"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 25, ബുധനാഴ്‌ച

ബിര്‍സാ മുണ്ട


തന്റെ അനുയായികള്‍ക്കിടയില്‍ ബിര്‍സാ ഭഗവാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബിര്‍സാ മുണ്ട 1875 നവംബര്‍ 15-ന് റാഞ്ചിയില്‍ ഉലിഹട്ട് എന്ന സ്ഥലത്താണ് ജനിച്ചത്. ബര്‍ജിയിലെ ജര്‍മന്‍ മിഷന്‍ സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസം നേടിയ ബിര്‍സാ മുണ്ട തന്റെ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നതോടൊപ്പംതന്നെ സര്‍ദാര്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. 

1895വരെ ബിര്‍സാമുണ്ട ഒരു മതപരിഷ്‌കര്‍ത്താവ് ആയിരുന്നു. അതോടൊപ്പം റെയ്താസ് വന മേഖലയിലെ ഒരു പ്രക്ഷോഭകാരികൂടിയായിരുന്നു. സാന്ദര്‍ഭികമായി മുണ്ട മേഖലയെ രാഷ്ട്രീയമായി വിമോചിപ്പിക്കുക എന്ന ദൗത്യവും അദ്ദേഹം ലക്ഷ്യമായി ഏറ്റെടുത്തു. അതിനുവേണ്ടി ബ്രിട്ടീഷ് ഗവ. മായി സമരം ചെയ്യുന്നതിനായി വോളന്റിയര്‍മാരെ അദ്ദേഹം നിയമിക്കുകയുണ്ടായി. ബിര്‍സാ മുണ്ടയുടെ പ്രസ്ഥാനത്തിന് ഒരു അഖിലേന്ത്യാ രൂപമില്ലായിരുന്നു. എന്നാല്‍ ബ്രിട്ടീഷ് വിരുദ്ധ ദേശീയ സമരവുമായി ബിര്‍സാ മുണ്ടയുടെ പ്രക്ഷോഭം ഐക്യപ്പെട്ടു. ആദ്യഘട്ട സമരം വളരെ തീഷ്ണമായിരുന്നില്ല. എങ്കിലും രണ്ടുവര്‍ഷക്കാലം ഹസാരിബാഗ് ജയിലില്‍ കഠിന തടവിന് ബിര്‍സാ മുണ്ട ശിക്ഷിക്കപ്പെട്ടു.

ജയില്‍ മോചിതനായ ബിര്‍സാ നിരവധി യോഗങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. ആ സമ്മേളനത്തില്‍ മുണ്ടകള്‍ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ബിര്‍സായും തന്റെ അനുയായികളും ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള ബോധപൂര്‍വ്വമായ പല പദ്ധതികളും ആവിഷ്‌ക്കരിച്ചു. അതിന്റെ ഭാഗമായി യൂറോപ്യന്‍ ഉദ്യോഗസ്ഥരേയും മിഷനറിമാരേയും റാഞ്ചിയിലും മറ്റും തീയിട്ടു കൊല്ലുകവരെ ഉണ്ടായി. 1899-1900 കാലഘട്ടത്തിലെ ആദിവാസികളുടേയും ഛോട്ടാനാഗപ്പൂര്‍ മേഖലയിലെ കലാപത്തിലൂടെ ബിര്‍സാ മുണ്ട, മുണ്ടകളുടെ അത്യുന്നത നേതാവായി ഉയര്‍ന്നു കഴിഞ്ഞിരുന്നു. പോലീസുമായുള്ള നിരന്തരമായ ഏറ്റുമുട്ടലില്‍ 1901 ഫെബ്രുവരിയില്‍ പിടിക്കപ്പെട്ട ബിര്‍സാ മുണ്ട തടവുജീവിതത്തിനിടയില്‍കോളറ ബാധിതനായി മരണമടഞ്ഞുപോലും.

ഈ ഭൂമിയുടെ യഥാര്‍ത്ഥ ഉടമകള്‍ മുണ്ടകള്‍ ആണെന്നും അതുകൊണ്ടുതന്നെ മറ്റ് ഇടനിലക്കാരുടെ ആവശ്യമുണ്ടെന്നും ബിര്‍സാ മുണ്ട കരുതിയിരുന്നില്ല. താന്‍ ദൈവത്തിന്റെ സന്ദേശവാഹകനാണെന്ന് തന്റെ അനുയായികള്‍ക്കിടയില്‍ പ്രചരിപ്പിച്ച് സ്ഥാപിച്ചെടുക്കുന്നതില്‍ ബിര്‍സാ മുണ്ട വിജയിക്കുകയുണ്ടായി. അതോടൊപ്പംതന്നെ ബിര്‍സായെ ദൈവദൂതനായും സൗഖ്യദായകനായും അത്ഭുത പ്രവര്‍ത്തികള്‍ ചെയ്യുന്ന ആളായും തന്റെ അനുയായികള്‍ തിരിച്ചറിഞ്ഞു. മുണ്ടകളുടെ എല്ലാതരത്തിലുമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് ലക്ഷ്യമാക്കികൊണ്ട് ഒരു സാമൂഹിക മതനേതാവ് എന്ന നിലയില്‍ ബിര്‍സാമുണ്ട പൗരോഹിത്യത്തേയും അവരുടെ തിന്മകളേയും ബോണ്ടകളേയും സോകകളേയും എതിര്‍ത്തുകൊണ്ടേയിരുന്നു.

1831-1832 കാലഘട്ടത്തിലെ ബുദ്ധഭഗത് ഉയര്‍ന്നെഴുപ്പ് കാലഘട്ടം, 1832-33ലെ ഗംഗാ നാരായണിലെ ഭൂമിജി കലാപത്തിലെ രക്തസാക്ഷികളുടെ പിന്‍തുടര്‍ച്ചക്കാരനായി ബിര്‍സാ മുണ്ട ആദിവാസികളുടെ അവകാശ സമരങ്ങളുടെ അജയ്യനായ നേതാവ്, മഹാനായ ദേശസ്‌നേഹി എന്നീ നിലകളില്‍ ഉയര്‍ത്തപ്പെട്ടു. ബിര്‍സാ മുണ്ടയുടെ അനുയായികള്‍ സ്വയം ബിര്‍സാ മുണ്ടയെ അവരുടെ പ്രചോദനത്തിന് കാരണക്കാരനായ അദ്ദേഹത്തെ ആരാധിക്കാന്‍ തുടങ്ങി. ഛോട്ടാനാഗ്പൂരിലെ ആദിവാസിജനങ്ങളില്‍ ആത്മാഭിമാനം വളര്‍ത്തിയെടുക്കുന്നതില്‍ മഹത്തായ സംഭാവന നല്‍കിയ മാന്യദ്ദേഹമാണ് ബിര്‍സാ മുണ്ട എന്നതില്‍ സംശയമില്ല. 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ