"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 27, വെള്ളിയാഴ്‌ച

പൊയ്കയില്‍ ശ്രീ. കുമാര ഗുരുദേവന്‍ - വി വി ആനന്ദന്‍


ജനനം : പത്തനംതിട്ടയിലെ തിരുവല്ല താലൂക്കില്‍ ഇരവിപേരൂര്‍ വില്ലേജില്‍ മന്നിക്കല്‍ പൊയ്കയില്‍ കണ്ഠന്‍-ളേച്ചി ദമ്പതികളുടെ മൂന്നാമത്തെ മകനായി കൊല്ലവര്‍ഷം 1054 കുഭമാസം 5-ാംതീയതി (1879 ഫെബ്രുവരി 17) 'കൊമണ്‍' എന്ന കുമാരന്‍ ജനിച്ചു.

ജാതിമേധാവിത്വം കല്പിച്ച് നടപ്പിലാക്കികൊണ്ടിരുന്ന അയിത്താചരണവും അടിമകച്ചവടം പോലുള്ള കിരാത നാടുവാഴി നടപടികളും നിര്‍ബാധം നടന്നു വന്നിരുന്ന ഒരു കാലഘട്ടത്തിലാണ് കുമാരന്റെ ജനനം എന്നത് പ്രത്യേകം എടുത്തുപറയേണ്ട തില്ലല്ലോ. പുലയന്‍, പറയന്‍, കുറവന്‍ തുടങ്ങിയ അയിത്തജാതികള്‍ പോലും പരസ്പരം ബന്ധപ്പെട്ട് സഹകരിക്കുവാന്‍ അന്നത്തെ സാമൂഹ്യ വ്യവസ്ഥ അനുവദിച്ചിരുന്നില്ല എന്നത് ഒരു പ്രത്യേകതയായി കാണേണ്ടതാണ്. ഈ വിലക്കുകളൊന്നും തന്നെ കുമാരന്റെ ബാല്യത്തെ തന്റെ സതീര്‍ത്ഥ്യരെ കണ്ടെത്തുന്നതിനും ബന്ധപ്പെടുന്ന തിനും സഹകരിക്കുന്നതിനും തടസ്സമായി നിന്നില്ല. അയിത്തജാതിക്കാര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ആക്കാലത്ത് കുമാരന്‍ കൊച്ചുകുഞ്ഞ് ഉപദേശിയുടെ ശിക്ഷണത്തില്‍ എഴുതാനും വായിക്കാനും പഠിച്ചു. അയിത്തജാതിക്കാര്‍ പഠിക്കാന്‍ പാടില്ല എന്ന അന്നത്തെ വ്യവസ്ഥ്ക്ക് വിധേയമായി കുമാരന് പഠനം നിര്‍ത്തി അടിമവേലയ്ക്ക് പോകേണ്ടിവന്നു. അങ്ങനെ കന്നുകാലികളെ മേയ്ക്കുന്ന പണിയിലേര്‍പ്പെട്ടു. ഇതിനിടയിലും തന്റെ കൂട്ടുകാരോട് ബൈബിള്‍ കഥകള്‍ പറഞ്ഞുകൊടുക്കുവാന്‍ കുമാരന്‍ സമയം കണ്ടെത്തി. കീഴ്ജാതിക്കാര്‍ അതുവരെ വച്ചുപുലര്‍ത്തിപോന്ന ആദ്ധ്യാത്മീകസംബന്ധമായ അറിവുകള്‍ കുമാരന്‍. തിരുത്തി. കുട്ടിക്കാലം മുതല്‍ക്കുതന്നെ അടിമജാതിയില്‍പ്പെട്ടവരുടെ ഇടയിലെ ഉപജാതി വ്യത്യാസത്തെ അദ്ദേഹം എതിര്‍ത്തുവന്നിരുന്നു. ഒരിക്കല്‍ അദ്ദേഹം പല ഉപജാതികളില്‍പ്പെട്ട അധഃസ്ഥിതരായിട്ടുള്ള തന്റെ അനുയായികളോട് വെള്ളംകോരികൊണ്ട് വന്ന് വലിയ ഒരു പാത്രത്തില്‍ ശേഖരിക്കുവാന്‍ ആവശ്യപ്പെട്ടു. വലിയ പാത്രത്തില്‍ ശേഖരിച്ച വെള്ളത്തില്‍ നിന്നും ഓരോരുത്തര്‍ കൊണ്ടുവന്ന വെള്ളം അവരവരുടെ കുടങ്ങളില്‍ തിരികെ എടുക്കുവാന്‍ ആവശ്യപ്പെട്ടത് തന്റെ അനുയായികളെ വല്ലാതെ വിഷമിപ്പിച്ചു. ആ സംഭവം ഉപജാതി ചിന്തകള്‍ക്കതീതമായി ജീവിക്കുവാന്‍ തന്റെ അനുയായികളെ പ്രേരിപ്പിച്ചതായി കാണാന്‍ കഴിയുന്നു. ഇതെല്ലാം നിരീക്ഷിച്ചുകൊണ്ടിരുന്ന സവര്‍ണ്ണ ക്രിസ്ത്യാനികള്‍ കുമാരനെ മാര്‍ത്തോമസഭയില്‍ ചേര്‍ക്കുകയും യോഹന്നാന്‍ എന്ന പേരു നല്‍കുകയും ചെയ്തു. അങ്ങനെ കുമാരന്‍ പൊയ്കയില്‍ യോഹന്നാനായി സുവിശേഷ വേലക്കാരനായി ത്തീര്‍ന്നു. പൊയ്കയില്‍ യോഹന്നാന്‍ ഉപദേശിയുടെ സഹപ്രവര്‍ത്തകര്‍ നോയല്‍ സായിപ്പ്, എ.വി. സൈമണ്‍, മുത്തൂറ്റ് കൊച്ചുകുഞ്ഞ് ഉപദേശി, കാവുങ്ങോട്ട് പറമ്പില്‍ മത്തായി ഉപദേശി, ചാത്തന്‍ പുത്തൂര്‍ യോഹന്നാന്‍ ആശാന്‍, വെള്ളിക്കര മത്തായി ആശാന്‍ (പില്‍ക്കാലത്ത് വെള്ളിക്കര ചോതി) എന്നിവര്‍ ഉള്‍പ്പെടുന്ന പ്രഗത്ഭരാണ്. പ്രത്യേകമായി പുലപ്പള്ളിയും പറപ്പളളിയും കുറപ്പള്ളിയും തീര്‍ക്കുന്ന നയപരമായ വ്യവസ്ഥിതിയെ മാര്‍ത്തോമ സഭയ്ക്കുള്ളില്‍ നിന്നുകൊണ്ട് യോഹന്നാന്‍ ഉപദേശി ശക്തിയുക്തം എതിര്‍ത്തു. അധഃസ്ഥിത ജനതയെ വിമോചിതരാക്കുവാന്‍ പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങളും പ്രചരണങ്ങളും പൊയ്കയില്‍ യോഹന്നാന്‍ അനുദിനം നടത്തിവന്നത്. മാര്‍ത്തോമാ സഭാ നേതൃത്വത്തേയും അണികളേയും ഒരുപോലെ ഉത്കണ്ഠാകുലരാക്കി. ഒടുവില്‍ പൊയ്കയില്‍ യോഹന്നാന് മാര്‍ത്തോമാസഭയ്ക്ക് പുറത്തുപോകേണ്ടതായി വന്നു. അപ്പോഴും മാര്‍ത്തോമാസഭയിലുള്‍പ്പെടെ എല്ലാ സഭകളിലും ജാതീയമായ വിവേചനം അയിത്ത ജാതിക്കാരെ വേട്ടയാടികൊണ്ടേയിരുന്നു. അതിനുശേഷം ചേര്‍ന്ന വേര്‍പാട് സഭ, ബ്രദര്‍ മിഷന്‍ എന്നിവയിലും അദ്ദേഹത്തിന് തുടരാനായില്ല. ജാത്യാധിഷ്ഠിതമായ വിവേചനം അദ്ദേഹത്തെ ക്രൈസ്ത സഭയില്‍ നിന്നും അകറ്റി. അങ്ങനെ ഒരു വലിയ ജനസമൂഹവുമായി 1908-ല്‍ ക്രിസ്തീയ സഭവിട്ടു.

ഒടുവില്‍ 'പൊയ്കകൂട്ടരെന്നും' 'അപ്പച്ചന്‍സഭക്കാരെന്നും' അറിയപ്പെട്ട കൂട്ടര്‍ 'പ്രത്യക്ഷരക്ഷ ദൈവസഭ' (PRDS) എന്ന പേരില്‍ അറിയപ്പെട്ടു. വാകത്താനം ലഹള, മുണ്ടക്കയം ലഹള തുടങ്ങിയ സംഭവ പരമ്പരകള്‍ അരങ്ങേറിയതുമായി ബന്ധപ്പെട്ട ഒരു കേസ് കോടതിയില്‍ വിചാരണ നടക്കുന്ന വേളയില്‍ മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിനുത്തരമായി ഞങ്ങളുടെ സഭയുടെ പേര് 'പ്രത്യക്ഷരക്ഷ ദൈവസഭ' (PRDS) എന്ന് പൊയ്കയില്‍ ശ്രീകുമാരഗുരുദേവനായി മാറിയ യോഹന്നാന്‍ ഉപദേശിയ്ക്ക് പറയേണ്ടി വന്നു. ഈ കാലയളവില്‍തന്നെയാണ് എസ്.എന്‍.ഡി.പി. (1903), സാധുജനപരിപാലനസംഘം (അയ്യങ്കാളി 1907) എന്നിവ രൂപപ്പെട്ട് പ്രവര്‍ത്തനം നടത്തിവന്നത്. മഹാത്മ അയ്യങ്കാളി, പാമ്പാടി ജോണ്‍ ജോസഫ് തുടങ്ങിയവരോടൊപ്പം ശ്രീമൂലം പ്രജാസഭയില്‍ അംഗമായി പ്രവര്‍ത്തിക്കുവാന്‍ പൊയ്കയില്‍ കുമാര ഗുരുദേവന് അവസരമുണ്ടായി. അയിത്തജനവിഭാഗത്തിന്റെ മുഴുവന്‍ ശബ്ദമായി അദ്ദേഹം മാറി. ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹ്യപ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും അദ്ദേഹം ഒരേസമയം നടത്തി. മഹാത്മാഗാന്ധി, മഹാത്മഅയ്യങ്കാളി, ഡോ. അംബേദ്ക്കര്‍, രവിന്ദ്രനാഥടാഗോറിന്റെ പ്രൈവറ്റ് സെക്രട്ടറി സി.എഫ്. ആന്‍ഡ്രൂസ്, വൈസ്രോയിമാരായിരുന്ന വില്ലിംഗ്ടണ്‍, ഇര്‍വിന്‍ പ്രഭു തുടങ്ങിയ പ്രഗത്ഭമതികളുമായി ഇടപെടുന്നതിനും കത്ത് ഇടപാടുപകള്‍ നടത്തുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. മുണ്ടക്കയത്ത് കാട്‌തെളിച്ച് കൃഷി ഇറക്കിയ 500 ഏക്കര്‍ സ്ഥലത്തുനിന്നും സവര്‍ണ്ണ ക്രിസ്ത്യാനികള്‍ അധഃസ്ഥിത ജനതയെ അക്രമിച്ച് തുരത്തിയോടിച്ച് മണ്ണ് സ്വന്തമാക്കി. അവിടെ നിന്നും ആട്ടിയകറ്റപ്പെട്ടവര്‍ പൊയ്കയില്‍ കുമാരഗുരുദേവന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ കൂട്ടമായി താമസിക്കുവാന്‍ തുടങ്ങി. ഇന്നത്തെ പല കോളനികളും അങ്ങനെ രൂപപ്പെട്ടവയാ ണെന്ന് പറയപ്പെടുന്നു. കീഴ്ജാതിക്കാരുടെ വിദ്യാഭ്യാസപരവും സാംസ്‌ക്കാരികവുമായ ഉന്നതി ലക്ഷ്യമാക്കി പല സ്ഥലങ്ങളിലും സ്‌കൂളുകള്‍ സ്ഥാപിച്ചു. അതോടൊപ്പംതന്നെ തൊഴില്‍ ശാലകളും, ആരാധനാലയങ്ങളും സ്ഥാപിച്ചു. മാരാമണ്ണില്‍ നിന്നും ആയിരക്കണക്കിന് അനുയായികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇരവിപേരൂരിലേയ്ക്ക് അദ്ദേഹം നയിച്ച സാംസ്‌ക്കാരിക യാത്ര സവര്‍ണ്ണ ക്രൈസ്തവരെ അക്ഷരാര്‍ത്ഥ ത്തില്‍ ഞെട്ടിപ്പിക്കുന്നവയായിരുന്നു. ഉപജാതിചിന്ത അവസാനിപ്പിക്കുവാനും അയിത്താചരണത്തിന് അറുതി വരുത്തുവാനും ഒരു പരിധിവരെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞുയെന്നത് ദലിത കേരളത്തിന് വിപ്ലവവീര്യമേകുന്ന വയാണ്. തന്റെ ജനസമൂഹത്തെ അടിമത്വത്തില്‍ നിന്നും ഉപജാതിചിന്തകളില്‍നിന്നും മോചിപ്പിക്കുവാന്‍ പൊയ്കയില്‍ കുമാരഗുരുദേവന്‍ നടത്തിയ ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങള്‍ സഗൗരവം വിലയിരുത്തി പ്രാവര്‍ത്തികമാക്കുവാന്‍ നമുക്ക് കഴിയട്ടെ. അടിമ സന്തതികളുടെ ആത്മമിത്രം 1114 മിഥുനം 15-ന് (1939 ജൂലൈ 2) അസ്തമിച്ചു.

വി വി ആനന്ദന്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ