"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 27, വെള്ളിയാഴ്‌ച

ശ്രീ. വി.ഡി. ജോണ്‍ - പുത്തൂര്‍ സുകുമാരന്‍

വി ഡി ജോണ്‍ 

കേരളത്തിലെ ദലിത് ക്രൈസ്തവ സമൂഹത്തിന്റെ സാമൂഹിക വിദ്യാഭ്യാസ, രാഷ്ട്രീയ വളര്‍ച്ചയ്ക്കുവേണ്ടി ഒരു പുരുഷായുസ് മുഴുവന്‍ സമര പോരാട്ട കര്‍മ്മ മണ്ഡലങ്ങളില്‍ ഹോമിക്കപ്പെട്ട ജീവിതത്തിന്റെ നേര്‍ഉടമയായിരുന്നു അന്തരിച്ച ശ്രീ. വി.ഡി. ജോണ്‍. നമ്മെ വിട്ടു പരിഞ്ഞ ശ്രീ. കല്ലറ സുകുമാരനും, ശ്രീ. പോള്‍ ചിറക്കരോടും ശ്രീ. വി.ഡി. ജോണിന്റെ സമകാലിക സമൂഹിക പ്രവര്‍ത്തകരായിരുന്നു. ഈ ത്രയങ്ങളുടെ ഒരു അനുയായി ആയി വര്‍ഷങ്ങളോളം സാമൂഹിക പ്രവര്‍ത്തന മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ഈ ലേഖകന്‍. ശ്രീ. വി.ഡി. ജോണ്‍സാറിന്റെ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം നടത്തുവാന്‍ ശ്രമിക്കട്ടെ. 

ജനനം: 1920 നവംബര്‍ മാസം 23-ാം തിയതി ആലപ്പുഴ ആശ്രമം വാര്‍ഡില്‍ വെളിയില്‍ വീട്ടില്‍ ദേവസ്യയുടെയും അച്ചാമ്മയുടെയും മകനായി ജനിച്ചു. ഏഴാം ക്ലാസ്സ് വിദ്യാഭ്യാസത്തിനിടയില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ടു. ആലപ്പുഴ വൈ.എം.സി.എ. സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1942-ല്‍ ഹയറിന് പഠിക്കുന്ന സമയത്ത് കുട്ടനാട് മേഖലയില്‍ കര്‍ഷക തൊഴിലാളികള്‍ പണിമുടക്കിയപ്പോള്‍ കൂട്ടുകാരുമൊത്ത് കുട്ടമംഗലത്ത് പോയി സമരം കാണുകയും അതില്‍ ആകൃഷ്ടനാ കുകയും ചെയ്തു. അങ്ങനെ തിരുവിതാംകൂര്‍ കര്‍ഷകതൊഴിലാളി യൂണിയന്‍ മാനേജിംഗ് കമ്മറ്റിയില്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിങ്ങനെ കാലക്രമേണ പ്രവര്‍ത്തിച്ചു തുടങ്ങി. കൊമ്മാടി സി.എം.സ്. എല്‍.പി.സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. തന്റെ സമുദായത്തിലെ കര്‍ഷകതൊഴിലാളികളെ ജന്മിന്മാരും പോലീസും ക്രൂരമായി മര്‍ദ്ദനങ്ങള്‍ക്കിരയാക്കികൊണ്ടിരുന്ന കാഴ്ച വി.ഡി. ജോണിനെ തന്റെ ജോലിവലിച്ചെറിഞ്ഞ് തന്റെ സമൂഹ മദ്ധ്യത്തിലേക്കിറങ്ങി തിരിക്കുവാന്‍ പ്രേരിപ്പിച്ചു. തിരുവിതാംകൂറിലെ ഉത്തരവാദപ്രക്ഷോഭണം, പാതിരപ്പള്ളി, പുളിങ്കുന്ന് കര്‍ഷകതൊഴിലാളി സമരം, ചങ്ങനാശ്ശേരി മജിസ്‌ട്രേട്ട് കോടതിയിലേക്കുള്ള കര്‍ഷക തൊഴിലാളി മാര്‍ച്ച്, കുമരകം തെങ്ങുകയറ്റ തൊഴിലാളി സമരം, കോട്ടയം കായന്‍കേസ്, തെക്കന്‍ ആര്യാട് തീവെയ്പ്പ് കേസ് മുതലായവയ്ക്ക് നേതൃത്വം കൊടുക്കുകയും കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുകയും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലാവുകും ചെയ്തു. 

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് വി. ഡി. ജോണ്‍ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു. പലസമരങ്ങള്‍ക്കും ഈ കാലയളവില്‍ നേതൃത്വം വഹിക്കുകയും ജയില്‍ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി വര്‍ഷം പാര്‍ട്ടിയുടെ സ്റ്റേറ്റ് കമ്മിറ്റി അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. വി.ഡി. ജോണിന്റെ നേതൃപാടവത്തെ സഹപ്രവര്‍ത്തകര്‍ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ 1947 ന് ശേഷം ഇന്ത്യയില്‍ ഒരു ഭരണഘടന നിലവില്‍ വന്നതോടെ ഒരു മതേതര രാജ്യമായി ഇന്ത്യ മാറിയെങ്കിലും ദലിത് ക്രൈസ്തവര്‍ വിവേചനം അനുഭവിക്കുന്ന വലിയ പ്രശ്‌നം പാര്‍ട്ടിയില്‍ ഉന്നയിച്ചത് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും അകലുവാന്‍ ഇടയാക്കി. ഈ നിലപാട് പാര്‍ട്ടി അംഗീകരിച്ചില്ല. തന്റെ വാദഗതിയില്‍ ഉറച്ചുനിന്ന വി.ഡി. ജോണിന് ദലിത് ക്രൈസ്തവ വിഷയത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകേണ്ടി വന്നു. 1950 ല്‍ ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നപ്പോള്‍ ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ക്രിസ്തുമതം സ്വീകരിച്ച ദലിതര്‍ക്ക് യാതൊരുവിധ സംവരണവും നല്‍കുവാന്‍ പാടില്ലായെന്ന് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവ് ഭരണഘടന ലഘനമാണെന്ന് തിരിച്ചറിഞ്ഞ് ഉപജാതി, സഭാചിന്താ ഗതികള്‍ക്ക് അതീതമായി ദലിത് ക്രൈസ്തവര്‍ ഒറ്റക്കെട്ടായി സംഘടിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് അന്തരിച്ച പുത്തൂര്‍ എന്‍. സ്റ്റീഫന്‍ അച്ചന്‍, വി.ഡി. ജോണ്‍ എന്നിവരുടെ നേതൃത്വ ത്തില്‍ 1956 ല്‍ ബാക്ക്‌വേഡ് ക്ലാസ് ക്രിസ്ത്യന്‍ ഫെഡറേഷന്‍ (ബി.സി.സി.എഫ്.) ഉണ്ടായി. ചരിത്രത്തില്‍ ഇടം നേടേണ്ട പല സമരങ്ങളും ബി.സി.സി.എഫിന്റെ ബാനറില്‍ വി.ഡി. ജോണ്‍ നേതൃത്വം നല്കി നടത്തി. ഇന്ന് കേരളത്തിലെ ദലിത് ക്രൈസ്തവര്‍ സര്‍ക്കാരില്‍ നിന്നും അനുഭവിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, സാമൂഹിക പരിരക്ഷകള്‍ എന്നിവ ബി.സി.സി.എഫിന്റെ ബാനറില്‍ വി.ഡി. ജോണ്‍ നേതൃത്വം നല്കി നടത്തിയ സമരത്തിന്റെ ഫലമായിട്ടാണ് എന്നത് ചരിത്രപരമായ ഒരു സത്യം മാത്രമാണ്. കാലക്രമേണ ഈ സംഘടിത സമര ശക്തി ശിഥിലമാ ക്കപ്പെട്ടതായാണ് കാണാന്‍ കഴിയുക. വി.ഡി. ജോണ്‍, പുത്തൂര്‍ സ്റ്റീഫന്‍ അച്ചന്‍ എന്നിവര്‍ ഐക്യത്തോടെ ദലിത് ക്രൈസ്തവരെ സംഘടിപ്പിച്ച് അവരുടെ സമരശക്തി വളര്‍ത്തിഎടുക്കുന്നതില്‍വിജയം വരിക്കുക തന്നെ ചെയ്തു. 1964 ല്‍ വി.ഡി. ജോണ്‍ ഇടത് പക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കടുത്തുരുത്തിയില്‍ മത്സരിച്ചു എങ്കിലും നിസാര വോട്ടിന് പരാജയപ്പെട്ടു. 2010 മെയ് മാസം 27-ാം തിയതി വി.ഡി. ജോണ്‍ നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹം ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കാന്‍ നമുക്കിനിയും മുമ്പോട്ടു പോകേണ്ടതായിട്ടുണ്ട്. 

പുത്തൂര്‍ സുകുമാരന്‍ :- പുത്തൂര്‍ സ്റ്റീഫന്‍ അച്ഛന്റെ മകനെന്ന നിലയില്‍ തുടക്കം മുതല്‍ ബി.സി.സി.എഫിന്റെ പ്രവര്‍ത്തകന്‍, വൈദ്യുതി ഭവന്‍ ജീവനക്കാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ദലിത് പ്രശ്‌നങ്ങളില്‍ ഐക്യദ്യാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് സാമൂഹിക രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു.

പുത്തൂര്‍ സുകുമാരന്‍ അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ