"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 24, ചൊവ്വാഴ്ച

സംവരണം: ഈഴവ / മുസ്ലീങ്ങള്‍ സംവരണം നിര്‍ത്തലാക്കണമെന്നാണോ, മണ്ഡല്‍ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാണോ ആവശ്യപ്പെടേണ്ടത്?


ദരിദ്രര്‍ എല്ലാവരിലുമുണ്ട്, അതിനാല്‍ ജാതിസംവരണം മാറ്റി സാമ്പത്തികസംവരണം ഏര്‍പ്പെടുത്തണം എന്നാണ് ഒരു ദലിത് സംഘിയുടെ വാദം- 

ഈ വാദത്തെ പിന്തുണച്ചവരില്‍ മുസ്ലീങ്ങളും പിന്നോക്കവിഭാഗമായ ഈഴവരും ഉള്‍പ്പെടുന്നു. ദലിതര്‍ ക്ലാസ് വണ്‍ ഉദ്യോഗങ്ങളില്‍ അനുഭവിക്കുന്ന രണ്ടര ശതമാനം സംവരണമാണ് ഈഴവ / മുസ്ലീങ്ങള്‍ക്കിടയില്‍ ദാരിദ്ര്യമുണ്ടാക്കിയതെന്നാണ് അവര്‍ കണ്ടെത്തുന്ന ന്യായം! ഈഴവ / മുസ്ലീങ്ങള്‍ക്കുള്ള മറുപടിയാണ് ഈ കുറിപ്പ്...

* സംവരണം ദലിതര്‍ മാത്രം അനുഭവിക്കുന്ന സൗഭാഗ്യമല്ല. മുസ്ലീങ്ങള്‍ 12% സംവരണവും ഈഴവര്‍ 14% സംവരണവും ഇപ്പോള്‍ത്തന്നെ അനുഭവിക്കുന്നുണ്ട്. ജാതി സംവരണം നിര്‍ത്തലാക്കിക്കൊണ്ട് ഈഴവ / മുസ്ലീങ്ങള്‍ സാമ്പത്തിക സംവരണം നടപ്പാക്കുമ്പോള്‍ തങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന 26% സംവരണം അടിയറവെക്കുമോ?

* ദലിത് - ആദിവാസികള്‍ക്ക് സംസ്ഥാനത്ത് 10% മാത്രമാനം സംവരണമാണുള്ളത്. അതില്‍ത്തന്നെ ഭരണാധികാരമുള്ള ക്ലാസ് വണ്‍ ഉദ്യോഗങ്ങള്‍ രണ്ടര ശതമാനമേ വരൂ. ഈഴവ / മുസ്ലീങ്ങളിലെ ദാരിദ്ര്യമകറ്റുമെങ്കില്‍ ആ രണ്ടര ശതമാനം ക്ലാസ് വണ്‍ ഉദ്യോഗങ്ങള്‍ ദലിതര്‍ വിട്ടുതരാന്‍ തയാറാണ്. ദലിതര്‍ക്ക് നീക്കിവെച്ചിട്ടുള്ളത് തൂപ്പും തുടപ്പുമാണല്ലോ. അതോടെ ഈഴവ / മുസ്ലീങ്ങളുടെ ദാരിദ്ര്യമകറ്റാന്‍ ദലിതര്‍ നിഷിദ്ധ തൊഴിലുകള്‍ ചെയ്തും കഠിനമായി അധ്വാനിക്കേണ്ട അവസ്ഥ വരുന്നു. ദലിതര്‍ എക്കാലവും തങ്ങളുടെ കീഴില്‍ത്തന്നെ കഴിയേണ്ടവരാണെന്ന സവര്‍ണ മനോഭാവമല്ലാതെ ഇത് മറ്റെന്താണ്?

* ദലിതര്‍ ചെയ്യുന്ന കീഴ്ത്തട്ട് ജോലികളിന്മേല്‍ എന്തുകൊണ്ട് ദാരിദ്യമനുഭവിക്കുന്ന ഈഴവ / മുസ്ലീങ്ങള്‍ സംവരണ അവകാശവാദമുന്നയിക്കുന്നില്ല? ഓഫീസര്‍ തസ്തികകള്‍ - ക്ലാസ് വണ്‍ - ചെയ്താല്‍ മാത്രമേ ഈഴവ / മുസ്ലീങ്ങളുടെ ദാരിദ്ര്യം അകലുകയുള്ളോ?

വസ്തുത: 2011 ലെ സെന്‍സസ് പ്രകാരം 180,657 ദലിത് കുടുംബങ്ങളാണ് തോട്ടിപ്പണി ചെയ്ത് 'ദാരിദ്ര്യം' അകറ്റുന്നത്. ദലിതര്‍ ഈ തൊഴിലില്‍ 100% സംവരണം അനുഭവിക്കുന്നു. എന്തുകൊണ്ടാണ് ഈഴവ / മുസ്ലീങ്ങള്‍ തോട്ടിപ്പണിയുടെ 10% സംവരണമെങ്കിലും ആവശ്യപ്പെടാത്തത്? അപ്പോള്‍ കൂടുതല്‍ വ്യക്തമാണ്, ദാരിദ്ര്യമകറ്റാന്‍ ഈഴവ / മുസ്ലീങ്ങള്‍ക്ക് ക്ലാസ് വണ്‍ ഉദ്യോഗങ്ങള്‍ തന്നെ കിട്ടണം! ഇതിനായി ദലിതര്‍ അനുഭവിക്കുന്ന രണ്ടര ശതമാനം ക്ലാസ് വണ്‍ ഉദ്യോഗം നിര്‍ത്തലാക്കി സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണം പോലും.

പൂര്‍വപക്ഷം: ഈ പറയുന്നതില്‍ യുക്തിയില്ല, ഈഴവ / മുസ്ലീങ്ങളില്‍പ്പെട്ട എല്ലാവരും എല്ലാ തൊഴിലുകളും (തോട്ടിപ്പണി ഒഴികെ) ചെയ്യുന്നുണ്ട്! 

എങ്കില്‍പ്പിന്നെ എങ്ങനെ ദലിതരെ അപേക്ഷിച്ച് ഈഴവ / മുസ്ലീങ്ങളില്‍ ദാരിദ്ര്യമുണ്ടായി ? രണ്ടര ശതമാനം മാത്രം ക്ലാസ് വണ്‍ ഉദ്യോഗം അനുഭവിക്കുന്ന ദലിതരില്‍ എങ്ങനെ സമ്പന്നരുണ്ടായി? ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ഈഴവ - മുസ്ലീം - ദലിത് വ്യത്യാസമില്ലാതെ എല്ലാ തസ്തികകളിലും കൃത്യമായ അനുപാതത്തില്‍ എല്ലാവരും ജോലിചെയ്യുന്നുണ്ടെങ്കില്‍ ഈഴവ / മുസ്ലീങ്ങളില്‍ മാത്രം ദരിദ്രരും ദലിതരില്‍ സമ്പന്നരും എങ്ങനെയുണ്ടായി? സംവരണമാണോ കാരണം? എങ്കില്‍ ഈഴവ / മുസ്ലീങ്ങള്‍ തങ്ങളുടെ 26 ശതമാനവും വിടുക.

* ലോകത്തെ ഇക്കാണുന്ന പുരോഗതിയിലെത്തിച്ചത് അധ്വാനമാണ്. അധ്വാനം എന്നാല്‍ സമ്പത്ത് എന്നാണല്ലോ അര്‍ത്ഥം. അധ്വാനിക്കുന്ന വിഭാഗങ്ങള്‍ 'അടിമകള്‍' എന്നറിയപ്പെടുന്നു. അധ്വാനത്തിന്റെ ഫലം അനുഭവിക്കുന്നവര്‍ പക്ഷെ, അടിമകളല്ല, ഉടമകളാണ്. അതുകൊണ്ട് ഉടമകള്‍ മാത്രം സമ്പത്തിന്റെ അവകാശികളായി. അധ്വാനിക്കുന്നവര്‍ക്ക് അതിന്റെ ഫലം അനുഭവിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അവരില്‍ ദരിദ്രര്‍ ഉണ്ടാകുമായിരുന്നില്ല; ഉടമകളും ഉണ്ടാകുമായിരുന്നില്ല. നിയമപുസ്തകത്തില്‍ രേഖപ്പെടുത്തിയ കരാറിന്റെ (അടിമക്കരാര്‍) അടിസ്ഥാനത്തില്‍ മാത്രമാണ് ഉടമക്ക് അധ്വാനിക്കാതെ സമ്പത്തിന്റെ അവകാശം കൈവന്നത്. 

ഇന്ത്യയില്‍ അടിമക്ക് സവിശേഷമായി ജാതി എന്ന മാരണം കൂടി പേറേണ്ടതുണ്ട്. ചരിത്രവും, സഞ്ചാരികളുടെ സാഹിത്യവും ഈ അടിമജാതികളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ആ ജാതികളാകട്ടെ ഇപ്പറയുന്ന 10% സംവരണം അനുഭവിക്കുന്ന ദലിതരുടേതാണ്. അവര്‍ ചെയ്ത / ചെയ്യുന്ന അധ്വാനത്തിന്റെ ഒരു ചെറുവിഹിതം പോലുമാകുന്നില്ല ഇപ്പോള്‍ അനുഭവിക്കുന്ന 10% സംവരണം. എന്നിട്ടും ആ 10% മാണ് 26% സംവരണമനുഭവിക്കുന്ന ഈഴവ / മുസ്ലീങ്ങളുടെ ഇടയില്‍ ദാരിദ്ര്യമുണ്ടാക്കിയതെന്ന കണ്ടുപിടുത്തം അപാരം തന്നെ!

പൂര്‍വപക്ഷം: ഈഴവ / മുസ്ലീങ്ങളും അധ്വാനിക്കുന്നവരും അടിമകളുമായിരുന്നു.

* എങ്കില്‍പ്പിന്നെ നിങ്ങളില്‍ ദാരിദ്ര്യമെങ്ങനെയുണ്ടായി? 10% ദാരിദ്ര്യമനുഭവിക്കുന്ന ദലിതര്‍ നിങ്ങളുടെ അധ്വാനഫലം ചൂഷണം ചെയ്തതുകൊണ്ടാണോ, 26% സംവരണം അനുഭവിക്കുന്ന നിങ്ങളില്‍ ദാരിദ്ര്യമുണ്ടായത്? അതല്ല, മറുവിഭാഗം - സവര്‍ണര്‍ - നിങ്ങളുടെ അധ്വാനഫലം ചൂണഷം ചെയ്തതുകൊണ്ടാണോ? എങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ ദലിതര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അവര്‍ക്കുനേരെയല്ലേ ഉന്നയിക്കേണ്ടത്?

* സംവരണത്തെക്കുറിച്ച് സംസാരിക്കാന്‍ ഈഴവ / മുസ്ലീങ്ങള്‍ക്ക് ധാര്‍മികമായ അവകാശം പോലുമില്ല. മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് 1990 ല്‍ അന്നത്തെ പ്രധാനമന്ത്രി വി പി സിംഗ് ഈഴവ / മുസ്ലീം - പിന്നോക്കക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ 27% സംവരണം നടപ്പാക്കാന്‍ തയാറായി. സംവരണ വിരുദ്ധരുടെ പ്രക്ഷോഭത്തെത്തുടര്‍ന്ന് നടപടി നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. എങ്കിലും പിന്നോക്കക്കാരെ കണ്ടെത്താനുള്ള നടപടി തുടരാമെന്ന് ഉത്തരവില്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് 1990 നവംബര്‍ 7 ന് വി പി സിംഗ് അവതരിപ്പിച്ച വിശ്വാസപ്രമേയം 346 ന് എതിരെ 142 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു! വി പി സിംഗിനെ എതിര്‍ത്ത് വോട്ടുചെയ്ത 346 പേരില്‍ 116 പേര്‍ ഈഴവ / മുസ്ലീങ്ങളായിരുന്നു! ഇത് സംവരണസമരചരിത്രത്തിലെ ഏറ്റവും നാണംകെട്ട വശമായിരുന്നുവെന്നു വിലയിരുത്തപ്പെട്ടു. മണ്ഡല്‍ ശുപര്‍ശകളിലെ 27% സംവരണം മതിയായിരുന്നു, ഈഴവ / മുസ്ലീങ്ങളുടെ ഇടയിലെ ദരിദ്രരെ ഉന്മൂലനം ചെയ്യാന്‍. അന്ന് അത് ചെയ്യാതെ, ഇരിക്കും കൊമ്പ് മുറിച്ചിട്ട് ഇപ്പോഴവര്‍ ദലിതരനുഭവിക്കുന്ന 10% സംവരണം നിര്‍ത്തലാക്കുന്നതിനായി മുറവിളികൂട്ടുകയാണ്! 

ചോദ്യങ്ങള്‍: 

* ഈഴവ / മുസ്ലീങ്ങളേ, നിങ്ങളുടെ മുന്‍ തലമുറകളില്‍ ആരെങ്കിലും അടിമവേല ചെയ്തിട്ടുണ്ടോ?

* വഴിനടക്കുന്നതിന് വിലക്കുകള്‍ ഏര്‍പ്പെടുത്തപ്പെട്ടിട്ടുണ്ടോ?

* വിദ്യാലയപ്രവേശനത്തിന് വിലക്കുകള്‍ ഏര്‍പ്പെടുത്തപ്പെട്ടിട്ടുണ്ടോ?

* കൂട്ടക്കുരുതിക്ക് വിധേയരാക്കിയിട്ടുണ്ടോ?

* പാര്‍പ്പിടങ്ങള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ടോ?

* സ്ത്രീജനങ്ങല്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ടോ? 

* കൈകാലുകള്‍ മുറിച്ചുമാറ്റി ജീവശ്ചവമാക്കപ്പെട്ടിട്ടുണ്ടോ?

* ഉന്നതവിദ്യാഭ്യാസം തേടുന്ന യുവജനങ്ങളെ ആത്മഹത്യക്ക് വിധേയരാക്കപ്പെട്ടിട്ടുണ്ടോ?

ഉണ്ട് എന്നാണ് ഉത്തരമെങ്കില്‍ ഇതൊക്കെത്തന്നെയാണ് നിങ്ങളില്‍ ദാരിദ്ര്യമുണ്ടാക്കിയതെന്നറിയുക. അല്ലാതെ ദലിതര്‍ അനുഭവിക്കുന്ന സംവരണമല്ല. അതിന് കാരണം ജാതിവ്യവസ്ഥയാണ്. അതിനെ ഉന്മൂലനം ചെയ്യാന്‍ കുറച്ചെങ്കിലും ഫലപ്രദമാവുക ജാതിസംവരണമാണ്. ദലിതര്‍ ക്ലാസ് വണ്‍ ഉദ്യോഗങ്ങളില്‍ അനുഭവിക്കുന്ന രണ്ടര ശതമാനം സംവരണം വിട്ടുകിട്ടിയാല്‍ ജാതിവ്യവസ്ഥയെ ഉന്മൂലനം ചെയ്യാനാവുമോ?

സംവരണം ദാരിദ്ര്യനിര്‍മാര്‍ജനപ്രക്രിയയല്ല.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ