"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 15, ഞായറാഴ്‌ച

കല്ലറ സുകുമാരനെക്കുറിച്ച് സ്മരണിക എഴുതട്ടെ - എം.ഡി. ഉണ്ണിത്താന്‍അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്റെ ഓര്‍മ്മയില്‍ തളംകെട്ടി നില്‍ക്കുന്നു. അറിവില്ലാത്തവരും അജ്ഞരുമായിരുന്ന ഒരു ജനസമുഹത്തെ നയിച്ച് ഒരുകരയില്‍ നിന്നും മറുകരയിലെത്തിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം എന്നുള്ളതിന് രണ്ടഭിപ്രായമില്ല. ആദ്യമായി ചെയ്തത്, എന്റെ ഓര്‍മ്മയില്‍ 1971-1972 കാലഘട്ടം മുതല്‍ പോലീസ് കേസുകള്‍ ഉണ്ടായാല്‍ അതിന് പരിഹാരമുണ്ടാക്കുക എന്നതായിരുന്നു.

നമ്മുടെ സമുഹത്തില്‍ കള്ളക്കേസുകള്‍ ഉണ്ടാക്കിയാണല്ലോ നമ്മളെ അനുസരിപ്പിക്കുന്നത്,പാര്‍ട്ടി തമ്പുരാക്കന്‍മാര്‍ കള്ളക്കേസുകള്‍ ഉണ്ടാക്കി നമ്മളെ അവരുടെ ചൊല്‍പ്പടിയില്‍ നിര്‍ത്തുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതനുസരിച്ച് നമ്മുടെ വിഭാഗത്തിലുള്ളവര്‍ക്ക് പ്രത്യേക പരിരക്ഷകളുണ്ട് എന്ന് നമ്മളെ പറഞ്ഞ് പഠിപ്പിച്ചു. കേസുകള്‍ ഉണ്ടായാല്‍നമ്മുടെ ആളുകളെ നേരില്‍ ഹാജരാക്കുവാനും ആയവയ്ക്ക് പരിഹാരം ഉണ്ടാക്കുവാനും നമ്മളെ പഠിപ്പിച്ചു. ആ ഒരു വിഷയം മറക്കാന്‍ പറ്റാത്തതാണ്. 

നമുക്കുവേണ്ടി പരിരക്ഷകള്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ളത് ഡോ. ബാബാ സാേഹബ് അംബേദ്കര്‍ ആണെന്ന് നമ്മെ പറഞ്ഞു പഠിപ്പിച്ചു. ജാതിയുടെ പേരില്‍ അടിച്ചമര്‍ത്തിയും ജാതിയുടെ കെടുതികള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തിരുന്ന കാലഘട്ടത്തില്‍ അതിനെതിരെ പ്രതികരിച്ചതും സമരങ്ങള്‍ നടത്തിയതും വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത മഹാനായ അയ്യന്‍കാളിയായിരുന്നു എന്ന് നമ്മെ പഠിപ്പിച്ചു.

പാമ്പാടി ജോണ്‍ ജോസഫ്, ശ്രീനാരായണഗുരു, പൊയ്കയില്‍ യോഹന്നാന്‍, പാറടി എബ്രാഹം, വെള്ളിക്കര ചോതി, കൃഷ്ണാതി ആശാന്‍, കെ.പി. കറുപ്പന്‍ തുടങ്ങിയ മഹാ ആരാധ്യരായ യുഗപുരുഷന്‍മാര്‍ നമുക്കുവേണ്ടി ത്യാഗപുര്‍ണ്ണമായി പ്രവര്‍ത്തിച്ച് മണ്‍മറഞ്ഞുപോയവരാണ്എന്ന് നമ്മെ പഠിപ്പിച്ചു. ഈ വക അറിവുകള്‍ പകര്‍ന്ന് തന്നത് കല്ലറസുകുമാരന്റെ വരവോടുകുടിയാണ് എന്നത് സത്യം തന്നെ. അന്ധതയില്‍ കിടന്നിരുന്ന ആളുകളെ വെളിച്ചത്തിലേക്ക് നയിച്ചതും നടത്തിയതും കല്ലറ സുകുമാരനാണ്.

കുടുംബജീവിതം പവിത്രമാണെന്നും അത് ഭദ്രമായിരിക്കണമെന്നും കുലിപ്പണി എടുത്ത് കിട്ടുന്ന പണം ദുരുപയോഗം ചെയ്ത് കള്ളുഷാപ്പിലും ചാരായഷാപ്പിലും കൊടുക്കാതെ തന്റെ ഭാര്യയോടും മക്കളോടും ഒരുമിച്ചിരുന്ന് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണമെന്നും നമ്മളെ പഠിപ്പിച്ചു. ഇത്രയേറെ അറിവുള്ള, ഇത്രയേറെ ചരിത്രപഠനമുള്ള, നിയമങ്ങള്‍ പഠിച്ചിട്ടുള്ള രാഷ്ട്രീയ മീമാംസയില്‍ പഠനം, സാമൂഹികപഠനം, ആത്മീയ പഠനം, വിദ്യാഭ്യാസ നിയമം, പട്ടികജാതിനിയമപഠനം കൂടാതെ ഐ.എ.എസുകാര്‍ക്കും, എല്‍.എല്‍.ബിക്കാര്‍ക്കും ക്ലാസുകളെടുത്തിട്ടുണ്ട്. അടിത്തട്ടുകാരുമായി ഇടപഴകുവാനും അവരുടെ ചെറ്റക്കുടിലുകളില്‍ അവരു നല്‍കുന്ന ഭക്ഷണവും കഴിച്ച് കീറപ്പായയിലും കീറച്ചാക്കിലും കിടന്നുറങ്ങാന്‍ സന്മനസുള്ളയാളായിരുന്നു സാറെന്ന് ഞാന്‍ ഓര്‍ത്തുപോവുകയാണ്.

പട്ടിണി കിടന്ന് പ്രവൃത്തി എടുക്കുമ്പോള്‍, സ്‌നേഹമുള്ള പ്രവര്‍ത്തകരുടെ ചെവിയില്‍ പറയും ഞാന്‍ കഴിച്ചില്ല എന്ന്, അവര്‍ ഭക്ഷണം വാങ്ങികൊടുക്കും. 1983 ഫെബ്രുവരി മാസം ഒന്നാം തീയതി തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്ര സന്നിധിയില്‍ നിന്ന് പ്രതിജ്ഞ ചൊല്ലി 100 കാഷായ വസ്ത്രധാരികളായ സന്യാസിമാരേയും കൊണ്ട് കാല്‍നടയായി സഞ്ചരിച്ച് കല്ലറ സുകുമാരന്‍ സാര്‍ ഗുരുവായുരിലേക്ക് യാത്ര തിരിച്ചു. ആ യാത്രയില്‍ പങ്കെടുക്കുവാനുള്ള ഭാഗ്യം ഈ ലേഖനമെഴുതുന്ന എനിക്ക് ലഭിച്ചു. 

തിരുവന്തപുരം മുതല്‍ ഗുരുവായൂര്‍ വരെ യാത്ര ചെയ്ത് 13-ാമത്തെ ദിവസം ഗുരുവായൂരിലെത്തി. അതൊരു കുംഭമാസം 1-ാം തീയതി കുടിയായിരുന്നു. കേരളം ഭരിക്കുന്ന മുഖ്യമന്ത്രി എല്ലാ മാസവും 1-ാം തീയതി പോലെ അന്നും ഗുരുവായൂരില്‍ എത്തും. കഴിഞ്ഞ 3000 വര്‍ഷമായി നിലനിന്നിരുന്ന ബ്രാഹ്മണര്‍ക്കുമാത്രമുള്ള സദ്യ ഞങ്ങളോടൊപ്പം ഇരുന്നുകഴിക്കുവാന്‍ ധൈര്യമുണ്ടെങ്കില്‍ വരണം എന്നും മുഖ്യമന്ത്രിയോട് വെല്ലുവിളിച്ചുകൊണ്ടാണ് യാത്ര തുടര്‍ന്നത്. 

കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കുപോലും ആ ഊട്ടുപുരയില്‍ പ്രവേശിച്ച് ഭക്ഷണം കഴിക്കുവാന്‍ പറ്റാതിരുന്ന ആ സാഹചര്യത്തില്‍, ആദ്യമായി മുഖ്യമന്ത്രിക്കും നമ്മോടൊപ്പം ഭക്ഷണം കഴിക്കുവാന്‍ ഇടയാവുകയും കുടാതെ 3000 വര്‍ഷം നിലനിന്നിരുന്ന അനാചാരം എന്നെന്നേക്കുമായി അവസാനിപ്പിച്ച് പിറ്റേന്ന് രാവിലെ എല്ലാ പത്രങ്ങളുടേയും മുന്‍പേജില്‍ പ്രാധാന്യം കൊടുത്തു കൊണ്ടുള്ള വാര്‍ത്ത വായിച്ചതിനുശേഷമാണ് ഞങ്ങള്‍ ഗുരുവായുരിന്റെ മണ്ണില്‍ നിന്നും തിരിച്ചത്. അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ