ ആദിവാസികളുടെ മനുഷ്യാവകാശങ്ങളും സംരക്ഷിക്കണമെന്ന അദ്ദേഹത്തിന്റെ നിലപാട് കേരളം മുഴുവന്‍ ഒച്ചപ്പാടുണ്ടാക്കി. ഒരു പരിഷ്‌കൃത സമുഹമെന്ന് അഭിമാനിക്കുന്ന മലയാളിയുടെ സ്വത്വബോധത്തെ നാണിപ്പിച്ച ഈ സംഭവം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

ശ്രീ. രാമുണ്ണിയുടെ കാലത്താണ് പുല്‍പള്ളി പോലീസ് സ്റ്റേഷന്‍ സ്ഥാപിതമായത്. പോലീസിന്റെ തെറ്റായ നയങ്ങള്‍ക്കും പാവപ്പെട്ട ജനങ്ങളോടുമുള്ള ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കുമെതിരെ രാമനുണ്ണിയുടെ നേതൃത്വത്തില്‍ ഒരു പൊതുയോഗം തദവസരത്തില്‍ സംഘടിപ്പിക്കപ്പെട്ടു. പ്രസ്തുത പൊതുയോഗം നടത്തിയതിന്റെ അടുത്ത ദിവസമാണ് നക്‌സലൈറ്റുകാര്‍ പുല്‍പള്ളി പോലീസ് സ്റ്റേഷന്‍ അക്രമിച്ചത്. പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന് പൊതുയോഗം പ്രേരണയായി എന്ന് ആരോപിച്ചുകൊണ്ട് അതില്‍ പങ്കെടുത്ത ശ്രീ.തോമസ് മാസ്റ്റര്‍ക്കെതിരെ കൊലക്കുറ്റത്തിന് പ്രേരിപ്പിച്ചതിന് പോലിസ് കേസെടുത്തു. ഈ സംഭവം രാമുണ്ണിയെ മാനസികമായി ഏറെ വിഷമിപ്പിച്ചു.

പിന്നീട് ആദരണീയമായ സുപ്രീം കോടതി തോമസ് മാസ്റ്റര്‍ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു.

ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ബാലവേലക്ക് എതിരെ അദ്ദേഹത്തിന്റെ നിലപാട് ശ്ലാഘനീയമായിരുന്നു. വളരെ ദീര്‍ഘ വീക്ഷണത്തോടെ കിട്ടാവുന്ന വേദികളെല്ലാം ബാലവേലക്ക് എതിരേയും അതിന്റെ അടിസ്ഥാന പ്രേരക ഘടകങ്ങളേയും അദ്ദേഹം പരിശോധിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. ക്രമേണ സജീവ രാഷ്ടീയം ഉപേക്ഷിക്കുകയും കോഴിക്കോട് ആസ്ഥാനമാക്കി പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് തുന്നലും എംബ്രോയ്ഡറിയും പഠിപ്പിച്ച് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്ന ഡോ.അംബേദ്കര്‍ ഇന്‍സ്റ്റിറ്റിയുട്ട് സ്ഥാപിക്കുകയും ചെയ്തു. ഈ ഇന്‍സ്റ്റിറ്റിയുട്ടില്‍ വെച്ചാണ് മലബാറിലെ ദലിത് പ്രസ്ഥാനത്തിന് നേത്യത്വം നല്‍കിയ യശ:ശരീരനായ കല്ലറ സുകുമാരനുമായി ചേര്‍ന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്. പാവപ്പെട്ടവനായി ജനിക്കുകയും പാവപ്പെട്ടവര്‍ക്കായി ജീവിക്കുകയും ചെയ്ത ആ കര്‍മ്മധീരന്‍ 2005 ഡിസംബര്‍ 4 ന് അന്തരിച്ചു. അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ