"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 31, ചൊവ്വാഴ്ച

ആദിവാസികള്‍ വിമോചനസമരം ആരംഭിക്കുന്നു: നാള്‍വഴികള്‍

ഡോ. നല്ലതമ്പിതേര പരമാനന്ദ് 

*1989 മാര്‍ച്ച് 26-ന് വയനാട്ടില്‍ നിന്നും ആരംഭിക്കുന്നു.

*ഏപ്രില്‍ 19-ന് സെക്രട്ടറിയേറ്ററിനു മുന്നില്‍ ആയിരങ്ങളുടെ 
ധര്‍ണ്ണ

* സംസ്ഥാന-അന്തര്‍ സംസ്ഥാന മര്‍ദ്ദിത വര്‍ഗ്ഗ നേതാക്കന്മാര്‍ പങ്കെടുക്കുന്നു.

ജനുവരി 16-ന് കോട്ടയം ഇന്ദ്രപ്രസ്ഥത്തില്‍ കല്ലറ സുകുമാരന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ഐ.ഡി.എഫ്. സംസ്ഥാന കൗണ്‍സില്‍ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭുമിക്കുവേണ്ടി ഐതിഹാസികമായ സമരം ആരംഭിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഐ.ഡി.എഫ്.ജനറല്‍ സെക്രട്ടറി പി.കെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 26ന് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുമാണ് ജാഥ പുറപ്പെടുന്നത്. മാര്‍ച്ച് 25-ാം തീയതി വൈകുന്നേരം ജാഥാഅംഗങ്ങള്‍ വയനാടിന്റെ വീരപുത്രനും കുറിച്യാപ്പട സേനാനായകനും ഒന്‍പതു വര്‍ഷക്കാലം വെള്ളക്കാരന്റെ നിറതോക്കിനു മുന്നില്‍ പൊരുതി നിന്ന വീരസേനാനിയും ആയ തലയ്ക്കല്‍ ചന്തുവിന്റെ ബലികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടായിരിക്കും. ജാഥ ആരംഭിക്കുന്നത് (സുഭാഷ് ചന്ദ്രബോസിനെ പോലെ തന്നെ ആരാധ്യനായവ്യക്തിയായിരുന്നു തലയ്ക്കല്‍ ചന്തുവെന്ന് കെ. പാന്നുര്‍ കേരളത്തിലെ ആഫ്രിക്ക എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആദിവാസി ആയതുകൊണ്ടുമാത്രം അദ്ദേഹം അവഗണിക്കപ്പെട്ടതാണ്) 

1975-ല്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ മുന്‍കാല പ്രാബല്യത്തോടെ ഏകകണ്ഠമായി പാസ്സാക്കി ഇന്ത്യന്‍ പ്രസിഡന്റിന്റെ അംഗീകാരം കിട്ടിയ നിയമമാണ് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നല്കല്‍ നിയമം. എന്നാല്‍ പ്രസ്തുത നിയമം നടപ്പിലാക്കാന്‍ മാറി മാറി വന്ന യാതൊരു ഗവണ്‍മെന്റും നാളിതുവരെ മതിയായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. മാത്രമല്ല അവരുടെ ഭൂമി ചതി പ്രയോഗത്തില്‍ തട്ടിയെടുത്തവര്‍ ഇന്ന് ആദിവാസി സഹോദരങ്ങളെ കുലി അടിമകളാക്കി എല്ലാവിധ പീഡനങ്ങള്‍ക്കും വിധേയരാക്കിയിരിക്കുകയാണ്.ഈ യാതനകളും പേറി ഈ മൂകജീവികള്‍ ഇനി ജീവിക്കണമോ മരിക്കണമോ എന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. അവരുടെസ്ത്രീകളേയും പ്രലോഭനങ്ങളില്‍ കുടുക്കി തട്ടികൊണ്ടുപോയി അന്യസംസ്ഥാനങ്ങളില്‍ വിറ്റ് കാശാക്കുന്ന അനുഭവം അനുസ്യൂതം തുടരുന്നു. ആദിവാസികള്‍ ഇന്ന് ഭുരിഭാഗവും കുഷ്ഠരോഗത്തിനും മറ്റ് മാറാരോഗങ്ങള്‍ക്കും അടിമകളാണ്. ഫോറസ്റ്റ് നിയമങ്ങള്‍ മൂലം അവരുടെ സമസ്ത സ്വാതന്ത്ര്യങ്ങളും നിഷേധിക്കുകയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയും ചെയ്യുന്നു. അവരുടെ പട്ടിണി മരണങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ആകെകൂടി അസ്വസ്ഥരായ ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചു ലഭിക്കാനുള്ള നിയമം നടപ്പാക്കാനും അവര്‍ക്ക് മാനുഷികമൂല്യങ്ങള്‍ അംഗീകരിച്ചുതരുന്നതിനും വേണ്ടി ഇന്‍ഡ്യന്‍ ദലിത് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ശക്തമായ സമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലുമുള്ള ഏതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന്റെ മുന്‍പില്‍ കേന്ദ്ര സര്‍ക്കാര്‍ ആദിവാസി ഭൂമിനിയമ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുട്ടധര്‍ണ്ണ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ 19-ന് രാവിലെ 9 മണിക്ക് തിരുവന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയില്‍ പുഷ്പഹാരം അര്‍പ്പിച്ചുകൊണ്ട് ആയിരങ്ങളുടെ അകമ്പടിയോടെ ജാഥാംഗങ്ങള്‍ സെക്രട്ടറിയേറ്റിനു മുമ്പിലെത്തി കൂട്ടധര്‍ണ്ണ നടത്തുകയും മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കുകയും ചെയ്യും.

ജാഥയില്‍ സ്തീകളടക്കം 51 ആദിവാസികളാണ് വയനാട്ടില്‍ നിന്നും പുറപ്പെടുന്നത്. മാര്‍ഗ്ഗ മദ്ധ്യേ മറ്റു ജില്ലകളിലെ പ്രതിനിധികളും ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ പ്രവര്‍ത്തകരും പങ്കു ചേരും. ജാഥാംഗങ്ങള്‍ക്കു രണ്ട് മീറ്റര്‍ നീളത്തില്‍ ചുവന്ന തുണി ഷാളും നീല തൊപ്പിയും ഐ.ഡി.എഫ്. പതാകയും ഉണ്ടായിരിക്കേണ്ടതാണ്. സുല്‍ത്താന്‍ ബത്തേരി മുതല്‍ തിരുവനന്തപുരം വരെ വിവിധ സ്ഥലങ്ങളില്‍ ഭക്ഷണത്തിനും വിശ്രമത്തിനും വിശദീകരണ യോഗങ്ങള്‍ക്കും ഉള്ള ഏര്‍പ്പാടുകള്‍ അതാതു ജില്ലയിലെ ബന്ധപ്പെട്ട കമ്മറ്റിക്കാര്‍ സജ്ജീകരിക്കേണ്ടതാണ്. അതിനുവേണ്ടി അടിയന്തിരയോഗം വിളിച്ചുകുട്ടി കമ്മിറ്റികള്‍ രൂപികരിച്ച് നോട്ടീസും രസീതും ഉണ്ടാക്കി ഫണ്ട് ശേഖരിക്കുകയും വേണം. വാള്‍പോസ്റ്ററുകളും ചുവരെഴുത്തുകളും മറ്റു കൊടി തോരണങ്ങളും കൊണ്ട് മതിയായ പ്രചരണം നല്‍കണം. സഹകരിക്കാന്‍ കഴിയുന്നിടത്തോളം ഇതരസംഘടനകളേയും വ്യക്തികളേയും പങ്കെടുപ്പിക്കണം. ആദിവാസി മേഖലകളില്‍ പ്രത്യേകമായി സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തി സമരാവശ്യം വിശദീകരിക്കണം. ഏപ്രില്‍ 19 ന് തിരുവന്തപുരത്ത് പതിനായിരം പേരെയെങ്കിലും വിവിധ ജില്ലകളില്‍ നിന്നും എത്തിച്ച് പ്രകടനം നടത്താന്‍ ഒരോ കമ്മിറ്റികളും ശ്രദ്ധിക്കണം. സെക്രട്ടറിയേറ്റ് ധര്‍ണ്ണയ്ക്ക് എത്തുന്ന പ്രതിനിധികള്‍ ഒരു രൂപയുടെ ബാഡ്ജ് നിര്‍ബന്ധമായി വാങ്ങിയിരിക്കേണ്ടതാണ്. ഒരു മനുഷ്യാവകാശ സമരം എന്ന പ്രാധാന്യം നല്‍കി ഈ സമര പരിപാടി വിജയിപ്പിക്കണമെന്ന് സംസ്ഥാന കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കല്ലറ സുകുമാരന്‍,പോള്‍, ചിറക്കരോട് എ.വാസു., എം. പ്രഭാകരന്‍, കെ.വി. വാസുദേവന്‍, പി.കെ. രാധാകൃഷ്ണന്‍, വി.കെ.വിമലന്‍, പി.കെ.കുഞ്ഞച്ചന്‍, റ്റി.എം.ജോസഫ്, കവിയുര്‍ സുകുമാരന്‍ ഭാരതീ ഭാസ്‌കരന്‍ തുടങ്ങിയ സമുന്നത നേതാക്കള്‍ ജാഥയില്‍ ഉണ്ടായിരിക്കുന്നതും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന നേതാക്കന്മാര്‍ സെക്രട്ടറിയേറ്റിനു മുന്‍പില്‍ സത്യാഗ്രഹികളെ അഭിസംബോധന ചെയ്യുന്നതുമാണ്.

ആദിവാസി സമരജാഥ പ്രോഗ്രാം

1989 മാര്‍ച്ച് 26ന് രാവിലെ 8 ന് സുല്‍ത്താന്‍ബത്തേരിയില്‍ ഉദ്ഘാടനം. വൈകിട്ട് 6ന് കല്‍പ്പറ്റയില്‍ സമാപനവും പൊതുയോഗവും. മാര്‍ച്ച് 27ന് ലക്കിടിയില്‍ സമാപനം. 28-ന് ഈങ്ങാപ്പുഴയില്‍ സമാപനം, 29-ന് കുന്നമംഗലത്ത് സമാപനം. 30-ന് കോഴിക്കോട്ട് സമാപനം. 31-ന് ചേലേമ്പ്രത്ത് സമാപനം, ഏപ്രില്‍ 1-ന് പരപ്പനങ്ങാടിയില്‍ സമാപനം. 2-ന് ബി.പി. അങ്ങാടിയില്‍ സമാപനം. 3-ന് എടപ്പാളില്‍ സമാപനം. 4-ന് കുന്നംകുളത്ത് സമാപനം. 5-ന് തൃശ്ശൂര്‍ സമാപനം. 6-ന് പുതുക്കാട് സമാപനം, 7-ന് അങ്കമാലിയില്‍ സമാപനം, 8-ന് പെരുമ്പാവൂര്‍ സമാപനം, 9-ന് കുത്താട്ടുകുളത്ത് സമാപനം, 10-ന് കുറുവിലങ്ങാട് സമാപനം, 11-ന് കോട്ടയത്ത് സമാപനം, 12-ന് തിരുവല്ലയില്‍ സമാപനം, 13-ന് കുളനടയില്‍ സമാപനം, 14-ന് അടുര്‍ സമാപനം, 15-ന് കൊട്ടാരക്കര സമാപനം, 16-ന് ചടയമംഗലം സമാപനം, 17-ന് വെഞ്ഞാറുംമുട് സമാപനം, 18-ന് തിരുവനന്തപുരത്ത് സമാപനം, 19-ന് രാവിലെ 9 മണിക്ക് വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം സെക്രട്ടറിയേറ്റിനു മുന്നിലെത്തി കുട്ടധര്‍ണ്ണ.

(ജ്വലനം മാസിക)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ