"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 28, ശനിയാഴ്‌ച

പി.എം. ഉണ്ണികൃഷ്ണന്‍: മലബാറിലെ അടിയാള വിമോചന പ്രവര്‍ത്തനത്തിന് വിത്തുപാകിയവര്‍ - സി പി ഇമ്പിച്ചന്‍ പൂനൂര്‍


പി.എം. ഉണ്ണികൃഷ്ണന്‍

പി.എം. ഉണ്ണികൃഷ്ണന്‍ 

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ ഇരിങ്ങത്ത് എന്ന പ്രദേശത്ത് പാലാടത്ത് മീത്തല്‍ കുപ്പച്ചിയുടെ മകനായി ജനിച്ചു. അച്ഛന്‍ വെള്ളന്‍. അക്കാലത്ത് വിദ്യഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്കായി കേളപ്പജി സ്ഥാപിച്ച ശ്രദ്ധാനന്ദ വിദ്യാലയത്തില്‍ പാക്കനാര്‍പുരം ആശ്രമത്തിലെ അന്തേവാസിയായി താമസിച്ച് പഠിച്ചു. അവിടെ നിന്ന് ഇ.എസ്.എല്‍.സി. പാസ്സായപ്പോള്‍ കേളപ്പജി പട്ടാമ്പി സംസ്‌കൃത കോളേജില്‍ ചേര്‍ത്തു പഠിപ്പിച്ചു. സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു. അയിത്ത ജാതിക്കാരന് അറിവ് നിഷേധിക്കപ്പെട്ട കാലഘട്ടത്തിലാണ് ദേവഭാഷയെന്ന് പ്രകീര്‍ത്തിക്കപ്പെട്ട സംസ്‌കൃതത്തില്‍ അദ്ദേഹം പാണ്ഡിത്യം നേടിയതെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല അക്കാലത്തെ സംസ്‌കൃത പണ്ഡിതരായ സവര്‍ണ്ണ വിഭാഗത്തോടൊപ്പം വിദ്വാന്‍ എന്നും സംസ്‌കൃത പണ്ഡിതന്‍ എന്നും ഉണ്ണികൃഷ്ണന്‍ അറിയപ്പെട്ടു. 

മലബാര്‍ റീജനല്‍ ഹരിജന്‍ സമാജം: ഗാന്ധിജി, കേളപ്പജി എന്നിവരടക്കമുള്ള മഹാന്മാരുടെ അനുഗ്രഹ ആശീര്‍വ്വാദത്തോടെ 1932 ല്‍ കണ്ണൂര്‍ ജില്ലയിലെ താവക്കരയില്‍ വെച്ച് പി.എം. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ മലബാര്‍ റീജനല്‍ ഹരിജന്‍ സമാജം രൂപീകരിക്കപ്പെട്ടു. മികച്ച പ്രാസംഗികനും ഒന്നാംതരം സംഘാടകനുമയിരുന്നു ഉണ്ണികൃഷ്ണന്‍. മലബാര്‍ റീജനല്‍ ഹരിജന്‍ സമാജം ഹരിജനങ്ങളുടെയും ആദിവാസികളുടെയും സാമൂഹ്യ നീതിക്കും സാമൂഹ്യ പരിഷ്‌കരണത്തിനും വേണ്ടി മലബാറിലുടനീളംഉജ്ജ്വലപോരാട്ടങ്ങള്‍ നടത്തി. വിധ്വേയത്വത്തിന്റേയും അടിമത്വത്തിന്റേയും ചിഹ്നമായ കല്ലുമാലകള്‍ പൊട്ടിച്ചെറിയാന്‍ സംഘടന ആഹ്വാനം ചെയ്തു. ബലാത്സംഗങ്ങള്‍ക്കെതിരെ, വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിന്, ആരാധനാ സ്വാതന്ത്ര്യത്തിന്, അയിത്താചാര ങ്ങള്‍ക്കെതിരെ, ചായപ്പീടികയിലിരുന്നു ഗ്ലാസില്‍ ചായക്കുടിക്കാന്‍ വേണ്ടി ബാര്‍ബര്‍ ഷാപ്പില്‍ മുടി വെട്ടാന്‍ വേണ്ടി വിദ്യാലയ പ്രവേശനങ്ങള്‍ക്കായി എന്നിങ്ങനെയുള്ള ഒട്ടനവധി പ്രശ്‌ന പരിഹാരങ്ങള്‍ക്കായി മലബാറില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ക്ക് മലബാര്‍ റീജനല്‍ ഹരിജന്‍ സമാജം വഴി തെളിച്ചു. ഡോ. അംബേദ്കറുടെ പ്രൈവറ്റ് സെക്രട്ടറിമാരിലൊരാളായ ഇ. കണ്ണന്‍ (എരഞ്ഞിക്കല്‍), മുന്‍ മന്ത്രി ഒ. കോരന്‍, സി. കേശവന്‍, സാംബവ സമുദായ നേതാക്കളായ ഒ.പി. രാമന്‍ ഒ.കെ.വി. രാജു, സോഷ്യലിറ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ എം. വി. മാധവന്‍, എം. വേലായുദന്‍ (പന്നിയങ്കര), ഇ. ടി. ബാലറാം (കൊയിലാണ്ടി), കെ. എം. രാമന്‍, കെ. എം. രാമന്റെ സഹധര്‍മ്മിണിയായ മാധവി ടീച്ചര്‍, ചേലപ്പൊയില്‍ അയ്യപ്പന്‍ (വെള്ളിമാടുകുന്ന്), മുന്‍. എം.എല്‍.എ. എം. രാമുണ്ണി, പൊക്കന്‍ മാസ്റ്റര്‍ (കണ്ണൂര്‍), കുമാരന്‍ മാസ്റ്റര്‍ (മൂലംപള്ളി), ഗോപാലന്‍ മാസ്റ്റര്‍ (ഫറോക്ക്) തുടങ്ങി ഒട്ടേറെ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ അധഃസ്ഥിത സമുദായ പ്രവര്‍ത്തനത്തിലുണ്ടാ യിരുന്നു. ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ കേളപ്പജി, എ. കെ. ഗോപാലന്‍ എന്നിവരോടൊപ്പം സമരത്തില്‍ പങ്കെടുത്തതായി പ്രസ്തുത സമരത്തിന്റെ ഫോട്ടോ സാക്ഷ്യം വഹിക്കുന്നു. 

മൂഴിക്കല്‍ മര്‍ദ്ദനം: 1945 ഏപ്രില്‍ 14 ലെ അംബേദ്കര്‍ ജയന്തി ദിനത്തില്‍ കോഴിക്കോട് നഗരത്തില്‍ നിന്നും ഏതാണ്ട് 10 കി. മീറ്റര്‍ അകലെയുള്ള മൂഴിക്കല്‍ മാപ്പിള എല്‍. പി. സ്‌കൂളില്‍ ചേര്‍ന്ന ഹരിജന്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തവെ ഒരു കൂട്ടം ഗുണ്ടകളും, സാമൂഹ്യ ദ്രോഹികളും പ്രസ്തുത സമ്മേളനം കയ്യേറി. അകത്ത് കടന്നയുടനെ വാതിലുകളും, ജനലുകളും അടച്ചുപൂട്ടിയ ആക്രമികള്‍ സ്‌കൂള്‍ ഹാളില്‍ കത്തിക്കൊണ്ടിരുന്ന പെട്രോള്‍ മാക്‌സ് വിളക്ക് തല്ലിയുടച്ചു. സ്‌കൂള്‍ ഹാളില്‍ തിങ്ങി നിറഞ്ഞ സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധന്മാരുള്‍പ്പെടെയുള്ള ജനകൂട്ടത്തെ അപ്രതീക്ഷിതമായി ആക്രമിച്ചു. സമ്മേളന ഹാളിലുണ്ടായിരുന്ന ഒരാള്‍ക്ക് പോലും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഹാളില്‍ തിങ്ങി നിറഞ്ഞ സ്ത്രീകളും കുഞ്ഞുങ്ങളും വാവിട്ട് നിലവിളിച്ചു. അദ്ധ്യക്ഷനായ ഉണ്ണികൃഷ്ണനെ ആക്രമികള്‍ മലര്‍ത്തിക്കിടത്തി കൈമുട്ടുകൊണ്ട് ഇടിച്ചു. രക്തം ചര്‍ദ്ദിച്ച ഉണ്ണികൃഷ്ണനെയും സഹപ്രവര്‍ത്തകരേയും എഴുന്നേറ്റ് നില്‍ക്കാന്‍ ആരോഗ്യം ശേഷിച്ചവര്‍ ആശുപത്രിയിലേക്കെത്തിച്ചു. സമ്മേളന സ്ഥലം രക്തക്കളമായി മാറി. മൂഴിക്കല്‍ ഹരിജന്‍ മര്‍ദ്ദനം എന്ന തലക്കെട്ടില്‍ ദിന പത്രങ്ങളില്‍ പിറ്റേന്ന് വാര്‍ത്തവന്നു. മാതൃഭൂമി ദിനപത്രം പ്രസ്തുത സംഭവത്തെക്കുറിച്ച് പൊറുതി വേണം എന്ന തലക്കെട്ടില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചു. 

സാമൂഹ്യ ദ്രോഹികളുടെ മര്‍ദ്ദനമേറ്റ ഒട്ടനവധിപേര്‍ ശരിയായ ചികിത്സ കിട്ടാതെ യാതനകളനുഭവിച്ചു. പലരെക്കുറിച്ചും വിവിരങ്ങള്‍ ശേഖരിക്കന്‍ കഴിഞ്ഞില്ല അവരെല്ലാം ചരിത്രത്തില്‍ ഇടം പിടിക്കാതെ പോയ നിസ്ഥാര്‍ത്ഥരായ ത്യാഗികളാണ്. സംഭവത്തിന്റെ അന്തിമ വിശകലനത്തില്‍ മേല്‍കുറിച്ച സംഭവത്തില്‍ രോഗിയായി നിരവധിപേര്‍ നരകിച്ചു മരിച്ചു എന്ന് മാത്രമേ ഊഹിക്കാന്‍ കഴിയൂ. മര്‍ദ്ദനത്തെ തുടര്‍ന്ന് രോഗിയായി മാറിയ ഉണ്ണികൃഷ്ണനെ കേളപ്പജി പെരുന്തുറ സാനിറ്റോറിയത്തില്‍ ചികിത്സിച്ചു.അസുഖം അല്പം ഭേദമായപ്പോള്‍ അദ്ദേഹം വീണ്ടും കര്‍മ്മരംഗത്തി റങ്ങി സ്വസമുദായത്തിന് വേണ്ടി അവിശ്രമം പോരാട്ടം തുടര്‍ന്നു. സമുദായത്തിനോടുള്ള നിരന്തര സമര്‍പ്പണം അദ്ദേഹത്തിന്റെ ആരോഗ്യത്തെ പാടെ നശിപ്പിച്ചു. 1951 മാര്‍ച്ച് 28 ന് കെ. എം. രാമേട്ടന്റെ വീട്ടില്‍ വെച്ച് മാഹാനായ ആ ത്യാഗീവര്യന്‍ കഥാവശേഷനായി. കേളപ്പജിയടക്കമുള്ള സാമൂഹ്യ രാഷ്ട്രീയ നേതാക്കള്‍ അന്ത്യകര്‍മ്മത്തിനെത്തി. ആ വിലാപയാത്രയില്‍ പങ്കുചേര്‍ന്നു. കേളപ്പജി തന്നെ ആ ചിതക്ക് തീ കൊളുത്തിയതായി കെ. എം. രാമേട്ടന്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. 

സി പി ഇമ്പിച്ചന്‍ പൂനൂര്‍
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ