"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 22, ഞായറാഴ്‌ച

ദലിതര്‍ സംഘടിക്കണം - കല്ലേന്‍ പൊക്കുടന്‍


കല്ലറ സുകുമാരനുമായി ബന്ധപ്പെടാനുണ്ടായ സാഹചര്യം എങ്ങനെയാണുണ്ടായത്?

സമുദായത്തിനോട് അങ്ങേയറ്റം ആത്മാര്‍ത്ഥതയുള്ള മാടായി ഭാഗത്തെ വിദഗ്ദനായ ഒരു സാമുദായിക പ്രവര്‍ത്തകനായിരുന്നു കുഞ്ഞമ്പു. പഞ്ചായത്ത് ഓഫീസറായിരുന്ന കുഞ്ഞമ്പുവാണ് എന്നെ കേരള ഹരിജന്‍ ഫെഡറേഷനിലും കല്ലറ സുകുമാരനിലേക്കും അടുപ്പിച്ചത്.

എങ്ങിനെയാണ് സാമുദായിക പ്രവര്‍ത്തനത്തിലേക്ക് എത്തപ്പെട്ടത്?
കെ.എച്ച്.എഫ്.-ലേക്ക് വരുന്നതിന് മുമ്പ് തന്നെ ഞാന്‍ സാമൂദായിക പ്രവര്‍ത്തകനായി മാറിയിരുന്നു. ഏഴോം പഞ്ചായത്തില്‍ മാര്‍ക്‌സ്റ്റ് പാര്‍ട്ടിയെ നട്ടുപിടിപ്പിച്ച വ്യക്തികളിലൊരാളാണ് ഞാന്‍. കര്‍ഷക തൊഴിലാളി എന്ന നിലയ്ക്ക് മാത്രമല്ല ജാതീയതയോടും, അയിത്താചാരങ്ങളോടും മറ്റ് തിന്മകളോടുമുള്ള പ്രതിഷേധങ്ങള്‍ കൂടിയാണ് എന്നെ കമ്മ്യൂണിസ്റ്റ് ആക്കി മാറ്റിയത്. പക്ഷെ മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനത്തിനുള്ളില്‍ എത്തി എന്റെ ആയുസിന്റെ നല്ലൊരു പങ്കും പ്രസ്ഥാത്തിനുവേണ്ടി ത്യജിച്ചപ്പോഴാണ് പ്രസ്ഥാനവും ജാതീയതയുടെ കെടുതിയില്‍ നിന്ന് വിമുക്തമല്ല എന്ന് ഞാന്‍ മനസ്സിലാക്കിയത്. പാര്‍ട്ടിയില്‍ നിന്നുള്ള ജാതീയമായ വിവേചനങ്ങള്‍ എന്നെ മാനസീകമായി തളര്‍ത്തി. ഞാന്‍ ഉള്‍പ്പെടുന്ന എന്റെ സമുദായം എത്ര നരകതുല്യമാണ് ജീവിക്കുന്നത് എന്ന് എനിക്ക് പല വിധത്തിലും ബോധ്യമായി. 1970-71 ആയപ്പോഴേക്കും ഞാന്‍ പാര്‍ട്ടിയില്‍ നിന്നും അകലാന്‍ തുടങ്ങി. ഞാന്‍ സമുദായവുമായി അടുക്കാന്‍ ശ്രമിക്കുന്നത് പാര്‍ട്ടി തടയാന്‍ ശ്രമിച്ചു. സാമുദായികയോഗത്തില്‍ പങ്കെടുക്കുന്നതിന് പാര്‍ട്ടി ഭീഷണി ഉണ്ടായിട്ടും ഞങ്ങള്‍ സാമുദായികയോഗം ചേര്‍ന്നു തത്ഫലമായി പാര്‍ട്ടി ഗുണ്ടകളെ വിട്ടു എന്നെ മര്‍ദ്ദിച്ചവശനാക്കി. 

സാമുദായിക പ്രവര്‍ത്തനം കുടുംബ ബന്ധങ്ങളെ ബാധിച്ചിരുന്നോ?
അച്ഛന്റെ മരണശേഷം ഞാനും അമ്മയും ചേച്ചിയും അനുജനനുമെല്ലാം പതിവുപോലെ സ്‌നേഹത്തോടെ തന്നെയാണ് കഴിഞ്ഞിരുന്നത്. സാമുദായിക പ്രവര്‍ത്തനത്തിലേക്ക് കടന്നതോടെഎന്റെ കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുവാന്‍ പാര്‍ട്ടി ഇടപെടലുകള്‍ നടത്തി. ഒടുവില്‍ എന്റെ ഭാര്യയും മക്കളുമൊഴികെ, അമ്മയടക്കമുള്ളവര്‍ എന്നെ വിട്ടുപോയി. 

ദലിത് സംസ്‌ക്കാരത്തിന്റെ സവിശേഷതകളിലൊന്നായി യശ:ശരീരരനായ കല്ലറ സുകുമാരന്‍ ഒരു പ്രബന്ധാവതാരണത്തിനിടയില്‍ ചൂണ്ടി കാണിച്ചത് ഇല്ലം എന്ന സമ്പ്രദായമാണ്?

പുലയരുടെ രക്തബന്ധങ്ങള്‍ ഇല്ലങ്ങളായിട്ടാണ് അറിയപ്പെടുന്നത്. അമ്മയുടെ ഇല്ലങ്ങളാണ് മക്കളുടെ ഇല്ലം. എന്റെ അച്ഛന്‍ അരിങ്ങളേയന്‍ ഗോവിന്ദന്‍ പറോട്ടിയും അമ്മ കല്ലച്ചി വെള്ളച്ചിയുമാണ്. ഒരേ ഇല്ലത്തില്‍പെട്ടവര്‍ തമ്മില്‍ രക്തബന്ധങ്ങളുള്ളതിനാല്‍ വിവാഹം കഴിക്കാന്‍ പാടില്ല. ഒരേ ഇല്ലത്തില്‍പെട്ടവന്‍ ഇവിടുന്ന് കോട്ടയത്ത് ചെന്നാലും ഇല്ലം പറഞ്ഞാല്‍ തിരിച്ചറിയും.

കേരളത്തില്‍ ഒരു ദലിത് മുന്നേറ്റത്തിന്റെ പ്രസക്തി എന്താണ്?
രാഷ്ട്രീയ പ്രവര്‍ത്തന കാലത്ത് ഞാന്‍ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ ഒരുപാട് ദുരിതങ്ങളുണ്ട്. ഒരര്‍ത്ഥത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മുമ്പുതന്നെ എന്നു പറയാം. എന്റെ കുടുംബത്തിലെ മുന്‍ തലമുറയിലെ പലരേയും കൊന്നൊടുക്കിയത് പ്രദേശത്തെ ജന്മികളും മുതലാളിമാരുമാണ്. അങ്ങനെ ആണും പെണ്ണുമായി ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ദലിത് സമുദായംഗങ്ങളുടെ ജീവന് പുല്ലുവിലപോലും കല്‍പ്പിക്കപ്പെട്ടിരുന്നില്ല. സ്വന്തം മാനം രക്ഷിക്കാന്‍ പൊരുതിയ നമ്മുടെ എത്രയെത്ര സ്ത്രീ രത്‌നങ്ങളെയാണ് സവര്‍ണ്ണ തമ്പുരാക്കന്മാരും ജന്മി മുതലാളിമാരും കൊന്നൊടുക്കിയത്? സ്‌ക്കൂളില്‍ പോകാന്‍ അവര്‍ സമ്മതിച്ചോ? വസ്ത്രം ധരിക്കാന്‍ സമ്മതിച്ചോ? ജീവിതം തന്നെ നരകയാതനയായ അത്തരം സാമൂഹ്യ ചുറ്റുപാടുകളെ മറികടക്കാനാണ് ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തകനായത്. അങ്ങിനെ സംഘടിത രായവര്‍ക്ക് കുറച്ചെങ്കിലും ചെറുത്തു നില്‍കുവാന്‍ കഴിഞ്ഞു. എന്നിട്ടും കൊലപാത കങ്ങളും അവഹേളനങ്ങളും പീഢനങ്ങളും നടന്നുകൊണ്ടേയിരുന്നു. ഈയടുത്ത കാലത്ത് വളിക്കര ഗ്രാമത്തിലെ മേരി എന്ന ദലിത് ക്രിസ്ത്യന്‍ സ്ത്രീയെ ഒരു കൂട്ടം ചെറുപ്പക്കാര്‍ സര്‍വ്വവിധത്തിലും പീഡിപ്പിച്ച് കൊന്ന ശേഷം ജനനേന്ദ്രിയത്തില്‍ ഉടുമുണ്ട് വടികൊണ്ട് കുത്തികയറ്റി കിണറില്‍ തള്ളി. ഹിന്ദു-മുസ്ലീം ഭാഗത്തുനിന്നുള്ള ലൈംഗീകാക്രമങ്ങളുടെ ഇരകളാണ് ദലിത് സ്ത്രീകള്‍. വയനാട്ടിലെ ആദിവാസി സമൂഹത്തില്‍ തന്തയില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിക്കേണ്ടി വന്ന എത്രയോ ഹതഭാഗ്യരായ സ്ത്രീകളുണ്ട്! ഇതൊന്നും കഴിഞ്ഞുപോയ കഥകളല്ല. ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആക്രമങ്ങളും ദുരന്തങ്ങളുമാണ്. ജോലികളിലും വിദ്യാഭ്യാസത്തിലും രാഷ്ട്രീയത്തിലും എന്ന് വേണ്ട സമസ്ത മേഖലകളിലും നമ്മള്‍ ദലിതരായതിന്റെ പേരില്‍ പീഢനങ്ങളേറ്റു വാങ്ങുകയാണ്. എന്റെ ജീവിതാനുഭവങ്ങള്‍ ''എന്റെ ജീവിതം'' എന്ന പേരില്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദലിതര്‍ സംഘടിക്കണം ഇവിടെ മാത്രം സംഘടിപ്പിച്ചാല്‍ പോര. ഇവിടെ പറയുന്ന കാര്യങ്ങള്‍ ഏറ്റ് പറയാന്‍ അങ്ങ് തലസ്ഥാനത്ത് പോലും അതിന്റെ സംഘാടകരും വക്താക്കളുമുണ്ടാകണം. അത്തരം മുന്നേറ്റങ്ങള്‍ക്കേ ഇനി പ്രസക്തിയുള്ളൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ