"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 13, വെള്ളിയാഴ്‌ച

തസ്തികകളും സാമ്പത്തിക സംവരണവാദവും



ജാതിസംവരണമല്ല, സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന ഒരു ദലിത് സംഘിവാദം ഉയര്‍ന്നു കേള്‍ക്കുന്നു. അയാളുടെ വിധേയത്വം എന്താണെന്ന് മനസ്സില്ലാക്കാം. വസ്തുതകള്‍ എന്താണെന്ന് അയാളും മനസ്സിലാക്കണമെന്നതുകൊണ്ട് കുറിക്കുന്നു-

സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്ന് അയാള്‍ ആവശ്യപ്പെടുന്നത് തൊഴില്‍ മേഖലയെ സംബന്ധിച്ചാണ്. ജാതി സംവരണത്തെ എതിര്‍ക്കുന്നത് പട്ടികജാതി - വര്‍ഗങ്ങള്‍ക്ക് ലഭിക്കുന്ന 10% സംവരണത്തെ സംബന്ധിച്ചുമാണ്. 

* ആദ്യം അറിയേണ്ടത് തൊഴില്‍ പൊതുമേഖല മാത്രമല്ല, പൊതുഖജനാവില്‍ നിന്നും പണം മറ്റുന്ന എയ്ഡഡ് മേഖല, സ്വകാര്യ മേഖല, അര്‍ദ്ധസര്‍ക്കാര്‍ മേഖല എന്നിങ്ങനെ വേറേയുമുണ്ടെന്നുള്ള വസ്തുതയാണ്.

* പൊതുമേഖലയില്‍ മാത്രമാണ് പട്ടികജാതി വര്‍ഗ സംവരണമുള്ളത്. മറ്റ് മൂന്നു മേഖലയിലും സംവരണമില്ല. അങ്ങനെ നോക്കുമ്പോള്‍ ആകെ തൊഴില്‍ മേഖലകളില്‍ നാലിലൊന്നില്‍ മാത്രമാണ് പട്ടികജാതി വര്‍ഗ സംവരണമുള്ളത്. അപ്പോള്‍ 10% സംവരണമുണ്ടെന്ന് പറയാന്‍ പറ്റില്ല. 

* പൊതുമേഖല മാത്രം പരിഗണിക്കാം. അവിടെ 10% പട്ടികജാതി - വര്‍ഗ സംവരണമുള്ളതുകൊണ്ടാണോ മുന്നോക്കക്കാരില്‍ ദരിദ്രരുണ്ടായത്? ബാക്കി 90% ജാതിസംവരണം തന്നെയല്ലേ? സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ ഈ 90% വിട്ടുകളിക്കുമോ?

പൊതുമേഖഘലയിലെ തസ്തികകളെക്കുറിച്ച്

* പൊതുമേഖലയില്‍ ഓഫീസര്‍ തസ്തിക മാത്രമല്ല ഉള്ളത്. സാമാന്യ നിലയില്‍ ക്ലാസ് വണ്‍ ഉദ്യോഗം മുതല്‍ ക്ലാസ് ഫോര്‍ വരെ നാല് തട്ടുകളിലായി അതിന് തരംതിരിവുണ്ട്. ജാതിവ്യവസ്ഥയിലെ കര്‍മവ്യവസ്ഥ പോലെ തന്നെയാണ് അതിന്റെ ശ്രേണീബന്ധം. 

* ക്ലാസ് വണ്‍ ഉദ്യോഗങ്ങള്‍ 90% ഉന്നതകുലജാതര്‍ക്കും 10% പട്ടികജാതി വര്‍ഗങ്ങള്‍ക്കും സംവരണം ചെയ്തിരിക്കുന്നു. എന്നാല്‍ സ്‌കാവെഞ്ചര്‍ (തൂപ്പും തുടപ്പും) വരുന്ന തസ്തികകള്‍ 100% പട്ടികജാതി വര്‍ഗങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. ഒരുശതമാനം പോലും ഉന്നതകുലജാതര്‍ ക്ലാസ് ഫോര്‍ തസ്തികകളില്‍ ഇല്ല. 

* ക്ലാസ് വണ്‍ (ഓഫീസര്‍) തസ്തികകളില്‍ പട്ടികജാതി - വര്‍ഗങ്ങള്‍ അനുഭവിക്കുന്ന 10% സംവരണമാണ് സാമ്പത്തിക അസമത്വമുണ്ടാക്കിയതെന്നാണ് ഈ ദലിത് സംഘിയുടെ വാദം. ഉന്നതകുലജാതരില്‍ - ഉയര്‍ന്ന ജാതിക്കാരില്‍ - ദരിദ്രരെ സൃഷ്ടിച്ച ജാതിസംവരണം മാറ്റി സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്ന് ഇയാള്‍ വാദിക്കുന്നു. അതുകൊണ്ടുദ്ദേശിക്കുന്നത് ദലിതര്‍ ക്ലാസ് വണ്‍ ഉദ്യോഗം ഭരിക്കുന്നതിന് അര്‍ഹരല്ലെന്നത്രെ. ദലിതര്‍ അനുഭവിക്കുന്ന 10% കൂടി വിട്ടുകിട്ടിയാല്‍ ഉദ്ദേശ്യം പൂര്‍ണം!

* എന്തുകൊണ്ടാണ് ഇയാള്‍ സ്‌കാവെഞ്ചര്‍ തസ്തികകളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്ന് വാദിക്കാത്തത്? അപ്പോള്‍ ഉയര്‍ന്ന ജാതിക്കാര്‍ തൂപ്പും തുടപ്പും ചെയ്യേണ്ടിവരും! ഉയര്‍ന്ന ജാതിക്കാരില്‍ ദരിദ്രരുണ്ടെന്ന് വാദിക്കുന്ന ഇയാള്‍ എന്തുകൊണ്ട് അവര്‍ക്ക്, ദലിതര്‍ അനുഭവിക്കുന്ന സ്‌കാവെഞ്ചര്‍ തസ്തികകളിലെ 100% ല്‍ നിന്ന് 10% നീക്കിവെക്കണമെന്ന് വാദിക്കുന്നില്ല? ദാരിദ്ര്യമകറ്റാര്‍ ക്ലാസ് വണ്‍ ഉദ്യോഗമേ ഉന്നതകുലാജാതര്‍ ചെയ്യുകയുള്ളോ? 

* സ്‌കാവെഞ്ചര്‍ തസ്തികകളില്‍ സാമ്പത്തിക സംവരണമേര്‍പ്പെടുത്തിയാല്‍ തന്റെ വര്‍ഗത്തിന് തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയാണോ ഇയാള്‍ക്കുള്ളത്? ഇയാളുടെ വര്‍ഗത്തിന് ക്ലാസ് വണ്‍ തസ്തികകള്‍ പാടില്ല എന്നുണ്ടോ? 

* സാമ്പത്തിക സംവരണത്തില്‍ ഉന്നതകുലജാതര്‍ തൂപ്പും തുടപ്പും ഉള്‍പ്പെടെ എല്ലാത്തരം ജോലികളും ചെയ്യാന്‍ തയാറാകുമോ? സാമ്പത്തിക സംവരണത്തില്‍ ജാതിപരിഗണനയില്ലെങ്കില്‍ - ദാരിദ്ര്യമാണ് പരിഗണിക്കുന്നതെങ്കില്‍, ക്ലാസ് വണ്‍ ഉദ്യോഗങ്ങളില്‍ ദലിതര്‍ക്ക് പ്രവേശിക്കാന്‍ തടസമുണ്ടാകുമോ? 

* ഇനി, നാമ്പത്തിക സംവരണത്തില്‍ ജാതിപരിഗണനയില്ലല്ലോ, മുഴുവന്‍ തസ്തികകളിലും ദലിതര്‍ എത്തിപ്പെട്ടാല്‍ അത് അംഗീകരിക്കുമോ? (ഇവിടെ ദാരിദ്ര്യമാണോ വിദ്യാഭ്യാസ മികവാണോ പരിഗണിക്കുക എന്ന കാര്യം ഇയാള്‍ വ്യക്തമാക്കിയിട്ടില്ല) വിദ്യാഭ്യാസ മികവില്‍ ദലിതുകള്‍ ഒട്ടും പിന്നിലല്ല, ഒന്നാം സ്ഥാനത്തുതന്നെയാണ്. (അവര്‍ അങ്ങിനെ എത്തിപ്പെടാതിരിക്കാനാണല്ലോ, വിദ്യാഭ്യാസകാലത്തുതന്നെ അവരെ കൊന്നുകളയുന്നത്) ഏറ്റവും കൂടുതല്‍ ഡോക്ടറേറ്റ് നേടിയ കുടുംബാംഗങ്ങളുള്ള റെക്കോര്‍ഡിനുടമ ഝാന്‍സിയിലെ ഭഗവാന്‍ ദാസ് ആഹിര്‍വാര്‍ എന്ന ദലിതന്റെ കുടുംബത്തിനാണ്. ടിനാ ദാബി എന്ന ദലിത് യുവതി ഐഎഎസ് ടോപ്പറായതും നൂറില്‍ നൂറ് വിജയവുമായി കല്പിത് വീര്‍വാള്‍ എന്ന ദലിത് വിദ്യാര്‍ത്ഥി പ്രവേശന പരീക്ഷയിലെ റെക്കോര്‍ഡ് ഭേദിച്ചതും ടിഐഎസ്എസ് ല്‍ റിയാ സിംഗ് എന്ന ദലിത് വിദ്യാര്‍ത്ഥിനി ടോപ്പറയാതും മികച്ച ഉദാഹരണങ്ങള്‍. കൂടുതല്‍ ഇക്കാര്യത്തില്‍ വിസ്തരിക്കുന്നില്ല.

* വിദ്യാഭ്യാസകാര്യത്തില്‍ മുംബൈ കോര്‍പ്പറേഷനിലെ തൂപ്പുകാരനായ സുനില്‍ ജാഥവിന്റെ കാര്യം എടുത്തു പറയേണ്ടതാണ്. സുനില്‍ ജാഥവ് ടിഐഎസ്എസ് ല്‍ നിന്നും സോഷ്യോളജിയില്‍ നേടിയ പിജി ഉള്‍പ്പെടെ നാല് ബിരുദം നേടിയിട്ടുണ്ട്. ഇത്രക്ക് വിദ്യാസമ്പന്നനായ ഒരു വ്യക്തിക്ക് ലഭിച്ച ജോലിയോ തൂപ്പുകാരന്റേതും. ദലിത് സംഘിയോട് ചോദിക്കാനുള്ള ചോദ്യം ഇതാണ്, സാമ്പത്തിക സംവരണത്തില്‍ സുനില്‍ ജാഥവിന് ക്ലാസ് വണ്‍ ഉദ്യോഗം ലഭിക്കുമോ? എന്തുകൊണ്ടാണ് ഇത്രയും വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത ഒരു ഉയര്‍ന്ന ജാതിക്കാരന്‍ തൂപ്പുകാരന്റെ ജോലി ചെയ്യാന്‍ തയാറാകാത്തത്? 

* കേരളത്തില്‍ ഈ അടുത്തിടെ ഉണ്ടായ സംഭവം. ബിജിത എന്ന കോളേജ് അധ്യാപികസുടെ അനുഭവക്കുറിപ്പ് ഫേസ് ബുക്കില്‍ വൈറലായി. ഈ അധ്യാപിക ആദിവാസി ഗോത്രമായ മാവിലാന്‍ വിഭാഗത്തില്‍ പെടുന്നയാളാണ്. തൊഴിലുറപ്പു പദ്ധതിപ്രകാരം ഈ അധ്യാപികയുടെ വീട്ടില്‍ ജോലിക്കുവന്ന എട്ടോളം ഉന്നതകുലജാതരായ സ്ത്രീകള്‍ (മൊത്തം 29 സ്തീകള്‍) ആ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതെ മാറിനിന്നു. അധ്യാപിക ദരിദ്രയല്ല. കോളേജ് അധ്യാപകരുടെ ശമ്പളം പറ്റുന്നയാളാണ്. വിദ്യാ സമ്പന്നയുമാണ്. ജോലിക്കുവന്ന ഉന്നതകുലജാതകളോ, ദരിദ്രരും! പക്ഷെ കോളേജേ അധ്യാപികയുടെ ജാതിയില്‍ ഹീനത്വമുണ്ട്.... 

* കര്‍ണാടകയിലെ കോലാറിലെ ഗവണ്‍മെന്റ് ഹയര്‍ പ്രൈമറി സ്‌കൂളിലെ പാചകത്തൊഴിലാളിയായ ദലിത് യുവതി രാധമ്മ നേരിട്ട അനുഭവം. ഓരോ ദിവസവും രാധമ്മ ഉച്ചഭക്ഷണം തയാറാക്കിവെക്കുമെങ്കിലും ഒരൊറ്റ കുട്ടിപോലും അത് കഴിക്കാന്‍ തയാറാകുന്നില്ല. ഉന്നതകുലജാതരായ രക്ഷിതാക്കള്‍ കുട്ടികളെ വിലക്കിയിരിക്കുകയാണ് ഹീനജാതിക്കാരി തയാറാക്കുന്ന ഭക്ഷണം കഴിക്കരുതെന്ന്...! രാധമ്മ ഓരോ ദിവസവും ഉച്ചഭക്ഷത്തിന്റെ രജിസ്റ്ററില്‍ എഴുതിവെക്കും 'ഇന്ന് ഒരു കുട്ടി പോലും ഭക്ഷണം കഴിക്കാനെത്തിയില്ല'.... ജാതീയത എപ്രകാരം കുരുന്നുകളിലേക്ക് പ്രസരിപ്പിക്കപ്പെടുന്നു..!?

ശ്രദ്ധിക്കേണ്ട വസ്തുത: 

സമൂഹത്തെ നിയന്ത്രിക്കുന്നത് സമ്പത്തല്ല, ജാതീയതയാണ്. സാമ്പത്തിക ഉച്ചനീചത്വമല്ല, ജാതീയമായ ഉച്ചനീചത്വമാണ് സമൂഹത്തെ ശിഥിലമാക്കിയത്. ജാതീയതയാണ് പൗരന്മാര്‍ക്കിടയിലുള്ള അന്തരം ഉണ്ടാക്കിയത്. അതിനാല്‍ ആ അന്തരം ഇല്ലാതാക്കാന്‍ ജാതിസംവരണം കൂടിയേ കഴിയൂ.

ദലിത് സംഘി മനസ്സിലാക്കേണ്ടത്: 

ഈയാള്‍ വിലപിക്കുന്നതുപോലെ ഉന്നതകുലജാതരില്‍ ദാരിദ്ര്യമുണ്ടെങ്കില്‍ എന്തുകൊണ്ട് അവര്‍ എല്ലാത്തരം ജോലികളും ചെയ്യാന്‍ തയാറാകുന്നില്ല? ക്ലാസ് വണ്‍ ഉദ്യോഗങ്ങള്‍ ലഭിക്കാത്തുകൊണ്ടുള്ള ദാരിദ്രയമാണോ അവര്‍ അനുഭവിക്കുന്നത്! എങ്കില്‍ അതൊരു പുതിയ കണ്ടുപിടുത്തമാണ്. ദലിതര്‍ 10% ക്ലാസ് വണ്‍ ഉദ്യാഗങ്ങളില്‍ സംവരണം അനുഭവിക്കുന്നതുകൊണ്ടാണ് ഉന്നതകുലജാതരില്‍ ദാരിദ്ര്യമുണ്ടായതെന്ന നിരീക്ഷണം ലോകോത്തരമാണ്..! ഇതിന് എവിടെ നിന്നെങ്കിലും പാരിതോഷികം ലഭിക്കേണ്ടതുമാണ്. പിന്നെ, താങ്കള്‍ ഇത്രയും കാലം അടിമയായിരിക്കുകയും അതില്‍ നിന്ന് മോചിതനാകാന്‍ ആഗ്രഹമില്ലാതെ യജമാനസ്‌നേഹം വെച്ചുപുലര്‍ത്താനാണ് താത്പര്യമെങ്കില്‍ ഓകെ. അത് വ്യക്തിപരമായ ഇഷ്ടം.

സഹോദര്‍ അയ്യപ്പന്‍: 'തീയരും മറ്റും ഹിന്ദുമതം തങ്ങളുടെ സ്വന്തമെന്ന് പറയുന്നത്, അടിമ കാലപ്പഴക്കംകൊണ്ട് ചങ്ങല സ്വന്തമെന്ന് പറയുന്നതുപോലെയാണ്'.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ