"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 29, ഞായറാഴ്‌ച

അഭിവന്ദ്യ കല്ലട നാരായണന്‍ - പാത്തല രാഘവന്‍


കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ മണ്ഡലങ്ങളില്‍ പ്രത്യേകിച്ച് സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ അസൂയാര്‍ഹമായ വളര്‍ച്ചയില്‍ മൂന്ന് പതിറ്റാണ്ടുകളിലേറെ ഒരു തീപന്തംപോലെ ഊര്‍ജ്ജസ്വലവും ആവേശോജ്ജ്വലവുമായ നേതൃത്വം നല്‍കി കാലയവനികയ്ക്കുള്ളില്‍ അന്തര്‍ദ്ധാനം ചെയ്ത കര്‍മ്മ ധീരനായ കല്ലട നാരായണന്‍ ഒരു ബഹുമുഖപ്രതിഭയാണ്. 

മനുഷ്യനെ ബാധിക്കുന്ന എണ്ണമറ്റ മണ്ഡലങ്ങളില്‍ കാലഘട്ടത്തിന്റെ ആവശ്യ മനുസരിച്ച് പല പ്രതിഭകളും തങ്ങളുടെ സംഭാവനകള്‍ സമൂഹത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി സമര്‍പ്പിച്ചിട്ടുള്ളതായി ചരിത്രം വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ പരിവര്‍ത്തനത്തിന് അനശ്വരനായ കല്ലടനാരാ യണന്‍ നല്‍കിയ സംഭാവനകള്‍ നാം സാന്ദര്‍ഭികമായിട്ടെങ്കിലും വിലയിരുത്തേണ്ടത്.

കല്ലട നാരായണനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം എന്ന വാക്കിന്റെ അര്‍ത്ഥവും അന്തസത്തയും ഉച്ചനീചത്വങ്ങളില്ലാത്ത സമത്വസുന്ദരമായ സൗഹൃദത്തിന്റെ ലക്ഷ്യവും സാക്ഷാത്ക്കാരവുമാണ്. 

ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ സാമൂഹ്യ പ്രവര്‍ത്തനങ്ങളും വളര്‍ച്ചയും പരിവര്‍ത്തനവും അദ്ദേഹത്തിന് എന്നും പഠനവിഷയമായിരുന്നു. സാമൂഹ്യ പ്രസ്ഥാനങ്ങളിലും സംഘടനകളിലും കൂടി ചില സമുദായങ്ങള്‍ കൈവരിച്ച പുരോഗതി പിന്നോക്കക്കാരും അധഃസ്ഥിതരുമായ അവരുടെ പിന്നിലുള്ള വളര്‍ച്ചയ്ക്കും ഉന്നതിയ്ക്കും ഏത് തരത്തില്‍ പ്രായോഗികമാക്കാം എന്നുള്ളത് അദ്ദേഹത്തെ സംബന്ധിച്ചിട ത്തോളം സുപ്രധാന പരീക്ഷണമായിരുന്നു. അര്‍ത്ഥത്തിനും അന്തഃസത്തയ്ക്കും പുത്തന്‍ മാനം കല്പിച്ചുകൊണ്ട് അധഃസ്ഥിത അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉയര്‍ച്ചയ്ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ വിപ്ലവാത്മകരമായ പോരാട്ടം ചൂടും ചൂരും പകര്‍ന്നത് കേരള ത്തിലെ വിപ്ലവ പ്രസ്ഥാനങ്ങള്‍ നെഞ്ചിലേറ്റി പരിവര്‍ത്തനത്തിന്റെ എത്രയെത്ര പടവുകള്‍ പിന്നിട്ടിരിക്കുന്നു! കല്ലടയാറിന്റെ പതനസ്ഥലത്ത് വിശാലമായ പാടത്ത് മന്ദമാരുതന്‍ തലോടുന്ന പയിങ്ങാവേലില്‍ ശിവക്ഷേത്രത്തിനു സമീപത്തെ കറുവേലില്‍ വീട്ടില്‍ പട്ടിണിപ്പാവങ്ങളായ കര്‍ഷകത്തൊഴിലാളി ശ്രീമാന്‍ അയ്യപ്പന്റെയും ശ്രീമതി. കൊച്ചയ്യയുടെയും നാലുമക്കളില്‍ മൂന്നാമത്തെ മകനായി കല്ലട നാരായണന്‍ പിറന്നു. 

അദ്ദേഹത്തിന് ആദിച്ചന്‍, ശിവശങ്കരന്‍ എന്ന രണ്ട് സഹോദരന്മാര്‍ ഉണ്ടായിരുന്നു. ഭാര്‍ഗ്ഗവി എന്നുപേരുള്ള ഇളയ സഹോദരി ഇന്നും ജീവിച്ചിരിപ്പുണ്ട്. 

പ്രൈമറിവിദ്യാഭ്യാസം കിഴക്കേ കല്ലട ഗവണ്‍മെന്റ് എല്‍.പി.എസ്സിലും, നിലമേല്‍ യു. പി. എസ്സിലുമായി പൂര്‍ത്തിയാക്കി. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയത് കിഴക്കേ കല്ലട സി.വി.കെ.എം. ഹൈസ്‌കൂളിലാണ്. കൊല്ലം ശ്രീനാരായണ കോളേജില്‍ നിന്നും ഡിഗ്രി കരസ്ഥമാക്കിയ അദ്ദേഹം നിയമപഠനത്തിനു മുതിര്‍ന്നെങ്കിലും ശ്രീ. കൈതവാരം ശ്രീധരന്‍ അവര്‍കളുടെ നിര്‍ദ്ദേശം അനുസരിച്ച് നെടുംകണ്ടം ശ്രീനാരായണ ട്രെയിനിംഗ് കോളേജില്‍ നിന്നും ആ.ഋറ ബിരുദം സമ്പാദിച്ചു. ഹൈസ്‌കൂള്‍ ഗണിതശാസ്ത്രം അദ്ധ്യാപകമനായി ചെറിയഴിക്കല്‍, കുഴിമതിക്കാട്, മങ്ങാട്, പടിഞ്ഞാറേ കൊല്ലം എന്നീ ഗവണ്‍മെന്റ് ഹൈസ്‌കൂളുകളില്‍ ജോലിനോക്കി ചന്ദനത്തോപ്പ് ഐ. റ്റി.ഐ.യിലും അദ്ധ്യാപകനായിരുന്നു. ഈ കാലഘട്ടത്തില്‍ സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റി പ്രസിഡന്റ് എന്നനിലയില്‍ സര്‍ക്കാര്‍ അദ്ധ്യാപകന്‍ എന്ന ഉത്തരവാദിത്വം നിലനിര്‍ത്തികൊണ്ടുതന്നെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊണ്ടു. 

അദ്ദേഹം 1977-ലും, 1980-ലും കുന്നത്തൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റി പ്രസിഡന്റ് എന്നതിനുപുറമേ കര്‍ഷകത്തൊഴിലാളി ക്ഷേമനിധി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആള്‍ കേരളാ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ്, 'സമയം' വാരികയുടെ പത്രാധിപര്‍, റ്റി.കെ.ഡി. എം.യു.പി സ്‌കൂള്‍ മാനേജര്‍ എന്നീ വിവിധ രംഗങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

സിദ്ധനര്‍ സമുദായത്തിന്റെ അനിഷേധ്യനേതാവും അദ്ധ്യാപകവര്‍ഗ്ഗത്തിന്റെ വഴികാട്ടിയും, പ്രഗല്‍ഭവാഗ്മിയും, പാര്‍ലമെന്റേറിയനും, പത്രപ്രവര്‍ത്തകനും സര്‍വ്വോപരി സമ്പന്നനും ആയിരുന്നു ആദരണീയനായ ശ്രീ.കല്ലട നാരായണന്‍. 1996 ജൂണ്‍ മാസം 6 ന് വെളുപ്പിന് അദ്ദേഹം അന്തരിച്ചു. 

അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് ധീരമായ നേതൃത്വം കൊടുത്തിട്ടുള്ള അയ്യങ്കാളിയെ അത്യധികം സ്‌േനഹിച്ചിരുന്നു. പിന്നോക്ക ക്രൈസ്തവരുടെ സമരസംഘടനാ പ്രവര്‍ത്തകരായ റവ.ഫാ.സ്റ്റീഫന്‍. വി.ഡി. ജോണ്‍ എന്നിവരുമായി പൊതുപ്രവര്‍ത്ത നങ്ങളില്‍ പങ്കെടുക്കുകയും പൊതുവേദികളില്‍ തന്റെ വാക്‌ധോരണികൊണ്ട് ജനസഹസ്രങ്ങളെ അത്ഭുതസ്തംബ്ദരാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ട.ച.ഉ.ജ യുടേയും ച.ട.ട ന്റെയും വിവിധ മണ്ഡലങ്ങളിലെ മുന്നേറ്റം അനുകരിക്കുവാന്‍ അനുയായിക ളോട് ആജ്ഞാപിക്കുക അദ്ദേഹത്തിന്റെ സ്വഭാവം ആയിരുന്നു. 

തന്റെ കുടുംബ ജീവിതത്തില്‍ എന്നെന്നും ആവേശമായിരുന്ന ഭാര്യ ലക്ഷ്മിയേയും ഏഴ് കുഞ്ഞുങ്ങളെയും പലപ്പോഴും പട്ടിണിയ്ക്കിട്ടു കൊണ്ടുതന്നെ അനുസ്യൂതമായ പ്രവര്‍ത്തനം കൊണ്ട് സമുദായത്തെ സംഘടിപ്പിച്ച് സംഘടനയെ വളര്‍ത്തിയെടുത്ത് ഈ ജനതയെ ഒരു രാഷ്ട്രീയ ശക്തിയാക്കുക എന്നുള്ള ശ്രീ കല്ലടയുടെ സ്വപനം സഫലമാകുന്നത് 1965 മുതലാണ്. അന്നുമുതല്‍ 1996 വരെ സിദ്ധനര്‍ സമൂഹത്തെ ഒരു രാഷ്ട്രീയ അധികാരമുള്ള ശക്തിയായി നിലനിര്‍ത്തുന്നതിനും അതിന്റെ പ്രതിനിധികളെ സമൂഹത്തില്‍ നിന്നും കണ്ടെത്തി അധികാര സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചു നിര്‍ത്തുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 

താന്‍ ജോലിചെയ്തുകൊണ്ടിരുന്ന വിദ്യാഭ്യാസ വകുപ്പില്‍ ഏറ്റവും ഉന്നത സ്ഥാനത്തു വരെ കയറ്റം കിട്ടുമായിരുന്നിട്ടുകൂടി അതിനു കാത്തിരിക്കാതെ രാജി സമര്‍പ്പിച്ച് പൊതുരംഗത്ത് വന്നു. 

രണ്ട് തവണ ജയിച്ച് ങ.ഘ.അ ആയിപ്പോയ കല്ലടയുടെ പ്രസംഗങ്ങള്‍ കേട്ടവരും നിയമ പരിജ്ഞാനത്തെപറ്റി അറിഞ്ഞവരും ഭാവിയുള്ള നല്ല പാര്‍ലമെന്റേറിയന്‍ എന്ന് അഭിപ്രായപ്പെട്ടിരുന്നു. 

ഒരു മന്ത്രിയാകാന്‍ സാദ്ധ്യതയും യോഗ്യതയും ഉള്ള കല്ലടയെ 1982 ലെ തെരെഞ്ഞെ ടുപ്പില്‍ കുന്നത്തൂരിലെ അസൂയാലുക്കളായ മത-വര്‍ഗ്ഗീയപിന്‍തിരിപ്പന്‍ ശക്തികള്‍ ചേര്‍ന്ന് പരാജയപ്പെടുത്തി. തളരാത്ത മനസ്സുമായി ജനമദ്ധ്യത്തിലേയ്ക്കിറങ്ങിയ കല്ലട ഒരിക്കല്‍ പ്രഗല്‍ഭനായ സി.എച്ച്. മുഹമ്മദ്‌കോയ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ദോഷം ചെയ്യുന്ന ഒരു സര്‍ക്കാര്‍ ഓര്‍ഡര്‍ പിന്‍വലിപ്പിക്കുവാന്‍ കാണിച്ച ധീരത വിദ്യാര്‍ത്ഥി വര്‍ഗ്ഗം ഒരിക്കലും മറക്കുകയില്ല.

കുന്നത്തൂര്‍ മണ്ഡലത്തില്‍ ഇന്ന് കാണുന്ന ഒട്ടുമിക്ക വികസന പ്രവര്‍ത്തനങ്ങളുടേയും അടിത്തറ പാകിയത് കല്ലടയാണ്. കടപുഴ പാലം അദ്ദേഹത്തിന്റെ ഒരു സ്മാരകം എന്നോണം രണ്ട് പ്രദേശങ്ങളെ ബന്ധിച്ചുകൊണ്ട് നിലകൊള്ളുന്നു. ഒരു നിശബ്ദസാക്ഷ്യം പോലെ റെയില്‍വെ ക്രോസും ഗേറ്റും സ്ഥാപിച്ച് അതില്‍ നാട്ടുകാര്‍ അദ്ദേഹത്തിന്റെ പേര് കല്ലട നാരായണന്‍ എം.എല്‍.എ. എന്ന് ശിലാഫലകത്തില്‍ കൊത്തിവെച്ചിട്ടുണ്ട്. കല്ലുംതാഴം വഴി ബസ്സ് സര്‍വ്വീസ് അനുവദിപ്പിച്ചതും അദ്ദേഹമാണ്. 

പാത്തല രാഘവന്‍ 
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ