"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 20, വെള്ളിയാഴ്‌ച

വിമോചനം രാഷ്ട്രീയ അധികാരത്തിലൂടെ മാത്രം - ബാലന്‍ പൂതാടി


ഞാന്‍ കോഴിക്കോട് ഐ.റ്റി.ഐ.യില്‍ പഠിക്കുന്ന കാലത്താണ് കല്ലറ സുകുമാരന്‍ സാറിനെ അറിയുവാന്‍ ഇടയായത്. അതിനെതുടര്‍ന്ന് ബാലുശ്ശേരിയില്‍ വച്ച് നടന്ന പഠന ക്യാമ്പില്‍ ഞാന്‍ പങ്കെടുത്തു. 1989 ലെ ആദീവാസി മാര്‍ച്ചിലും ഞാന്‍ പങ്കാളിയായി.

പഠന ക്യാമ്പിന്റെ പ്രസംഗം ഇപ്പോഴും ഓര്‍ക്കുന്നു. ഒരു പക്ഷേ അത് മരണംവരെ മറക്കുവാനും കഴിയില്ല. പ്രസംഗത്തിനിടയില്‍ അടുത്ത 30 വര്‍ഷത്തിനുളളില്‍ ഇന്ത്യയില്‍ ഒരു ദലിത് പ്രധാനമന്ത്രിയുണ്ടാകുമെന്ന് കല്ലറ സാര്‍ പറഞ്ഞു. പ്രധാനമന്ത്രി ഉണ്ടായില്ലെങ്കിലും പ്രസിഡന്റ് ഉണ്ടായി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാടുകളിലും സാവധാനം മാറ്റം ഉണ്ടായി. അതില്‍ പ്രധാനം സംവരണ മണ്ഡലത്തിന് പുറത്തുളള സീറ്റ് നല്കുവാന്‍ തയ്യാറായതാണ്. അതുകൊണ്ട് മെച്ചമുണ്ടായോ എന്നത് വേറെ കാര്യം. ഉത്തര്‍പ്രദേശില്‍ മായാവതി അധികാരത്തില്‍ വന്നപ്പോള്‍ കല്ലറസാറിന്റെ വാക്കുകള്‍ പ്രവചന സ്വഭാവമുളളതായി മാറി.

ആദിവാസി മാര്‍ച്ചിന്റെ സമയത്ത് അദ്ദേഹത്തിന്റെ പ്രകമ്പനം കൊളളിക്കുന്ന നിരവധി പ്രസംഗങ്ങള്‍കേട്ടു. പക്ഷെ, അന്ന് ബാലുശ്ശേരിയില്‍ പറഞ്ഞ ഒരു കാര്യം എല്ലാ പ്രസംഗങ്ങളിലും ഏതോ ഒരു വിധത്തില്‍ ചാലിച്ച് ചേര്‍ത്തതുപോലെഇന്നും തോന്നുന്നു. അന്ന് അദ്ദേഹം ഊട്ടിയുറപ്പിച്ച് പറഞ്ഞത് ദലിതര്‍ രാഷ്ട്രീയ അധികാരികളായി അവരുടെ വിമോചനം സ്വയം നടത്തേണ്ടതാണെന്നാണ്. ദലതിരുടെ ഐക്യം ആ വഴിക്ക് നീങ്ങേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു മറ്റു നേതാക്കളില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കിയത് തീര്‍ച്ചയായും ഈ രാഷ്ട്രീയ നിലപാട് തന്നെയാണ്.

ഇന്ന് ആദിവാസികളെയും, പട്ടികജാതിക്കാരെയും വിവിധ ചേരികളിലാക്കി പരസ്പരം എതിരാളികളാക്കുന്ന സവര്‍ണ്ണ രാഷ്ട്രീയ തമ്പുരാക്കന്മാരുടെ രസതന്ത്രം എല്ലാ പക്ഷങ്ങളും നിരന്തരം നടപ്പിലാക്കുന്നു. മുത്തങ്ങയില്‍ ആദിവാസികളെകൊണ്ട് ദലിതനെ കൊല്ലിച്ചു. ഇപ്പോള്‍ മെഡിക്കല്‍ എന്‍ട്രന്‍സ് സീറ്റുപോലെയുളള വിഷയങ്ങളില്‍ പട്ടികജാതിക്കാരെക്കൊണ്ട് ആദിവാസിയെ തുരങ്കം വയ്പ്പിക്കുന്നു. പട്ടികജാതിക്കാരെയും, പട്ടിക വര്‍ഗ്ഗക്കാരെയും തുല്യതയോടെ കണ്ട, രണ്ടുകൂട്ടരുടെയും പ്രശ്‌നങ്ങള്‍ ദലിത് വര്‍ഗ്ഗത്തിന്റെ പൊതു പ്രശ്‌നം ആണെന്ന് കണ്ട എനിക്കറിയാവുന്ന ഏക നേതാവ് കല്ലറ സുകുമാരന്‍ മാത്രമാണ്. ആ മാതൃകാ നേതാവിന്റെ ആത്മാവിന് നിത്യശാന്തിയുണ്ടാവട്ടെ.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ