"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 18, ബുധനാഴ്‌ച

എന്റെ മനസ്സിലെ ട്രേഡ് യൂണിയന്‍ നേതാവ് - വി.കെ. വിമലന്‍


പതിനായിരത്തി നാനൂറ്റി അമ്പത്തി ആറ് (പഴയ കണക്ക്) ട്രേഡു യൂണിയനുകള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ദേശീയ പ്രാദേശീക തലത്തില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം നടത്തുന്നുണ്ട്. ആദ്യത്തെ ട്രേഡ് യൂണിയനായി അറിയപ്പെടുന്ന എ.ഐ.റ്റി.യു.സി. അടക്കമുള്ളവ ട്രേഡ് യൂണിയന്‍ നിയമങ്ങള്‍ ആദ്യമായി രൂപപ്പെടുത്തിയത് ഡോ. ബാബാസാഹിബ് അംബേദ്ക്കറാണെന്ന സത്യം അറിഞ്ഞോ അല്ലാതെയോ വിസ്മരിക്കുകയാണ്. സംഘടിത അസംഘടിത മേഖല കളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം യൂണിയനുകളെ നയിക്കുന്നതും നിയന്ത്രിക്കുന്നതും പക്ഷവാദ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വക്താക്കളായിരിക്കെ യഥാര്‍ത്ഥ തൊഴിലാളി വര്‍ഗ്ഗ സംരക്ഷണം അട്ടിമറിക്കപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ല. പക്ഷവാദ രാഷ്ട്രീയം എന്നുദ്ദേശിച്ചത് രണ്ട് അര്‍ത്ഥതലത്തിലാണ്. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നവര്‍ മറുപക്ഷത്തെ വലതുപക്ഷവാദികളായി ചിത്രീകരിക്കുന്നുണ്ടെങ്കിലും അവരതംഗീകരിക്കുവാന്‍ തയ്യാറാവാതെ തങ്ങളും തൊഴിലാളി വര്‍ഗ്ഗ പക്ഷത്താണെന്ന് വരുത്തി തീര്‍ക്കുവാന്‍ വെമ്പല്‍കൊള്ളുകയാണ്. 

ജനാധിപത്യം അംഗീകരിക്കേണ്ടിവന്നതുകൊണ്ട് ഇല്ലാത്തവനനുകൂലമായി തീരുമാനം നടപ്പിലാക്കുകയും ഉള്ളവനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളവരെയാണല്ലോ ഇടതുപക്ഷവാദികള്‍ എന്നറി യപ്പെടുന്നത്. വലതുപക്ഷവാദികളും മതാധിഷ്ടിതവാദ രാഷ്ട്രീയക്കാരും തങ്ങള്‍ അദ്ധ്വാന വര്‍ഗ്ഗ സംരക്ഷകരല്ലെന്ന് തുറന്ന് പറയാന്‍ മടിക്കുന്നവരാണ്. ചുരുക്കത്തില്‍ ഈ മൂന്നു കൂട്ടരും യഥാര്‍ത്ഥ അദ്ധ്വാന വര്‍ഗ്ഗത്തെയല്ല പ്രതിനിധീകരിക്കുന്നതെന്ന് ചുരുക്കം ചില അനുഭവസ്ഥരെങ്കിലും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. തൊഴിലാളി വര്‍ഗ്ഗത്തെ അവര്‍ തന്നെ നയിക്കണമെന്ന നേതൃചിന്ത എന്നേ അട്ടിമറിക്കപ്പെട്ടു കഴിഞ്ഞു. ഇല്ലാത്തവനുവേണ്ടി ഉള്ളവന്റെ ദല്ലാളുകള്‍ യൂണിയന്‍ ഭരണഘടനയില്‍ മാറ്റം വരുത്തിക്കൊണ്ട് വര്‍ഗ്ഗ ബഹുജന പ്രസ്ഥാനങ്ങളില്‍ കടന്നു കയറി തീരുമാനങ്ങളെ അട്ടിമറിച്ച് തൊഴിലാളി വര്‍ഗ്ഗ ദ്രോഹ നടപടികള്‍ സ്വീകരിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിലാണ് അനശ്വരനായ കല്ലറ സുകുമാരന്‍ യഥാര്‍ത്ഥ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായി രംഗപ്രവേശനം ചെയ്തത്.

1977 ആഗസ്റ്റ് 30-ന് കേരളാ പ്ലാന്റേഷന്‍ ലേബര്‍ യൂണിയന്‍ (കെ.പി.എല്‍.യു.) രജിസ്റ്റര്‍ ചെയ്ത് തോട്ടം മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് കല്ലറ സുകുമാരന്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. 1982 സെപ്റ്റബര്‍ 6-ന് തടിപ്പണി (ടിംബര്‍)ക്കാരായ തൊഴിലാളികളുടെ തൊഴിലുറപ്പ് അടക്കമുള്ള അവകാശങ്ങള്‍ക്കായി കേരളാ ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (കെ.ജി.ഡബ്ല്യു.യു.) എന്ന പേരില്‍ വിപുലമായ യൂണിയന്‍ പ്രവര്‍ത്തനത്തിന് കളമൊരുക്കുകയും ചെയ്യുക വഴി പാറമടതൊഴിലാളി യൂണിയന്‍, ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എന്നീ നിലകളില്‍ കേരളത്തിലങ്ങോളമിങ്ങോളം അദ്ധ്വാന വര്‍ഗ്ഗത്തെ അവര്‍ തന്നെ നയിക്കുന്ന യഥാര്‍ത്ഥ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന് അടിത്തറ പാകുവാന്‍ കല്ലറ സുകുമാരന് കഴിഞ്ഞു എന്നുള്ളത് ട്രേഡ് യൂണിയന്‍ രംഗത്ത് പുതിയ അദ്ധ്യായം സൃഷ്ടിക്കുകയായിരുന്നെന്ന ചരിത്ര യാഥാര്‍ത്ഥ്യം അദ്ധ്വാന വര്‍ഗ്ഗത്തിന് വിസ്മരിക്കാനാവില്ല. 

ട്രേഡ് യൂണിയന്‍ രംഗത്തേക്ക് കല്ലറ സുകുമാരന്‍ നടന്നു വരുവാന്‍ തൊഴിലാളി വര്‍ഗ്ഗ താത്പര്യങ്ങള്‍ക്കുമുപരിയായി സാമൂഹ്യ പ്രശ്‌നങ്ങള്‍ കൂടി തുടക്കത്തിലുണ്ടായിരുന്നു എന്നുള്ള ചരിത്രം ചുരുക്കം ചിലരെങ്കിലും വിസ്മരിക്കില്ലെന്ന് കരുതുന്നു. 1957-ല്‍ അദ്ദേഹം തുടങ്ങിവച്ച അയിത്ത ജാതിക്കാരുടെ കൂട്ടായ്മ പീരുമേട് ഹരിജന്‍ ഫെഡറേഷനില്‍ തുടങ്ങി കേരളാ ഹരിജന്‍ഫെഡറേഷനിലൂടെ സംസ്ഥാന വ്യാപകമായി പ്രവര്‍ത്തനമേഖല കൈയ്യടക്കിയതുവരെയുളള കാലഘട്ടത്തില്‍ നേരിടേണ്ടിവന്ന തിക്താനുഭവങ്ങളാണ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കേരളാ ഹരിജന്‍ ഫെഡറേഷന്റെ അംഗങ്ങളും അനുഭാവികളുമായി മാറിയ അയിത്തജാതിക്കാര്‍ക്കെതിരെ നിലവിലുണ്ടായിരുന്ന തൊഴിലാളി സംഘടനകള്‍ ദ്രോഹ നടപടികള്‍ കൈകൊള്ളുകയുണ്ടായി. 

സവര്‍ണ്ണ വര്‍ഗ്ഗ നേതൃത്വം കൈയ്യടക്കിയ ട്രേഡ് യൂണിയനുകള്‍ സംഘടിത മേഖലയിലെ തോട്ടം തൊഴിലാളികള്‍ക്കെതിരെ മാനേജ്‌മെന്റിന്റെ ഒത്താശയോടെ കള്ള കേസ്സുണ്ടാക്കി തൊഴില്‍ നിഷേധിക്കുവാന്‍ ഗൂഢാലോചന നടത്തുകയും നിലവിലുണ്ടായിരുന്ന ഏരിയാ തിരിച്ചുള്ള തൊഴിലവകാശങ്ങളില്‍ നിന്നും ഒഴിവാക്കുവാന്‍ യൂണിയന്‍ നേതൃത്വം മുഷ്ടി പ്രയോഗത്തിലൂടെ ധിക്കാര നടപടികള്‍ അരങ്ങേറുകയുണ്ടായി. കേരളാ ഹരിജന്‍ ഫെഡറേഷന്‍ സ്വീകരിച്ച തത്വാധിഷ്ടിത മൂല്യബോധമാണ് പ്രതികാര നടപടികള്‍ക്ക് അത്തരക്കാരെ പ്രേരിപ്പിച്ചത്. ശാഖാതലം മുതല്‍ സംസ്ഥാന വ്യാപകമായി കെ.എച്ച്.എഫ്. നടത്തിയ ഒട്ടേറെ പഠന ക്ലാസ്സുകളും സെമിനാറുകളും പൊതു സമ്മേളനങ്ങളില്‍ കല്ലറ സുകുമാരന്‍ നടത്തിയ പ്രഭാഷണങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്ന സവര്‍ണ്ണ വര്‍ഗ്ഗ രാഷ്ട്രീയ നേതൃത്വത്തിന് തങ്ങള്‍ അടിമകളാക്കി കാത്തുസൂക്ഷിച്ചുപോന്ന അയിത്തക്കാര്‍ തങ്ങള്‍ക്ക് നഷ്ടമാകുമെന്നും അതുവഴി തങ്ങളുടെ നിലനില്പായ രാഷ്ട്രീയ അടിത്തറയ്ക്ക് ഇളക്കം സംഭവിക്കുമെന്ന ദൂരകാഴ്ചയാണ് പ്രതികാര നടപടികള്‍ക്ക് സവര്‍ണ്ണ വര്‍ഗ്ഗത്തെ പ്രേരിപ്പിച്ചത്. നിയമപരമായ അവകാശങ്ങള്‍ പിടിച്ചുപറ്റുവാനും പ്രാപ്തരാക്കും വിധം രാപകലന്ത്യേ നിരന്തരം സംഘടിപ്പിച്ച ക്ലാസ്സുകളിലൂടെ യൂണിയന്‍ പ്രവര്‍ത്തനവും സംഘടനാ പ്രവര്‍ത്തനവും ഒരുപോലെ കൊണ്ടുപോകുവാന്‍ കല്ലറ സുകുമാരന്‍ കാട്ടിയ ചങ്കൂറ്റം സവര്‍ണ്ണ വര്‍ഗ്ഗത്തെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. 

തൊഴില്‍ മേഖലയില്‍ പണിയെടുത്തു കൊണ്ടിരുന്ന അയിത്തജാതിക്കാരെ ട്രേഡു യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ ഊരാക്കുടിക്കിലാക്കി സവര്‍ണ്ണ വര്‍ഗ്ഗം പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ അവരുടെ രക്ഷയ്ക്കുള്ള ഏക പിടിവള്ളിയായി കല്ലറ സുകുമാരന്റെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നിലകൊള്ളുകയുണ്ടായി. മാര്‍ക്‌സിസവും ഗാന്ധിസവും അയിത്തക്കാരുടെ പുരോഗതിക്കെതിരാണെന്ന തിരിച്ചറിവും അംബേദ്ക്കര്‍ ദര്‍ശനത്തിന്റെ പ്രസക്തിയും മനസ്സിലാക്കി 1982-ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ സ്വന്തമായി നിര്‍ത്തി മത്സരിപ്പിക്കുവാന്‍ കെ.എച്ച്.എഫ്. തീരുമാനമെടുത്തു. സംസ്ഥാന വ്യാപകമായി 75 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കുവാന്‍ കഴിഞ്ഞതിലൂടെ കേരളം ദലിത് രാഷ്ട്രീയത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്ന നിലയിലേയ്ക്കുയര്‍ന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ 1983-ല്‍ സംഘടനയുടെ രജതജൂബിലിയോടനുബന്ധിച്ച് പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുവാന്‍ തീരുമാനിക്കുകയുണ്ടായി. പാര്‍ട്ടി ഭരണഘടന രൂപപ്പെടുത്തുന്ന തിരക്കിനിടയില്‍ തിടനാട് സംഘടന സംഘടിപ്പിച്ച ഒരു സെമിനാറില്‍ കല്ലറ സുകുമാരനൊപ്പം ഞാനും പങ്കെടുത്തിരുന്നു. വൈകിട്ട് 7 മണിക്ക് ആരംഭിച്ച പഠന ക്ലാസ് സമാപിച്ചത് വെളുപ്പിന് 4 മണിക്ക്. ഒന്നുറങ്ങുവാന്‍ കോപ്പുകൂട്ടിയ എന്റെ കയ്യിലേയ്ക്ക് ഏതാനും കടലാസു ഷീറ്റുകള്‍ നല്കി എനിക്കഭി മുഖമായി ഒരു ബഞ്ചിലിരിപ്പുറപ്പിച്ച കല്ലറ സാറിന്റെ നേരെ നിന്ന് ചോദിക്കാന്‍ മടിയുള്ള ഒരു പ്രവര്‍ത്തകന്റെ ഇരുട്ടത്തുള്ള ചോദ്യം ''ഉറങ്ങുന്നില്ലേ?'' ''ഇത് പാര്‍ട്ടിക്ക് വേണ്ടിയുള്ള ഭരണഘടനയാ എഴുതി തീര്‍ക്കണം'' സാറിന്റെ മറുപടി. നമ്മുടെ പാര്‍ട്ടിയുടെ പേരെന്തായിരിക്കുമെന്ന ചോദ്യത്തിനും ഉത്തരം ഉടനെയുണ്ടായി. തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയ പാര്‍ട്ടി എഴുതാനിരുന്ന ഞാന്‍ ഉറക്കച്ചടവില്‍ ഇതൊന്നും കേള്‍ക്കാത്ത രീതിയിലായിരുന്നെങ്കിലും എന്റെ മനസ്സില്‍ പാര്‍ട്ടിയുടെ ചുരുക്കപ്പേര്‍ രൂപം കൊണ്ടു. ''ടി.വി.ആര്‍.പി.'' കൊള്ളാം, മുദ്രവാക്യം വിളിക്കുവാന്‍ എളുപ്പമുണ്ട് മനസ്സുമന്ത്രിച്ചു. പക്ഷെ ഭരണഘടനാ ചര്‍ച്ചയ്ക്കുശേഷം പാര്‍ട്ടിയുടെ പേര് തെരഞ്ഞെടുക്കുകയുണ്ടായി. ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി. തിടനാട്ടുകാരുടെ ചോദ്യത്തിന് സംശയ ലേശമന്യേ പെട്ടെന്ന് ഉത്തരം നല്‍കിയപ്പോള്‍ ബന്ധപ്പെട്ട കമ്മറ്റി അംഗീകരിക്കാത്ത ഒരു തീരുമാനവും പരസ്യപ്പെടുത്തുവാന്‍ തയ്യാറാവാതിരുന്ന കല്ലറ സാറിന്റെ സംഘടനാ പാടവം ഒരിക്കല്‍കൂടി വ്യക്തമാക്കുകയാണ്.

ഡോ. അബേദ്ക്കര്‍ക്ക് ശേഷം ഇന്ത്യയില്‍ അയിത്തജാതിക്കാര്‍പ്രത്യേകം പ്രാമുഖ്യം നല്‍കി പാര്‍ട്ടി രൂപീകരിച്ചത് കല്ലറ സുകുമാരനായിരിക്കും. (അംബേദ്ക്കര്‍ രൂപം നല്‍കിയ റിപ്പബ്ലിക്കല്‍പാര്‍ട്ടിയെ വിസ്മരിക്കുന്നില്ല) അംബേദ്ക്കര്‍ ആദ്യമായി രൂപം നല്‍കിയ ഇന്‍ഡിപ്പെന്റന്റ് ലേബര്‍ പാര്‍ട്ടിയുടെ ചുരുക്കപ്പേരിലറിയപ്പെടും വിധം ഐ.എല്‍.പി.-യ്ക്ക് (ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി) രൂപം നല്‍കുവാന്‍ കഴിഞ്ഞത് ചരിത്ര ബോധത്തിന്റെ പിന്‍ബലം കൊണ്ടാണ്. 

കേരളാ ഹരിജന്‍ ഫെഡറേഷന്റെ (ഇന്നത്തെ ഇന്‍ഡ്യന്‍ ദലിത് ഫെഡറേഷന്‍) സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെ മഹാനായ അയ്യന്‍ കാളിയുടെ സാമൂഹ്യ വീക്ഷണം കേരളത്തില്‍ നടപ്പിലാക്കിയ ചരിത്രാവബോധം പാര്‍ട്ടി രൂപീകരണത്തിലും കാത്തുസൂക്ഷിക്കുവാന്‍ കല്ലറ സുകുമാരന് കഴിഞ്ഞു. ജാതി മതഭേദമെന്യേ സാധുജന പരിപാലനത്തിന് കളമൊരുക്കിയ അയ്യന്‍കാളിയെ അവിട്ടത്തിന് മാത്രം (ചിങ്ങമാസത്തില്‍) ഓര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഉപജാതി സഘടനകളുണ്ടാക്കുകയും ഏറിയാല്‍ പട്ടിക ജാതി സംഘടനയിലേയ്ക്ക് പ്രശ്‌നത്തിന്റെ പേരില്‍ ചേക്കേറാന്‍ ശ്രമിക്കുമ്പോള്‍ പോലും സ്വന്തം സഹോരദങ്ങളായ ദലിത് ക്രൈസ്തവരെ മതത്തിന്റ പേരില്‍ ചങ്ങലയ്ക്കിടുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. ഇത് മഹാനായ അയ്യന്‍കാളിയോട് ചെയ്യുന്ന അപരാധമാണെന്ന് ഇക്കൂട്ടര്‍ ഇനിയെങ്കിലും തിരിച്ചറിഞ്ഞെങ്കില്‍. ഡോ. പോള്‍ ചിറക്കരോടിന്റെ അഭിപ്രായത്തില്‍ അപ്രിയസത്യങ്ങളെ ഭയപ്പെടുന്നവരാണ് ഇക്കൂട്ടര്‍. സത്യങ്ങള്‍ പലര്‍ക്കും പ്രിയങ്കരങ്ങളായിരിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

ഡോ. പോള്‍ ചിറക്കരോടിനെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ലെങ്കിലും ചിലതെങ്കിലും പറഞ്ഞില്ലെങ്കില്‍ അത് ഈ സ്മരണികയോട് ഞാന്‍ കാട്ടുന്ന അനാദരവായി ചിലര്‍ക്കെങ്കിലും തോന്നാം. ബഹുമുഖപാണ്ഡിത്യത്തിന്റെ ഈറ്റില്ലമായിരുന്ന അദ്ദേഹത്തെക്കുറിച്ചുള്ള ഒട്ടേറെപ്പേരുടെ ഓര്‍മ്മക്കുറിപ്പുകള്‍ ഈ സ്മരണികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും ചിലതെങ്കിലും കുറിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല.

എന്നെപ്പോലുള്ള (ഭാഷാ പരിജ്ഞാനം ഇല്ലാത്ത) അയിത്ത ജാതിക്കാരെ പല വാക്കുകളും അര്‍ത്ഥപൂര്‍ണ്ണമായി പരിചയപ്പെടുത്തിയതില്‍ ഒന്നാം സ്ഥാനക്കാരന്‍ പോള്‍ചിറക്കരോടാണ്. ആനുകാലിക രാഷ്ട്രീയം പ്രഖ്യാപനത്തിലൂടെ പരിചയപ്പെടു ത്തിയിട്ടുള്ള അനഭിമതന്‍, പിതൃശൂന്യന്‍, മാധ്യമ സിന്‍ഡിക്കേറ്റ്, കരിമ്പട്ടിക എന്നിവയെല്ലാം തര്‍ക്കവിതര്‍ക്കങ്ങളിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുകയാണല്ലോ? വി.ഐ.പി. ഉദ്ഘാടനം ചെയ്യുന്ന ''വനിതാ പാല്‍ സംഭരണ കേന്ദ്ര''ത്തിന്റെ നടത്തിപ്പുകാരും, സാഹിത്യ നായകന്മാര്‍ പങ്കെടുക്കുന്ന പരിപാടി യഥാ സമയം തുടങ്ങാത്തതിനാല്‍ അക്ഷമരായിരിക്കണമെന്ന സംഘാടന അറിയിപ്പ് പ്രക്ഷേപണം ചെയ്യുന്ന ചാനല്‍ സംസ്‌ക്കാരവും കേരളത്തിന്റെ വിജ്ഞാനശാഖയെ സമ്പന്നമാക്കുന്നുണ്ട്. ഈ വിധമായിരുന്നില്ല പോള്‍ ചിറക്കരോടിന്റെ ഭാഷാ പ്രയോഗങ്ങള്‍. സംവേദനക്ഷമതയും, ദൈലതികവും, ചരണാസ്വാസ്ഥ്യങ്ങളും അക്ഷരമറിയാത്തവര്‍ക്കുപോലും ഗ്രഹിക്കുവാന്‍ കഴിയും വിധം ചരിചയപ്പെടു ത്തുന്നതില്‍ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് എടുത്തുപറയാതെ വയ്യ. ഭാഷാ പ്രയോഗത്തിലെ തെറ്റുതിരുത്തുമ്പോഴും പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കുമ്പോഴും കേള്‍വിക്കാരന് അല്പം പോലും അസ്വസ്തത ഉണ്ടാവാതിരിക്കാന്‍ പോള്‍ചിറക്കരോട് ശ്രമിച്ചിരുന്നു. ഉഷ്ണം ഉഷ്‌ണേന ശാന്തിയെന്ന ദ്വിഭാഷ പ്രയോഗമല്ല, ഉഷ്ണം ഉഷ്‌ണേന ശമ്യതേ ആണെന്ന് എന്നെ തിരുത്തിയത് എന്നെ കളിയാക്കിക്കൊണ്ടായിരുന്നില്ല. തന്നേക്കാള്‍ പ്രായം കുറഞ്ഞവരെപ്പോലും ''എടോ'' എന്ന് സംബോധന ചെയ്യുന്ന അറിവിന്റെ നിറകുടം നമുക്ക് നഷ്ടമായതില്‍ വേദനിക്കാതിരിക്കാന്‍ ആര്‍ക്കാണ് കഴിയുക. 

1983 ഏപ്രില്‍ 14-ന് കോട്ടയത്ത് എ.വി. ജോര്‍ജ്ജ് ഹാളില്‍ നടന്ന രജത ജൂബിലി സമ്മേളനത്തില്‍ ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി പിറവിയെടുത്തപ്പോള്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ശക്തമാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. 1983 ഏപ്രില്‍ 18-ന് സെന്റര്‍ ഓഫ് കേരളാ ട്രേഡ് യൂണിയന്‍സ് (സി.കെ.റ്റി.യു) രൂപീകൃതമായി. കേരളത്തിലെ 6 ജില്ലകളില്‍ ശക്തമായി പ്രവര്‍ത്തനരംഗത്തുണ്ടായിരുന്ന യൂണിയനുകളുടെ കേന്ദ്ര സമിതിയായി സി.കെ.റ്റി.യു. പ്രവര്‍ത്തനം ശക്തമാക്കി. ബാക്കി ജില്ലകളിലേയ്ക്കും യൂണിയന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനും തീരുമാനിച്ചു. പല സ്ഥലങ്ങളിലും യൂണിയന്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ അവസരം നിഷേധിച്ച് തൊഴിലാളികളെ കയ്യേറ്റം ചെയ്യാന്‍ ഇതര യൂണിയനുകള്‍ പക്ഷപാദഭേദമെന്യേ ഒന്നിക്കുന്ന കാഴ്ചയാണ് കാണുവാന്‍ കഴിഞ്ഞത്. അതിനെയെല്ലാം വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെ അതിജീവിക്കുവാന്‍ കല്ലറ സാറിന്റെ ട്രേഡ് യൂണിയന്‍ പാണ്ഡിത്യത്തിന് കഴിഞ്ഞിട്ടുണ്ട്. കൊല്ലം ജില്ലയിലെ അച്ചന്‍കോവിലില്‍ സി.കെ.റ്റി.യു.-വിന് പണി ലഭിക്കുവാന്‍ ഹൈക്കോടതി ഉത്തരവ് വരെ സമ്പാദിക്കേ ണ്ടി വന്നിട്ടുണ്ട്. അത്പ്രഖ്യാപിക്കുവാന്‍ സംഘടിപ്പിച്ച പൊതു സമ്മേളനം പോലും 30 മിനിട്ട് കൊണ്ട് അവസാനിപ്പിക്കേണ്ടി വന്നു. പോലീസ് നിര്‍ദ്ദേശത്തിന്റെ പേരില്‍ (ക്രമസമാധാന പാലനം) ഇന്നും അച്ചന്‍കോവില്‍ സി.കെ.റ്റി.യു. സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സ്ഥാപകനേതാവായ അച്ചന്‍കോവില്‍ കുട്ടപ്പനെന്ന തൊഴിലാളിയെ എതിരാളികള്‍ നിര്‍ദാക്ഷിണ്യം വധിച്ച സംഭവം സി.കെ.റ്റി.യു.-വിന്റെ ചരിത്രത്തിലെ ദുഃഖാര്‍ത്തമായ ഓര്‍മ്മയായി ഇന്നും അവശേഷിക്കുന്നു. കല്ലറ സുകുമാരന്റെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി മുമ്പോട്ട് കൊണ്ടുപോകുവാന്‍ സി.കെ.റ്റി.യു.-വിന്റെ സംസ്ഥാന പ്രസിഡന്റായി സേവന മനുഷ്ടിച്ച ശ്രീ കവിയൂര്‍ സുകുമാരന്‍ ഇന്നുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു. തന്റെ അവസാന നാളുകളിലും കല്ലറ സുകുമാരന്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരുന്നത് ട്രേഡ് യൂണിയന്‍ രംഗത്തായിരുന്നു എന്ന് അന്ത്യനാളുകള്‍ ബോദ്ധ്യപ്പെടുത്തുന്നു. വടാട്ടുപാറയിലെ തൊഴില്‍ പ്രശ്‌നം പരിഹരിക്കുവാന്‍, തന്റെ രോഗം പോലും പരിഗണിക്കാതെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പോലും അവഗണിച്ച് ഉറക്കമളച്ചിരുന്ന് തീരുമാനമുണ്ടാക്കാന്‍ കല്ലറ സാര്‍ കാണിച്ച സഹോദര സ്‌നേഹം ഒരു രാത്രി കൂടി മറ്റുള്ളവര്‍ക്ക് അനുഭവിക്കാനിടയാക്കാത്ത വിധിയ്ക്ക് മുമ്പില്‍ അമ്പരപ്പോടെ നില്‍ക്കാനേ കഴിയൂ. മുദ്രാവാക്യത്തിനുവേണ്ടി പണ്ടെങ്ങോ (1986) ഞാനെഴുതിയ വരികള്‍ ഇഷ്ടപ്പെടാതെ വലിച്ചെറിഞ്ഞ എന്റെ ഗുരുനാഥന്റെ, പിതാവിന്റെ, നേതാവിന്റെ, സുഹൃത്തിന്റെ സ്മൃതി മണ്ഡപത്തില്‍ കുറിച്ചിട്ടിരിക്കുന്നത് കാണുമ്പോള്‍ മിന്നല്‍പ്പിണരുകള്‍ക്കൊപ്പം പുറപ്പെടുന്ന വൈദ്യുതി പ്രവാഹ മേല്‍പ്പിക്കുന്ന പ്രഹരം പോലെ പലപ്പോഴും സംസാര മദ്ധ്യേ എന്റെ വാക്കുകള്‍ ഇടമുറിയാറുണ്ട്. ഇവിടെയും അതെന്നെ വേട്ടയാടുന്നു.- ചുരുക്കുന്നു.

അല്പം മാറ്റത്തോടെ സ്മൃതി മണ്ഡപത്തിലെ രണ്ടുവരി നാലു വരിയായി പൂര്‍ത്തീകരി ക്കുവാന്‍ ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. കുറിക്കട്ടെ-നിങ്ങളുടെ അനുവാദത്തോടെ-

അണയുകില്ലൊരുനാളുമടിമതന്‍ ചിന്തയില്‍
ആളിപ്പടരുമാ അഗ്നിജ്വാല
അണയ്ക്കുവാന്‍ വെമ്പുന്നൊരന്തകന്‍ തന്നുടെ
ചിന്തയും ദേഹിയുമണഞ്ഞിടട്ടെ-അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ