"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 25, ബുധനാഴ്‌ച

മഹാത്മാ ജ്യോതി റാവു ഫൂലെ


മഹാരാഷ്ട്രയിലെ സത്താറയില്‍ നിന്നും പൂനെയില്‍ എത്തിപ്പെട്ട ഗോവിദ്ധ റാവുവിന്റെയും ചിന്മനാ ഭായിയുടേയും രണ്ടാമത്തെ മകനായി ജ്യോതി റാവു ഗോവിന്ദറാവു ഫൂലെ 1827-ല്‍ ജനിച്ചു. താന്‍ ജനിച്ച നാടിനുമാത്രമല്ല തന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ജ്യോതിയായി-വെളിച്ചമായി-മാറുവാന്‍ ജ്യോതി റാവു ഫൂലെയ്ക്ക് കഴിഞ്ഞു. ജാതി മേധാവിത്തം അതിന്റെ എല്ലാഅര്‍ത്ഥത്തിലും നാട് അടക്കിവാണിരുന്ന ഒരു കാലഘട്ടത്തില്‍ കീഴ്ജാതി സമുദായം അനുഭവിച്ചുവന്നിരുന്ന യാതനകളും പീഡനവും പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ. എന്നാല്‍ മാലി-മാലീസ് എന്ന പിന്നോക്ക സമുദായത്തില്‍ ജനിച്ചു വളര്‍ന്ന ഫ്യൂലെയ്ക്ക് കീഴ്ജാതിക്കാര്‍ അനുഭവിച്ചുവന്ന യാതനകള്‍ കണ്ടില്ലെന്നുനടിക്കാന്‍ കഴിഞ്ഞില്ല. മിഷനറി സ്‌കൂളിലെ തന്റെ വിദ്യാഭ്യാസ കാലത്തെ സഹവാസം നിരവധി പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ പിന്‍കാലത്ത് നടത്തുവാന്‍ അദ്ദേഹത്തെ സഹായിച്ചു.

1948-ല്‍ ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തുക്കൊണ്ടിരിക്കവെയാണ് ഫൂലെയ്ക്ക് ജാതീയമായ പീഡനം നേരിട്ട് അനുഭവിക്കേണ്ടിവന്നത്. മാലിയെന്ന പിന്നോക്ക സമുദായക്കാര്‍ക്ക് ബ്രാഹ്മണര്‍ പങ്കെടുക്കുന്ന വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ലത്രേ. അന്ന് മനസ്സില്‍ കുറിച്ചതാണ്-ബ്രാഹ്മണ ജാതിമേധാവിത്വത്തിനെതിരെ സന്ധിയില്ലാസമരം നടത്തേണ്ടിയിരിക്കുന്നു എന്നത്. അതിന്റെ ആദ്യഘട്ടമായി ബോധവല്ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഫൂലെ വ്യാപൃതനായി. അക്ഷരജ്ഞാനവുമുള്ളവരാക്കി സമൂഹത്തെ മാറ്റിയെടുക്കാനുള്ള പ്രയത്‌നം നടത്തിക്കൊണ്ടിരുന്ന ഫ്യൂലെ സ്ത്രീകളില്‍ അക്ഷരാഭ്യാസം കുറവാണെന്ന് കണ്ടെത്തി അവര്‍ക്കായി 1848 ആഗസ്റ്റില്‍ ഒരു സ്‌കൂള്‍ തുറന്നു. ബ്രാഹ്മണജാതി മേധാവിത്വം ഫൂലെയ്ക്ക് നേരെതിരിഞ്ഞു. സ്ത്രീകള്‍ക്കായി ആരംഭിച്ച സ്‌കൂളില്‍ പഠിപ്പിക്കുവാന്‍ അദ്ധ്യാപകര്‍ ഇല്ലാതെയായി. ഫൂലെ തന്റെ പ്രവര്‍ത്തനം പ്രതികൂലമായ സാഹചര്യത്തിലും തുടര്‍ന്നുക്കൊണ്ടിരുന്നു. വിദ്യാഭ്യാസമേഖലയിലെ ഫ്യൂലെയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ അഗീകരിച്ചു. അതിന്റെ ഫലമായി ഫുലെയെ പൊന്നാട ചാര്‍ത്തി ആദരിച്ചു. അധഃസ്ഥിത വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ സ്ഥാപിച്ചത് ഫൂലെയാണെന്ന് അന്നത്തെ സര്‍ക്കാര്‍ അധികാരികള്‍ രേഖപ്പെടുത്തി. 

ഫൂലെ തന്റെ ബ്രാഹ്മണ വിരുദ്ധ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇന്ത്യയില്‍ ആര്യന്മാര്‍ എന്നും അനാര്യന്മാര്‍ എന്നും രണ്ടുവിഭാഗമുണ്ടെന്നും അനാര്യന്മാര്‍ക്കാണ് ഭൂരിപക്ഷമെന്നും ഫൂലെ തന്റെ ചിന്തയിലും നിഗമനത്തിലും ഉറച്ചുനിന്നു. പൂന, നാഗപ്പൂര്‍ തുടങ്ങിയ മേഖലകളില്‍ ഈ ചിന്താഗതിക്ക് വന്‍ പിന്‍തുണകിട്ടിയതോടെ ഫൂലെ കൂടുതല്‍ ശ്രദ്ധേയനായി മാറി. 

1871-ലെ സെന്‍സസ് കണക്ക് ഫൂലെയുടെ വാദം ശരിവയ്ക്കുന്നതായിരുന്നു. ഇന്ത്യയില്‍ ആര്യന്മാര്‍ വളരെ കുറവായിരുന്നു. സാമൂഹ്യസേവന രംഗത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചുക്കൊണ്ട് ഫൂലെ സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായി നിരവധി കര്‍മ്മപരിപാടികള്‍ നടപ്പിലാക്കി. സാമൂഹിക പരിവര്‍ത്തനത്തിനായി തന്റെ സര്‍ഗ്ഗ പ്രതിഭയെ കവിതാരൂപത്തില്‍ ഫൂലെ വിനിയോഗിച്ചു. ഗവ: കോണ്‍ട്രാക്റ്റര്‍ ആയി സേവനം നടത്തിവന്ന ഫൂലെ 1876-ല്‍ പൂനാ മുന്‍സിപ്പല്‍ കൗണ്‍സിലറായി നോമിനേറ്റ് ചെയ്യപ്പെട്ടു. അയിത്തജാതിക്കാര്‍ക്ക് വേണ്ടി മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചുക്കൊണ്ടിരുന്ന ഒരു അബ്രാഹ്മണന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ എന്ന ഭരണാധികാര സ്ഥാനത്ത് എത്തുന്നത് ബ്രാഹ്മണര്‍ക്ക് ഒട്ടും സഹിക്കുന്നതായിരുന്നില്ല. 

ബ്രാഹ്മണാധിപത്യത്തിനും അയിത്തത്തിനും അടിമത്വത്തിനും എതിരെ ഫൂലെ ഇക്കാലയളവില്‍ നടത്തിയ പോരാട്ടങ്ങള്‍ നിരവധിയാണ്. 1873 സെപ്തംബര്‍ 24 ന് ഫൂലെ രൂപീകരിച്ച പ്രസ്ഥാനമാണ് സത്യശോധക്ക് സമാജ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സ്ഥാപിതമാകുന്നതിനും 12 വര്‍ഷം മുമ്പാണിത്. ശുദ്രര്‍, ആദിശുദ്രര്‍ എന്നിവരെ ബ്രാഹ്മാധിപത്യത്തില്‍ നിന്നും വിമോചിപ്പിക്കുക എന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. ഇതിനായി സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ മദ്യവര്‍ജ്ജനം, നിര്‍ബന്ധിത വിദ്യാഭ്യാസം, സ്വദേശി പ്രസ്ഥാനം, ബ്രാഹ്മണ ബഹിഷ്‌കരണം, ലളിതവല്കരണം, ജ്യോതിഷ ബഹിഷ്‌കരണം, അന്ധവിശ്വാസ നിര്‍മാര്‍ജ്ജനം എന്നിവയായിരുന്നു. ഇവ തന്റെ അനുയായികള്‍ക്കിടയില്‍ നടപ്പില്‍ വരുത്തുവാന്‍ ഫൂലെ തന്റെ കഴിവിന്റെ പരമാവധി പരിശ്രമിച്ച് വിജയിക്കുകയുണ്ടായി. പിന്‍ക്കാലത്ത് അംബേദ്ക്കറില്‍ ഈ ആശയങ്ങള്‍ ആഴമായി സ്വാധീനം ഉറപ്പിച്ചാതായി കാണാന്‍ കഴിയും. അയിത്തജാതിക്കാര്‍ സ്വയം സംഘടിച്ച് വിമോചിതരാകുവാന്‍ പ്രയത്‌നിക്കണം. അതിന് അവരെ പ്രേരിപ്പിക്കുകയും തയാറാക്കുകയും ചെയ്ത ജ്യോതി റാവു ഫുലൈ എന്ന ജ്യോതി 1890 നവംബര്‍ 28-ന് എരിഞ്ഞടങ്ങി. അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ